സാമ്പത്തിക അസമത്വവും സാമൂഹിക ധ്രുവീകരണവും മതമൗലികവാദവും രാഷ്ട്രീയശിഥിലീകരണവും ഭാരതപുരോഗതിക്ക് വെല്ലുവിളിയുയര്‍ത്തുമ്പോള്‍ മികവുറ്റ ഭാരത നിര്‍മ്മിതിക്കായി ക്രൈസ്തവമൂല്യങ്ങളിലുറച്ചുനിന്ന് ക്രിയാത്മകമായി പ്രവര്‍ത്തിക്കുവാന്‍ കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യയുടെ മുപ്പതാം ദേശീയ സിനഡ് ആഹ്വാനം ചെയ്തു.
സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം വര്‍ദ്ധിക്കുമ്പോള്‍ ദരിദ്രരുടെ പക്ഷം ചേര്‍ന്ന് അവര്‍ക്ക് ആശ്വാസവും സംരക്ഷണവും നല്‍കുക എന്നുള്ളതാണ് ഇന്നിന്റെ പ്രേഷിതദൗത്യമെന്ന് വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ച് ബിഷപ് സാല്‍വത്തോരോ പെനാച്ചിയോ. സെന്റ് ജോണ്‍സ് നാഷണല്‍ അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സില്‍ നടന്ന ഭാരതീയ മെത്രാന്‍ സമിതിയുടെ ഉദ്ഘാടനസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭാരതത്തിലെ സീറോ മലബാര്‍, ലത്തീന്‍, സീറോ മലങ്കര എന്നീ മൂന്ന് റീത്തുകളുടെ പൈതൃകവും പാരമ്പര്യവും സംരക്ഷിച്ചുകൊണ്ട് ഒരുമയോടെ പ്രവര്‍ത്തിക്കുന്ന ഭാരത സഭയുടെ വൈവിധ്യം മനോഹരമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ആഗോളതലത്തില്‍ ഭാരത കത്തോലിക്കാ സഭയെ ഏറ്റവും പ്രേഷിത ചൈതന്യമുള്ള സമൂഹമായാണു ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പ കാണുന്നതെന്നും ആര്‍ച്ച് ബിഷപ് ഓര്‍മ്മിപ്പിച്ചു. 
സഭയുടെ പ്രവര്‍ത്തനം വിലയിരുത്തി നവഭാരത സൃഷ്ടിക്കായി ക്രിസ്തീയ മൂല്യങ്ങളില്‍ ഉറച്ച് നിന്ന് പുതിയ കര്‍മ്മ പരിപാടികള്‍ രൂപപ്പെടുത്തണമെന്ന് കര്‍ദ്ദിനാള്‍ ഓസ്‌വാള്‍ഡ് ഗ്രേഷ്യസ് ആഹ്വാനം ചെയ്തു. സഭാപ്രവര്‍ത്തനങ്ങള്‍ കത്തോലിക്കാ സമുദായത്തിന്റെ മാത്രം ഉന്നമനത്തിലൊതുങ്ങാതെ ഭാരതത്തിന്റെ സമഗ്ര വളര്‍ച്ച ലക്ഷ്യമാക്കണം. കാലത്തിന്റെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് ഭാരത ക്രൈസ്തവ പ്രസ്ഥാനങ്ങള്‍ ക്രിയാത്മകമായി ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും കര്‍ദിനാള്‍ വ്യക്തമാക്കി.
ഭാരതത്തില്‍ 2.32 ശതമാനം മാത്രമുള്ള ക്രൈസ്തവ സമുദായം സമൂഹത്തിന്റെ സമസ്ത മേലകളിലും നിസ്തുലമായി ചെയ്തുകൊണ്ടിരിക്കുന്ന സംഭാവനകളെ അനുസ്മരിച്ചതോടൊപ്പം ഇന്ന് ഭാരതം നേരിടുന്ന മതതീവ്രവാദമുള്‍പ്പടെയുള്ള വിപത്തുകളെ സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും ചൈതന്യമുള്‍ക്കൊണ്ട് ചെറുത്തു തോല്‍പ്പിക്കണമെന്ന് കര്‍ദിനാള്‍ ഓസ്‌വാള്‍ഡ് ആഹ്വാനം ചെയ്തു.
