കമ്മ്യൂണിസ്റ്റ് വിപ്ലവം രക്തംചിന്തി കലഹം സൃഷ്ടിച്ച് ഉണ്ടായതും അനേകായിരങ്ങളുടെ ജീവന്‍ നഷ്ടപ്പെടുത്തിയതുമായ വിപ്ലവമാണ് എന്ന് ചരിത്രം പഠിപ്പിക്കുന്നു. ക്രിസ്തുവിന്റെ 'സ്‌നേഹ വിപ്ലവം' സഖാക്കളുടെ വിപ്ലവമായി താരതമ്യം ചെയ്യുന്നത് തെറ്റാണ്. വിശ്വാസിക്ക് അത് ഒരു വിധത്തിലും ഉള്‍ക്കൊള്ളാന്‍ കഴിയില്ല. ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.
''സ്റ്റാലിന്റെയും മാവോയുടെയും ചിത്രങ്ങള്‍ക്കിടയില്‍ ക്രിസ്തുവിന്റെ പടം കൂടി ചേര്‍ത്ത് വച്ചത് തെറ്റ് തന്നെയാണ്. അവരെ പോലെ ഒരു വിപ്ലവകാരി ആയിരുന്നില്ല ക്രിസ്തു. അത് അപമാനിക്കലാണ്. കൊന്നും രക്തം ചിന്തിയും വിപ്ലവം നയിച്ച ഇവരെ പോലെ അല്ലല്ലോ ക്രിസ്തു രക്തം ചിന്തി മരിക്കുന്നത്. യേശു ദൈവമാണ് എന്നാണ് മനുഷ്യരുടെ വിശ്വാസം. ലോക രക്ഷയ്ക്കായി മരണം വരിച്ച ദൈവപുത്രനെ സമ്മേളന മധ്യത്തില്‍ പ്രതിഷ്ഠിച്ചതുകൊണ്ട് രണ്ട് കള്ളന്മാരുടെ മധ്യേ കുരിശില്‍ തൂങ്ങിക്കിടക്കുന്ന യേശുവിനെയാണ് എനിക്ക് കാണുവാന്‍ സാധിക്കുന്നത്.'' മാര്‍ പവ്വത്തില്‍ തുറ ന്ന് പറയുന്നു.
ക്രൈസ്തവ പുരോഹിതന്മാരില്‍ ന്യൂനപക്ഷത്തിന് വന്‍തോതില്‍ രാഷ്ട്രീയമുണ്ടെന്നും മാര്‍ പവ്വത്തില്‍ തിരുമേനിയെപ്പോലുള്ളവര്‍ക്ക് സി.പി.എംനെക്കുറിച്ച് പറയാന്‍ വലിയ വാശിയാണെന്നുമുള്ള സി.പി.എം. സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മാര്‍ പവ്വത്തില്‍.
കര്‍ത്താവിനെക്കുറിച്ച് കമ്മ്യൂണിസ്റ്റ്കാര്‍ പറയരുത് എന്ന് ഞങ്ങള്‍ പറഞ്ഞിട്ടില്ല. അവര്‍ പറയുന്നതല്ല കര്‍ത്താവിന്റെ വാക്കുകള്‍ എന്നതാണ് ഞങ്ങളുടെ പ്രതിഷേധത്തിന് കാരണം. അവര്‍ ഭാവനയില്‍ ഉണ്ടാക്കിയിരിക്കുന്നതുപോലെ ഒരു കര്‍ത്താവാണ് യേശു എന്നും നാം അതിനെ അംഗീകരിക്കണമെന്നുമുള്ള വാദങ്ങളാണ് എതിര്‍ക്കപ്പെടേണ്ടത്. മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്തയുടെ പ്രതികരണങ്ങള്‍ പോലും വളച്ച് ഒടിച്ചിരിക്കുകയാണെന്ന് അത് വായിക്കുന്ന ആര്‍ക്കും മനസ്സിലാകും.
? സി.പി.ഐ.എം സമ്മേളനത്തിനിടയില്‍ ക്രിസ്തുവിന്റെ വിവിധ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിലൂടെ പാര്‍ട്ടി ലക്ഷ്യമാക്കിയതെന്താണ്.
