Tue05222012

Last Updated 22 May 2012:11:40:52 PM IST

RegisterRegister
sub-menu_07sub-menu_01sub-menu_02sub-menu_03sub-menu_04sub-menu_05sub-menu_06



Font Size

Member's Area
Monday, 30 January 2012 15:51

'യേശുവിന്റെ ഗ്രാമം' നല്കിയ പാഠങ്ങള്‍ Featured

Written by  സിസ്റ്റര്‍ ലില്ലി ഗ്രെയ്‌സ് CMC
Rate this item
(0 votes)

 ഭൂവുടമകളുടെ നിയന്ത്രണത്തില്‍ ജീവിക്കുന്നവര്‍... അയിത്തവും ജാതി വ്യവസ്ഥയും നിലനില്ക്കുന്ന, അന്ധവിശ്വാസത്തിനും മന്ത്രവാദത്തിനും അടിപ്പെട്ട ജനം... പഞ്ചഭൂതങ്ങളെ ആരാധിക്കുന്ന നിരക്ഷരര്‍... ആവശ്യത്തിന് മരുന്നോ ചികിത്സാ സൗകര്യങ്ങളോ ഇല്ല. മലേറിയയും റ്റി.ബിയും ചിലസ്ഥലങ്ങളില്‍ കുഷ്ഠരോഗികളുമുണ്ട്. പറഞ്ഞു കേട്ടിരുന്നതിനെക്കാള്‍, ഈ നിസഹായാവസ്ഥ നേരില്‍ കണ്ടപ്പോള്‍ എന്റെ ഹൃദയം നുറുങ്ങി.


സീറോ മലബാര്‍ സഭ മിഷന്‍ ജൂബിലി വര്‍ഷമായി ആചരിക്കുന്ന സമയമാണല്ലോ ഇത്. നോര്‍ത്ത് ഇന്ത്യയില്‍ സഭ മിഷന്‍ പ്രവര്‍ത്തനങ്ങളാരംഭിച്ചിട്ട് അമ്പതു വര്‍ഷം പൂര്‍ത്തിയാകുന്നു. 1962ലാണ് സി.എം.ഐ സന്യാസസമൂഹത്തി ന്റെ നേതൃത്വത്തില്‍ ഛാന്ദായില്‍ മിഷന്‍ പ്രവര്‍ ത്തനംആരംഭിക്കുന്നത്. ബിഷപ് ഡോ. ജാനുവാരിയൂസ് പാലത്തുരുത്തി സി.എം.ഐ ആയിരുന്നു ഇതിന് ചുക്കാന്‍ പിടിച്ചത്. ഛാന്ദാ മിഷനിലെ ആദ്യ സന്യാസിനീ സമൂഹം സി.എം.സി ആണ്.

1962 മെയ് മാസത്തില്‍ ബിഷപ് ഡോ. ജാനുവാരിയൂസ് തൃശൂര്‍ നിര്‍മലാ പ്രോവിന്‍സ് സന്ദര്‍ ശിച്ചു. ഛാന്ദാ മിഷനില്‍ സേവനത്തിന് സന്യാസിനികളെ വിട്ടുതരണമെന്ന് മദര്‍ ജനറാളായിരുന്ന മാര്‍ഗരറ്റ് മേരിയോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ദൈവവേലയ്ക്കായി തന്റെ മക്കളെ വിട്ടുകൊടുക്കാന്‍ ഒരു മടിയും കൂടാതെ മദര്‍ സമ്മതിച്ചു. ആന്ധ്രപ്രദേശിലെ കാഗസ്‌നഗറില്‍ ചെറിയ ഒരു ഡിസ്‌പെന്‍സറിയും ഇംഗ്ലീഷ് മീഡിയം സ്‌കൂളും തുടങ്ങി ഞങ്ങളുടെ ശുശ്രൂഷ അവിടെ ആരംഭിച്ചു.

