Tue05222012

Last Updated 22 May 2012:11:40:52 PM IST

RegisterRegister
sub-menu_07sub-menu_01sub-menu_02sub-menu_03sub-menu_04sub-menu_05sub-menu_06



Font Size

Member's Area
Friday, 03 February 2012 12:20

ഈശോയ്ക്കുവേണ്ടി ആത്മാക്കളെ നേടാന്‍... Featured

Written by  സിസ്റ്റര്‍ ഹെന്റിറ്റ സി.എം.സി, ഗൊല്ലാപള്ളി
Rate this item
(1 Vote)

ഒരുനേരംപോലും ചോറ് ഉണ്ണാനില്ലാത്തവര്‍ ഏറെയുണ്ടായിരുന്നു. ആദ്യകാലങ്ങളില്‍ അവിടെ സേവനം ചെയ്ത വൈദികര്‍ പ്രൊജക്റ്റ് എഴുതി ഗോതമ്പ്, എണ്ണ, പാല്‍പ്പൊടി മുതലായവ വരുത്തി നല്‍കി. കൂടാതെ കൃഷി ചെയ്യാനും പഠിപ്പിച്ചു. കാളകളെ വാങ്ങി നല്കി. കിണര്‍ കുഴിപ്പിച്ച് മോട്ടോര്‍ വയ്പ്പിച്ചു. മഴ കിട്ടിയില്ലെങ്കിലും കൃഷി ചെയ്യാന്‍ സാധിക്കും എന്ന് ബോധ്യപ്പെടുത്തി. ഭാഷാപരിജ്ഞാന കുറവുനിമിത്തം വേണ്ടതുപോലെ വചനം പഠിപ്പിക്കാനും വിശ്വാസത്തില്‍ ഉറപ്പിക്കാനും സാധിച്ചിരുന്നില്ല...


സി.എം.ഐ സഭയുടെ നേതൃത്വത്തില്‍ ഛാന്ദാമിഷന്‍ സ്ഥാപിതമായിട്ട് അമ്പതുവര്‍ഷം തികയുന്നു. കഴിഞ്ഞ 48 വര്‍ഷമായി ഛാന്ദാ മിഷനില്‍ സേവനം ചെയ്യാന്‍ സാധിച്ചതിന്റെ ചാരിതാര്‍ത്ഥ്യത്തോടെ ചില അനുഭവങ്ങള്‍ പങ്കുവയ്ക്കട്ടെ.

സി.എം.സി സന്യാസിനി സഭയുടെ പാലാ പ്രൊവിന്‍സില്‍ 1962 ഏപ്രില്‍ 23 നാണ് ഞാന്‍ സഭാവസ്ത്രം സ്വീകരിച്ച് ആദ്യവ്രതവാഗ്ദാനം ചെയ്തത്. മല്ലികശേരി മഠത്തിലേക്കായിരുന്നു ആദ്യം അയച്ചത്. അവിടെവച്ച് മിഷന്‍ ദൈവവിളി എന്നെത്തേടി എത്തി. 'മിഷനു പോകാന്‍ ഇഷ്ടമുണ്ടോ' എന്ന് പ്രൊവിന്‍ഷ്യാളമ്മ ആരാഞ്ഞപ്പോള്‍ ആദ്യം പരിഭ്രമമായിരുന്നു. ഭാഷ അറിയില്ല എന്നതായിരുന്നു പ്രശ്‌നം. ഭാഷ അവിടെ ചെല്ലുമ്പോള്‍ പഠിപ്പിക്കും എന്ന ഉറപ്പ് ലഭിച്ചപ്പോള്‍ പോകാന്‍ തയാറായി. 1963 ഒക്‌ടോബര്‍ 16 ന് ഞാന്‍ ഛാന്ദാ മിഷനില്‍ എത്തി. ഫാ. ജോസഫ് മഞ്ഞളിഞങ്ങളെ സ്വീകരിച്ച് മന്ദമാരിക്കു കൊണ്ടുപോന്നു. അവിടെ കമ്പനിവക കെട്ടിടത്തിലായിരുന്നു താമസം. അല്പം അകലെ മറ്റൊരു വാടകകെട്ടിടത്തില്‍ തെലുങ്കിലും ഇംഗ്ലീഷിലും സ്‌കൂളുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ട് ആറുമാസമായിരുന്നു. അവിടം കല്‍ക്കരിഖനന മേഖലയായിരുന്നതുകൊണ്ട് സര്‍വത്ര കരിയും പൊടിയുമായിരുന്നു. ചുറ്റുപാടും വൃക്ഷങ്ങളോ ചെടികളോ ഉണ്ടായിരുന്നില്ല. എനിക്ക് വളരെയേറെ വിഷമം തോന്നിയെങ്കിലും ഈശോയ്ക്കുവേണ്ടി ആത്മാക്കളെ നേടാന്‍ ഇതെല്ലാം സഹിച്ചേ പറ്റൂ എന്ന് ബോധ്യമുണ്ടായിരുന്നു.