'ഭാരത മികവിനു സഭയുടെ പങ്ക്' എന്ന വിഷയം ആസ്പദമാക്കി ഭാരത കത്തോലിക്കാ സഭയിലെ മൂന്ന് കര്‍ദിനാള്‍മാര്‍ ഉള്‍പ്പടെ കത്തോലിക്കാ സഭയിലെ 170 ബിഷപ്പുമാരും സന്യസ്തസഭാ പ്രതിനിധികളുമാണ്
സമ്മേളനത്തില്‍ പങ്കെടുത്തത്. ദൈവത്തിനും സമൂഹത്തിനും വേണ്ടി സമര്‍പ്പിതരാകാനുള്ള ഉത്തരവാദിത്വമാണ് ന്യൂനപക്ഷമെങ്കിലും ഭാരതത്തിലെ ക്രൈസ്തവ സഭയ്ക്കുള്ളതെന്ന് പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ ജസ്റ്റിസ് ആന്റ് പീസ് അധ്യക്ഷന്‍ ഘാനയില്‍നിന്നുള്ള കര്‍ദിനാള്‍ പീറ്റര്‍ ടര്‍ക്‌സണ്‍ ഉദ്‌ബോധിപ്പിച്ചു. സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഒരേസമയം ദൈവത്തോടും ജനങ്ങളോടും നാം വിശ്വസ്തരായിരിക്കണം. വിദ്യാഭ്യാസ ആതുരശുശ്രൂഷാമേഖലകളില്‍ നമ്മുടെ സേവനങ്ങള്‍ വിശ്വസ്തതയോടെ നിറവേറ്റുവാന്‍ നമ്മുക്ക് കഴിയണം. രാജ്യം ക്രൈസ്തവരില്‍ അര്‍പ്പിക്കുന്ന വിശ്വാസ്യതയോട് നീതി പുലര്‍ത്തുവാന്‍ സഭ പ്രതിജ്ഞാബദ്ധമാണ്. എല്ലാവരുടെയും നന്മയാണ് സഭ ലക്ഷ്യമിടുന്നത്. ഈ നന്മവഴി ഈ രാജ്യം പുരോഗതി കൈവരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സാമ്പത്തിക ഉദാരവല്‍ക്കരണത്തിലൂടെ ഇന്ത്യ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ടെങ്കിലും വെറും 25 ശതമാനം ആളുകള്‍ക്ക് മാത്രമേ ഈ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താന്‍ കഴിയുന്നുള്ളൂ. ബാക്കി 75 ശതമാനം പൗരന്മാരും സമൂഹത്തിന്റെ മുഖ്യധാരയില്‍ വരാതെ, ദാരിദ്ര്യത്തോട് മല്ലടിക്കുകയാണ്. അതുകൊണ്ട് സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം വര്‍ദ്ധിച്ചുവരികയാണെന്നും സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്ന സാമൂഹിക നീതിയും സമത്വവും ജലരേഖകളായി മാറുന്നതു മൂലമുള്ള അസ്വസ്ഥത സമൂഹത്തില്‍ ദൃശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ആധ്യാത്മികതയിലൂന്നിയ സാമ്പത്തിക വളര്‍ച്ചയ്ക്കു മാത്രമേ മനുഷ്യന്റെ സമഗ്ര പുരോഗതി ഉറപ്പാക്കാന്‍ കഴിയൂ. ഈ സാഹചര്യത്തില്‍ സമൂഹത്തിലെ എല്ലാ വിഭാഗത്തിലും സമത്വവും നീതിയും ഉറപ്പാക്കാന്‍ സനേഹത്തിന്റെയും സേവനത്തിന്റെയും പാതയില്‍ സഭ പ്രവര്‍ത്തനനിരതമാകേണ്ടിയിരിക്കുന്നു. കര്‍ദിനാള്‍ ഓര്‍മ്മിപ്പിച്ചു.