സാധാരണക്കാരായ ജനങ്ങളിലേക്ക് കൂടുതല്‍ ഇറങ്ങിച്ചെല്ലാനും അവരുടെ ജീവിതസാഹചര്യങ്ങളുമായി ഇഴുകിച്ചേര്‍ന്ന്, അവരിലൊരാളായി, അവരെ ക്രിസ്തുവിനുവേണ്ടി നേടാനും ഉതകുന്ന രീതിയില്‍ വ്യത്യസ്തമായ ഒരു മിഷന്‍ പ്രവര്‍ത്തനം ആരംഭിക്കണമെന്ന് ഛാന്ദാമിഷനില്‍ ഉണ്ടായിരുന്ന സന്യാസിനികള്‍ക്ക് അഭിപ്രായമുണ്ടായി. അങ്ങനെ 1974 സെപ്റ്റംബര്‍ 30 ന് ബത്ത്‌വാന്‍പള്ളിയില്‍ 'പ്രേം ധാം' കോണ്‍വെന്റ് ആരംഭിച്ചു. സിസ്റ്റര്‍ ലിയ, സിസ്റ്റര്‍ ബോണിറ്റ, സിസ്റ്റര്‍ ഫ്രിദിയ, സിസ്റ്റര്‍ ഐവ്‌സ് എന്നിവരായിരുന്നു ആദ്യകാല അംഗങ്ങള്‍. സിസ്റ്റര്‍ ലിയയും സിസ്റ്റര്‍ ബോണിറ്റയും നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. മിഷ ന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ വളക്കൂറുള്ള മണ്ണായിരുന്നു ആന്ധ്രയിലേത്. അതുകൊണ്ടുതന്നെ, കിട്ടിയ അവസരങ്ങളെല്ലാം പ്രയോജനപ്പെടുത്തി, അടുത്തുള്ള ഗ്രാമങ്ങളിലേ ക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചു. ബത്ത്‌വാന്‍പള്ളിയില്‍ ക്രൈസ്തവ സമൂഹങ്ങള്‍ രൂപംകൊണ്ടു.

റാള്ളംമേട്ടുപ്പള്ളി ആയിരുന്നു അടുത്ത പ്രവര്‍ ത്തന മേഖല. ബത്ത്‌വാന്‍ പള്ളിയില്‍നിന്ന് 35 കിലോമീറ്റര്‍ ഉള്ളിലായിരുന്നു ഈ സ്ഥലം. മിഷന്‍ കൗണ്‍സിലറായിരുന്ന സിസ്റ്റര്‍ ലിയ, ഈ പ്രദേശത്തേയ്ക്ക് സിസ്റ്റര്‍ ഫ്രിദിയയൊടൊപ്പം പോകാ ന്‍ ഒരാളെ അന്വേഷിക്കുകയായിരുന്നു. ദൈവകൃപയാലെന്നവണ്ണം സിസ്റ്റര്‍ ലിയ എന്നോട് ഇക്കാ ര്യം ചോദിച്ചു. ഏറെ നാളത്തെ പ്രാര്‍ത്ഥനയും ആഗ്രഹവും ഞാന്‍ സിസ്റ്ററോട് പറഞ്ഞു. കര്‍ത്താ വ് എനിക്ക് പുതിയ വഴികള്‍ തുറന്നുതരികയായിരുന്നു. ഇരിങ്ങാലക്കുടയിലെ ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍വെന്റിലെ ജീവിതം വളരെ സന്തോഷം നിറഞ്ഞതായിരുന്നെങ്കിലും കര്‍ത്താവിനുവേണ്ടി കൂടുതലായി എന്തെങ്കിലും ചെയ്യണമെന്ന് എന്റെ ഉള്ളില്‍ ആഗ്രഹമുണ്ടായിരുന്നു. അങ്ങനെ 1983 ആഗസ്റ്റ് 28ന് ഞാന്‍ കേരളത്തില്‍ നിന്ന് യാത്രയായി. റാള്ളംമേട്ടുപ്പള്ളി ആയിരുന്നു ലക്ഷ്യമെങ്കിലും കനത്ത മഴമൂലം ഞങ്ങള്‍ക്ക് അവിടെ എ ത്തിച്ചേരാന്‍ കഴിഞ്ഞില്ല. കാളവണ്ടിയായിരുന്നു യാത്രാ മാര്‍ഗം. അല്ലെങ്കില്‍ നടക്കണം. മൂന്നു നദികള്‍ കടന്നുവേണം സ്ഥലത്തെത്താന്‍. അതുകൊണ്ടുതന്നെ മഴക്കാലമായാല്‍ റാള്ളംമേട്ടുപ്പ ള്ളി മറ്റു സ്ഥലങ്ങളില്‍നിന്നെല്ലാം ഒറ്റപ്പെടും. ഏകദേശം ഒന്നരമാസത്തോളം ബത്ത്‌വാന്‍പള്ളിയില്‍ താമസിച്ചതിനുശേഷമാണ് ഞങ്ങള്‍ക്ക് റാള്ളംമേട്ടുപ്പള്ളിയിലേ ക്ക് പോകാന്‍ കഴിഞ്ഞത്.
ഒക്‌ടോബറില്‍, സുപ്പീരിയര്‍ സിസ്റ്റര്‍ ഫ്രിദിയയോടൊപ്പം ഞങ്ങള്‍ നാലു സിസ്റ്റേഴ്‌സും ഒരു വൈദികനും റാള്ളംമേട്ടുപ്പള്ളിയില്‍ പുതിയ കോ ണ്‍വെന്റ് ആരംഭിക്കാനുള്ള അത്യാവശ്യ സാധനങ്ങളുമായി കാളവണ്ടിയില്‍ യാത്രയായി. അങ്ങനെ 'ശാന്തി ധാം' എന്ന പേരില്‍ 'പ്രേം ധാ' മിന്റെ സഹോദര സ്ഥാപനം രൂപംകൊണ്ടു.

