ടോക്കിയോയില്‍ ഈശോ സഭയുടെ സോഫിയാ യൂണിവേഴ്‌സിറ്റിയില്‍ 1998 മുതല്‍ സാമ്പത്തിക ശാസ്‌ത്രവിഭാഗം പ്രഫസറായി സേവനം ചെയ്യുന്ന റവ. ഡോ. ജോണ്‍ ജോസഫ് പുത്തന്‍കളം എസ്.ജെ ജപ്പാനിലെ തന്റെ ജീവിതാനുഭവങ്ങള്‍ സണ്‍ഡേ ശാലോമുമായി പങ്കുവയ്‌ക്കുന്നു.
അടുത്ത കാലത്ത് സംഭവിച്ച ഭൂകമ്പവും സുനാമിയും കണ്ട് ലോകം മുഴുവന്‍ വിറങ്ങലിച്ച് നിന്നപ്പോഴും അച്ചടക്കത്തോടും സമചിത്തതയോടും കൂടി ആ ദുരന്തത്തെ ജപ്പാന്‍ ജനത അതിജീവിച്ചത് ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. ദുരിതത്തിലകപ്പെട്ട ജപ്പാനിലെ ജനങ്ങള്‍ക്കായി വിദേശരാജ്യങ്ങളിലെ നിരവധി ഏജന്‍സികള്‍ ടണ്‍ കണക്കിന് സാധന സാമഗ്രികള്‍ വിതരണം ചെയ്‌തു. എന്നാ ല്‍ ആഹാരസാധനങ്ങള്‍ക്ക് ആര്‍ത്തി കാട്ടാതെ, തിക്കിത്തിരക്കാതെ വളരെ സമാധാനത്തോടെ അന്നന്നത്തേക്ക് ആവശ്യമുള്ള സാധനങ്ങള്‍ മാത്രം ശേഖരിച്ച് തിരിച്ചുപോകുന്ന ജനങ്ങളുടെ കഥ നമുക്ക് വിശ്വസിക്കാനാകുമോ?
ടോക്കിയോയില്‍ ഈശോ സഭയുടെ സോഫിയാ യൂണിവേഴ്‌സിറ്റിയില്‍ 1998 മുതല്‍ എക്‌ണോമിക്‌സ് പ്രഫസറായി സേവനം ചെയ്യുന്ന റവ. ഡോ. ജോണ്‍ ജോസഫ് പുത്തന്‍കളം എസ്.ജെ ജപ്പാനിലെ തന്റെ ജീവിതാനുഭവങ്ങള്‍ സണ്‍ഡേ ശാലോമുമായി പങ്കുവയ്‌ക്കുകയായിരുന്നു.
കോഴിക്കോട് ദേവഗിരിയില്‍ ബി.എ എക്‌ണോമിക്‌സ്, ട്രിച്ചി സെന്റ് ജോസഫില്‍ നിന്ന് എം.എ എക്‌ണോമിക്‌സില്‍ ഒന്നാം റാങ്ക് നേടി ജോണ്‍ ജോസഫ് തുടര്‍ന്ന് ജപ്പാനിലെത്തി ഭാഷാപഠനത്തിന് ശേഷം സോഫിയായില്‍നിന്ന് ദൈവശാസ്‌ത്രത്തില്‍ മാസ്റ്റര്‍ ബിരുദം. സ്‌കോട്ട്‌ലന്റ് ഗ്ലാസ്‌ക്കോ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എക്കണോമിക്‌സ് എം.എസിയിലും പി.എച്ച്.ഡി.യിലും റാങ്ക് ഹോള്‍ഡര്‍ എന്നതിനാല്‍ ലണ്ടന്‍ ടൈംസ് ഉള്‍പ്പെടെ പ്രശസ്‌ത മാധ്യമങ്ങളിലെല്ലാം വന്‍ വാര്‍ത്തയായിരുന്നു. തുടര്‍ന്ന് ഫിലിപ്പൈ ന്‍സിലെ `അത്തെനെയോ ദെമനില' യൂണിവേഴ്‌സിറ്റിയില്‍ അധ്യാപന ജോലി ചെയ്‌തു. അവിടെ തന്നെ `ഈസ്റ്റ് ഏഷ്യ ന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍' വൈദികര്‍ക്കും സിസ്റ്റേഴ്‌സിനും നവീകരണവുമായി ബന്ധപ്പെട്ട് അതിന്റെ ``സോഷ്യോ-എക്കണോമിക്‌സ് അനാലസിസ്'' എന്ന വിഷയത്തില്‍ ക്ലാസുകള്‍ എടുത്തിരുന്നു.
