സമ്പര്‍ക്കം സ്ഥാപിക്കലാണല്ലോ സുവിശേഷവല്‍ക്കരണത്തിന്റെ ആദ്യപടി. മിഷനറിമാരെപ്പറ്റിയും സഭയെപ്പറ്റിയും ഒട്ടേറെ സംശയങ്ങളും തെറ്റിദ്ധാരണകളും ഉത്തരേന്ത്യയിലെ ജനഹൃദയങ്ങളില്‍ നിലനില്‍ക്കുന്നുണ്ട്. അവയെല്ലാം നിര്‍മാര്‍ജനം ചെയ്യുവാന്‍ സന്ദര്‍ശന പരിപാടികള്‍ വളരെയധികം സഹായിക്കും. ബന്ധങ്ങള്‍ ഈവിധം വളര്‍ന്നു കഴിയുമ്പോള്‍ നമ്മള്‍ സുഹൃത്തുക്കളോ പരിചയക്കാരോ അല്ല, അവരുടെ കുടുംബാംഗങ്ങളായി മാറുകയാണ്.
ബിജ്‌നോര്‍ രൂപതയുടെ ആരംഭകാലം മുതല്‍ തന്നെ മിഷനറിമാര്‍ ഗ്രാമസന്ദര്‍ശനത്തിനും ഭവന സന്ദര്‍ശനത്തിനും ഒട്ടേറെ പ്രാധാന്യം നല്‍കിയിരുന്നു. സന്ദര്‍ശന പരിപാടികളിലൂടെ ഒട്ടേറെ വ്യക്തികളും കുടുംബങ്ങളും ഗ്രാമങ്ങളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുവാന്‍ സാധിച്ചിട്ടുണ്ട്. സമ്പര്‍ക്കം സ്ഥാപിക്കലാണല്ലോ സുവിശേഷവല്‍ക്കരണത്തിന്റെ ആദ്യപടി. മിഷനറിമാരെപ്പറ്റിയും സഭയെപ്പറ്റിയും ഒട്ടേറെ സംശയങ്ങളും തെറ്റിദ്ധാരണകളും ഉത്തരേന്ത്യയിലെ ജനഹൃദയങ്ങളില്‍ നിലനില്‍ക്കുന്നുണ്ട്. അവയെല്ലാം നിര്‍മാര്‍ജനം ചെയ്യുവാന്‍ സന്ദര്‍ശന പരിപാടികള്‍ വളരെയധികം സഹായിക്കും.
യേശുവിന്റെ നാമത്തില്‍ ഞാന്‍ ഒരു കുടുംബം ആദ്യമായി സന്ദര്‍ശിക്കുമ്പോള്‍ ആ കുടുംബാംഗങ്ങളുമായി പരിചയത്തിലാകുന്നു. തുടര്‍ന്നുള്ള സന്ദര്‍ശനങ്ങളിലൂടെ പരിചയം അടുപ്പമായും ബന്ധമായും വളരുന്നു. ഈ ഘട്ടത്തില്‍ കുടുംബാംഗങ്ങള്‍ അവരുടെ ബുദ്ധിമുട്ടുകളും പ്രശ്‌നങ്ങളും പങ്കുവയ്‌ക്കാന്‍ തയാറാകും. അവരുടെ വിശ്വാസമാര്‍ജിക്കുവാന്‍ സാധിച്ചാല്‍ ഇതുവരെ ആരോടും പറയുവാന്‍ തുനിയാത്ത വ്യക്തിപരമായ പ്രശ്‌നങ്ങളും ഹൃദയരഹസ്യങ്ങളും അനേകവര്‍ഷങ്ങളായി സഹിച്ചുവരുന്ന ദുഃഖങ്ങളും നമ്മുടെ മുമ്പില്‍ തുറന്നുവയ്‌ക്കുവാന്‍ അവര്‍ സന്നദ്ധരാകും. ബന്ധങ്ങള്‍ ഈവിധം വളര്‍ന്നു കഴിയുമ്പോള്‍ നമ്മള്‍ സുഹൃത്തുക്കളോ പരിചയക്കാരോ അല്ല. പിന്നെയോ അവരുടെ കുടുംബാംഗങ്ങളായി മാറുകയാണ് ചെയ്യുന്നത്. നാം പങ്കുവയ്‌ക്കുവാനാഗ്രഹിക്കുന്ന സുവിശേഷരഹസ്യം ശ്രവിക്കുവാന്‍ അപ്പോള്‍ അവര്‍ സന്നദ്ധരാകും. എന്റെ പ്രേഷിതജീവിതത്തിന്റെ ആരംഭം മുതല്‍ ഞാന്‍ ഭവനസന്ദര്‍ശനത്തിന് വളരെ പ്രാധാന്യം നല്‍കിയിരുന്നു. ഇതിനു പ്രേരിപ്പിച്ച ഒരു സംഭവം ഇതാണ്.
