കാരെന് സാന്‍ടോറം എന്ന അമ്മയെ ഇന്ന് ലോകം മുഴുവന്‍ അറിയണമെന്നില്ല. ഒരുപക്ഷേ നാളെ അറിഞ്ഞേക്കാം. കാരണം 2012 ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്കുള്ള റിപ്പബ്ലിക്കന്‍സ്ഥാനാര്‍ത്ഥിയും പെനിസ്വല്‍വാനിയായില്‍ നിന്നുള്ള മുന്‍ സെനറ്റ് അംഗവുമായ റിക്ക് സാന്‍ടോറമാണ് അവളുടെ ഭര്‍ത്താവ്.
1996 ല്‍ നാലാമതും ഗര്‍ഭിണിയായിരുന്നു കാരെന്‍ സാന്‍ടോറം. ഗര്‍ഭകാലത്ത് നടത്തിയ പരിശോധനകള്‍ക്കിടയിലാണ് ഗര്‍ഭസ്ഥശിശുവിന്റെ പോസ്റ്റീരിയര്‍ യൂറെത്രല്‍ വാല്‍വ് അടഞ്ഞാണിരിക്കുന്നതെന്നും കുഞ്ഞ് ജീവിച്ചിരിക്കാന്‍ സാധ്യത വളരെ കുറവാണെന്നും ഡോക്‌ടേഴ്‌സ് ആ ദമ്പതികളോട് പറഞ്ഞത്. ഹൃദയഭേദകമായിരുന്നു ആ വാര്‍ത്ത. അതിന്റെ ഞെട്ടല്‍ മാറും മുമ്പേ ഡോക്‌ടര്‍ മറ്റൊരു നിര്‍ദ്ദേശം മുമ്പോട്ടു വച്ചു. `അബോര്‍ഷന്‍'. ചെറിയൊരു മുറിയായിരുന്നു അത്. ഡോക്‌ടര്‍ ആ വാക്ക് ഉച്ചരിച്ചതും മുറിയിലെ വെളിച്ചം അണഞ്ഞതും ഒരുമിച്ചായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ആ നിമിഷത്തെ അവര്‍ വിശേഷിപ്പിച്ചത് `അപശകുനം' എന്നായിരുന്നു.
ഡോക്‌ടര്‍ അങ്ങനെയൊരു നിര്‍ദ്ദേശം വച്ചുവെങ്കിലും കാരെനും ഭര്‍ത്താവും അതിന് വഴങ്ങിയില്ല. ജനിക്കാനിരിക്കുന്ന കുഞ്ഞിന് അവര്‍ ഗബ്രിയേല്‍ മിഖായേല്‍ എന്ന് പേരിട്ടു. കാരെന്‍ ഗര്‍ഭത്തിലെ കുഞ്ഞിനെ അഭിസംബോധന ചെയ്‌തുകൊണ്ട് ബൈബിള്‍ വാക്യങ്ങളും ഡോക്‌ടര്‍ പറഞ്ഞ അഭിപ്രായവും എല്ലാം ചേര്‍ത്ത് കത്തുകള്‍ എഴുതിത്തുടങ്ങിയത് അങ്ങനെയാണ്. ശിശുഹത്യ, അബോര്‍ഷന്‍, ഭാഗിക അബോര്‍ഷന്‍ എന്നിങ്ങനെയുള്ള വിവിധ രീതികളെക്കുറിച്ചും ആ കത്തുകളില്‍ കാരെന്‍ പ്രതിപാദിച്ചിട്ടുണ്ട്.