ഞാനും കൂടെയുണ്ടായിരുന്ന സഹോദരിയുംകൂടി ഭവനസന്ദര്‍ശനം നടത്തുമായിരുന്നു. ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഭാഷ അറിയില്ല. എങ്കിലും പകുതി തെലുങ്കും പകുതി മലയാളവും കുറെ ആംഗ്യഭാഷകളും ഒക്കെയായി കാര്യങ്ങള്‍ പരസ്പരം മനസിലാക്കും. അവിടുത്തെ ആളുകള്‍ ഏറെ ബഹുമാനത്തോടും ആദരവോടും കൂടിയാണ് ഞങ്ങളോട് പെരുമാറിയിരുന്നത്. ചില ഗ്രാമങ്ങളില്‍ ചെല്ലുമ്പോള്‍ അവിടെ ഉള്ളവര്‍ ഞങ്ങളെ കണ്ട് പേടിച്ച് ഓടിയൊളിച്ചു. ഞങ്ങള്‍ സ്‌നേഹത്തോടെ അവരെ വിളിച്ച് അവരുടെ കുടിലുകളില്‍ കയറി, കുട്ടികള്‍ക്ക് മധുരം നല്കിയപ്പോള്‍ സ്ത്രീകളും കുട്ടികളും അടുത്തുവന്നു. ഓരോ വീടുകളിലും ചെന്ന് അവരോട് സംസാരിച്ചു. കുട്ടികളുമായി അടുത്തു. അവരെ കൊണ്ടുവന്ന് പഠിപ്പിച്ചു. സാവധാനം മാതാപിതാക്കള്‍ മക്കളെ സ്‌കൂളില്‍ വിടാന്‍ തുടങ്ങി. തെലുങ്കു മീഡിയം സ്‌കൂളില്‍ കുട്ടികള്‍ ധാരാളം വന്നു. ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ഓഫീസേഴ്‌സിന്റെ കുട്ടികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

