ആധുനിക തലമുറ മൂല്യബോധം നഷ്‌ടപ്പെട്ട അവസ്ഥയിലാണ്. അവര്‍ ലൗകികതയിലൂടെ സഞ്ചരിക്കുന്നു. വിവരസാങ്കേതിക വിദ്യയുടെ വളര്‍ച്ച വാര്‍ത്തകളെ എളുപ്പത്തില്‍ ജനഹൃദയങ്ങളിലെത്തിക്കുന്നു. ദൃശ്യമാധ്യമത്തിന്റെ ശക്തി ഏറെയാണ്. മനുഷ്യന്‍ കാണുന്നത് അവന്റെ ബൗദ്ധികതലത്തില്‍ സ്ഥാനം പിടിക്കുന്നു. നന്മയെക്കാള്‍ ഏറെ തിന്മയുടെ സന്ദേശമാണ് മാധ്യമങ്ങളിലൂടെ നമുക്ക് ലഭിക്കുന്നത്.
കോതമംഗലം രൂപതാധ്യക്ഷനും കെ.സി.ബി.സി ബൈബിള്‍ കമ്മീഷന്‍ ചെയര്‍മാനുമായ ബിഷപ് മാര്‍ ജോര്‍ജ് പുന്നക്കോട്ടിലിന് ഇത് പൗരോഹിത്യ സുവര്‍ണജൂബിലി വര്‍ഷമാണ്. 1961 ഒക്‌ടോബര്‍ 18 ന് പൗരോഹിത്യം സ്വീകരിച്ച ഇദ്ദേഹം 1977 ഫെബ്രുവരി 26 ന് കോതമംഗലം രൂപതയുടെ രണ്ടാമത്തെ ബിഷപ്പായി ചുമതലയേറ്റു. ഈ വര്‍ഷം 75 വയസ് പൂര്‍ത്തിയാകുന്ന ഇദ്ദേഹത്തിന് കാനന്‍ നിയമപ്രകാരം റിട്ടയര്‍മെന്റ് വര്‍ഷംകൂടിയാണ്. ``ജീവിതത്തില്‍ ഒരു നല്ല വൈദികനാകാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷേ വൈദിക ശ്രേഷ്‌ഠനാകാന്‍ ഒട്ടും ആഗ്രഹിച്ചിരുന്നില്ല. ഇടവകയിലെ ദൈവജനത്തിന്റെ വികാരിയായി സേവനം ചെയ്യണമെന്നു മാത്രമായിരുന്നു എന്റെ ചിന്ത. എന്നാല്‍ വൈദികനായി ഉടന്‍തന്നെ എനിക്ക് വൈദിക വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാനുള്ള ചുമതലയാണ് ലഭിച്ചത്. തുടര്‍ന്ന് ഒമ്പതു വര്‍ഷങ്ങള്‍ക്കുശേഷം ബിഷപ്പായി. ഈ കാലയളവില്‍ ചുരുങ്ങിയ കാലം മാത്രമേ വികാരിയായിരുന്നിട്ടുള്ളൂ;'' 
സീറോ മലബാര്‍ സഭയില്‍ ഏറ്റവുമധികം കാലം രൂപതാ ഭരണം നടത്തിയ ബിഷപ്പാണ് മാര്‍. പുന്നക്കോട്ടില്‍ സണ്‍ഡേ ശാലോമിന് മുന്നില്‍ ഹൃദയം തുറന്നു.
``പിന്നീട്ട വര്‍ഷങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ ഏറെ ചാരിതാര്‍ത്ഥ്യമാണ് തോന്നുന്നത്. രൂപതാധ്യക്ഷന്‍ എന്ന നിലയില്‍ വൈദികരെ മനസിലാക്കുന്നതിനും അവരുടെ കഴിവ് തിരിച്ചറിയുന്നതിനും ഉത്തരവാദിത്വങ്ങള്‍ ഏല്‍പിച്ചുകൊടുക്കുന്നതിനും പ്രവര്‍ത്തനരീതികള്‍ ശ്രദ്ധിക്കുന്നതിനും പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നതിനും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനും കൂട്ടുത്തരവാദിത്വത്തിന്റെ മാര്‍ഗങ്ങള്‍ അവലംബിക്കുന്നതിനും ശ്രദ്ധിച്ചിട്ടുണ്ട്.