ദിവസങ്ങള്‍ ഇങ്ങനെ കഴിഞ്ഞുപോകവെയാണ് കാരെന്റെ ജീവന് തന്നെ അപകടം സംഭവിച്ചേക്കാവുന്ന അണുബാധയുണ്ടാകുന്നത്. പനി 105 ഡിഗ്രി കവിഞ്ഞു. ഡോക്‌ടേഴ്‌സിന് നോക്കിയിരിക്കാന്‍ കഴിയുമായിരുന്നില്ല. അവര്‍ കാരെന് പെട്ടെന്നുള്ള പ്രസവത്തിനുള്ള ഇന്‍ഞ്ചെക്ഷന്‍- ഓക്‌സിടോസിന്‍- നല്‌കി. കാരെന്‍ പ്രസവിച്ചു. ഇരുപത് ആഴ്‌ച മാത്രം പ്രായമുള്ള കുഞ്ഞ്. മെഡിക്കന്‍ ടേംസ് അതിനെ `ഫീറ്റസ്' എന്നു വിളിച്ചു. മനുഷ്യരൂപം പ്രാപിച്ചുകൊണ്ടിരിക്കുന്ന മാംസക്കഷ്‌ണം എന്ന് എളുപ്പത്തില്‍ നമുക്കതിനെ വിവര്‍ത്തനം ചെയ്യാം എന്നു തോന്നുന്നു. പക്ഷേ ആ ദമ്പതിമാര്‍ക്ക് തങ്ങളുടെ കുഞ്ഞിനെ അങ്ങനെ വിളിക്കുവാന്‍ കഴിയുമായിരുന്നില്ല. `ഇരുപത് ആഴ്‌ച പ്രായമുള്ള കുഞ്ഞ്' എന്ന് അവരതിനെ വിളിച്ചു. അതിനിടയില്‍ ആറും നാലും ഒന്നരയും പ്രായമുള്ള തന്റെ കുഞ്ഞുങ്ങള്‍ക്ക് അവരുടെ ഇളയകൂടപ്പിറപ്പിനെ- ഗബ്രിയേലിനെ- ആ മാതാപിതാക്കള്‍ കാണിച്ചുകൊടുത്തു. എപ്പോള്‍ വേണമെങ്കിലും മരിച്ചുപോകാവുന്ന ആ കുഞ്ഞിനെ അവര്‍ താരാട്ടുപാടി, ഉമ്മകള്‍ നല്‌കി. അവന് വേണ്ടി കുര്‍ബാന ചൊല്ലിച്ചു. ഗര്‍ഭപാത്രത്തിന് വെളിയില്‍ രണ്ടുമണിക്കൂര്‍ മാത്രമേ ആ കുഞ്ഞ് ജീവിച്ചിരുന്നുള്ളൂ. എങ്കിലും രണ്ടു മണിക്കൂര്‍ മാത്രം ഭൂമിയില്‍ ജീവിച്ച ആ കുഞ്ഞിന്റെ ഫോട്ടോ അവന്റെ പിതാവിന്റെ ഓഫീസ് മുറിയെ ഇന്നും അലങ്കരിക്കുന്നുണ്ട്.
*** *** *** *** ***
2008 ല്‍ കാരെന്‍ സാന്‍ടോറം ഏഴാമതും പ്രസവിച്ചു. ഇസബെല്ല മരിയ. സന്തോഷത്തിന്റെ നാലുദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ വീണ്ടും അശുഭകരമായ ഒരു വാര്‍ത്ത. ബെല്ലയ്‌ക്ക് റിസോമി 18 എന്ന ജനിതകരോഗമാണ്. ഏതൊരമ്മയെയും സംബന്ധിച്ച് തകര്‍ന്നുപോകുന്നതായിരുന്നു ആ വാര്‍ത്ത. കുഞ്ഞുങ്ങളുടെ മരണവും രോഗിയായ കുഞ്ഞും തനിക്ക് ഒഴിവാക്കിത്തരണേയെന്നായിരുന്നു കാരെന്റെ എന്നത്തെയും പ്രാര്‍ത്ഥന. ഒരമ്മയെന്ന നിലയില്‍ അത് രണ്ടും തനിക്ക് സഹിക്കാന്‍ കഴിയില്ലെന്ന് അവള്‍ക്കറിയാമായിരുന്നു. എന്നിട്ടും ഗബ്രിയേലിന്റെ ജനനത്തിന് മുമ്പ് വരെ കാരെന്‍ സ്വയം വിശേഷിപ്പിച്ചിരുന്നത് കരുത്തുള്ള ഒരു സ്‌ത്രീയെന്നായിരുന്നു. ഏത് കുരിശും തനിക്ക് ചുമക്കാന്‍ കഴിയും എന്നും അവര്‍ വിശ്വസിച്ചിരുന്നു. പക്ഷേ ഗബ്രിയേല്‍ അത് തിരുത്തി.