കല്‍ക്കരി ഖനികളില്‍ ജോലി ചെയ്യുന്നവര്‍ക്ക് പണം ഉണ്ട്. എന്നാല്‍ അത് മുഴുവന്‍ അവര്‍ മദ്യപിച്ചു തീര്‍ക്കും. ജോലിയില്ലാത്തവര്‍ പാവങ്ങളാണ്. സ്ഥലം ഉണ്ടെങ്കിലും കൃഷി ചെയ്യാന്‍ അറിഞ്ഞുകൂടാത്തവര്‍. അവരുടെ കുടിലുകളില്‍ എന്നും പട്ടിണിയായിരിക്കും. മഴ മാത്രം ആശ്രയിച്ചാണ് അവരുടെ കൃഷി. ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസത്തില്‍ മഴ കിട്ടും. അപ്പോള്‍ മെയിസ്, ചോളം ഒക്കെ നടും. ചുക്കടി എന്നു പറയുന്ന ഒരുതരം പയറും. ഇതൊക്കെയായിരുന്നു അവരുടെ ഭക്ഷണം. ഒരുനേരംപോലും ചോറ് ഉണ്ണാനില്ലാത്തവര്‍ ഏറെയുണ്ടായിരുന്നു. ആദ്യകാലങ്ങളില്‍ അവിടെ സേവനം ചെയ്ത വൈദികര്‍ പ്രൊജക്റ്റ് എഴുതി ഗോതമ്പ്, എണ്ണ, പാല്‍പ്പൊടി മുതലായവ വരുത്തി നല്‍കി. കൂടാതെ കൃഷി ചെയ്യാനും പഠിപ്പിച്ചു. കാളകളെ വാങ്ങി നല്കി. കിണര്‍ കുഴിപ്പിച്ച് മോട്ടോര്‍ വയ്പ്പിച്ചു. മഴ കിട്ടിയില്ലെങ്കിലും കൃഷി ചെയ്യാന്‍ സാധിക്കും എന്ന് ബോധ്യപ്പെടുത്തി. പറഞ്ഞു കൊടുക്കുന്നതുപോലെ ഒക്കെ ചെയ്യാന്‍ അവരും തയാറായി. ഭാഷാപരിജ്ഞാന കുറവുനിമിത്തം വേണ്ടതുപോലെ വചനം പഠിപ്പിക്കാനും വിശ്വാസത്തില്‍ ഉറപ്പിക്കാനും സാധിച്ചിരുന്നില്ല. അതിനാല്‍ എല്ലാവരുംതന്നെ മാമോദീസ സ്വീകരിച്ചെങ്കിലും പ്രൊജക്റ്റ് തീര്‍ന്നപ്പോള്‍ പലരും വിശ്വാസം ഉപേക്ഷിച്ചുപോയി.

മന്ദമാരിക്ക് അടുത്തുള്ള ഒരു ഗ്രാമമാണ് ജണ്ടാവെങ്കട്ടപുരം. അവിടെയും ഫാ. മൈക്കിള്‍ ഊക്കന്‍ 140 ഓളം വീട്ടുകാര്‍ക്ക് മാമോദീസ നല്കി. ഭാഷയുടെ കുറവുകൊണ്ട് അവരെയും വിശ്വാസത്തില്‍ ഉറപ്പിക്കാന്‍ കഴിഞ്ഞില്ല. ആ സമയത്ത് ഞാന്‍ തെലുങ്കു പഠിച്ച് സ്‌കൂളില്‍ അധ്യാപികയായി ജോലി ആരംഭിച്ചിരുന്നു. എയ്ഡഡ് പോസ്റ്റ് ആയിരുന്നു. അങ്ങനെയിരിക്കെയാണ് വൈദികരുടെ ആവശ്യപ്രകാരം അന്നത്തെ പ്രൊവിന്‍ഷ്യല്‍ ഹാരോള്‍ഡമ്മ എന്നോട് ജോലി രാജിവച്ച് വില്ലേജില്‍ പോകാന്‍ ആവശ്യപ്പെടുന്നത്. ഞാന്‍ അവിടെ ചെല്ലുമ്പോള്‍ 140 വീട്ടുകാരും വിശ്വാസം നഷ്ടപ്പെട്ട നിലയിലായിരുന്നു. ഞങ്ങള്‍ വീടുകള്‍ കയറിയിറങ്ങി. പത്തു വീടുകളില്‍നിന്ന് പത്തുപേര്‍ പള്ളിയില്‍ വരാമെന്ന് സമ്മതിച്ചു. ആ സ്ഥലത്ത് വിദ്യാഭ്യാസമുള്ളവര്‍ ആരുംതന്നെ ഉണ്ടായിരുന്നില്ല. അതിനാല്‍ അവരെ വിളിക്കുന്നതിനായി വീടുകളില്‍ പോയി. കുട്ടികള്‍ വന്നുതുടങ്ങി. പഠനം ആരംഭിച്ചു. പക്ഷേ ഒരു ദിവസം വരുന്നവര്‍ പിന്നെ വരില്ല. അപ്പോള്‍ വീണ്ടും പോയി വിളിച്ചുകൊണ്ടു വരും. അങ്ങനെ 60-70 കുട്ടികള്‍ എത്തി. അവരെ എഴുത്തും വായനയും പഠിപ്പിക്കുന്നതോടൊപ്പം വേദപാഠം, കുര്‍ബാന, കൂദാശകള്‍ തുടങ്ങിയവയും പഠിപ്പിച്ചു. മാത്രമല്ല കളി, ഡാന്‍സ്, പാട്ട്, നാടകം എന്നിവ പഠിപ്പിച്ച് ക്രിസ്മസിനും പള്ളിപ്പെരുന്നാളിനും അവതരിപ്പിച്ചു. ബൈബിള്‍ സംഭവങ്ങള്‍ ആസ്പദമാക്കിയായിരുന്നു നാടകം പഠിപ്പിച്ചിരുന്നത്. ഇപ്പോള്‍ ജണ്ടാവെങ്കട്ടാപുരം വില്ലേജില്‍ വിശ്വാസത്തില്‍ വളര്‍ന്ന അറുപതോളം കത്തോലിക്കാ കുടുംബങ്ങളുണ്ട്. എവിടെയും നല്ല കൃഷിയും നല്ല വീടുകളും ഒക്കെ കാണാം. ആളുകള്‍ വിദ്യാഭ്യാസത്തിലും സംസ്‌കാരത്തിലും ഏറെ പുരോഗമിച്ചു. ഇതിന്റെ ഫലമായി ഛാന്ദാ രൂപത വിഭജിച്ച് അഡിലാബാദ് രൂപതയുണ്ടായി. അഡിലാബാദ് ഒരു ജില്ലയാണ്. ഈ ജില്ലാ നിവാസികള്‍ വിദ്യാഭ്യാസത്തിലും സംസ്‌കാരത്തിലും വളരെ പിന്നാക്കമായിരുന്നു. എങ്കിലും മിഷനറിമാരുടെ പരിശ്രമഫലമായി ഏറെ പുരോഗമിച്ചു.