ലോകോത്തര നിലവാരത്തിലുള്ള സോഫിയായിലെ അധ്യാപനവൃത്തിയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല അദ്ദേഹത്തിന്റെ സേവനരംഗം. ധനതത്വ ശാസ്‌ത്ര വിദഗ്‌ധന്‍ എന്ന നിലയില്‍ പൗരസ്‌ത്യ പാശ്ചാത്യ ചിന്താധാരകളെ ആധാരമാക്കി സാമ്പത്തികശാസ്‌ത്രം, ആഗോളവല്‍ക്കരണം, പരിസ്ഥിതി തുടങ്ങി അനേകം വിഷയങ്ങളില്‍ പ്രൗഢഗംഭീരമായ ഗ്രന്ഥങ്ങളുടെ രചയിതാവും ആഗോളതലത്തില്‍ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയ അവാര്‍ഡ് ജേതാവുമാണ് ഡോ. ജോണ്‍. പ്രസ്‌തുത ഗ്രന്ഥങ്ങള്‍ പലതും പ്രകാശനം ചെയ്‌തത് ഇംഗ്ലണ്ടിലും ജര്‍മ്മനിയിലുമാണ്. സ്വിറ്റ്‌സര്‍ലന്റില്‍ നിന്നുള്ള ട്രാനിയാക്ക് ഫൗണ്ടേഷന്റെ ഫിലോസഫി പുരസ്‌കാരവും നേടി. ഈശോസഭയുടെ മിഷനറി വൈദികനായി ജപ്പാനിലെ ജനങ്ങളുടെ ആത്മീയ-സാമൂഹ്യ ജീവിതത്തിലും നിറസാന്നിധ്യമാണ്.
സോഫിയായിലെ ജീവകാരുണ്യ സംഘടനയായ `മോഗൂക്കാ'യുടെ ചീഫ് അഡ്വവൈസര്‍ എന്ന നിലയില്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളുടെ ഉപദേഷ്‌ടാവും ഗൈഡുമാണ് ഫാ. ജോണ്‍ പുത്തന്‍കളം എസ്.ജെ. സോഫിയാ യൂണിവേഴ്‌സിറ്റിയിലെ യുവജനങ്ങളെ സ്‌നേഹത്തിന്റെയും സമഭാവനയുടെയും കാണാപ്പുറങ്ങളിലേക്ക് കൈപിടിച്ച് നടത്തുകയാണ് മോഗൂക്ക.
