മലങ്കര കത്തോലിക്കാ സഭയുടെ മൂവാറ്റുപുഴ രൂപതയ്ക്കുവേണ്ടി ബൈസന്റെയിന്‍ വാസ്തുശൈലിയില്‍ പുനര്‍നിര്‍മിച്ച സെന്റ് ജോസഫ് കത്തീഡ്രലിന്റെ മൂറോന്‍ കൂദാശാകര്‍മം അന്ത്യോഖ്യയിലെ സിറിയന്‍ കത്തോലിക്കാ പാത്രിയര്‍ക്കീസ് ഇഗ്‌നാത്തിയോസ് ജോസഫ് യൗനാന്‍ ബാവയുടെയും മലങ്കര കത്തോലിക്കാസഭ മേജര്‍ ആര്‍ച്ച്ബിഷപ് ബസേലിയോസ് മാര്‍ ക്ലിമീസ് കാതോലിക്കാ ബാവയുടെയും സംയുക്ത കാര്‍മികത്വത്തില്‍ നടന്നു.
രണ്ടു ദിവസങ്ങളിലായി നടന്ന കൂദാശാ കര്‍മത്തില്‍ സിറിയ, ലബനോന്‍, ഇറാക്ക് എന്നീ രാജ്യങ്ങളിലെ ആര്‍ച്ചുബിഷപ്പുമാര്‍, ബിഷപ്പുമാര്‍, സീറോ മലബാര്‍, സീറോ മലങ്കര, ലത്തീന്‍ റീത്തുകളിലെ മേലധ്യക്ഷന്മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രധാന ദേവാലയത്തിന്റെയും വിശുദ്ധ ഷര്‍ബേലിന്റെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന ചാപ്പലിന്റെയും കൂദാശാകര്‍മങ്ങള്‍ സിറിയന്‍ പാത്രിയര്‍ക്കീസ് ബാവ അന്ത്യോഖ്യന്‍ ആരാധനാരീതിയില്‍ നിര്‍വഹിച്ചു. വിശുദ്ധ ഷര്‍ബേലിന്റെ തിരുശേഷിപ്പ് മാറോനൈറ്റ് സന്യാസസഭാശ്രേഷ്ഠന്‍ ആമ്പട്ട് തന്നൂസ് നെഹമേ ചാപ്പലില്‍ പ്രതിഷ്ഠിച്ചു. സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ്പും നിയുക്ത കര്‍ദിനാളുമായ മാര്‍ ജോര്‍ജ് ആലഞ്ചേരി വിശുദ്ധകുര്‍ബാന മധ്യേ സന്ദേശം നല്കി.
മൂറോന്‍ കൂദാശാകര്‍മത്തോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനത്തില്‍ വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ അധ്യക്ഷത വഹിച്ചു. സിവില്‍ സപ്ലൈസ് മന്ത്രി പ്രഫ. കെ.വി തോമസ് ഉദ്ഘാടനം ചെയ്തു. മുഖ്യ വികാരി ജനറാള്‍ മോണ്‍. ജോണ്‍ ഈശ്വരന്‍കുടിയില്‍ സ്വാഗതം ആശംസിച്ചു. തിരുവല്ല ആര്‍ച്ച്ബിഷപ് തോമസ് മാര്‍ കൂറിലോസ്, മൂവാറ്റുപുഴ രൂപതാധ്യക്ഷന്‍ ഡോ. അബ്രഹാം മാര്‍ യൂലിയോസ്, എറണാകുളം അങ്കമാലി രൂപതാ കൂരിയ ബിഷപ് മാര്‍ ബോസ്‌കോ പുത്തൂര്‍, മുന്‍ എം.എല്‍.എ ബാബു പോള്‍, ജോസഫ് വാഴയ്ക്കന്‍ എം.എല്‍.എ, എല്‍ദോസ് കുന്നപ്പിള്ളി, മുനിസിപ്പല്‍ ചെയര്‍മാന്‍ യു.ആര്‍ ബാബു എന്നിവര്‍ പ്രസംഗിച്ചു.
പുത്തൂര്‍ ബിഷപ് ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസ്, ബത്തേരി ബിഷപ് ജോസഫ് മാര്‍ തോമസ്, പൗലോസ് മാര്‍ സ്‌തേഫാനോസ്, പത്തനംതിട്ട ബിഷപ് യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, മാവേലിക്കര രൂപതാധ്യക്ഷന്‍ ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്, തിരുവനന്തപുരം ആര്‍ച്ച്ബിഷപ് ശമുവേല്‍ മാര്‍ പൗലോസ്, തൃശൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, കോട്ടയം ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍, സിറിയയില്‍നിന്നുള്ള ആര്‍ച്ച്ബിഷപ്പുമാരായ മാര്‍ ബസേലിയോസ് ജിര്‍ജിസ് യോഹാന, ബൂല അന്റോണി ബെയ്‌ലുനി, മാര്‍ യോഹന്നാന്‍ ബൗട്രോസ് മൗഷി തുടങ്ങിയവര്‍ പങ്കെടുത്തു.
Friday, 10 February 2012 15:53
മൂവാറ്റുപുഴ സെന്റ് ജോസഫ് കത്തീഡ്രല്‍ മൂറോന്‍ കൂദാശ നടത്തി
Written by വിന്‍സെന്റ് വിതയത്തില്‍ മൂവാറ്റുപുഴ
Read 49 times
Login to post comments








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.