ലക്ഷ്യം ഊഹിക്കുവാന്‍ സാധിക്കുന്നില്ലെങ്കിലും വിശ്വാസമില്ലാത്തവര്‍ ചിത്രങ്ങള്‍ ഉപയോഗിക്കുന്നതില്‍ ലാഭം മാത്രമാണ് ലക്ഷ്യം. പാര്‍ട്ടികളെ സംബന്ധിച്ചിടത്തോളം പാര്‍ലമെന്ററി മോഹത്തില്‍ നിന്നുമാണ് ദൈവത്തെപ്പോലും അവിശ്വാസികളുടെ ചിത്രങ്ങളുടെ ഇടയിലേക്ക് കൊണ്ടുചെന്ന് എത്തിച്ചിരിക്കുന്നത്. പിറവം മുതല്‍ വരുന്ന തിരഞ്ഞെടുപ്പുകളാവാം ഇതിന് അവരെ പ്രേരിപ്പിച്ചത്. ജനശ്രദ്ധ ഉണ്ടാകുവാന്‍ വിവാദങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടികള്‍ നടത്തുന്നത് ശരിയല്ല. കമ്മ്യൂണിസ്റ്റുകളുടെ വിശ്വാസം അടിസ്ഥാനപരമായി നിരീശ്വരത്വത്തില്‍ ആയിരിക്കേ വിശ്വാസികളുടെ ദൈവത്തോട് അയിത്തമില്ല എന്നു പറയുന്നതില്‍ സത്യത്തിന്റെ ഭാഗം എത്രയുണ്ട് എന്ന് സംശയം. വിശുദ്ധ ഗ്രന്ഥത്തിലെ ചില വാക്കുകളോ വാചകങ്ങളോ അടര്‍ത്തി എടുത്ത് സഭയെ ഒന്നടങ്കം അധിക്ഷേപിക്കുന്ന പ്രവണത വിശ്വാസികളില്‍ വിരുദ്ധ ചിന്ത ഉണ്ടാക്കുന്നതിനും മുന്‍ തന്ത്രങ്ങളുടെ ബാക്കി മാത്രമാണ് ഇപ്പോഴത്തെ ചിത്രപ്രദര്‍ശനവും.
? ക്രിസ്തുവിനെ ലോകത്തെ ഏറ്റവും വലിയ വിമോചകനും രക്തസാക്ഷിയുമെന്നാണല്ലോ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ പ്രഖ്യാപിക്കുന്നത്.
യേശുവിന്റെ രാജ്യം ഭൂമിയിലല്ല; കമ്മ്യൂണിസ്റ്റുകള്‍ക്ക് ഭൂമിയാണ് തട്ടകം. യേശു സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും വിപ്ലവമാണ് പ്രഖ്യാപിച്ചത്. മാനവജനതയുടെ ആകെ പാപങ്ങള്‍ ഏറ്റെടുത്ത് യേശു കുരിശുമരണം വരിക്കുകയായിരുന്നു. അവിടുന്ന് പ്രഖ്യാപിച്ച ലോകത്തേയ്ക്ക് മരിച്ച മൂന്ന് ദിവസം കഴിഞ്ഞ് ഉത്ഥാനം ചെയ്തു. ഈ ഉത്ഥാനം മാനവജനതയ്ക്ക് വാഗ്ദാനം ചെയ്തു. മാനവ ജനതയുടെ വിശ്വാസത്തിന്റെ അടിസ്ഥാനം ഉത്ഥാനമാണ്.
? യേശുവിന്റെ വിപ്ലവത്തിന്റെയും കമ്മ്യൂണിസ്റ്റ് വിപ്ലവത്തിന്റെയും ലക്ഷ്യവും മാര്‍ഗ്ഗവും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു.
