അരുണാചല്‍പ്രദേശ്, ആസാം, മണിപ്പൂര്‍, നാഗലാന്റ്, മേഘാലയ, മിസോറാം, ത്രിപ്പുര എന്നീ സംസ്ഥാനങ്ങള്‍ ചേര്‍ന്നതാണ് വടക്കുകിഴക്കന്‍ ഇന്ത്യ. ഈ സംസ്ഥാനങ്ങള്‍ `ഏഴു സഹോദരിമാര്‍' എന്നറിയപ്പെടുന്നു. ഇപ്പോള്‍ സിക്കിം കൂടി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
പോര്‍ച്ചുഗീസ് വൈദികരായ കാബ്‌റല്‍ എസ്.ജെയും കാസെല്ല എസ്.ജെയും ആയിരുന്നു വടക്കുകിഴക്കന്‍ ഇന്ത്യയിലെ ആദ്യ കത്തോലിക്കാ മിഷനറിമാര്‍. ഇവര്‍ 1626 ല്‍ ആസാമിലെ ഗുവഹാട്ടിയില്‍ എത്തി മിഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു. പള്ളികളും പള്ളിക്കൂടങ്ങളും ആശുപത്രികളും സ്ഥാപിച്ച് അവര്‍ ദരിദ്ര ഗോത്രവര്‍ഗക്കാരിലേക്ക് ഇറങ്ങിച്ചെന്നു. ചിട്ടയും ക്രമവുമായ പ്രവര്‍ത്തനങ്ങളിലൂടെ നല്ലൊരു വിഭാഗം ഗോത്രവര്‍ഗക്കാരെ ആകര്‍ഷിക്കുവാനും കത്തോലിക്കാ വിശ്വാസത്തില്‍ കൊണ്ടുവരുവാനും ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞു. ആദ്യകാല മിഷനറിമാരുടെ പാതകള്‍ കല്ലും മുള്ളും നിറഞ്ഞതായിരുന്നു. അവരുടെ കഷ്‌ടത നിറഞ്ഞ പ്രവര്‍ത്തന ഫലമായിട്ടാണ് ഇന്ന് കത്തോലിക്കാ സഭ വളര്‍ന്ന് പന്തലിച്ച് വന്‍വൃക്ഷമായി പരിലസിക്കുന്നത്. സ്വജീവിതം ദൈവത്തില്‍ സമര്‍പ്പിച്ചുകൊണ്ടുള്ള അവരുടെ പ്രവര്‍ത്തനത്തിന്റെ ഫലമാണ് നാം ഇന്നു കാണുന്ന പതിനഞ്ചു രൂപതകളും അതിന്റെ പ്രവര്‍ത്തനങ്ങളും. ആദ്യകാല മിഷനറിമാര്‍ക്ക് നേരിടേണ്ടിവന്ന വെല്ലുവിളികളെ തുലനം ചെയ്യുമ്പോള്‍ ഇന്നത്തെ മിഷനറിപ്രവര്‍ത്തനങ്ങള്‍ എത്രയോ നിസാരം.