സാധാരണഗതിയില്‍ ഗര്‍ഭവേളയിലാണ് കുഞ്ഞിന്റെ ജനിതകവൈകല്യം അറിയുന്നതെങ്കില്‍ ഗര്‍ഭച്ഛിദ്രമെന്ന ഒറ്റ പോംവഴിയേ ഡോക്‌ടേഴ്‌സ് നിര്‍ദ്ദേശിക്കുകയുള്ളൂ. ഇനി ജനനത്തിന് ശേഷമാണ് ഇക്കാര്യം അറിയുന്നതെങ്കില്‍ ദയാവധം എന്ന ഓമനപ്പേരിട്ട് കുഞ്ഞിനെ നശിപ്പിക്കാന്‍ അവര്‍ ശ്രമിക്കും.
അങ്ങനെ കുഞ്ഞും കുഞ്ഞ് മൂലം മാതാപിതാക്കളും അനുഭവിക്കേണ്ടിവരുന്ന എല്ലാ സഹനങ്ങള്‍ക്കും പൂര്‍ണ്ണവിരാമമാകുകയും ചെയ്യും. ഇസബെല്ലയുടെ കാര്യത്തില്‍ ദയാവധം ഒരു `ഓപ്‌ഷനായി' ഡോക്‌ടര്‍മാര്‍ നിര്‍ദ്ദേശിച്ചതാണ്. മരണസംസ്‌കാരം വ്യാപകമായിരിക്കുകയും നിയമം അതിനെ അനുകൂലിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ആ മാതാപിതാക്കള്‍ക്ക് അങ്ങനെ ചെയ്യാന്‍ കഴിയുക വളരെ എളുപ്പമായിരുന്നു. പക്ഷേ കാരെന്‍ സാന്‍ടോറം അത് തള്ളിക്കളഞ്ഞു.
*** *** *** *** ***
കാരെന്‍ സാന്‍ടോറം എന്ന അമ്മയെ ഇന്ന് ലോകം മുഴുവന്‍ അറിയണമെന്നില്ല. ഒരുപക്ഷേ നാളെ അറിഞ്ഞേക്കാം. കാരണം 2012 ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്കുള്ള റിപ്പബ്ലിക്കന്‍പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയും പെനിസ്വല്‍വാനിയായില്‍ നിന്നുള്ള മുന്‍ സെനറ്റ് അംഗമായ റിക്ക് സാന്‍ടോറമാണ് അവളുടെ ഭര്‍ത്താവ്.
അമേരിക്കയില്‍ പള്ളികള്‍ അടച്ചുപൂട്ടുകയും വിശ്വാസം ക്ഷയിക്കുകയും കുടുംബബന്ധങ്ങള്‍ തകരുകയും ചെയ്‌തുകൊണ്ടിരിക്കുന്നു എന്ന് വിലപിക്കുന്ന ഒരു വര്‍ത്തമാനകാല സാഹചര്യത്തിലാണ് ദിനവും വിശുദ്ധ കുര്‍ബാനയില്‍ പങ്കുകൊള്ളുകയും കുടുംബപ്രാര്‍ത്ഥനയും ജപമാലയും മുടക്കാതിരിക്കുകയും ചെയ്‌തുകൊണ്ട് സാന്‍ടോറം കുടുംബം വ്യത്യസ്‌തമാകുന്നത്. ഏതു തിരക്കുകള്‍ക്കിടയിലും രാത്രി ഏഴ് മുപ്പതിനോ എട്ടിനോ വീട്ടിലെത്തുന്ന കുടുംബനാഥനാണ് റിക്ക്. പിന്നെയുള്ള സമയം കുട്ടികള്‍ക്കും ഭാര്യയ്‌ക്കും വേണ്ടി അദ്ദേഹം നീക്കിവക്കുന്നു.