വ്യത്യസ്തമായ സ്ഥലം. ദൈവത്തില്‍ ആശ്രയിച്ച് സിസ്റ്റര്‍ ഫ്രിദിയയും ഞാനും ഭവന സന്ദര്‍ശനത്തിനിറങ്ങി. എനിക്ക് ഒന്നും തന്നെ അറിയില്ല. വെറുതെ സിസ്റ്ററിന്റെ കൂടെ നടക്കും. പക്ഷേ, ആ യാത്രകളില്‍നിന്നും വളരെയേറെ കാര്യങ്ങള്‍ ഞാന്‍ പഠിച്ചു. അടിസ്ഥാന ജീവിത സൗകര്യങ്ങള്‍പോലുമില്ലാത്ത ജനങ്ങള്‍-ആവശ്യത്തിന് ഭക്ഷണമോ, വസ്ത്രമോ, പാര്‍പ്പിടമോ ഇല്ല. വലിയ ഭൂവുടമകളുടെ നിയന്ത്രണത്തില്‍ ജീവിക്കുന്നവര്‍... അയിത്തവും ജാതി വ്യവസ്ഥയും നിലനില്ക്കുന്ന, അന്ധവിശ്വാസത്തിനും മന്ത്രവാദത്തിനും അടിപ്പെട്ട ജനം... ബാലവിവാഹം സാധാരണം... പഞ്ചഭൂതങ്ങളെ ആരാധിക്കുന്ന നിരക്ഷരര്‍, ആവശ്യത്തിന് മരുന്നോ ചികിത്സാ സൗകര്യങ്ങളോ ഇല്ല. മലേറിയയും ക്ഷയവും ചിലസ്ഥലങ്ങളില്‍ കുഷ്ഠരോഗികളുമുണ്ട്. മഴക്കാലങ്ങളില്‍ കോളറ മൂലം മരിക്കുന്നവര്‍ ധാരാളം. ഏക്കറുകളോളം നീണ്ടുകിടക്കുന്ന തരിശായ നിലം. പറഞ്ഞു കേട്ടിരുന്നതിനെക്കാള്‍, ഈ നിസഹായാവസ്ഥ നേരില്‍ കണ്ടപ്പോള്‍ എന്റെ ഹൃദയം നുറുങ്ങി. 'ഇടയനില്ലാത്ത ആടുകള്‍' എന്ന വാക്യത്തിന്റെ അര്‍ത്ഥം ശരിക്കും ദ്യോതിപ്പിക്കുന്ന അവസ്ഥ. ഹൃദയത്തില്‍ മുഴങ്ങു ന്ന ദൈവസ്വരം ഞാന്‍ തിരിച്ചറിഞ്ഞു. ഏശയ്യായോടു ചോദിച്ച അതേ സ്വരം: ആരെയാണ് ഞാന്‍ അയയ്ക്കുക, ആരാണ് എനിക്കുവേണ്ടി പോവുക? 'ഇതാ ഞാന്‍, എന്നെ അയച്ചാലും....' എന്റെ അധരങ്ങള്‍ മന്ത്രിച്ചു. കാരണം, ഇതാണ് എന്റെ കര്‍മഭൂമിയെന്ന്, ഇവിടെയുള്ള 'ദരിദ്രരെയാണ് സുവിശേഷം അറിയിക്കേണ്ടതെന്ന്' (ലൂക്കാ 4:18) ഞാന്‍ ഉറപ്പിച്ചു കഴിഞ്ഞിരുന്നു.

