Tue05222012

Last Updated 22 May 2012:11:40:52 PM IST

RegisterRegister
sub-menu_07sub-menu_01sub-menu_02sub-menu_03sub-menu_04sub-menu_05sub-menu_06



Font Size

Member's Area
Friday, 28 October 2011 15:56

കല്ലു കൊത്തുന്ന പുരോഹിതന്‍

Written by  സുബിന്‍ തോമസ്‌
Rate this item
(14 votes)

ജനങ്ങള്‍ക്കൊപ്പംനിന്ന്‌ അവരില്‍ ഒരാളായി മാറി അജപാലന ശുശ്രൂഷ ചെയ്യുകയാണ്‌ ഫാ. ജോസഫ്‌ തച്ചുകുന്നേല്‍. ഇടുക്കി രൂപതയിലെ പെരിഞ്ചാംകുട്ടി-ചെമ്പകപ്പാറ സെന്റ്‌ മേരീസ്‌ പള്ളി വികാരിയായ ഇദ്ദേഹം, പുതുക്കിപ്പണിതുകൊണ്ടിരിക്കുന്ന ഇടവക ദേവാലയത്തിന്റെ മുഖവാരത്തിനാവശ്യമായ പതിനായിരത്തില്‍പ്പരം കല്ലുകള്‍ സ്വയം ചെത്തിമിനുക്കുകയാണ്‌.06

കേരളത്തില്‍ അങ്ങോളമിങ്ങോളം ഉയര്‍ന്നു നില്‍ക്കുന്ന ഓരോ ക്രൈസ്‌തവ ദേവാലയത്തിനും പിന്നില്‍ ത്യാഗത്തിന്റെയും കഷ്‌ടപ്പാടിന്റെയും ചരിത്രം ഉറങ്ങിക്കിടപ്പുണ്ട്‌. മഹാത്യാഗികളായ അനേകം പുരോഹിതന്മാരുടെ സ്വപ്‌നത്തിന്റെയും ദീര്‍ഘവീക്ഷണത്തിന്റെയും നേതൃപാടവത്തിന്റെയും കഥകള്‍ ഓരോ ദേവാലയ നിര്‍മാണത്തിനും പിന്നിലുണ്ട്‌.

അത്തരത്തില്‍ തികച്ചും വ്യത്യസ്‌തവും ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നതുമായ ഒന്നാണ്‌ ഫാ. ജോസഫ്‌ തച്ചുകുന്നേലിന്റെ കര്‍മവഴി. ഇടുക്കി രൂപതയിലെ പെരിഞ്ചാംകുട്ടി-ചെമ്പകപ്പാറ സെന്റ്‌ മേരീസ്‌ പള്ളി വികാരിയാണ്‌ ഇദ്ദേഹം. ഇവിടെ ഇടവക ദേവാലയം പുതുക്കിപ്പണിതുകൊണ്ടിരിക്കുകയാണ്‌. അതിലുപരി ദേവാലയത്തിന്റെ മുഖവാരത്തിനാവശ്യമായ പതിനായിരത്തില്‍പ്പരം കല്ലുകള്‍ ഇടവക വികാരി തന്നെ ചെത്തിമിനുക്കുകയും ചെയ്യുന്നു.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടിയേറ്റ ഗ്രാമമാണ്‌ പെരിഞ്ചാംകുട്ടി. റോഡും സൗകര്യങ്ങളുമൊക്കെ എത്തിയിട്ട്‌ അധിക കാലമായില്ല. ഇടവക ജനങ്ങളുടെ ചിരകാല അഭിലാഷമായ ഇടവക ദേവാലയത്തിന്റെ നിര്‍മാണം കഴിഞ്ഞ ആറുവര്‍ഷമായി തുടര്‍ന്നുവരുന്നു. മുന്നൂറില്‍പ്പരം കുടുംബങ്ങളാണ്‌ ഇടവകയില്‍ ഉള്ളത്‌.