രാഷ്‌ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് പ്രവേശിക്കാന്‍ ആഗ്രഹമില്ലാത്ത കാരെനോട്, എന്തുകൊണ്ടാണ് റിക്ക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകുന്നതെന്ന ചോദ്യത്തിന് ഒരു അഭിമുഖത്തില്‍ കാരെന്‍ പറഞ്ഞ മറുപടി ഇതാണ്. ``ഈ ഒരു നിയോഗം വച്ച് ഞങ്ങള്‍ ഒരുപാട് പ്രാര്‍ത്ഥിച്ചു. സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും മക്കളോടും ആത്മീയോപദേഷ്‌ടാവിനോടും സംസാരിച്ചു. കുട്ടികളുടെ അഭിപ്രായം പ്രത്യേകമായി ഞങ്ങള്‍ പരിഗണിച്ചു. റിക്ക് പ്രസിഡന്റ് പദവിയിലെത്തുകയാണെങ്കില്‍ മക്കള്‍ക്ക് അത് വലിയൊരു നഷ്‌ടമായിരിക്കും. മക്കള്‍ക്ക് ബേസ്‌ബോള്‍ ടീമിന് പരിശീലനം നല്‌കുന്നത് റിക്കാണ്. എന്നിട്ടും റിക്ക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകുന്നത് ദൈവം തങ്ങളെ നയിക്കുന്നുവെന്നും അത് ദൈവത്തിന്റെ തീരുമാനമാണ് എന്ന് മനസ്സിലാക്കിയതുകൊണ്ടുമാണ്. 17 വര്‍ഷം നീണ്ട ദാമ്പത്യജീവിതത്തില്‍ കുടുംബജീവിതത്തെക്കുറിച്ച് ഞങ്ങള്‍ക്ക് വ്യത്യസ്‌തമായ കാഴ്‌ചപ്പാടുകളാണുള്ളത്. ഒരുമിച്ചായിരിക്കാന്‍ പരമാവധി ശ്രമിക്കുന്നവരാണ് ഞങ്ങള്‍. റിക്ക് പ്രസിഡന്റ് ആകുകയാണെങ്കില്‍ വ്യക്തിപരമായും കുടുംബപരമായും ഞങ്ങള്‍ക്കത് വലിയ നഷ്‌ടം തന്നെയായിരിക്കും. എന്നിട്ടും ദൈവം അതാഗ്രഹിക്കുന്നുവെങ്കില്‍ അങ്ങനെതന്നെ സംഭവിക്കട്ടെയെന്ന് ഞങ്ങള്‍ കരുതുന്നു...''
വിശ്വാസത്തില്‍ ആഴപ്പെട്ട വ്യക്തിയാണ് റിക്ക് സാന്‍ടോറം. മുപ്പതാം വയസിലാണ് കാരെനും റിക്കും കണ്ടമുട്ടുന്നത്. അവളെ കണ്ടമാത്രയില്‍ റിക്കിന് തോന്നിയത് ഇങ്ങനെയാണ്. ഇത് താന്‍ ഇന്നേവരെ കണ്ടിട്ടുള്ളതില്‍വച്ച് വ്യത്യസ്‌തയായ പെണ്‍കുട്ടിയാണ്! പരസ്‌പരം തോന്നിയ ആ അസാധാരണത്തമാണ് ഇന്ന് റിക്ക് - കാരെന്‍ ദമ്പതികളെ ഏഴുമക്കളുടെ മാതാപിതാക്കളാക്കിയത്. റിച്ചാര്‍ഡ് ജോണ്‍ റിക്ക് സാന്‍ടോറം എന്ന റിക്കിന്റെ ജനനം 1958 മെയ് 10 നാണ്. വിവാഹിതരാകുമ്പോള്‍ ഇരുവരും വിശ്വാസത്തില്‍ ആഴപ്പെട്ട വ്യക്തികളൊന്നും ആയിരുന്നില്ല. പക്ഷേ ഒരുമിച്ചുള്ള ജീവിതവും അനുഭവങ്ങളും അവരെ വിശ്വാസത്തിലേക്കും ജീവനു വേണ്ടിയുള്ള സമരത്തിലേക്കും നയിക്കുകയായിരുന്നു.