ജപ്പാനിലെ ക്രൈസ്‌തവ സമൂഹം
1549-51 കാലഘട്ടത്തില്‍ വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ ജപ്പാനില്‍ ക്രിസ്‌തുമതം പ്രചരിപ്പിച്ചു. അദ്ദേഹത്തിന്റെ വലിയ ആഗ്രഹമായിരുന്നു ടോക്കിയോയില്‍ ഒരു യൂണിവേഴ്‌സിറ്റി സ്ഥാപിക്കണമെന്നത്. എന്നാല്‍ ആ ആഗ്രഹം സഫലമായത് 1913 ല്‍ ആണ്. അതാണ് സോഫിയാ യൂണിവേഴ്‌സിറ്റി. 2013 ല്‍ നൂറാം വാര്‍ഷികാഘോഷങ്ങള്‍ നടക്കും. വളരെ ആഴത്തില്‍ അത് വേരൂന്നി വളര്‍ന്നു. ഒട്ടനവധി രക്തസാക്ഷികള്‍ രക്തം ചിന്തി പടുത്തുയര്‍ത്തിയ സഭയാണ് ജപ്പാനിലേത്. പൊറുതി മുട്ടിയ ക്രൈസ്‌തവസമൂഹം ഭൂഗര്‍ഭഗുഹകളിലേക്ക് പിന്‍മാറി. തലമുറകളായി അവിടെ വാമൊഴിയായി വിശ്വാസവും പ്രാര്‍ത്ഥനകളും കൈമാറി. നൂറ്റാണ്ടുകളായി ഭൂഗര്‍ഭ ഗുഹകളില്‍ കഴിഞ്ഞ ഇവര്‍ `ഹിഡന്‍' ക്രിസ്‌ത്യന്‍സ്' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.
1850 തോടുകൂടി ഫ്രാന്‍സില്‍ നിന്ന് പാരീഷ് മിഷനറീസ് എന്നറിയപ്പെടുന്ന വൈദികസംഘം ജപ്പാനിലെത്തി. നാഗസാക്കിയിലെ ഭൂഗര്‍ഭ സഭാ സമൂഹങ്ങളിലെ ക്രിസ്‌ത്യാനികളോട് അവര്‍ കത്തോലിക്കരാണോ എന്ന് തിരിച്ചറിയാന്‍ വേണ്ടി മൂന്നു ചോദ്യങ്ങള്‍ ചോദിക്കും. നിങ്ങള്‍ പരിശുദ്ധ ദൈവമാതാവില്‍ വിശ്വസിക്കുന്നുവോ? നിങ്ങളുടെ വൈദികന്‍ ബ്രഹ്മചാരികളാണോ? നിങ്ങള്‍ റോമിലെ പരിശുദ്ധ പിതാവിനെ അനുസരിക്കുന്നവരാണോ? പ്രസ്‌തുത ചോദ്യങ്ങളുടെ ഉത്തരമനുസരിച്ചായിരിക്കും ഹിഡന്‍ ക്രിസ്‌ത്യന്‍സ് കത്തോലിക്കരാണോ എന്ന് വിലയിരുത്തുന്നത്.
ഈ സംഭവത്തോടുകൂടി സാഹചര്യങ്ങള്‍ക്ക് വലിയ മാറ്റം ഉണ്ടായി. ഭൂഗര്‍ഭഗുഹകളില്‍ ഒളിച്ച് താമസിച്ചിരുന്നവര്‍ പുറംലോകത്തേക്ക് വന്ന് കൂടുതല്‍ ഊര്‍ജസ്വലതയോടെ ശക്തരാകാന്‍ തുടങ്ങി. കേരളത്തിലേതുപോലെ വളരെ ആഴമായ വിശ്വാസ പാരമ്പര്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന സഭാകൂട്ടായ്‌മയാണ് ജപ്പാനിലേത്. ഒരു മില്ല്യന്‍ കത്തോലിക്കരില്‍ കൂടുതല്‍ അവിടെ ഇല്ല. ജനസംഖ്യയ്‌ക്കാനുപാതികമായി അംഗസംഖ്യ കുറവാണെങ്കിലും ഉള്ളവര്‍ വിശ്വാസം സംരക്ഷിക്കുന്നവരാണ്. പതിനാല് വര്‍ഷങ്ങളായി ഡോ. ജോണ്‍ ജോസഫ് പുത്തന്‍കളം എസ്.ജെ. സോഫിയാ യൂണിവേഴ്‌സിറ്റിയില്‍ എക്‌ണോമിക്‌സ് പ്രഫസറാണ്.