ദേവാലയത്തിന്റെ മുഖവാരം ഏറ്റവും മനോഹരമാക്കാന്‍ ഇവിടുത്തെ ജനങ്ങള്‍ ആഗ്രഹിച്ചു. ഇതിന്റെ ഭാഗമായി കല്ല്‌ സ്‌ക്വയര്‍ ചെയ്‌ത്‌ മുറിച്ച്‌ കെട്ടി മനോഹരമാക്കാന്‍ തീരുമാനിച്ചു. ദിവസം 700 രൂപയെങ്കിലും കുറഞ്ഞ തുക കൂലിയായി നല്‍കിയാല്‍ മാത്രമേ നല്ലൊരു പണിക്കാരനെ കിട്ടുകയുള്ളൂ. അന്വേഷിച്ചപ്പോള്‍ അതിനും ക്ഷാമം. ഈ സാഹചര്യത്തില്‍ ഈ തൊഴിലില്‍ യാതൊരു മുന്‍ പരിചയവുമില്ലാത്ത അച്ചന്‍ തന്നെ ഏതാനും കല്ലുകള്‍ ചെറിയ കട്ടിംഗ്‌ മെഷീന്‍ ഉപയോഗിച്ച്‌ കട്ട്‌ ചെയ്‌തുനോക്കി. പലരെയും പഠിപ്പിക്കാന്‍ നോക്കിയിട്ട്‌ സാധിച്ചില്ല. ഒടുവില്‍ അച്ചന്‍തന്നെ ഈ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. കഴിഞ്ഞ നാലുവര്‍ഷമായി ഇടവക വികാരിയും മറ്റു ജോലികള്‍ ചെയ്‌തതിനുശേഷമുള്ള മുഴുവന്‍ സമയവും കല്ലുവെട്ടാനായി വിനിയോഗിക്കുന്നു.

അതീവ ക്ഷമ ആവശ്യമായ ജോലികൂടിയാണിത്‌. ഒരു മട്ടത്തിന്റെ സഹായത്തോടെ കല്ലില്‍ കൃത്യമായി അടയാളപ്പെടുത്തിയാണ്‌ കല്ലുകള്‍ ചെത്തി മിനുക്കിയെടുക്കുന്നത്‌. അളവു തെറ്റിയാല്‍ കല്ല്‌ ഉപയോഗശൂന്യമാകും. ആദ്യകാലങ്ങളില്‍ ദിവസം 25 കല്ലുകള്‍ മാത്രമേ രൂപപ്പെടുത്താന്‍ കഴിയുമായിരുന്നുള്ളൂ. അധികം വൈകാതെ തൊഴിലില്‍ അച്ചന്‍ പ്രാവീണ്യം നേടി. ഇപ്പോള്‍ ദിവസവും നൂറു കല്ലുകള്‍വരെ ചെയ്യാന്‍ സാധിക്കുന്നു. ഞായറാഴ്‌ചയും പള്ളിയില്‍ വിവിധ ശുശ്രൂഷകളുള്ള ദിവസവും ഈ ജോലിയില്‍ ഏര്‍പ്പെടാന്‍ അച്ചന്‌ കഴിയാറില്ല. തിരക്കില്ലാത്ത ദിവസങ്ങളില്‍ രാവിലെ എട്ടുമുതല്‍ സന്ധ്യവരെ ജോലി തുടരും. പണിക്കാര്‍ക്ക്‌ ആവശ്യമായ കല്ലുകള്‍ക്ക്‌ ദൗര്‍ലഭ്യം നേരിട്ട സമയങ്ങളില്‍ രാത്രി 12 വരെ അച്ചന്‍ ജോലി ചെയ്‌തിട്ടുണ്ട്‌. അത്തരം ചില ദിവസങ്ങളില്‍ 200 കല്ലുകള്‍ വരെ ചെത്തിമിനുക്കിയിട്ടുണ്ട്‌.