ഞങ്ങള്‍ വരുമ്പോള്‍ ഇവിടെ രണ്ടു സ്ഥലത്ത് ഓരോ ചെറിയ പള്ളികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ ധാരാളം പള്ളികളും പള്ളിക്കൂടങ്ങളും ഡിസ്പന്‍സറികളും ആശുപത്രികളും സഭയുടേതായുണ്ട്. വികലാംഗര്‍ക്കും അനാഥര്‍ക്കും വൃദ്ധജനങ്ങള്‍ക്കും എയ്ഡ്‌സ് തുടങ്ങിയ മാരകരോഗികള്‍ക്കും ആശ്രയകേന്ദ്രങ്ങളും സ്ഥാപിക്കപ്പെട്ടു. സാമൂഹിക പ്രവര്‍ത്തനങ്ങള്‍ വഴി സ്ത്രീകളുടെയും കുട്ടികളുടെയും നിലവാരം ഉയര്‍ത്താനും സാധിച്ചിട്ടുണ്ട്. ഇവിടെനിന്നും വൈദികരും സിസ്റ്റേഴ്‌സും ഉണ്ടായിക്കൊണ്ടിരിക്കുന്നു. ''വിളവധികം വേലക്കാരോ ചുരുക്കം. അതിനാല്‍ തന്റെ വിളഭൂമിയിലേക്ക് വേലക്കാരെ അയക്കാന്‍ വിളവിന്റെ നാഥനോട് പ്രാര്‍ത്ഥിക്കുവിന്‍'' (മത്താ. 9:37-38). ഈ നാടിനെ സംബന്ധിച്ചിടത്തോളം ഈ വചനം തികച്ചും അര്‍ത്ഥവത്താണ്. വിളവ് ഇവിടെ ഏറെയുണ്ട്. വേലക്കാര്‍ ചുരുക്കം. വിളവിന്റെ നാഥനോട് നമുക്ക് പ്രാര്‍ത്ഥിക്കാം.

 

Login to post comments

Sunday Shalom

sunday-h1
The weekly newspaper in malayalam

Shalom Times

times-h1
Monthly Spiritual Malayalam Magazine

Shalom Tidings

tidings-h1
Bi monthly spritual magazine in english

Shalom Television

shalom-tv-h1
Gods own channel from Kerala

SIMS

sims
Shalom Institute of Media Science

Dedication to Mother Mary

mother-maryHail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.

Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen.

Mary, Mother of God, pray for all Shalom initiatives.