പാസ്റ്ററല്‍ സംവിധാനങ്ങള്‍
മിഷനറി, പ്രശസ്‌ത സാമ്പത്തിക ശാസ്‌ത്ര വിദഗ്‌ധന്‍, അധ്യാപകന്‍ എന്നീ നിലകളിലെല്ലാം ജീവിതത്തെയും സമയത്തെയും വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ ഫാ. ജോണ്‍ ജോസഫ് പ്രത്യേകം ശ്രദ്ധ ചെലുത്തുന്നു. യൂണിവേഴ്‌സിറ്റി കോമ്പൗണ്ടിലുള്ള ദേവാലയത്തിലെ പാസ്റ്ററല്‍ ശുശ്രൂഷകളില്‍ വളരെ സജീവമായ ഭാഗഭാഗിത്വം അദ്ദേഹത്തിനുണ്ടായിരുന്നു. എല്ലാ വര്‍ഷവും 200-300 മുതിര്‍ന്ന വ്യക്തികള്‍ അവിടെ ജ്ഞാനസ്‌നാനം സ്വീകരിക്കാന്‍ ഉണ്ടാകും. പ്രാര്‍ത്ഥനകളും സഭാപരമായ എല്ലാ വിഷയങ്ങളിലും നീണ്ടകാലത്തെ ചിട്ടയായ പരിശീലനങ്ങളും ക്ലാസുകളും നല്‍കുന്നതില്‍ ജോണച്ചന്‍ ജാഗരൂകനാണ്.
വിശ്വാസം തങ്ങളുടെ ഉള്‍ബോധ്യങ്ങളില്‍, സ്വന്തം ജീവിതത്തില്‍ പരീക്ഷിച്ചറിഞ്ഞവരാണ് മാമോദീസ സ്വീകരണത്തിന് തയാറായി മുമ്പോട്ട് വരുന്നത്. ആരുടെയും നിര്‍ബന്ധത്തിനോ പ്രേരണക്ക് വഴങ്ങിയോ അല്ല. തുടര്‍ന്ന് പരമ്പരാഗത സഭാകൂട്ടായ്‌മയുടെ എല്ലാ തലങ്ങളിലും മറ്റ് ക്രൈസ്‌തവരോടൊപ്പം ഇവരും സജീവമായി പങ്കാളികളാകുന്നു. ക്രിസ്‌തീയ ദേവാലയങ്ങളില്‍വച്ച് വിവാഹിതരാകാന്‍ ധാരാളം പേര്‍ വരുന്നുണ്ട്. പരോക്ഷ സുവിശേഷവല്‍ക്കരണത്തിന്റെ ഭാഗമായി ജപ്പാന്‍ ബിഷപ്‌സ് കൗണ്‍സില്‍ നിര്‍ദേശപ്രകാരം വൈദികര്‍ അവരുടെ വിവാഹം പള്ളികളില്‍ നടത്തിക്കൊടുക്കുന്നുണ്ട്.
ക്രിസ്‌തീയ ദേവാലയങ്ങളില്‍ വിവാഹിതരാകാന്‍ മൂന്നു മുതല്‍ ആറുമാസം വരെ നീണ്ടുനില്‍ക്കുന്ന പരിശീലനകോഴ്‌സ് പൂര്‍ത്തിയാക്കണമെന്നതാണ് ചട്ടം. അത് സാധിക്കാത്തവരുടെ ആഗ്രഹം സഫലമാകില്ല. വിവാഹത്തിന്റെ കൗദാശിക വശങ്ങളോടൊപ്പം വിശ്വാസ സംബന്ധമായ പഠനങ്ങളും അവര്‍ക്ക് നല്‍കും. വളരെ കൃത്യമായും ചിട്ടയായും പങ്കെടുക്കുന്നവരില്‍ പലരും പിന്നീട് തുറന്ന മനസോടെ വിശ്വാസജീവിതം നയിക്കുന്നവരാണ്. സഭയുടെ ആരാധനാശുശ്രൂഷകളില്‍ അവര്‍ ഭക്തിപൂര്‍വം പങ്കെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സഭയുടെ പ്രത്യേകിച്ച് ക്രിസ്‌മസ് രാവുകളിലെ ഓരോ ദിവ്യബലികളിലും ദേവാലയവും പരിസരവും നിറഞ്ഞ് കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ നിശബ്‌ദരായി തികഞ്ഞ ഭയഭക്തിയാദരവുകളോടെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നത് കണ്ടാല്‍ ഇതൊരു ക്രിസ്‌ത്യന്‍ രാഷ്‌ട്രമാണെന്ന് പറയും.