ഇരു വിപ്ലവങ്ങള്‍ക്കും തികച്ചും വ്യത്യസ്തമായ ലക്ഷ്യവും മാര്‍ഗ്ഗങ്ങളുമാണ് ഉള്ളത്. ദൈവരാജ്യം സ്ഥാപിക്കുക എന്നതാണ് യേശുവിന്റെ ലക്ഷ്യം. ഒരു ഭൗതിക സമൂഹം കെട്ടിപ്പടുക്കുക എന്നതാണ് കമ്മ്യൂണിസ്റ്റ് വിപ്ലവത്തിന്റെ ലക്ഷ്യം. വാളെടുത്ത പത്രോസിനോടും ഒരു ചെകിട്ടത്തടിച്ചാല്‍ മറു കരണം കാണിച്ചു കൊടുക്കണമെന്നുള്ള വിപ്ലവ മാര്‍ഗം സ്വീകരിച്ച യേശുവിന്റെ മാര്‍ഗമാണോ ആരെ കൊന്നാലും വേണ്ടില്ല കൂടെ നില്‍ക്കുന്ന ആര് ചത്താലും വേണ്ടില്ല ഏതു തരത്തിലുളള ആക്രമവും സ്വീകരിച്ച് ലക്ഷ്യം കൈവരിക്കുക എന്നുള്ള താണ് ഇവരുടെ മാര്‍ഗ്ഗം. മാര്‍ഗ്ഗം സംശുദ്ധമായിരിക്കണം എന്നതാണ് യേശു പഠിപ്പിച്ചത്. ഗാന്ധിജി സ്വീകരിച്ചതും ഈ മാര്‍ഗ്ഗമാണ്. ഇത് തമ്മില്‍ എങ്ങനെ പൊരുത്തപ്പെടും. യേശുവിന്റെ മാര്‍ഗ്ഗവും ലക്ഷ്യവും ശരിയെന്ന് പറയുന്ന കമ്മ്യൂണിസ്റ്റുകാരന്‍ കമ്മ്യൂണിസ്റ്റുകള്‍ ലോകത്ത് അധികാരത്തില്‍ എത്തിയിട്ടുള്ള എല്ലായിടത്തെയും ലക്ഷ്യവും മാര്‍ഗ്ഗവും തെറ്റായിരുന്നു എന്നു പറയുന്നതിന് തുല്യമായിരിക്കും. പാര്‍ലമെന്ററി വ്യാമോഹമാണ് ഇവരുടെ പ്രധാന ലക്ഷ്യം. യേശുവിനെ ജനം രാജാവാക്കാന്‍ ശ്രമിച്ചെങ്കിലും യേശു അവിടെ നിന്നും ഒഴിഞ്ഞുമാറുകയാണ് ചെയ്തിട്ടുള്ളത്. ഇന്ത്യയില്‍ അല്ലാതെ ഈ വിപ്ലവകാരികളെ ലോകത്തെവിടെയെങ്കിലും കൊല്ലും കൊലയുമില്ലാതെ ജനസമ്മതത്തോടെ ഇവര്‍ അധികാരം പിടിച്ചെടുത്തിട്ടുണ്ടോ? സമത്വസുന്ദര സ്വര്‍ഗ്ഗരാജ്യം യേശു ലക്ഷ്യം വയ്ക്കുമ്പോള്‍ അത് ഈ ലോകത്ത് നടപ്പാക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു എന്ന പാര്‍ട്ടി സെക്രട്ടറിയുടെ പ്രസ്താവന എത്ര മൗഢ്യമാണ്. അവര്‍ ഇവിടെ അത് നടപ്പാക്കുന്നതിന് സ്വീകരിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എല്ലാവര്‍ക്കും അറിയാവുന്നതും നാമെല്ലാം നേരില്‍ കണ്ടുകൊണ്ടിരിക്കുന്നതുമാണ്. രണ്ടു കള്ളന്മാരില്‍ ഒരാള്‍ക്ക് കുരിശില്‍ കിടന്നപ്പോള്‍ ബോധ്യപ്പെട്ടത് യേശുവിന്റെ ലക്ഷ്യവും മാര്‍ഗ്ഗവുമായിരുന്നു. ആ ദൈവരാജ്യത്തിനുവേണ്ടി യേശുവിനോട് വലിയ വായില്‍ നിലവിളിക്കുന്നു. അപരന്‍ യേശുവിനെ നിന്ദിക്കുന്നു. മരണ നിമിഷമെങ്കിലും പശ്ചാത്താപവും ദൈവചിന്തയും ഉണ്ടാകുന്നവനും ഇതാണ് യേശുവിന്റെ സ്വര്‍ഗ്ഗരാജ്യം. ലോകരക്ഷയ്ക്കുവേണ്ടി രക്തം ചിന്തി കുരിശില്‍ കിടക്കുന്ന യേശുവിനെ പരിഹസിക്കുന്ന കള്ളനെപോലെ ഇന്നും ആ കുരിശിലേക്ക് നോക്കി പരിഹാസ വര്‍ഷം നടത്തുന്നവരോട് നല്ല കള്ളന്‍ പറഞ്ഞ ഒറ്റവാക്കെ പറയുവാനുള്ളൂ 'നിനക്ക് ദൈവത്തെപ്പോലും ഭയമില്ലേ' യേശുവിന്റെ പറുദീസയിലായിരിക്കാന്‍ ന്യായീകരണങ്ങള്‍ക്കോ കപട പ്രവര്‍ത്തനങ്ങള്‍കൊണ്ടോ വാക്ചാതുരികൊണ്ടോ സാധിക്കുകയില്ല. യഥാര്‍ത്ഥ ദൈവവിശ്വാസിയും ദൈവപരിപാലനയില്‍ ആശ്രയിക്കുകയും വേണം. ഇത് കമ്മ്യൂണിസ്റ്റുകള്‍ക്ക് ഉണ്ടോ.
