കോഴിക്കോട്: അന്ത്യത്താഴത്തെ വികലമാക്കി രാഷ്ട്രീയപ്രചരണ ആയുധമാക്കി മാറ്റാനുള്ള രാഷ്ട്രീയ തന്ത്രത്തിനെതിരെ കെസിവൈഎം കോഴിക്കോട് രൂപത പ്രതിഷേധിച്ചു. തിരുവത്താഴം ഒന്നിന്റെയും അവസാനമല്ലെന്നും സഭയുടെ തുടക്കമാണ് അതിലൂടെ സാധ്യമായതെന്നും റാലി ഉദ്ഘാടനം ചെയ്ത് ഫൊറോന വികാരി ഫാ.ജോസ് പുളിക്കത്തറ ഓര്‍മിപ്പിച്ചു. ക്രൈസ്തവ വിശ്വാസത്തിന് നേരെയുള്ള ഏതൊരു വെല്ലുവിളിയും കെസിവൈഎം ശക്തമായി നേരിടുമെന്ന് റാലിക്ക് നേതൃത്വം നല്‍കിയ ഫാ.ബാബു പോള്‍ ഒസിഡി പ്രഖ്യാപിച്ചു. കല്‍പ്പറ്റ തിരുഹൃദയ ദേവാലയത്തില്‍ നിന്ന് ആരംഭിച്ച റാലി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് സമാപിച്ചു. യുവജനങ്ങള്‍ വിശ്വാസത്തിന്റെ സംരക്ഷകരാണെന്ന് സമാപനസമ്മേളനത്തില്‍ മേഖലാ ഡയറക്ടര്‍ ഫാ.സെബാസ്റ്റ്യന്‍ കപ്പൂച്ചിന്‍ അഭിപ്രായപ്പെട്ടു. റാലിക്ക് കെസിവൈഎം കോഴിക്കോട് രൂപത പ്രസിഡന്റ് സോബി വര്‍ഗീസ്, രൂപത ജനറല്‍ സെക്രട്ടറി അനൂപ് വര്‍ഗീസ്, സംസ്ഥാന സെനറ്റംഗം ജോസഫ് പി.കെ., രൂപതാ വൈസ് പ്രസിഡന്റ് ജോസ് ദേവസി, ജോയന്റ് സെക്രട്ടറി ജോബി ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.
കണ്ണൂര്‍: അന്ത്യത്താഴമെന്ന വിശുദ്ധ സംഭവത്തെയും ചിത്രത്തെയും ദുരുപയോഗിച്ചതില്‍ കണ്ണൂര്‍ രൂപത കെഎന്‍സിഎ പ്രതിഷേധിച്ചു. കണ്ണൂര്‍ ഹോളി ട്രിനിറ്റി കത്തീഡ്രല്‍ പാരിഷ് ഹാളില്‍ നടന്ന പ്രതിഷേധയോഗത്തില്‍ രൂപത പ്രസിഡന്റ് ആന്റണി നൊറോണ അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടര്‍ ഫാ.മാര്‍ട്ടിന്‍ രായപ്പന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനസെക്രട്ടറി രതീഷ ആന്റണി, രൂപത സെക്രട്ടറി ആന്റണി ദാസ് പ്രദീപ്, ട്രഷറര്‍ റോഡ്‌നി കാസ്റ്റലീനോ, ജോണ്‍ ബാബു, ഫ്രാന്‍സിസ് കുരിയപ്പള്ളി, റിച്ചാര്‍ഡ് എന്‍. ഗോഡ്‌സണ്‍ നസ്രത്ത്, സേവ്യര്‍ എന്‍.വി. എന്നിവര്‍ പ്രസംഗിച്ചു.
പയ്യാവൂര്‍: ക്രിസ്തുവിന്റെ തിരുവത്താഴ ചിത്രത്തെ വികലമായി ചിത്രീകരിക്കുകയും മതവിശ്വാസത്തെ നിന്ദിക്കുകയും ചെയ്ത സിപിഎം നടപടിയില്‍ ഇന്ദിരാജി ജനശ്രീ യൂണിറ്റ് പ്രതിഷേധിച്ചു. ജോണി തോമസ്, ലൂക്ക ആനിക്കാട്ടില്‍, ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.