? 32 വര്‍ഷമായി ബൈബിള്‍ കമ്മീഷന്റെ ചെയര്‍മാനായി അങ്ങ് സേവനം ചെയ്യുന്നു. ക മ്മീഷന്‍ പ്രവര്‍ത്തനങ്ങളെ വിശദീകരിക്കാമോ.
കെ.സി.ബി.സിയുടെ നേതൃത്വത്തില്‍ പല കമ്മീഷനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതില്‍ ഒരു കമ്മീഷനാണ് ബൈബിള്‍ കമ്മീഷന്‍. 1976 ലാണ് ഇ തിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. 1978 മുതല്‍ കമ്മീഷന്റെ ചെയര്‍മാനായി തുടരുന്നു. ആര്‍ച്ച് ബി ഷപ് സൂസപാക്യം ഇടക്കാലത്ത് ഒന്നരവര്‍ഷം ചെ യര്‍മാനായിരുന്നു. ദൈവവചനം ജനങ്ങളുടെ കൈ യില്‍ എത്തിക്കുവാനാണ് കമ്മീഷന്‍ ശ്രദ്ധിക്കുന്നത്. ദൈവവചനം കൊടുക്കുന്നത് ബൈബിളിലൂടെ ആയതുകൊണ്ട് ബൈബിള്‍ തന്നെ വിശ്വാസികളുടെ കൈയില്‍ കൊടുക്കാന്‍ കമ്മീഷന്‍ എന്നും താല്‍പര്യമെടുത്തു.
കമ്മീഷന്റെ ആദ്യകാല ശ്രദ്ധ ബൈബിള്‍ തര്‍ ജ്ജമ ആയിരുന്നു. ഞാന്‍ കമ്മീഷന്‍ ചെയര്‍മാന്‍ ആയതിനുശേഷമാണ് ആദ്യ പി.ഒ.സി പുതിയനിയമം പ്രസിദ്ധീകരിക്കുന്നത്. താമസിയാതെ സമ്പൂര്‍ ണ മലയാളം ബൈബിളും പ്രസിദ്ധീകരിച്ചു. ഇതിനോടകം ബൈബിളിന്റെ മുപ്പതു ലക്ഷത്തോളം കോപ്പികള്‍ വിതരണം ചെയ്‌തു.
ബൈബിള്‍ പ്രിന്റിംഗിന് ബുദ്ധിമുട്ട് നേരിട്ടപ്പോഴാണ് ബൈബിള്‍ സൊസൈറ്റിക്ക് രൂപം കൊടുത്തത്. സൊസൈറ്റി ബൈബിള്‍ പ്രിന്റിംഗ്, വിതരണം എന്നിവ കുറഞ്ഞ നിരക്കില്‍ ചെയ്‌തുതന്ന് സഹായിക്കുന്നു. മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേ ന്ദ്രം ഇക്കാര്യത്തില്‍ ചെയ്‌തുവരുന്ന സഹായം ഏ റെ സ്‌തുത്യര്‍ഹമാണ്. ബൈബിള്‍ സൊസൈറ്റിയിലിപ്പോള്‍ ഏകദേശം പതിനായിരത്തോളം അംഗങ്ങളുണ്ട്.
? കേരളത്തിലെ വിവിധ സഭാസമൂഹങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍.
സഭ എക്കാലവും വെല്ലുവിളികളെ നേരിട്ടും അതിജീവിച്ചുമാണ് പോന്നിട്ടുള്ളത്. കാലഘട്ടത്തിനനുസരിച്ചുള്ള വെല്ലുവിളികള്‍ ഇന്നും സഭ നേരിടുന്നു. സാമൂഹ്യ, സാംസ്‌കാരിക, രാഷ്‌ട്രീയ, വിദ്യാഭ്യാസ രംഗങ്ങളിലെല്ലാം സഭയ്‌ക്ക് പലപ്പോഴും വെല്ലുവിളികള്‍ അതിജീവിക്കേണ്ടി വന്നിട്ടുണ്ട്. ജനങ്ങള്‍ക്ക് ലഭിക്കുന്ന മൂല്യബോധത്തില്‍ ഏറെ വ്യ ത്യാസം വന്നിരിക്കുന്നു. ഓരോ കാലഘട്ടത്തിലും ഓരോന്ന് മൂല്യമായി ജനം കരുതുന്നു. ക്രിസ്‌തുവിന്റെ കാലത്തും ഗാന്ധിജിയുടെ കാലത്തും ഉണ്ടായിരുന്ന മൂല്യമല്ല ഇന്നുള്ളത്. ആഗോളവല്‍ക്കരണത്തിന്റെ ഫലമായി സമ്പത്തിന് ഏറെ പ്രാധാന്യം വന്നിരിക്കുന്നു.