അനേകം ഗോത്രവര്‍ഗങ്ങളുടെ ആവാസകേന്ദ്രമാണ് വടക്കുകിഴക്കേ ഇന്ത്യ. ഓരോ ഗോത്രവര്‍ഗങ്ങളും അവരുടെ തനതായ സാമൂഹ്യവും സാംസ്‌കാരികവും സാമ്പത്തികവും രാഷ്‌ട്രീയവുമായ ജീവിതശൈലി പുലര്‍ത്തിപ്പോരുന്നു. ഒന്ന് മറ്റൊന്നില്‍നിന്നും വിഭിന്നമാണ്. വേഷം, ഭാഷാ, ഭക്ഷണരീതികള്‍, ആചാരാനുഷ്‌ഠാനങ്ങള്‍ വേറിട്ടുനില്‍ക്കുന്നു. ഓരോ ഗോത്രങ്ങള്‍ക്കും അവരുടേതായ ഗ്രാമങ്ങളും ഗ്രാമത്തലവന്മാരുമുണ്ട്. കൂട്ടംകൂട്ടമായി താമസിക്കുന്ന ഇവരുടെ ഇടയില്‍ അന്തച്ഛിദ്രങ്ങളും കലഹങ്ങളും സര്‍വസാധാരണമാണ്. ഗോത്രങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ രക്തരൂക്ഷിത കലാപങ്ങളിലേക്ക് നയിച്ചിരുന്നു. വിദ്യാഭ്യാസത്തില്‍ പൊതുവെ പിന്നോക്കം നില്‍ക്കുന്ന ഇവരുടെ ആചാരാനുഷ്‌ഠാനങ്ങളും ദൈവവിശ്വാസവും രസകരമാണ്. പ്രകൃതിയാരാധനയായിരുന്നു ഇവരുടേത്. മദ്യം ഉണ്ടാക്കലും ഉപയോഗിക്കലും സര്‍വസാധാരണമാണ്. വേട്ടയാടി കിട്ടുന്ന മൃഗങ്ങളുടെയും പക്ഷികളുടെയും ഇറച്ചിയും കാട്ടുകിഴങ്ങുകളുമായിരുന്നു ഇവരുടെ ഭക്ഷണം.
ശത്രുക്കളുടെയും മൃഗങ്ങളുടെയും ആക്രമണങ്ങളില്‍നിന്നും രക്ഷപെടുന്നതിനായി മലമുകളിലായിരുന്നു ഇവരുടെ ആവാസകേന്ദ്രം. ഗതാഗത സൗകര്യങ്ങളും വാര്‍ത്താവിനിമയ സൗകര്യങ്ങളും പല ഗ്രാമങ്ങളിലും തീരെയില്ല.
കാലക്രമേണ കൃഷിയിലേക്കു തിരിഞ്ഞ ഇവരുടെ കാര്‍ഷികരീതികള്‍ വ്യത്യസ്‌തമാണ്. നെല്ലാണ് പ്രധാന കൃഷി. കാടുകള്‍ വെട്ടിത്തെളിച്ച് നെല്ല്, ചോളം, കടുക്, എള്ള്, ഉഴുന്ന് എന്നിവ കൃഷി ചെയ്യുന്നു. ഇവര്‍ വിളവെടുപ്പിനുശേഷം ആ സ്ഥലങ്ങള്‍ ഉപേക്ഷിക്കുകയും മറ്റൊരു സ്ഥലത്തേക്ക് ചേക്കേറുകയും ചെയ്യുന്നു. ഇങ്ങനെ എല്ലാ വര്‍ഷവും കൃഷിയിടങ്ങള്‍ മാറിക്കൊണ്ടിരിക്കുന്ന രീതിയാണ് ഇവരുടേത്. ഇതിനെ ജംകൃഷി എന്നറിയപ്പെടുന്നു.
വികസനം എത്തിനോക്കാത്ത ഗ്രാമങ്ങളാണ് ഇവിടങ്ങളില്‍ പലതും. മിഷനറിമാരുടെ നിരന്തര പ്രവര്‍ത്തന ഫലമായി ഗ്രാമങ്ങള്‍ പലതും ഇന്ന് വികസനത്തിന്റെ പാതയിലാണ്. പള്ളികളും പള്ളിക്കൂടങ്ങളും ഡിസ്‌പന്‍സറികളും ആശുപത്രികളും സ്ഥാപിച്ചുകൊണ്ടും റോഡുകള്‍ നിര്‍മിച്ചുകൊണ്ടും വൈദ്യുതിയും ടെലിഫോണും ഗ്രാമങ്ങളില്‍ എത്തിച്ചുകൊണ്ടും പല ഉള്‍ഗ്രാമങ്ങളിലേക്കും ആധുനിക ജീവിതരീതിയുടെ വെളിച്ചം കടത്തിവിടാന്‍ മിഷനറിമാര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. മണിക്കൂറുകളും ദിവസങ്ങള്‍പോലും കാല്‍നടയായി എത്തിയിരുന്ന പല ഗ്രാമങ്ങളിലേക്കും റോഡുകള്‍ ഇന്ന് എത്തിയിരുന്നു.
വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ വളരെയധികം പിന്നോക്കം ചെന്ന ഗ്രാമങ്ങളില്‍ സ്‌കൂളുകളും ഹോസ്റ്റലുകളും സ്ഥാപിച്ച് ഉള്‍ഗ്രാമങ്ങളിലുള്ള കുട്ടികള്‍ക്കുപോലും വിദ്യാഭ്യാസത്തിനുള്ള അവസരം നല്‍കുന്നു. ദരിദ്രരായ ധാരാളം കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുകയും ഗ്രാമങ്ങളില്‍ പഠനമുപേക്ഷിച്ച് അലസന്മാരും അസന്മാര്‍ഗിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന കുട്ടികള്‍ക്കുവേണ്ടി തൊഴിലവസര സ്‌കൂളുകളും സ്ഥാപിച്ചിട്ടുണ്ട് (ടെക്‌നിക്കല്‍ സ്‌കൂളുകള്‍, അഗ്രികള്‍ച്ചറല്‍ സ്‌കൂളുകള്‍, ഹോം സയന്‍സ്, ...). ഗ്രാമങ്ങളില്‍ ആശുപത്രികളും ഡിസ്‌പന്‍സറികളും സ്ഥാപിച്ച് ഗ്രാമീണര്‍ക്ക് ആവശ്യമായ ചികിത്സാ സൗകര്യങ്ങള്‍ ചെയ്‌തതുകൊണ്ട് മലമ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ പല അസുഖങ്ങള്‍മൂലം മരിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറയ്‌ക്കുവാന്‍ സഹായിച്ചു. ഗവണ്‍മെന്റും മറ്റുപല ഏജന്‍സികളുമായി സഹകരിച്ചുകൊണ്ട് ഗ്രാമീണര്‍ക്കും ഗോത്രവര്‍ഗക്കാര്‍ക്കും ഗവണ്‍മെന്റില്‍നിന്നും ലഭിക്കേണ്ട പല ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനും മിഷനറിമാര്‍ ശ്രമിക്കുന്നു.
മദ്യത്തിനും മയക്കുമരുന്നിനും പുകയില ഉപയോഗത്തിലും അടിമകളായ ഗോത്രവര്‍ഗക്കാരെ ഇവയില്‍നിന്നും മോചിപ്പിക്കുന്നതിനായി ബോധവല്‍ക്കരണ ക്ലാസുകളും സെമിനാറുകളും ക്യാമ്പുകളും സംഘടിപ്പിച്ച് ഈ അടിമത്തത്തില്‍ നിന്നും മോചിപ്പിക്കാന്‍ മിഷനറിമാര്‍ പ്രയത്‌നിക്കുന്നു.
മാതാപിതാക്കള്‍ ആലോചിച്ച് നടപ്പാക്കുന്ന വിവാഹങ്ങള്‍ ഗോത്രവര്‍ഗക്കാരുടെ ഇടയില്‍ വിരളമാണ്. സ്‌ത്രീധന സമ്പ്രദായത്തെക്കുറിച്ചുള്ള അറിവ് ചില ഗോത്രങ്ങളില്‍മാത്രം ഒതുങ്ങിനില്‍ക്കുന്നു. പ്രായപൂര്‍ത്തിയായ യുവതീ-യുവാക്കള്‍ പരസ്‌പരം ഇഷ്‌ടപ്പെടുകയും ഒന്നിച്ചു ജീവിക്കുകയും ചെയ്യുന്നത് ഇവരുടെ വിവാഹരീതിയാണ്. ഒന്നില്‍ കൂടുതല്‍ സ്‌ത്രീകളെ ഭാര്യമാരാക്കുന്ന രീതിയും ഭ്രൂണഹത്യയും ഇവിടെ നിലനില്‍ക്കുന്നു.