ഭാഗിക അബോര്‍ഷന്‍ നിയമം വോട്ടുമൂലം സെനറ്റില്‍ പാസാക്കണമെന്ന ആവശ്യം ഉന്നയിക്കപ്പെട്ടപ്പോള്‍ അതിനെതിരെ ശബ്‌ദിക്കാന്‍ റിക്കിന് ധൈര്യവും കരുത്തും കിട്ടിയത് ഗബ്രിയേല്‍ മിഖായേല്‍ എന്ന അകാലജാതന്റെ അനുഭവങ്ങളായിരുന്നു. അന്ന് റിക്ക് നേരിട്ട പ്രതിസന്ധികളെക്കുറിച്ച് ഗബ്രിയേലിന് എഴുതിയ കത്തുകളില്‍ കാരെന്‍ എഴുതിയത് ഇങ്ങനെയാണ്. ``നിന്റെ ഡാഡിക്ക് ജീവനുവേണ്ടിയുള്ള ദൈവത്തിന്റെ സന്ദേശം പ്രഘോഷിക്കേണ്ടത് അത്യാവശ്യമായിരുന്നു.'' തന്റെ സന്ദേശം സെനറ്റ് അംഗങ്ങളിലെത്തിക്കാന്‍ റിക്ക് ഉപയോഗിച്ചത് ഒരു ഭ്രൂണത്തിന്റെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളായിരുന്നു. മനുഷ്യരൂപത്തിലെത്തുന്നതിനുള്ള വിവിധ ഘട്ടങ്ങള്‍ക്കിടയില്‍ ആ ഭ്രൂണത്തെ മെഡിക്കന്‍ സയന്‍സ് അബോര്‍ഷനിലൂടെ ക്രൂരമായി നശിപ്പിക്കുന്ന ദൃശ്യങ്ങളും റിക്ക് പ്രദര്‍ശിപ്പിച്ചു. പിന്നെ സെനറ്റ് അംഗങ്ങളോട് ഒരു ആനുകൂല്യം ചോദിച്ചു. ഒരു അഞ്ചുവയസുകാരിക്ക് ഹാളില്‍ പ്രവേശനം കൊടുക്കുമോയെന്ന്.
സെനറ്റ് നിയമം അനുസരിച്ച് ആറുവയസില്‍ താഴെയുള്ള കുട്ടികളെ ഹാളില്‍ പ്രവേശിപ്പിക്കാറുണ്ടായിരുന്നില്ല. റിക്ക് അവതരിപ്പിക്കാന്‍ ശ്രമിച്ച അഞ്ചുവയസുകാരിയെ വൈകല്യങ്ങളുടെ പേരില്‍ അബോര്‍ഷന്‍ നടത്തണമെന്ന് ഡോക്‌ടേഴ്‌സ് ആവശ്യപ്പെട്ടിരുന്നതാണ്. ആ ഉപദേശം അവളുടെ അമ്മ നിരസിച്ചതുമൂലമാണ് ഇന്ന് ആ പെണ്‍കുട്ടി അഞ്ചുവയസുകാരിയും യാതൊരുവൈകല്യങ്ങള്‍ ഇല്ലാത്തവളുമായി ജീവിച്ചിരിക്കാന്‍ കാരണമായത്. ഇത്തരം ജീവനുള്ള തെളിവുകള്‍ റിക്ക് അവതരിപ്പിച്ചപ്പോള്‍ മരണസംസ്‌കാരത്തിന്റെ വക്താക്കള്‍ക്ക് മറുപടിയില്ലായിരുന്നു.
ഇന്ന് ബെല്ലയെക്കുറിച്ച് കാരെന്‍ പറയുന്നത് അവള്‍ തങ്ങളുടെ ഭാഗ്യമാണെന്നാണ്. അവള്‍ മൂലം തങ്ങളുടെ കുടുംബം അനുഗ്രഹിക്കപ്പെട്ടെന്നും. ``ബെല്ല ഒരു മാലാഖയാണ്. ഞാന്‍ ഒരു വിശുദ്ധയെയാണ് പരിചരിക്കുന്നത് എന്ന് ഉറപ്പായും വിശ്വസിക്കുന്നു.'' കാരെന്‍ തുടര്‍ന്നു പറയുന്നു. ``ബെല്ലയെ ലഭിച്ചതിന് ശേഷം എങ്ങനെയാണ് ഞാനെന്റെ ജീവിതം ജീവിക്കേണ്ടതെന്ന് വീണ്ടും പഠിക്കുകയായിരുന്നു. പ്രത്യേക പരിഗണനയും പരിചരണവും ആവശ്യപ്പെടുന്ന ഒരു കുട്ടിയുടെ അമ്മയായതില്‍ ഞാന്‍ സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു. അവളുടെ ജനനത്തോടെ ഞാന്‍ മനസ്സിലാക്കിയ ഒരു കാര്യമുണ്ട്. ദൈവത്തിന് നിശ്ചയമായും എല്ലാറ്റിനും ഓരോ കാരണമുണ്ട്. എല്ലാവരെയുംപോലെ ദൈവത്തിന് അവളെക്കുറിച്ചും എന്തോ പദ്ധതിയുണ്ട്. ദൈവത്തിലുള്ള വിശ്വാസം മുമ്പന്നെത്തെക്കാളുമേറെ ഞങ്ങള്‍ക്കിന്ന് വര്‍ദ്ധിച്ചിരിക്കുന്നു. ദൈവം ഞങ്ങളോട് വലിയ സ്‌നേഹവും കരുണയുമാണ് കാണിച്ചിരിക്കുന്നത്..''