ആസ്ബറ്റോസ് ഷീറ്റ് കൊണ്ടു മറച്ച മൂന്നു മുറികളാണ് ഞങ്ങളുടെ ഭവനത്തിനുണ്ടായിരുന്നത്. നടുവിലത്തെ മുറി ചാപ്പലായും മറ്റൊരു മുറി കിടപ്പുമുറിയായും ഉപയോഗിച്ചു. മൂന്നാമത്തെ മുറി ഡിസ്‌പെ ന്‍സറിയാക്കി. ഞങ്ങള്‍ക്കുള്ളവ കുറച്ച് മാത്രം ഉപയോഗിക്കാനും കൂടുതല്‍ പങ്കുവെയ്ക്കാനും ഞങ്ങള്‍ പഠിച്ചു. ആഹാരത്തിന് ചോറും ചപ്പാത്തിയും ഉണ്ടാവും. പഴങ്ങളും പച്ചക്കറികളും വളരെ അപൂര്‍വമായിട്ടേ ഉണ്ടായിരുന്നുള്ളൂ. അവിടുത്തെ ഭക്ഷണരീതികളോട് പൊരുത്തപ്പെടാന്‍ ഞാന്‍ ശീലിച്ചു. വൈദ്യുതിയില്ല, ആവശ്യത്തിന് റോഡുകളോ യാത്രാ സൗകര്യങ്ങളോ ഇല്ല. ടെലഫോണ്‍, പോസ്റ്റ് ഓഫീസ് തുടങ്ങിയ മാധ്യമങ്ങളൊന്നുമില്ല. കനത്ത മഴയത്തും പൊരിവെയിലത്തും എത്രയോ കിലോമീറ്ററുകള്‍ നഗ്നപാദരായി നടക്കേണ്ടിവന്നപ്പോഴും ക്ഷീണം തോന്നിയില്ല. കാരണം, 'നിന്റെ വഴികളില്‍ നിന്നെ കാത്തുപാലിക്കാന്‍ അവിടുന്ന് തന്റെ ദൂതന്മാരോട് കല്പിക്കും' (സങ്കീ. 91:11) എന്ന വചനം എനിക്ക് എല്ലായ്‌പോഴും ശക്തി പകര്‍ന്നു. സിസ്റ്റര്‍ ഫ്രിദിയ ജന്മനാതന്നെ ഒരു മിഷനറിയായിരുന്നു. ആത്മാക്കള്‍ക്കുവേണ്ടിയുള്ള ദാഹത്താല്‍ ജ്വലിച്ചിക്കുകയായിരുന്നു സിസ്റ്റര്‍. എന്താണ് ചെയ്യേണ്ടതെന്ന് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്ന സിസ്റ്റര്‍ ഫ്രിദിയയുടെ, ദൈവികപ്രചോദനങ്ങളോടു സഹകരിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ആ പ്രദേശത്ത് വ്യത്യസ്തമായ രീതിയില്‍ മിഷന്‍വേല ചെയ്യുവാന്‍ ഞങ്ങള്‍ക്ക് സഹായകമായി.