ഒരു കാലത്ത് ആത്മീയതക്കും ധാര്‍മികതയ്‌ക്കും ലളിതജീവിതത്തിനും ഏറെ പ്രാധാന്യം നല്‍കിയിരുന്നെങ്കില്‍ ഇന്നതെല്ലാം മാറി സുഖജീവിതത്തിന് പ്രാധാന്യം നല്‍കുന്ന സ്ഥിതിയിലെത്തിയിരിക്കുന്നു. യുവത്വം, സൗന്ദര്യം, ആരോഗ്യം, സമ്പത്ത്, ലൈംഗികത എന്നിവയ്‌ക്ക് മാധ്യമങ്ങള്‍ പ്രാധാന്യം നല്‍കുന്നു. ഇത് നമ്മുടെ മൂല്യബോധത്തെയാണ് ബാധിക്കുന്നത്. സഭയെയും സമൂഹത്തെയും ഇത് ബാധിക്കും. എന്നാല്‍ ക്രിസ്‌ത്യാനിയെ സംബന്ധിച്ചിടത്തോളം മതപരമായ മൂല്യബോധം വിശ്വാസികളില്‍ സൃഷ്‌ടിച്ചെടുക്കാന്‍ കഴിയുന്നുണ്ട്. വിശ്വാസത്തിന്റെ പേരില്‍ ഏറെ ഭക്തിയുള്ളവരായിരുന്നു ക്രിസ്‌ത്യാനികള്‍. എന്നാല്‍ ഭക്തിയെയും ജീവിതത്തെയും പലപ്പോഴും നാം രണ്ടായി കാണുന്നു. അമിതഭക്തിക്ക് പ്രാധാന്യം നല്‍കുന്നവരുമുണ്ട്. ഭക്തിയുടെ പേരില്‍ പലരും വിശുദ്ധരെ ദുര്‍വ്യാഖ്യാനം ചെയ്യുന്നു. പലവിധ നാമവിശേഷണം വിശുദ്ധര്‍ക്ക് നല്‍കുന്നത് വിശുദ്ധരോടുള്ള ഭക്‌തിക്ക് കഴമ്പില്ലാതാക്കുന്നു.
? സഭയുടെ പ്രവര്‍ത്തനങ്ങള്‍ കണ്ടില്ലെന്ന് നടിച്ചുകൊണ്ട് സഭയെ കടന്നാക്രമിക്കുന്ന പ്രവണത കൂടിവരുന്നുണ്ടല്ലോ.
സഭയുടെ നേരെയുള്ള കടന്നാക്രമണം പുത്തന്‍ സംഭവമല്ല. ആദിമനൂറ്റാണ്ടുമുതല്‍ ഇത് തുടരുന്നു. ധാരാളം ആരോപണങ്ങളും പ്രതിസന്ധികളും സഭ നേരിട്ടിട്ടുണ്ട്. എല്ലാ ആരോപണങ്ങള്‍ക്കും മറുപടി പറയാന്‍ സഭ തയാറല്ല. തള്ളിക്കളയേണ്ടതിനെ അവഗണിക്കുകയും മറുപടി അര്‍ഹിക്കുന്നിടത്ത് മ റുപടി നല്‍കുകയും ചെയ്‌തിട്ടുണ്ട്.
