...നഴ്‌സായിരുന്ന ഞാന്‍ വീടുകളും അവിടെയുള്ള രോഗികളെയും സന്ദര്‍ശിക്കാന്‍ തുടങ്ങി. സന്ദര്‍ശനത്തിനൊടുവില്‍ വിശന്നു തളര്‍ന്ന ഞങ്ങള്‍ക്ക് ചോറും കറികളും ഗ്രാമീണര്‍ നല്‍കി. ഒരു വലിയ പ്ലേറ്റില്‍ അത്രതന്നെ ചോറ്. ഏകദേശം അഞ്ചുപേര്‍ക്ക് സുഭിക്ഷമായി കഴിക്കാനുണ്ടായിരുന്നു അത്. പലതരം ഇലകളാല്‍ പാചകം ചെയ്തതായിരുന്നു കറി....
1979 ലാണ് ഇന്ത്യയുടെ വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഞാന്‍ എത്തുന്നത്. വിവിധ തരത്തിലുള്ള ആളുകള്‍, ഭാഷകള്‍, ഭക്ഷണം, സംസ്‌കാരം എന്നിവയെല്ലാം ആ നാളുകളില്‍ പുതുമ നിറഞ്ഞതായിരുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ മണിപ്പൂരിലെ ഒരു കുഗ്രാമത്തിലേക്ക് ഞാന്‍ നിയോഗിക്കപ്പെട്ടു.
നഴ്‌സായിരുന്ന ഞാനും മറ്റൊരു സിസ്റ്ററും കൂടി വീടുകളും അവിടെയുള്ള രോഗികളെയും സന്ദര്‍ശിക്കാന്‍ തുടങ്ങി. സന്ദര്‍ശനത്തിനൊടുവില്‍ വിശന്നു തളര്‍ന്ന ഞങ്ങള്‍ക്ക് ചോറും കറികളും ഗ്രാമീണര്‍ നല്‍കി. ഒരു വലിയ പ്ലേറ്റില്‍ അത്രതന്നെ ചോറ്. ഏകദേശം അഞ്ചുപേര്‍ക്ക് സുഭിക്ഷമായി കഴിക്കാനുണ്ടായിരുന്നു. പലതരം ഇലകളാല്‍ പാചകം ചെയ്തതായിരുന്നു കറി. ആദ്യ ഉരുള വായില്‍ വച്ചപ്പോള്‍ത്തന്നെ മനം പിരട്ടല്‍.
പലതരം സംസ്‌കാരവിശേഷംകൊണ്ട് ജീവിതം ശരിക്കും ഒരു വെല്ലുവിളിയായിരുന്നു. പുതിയ സാഹചര്യങ്ങളുമായി ഇണങ്ങിച്ചേരാനാകാതെ ഞാന്‍ വിഷമിച്ചു. ''നിനക്ക് എന്റെ കൃപ മതി. എന്തെന്നാല്‍ ബലഹീനതയിലാണ് എന്റെ ശക്തി പൂര്‍ണമായി പ്രകടമാകുന്നത്. ഞാന്‍ പൂര്‍വാധികം സന്തോഷത്തോടെ എന്റെ ബലഹീനതയെക്കുറിച്ച് പ്രശംസിക്കും'' (2 കോറി.12:9). കര്‍ത്താവിന്റെ കൃപ അദൃശ്യമായി എന്റെ ദൗത്യത്തില്‍ കൂടെയുണ്ടെന്ന് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ എനിക്ക് ബോധ്യമായി. രണ്ടാഴ്ചയ്ക്കുള്ളില്‍ ഭക്ഷണസാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ സാധിച്ചു.
1984 ല്‍ ഒരു ദിവസം മണിപ്പൂരിലെ ഗ്രാമത്തില്‍ പ്രൈമറി ഹെല്‍ത്ത് സെന്ററിലേക്ക് കൂട്ടുകാരി സിസ്റ്ററുമായി പോകുകയായിരുന്നു. ആരോഗ്യപരിപാടിയുമായി ബന്ധപ്പെട്ട് ഒരു ഡോക്ടറെ ക്ഷണിക്കുകയായിരുന്നു ഉദ്ദേശ്യം. ഞങ്ങളുടെ സെന്ററില്‍നിന്നും മൂന്നു കിലോമീറ്റര്‍ അകലെയാണ് പോകേണ്ടത്. ഇതിനിടെ കൂടെയുള്ള സിസ്റ്റര്‍ ഇടവഴിയിലൂടെ പോകാമെന്ന് നിര്‍ദ്ദേശിച്ചു.