ദൈവത്തെ അംഗീകരിക്കുകയും സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തെ മൂന്നുവര്‍ഷത്തിനുള്ളില്‍ ദൈവം അവിടെ രൂപപ്പെടുത്തി. 'യേശുവിന്റെ ഗ്രാമം' എന്നാണ് ഞങ്ങളുടെ വില്ലേജ് അറിയപ്പെട്ടിരുന്നത്. മതപഠനക്ലാസുകള്‍ മുടങ്ങാതെ നടന്നു. കൂദാശകള്‍ക്കും കുടുംബ പ്രാര്‍ത്ഥനയ്ക്കും അവരെ ഒരുക്കി. ദിവസവും വൈകുന്നേരങ്ങളില്‍ ഗ്രാമവാസികളോടൊപ്പമിരുന്ന് ഞങ്ങള്‍ ജപമാല ചൊ ല്ലി. സാധാരണക്കാരും ഉദാരമതികളുമായ അവര്‍ ക്കിടയില്‍ യാതൊരു ഔപചാരികത്വവുമില്ലായിരുന്നു. യഥാര്‍ത്ഥത്തില്‍ ആദിമ ക്രൈസ്തവസമൂഹത്തിന്റെ ചൈതന്യം ഞങ്ങള്‍ അനുഭവിച്ചറിയുകയായിരുന്നു അവരിലൂടെ. അതോടൊപ്പം അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും ജീവിതനിലവാരം ഉയര്‍ത്തുന്നതിനും ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുകയെന്ന ഉത്തരവാദിത്വവും ഞങ്ങള്‍ക്കുണ്ടായിരുന്നു. ''എന്നെ പ്രതി യും സുവിശേഷത്തെപ്രതിയും ഭവനത്തെയോ സഹോദരന്മാരെയോ സഹോദരിമാരെയോ മാതാവിനെയോ പിതാവിനെയോ മക്കളെയോ വയലുകളെയോ ത്യജിക്കുന്നവരിലാര്‍ക്കും ഇവിടെവച്ചുതന്നെ നൂറിരട്ടി ലഭിക്കാതിരിക്കുകയില്ല'' (മര്‍ക്കോസ് 10:29) എന്ന വചനം അന്വര്‍ത്ഥമാകുംവിധം ഇവയെല്ലാം ഞങ്ങളുടെ ജീവിതത്തില്‍ കൂട്ടിച്ചേര്‍ക്കപ്പെടുകയായിരുന്നു.

ബിഷപ് ഡോ. ജാനുവാരിയൂസിന്റെ നിര്‍ദ്ദേശവും പ്രോത്സാഹനവും വഴി വിവിധങ്ങളായ ശുശ്രൂഷആരംഭിക്കുവാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞു. ഡിസ് പെന്‍സറികള്‍, തദ്ദേശഭാഷാ സ്‌കൂള്‍, കുട്ടികള്‍ക്കുവേണ്ടി അവധിക്കാല പ്രോഗ്രാമുകള്‍, നോമ്പുകാലത്തോടനുബന്ധിച്ചുള്ള വാര്‍ഷിക ധ്യാനങ്ങള്‍, കുട്ടികള്‍ക്കുള്ള ഹോസ്റ്റല്‍, മുതിര്‍ന്നവര്‍ക്കുള്ള സാക്ഷരതാ പരിപാടികള്‍, ഭവനനിര്‍മാണം, പ്രാഥമികാരോഗ്യ പ്രവര്‍ത്തനങ്ങള്‍, ആരോഗ്യപ്രവര്‍ത്തനങ്ങള്‍ക്കുള്ള പരിശീലനം, റോഡ്, വൈദ്യുതി, കൃഷി, മരുന്നുകള്‍ തുടങ്ങിയവ സര്‍ക്കാര്‍ സഹായത്തോടെ ലഭ്യമാക്കുകയും നടപ്പിലാക്കുകയും ചെയ്യുക, സര്‍ക്കാര്‍ ആവശ്യപ്പെടുന്നതനുസരിച്ച് ആദിവാസി റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ ആരംഭിക്കുക തുടങ്ങിയവയെല്ലാം ഞങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ പെടുന്നു. കൂടാതെ, ജാതിവ്യവസ്ഥയില്‍നിന്നും അയിത്താചാരങ്ങളില്‍നിന്നും ഭൂവുടമകളുടെ ചൂഷണത്തില്‍നിന്നും ജനങ്ങളെ മോചിപ്പിക്കുക, ബാലവിവാഹം നിര്‍ത്തലാക്കുക തുടങ്ങിയവയും ഞങ്ങള്‍ ചെയ്യുന്നുണ്ട്. മഴക്കാലങ്ങളില്‍ വ്യാപകമാകുന്ന പകര്‍ച്ചവ്യാധിക്കെതിരെ ജാഗരൂകരായിരിക്കാനും വേണ്ട മുന്‍കരുതലുകളെടുക്കാനും ജനങ്ങളെ ബോധവാന്മാരാക്കുന്നു.