അച്ചന്‍ ചെയ്‌ത ജോലിയുടെ മൂല്യം കണക്കാക്കുകയാണെങ്കില്‍ രണ്ട്‌ ലക്ഷം രൂപയെങ്കിലും വരും. അച്ചന്റെ വ്യത്യസ്‌തമായ രീതിയെക്കുറിച്ചറിഞ്ഞ നിരവധി വൈദികരും വിശ്വാസികളും മറ്റ്‌ ഇടവകകളില്‍നിന്ന്‌ ഇവിടെ വരാറുണ്ട്‌. അവരുടെ സഹായങ്ങളും ദേവാലയനിര്‍മാണത്തിന്‌ സഹായകമാകുന്നു. സാമ്പത്തിക പരിമിതിമൂലം പൊതുപണിയായാണ്‌ ദേവാലയനിര്‍മാണം നടക്കുന്നത്‌. ഒരു മേസ്‌തിരിയെ മാത്രം ഉപയോഗിച്ചാണ്‌ ഭൂരിപക്ഷം പണികളും തീര്‍ത്തത്‌. ഇടവകയിലെ 18 കുടുംബയൂണിറ്റില്‍നിന്നും മാറിമാറി ഓരോ ദിവസവും പണിക്കെത്തുന്നു. മാസത്തില്‍ പരമാവധി രണ്ടു പണിവരെ ഒരു കുടുംബം ചെയ്‌തുകൊടുക്കുന്നു. പൊതുപ്പണിക്ക്‌ എത്തുന്നവര്‍ക്ക്‌ ഭക്ഷണം കൊടുക്കുന്നതിന്‌ പിടിയരിപിരിവ്‌ നടത്തുന്നു. അവധി ദിവസങ്ങളില്‍ മിഷന്‍ലീഗ്‌ കുട്ടികളാണ്‌ പിടിയരി സംഭരിക്കുന്നതിനായി അതാത്‌ കുടുംബയൂണിറ്റുകള്‍ സന്ദര്‍ശിക്കുന്നത്‌.
സമീപത്തുകൂടി ഒഴുകുന്ന പുഴയില്‍നിന്നും ദേവാലയനിര്‍മാണം തുടങ്ങുന്ന സമയത്തുതന്നെ ആവശ്യമായ മുഴുവന്‍ മണലും ഇടവകാംഗങ്ങള്‍ സംഭരിച്ചിരുന്നു. ഇപ്പോള്‍ മണലിന്‌ വിലയേറിയ സമയത്ത്‌ അതൊരു മുതല്‍ക്കൂട്ടായി.

ഇടവക ജനത്തില്‍ 99 ശതമാനവും കൃഷിക്കാരാണ്‌. അവരുടെ നിര്‍ലോഭമായ പിന്തുണയാണ്‌ ഫാ. ജോസഫ്‌ തച്ചുകുന്നേലിന്റെ കരുത്ത്‌. ഒരു രൂപപോലും കൈവശമില്ലാത്ത സമയത്ത്‌ 25,000 രൂപ കടമെടുത്ത്‌ മണ്‍പണി ആരംഭിച്ചതാണ്‌. ഇതിനോടകം മുപ്പതുലക്ഷം രൂപയുടെ പൊതുപ്പണി നടന്നു. അറുപതുലക്ഷം രൂപ ചിലവഴിച്ചിട്ടുണ്ട്‌. എങ്കിലും ഇതുവരെ കടമൊന്നും ഉണ്ടായിട്ടില്ല. 2012 ഡിസംബറില്‍ പൂര്‍ത്തിയാക്കാനുദ്ദേശിക്കുന്ന ദേവാലയത്തിന്റെ നിര്‍മാണത്തിലെ സാമ്പത്തിക പ്രതിസന്ധികളുടെ നാളുകളാണ്‌ ഇനി വരാനുള്ളത്‌. എങ്കിലും ദൈവത്തില്‍ ഉറച്ചുവിശ്വസിച്ച്‌ അച്ചനും ഇടവകാംഗങ്ങളും മുന്നോട്ടുപോകുന്നു. ഈട്ടിത്തോപ്പ്‌ ഗ്രാമത്തിലാണ്‌ ഫാ. ജോസഫ്‌ തച്ചുകുന്നേല്‍ ജനിച്ചുവളര്‍ന്നത്‌. ഒമ്പതു മക്കളില്‍ നാലാമനായി ജനിച്ച ഫാ. ജോസഫ്‌, പഠനകാലത്ത്‌ എട്ടുകിലോമീറ്റര്‍ ദൂരം വീതം രാവിലെയും വൈകിട്ടും നടന്നാണ്‌ സ്‌കൂളില്‍ പോയിരുന്നത്‌. സെമിനാരി പഠനകാലത്ത്‌ മംഗലപ്പുഴ സെമിനാരിയിലെ കല്ലുകൊണ്ടുള്ള നിര്‍മാണത്തിന്റെ മികവും പൗരാണികത്വമെല്ലാം മനസിലാക്കിയിട്ടുള്ള അച്ചന്‌ ദേവാലയനിര്‍മാണം കല്ലുകൊണ്ടാകുന്നതിനെക്കുറിച്ച്‌ കൂടുതല്‍ ആലോചിക്കേണ്ടിവന്നില്ല. വര്‍ഷാവര്‍ഷമുള്ള പെയിന്റിംഗും സംരക്ഷണചിലവുമെല്ലാം കല്ലുകൊണ്ടുള്ള നിര്‍മാണം വഴി ഒഴിവാക്കാനാകുന്നു.