സഭ നല്‍കുന്ന സേവനങ്ങളെ രാഷ്‌ട്രം പലപ്പോഴും അര്‍ഹിക്കുന്ന അംഗീകാരത്തോടെ കാണാറില്ല. മറ്റുള്ളവര്‍ ചെയ്യുന്ന കാര്യങ്ങള്‍ ഉയര്‍ത്തിക്കാണിക്കാന്‍ രാഷ്‌ട്രീയ കക്ഷികള്‍ സന്നദ്ധരല്ല എ ന്നത് വ്യക്തമാണ്. രാഷ്‌ട്രീയ കക്ഷികള്‍ക്ക് നിര്‍ ദ്ദിഷ്‌ടതാല്‌പര്യങ്ങളുണ്ട്. ജനത്തെ കൂട്ടത്തില്‍ നിര്‍ത്തുക രാഷ്‌ട്രീയ കക്ഷികളുടെ താല്‍പര്യമാണ്. എന്നാല്‍ സ്‌നേഹത്തിലും വിശ്വാസത്തിലും അധിഷ്‌ഠിതമായ ഒരു സമൂഹത്തെ കെട്ടിപ്പടുക്കുക എന്നതാണ് സഭയുടെ താല്‍പര്യം. ഈ താല്‍പര്യത്തെ ഇല്ലായ്‌മ ചെയ്യാനാണ് ഇക്കൂട്ടര്‍ ജനത്തെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്‌താവനകള്‍ ഇറക്കുന്നത്. ഇവിടെ സഭ ചെയ്‌തത് മാനിക്കപ്പെടുന്നില്ല. സഭയ്‌ക്ക് നേരെയുള്ള അവഹേളനത്തെ സഭ കാര്യമായി കാണുന്നില്ല. സഭയുണ്ടായിട്ട് രണ്ടായി രം വര്‍ഷമായി. രാഷ്‌ട്രീയപാര്‍ട്ടികള്‍ ഉണ്ടായിട്ട് അധികം വര്‍ഷങ്ങളായിട്ടില്ല. അതിനാല്‍ സഭയുടെ പാരമ്പര്യം തന്നെയാണ് അതിന്റെ ശക്തി. ലൗകിക താല്‍പര്യങ്ങള്‍ സഭയെ ബാധിക്കില്ല.
? സഭയില്‍നിന്നും വിശ്വാസികള്‍ ഇതര സഭാസമൂഹങ്ങളിലേക്ക് കൊഴിഞ്ഞു പോകുന്നുണ്ടോ.
സഭയില്‍നിന്നും ആളുകള്‍ കൊഴിഞ്ഞുപോകുന്നുണ്ട്. പക്ഷേ അതത്ര അപകടകരമല്ല. ചില ഗ്രൂപ്പുകള്‍ രൂപപ്പെട്ടിട്ടുണ്ട് എന്നത് ശരിയാണ്. പക്ഷേ അതൊരു ശക്തമായ മുന്നേറ്റമല്ല. ഇത്തരം ഗ്രൂപ്പുകളിലേക്ക് ആളുകള്‍ പോകുമ്പോള്‍ അതൊരു വാര്‍ത്തയാകുന്നു എന്ന് മാത്രം. എന്നാല്‍ അതില്‍ പലരും തിരിച്ചുവരുമ്പോള്‍ അത് ആരും അറിയുന്നില്ല. പലരും തിരിച്ചുവന്നത് എനിക്ക് നേരിട്ടറിയാം. ഇത്തരം ഗ്രൂപ്പുകളിലേക്ക് ആളുകള്‍ പോകുന്നത് ആത്മീയതയുടെ ആഴം അളന്നല്ല. മറിച്ച്, ചില സഹായങ്ങളുടെയും പരിഗണനകളുടെയും അടിസ്ഥാനത്തിലാണ്. ചെറിയ ഗ്രൂപ്പുകളെ പരിഗണിക്കാന്‍ വളരെ എളുപ്പമാണ്. ഒരു ഇടവകയിലെ ആയിരത്തിലധികം വരുന്ന കുടുംബങ്ങളെ ഒരു വൈദികന് ഒരേ രീതിയില്‍ പരിഗണിക്കാനായി എന്നുവരില്ല. ഇത്തരം പ്രതിസന്ധികളെ നേരിടുന്നതിനാവശ്യമായ ബോധവല്‍ക്കരണം കുടുംബക്കൂട്ടായ്‌മകളിലും മതബോധന ക്ലാസുകളിലും നടത്തിവരുന്നു.
? ഭാര്യാ ഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ബന്ധങ്ങളിലും കുട്ടികളും മാതാപിതാക്കളും തമ്മിലുള്ള ബന്ധങ്ങളിലും പഴയതിനേക്കാള്‍ ഇന്ന് വിള്ളല്‍ വീണിരിക്കുന്നു.