സ്‌ത്രീകള്‍ക്ക് മുഖ്യപ്രാധാന്യം കൊടുക്കുന്ന ചില ഗോത്രവര്‍ഗങ്ങളുണ്ട്. മേഘാലയായിലെ ഘാസി, ഗാരോ, ജയന്തിസ് എന്നീ ഗോത്രങ്ങള്‍ ഉദാഹരണമാണ്. ഈ ഗോത്രങ്ങളില്‍ പുരുഷന്മാര്‍ സ്‌ത്രീകളുടെ വീട്ടിലാണ് താമസിക്കുന്നതും സ്‌ത്രീകളാണ് ഇവിടെ പൂര്‍വികസ്വത്തിന്റെ അവകാശികളും.
വിവാഹജീവിതത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഭ്രൂണഹത്യപോലുള്ള പാപങ്ങളെക്കുറിച്ചും ക്രിസ്‌തുമിഷനറിമാര്‍ ജനങ്ങളെ പഠിപ്പിക്കുന്നു.
ഓണംപോലെ ഇവിടെയും കൊയ്‌ത്ത് ഉത്സവങ്ങള്‍ ആഘോഷിക്കാറുണ്ട്. ഇതിനെ സംബന്ധിച്ച് പലതരത്തിലുള്ള ആഘോഷങ്ങള്‍ (പാട്ടും ഡാന്‍സും സദ്യയും) ഇവര്‍ക്കുണ്ട്. ഇവരുടെ മതപരവും ആത്മീയവും സാംസ്‌കാരികവുമായ കാര്യങ്ങളില്‍ ക്രിസ്‌തീയ മിഷനറിമാര്‍ വഹിച്ച പങ്കും അവരുടെ സംഭാവനകളും വളരെയേറെ വിലമതിക്കപ്പെടേണ്ടതാണ്.
സാമൂഹിക-സാമ്പത്തിക ഉന്നമനം ഉണ്ടാക്കിയെടുക്കുന്നതിന്റെ ഭാഗമായി പല ഏജന്‍സികളുടെ (ഇന്ത്യയില്‍നിന്നും ഇന്ത്യയ്‌ക്ക് പുറത്തുനിന്നും) സഹായത്തോടുകൂടി ദരിദ്രര്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുകയും മരുന്നും ഭക്ഷണസാധനങ്ങളും സൗജന്യമായി നല്‍കുകയും വീടുകള്‍ നിര്‍മിച്ചുകൊടുക്കുകയും ചെയ്യുന്നു. തൊഴിലില്ലാത്ത അഭ്യസ്‌തവിദ്യരായ യുവതീയുവാക്കള്‍ക്ക് ഇന്ത്യയുടെ പല ഭാഗത്ത് ജോലി കണ്ടെത്തിക്കൊടുക്കുന്നു.
മതപരവും ആത്മീയവുമായ കാര്യങ്ങളിലും വളരെയധികം സംഭാവനകള്‍ ക്രിസ്‌ത്യന്‍ മിഷനറിമാര്‍ക്ക് ഇവിടെ ചെയ്യാന്‍ സാധിച്ചു. ബൈബിള്‍ പല ഭാഷകളില്‍ വിവര്‍ത്തനം നടത്തുകയും പ്രാര്‍ത്ഥനകള്‍ ഈ ഭാഷകളില്‍ എഴുതുകയും ഭക്തിഗാനങ്ങള്‍ രചിക്കുകയും ചെയ്യപ്പെട്ടിരിക്കുന്നു.