അപകടകരമായ വഴിയും തീവ്രവാദികളുടെ ആവാസ കേന്ദ്രവുമായിരുന്നു ആ സ്ഥലം. അങ്ങനെ എന്തെങ്കിലും ആക്രമണമുണ്ടായാല്‍ തന്റെ കൈയിലുള്ള കുട ഉപയോഗിച്ച് നേരിടാമെന്ന് സിസ്റ്റര്‍ നിര്‍ദ്ദേശിച്ചു. ഉച്ചസമയം. ആ വഴി നടന്ന് അല്പം കഴിഞ്ഞപ്പോള്‍ മദ്യപാനികളായ മൂന്നുപേര്‍ ഞങ്ങളുടെ മുമ്പില്‍ നടക്കുന്നു. കൊടുംകാടായിരുന്നു ആ പ്രദേശം. അവരെ മുന്‍പോട്ടു നടക്കാന്‍ അനുവദിച്ച് ഞങ്ങള്‍ പതുക്കെ നടന്നു. എന്നാല്‍ അവരാകട്ടെ വിശ്രമിക്കാനായി റോഡിനരികില്‍ ഇരുന്നു. ഭയപ്പാടോടെ ഞങ്ങള്‍ കൈകള്‍ കോര്‍ ത്തു പിടിച്ചു നടന്നു.
അവരുടെയടുത്തെത്തിയപ്പോള്‍ ഒരാള്‍ എഴുന്നേറ്റ് ചോദിച്ചു: ''എവിടെ പോകുന്നു?'' മറുപടി പറഞ്ഞതും ഒരാള്‍ എന്റെ തോളില്‍ പിടിച്ചു. ഞാനയാളെ ഒരു കൈകൊണ്ട് തള്ളിയിട്ട് 'എന്റെ അമ്മേ' എന്നു വിളിച്ചു. കരച്ചില്‍ കേട്ട് കുറെ കുട്ടികള്‍ ഓടിയെത്തി. ഉടനെ മൂന്നുപേരും സ്ഥലംവിട്ടു. ഈ പോരാട്ടത്തിനിടയില്‍ എന്റെ ശിരോവസ്ത്രവും കണ്ണടയും ചെരിപ്പും നഷ്ടപ്പെട്ടു. കുറച്ചു സമയത്തിനുശേഷം ആ മദ്യപാനികളിലൊരാള്‍ അതെല്ലാം തിരിച്ചുതന്നു.
''പാമ്പുകളുടെയും തേളുകളുടെയും ശത്രുവിന്റെ സകല ശക്തികളുടെയും മീതേ ചവിട്ടി നടക്കാന്‍ നിങ്ങള്‍ക്കു ഞാന്‍ അധികാരം തന്നിരിക്കുന്നു. ഒന്നും നിങ്ങളെ ഉപദ്രവിക്കുകയില്ല'' (ലൂക്കാ 10:19). ദൈവത്തിന്റെ അനന്തമായ കരുണയും പരിപാലനവും മനസിലാക്കാന്‍ ഈ സംഭവം വഴി സാധിച്ചു.
ദൈവമാണ് എന്റെ ശക്തിയെന്നും അപകടസാഹചര്യങ്ങളില്‍ എപ്പോഴും അവിടുന്ന് തുണയേകുമെന്നും ഞാന്‍ മനസിലാക്കി. ''ഭയപ്പെടേണ്ട, ഞാന്‍ നിന്നെ രക്ഷിച്ചിരിക്കുന്നു. നിന്നെ പേരുചൊല്ലി വിളിച്ചിരിക്കുന്നു'' (ഏശയ്യ 43:1) എന്ന വാക്കുകള്‍ ഞങ്ങള്‍ക്ക് ബലം നല്‍കി.