ബുദ്ധ, ഷിന്റോ, ക്രൈസ്‌തവ, ഇസ്ലാം മതങ്ങള്‍ ജപ്പാനില്‍ ഉണ്ട്. എന്നാല്‍ ബുദ്ധമതത്തോട് ആഭിമുഖ്യമുളള ഷിന്‍ോ മതമാണ് ഇവിടെ പ്രധാനം. മതനിരപേക്ഷത തങ്ങളുടെ ഐഡന്‍ന്റിറ്റിയായി കരുതുന്നവരുടെ സംഖ്യവളരെ കൂടുതലാണ്. ഒരു മതത്തോടും ആഭിമുഖ്യമില്ലെങ്കിലും ദൈവിക സങ്കല്‍പങ്ങള്‍ ഉള്ളവരും തുറന്ന മനഃസ്ഥിതി കാക്കുന്നവരുമാണ് ഭൂരിഭാഗം ജനങ്ങളും.
രക്തം ചിന്തി, കാത്തുസൂക്ഷിച്ചെടുത്ത വിശ്വാസത്തിന് ജപ്പാനിലെ ക്രൈസ്‌തവ ദമ്പതികള്‍ വളരെ വിലകൊടുക്കുന്നവരാണ്. ക്രിസ്‌തീയ ജീവിതത്തിന് അവര്‍ മുന്‍തൂക്കം നല്‍കുന്നു. സമ്പന്ന രാഷ്‌ട്രമെന്ന നിലയില്‍ പാശ്ചാത്യരാജ്യങ്ങളെ പോലെ കുടുംബ വ്യവസ്ഥിതികള്‍ക്ക് ഇവിടെ കോട്ടം സംഭവിച്ചിട്ടില്ല. പാശ്ചാത്യ രാജ്യങ്ങളുടെ സ്വാധീനം ജപ്പാനില്‍ ഉണ്ടെങ്കിലും അവരിലെ നന്മയും നല്ല ഗുണങ്ങളും മാത്രമേ ജപ്പാന്‍കാര്‍ സ്വന്തമാക്കിയുള്ളൂ. ആണ്‍കുട്ടികളും പെണ്‍കുട്ടികളും പൂര്‍ണ സ്വാതന്ത്ര്യത്തോടും പരസ്‌പര ബഹുമാനത്തോടും കൂടി ഒന്നിച്ചിരുന്ന് പഠിക്കുന്നു. ഇത്രയും കാലത്തെ എന്റെ അധ്യാപന വേളയില്‍ തെറ്റായ ഒരു നടപടിപോലും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. സാമൂഹ്യമായ അച്ചടക്കത്തിന്റെയും കൃത്യനിഷ്‌ഠയുടെയും നല്ല പെരുമാറ്റ രീതികളില്‍ അവര്‍ ശ്രദ്ധിക്കുന്നു.