പല ധ്യാനഗ്രൂപ്പുകളും ജീസസ് യൂത്ത്, വൈ.എസ്.എം തുടങ്ങിയ സംഘടനകളുടെയും പ്രവര്‍ത്തനഫലമായി ജനങ്ങളില്‍ ക്രിസ്‌തുവിലും ക്രിസ്‌തുമതത്തിലുമുള്ള വിശ്വാസം വളരുകയും ദൈവാനുഭവം ഇവരുടെ ജീവിതത്തില്‍ ഉണ്ടാകുകയും ചെയ്‌തു.
കത്തോലിക്കാ സഭ കൂടാതെ 43 സഭകള്‍ ഇവിടെ സേവനമനുഷ്‌ഠിക്കുന്നു. ബാപ്‌റ്റിസ്റ്റ് ചര്‍ച്ചസ്, പ്രസ്‌ബിറ്റേറിയന്‍ സി.എന്‍.ഐ ചര്‍ച്ചസ്, ലൂതറന്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ചസ്, സാല്‍വേഷന്‍ ആര്‍മി, ഇന്‍ഡിപെഡന്റ് ചര്‍ച്ച് ഓഫ് ഇന്ത്യ എന്നീ സഭകളും ഇവിടെ പ്രവര്‍ത്തിക്കുന്നു. ഇവര്‍ പല ഭാഷകളില്‍ ബൈബിള്‍ വിവര്‍ത്തനം ചെയ്യുകയും പല പ്രാര്‍ത്ഥനകള്‍ എഴുതുകയും ഭക്തിഗാനങ്ങള്‍ രചിക്കുകയും ചെയ്‌തിരിക്കുന്നു.
പ്രാകൃതമായ ഭാഷയാണ് ഗോത്രവര്‍ഗക്കാരുടേത്. അക്ഷരങ്ങളില്ലാത്ത ഇവരുടെ ഭാഷ വാചികമാണ്. നിരന്തരപ്രവര്‍ത്തനങ്ങളിലൂടെ മിഷനറിമാര്‍ അതു ഹൃദിസ്ഥമാക്കി ഗ്രാമീണരോട് ആശയവിനിമയം ചെയ്യാന്‍ തുടങ്ങി. റോമന്‍ അക്ഷരം ഉപയോഗിച്ചുകൊണ്ട് ഈ പ്രാകൃതഭാഷ വികസിപ്പിക്കുകയും ബൈബിളും മറ്റും ഈ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യുകയും ചെയ്‌തു.
പല ഗ്രാമങ്ങളിലേക്കും ഗതാഗത സൗകര്യങ്ങളും വാര്‍ത്താവിനിമയ മാധ്യമങ്ങളും ഇല്ല. ചില ഗ്രാമങ്ങളില്‍ പോസ്റ്റല്‍ സര്‍വീസുപോലും എത്തിയിട്ടില്ല. കാല്‍നടയായി എത്തിച്ചേരേണ്ട പല ഗ്രാമങ്ങളിലും മഴക്കാലങ്ങളില്‍ എത്തിച്ചേരാന്‍ സാധ്യമല്ല. വ്യത്യസ്‌ത ഭാഷ സംസാരിക്കുന്ന ഗ്രാമങ്ങളില്‍ ജനങ്ങളോട് സംസാരിക്കുന്നതിനും അവരെ പഠിപ്പിക്കുന്നതിനും ബോധവല്‍ക്കരണം നടത്തുന്നതിനും വളരെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. ഗ്രാമത്തലവന്മാര്‍ തങ്ങളുടെ അധികാരം നഷ്‌ടപ്പെടുമോ എന്ന ഭയം നിമിത്തം പുറത്തുനിന്നുള്ളവരെ സ്വാഗതം ചെയ്യുന്നില്ല.
കത്തോലിക്കാ സഭയ്‌ക്കെതിരായി മറ്റു സഭകള്‍ പരത്തുന്ന തെറ്റായ ധാരണകള്‍ സഭയുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. സഭകള്‍ തമ്മിലുള്ള ശത്രുത ജനങ്ങളില്‍ തെറ്റിധാരണയുണ്ടാക്കുകയും ഏതാണ് സത്യസഭ എന്ന ആശങ്ക ജനങ്ങളിലുണ്ടാക്കുകയും ചെയ്‌തു.