മാതാപിതാക്കളും മക്കളും ഒന്നിച്ചിരുന്ന് പ്രാര്‍ ത്ഥിക്കുന്ന കുടുംബം ദൈവാനുഭവമുള്ള കുടുംബമായി മാറും. പണ്ടൊക്കെ കുടുംബാംഗങ്ങള്‍ ഒന്നിച്ചിരുന്നു പ്രാര്‍ത്ഥിച്ചിരുന്നു. പരസ്‌പരം സ്‌തുതി ചൊല്ലുന്ന ആത്മീയ അഭിവാദനത്തിന്റെ ശീലങ്ങള്‍ ഉണ്ടായിരുന്നു. കുടുംബത്തിലുള്ളവര്‍ പരസ്‌പരം ആദരിച്ചും ബഹുമാനിച്ചും കഴിഞ്ഞിരുന്നു. ഇ തൊരു ഭാരത സംസ്‌കാരമായിരുന്നു. ഇന്നതിന് മാറ്റം വന്നിരിക്കുന്നു.
നന്മയെക്കാള്‍ തിന്മ വിതറുന്ന ചില മാധ്യമങ്ങളും ഇന്ന് കുടുംബങ്ങളെ ശിഥിലമാക്കുന്നു. ആത്മഹത്യയും പെണ്‍വാണിഭവും കൊലപാതകവും തട്ടിക്കൊണ്ടുപോകലും കൈക്കൂലിയുമെല്ലാം യുവഹൃദയങ്ങളെ ആകൃഷ്‌ടരാക്കുന്ന വാര്‍ത്തകളാണ്. മക്കള്‍ വഴിതെറ്റാതെ നോക്കേണ്ട ഉത്തരവാദിത്വം മാതാപിതാക്കളില്‍ നിക്ഷിപ്‌തമാണ്.
ആധുനിക കുടുംബങ്ങള്‍ അണുകുടുംബങ്ങളായി മാറിയതോടെ ബന്ധങ്ങള്‍ക്ക് ഏറെ അന്തരമുണ്ടായി. മറ്റുള്ളവരുമായുള്ള സമ്പര്‍ ക്കവും കുറഞ്ഞു. കുട്ടികളുടെ സ്വഭാവങ്ങളില്‍ മാറ്റങ്ങള്‍ പ്രകടമായി. ശുശ്രൂഷ ചെയ്യുക, സേവനം ചെയ്യുക, സ ഹായിക്കുക, ആദരിക്കുക, അംഗീകരിക്കുക, ആശ്വസിപ്പിക്കുക തുടങ്ങിയ മൂല്യങ്ങള്‍ കുട്ടികളില്‍നിന്ന് പോലും നഷ്‌ടപ്പെട്ടിരിക്കുന്നു. ഭാര്യാഭര്‍തൃബന്ധവും അങ്ങനെ തന്നെ.
ഒരു കുടുംബത്തെ മുന്നോട്ട് നയിക്കാന്‍ രണ്ടുപേ രും തുല്യ ഉത്തരവാദികളാണ്. `ഞാന്‍, എന്റെ' എ ന്ന ചിന്തകള്‍ മാറ്റി `ഞങ്ങള്‍, നമ്മള്‍' എന്ന മനോഭാവത്തിലേക്ക് മാറിയാല്‍ കുടുംബബന്ധങ്ങള്‍ ദൃ ഢമാകും.
? ദീര്‍ഘകാലം രൂപതാധ്യക്ഷന്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചപ്പോള്‍ രൂപതയില്‍ ഉണ്ടായ മാറ്റങ്ങള്‍.
ഇടുക്കി എന്ന പുതിയ രൂപതയ്‌ക്ക് ജന്മം കൊടുക്കാന്‍ കഴിഞ്ഞു എന്നതാണ് ഏറ്റവും ശ്രദ്ധേയം. ഇതിനായി ഏറെ പ്രയത്‌നിച്ചിട്ടുണ്ട്. ഇടുക്കി രൂപതയിലെ 90-ഓളം പള്ളികള്‍ ഞാന്‍ ബിഷപ്പായിരിക്കെ വെഞ്ചരിക്കാന്‍ സാധിച്ചു. ഇതിനോടകം ഇടുക്കി-കോതമംഗലം രൂപതകളില്‍ ധാരാളം സ്‌കൂളുകളും പുതിയ ഹൈസ്‌കൂളുകളും ഹയര്‍ സെക്കന്ററി സ്‌കൂളുകളും കോളജുകളും കോഴ്‌സുകളും ടെക്‌നിക്കല്‍ സ്‌കൂളുകളും ആശുപത്രികളും പാസ്റ്ററല്‍ സെന്ററുകളും സ്ഥാപിക്കാന്‍ കഴിഞ്ഞു.