ഇവര്‍ക്ക് ഭൗതികതയില്‍ മാത്രമാണ് ലക്ഷ്യം. കര്‍ത്താവിന്റെ മാര്‍ഗ്ഗമതായിരുന്നു. വിശ്വാസവും ദൈവചിന്തയും ഇല്ലാതാക്കുവാനാണ് ഇവരുടെ പരിശ്രമം. റഷ്യയില്‍ തന്നെ നാലു കോടിയില്‍ പരം ആളുകളെ വധിച്ച് ഭൗതിക സാമ്ര്യാജ്യം സ്ഥാപിച്ചത്. ചൈനയിലും ക്യൂബയിലും വധിക്കപ്പെട്ടവര്‍ക്ക് കണക്കില്ല. നല്ല ആളുകളെ ജയിലിലടച്ചു പീഡിപ്പിച്ചു. കത്തോലിക്കാ രാജ്യമായിരുന്ന ക്യൂബയില്‍ വിപ്ലവത്തിലൂടെ കാസ്‌ട്രോ, അധികാരം പിടിച്ചെടുത്തു. മരിച്ചവരുടെയും പീഡിപ്പിക്കപ്പെട്ടവരുടെയും കണക്കുകള്‍ പോലും ലോകത്തിന് അജ്ഞാതം. അവിടെ ആരാധന തടസ്സപ്പെടുത്തി. സ്‌കൂളുകള്‍ പിടിച്ചെടുത്തു. ഇതുകൊണ്ടൊന്നും പുരോഗതി ഉണ്ടായിട്ടില്ല, ദാരിദ്ര്യം മാറിയില്ല. ഇതൊന്നും കര്‍ത്താവിന്റെ സംസ്‌കാരരീതിയല്ല. ഇവരുടെ രീതിയും കര്‍ത്താവിന്റെ രീതിയും തുലനം ചെയ്യാനുമാകില്ല.
? മാര്‍ക്‌സിസ്റ്റുകളും കമ്മ്യൂണിസ്റ്റുകളും കര്‍ത്താവിനെ ഉള്‍ക്കൊള്ളുന്നതിലേക്ക് മാറുകയാണെങ്കില്‍ സ്വാഗതം പറയുന്നു എന്ന് സത്യദീപം ചീഫ് എഡിറ്റര്‍ ഫാ. പോള്‍ തേലക്കാട്ട് പറഞ്ഞിരിക്കുന്നു. ഈ നിലപാടിനെക്കുറിച്ച്.
കമ്മ്യൂണിസവും പ്രത്യയശാസ്ത്രവും വര്‍ഗ്ഗസമരവും അവര്‍ക്ക് ഉപേക്ഷിക്കാനാകുമോ? മതവിരുദ്ധതയും സര്‍വ്വാധിപത്യവും ഏകാധിപത്യവും തള്ളിക്കളയുമോ പാര്‍ട്ടി. അച്ചന്റെ ഉദ്ദേശം നല്ലതാണ്. പാര്‍ട്ടിക്ക് മുമ്പ് പറഞ്ഞ കാര്യങ്ങള്‍ ഉപേക്ഷിക്കാന്‍ സാധിക്കുമെങ്കില്‍ അവര്‍ മറുപടി പറയട്ടെ.
യേശുവിന്റെ രൂപത്തിന് മുമ്പില്‍ തിരി തെളിച്ച് താഴെ ഇരുന്ന് കോഴ വാങ്ങുന്നു. റിട്ട. ജസ്റ്റിസ് കെ.റ്റി തോമസിന്റെ പ്രസ്താവനയെക്കുറിച്ച്.