ഇതുമായി ബന്ധപ്പെട്ട വ്യക്തിയുടെയോ സ്ഥലത്തിന്റെയോ പേര് പരാമര്‍ശിക്കുവാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ഞാന്‍ ജോലി ചെയ്‌തിരുന്ന പ്രേഷിതകേന്ദ്രത്തിന് അടുത്തായി എന്നെ പഠിപ്പിച്ച ഒരു കോളജ് പ്രഫസര്‍ താമസിക്കുന്നുണ്ടായിരുന്നു. അദ്ദേഹം ഉത്തരപ്രദേശത്തുകാരനായ ഒരു ബ്രാഹ്മണനായിരുന്നു. വളരെ മാന്യനും സൗമ്യനും സഹൃദയനുമായിരുന്ന അദ്ദേഹത്തെ എല്ലാവരും സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്‌തു. ജോലിയില്‍നിന്നും വിരമിച്ച അദ്ദേഹം ഒരു വാടകമുറിയിലാണ് താമസിച്ചിരുന്നത്. ഏതാനും വര്‍ഷങ്ങള്‍മുമ്പ് ഭാര്യ ഇഹലോകവാസം വെടിഞ്ഞു. ഏകപുത്രന്‍ വിദേശത്ത് ജോലി ചെയ്യുകയായിരുന്നു. മകള്‍ വിവാഹിതയായി ഭര്‍ത്തൃഗൃഹത്തിലും. രോഗിയും വയോധികനുമായ പ്രഫസറിന് ജീവിതം ഏകാന്തതയില്‍ കഴിച്ചുകൂട്ടേണ്ടിവന്നു. ഞാന്‍ കൂടെക്കൂടെ ഈ ഏകാന്തവാസിയെ സന്ദര്‍ശിച്ചു. അദ്ദേഹം പല വിധത്തിലും ദുഃഖിതനായിരുന്നു. ജോലിയില്‍നിന്നും വിരമിച്ച അദ്ദേഹത്തിന് പല മാസങ്ങള്‍ കഴിഞ്ഞിട്ടും സര്‍ക്കാര്‍ പെന്‍ഷന്‍ നല്‍കിയില്ല. വിദേശത്തു ജോലി ചെയ്യുന്ന മകന്‍ സ്വന്തം പിതാവിനെ ഏതാണ്ടു മറന്നു കളഞ്ഞ സ്ഥിതിയിലും എത്തിയിരുന്നു. യാതൊരു വരുമാനമാര്‍ഗവുമില്ലാതെ മരുന്നും ഭക്ഷണസാധനങ്ങളുമൊന്നും വാങ്ങുവാന്‍ പണമില്ലാതെ അദ്ദേഹം കഷ്‌ടപ്പെടുകയായിരുന്നു. ഞാന്‍ സന്ദര്‍ശനം നടത്തിയ അവസരങ്ങളില്‍ ഈ ദീനകഥകള്‍ അദ്ദേഹം എന്നോടു പങ്കുവച്ചിരുന്നു. വളരെ വിഷാദമൂകനായിട്ടാണ് അദ്ദേഹം കാണപ്പെട്ടിരുന്നത്. അദ്ദേഹത്തെ സഹായിക്കുവാനുള്ള മാര്‍ഗങ്ങള്‍ തേടിയിട്ടും ഒന്നും സാധ്യമായില്ല.