പിന്തിരിഞ്ഞുനോക്കുമ്പോള്‍ കടന്നുവന്ന വഴികള്‍ അത്ര സുഗമമായിരുന്നില്ല. ഓരോ ദിവസവും ഓരോരോ പ്രശ്‌നങ്ങളും പ്രതിസന്ധികളും. ജീവിതത്തിന് കൃത്യമായ ചിട്ടയോ ക്രമമോ ഉണ്ടായിരുന്നില്ല; അതുതന്നെയായിരുന്നു അതിന്റെ സൗന്ദര്യവും. അനിശ്ചിതത്വത്തിന്റെ നാളുകള്‍... രാഷ്ട്രീ യ നേതാക്കന്മാരില്‍നിന്നുള്ള ഭീഷണികള്‍... നക്‌സലുകളില്‍നിന്നുള്ള ഭീഷണിയും അക്രമങ്ങളും... ഹിന്ദുമത തീവ്രവാദികളില്‍നിന്നുള്ള എതിര്‍ പ്പ്... കള്ളന്മാരുടെ ശല്യം... വര്‍ഷകാലത്തും അല്ലാതെയും നദി കടന്ന് യാത്രചെയ്യുമ്പോഴുള്ള ബുദ്ധിമുട്ട്... ഇവിടെയെല്ലാം ദൈവത്തിന്റെ വലിയ സംരക്ഷണം ഞങ്ങള്‍ തിരിച്ചറിഞ്ഞു. വലിയ കാര്യങ്ങളൊന്നും ചെയ്തുവെന്ന് ഞാന്‍ അവകാശപ്പെടുന്നില്ല. എങ്കിലും, മിഷനറികളുടെ മധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെ മിഷന്‍ തീക്ഷ്ണതയോട് ഒരു മിഷനറി എ ന്ന നിലയില്‍ ചേര്‍ന്നുനില്ക്കാന്‍ സാധിച്ചു. എ ന്റെ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ പിള്ളത്തൊട്ടിലാ യ 'ശാന്തി ധാ'മും ഛാന്ദാമിഷനിലെ അനുഭവങ്ങളും ഇപ്പോഴും മനസില്‍ നിറഞ്ഞ് നില്ക്കുന്നു.

റാള്ളംമേട്ടുപ്പള്ളി ഇന്ന് ഒരു മോഡല്‍ വില്ലേജാ ണ്. അവിടെ ഒരു ഇടവക രൂപംകൊണ്ടു. മറ്റു ഗ്രാമങ്ങളെ അപേക്ഷിച്ച് ഇത് ഒരു 'ഗ്രീന്‍ വില്ലേജ്, ക്ലീന്‍ വില്ലേജ്' ആയി മാറി. നിരക്ഷരതയുടെയും ചൂഷണത്തിന്റെയും അടിമത്വത്തിന്റെയും തടങ്കലില്‍നിന്ന് ജനങ്ങള്‍ മോചിതരായി. ഗ്രാമവാസികളില്‍ ചിലര്‍ ഉന്നതവിദ്യാഭ്യാസം നേടി സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നോക്കുന്നു. ക്രൈസ്തവ കുടുംബങ്ങളില്‍നിന്ന് തദ്ദേശീയമായ ദൈവവിളിയും ഉണ്ടായിക്കൊണ്ടിരിക്കുന്നു.

''അങ്ങാണ് അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്ന ദൈവം; ജനതകളുടെയിടയില്‍ ശക്തി വെളിപ്പെടുത്തിയതും അങ്ങുതന്നെ'' (സങ്കീ. 77:14). അതെ, ദൈവമാണ് അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചത്. ഞങ്ങ ള്‍ വെറും ഉപകരണങ്ങള്‍ മാത്രം. അവിടുത്തോടു ചേര്‍ന്നുനിന്ന് പ്രവര്‍ത്തിക്കാന്‍ കൃപ നല്കിയ നല്ല ദൈവത്തിന് എത്ര നന്ദിപറഞ്ഞാലും മതിയാവില്ല.

Login to post comments

Sunday Shalom

sunday-h1
The weekly newspaper in malayalam

Shalom Times

times-h1
Monthly Spiritual Malayalam Magazine

Shalom Tidings

tidings-h1
Bi monthly spritual magazine in english

Shalom Television

shalom-tv-h1
Gods own channel from Kerala

SIMS

sims
Shalom Institute of Media Science

Dedication to Mother Mary

mother-maryHail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.

Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen.

Mary, Mother of God, pray for all Shalom initiatives.