പാലക്കാട്: സിപിഎമ്മിന്റെ ക്രൈസ്തവ വിരുദ്ധ നിലപാടിനെയും യേശുവിന്റെ അന്ത്യത്താഴ ചിത്രം വികൃതമായി ചിത്രീകരിച്ചതിനെതിരെയും പാലക്കാട് രൂപതയിലെ വിവിധ യുവജനസംഘടനകള്‍ വടക്കുഞ്ചേരി ടൗണില്‍ പന്തംകൊളുത്തി പ്രകടനവും പൊതുയോഗവും നടത്തി. കെസിവൈഎം, ചെറുപുഷ്പ മിഷന്‍ ലീഗ്, വിന്‍സന്റ് ഡി പോള്‍ സൊസൈറ്റി, മാതൃസംഘം, കേരള ലേബര്‍ മൂവ്‌മെന്റ് പ്രതിനിഥികളും വിശ്വാസികളും പങ്കെടുത്തു. കെസിവൈഎം സംസ്ഥാന പ്രസിഡന്റ് സോണി പവേലില്‍ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. വടക്കുഞ്ചേരി ഫൊറോന വികാരി ഫാ.ജോര്‍ജ് തെരുവുകുന്നേല്‍ അധ്യക്ഷത വഹിച്ചു. മുന്‍ സംസ്ഥാന സന്തോഷ് അറയ്ക്കല്‍, സംസ്ഥാന വൈസ്പ്രസിഡന്റ് ഷീജാ ജെയ്‌മോന്‍, ചെറുപുഷ്പ മിഷന്‍ ലീഗ് രൂപതാ ഭാരവാഹകളായ സന്തോഷ് വള്ളാംകോട്ട് ജെയ്ജ് ജോണ്‍ ചെറുതോട്ടപുറം എന്നിവര്‍ പ്രസംഗിച്ചു. വടക്കുഞ്ചേരി ഫൊറോന പള്ളിയില്‍ നിന്ന് ആരംഭിച്ച പ്രകടനം ടൗണില്‍ സമാപിച്ചു.
പാലക്കാട്: യേശുവിന്റെ അന്ത്യത്താഴത്തെ വികലമായി ചിത്രീകരിച്ച് ക്രൈസ്തവ വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തിയ രാഷ്ട്രീയപാര്‍ട്ടിയുടെ നടപടിയില്‍ കരിമ്പ എക്യുമെനിക്കല്‍ മൂവ്‌മെന്റ് പ്രതിഷേധിച്ചു. ചെയര്‍മാന്‍ ജോയി ചാലിശേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഫാ.സി.പി.അലക്‌സാണ്ടര്‍, ഫാ.മാത്യു കളരിക്കന്‍, റവ. ജോ മാത്യു, റവ. കെ.പി.സാം, എക്യുമെനിക്കല്‍ ചര്‍ച്ച് സെക്രട്ടറി തമ്പി തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പാലക്കാട്: സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും പ്രതിരൂപമായ ക്രിസ്തുവിനെ വിപ്ലവനേതാവായി ചിത്രീകരിച്ച സിപിഎമ്മിന്റെ വില കുറഞ്ഞ രാഷ്ട്രീയതന്ത്രത്തിനെതിരെ പാലക്കാട് രൂപതാ കെസിവൈഎം പ്രതിഷേധിച്ചു. വിപ്ലവനേതാക്കളായ മാര്‍ക്‌സിന്റെയും ചെഗുവേരയുടെയും പ്രസക്തി കേരളത്തിലെ മണ്ണില്‍ അവസാനിച്ചുവെന്ന് തിരിച്ചറിഞ്ഞതായിരിക്കും സിപിഎമ്മിന്റെ ഈ നിലപാടിന് അടിസ്ഥാനം. ക്രിസ്ത്യാനികളുടെ മനസ്സില്‍ ജീവിക്കുന്ന ക്രിസ്തുവിന്റെ രൂപം വിറ്റ് വോട്ടാക്കാമെന്നുള്ള വ്യാമോഹം തികച്ചും വിലകുറഞ്ഞ രാഷ്ട്രീയമാണ്. യേശുവിന്റെ ചരിത്രവും സഭയുടെ ചരിത്രവും സിപിഎം പഠിക്കാന്‍ തയ്യാറാകണമെന്നും കുറ്റപ്പെടുത്തി. യോഗത്തില്‍ ഡയറക്ടര്‍ ഫാ.ടോം ജി വടക്കേക്കര, ക്ലിന്റോ പോള്‍, സന്തോഷ് അറയ്ക്കല്‍, ഷിജു കുര്യന്‍, പ്രിന്‍സി, അനു ചെറിയാന്‍, ബ്രദര്‍ ജെറിന്‍ എന്നിവര്‍ പ്രസംഗിച്ചു.