മോഗുക്കായുടെ കീഴില്‍ കോളജിലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടങ്ങുന്ന 21 അംഗ സംഘം ഇന്ത്യയിലെ സാമൂഹ്യസേവന മേഖലകള്‍ പരിചയപ്പെടുന്നതിന് ഇവിടെ എന്നോടൊപ്പമുണ്ട്. എല്ലാ വര്‍ഷവും മോഗുക്കായുടെ അംഗങ്ങള്‍ ഇന്ത്യയിലോ ഫിലിപ്പിന്‍സിലോ ഇത്തരം ട്രിപ്പുകള്‍ നടത്താറുണ്ട്. എനിക്ക് അവരെക്കുറിച്ച് ഒരു ആശങ്കയുമില്ല. അനിഷ്‌ടകരമായ സംസാരമോ പ്രവൃത്തികളോ അവരുടെ ഭാഗത്തുനിന്ന് ഉണ്ടാകില്ല എന്ന് നല്ല ഉറപ്പുണ്ട്. കാരണം പ്രായത്തിനനുസരിച്ച് പക്വതയുള്ളവരാണവര്‍. മാത്രമല്ല വ്യക്തിസ്വാതന്ത്ര്യത്തെ അങ്ങേയറ്റം വിലമതിക്കുന്നവരുമാണ്.
യുവതീയുവാക്കള്‍ ഉത്തരവാദിത്വബോധത്തോടെ തന്നെയാണ് ദാമ്പത്യജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. അപക്വമായ പെരുമാറ്റ ശൈലികള്‍ ഇവരില്‍ നിന്ന് ഉണ്ടാകാറില്ല. എല്ലാവരും സാമ്പത്തികമായി സ്വതന്ത്രരാണ്. വിവാഹം, കുടുംബം, കുഞ്ഞുങ്ങള്‍, അവരുടെ വിദ്യാഭ്യാസം എല്ലാം വലിയ ബാധ്യതയായി കണക്കാക്കുന്നവരും എണ്ണത്തില്‍ കുറവല്ല. കുട്ടികളുടെ എണ്ണത്തിലും ദമ്പതികള്‍ നിയന്ത്രണം പാലിക്കുന്നതിനാല്‍ ജനസംഖ്യാനുപാതം വളരെ വേഗത്തില്‍ താഴുന്നു. ജനസംഖ്യാ നിയന്ത്രണത്തിന്റെ പേരു പറഞ്ഞ് യുവതീയുവാക്കള്‍ മിക്കവാറും പ്രായമേറിയിട്ടാണ് വിവാഹിതരാകുന്നത്. ജീവിതദൈര്‍ഘ്യം കൂടുതലുള്ള ജപ്പാനില്‍ പ്രായമായവര്‍ അംഗസംഖ്യയില്‍ ഉയര്‍ന്ന് നില്‍ക്കുകയും വരുമാനം ഉണ്ടാക്കുന്ന യുവതലമുറയുടെ എണ്ണം കുറയുകയും ചെയ്യുന്നത് വരാന്‍ പോകുന്ന വലിയൊരു വിപത്തിന്റെ സൂചനയാണ്.
സുശിക്ഷിതമായ ഈ ജനത ട്രാഫിക്ക് നിയമങ്ങള്‍ ഉള്‍പ്പെടെ രാഷ്‌ട്രത്തിന്റെ നിയമവ്യവസ്ഥകളോട് അങ്ങേയറ്റം ആദരവ് പുലര്‍ത്തുന്നു. ആളുകള്‍ അതിരാവിലെ എഴുന്നേറ്റ് റോഡ് ഉള്‍പ്പെടെ ചുറ്റുപാടും പരിസരവും വൃത്തിയാക്കും. അനാവശ്യസാധനങ്ങള്‍ എവിടെയും വലിച്ചെറിയുകയില്ല. രാജ്യം ചെറുതാണെങ്കിലും 120 മില്ല്യന്‍ ആളുകള്‍ അവിടെയുള്ളതിനാല്‍ ജനസാന്ദ്രത വളരെ കൂടുതലാണ്. എങ്കിലും ശുചിത്വം ജീവിതത്തിന്റെ അവിഭാജ്യഘടകമായി അവര്‍ കാണുന്നു. നൂറുശതമാനം സാക്ഷരത കൈവരിച്ച രാജ്യമാണ് ജപ്പാന്‍. വിവരസാങ്കേതിക വിദ്യയിലും വളരെയേറെ മുന്നിലാണ്.