ക്രൈസ്തവര്‍ക്കും ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കുമെതിരെ വളര്‍ന്നുവരുന്ന ആക്രമണങ്ങളില്‍ ആര്‍ച്ച് ബിഷപ് ഡോ.ബെര്‍ണാഡ് മോറസ് ഉല്‍ക്കണ്ഠ രേപ്പെടുത്തി. ക്രൈസ്തവ സമൂഹത്തെ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നുവെന്നും കര്‍ണ്ണാടകയിലെ വിവിധ ജില്ലകളില്‍ 2008-ല്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്കു നേരെ നടന്ന ആക്രമണങ്ങള്‍ അന്വേഷിച്ച ജസ്റ്റിസ് സോമശേഖര കമ്മീഷന്റെ വിലയിരുത്തല്‍ ഏകപക്ഷീയമായിരുന്നുവെന്നും ക്രൈസ്തവ സമുദായത്തോടു കമ്മീഷന്‍ നീതി പുലര്‍ത്തിയില്ലെന്നും ആര്‍ച്ച് ബിഷപ് വ്യക്തമാക്കി. സി ബി ഐ അന്വേഷണത്തിനായുള്ള സഭയുടെ നിര്‍ദ്ദേശത്തോട് സര്‍ക്കാര്‍ ഇനിയും പ്രതീകരിച്ചിട്ടില്ലെന്നും അദ്ദേഹം അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആരോഗ്യ വിദ്യാഭ്യാസ രംഗങ്ങളില്‍ സഭ നല്‍കുന്ന നിസ്വാര്‍ത്ഥ സേവനത്തെ നവീന്‍ ചൗള പ്രശംസിച്ചു. മദര്‍ തെരേസയുടെ അടുത്ത സഹകാരിയും ജീവചരിത്രകാരനുമാണു മുന്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ കൂടിയായ നവീന്‍ ചൗള. ആത്മവിശ്വാസത്തോടെയും ധൈര്യത്തോടെയും സഭയുടെ സേവനങ്ങള്‍ തുടര്‍ന്നുകൊണ്ട് പോകണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരിലേക്ക് ഇറങ്ങിച്ചെല്ലാന്‍ മദര്‍ തെരേസയെപ്പോലെ സഹാനുഭൂതി ഉണ്ടാകേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
മതപരിവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുവെന്ന തല്‍പ്പര കക്ഷികളുടെ ആരോപണത്തിലൂടെ നഷ്ടമായ പ്രതിഛായ ക്രൈസ്തവസഭ വീണ്ടെടുക്കേണ്ടതിന്റെ ആവശ്യകത പ്രമുഖ സാമൂഹിക ശാസ്ര്തജ്ഞനും പത്മഭൂഷന്‍ ജേതാവുമായ പ്രഫ. ഉമ്മന്‍ ഊന്നിപ്പറഞ്ഞു. സി.ബി.സി.ഐ വൈസ് പ്രസിഡന്റുമാരായ മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവാ, മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു. സി.ബി.സി.ഐ സെക്രട്ടറി ജനറല്‍ ആര്‍ച്ച് ബിഷപ് ഡോ. ആല്‍ബര്‍ട്ട് ഡിസൂസ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചടങ്ങില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് നിയുക്ത കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ അനുമോദിച്ചു. സമ്മേളനത്തിന് രാഷ്ട്രപതി പ്രതിഭ പാട്ടീല്‍ ആശംസകള്‍ അറിയിച്ചു.
സമ്മേളന ദിവസങ്ങളില്‍ ചര്‍ച്ചകളോടും വിചിന്തനങ്ങളോടുമൊപ്പം 'ഭാരത മികവിനു സഭയുടെ പങ്ക'് എന്ന വിഷയത്തില്‍ പ്രബന്ധമവതരിപ്പിച്ച് പ്രമുഖര്‍ സംസാരിച്ചു. സഭയുടെ നവീന ദൗത്യത്തിനു ഉള്‍ക്കാഴ്ച്ചയും ദിശാബോധവും നല്‍കി സി ബി സി ഐ സിനഡ് ഫെബ്രുവരി എട്ടിന് സമാപിച്ചു.








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.