വൈദികശുശ്രൂഷയില്‍ 18 വര്‍ഷം പൂര്‍ത്തിയാക്കിയ അച്ചന്‍ ആദ്യ അഞ്ചുവര്‍ഷം കോതമംഗലം രൂപതയിലെ കല്ലൂര്‍ക്കാട്‌, ചീനിക്കുഴി, തൊടുപുഴ, കോതമംഗലം കത്തീഡ്രല്‍ പള്ളി എന്നിവിടങ്ങളില്‍ സേവനം ചെയ്‌തു. ഇടുക്കി രൂപതയിലെ കിളിയാര്‍കണ്ടം, കാഞ്ചിയാര്‍ എന്നിവിടങ്ങളില്‍ വികാരിയായി സേവനം ചെയ്‌തശേഷമാണ്‌ പെരിഞ്ചാംകുട്ടി-ചെമ്പകപ്പാറ പള്ളിവികാരിയായി ആറുവര്‍ഷം മുമ്പ്‌ ചുമതല ഏറ്റെടുത്തത്‌.
ഈ പ്രദേശത്ത്‌ നിര്‍മിക്കാനുദ്ദേശിച്ച ഡാം വന്‍ കുടിയിറക്ക്‌ ഭീഷണി സൃഷ്‌ടിച്ചിരുന്നു. ഇതിനെതിരെ കര്‍ഷകസമരങ്ങള്‍ നടന്നതിന്റെ ഫലമായി ഡാം നിര്‍മാണം ഒഴിവാക്കി. എങ്കിലും പട്ടയം നല്‍കാന്‍ സര്‍ക്കാര്‍ തയാറായില്ല. പട്ടയത്തിനായി പെരിഞ്ചാംകുട്ടി പട്ടയാവകാശ സംരക്ഷണ സമിതി എന്ന സംഘടനയുടെ നേതൃത്വത്തില്‍ സമരങ്ങള്‍ നടക്കുന്നു. സംഘടനയുടെ ഇപ്പോഴത്തെ രക്ഷാധികാരി കൂടിയാണ്‌ ഫാ. ജോസഫ്‌ തച്ചുകുന്നേല്‍.
ഇടവകയുടെ കീഴില്‍ ഒരു എല്‍.പി സ്‌കൂളും അമലഗിരി സ്റ്റേഷന്‍ പള്ളിയും ഉണ്ട്‌. രണ്ടിടങ്ങളിലും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതും അച്ചന്‍തന്നെയാണ്‌. ചിന്നാര്‍പുഴയുടെ തീരത്ത്‌ പ്രശാന്തസുന്ദരവും പ്രകൃതി മനോഹരവുമായ ഗ്രാമത്തിന്റെ ഐശ്വര്യവും ആശ്രയവുമായി ഉയര്‍ന്നുവരുന്ന ദേവാലയത്തിന്റെ ചരിത്രത്തില്‍ ഒരിക്കലും മറക്കാനാവാത്ത `ഒരേട്‌' തുന്നിച്ചേര്‍ക്കുവാന്‍ ഫാ. ജോസഫ്‌ തച്ചുകുന്നേലിന്‌ സാധിച്ചു.

Last modified on Friday, 28 October 2011 16:03
Login to post comments

Sunday Shalom

sunday-h1
The weekly newspaper in malayalam

Shalom Times

times-h1
Monthly Spiritual Malayalam Magazine

Shalom Tidings

tidings-h1
Bi monthly spritual magazine in english

Shalom Television

shalom-tv-h1
Gods own channel from Kerala

SIMS

sims
Shalom Institute of Media Science

Dedication to Mother Mary

mother-maryHail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.

Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen.

Mary, Mother of God, pray for all Shalom initiatives.