നിയന്ത്രിതമല്ലാത്ത തീവ്രവാദപ്രവര്‍ത്തനങ്ങള്‍ നാടിന്റെ സാമ്പത്തിക വളര്‍ച്ചയെയും പുരോഗതിയെയും പ്രതികൂലമായി ബാധിച്ചിരിക്കുന്നു. കുടില്‍ വ്യവസായംപോലെ വളര്‍ന്നുകൊണ്ടിരിക്കുന്ന തീവ്രവാദം ജനങ്ങള്‍ക്കു നല്‍കുന്ന ബുദ്ധിമുട്ട് ചെറുതല്ല. തീവ്രവാദികള്‍ ജനങ്ങളില്‍നിന്നും നികുതി ഈടാക്കുന്നത് സാധാരണമാണ്. ആജ്ഞകള്‍ നിരാകരിക്കുന്നവരെ ഉന്മൂലനം ചെയ്യുന്നതാണ് ഇവരുടെ രീതി. ഇത്തരത്തില്‍ ആയിരങ്ങളുടെ ജീവന്‍ ഇതിനോടകം നഷ്‌ടപ്പെട്ടുകഴിഞ്ഞു. തീവ്രവാദി സംഘടനകള്‍ ഇടവകകളില്‍നിന്നും സ്‌കൂളുകളില്‍നിന്നും മറ്റു സ്ഥാപനങ്ങളില്‍നിന്നും നികുതിയായി പണം ആവശ്യപ്പെടുന്നു. ഫാ. മാത്യു മണിയന്‍ചിറ, ഫാ. ജേക്കബ് (ഷാജന്‍) ചിറ്റിലപ്പള്ളി, ഫാ. റാഫേല്‍ പള്ളിക്കര, ഫാ. ആന്‍ട്രിയാസ് കാന്‍ഡാ, ബ്രദര്‍ ഷിനു ജോസഫ് എന്നിവര്‍ അതിക്രൂരമായി വധിക്കപ്പെടുകയും ഫാ. റ്റോമി മഞ്ഞലി അതിക്രൂരമായി പീഡിക്കപ്പെടുകയും മറ്റുപല വൈദികരും ബ്രദേഴ്‌സും സിസ്റ്റേഴ്‌സും പല ക്രൂരതകള്‍ക്കും ഇരയാകുകയും ചെയ്‌തു.
തീവ്രവാദ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാന്‍ കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ കേന്ദ്രസേനയെ നിയോഗിച്ചിട്ടുണ്ട്. എവിടെ നോക്കിയാലും ചീറിപ്പായുന്ന പട്ടാളവണ്ടികളും തോക്കേന്തി നില്‍ക്കു ന്ന ജവാന്മാരെയും കാണാം. പട്ടാള ബാരക്കുകള്‍ ഒരു യുദ്ധഭൂമിയെ ഓര്‍മിപ്പിക്കുന്നു. പുറത്തുനിന്നെത്തിയ ജവാന്മാരുടെ പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. സംസ്ഥാന പൊലീസ് സേന തീവ്രവാദികളെ രഹസ്യമായി സഹായിക്കുന്ന രീതിയാണ് സ്വീകരിച്ചിട്ടുള്ളത്. പുറത്തു നിന്നെത്തുന്ന സന്ദര്‍ശകരില്‍ ഇതെല്ലാം ഒരു പട്ടാളഭരണത്തിന്റെ പ്രതീതിയാണ് ജനിപ്പിക്കുന്നത്.