വളരെ ആഴമായി ദൈവസ്‌നേഹത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ എത്രമാത്രം ആഴമേറിയ സ്‌നേഹമാണ് കര്‍ത്താവ് നല്‍കുന്നതെന്ന് ഞാന്‍ തിരിച്ചറിയുന്നു. ''കര്‍ത്താവിന്റെ സ്‌നേഹം ഒരിക്കലും അസ്തമിക്കുന്നില്ല. അവിടുത്തെ കാരുണ്യം അവസാനിക്കുന്നില്ല. ഓരോ പ്രഭാതത്തിലും അതു പുതിയതാണ്. അവിടുത്തെ വിശ്വസ്തത ഉന്നതമാണ്'' (വിലാപങ്ങള്‍ 3:22-23).
മറ്റൊരു അനുഭവം 1997 മണിപ്പൂരില്‍ വച്ചുതന്നെയാണ്. ഷില്ലോംഗില്‍ നഴ്‌സിംഗ് പഠിക്കുന്ന ഞങ്ങളുടെ ഒരു സിസ്റ്റര്‍ ഗുരുതരമായ അസുഖം ബാധിച്ച് കിടക്കുകയായിരുന്നു. ഭീമാപൂരില്‍നിന്നു 300 കിലോമീറ്റര്‍ അകലെയാണ് ഷില്ലോങ്ങ്. സിസ്റ്ററിനെ സന്ദര്‍ശിച്ച് മടങ്ങുന്ന വഴി ഭീമാപൂരില്‍ എത്തി. അവിടെനിന്ന് നാലു കിലോമീറ്റര്‍ അകലെയാണ് എന്റെ കോണ്‍ വെന്റ്. പുലര്‍ച്ചെ ബസ്സ്റ്റാന്റില്‍ തനിച്ചു നില്‍ക്കുന്നത് അപകടമാണ്. ഒക്‌ടോബര്‍ മാസത്തിലെ തണുപ്പുള്ള മൂന്നുമണി നേരത്ത് എന്തു ചെയ്യും? ഇംഫാലിലേക്കു പോകുന്ന ബസ്‌ഡ്രൈവറോട് കോണ്‍വെന്റിന്റെ മുന്നില്‍ ഇറക്കാമോ എന്ന് ചോദിച്ചു. ഹൈന്ദവനായ ഡ്രൈവര്‍ എന്നെ കോണ്‍വെന്റിനു തൊട്ടുമുമ്പില്‍ ഇറക്കി. അയാളെയും ജീവനക്കാരെയും ഓര്‍ത്ത് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
ഈ സംഭവങ്ങളെല്ലാം വീണ്ടും ഓര്‍മയില്‍ ഓടിവരുമ്പോള്‍ പരിശുദ്ധ അമ്മയെപ്പോലെ ''എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു'' (ലൂക്കാ 1:47) എന്നു പറയാനാണ് ഞാനാഗ്രഹിക്കുന്നത്. ദിനംപ്രതി സ്‌നേഹപിതാവായ ദൈവത്തിന്റെ പരിപാലനയാണ് ഞാന്‍ ദര്‍ശിക്കുന്നത്.
അവിടുത്തെ ഹിതമനുസരിച്ച് പ്രവര്‍ത്തിക്കാനും മഹത്തായ ദൈവവിളിക്ക് പ്രത്യുത്തരം നല്‍കി എനിക്കു ലഭിച്ചിട്ടുള്ള ദൗത്യം പൂര്‍ത്തിയാക്കാനും ശ്രമിക്കുന്നു. വിശുദ്ധ പൗലോസ് ശ്ലീഹായോടൊപ്പം ''ഞാന്‍ എന്തായിരിക്കുന്നുവോ അതു ദൈവകൃപയാലാണ്'' (1 കോറി.15:10) എന്ന് പറയുവാന്‍ എനിക്കു സാധിക്കുന്നതും കഴിഞ്ഞ 32 വര്‍ഷമായി തുടരുന്ന എന്റെ മിഷന്‍ ദൗത്യം മുന്നോട്ട് പോകാന്‍ സഹായിക്കുന്നതും എന്നെ വിളിച്ച ദൈവത്തിന്റെ കരുണാകടാക്ഷമല്ലാതെ മറ്റൊന്നുമല്ല.
Friday, 17 February 2012 11:58
അസ്തമിക്കാത്ത ദൈവസ്‌നേഹം Featured
Written by സിസ്റ്റര്‍ ആഗ്നസ് സി.എം.സി
Read 130 times
Login to post comments








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.