കല്പറ്റ: സിപിഎമ്മിന്റെ ക്രൈസ്തവ വിരുദ്ധനിലപാടില്‍ കേരള എക്യുമെനിക്കല്‍ ഫോറം പ്രതിഷേധിച്ചു. രാഷ്ട്രീയപാപ്പരത്തം മൂലം നട്ടം തിരിയുന്ന സിപിഎമ്മിന് പ്രത്യയശാസ്ത്രത്തിന്റെ പരാജയം മറച്ചുവെയ്ക്കുന്നതിനും രാഷ്ട്രീയമുതലെടുപ്പിനുമായി യേശുക്രിസ്തുവിന്റെ ചിത്രം ദുരുപയോഗം ചെയ്യുന്നത് ക്രൈസ്തവ വിശ്വാസസമൂഹത്തെ വേദനിപ്പിക്കുകയും അവഹേളിക്കുകയും ചെയ്തതായി ഫോറം കുറ്റപ്പെടുത്തി. യോഗത്തില്‍ ജോസഫ് പള്ളിപ്പാട്ട് അധ്യക്ഷനായിരുന്നു. ഫാ.സ്റ്റീഫന്‍ കോട്ടയ്ക്കല്‍, ഫാ.ജോര്‍ജ് വെട്ടിക്കാട്ടില്‍, ഫാ.ജയിംസ്, ഫാ.കെ.എം. വിക്ടര്‍, വി.പി.തോമസ്, എന്‍.എം.ജോസ് എന്നിവര്‍ പ്രസംഗിച്ചു.
ബത്തേരി: യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ വികലമായി ചിത്രീകരിക്കുക വഴി ക്രൈസ്തവമൂല്യങ്ങളെ രാഷ്ട്രീയതാത്പര്യങ്ങള്‍ക്കായി തരംതാഴ്ത്തി പ്രചരിപ്പിക്കുന്ന സിപിഎമ്മിന്റെ തരംതാണ രാഷ്ട്രീയ മുതലെടുപ്പിനെ ബത്തേരി രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ യോഗവും അപലപിച്ചു. വികാരി ജനറാള്‍ മോണ്‍.വര്‍ഗീസ് താന്നിക്കാക്കുഴി, പിആര്‍ഒ ഫാ.ടോണി കോഴിമണ്ണില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോര്‍ജ് മാത്യു എന്നിവര്‍ പ്രസംഗിച്ചു.
കല്പറ്റ: ക്രൈസ്തവ വിശ്വാസികള്‍ പരിപാവനമായി കരുതുന്ന ഒടുവിലത്തെ അത്താഴ ചിത്രം ദുരുപയോഗപ്പെടുത്തിയതുവഴി ക്രൈസ്തവ സമൂഹത്തെയാകെ അവഹേളിക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് കെസിവൈഎം കല്പറ്റ മേഖല വിലയിരുത്തി. യോഗത്തില്‍ ഫൊറോന വികാരി ഫാ.ജോസ് കൊച്ചറയ്ക്കല്‍, മേഖല പ്രസിഡന്റ് അനീഷ് മാന്തോട്ടത്തില്‍, സെക്രട്ടറി ജോമി, സിസ്റ്റര്‍ മേഴ്‌സ് എന്നിവര്‍ പ്രസംഗിച്ചു.
പുല്‍പ്പള്ളി: ദൈവപുത്രനായ ക്രിസ്തുവിന്റെ തിരുവത്താഴചിത്രം അവതരിപ്പിച്ച്‌കൊണ്ട് സിപിഎം നടത്തുന്ന രാഷ്ട്രീയതന്ത്രം സാംസ്‌കാരിക കേരളത്തിന് അപമാനകരമാണെന്നും ക്രൈസ്തവജനത്തോട് സിപിഎം മാപ്പ് പറയണമെന്നും മലങ്കര കാത്തലിക് അസോസിയേഷന്‍ ദേശീയസമിതി ആവശ്യപ്പെട്ടു. ദേശീയ ജനറല്‍ സെക്രട്ടറി തോമസ് താച്ചേരിയില്‍, ഭാരവാഹികളായ വി.പി.തോമസ്, എം. കെ.ഗീവര്‍ഗീസ്, വി.പി.മത്തായി എന്നിവര്‍ പ്രസംഗിച്ചു.
Friday, 17 February 2012 14:05
'അന്ത്യത്താഴം' വികല ചിത്രീകരണത്തിന് എതിരെ നാടെങ്ങും പ്രതിഷേധം
Written by Shalom Editor
Read 26 times
Shalom Editor
Welcome to Shalom Online... Prayerful Greetings to all viewers!!!
Website: www.shalomonline.netLogin to post comments








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.