ജപ്പാനികള്‍ ഒരു നിമിഷംപോലും വെറുതെ കളയില്ല. സോഫിയാ കോളജില്‍ പഠിക്കുന്ന പല കുട്ടികളും ഒഴിവ് സമയങ്ങളില്‍ കിട്ടുന്ന ജോലി ചെയ്‌ത് സാമ്പത്തികമായി സ്വയം പര്യാപ്‌തത നേടുന്നു. മുതിര്‍ന്നവരും വെറുതെ കിട്ടുന്ന സമയങ്ങളില്‍ പാര്‍ട്ടൈം ജോലി ചെയ്‌ത് പണം സമ്പാദിക്കും. ഞാന്‍ ആദ്യമായി ജപ്പാനിലെ ഈശോസഭയുടെ തിയോളഗേറ്റില്‍ എത്തിയപ്പോള്‍ വൈകുന്നേരം ആറുമുതല്‍ ഒമ്പതുവരെ ടെലിഫോണ്‍ അറ്റന്റ് ചെയ്യാന്‍ ഒരു ലേഡി അവിടെയുണ്ടായിരുന്നു. അത് ഒരു പി.എച്ച്.ഡിക്കാരിയാണെന്നറിഞ്ഞപ്പോ ള്‍, കേരളത്തില്‍നിന്ന് എത്തിയ എന്റെ നിഗമനങ്ങളില്‍ ഏറ്റ ആദ്യ ആഘാതമായിപ്പോയി.
ഈയിടെ സംഭവിച്ച ഭൂകമ്പവും സുനാമിയും രണ്ടാം ലോക മഹായുദ്ധത്തില്‍ ജപ്പാന് ഏറ്റ പ്രഹരത്തെക്കാള്‍ എത്രയോ ഹൃദയഭേദകമായിരുന്നു. എങ്കിലും ജനങ്ങള്‍ വളരെ പക്വതയോടും ശാന്തതയോടും കൂടി കാര്യങ്ങളോട് പ്രതികരിച്ചതിനാല്‍ ലോകം മുഴുവന്‍ ജപ്പാന്‍ ജനതയെ അഭിനന്ദിച്ചു. ജനതയുടെ സാമൂഹ്യപ്രതിബദ്ധതയുടെ പ്രതിഫലനങ്ങള്‍ നമുക്കിവിടെ കാണാന്‍ കഴിയും. വിദേശ രാജ്യത്തുനിന്ന് വിതരണം ചെയ്‌ത സാധനങ്ങള്‍ കിട്ടുന്നതിന്റെ പരമാവധി കടത്തിക്കൊണ്ടു പോകാന്‍ ആരും തുനിഞ്ഞില്ല. തങ്ങള്‍ക്ക് ആവശ്യമായതു മാത്രം ശേഖരിച്ചു എന്നുള്ളത് ശ്രദ്ധേയമാണ്. മറ്റുള്ളവരുടെ ഒരു സാധനങ്ങളും വേറൊരാള്‍ എടുക്കില്ല.
ഭൂകമ്പത്തിലും സുനാമിയിലും ഉണ്ടായ നഷ്‌ടങ്ങള്‍ ഏതു വിധേനയും പരിഹരിക്കാന്‍ കഴിയും. അവയ്‌ക്കുശേഷം ഉണ്ടായ ആണവ റിയാക്‌റ്ററുകളുടെ തകര്‍ച്ച സൃഷ്‌ടിക്കുന്ന ദുരന്തങ്ങളില്‍ നിന്നുള്ള മോചനം മാനവരാശിക്ക് തന്നെ ഭീഷണി ഉയര്‍ത്തുന്നു. അണുവികീരണങ്ങളുടെയും രാസപ്രക്രിയകളുടെയും ഭവിഷ്യത്തുകള്‍ എത്രനാളത്തേക്ക് നീളുമെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല.