സാമൂഹ്യസേവനരംഗത്ത് ഒട്ടേറെ കാര്യങ്ങള്‍ ചെയ്‌തിട്ടുണ്ട്. ജീവന്‍ ടീയും ജീവ മില്‍ക്കും ആരംഭിച്ചത് അനേകര്‍ക്ക് തൊഴിലും വരുമാനവും നേടിക്കൊടുക്കാന്‍ ഇടയായി. ഭവനരഹിതരായ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ഭവനങ്ങള്‍ നിര്‍മിച്ചു നല്‍കി. ആദിവാസി മേഖലയുടെ മുന്നേറ്റത്തിനായും സ്‌കൂളുകള്‍ നിര്‍മിക്കുന്നതുള്‍പ്പെടെ ധാരാളം കാര്യങ്ങള്‍ ചെയ്‌തു. വനിതകളില്‍ സ്വാശ്രയശീലം വളര്‍ത്തിയെടുക്കാന്‍ സ്വയംസഹായ സംഘങ്ങള്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നു. ഇവര്‍ക്ക് ആവശ്യമായ പരിശീലനവും സാമ്പത്തിക സഹായവും നല്‍കുന്നുണ്ട്.
`സേവ് എ ഫാമിലി പ്ലാന്‍' വഴി ധാരാളം കുടുംബങ്ങളെ ദത്തെടുത്ത് സഹായിച്ചുവരുന്നു. ഈ വര്‍ഷം രൂപത പരിസ്ഥിതി സംരക്ഷണവര്‍ഷമായി ആചരിക്കുന്നു. ഇതിന്റെ ഭാഗമായി ആയിരക്കണക്കിന് കുടുംബങ്ങളില്‍ പച്ചക്കറിവിത്തും വൃക്ഷത്തൈകളും സൗജന്യനിരക്കില്‍ എത്തിച്ചു. കുടിവെള്ളപ്രശ്‌നം പരിഹരിക്കുന്നതിലും രൂപത മുഖ്യമായ പങ്കുവഹിച്ചിട്ടുണ്ട്.
വളരെ ശാന്തതയോടും സൗമ്യതയോടും കൂടി വിശ്വാസത്തിലധിഷ്‌ഠിതമായി മുന്നോട്ടുപോകുന്ന രൂപതയാണ് കോതമംഗലം. എല്ലാ വൈദികരും ഏറെ സ്‌നേഹമുള്ളവരും പരസ്‌പരം സഹകരിക്കുന്നവരുമാണ്. യാതൊരുവിധ പ്രശ്‌നങ്ങളും രൂപതയില്‍ നാളിതുവരെ ഉണ്ടായിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
ബിഷപ് എന്ന നിലയിലും വൈദികര്‍ക്ക് എന്നോടുള്ള സഹകരണം വളരെ വലുതായിരുന്നു. വൈദികരുടെ നിസ്വാര്‍ത്ഥ സഹകരണവും വിശ്വാസികളുടെ ആത്മീയ പിന്തുണയുമാണ് രൂപതയെ ഇത്രത്തോളം വളര്‍ത്തിയത്.
ക്രൈസ്‌തവര്‍ എല്ലാവരും വിശ്വാസത്തില്‍ ഒന്നാവണം. വിശ്വാസത്തിലും സ്‌നേഹത്തിലും അധിഷ്‌ഠിതമായ ക്രൈസ്‌തവ സമൂഹമായി നാം മുന്നോട്ടുപോകണമെന്നതാണ് ആഗ്രഹം. ലൗകികനേട്ടങ്ങളെക്കാളേറെ ആത്മീയ നേട്ടങ്ങള്‍ക്ക് നാം പ്രാധാന്യം കൊടുക്കണം.
ലൗകികനേട്ടങ്ങള്‍ നിലനില്‍ക്കുന്നവയല്ല. ഒരു ക്രൈസ്‌തവന്റെ ആത്യന്തികലക്ഷ്യം ആത്മീയനേ ട്ടം കൈവരിക്കുക എന്നതാവണം;








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.