ബെല്ലയുടെ ജീവനുവേണ്ടിയുള്ള സമരമാണ് അവളെ പരിചരിക്കുന്നതിലേറെ കാരെനെ വേദനിപ്പിച്ചത്. മരണവും ജീവിതവും ഒരേപോലെ തൂങ്ങുന്ന തുലാസിന് മുമ്പില്‍ മനുഷ്യജീവനോടുള്ള ആദരവും ദൈവനീതിയിലുള്ള വിശ്വാസവും കുഞ്ഞിനോടുള്ള സ്‌നേഹവും കാരണമാണ് ബെല്ലയ്‌ക്ക് ജീവിതം നല്‌കാന്‍ കാരെന്‍ തയ്യാറായത്. സ്‌നേഹമുണ്ടെങ്കില്‍ നിങ്ങള്‍ക്കൊന്നും നഷ്‌ടമല്ല. ഗര്‍ഭസ്ഥശിശുവിന് വൈകല്യമുണ്ടെന്ന് അറിയുമ്പോള്‍ അതിനെ നശിപ്പിക്കുന്നതിന് മുമ്പ് എന്തുകൊണ്ട് ഗര്‍ഭപാത്രത്തില്‍ വച്ചേ കൂടുതല്‍ കരുതലും സ്‌നേഹവും നല്‌കിക്കൂടാ? കാരെന്‍ ചോദിക്കുന്നു. മനുഷ്യനെന്ന നിലയിലുള്ള അംഗീകാരവും ആദരവും ലഭിക്കാന്‍ അവകാശമുള്ളവരാണ് ഇത്തരം കുട്ടികളും. കാരെന്‍ ഓര്‍മ്മിപ്പിക്കുന്നു. പക്ഷേ മാതാപിതാക്കളാകട്ടെ ഈ കുട്ടികളുടെ അവകാശങ്ങള്‍ക്കുവേണ്ടി വാദിക്കാറുമില്ല.
അമേരിക്കയില്‍ സഭ ആരോപണങ്ങളിലൂടെ കടന്നുപോകുമ്പോഴും താനൊരു കത്തോലിക്കയായതില്‍ അഭിമാനിക്കുന്നവളാണ് കാരെന്‍. അതിനും അവള്‍ക്ക് ഒന്നേ കാരണമുള്ളൂ. ദൈവം സത്യവാനും അവിടുത്തെ സത്യം ഒരിക്കലും മാറ്റമില്ലാത്തതുമാണ്. മനുഷ്യന്‍ ബലഹീനനായതിനാല്‍ അവന് വീഴ്‌ചകള്‍ സംഭവിക്കാം. പക്ഷേ ദൈവം അവിടുത്തെ സഭയെ നയിക്കും. ദൈവത്തിന്റെ കരുണയും സ്‌നേഹവും ഒരിക്കലും മറക്കരുത്..'' എലിസബത്ത് ആനി, റിച്ചാര്‍ഡ് ജോണ്‍, ഡാനിയേല്‍ ജെയിംസ്, സാറാ മരിയ, പീറ്റര്‍ കെന്നത്ത്, പാട്രിക്ക് ഫ്രാന്‍സിസ് എന്നിവരാണ് റിക്ക് - കാരെന്‍ ദമ്പതികളുടെ മറ്റ് മക്കള്‍.








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.