ഒരു ന്യായാധിപന്‍ ഒരിക്കലും അങ്ങനെ പറയുവാന്‍ പാടില്ലായിരുന്നു. ഇന്ത്യയില്‍ തന്നെ എത്ര ന്യായാധിപന്മാര്‍ക്ക് എതിരെ അഴിമതിക്ക് വിധി വന്നിരിക്കുന്നു. ഇംപീച്ച് മെന്റ് ഉണ്ടായിരിക്കുന്നു. എന്നു വച്ച് എല്ലാ ന്യായാധിപന്മാരും അങ്ങനെ ആണെന്നു പറയുവാന്‍ സാധിക്കുമോ. തിരുമേനിമാരും അച്ചന്മാരും വിശ്വാസികളും യേശു രൂപത്തിന്റെ മുമ്പില്‍ തിരി തെളിച്ച് പ്രാര്‍ത്ഥിക്കുന്നവര്‍ തന്നെയാണ്. യേശുവില്‍ വിശ്വസിക്കുന്നവരാണ്. തിരിതെളിച്ചോ തെളിക്കാതെയോ ദൈവമേ എന്ന് വിളിക്കുന്നവരെയെല്ലാം ഒന്നടങ്കം കൈക്കൂലിക്കാരും കോഴക്കാരുമാക്കിയ വാക്ക് ഒരു ന്യായാധിപനില്‍ നിന്നും ഉണ്ടാകുവാന്‍ പാടില്ലാത്തതായിരുന്നു.
? മരണാനന്തരലോകത്തെ സമത്വസുന്ദരമായ സമൂഹത്തെക്കുറിച്ചാണ് ക്രിസ്തുമതം വിഭാവനം ചെയ്യുന്നത്. ഇത് ഈ ലോകത്ത് പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുകയാണ് കമ്മ്യൂണിസ്റ്റുകാരെന്ന് പിണറായി വിജയന്‍ പറയുന്നതിനെപ്പറ്റി.
ഈ ലോകത്തെ സര്‍വ്വമനുഷ്യരിലും പാപത്തിന്റെ സ്വാധീനം ആദിമാതാപിതാക്കളുടെ പ്രവര്‍ത്തനംമൂലം ഉണ്ടായിട്ടുണ്ട്. ദൈവചിന്ത ഉള്ളവര്‍ക്ക് ഇതിനെ ഏതു നിമിഷവും അതിജീവിക്കാനാകും. ഈ പാപസ്വാധീനത്തെ മാറ്റാന്‍ മറ്റൊന്നിനും സാധിക്കുകയുമില്ല. ദൈവത്തെ മറന്നുകൊണ്ട് ദൈവനിഷേധം പുലര്‍ത്തിക്കൊണ്ട് ഈ അതിജീവനം അസാധ്യമാണ്.
ദൈവം സൃഷ്ടിച്ചവയാണ് എല്ലാമെന്നും അങ്ങനെ തന്റെ സൃഷ്ടികളെ ദൈവം തന്നെ പരിപാലിക്കുന്നു എന്നു വിശ്വസിക്കുന്നവരില്‍ ദൈവം ഇടപെടുന്നുമുണ്ട്. എക്കാലവും ക്രൈസ്തവ സഭ ദൈവപരിപാലനയില്‍ ആവിര്‍ഭവിച്ചിട്ടുള്ളതാണ്. സഭയില്‍ ദൈവത്തിന്റെ നിരന്തര ഇടപെടലുകള്‍ എക്കാലവും ഉണ്ടാകുന്നുമുണ്ട്. മരണാനന്തര ജീവിതത്തെപ്പറ്റി ഒരു വിശ്വാസം കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഉണ്ടോ. ഉണ്ടെങ്കില്‍ അത് കമ്മ്യൂണിസമല്ല ദൈവപരിപാലന മാത്രമല്ല. സമത്വസുന്ദരമായ സമൂഹം കെട്ടിപ്പടുക്കുന്നത് മനുഷ്യനെ കൊന്നും കൊലവിളിയും നടത്തിയാണോ? അപ്പോള്‍ ഇവര്‍ അവസരത്തിനൊത്ത് കാര്യസാധ്യത്തിനായി നടത്തുന്ന വ്യര്‍ത്ഥവാക്കുകള്‍ മാത്രമാണ് ഇവയെല്ലാം. ചിത്രങ്ങളുടെ പ്രദര്‍ശനവും വ്യര്‍ത്ഥവ്യായാമം മാത്രമാണ്. ഇത് വിശ്വാസികളെ വ്രണപ്പെടുത്തുന്നതുമാണ്.
Friday, 17 February 2012 10:47
ക്രിസ്തുവിന്റെ വിപ്ലവമെന്തെന്ന് ആദ്യം തിരിച്ചറിയണം
Written by ബെനോജി പനന്തോട്ടം
Read 257 times
Login to post comments








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.