ന്യൂക്ലിയര്‍ ദുരന്തത്തിന്റെ ഗതിവിഗതികളെക്കുറിച്ച് സമയാസമയങ്ങളില്‍ കൃത്യമായ വിവരങ്ങള്‍ ആളുകളെ അറിയിച്ചുകൊണ്ട് ആവുംവിധത്തിലെല്ലാം പ്രതിരോധ നടപടികള്‍ സ്വീകരിച്ചു. ജലം, മാംസം, മത്സ്യം, ധാന്യങ്ങള്‍ എന്നിങ്ങനെ എല്ലാ വസ്‌തുക്കളിലും അണുവികീരണങ്ങളുടെ തോത് തിരിച്ചറിയാനുള്ള പരിശോധനകള്‍ നടത്തി. ഭക്ഷ്യയോഗ്യമായവയെയും അല്ലാത്തവയെയും വേര്‍തിരിച്ച് ആളുകള്‍ക്ക് നല്‍കി. ഇത്തരം കാര്യങ്ങളിലെല്ലാം ജപ്പാന്‍ ഗവണ്‍മെന്റിനെ അനുമോദിക്കാതിരിക്കാന്‍ കഴിയില്ല. സാമ്പത്തികമായി തകര്‍ച്ച നേരിട്ടെങ്കിലും ജപ്പാന്റെ ആനുപാതികമായ വളര്‍ച്ച വളരെ വേഗത്തിലാണ്. ജപ്പാന്‍ ജനതയുടെ ജോലിയോടുള്ള പ്രതിബദ്ധതയും അച്ചടക്കവും അവരെ ഉന്നതിയിലേക്ക് നയിച്ചു. തൊഴിലിനോടുള്ള ആളുകളുടെ മനോഭാവം വ്യത്യസ്‌തമാണ്. സംസാരത്തിലും പെരുമാറ്റത്തിലും മറ്റുള്ളവരെ മുറിപ്പെടുത്താതെ മാന്യമായി പെരുമാറും. എന്റെ ഇത്രയും കാലത്തെ അനുഭവത്തില്‍ ആരും ചീത്ത വിളിക്കുന്നതായി ഞാന്‍ കേട്ടിട്ടില്ല. പരസ്‌പരം ബഹുമാനിക്കുന്നതില്‍ അവര്‍ എല്ലാവരിലും മുമ്പിലാണ്.
``ജപ്പാനില്‍ ഭൂകമ്പം ഉണ്ടായപ്പോള്‍ ഞാന്‍ ചൈനയിലായിരുന്നു. തിരിച്ചെത്തിയപ്പോള്‍ കണ്ട ദൃശ്യങ്ങള്‍ അത്യന്തം ഹൃദയഭേദകമായിരുന്നു. ഒരു കുടുംബത്തിലെ അംഗങ്ങള്‍ എന്നതുപോലെ എല്ലാവരും തന്നെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നതായിട്ടാണ് ഞാന്‍ കണ്ടത്. ഈ വിദ്യാര്‍ത്ഥി സംഘടനയിലെ അംഗങ്ങള്‍ ഏഷ്യയിലെ ദരിദ്ര ജനവിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുകയും അവരുടെ ആവശ്യങ്ങളില്‍ സഹായിക്കുകയും ചെയ്യുന്നു.
റവ. ഡോ. ജോണ്‍ ജോസഫ് പുത്തന്‍കളം എസ്.ജെ ചങ്ങനാശേരി പുളിങ്കുന്ന് കണ്ണാടി ഇടവകയില്‍ പുത്തന്‍കളം സേവ്യര്‍ ജോണ്‍ - അന്നമ്മ ദമ്പതികളുടെ ആറാമത്തെ പുത്രനാണ്.








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.