ഒരു ദിവസം ഞാന്‍ എന്റെ ഈ പ്രഫസറെ കണ്ടപ്പോള്‍ അദ്ദേഹം പതിവിലധികം വിവശനായി കാണപ്പെട്ടു. എന്നെ കണ്ടപ്പോഴെ അദ്ദേഹം പറഞ്ഞു. ``ഞാന്‍ ഫാദറിന്റെ വരവു കാത്തിരിക്കുകയായിരുന്നു. ഇന്ന് വളരെ വലിയ ഹൃദയഭാരം ഞാന്‍ അനുഭവിക്കുകയാണ്. ഇനി പറയുന്ന കാര്യങ്ങള്‍ ആരോടും പറയരുത്. നിങ്ങള്‍ വൈദികര്‍ കുമ്പസാരരഹസ്യം സൂക്ഷിക്കുന്നതുപോലെ സൂക്ഷിക്കണം. ഇന്നലെ രാത്രിയില്‍ ഞാന്‍ എന്റെ അവസ്ഥയെപ്പറ്റി ചിന്തിച്ച് വലിയ മനക്ലേശത്തിലായി. ജീവിതത്തില്‍ എന്റെ പ്രിയപ്പെട്ടവരെല്ലാം നഷ്‌ടമായി ഞാന്‍ ആര്‍ക്കും വേണ്ടാത്തവനെപ്പോലെയായി. നിരാശാബോധം നിറഞ്ഞ ഞാന്‍ മരിക്കുകയാണ് നല്ലതെന്ന് ചിന്തിച്ചുപോയി. രാത്രി രണ്ടുമണിയോടുകൂടി ഇതിലെ കടന്നുപോകുന്ന ട്രെയിനിന്റെ മുമ്പില്‍ തലവച്ച് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചുകൊണ്ട് മുറിക്ക് പുറത്തിറങ്ങി.
റെയില്‍വേ പാളം ലക്ഷ്യമാക്കി നടക്കുവാന്‍ തുടങ്ങി. എന്റെ കെട്ടിട ഉടമയുടെ വലിയ പട്ടി എവിടെനിന്നോ ഓടിയെത്തി. ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. പക്ഷേ ആ സൗഹൃദമൊന്നും പ്രകടിപ്പിക്കാതെ എന്റെ വഴി മുടക്കിക്കൊണ്ട് മുമ്പില്‍ അവന്‍ നില്‍പ്പായി. മുമ്പോട്ട് ഒരു പാദം വയ്‌ക്കുവാന്‍ അവന്‍ സമ്മതിച്ചില്ല. വഴിയില്‍നിന്നു മാറുവാന്‍ ഞാന്‍ ആജ്ഞാപിച്ചു.പക്ഷേ അവന്‍ കൂട്ടാക്കാന്‍ തയാറായില്ല. മുന്നോട്ടു നീങ്ങിയാല്‍ ആക്രമിക്കുമെന്ന രീതിയിലായി അവന്റെ പെരുമാറ്റം. ഞാന്‍ എന്റെ മുറിയിലേക്ക് പിന്‍വാങ്ങി. ആ വഴിമുടക്കി വന്നില്ലായിരുന്നുവെങ്കില്‍ ഞാന്‍ ആത്മഹത്യയ്‌ക്കു മുതിരുമായിരുന്നു.
``ഫാദര്‍, എത്രയോ വലിയ തെറ്റിനാണ് ഞാന്‍ മുതിര്‍ന്നത്. ദൈവമാണ് ആ പട്ടിയെ അയച്ച് എന്നെ തെറ്റില്‍നിന്നും പിന്തിരിപ്പിച്ചത്. ഇന്ന് എന്റെ ഹൃദയം കുറ്റബോധംകൊണ്ടും ലജ്ജാഭാരംകൊണ്ടും നിറഞ്ഞിരിക്കുകയാണ്. എന്റെ ഹൃദയഭാരം ഫാദറിന്റെ മുമ്പില്‍ ഇറക്കിവയ്‌ക്കുകയാണ്. ഇത്രയും തുറന്നു പറഞ്ഞപ്പോള്‍ എനിക്കു വലിയ ആശ്വാസം തോന്നുന്നു.
ഫാദര്‍ എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുക.'' പാപങ്ങള്‍ ക്ഷമിക്കുന്ന കര്‍ത്താവിന്റെ സ്‌നേഹത്തെപ്പറ്റി ഞാന്‍ അദ്ദേഹത്തോടു സംസാരിച്ചു. അദ്ദേഹത്തിനുവേണ്ടി കുറെനേരം പ്രാര്‍ത്ഥിച്ചു.
ഒരു യുവവൈദികനായിരുന്ന ഞാന്‍ എന്റെ പൗരോഹിത്യത്തെപ്പറ്റി അന്ന് ഒട്ടേറെ അഭിമാനിച്ചു. ഭവനസന്ദര്‍ശനത്തിലൂടെ ധാരാളം ആളുകളെ സഹായിക്കുവാന്‍ സാധിക്കുമെന്ന ഉറച്ച ബോധ്യവും അന്ന് എനിക്കുണ്ടായി.








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.