പ്രകൃതി കനിഞ്ഞനുഗ്രഹിച്ച പ്രദേശമാണ് വടക്കു-കിഴക്കേയിന്ത്യ. തിങ്ങിനിറഞ്ഞ വനാന്തരങ്ങളും മലകളും താഴ്‌വരകളും വയലുകളും ചെറുതും വലുതുമായ നിരവധി നദികളും അരുവികളും ഈ പ്രദേശത്തെ സമ്പന്നമാക്കുന്നു. വിദേശികള്‍ക്കും സ്വദേശികള്‍ക്കും മനംകുളിര്‍ക്കുന്ന കാഴ്‌ചകളാണിത്. പലവിധ പ്രകൃതിവിഭവങ്ങളുടെയും കലവറയാണ് ഈ സംസ്ഥാനങ്ങള്‍. ഇന്ത്യയിലെ ഏറ്റവും വലിയ നദിയായ ബ്രഹ്മപുത്ര അരുണാചല്‍പ്രദേശിനെയും ആസാമിനെയും കീറിമുറിച്ചുകൊണ്ട് ടിബറ്റില്‍നിന്നും ഉത്ഭവിച്ച് ബംഗാള്‍ ഉള്‍ക്കടലില്‍ എത്തിച്ചേരുന്നു.
വടക്കു-കിഴക്കന്‍ ഇന്ത്യയിലെ ജനങ്ങളെ ദൈവഭക്തിയിലും ക്രിസ്‌തുവിശ്വാസത്തിലും വളര്‍ത്തിയെടുക്കുന്നതിനും ആധ്യാത്മികവും മാനുഷീകവുമായ വളര്‍ച്ചയ്‌ക്കും ക്രിസ്‌ത്യന്‍ മിഷനറിമാരുടെ സംഭാവനകള്‍ പ്രശംസനീയമാണ്. ധാരാളം ജനങ്ങള്‍ ക്രിസ്‌തുമതം സ്വീകരിക്കുകയും സത്യവിശ്വാസികളാകുകയും ചെയ്‌തു. ധാരാളം ഗോത്രവര്‍ഗക്കാര്‍ വൈദികരും സന്യസ്‌തരമായി. അവരുടെ പ്രയത്‌നം വഴി ധാരാളം യുവതീയുവാക്കന്മാരെ ദൈവവിളിയിലേക്ക് നയിക്കാന്‍ സാധിച്ചു. ഇവിടത്തെ ഗോത്രവര്‍ഗക്കാരുടെ ഇടയില്‍ മെത്രാന്മാരും മെത്രാപ്പോലീത്താമാരും ഉണ്ട്.
ക്രിസ്‌തുമതത്തോടും വൈദികരോടും സന്യസ്‌തരോടും ജനങ്ങള്‍ക്കുള്ള സ്‌നേഹവും ആദരവും ഇവരുടെ വിശ്വാസവും സഹകരണവും ക്രിസ്‌തുമതം ഈ സമൂഹങ്ങള്‍ക്കും സംസ്ഥാനങ്ങള്‍ക്കും നല്‍കിയ സംഭാവനകളും ഇവിടെ സേവനമനുഷ്‌ഠിക്കുന്ന വൈദികര്‍ക്കും സന്യാസി സന്യാസിനിമാര്‍ക്കും പ്രത്യേകിച്ചും ബഹുഭൂരിപക്ഷംവരുന്ന മലയാളികള്‍ക്ക് ഇവിടെ സേവനമനുഷ്‌ഠിക്കാന്‍ പ്രചോദനം നല്‍കുന്നു. ``നിങ്ങള്‍ ലോകമെങ്ങും പോയി സുവിശേഷം പ്രസംഗിക്കുവിന്‍. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ ജ്ഞാനസ്‌നാനപ്പെടുത്തുവിന്‍'' (മത്താ.28:18-20). ഈശോ ശിഷ്യന്മാര്‍ക്കു നല്‍കിയ ഈ ദൗത്യം ഇവിടുത്തെ മിഷനറിമാരുടെ പ്രവര്‍ത്തനങ്ങള്‍ വഴി നിറവേറ്റപ്പെടുന്നതില്‍ നമുക്ക് അഭിമാനിക്കാം.








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.