കേരളത്തിലെ കോട്ടയം ജില്ലയിലെ ഉള്‍നാടന്‍ ഗ്രാമമായ കൈപ്പുഴയില്‍ നിന്ന് രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തിലെ ന്യായാധിപന്മാരില്‍ ഒരാളായി വിരമിക്കുക. അസുലഭമായ ഈ സൗഭാഗ്യത്തിനുടമയാണ് ജനുവരി 28-ന് സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് സിറിയക് ജോസഫിന് ലഭിച്ചത്. തന്റെ വിശ്വാസവും ബോധ്യങ്ങളും അദ്ദേഹം സണ്‍ഡേ ശാലോമിനോട് പങ്കുവയ്ക്കുന്നു. 
അക്കാദമിക് തലത്തില്‍ ശ്രദ്ധേയരായ പ്രമുഖരുടെ കുടുംബത്തില്‍ ജനിച്ച്, സഭയുടെയും സമുദായത്തിന്റെയും പക്ഷം ചേര്‍ന്നു നടന്നുവെങ്കിലും നീതി നിര്‍വഹണത്തില്‍ അണുവിട വ്യതിചലിക്കാത്ത ന്യായാധിപന്‍ എന്നാണ് അദ്ദേഹത്തെ അടുത്തറിയുന്നവര്‍ പറയുന്നത്. ഡല്‍ഹി തിരുഹൃദയ കത്തീഡ്രല്‍ ദേവാലയത്തില്‍ വെള്ളിയാഴ്ച തോറും ഉച്ചയ്ക്ക് ഭാര്യക്കൊപ്പം പ്രാര്‍ത്ഥിക്കാനെത്തിയിരുന്ന ജസ്റ്റിസ് സിറിയക് ജോസഫിനെ പലരും കാണാറുണ്ട്. അദ്ദേഹം ക്രൈസ്തവനായതുകൊണ്ടും വിശ്വാസിയായതുകൊണ്ടും, തന്റെ വിശ്വാസം പൊതുവേദികളില്‍ ഉറക്കെ പ്രഖ്യാപിക്കാന്‍ മടിക്കാത്തതിനാലും നിരവധി വിമര്‍ശനങ്ങളും അദ്ദേഹത്തിന് നേരിടേണ്ടിവന്നിട്ടുണ്ട്.
''കര്‍ത്താവാണ് എന്റെ ഇടയന്‍. എനിക്കൊന്നിനും കുറവുണ്ടാവുകയില്ല,'' എന്ന് അദ്ദേഹം പൊതുവേദികളില്‍ തുറന്ന് പറഞ്ഞു. ''പതിനേഴര വര്‍ഷം ന്യായാധിപനായിരുന്ന എനിക്ക് ധൈര്യപൂര്‍വം ഈ വചനം ഏറ്റ് പറയാന്‍ കഴിയും. കൈപ്പുഴ യില്‍ നിന്നും രാജ്യത്തിന്റെ പരമോന്നത നീതി പീഠത്തിലെത്തിയപ്പോഴും ഞാന്‍ പിന്നിട്ട പാത മറന്നിട്ടില്ല, അധികാരവും പണവും പ്രതാപവും എല്ലാം തന്നവന്‍ തന്നെ ഏതു നിമിഷവും തിരികെ എടുക്കാം, അതിനാല്‍ ഔന്നത്യത്തിന്റെ പടവില്‍ നിന്നുകൊണ്ട് ഞാന്‍ നിങ്ങളെ ഓരോരുത്തരേയും നമിക്കുന്നു. മന:സാക്ഷിക്ക് വിരുദ്ധമായി ഞാന്‍ ഒന്നും ചെയ്തിട്ടില്ല, നാളെയും ഞാന്‍ നിങ്ങളുടെ പ്രിയപ്പെട്ട സിറിയക് ആയിരിക്കും. എന്റെ ജീവിതവിജയത്തിന്റെ പങ്ക് സുകൃതം ചെയ്ത എന്റെ മാതാപിതാക്കള്‍ക്കാണ.് പിന്നെ ജീവിതത്തിന്റെ ഓരോ അവസ്ഥയിലും ഒപ്പം നിന്ന എന്റെ ഭാര്യയ്ക്കും..''
സഭയുടെയും മറ്റ് പൊതുവേദികളിലും അദ്ദേഹത്തിന്റെ പ്രസംഗം എത്ര ദീര്‍ഘിച്ചാലും ശ്രോതാക്കള്‍ അക്ഷമരാകാറില്ല. സരസവും ഗാംഭീര്യവുമാര്‍ന്ന പ്രസംഗം കേള്‍വിക്കാരി ല്‍ ആകാംക്ഷയുണര്‍ത്തുന്നതാണ്. കഥ, സാഹിത്യം, സിനിമ, കവിത തുടങ്ങി നിയമഞ്ജര്‍ക്ക് അരോചകമായ പല വിഷയങ്ങളിലും അദ്ദേഹത്തിന്റെ പ്രാവീണ്യവും താല്‍പ്പര്യവും കാണുമ്പോള്‍ മനസിലാകും, ഈ ന്യായാധിപന്‍ തടിച്ച നിയമ ഗ്രന്ഥങ്ങള്‍ക്കും, ദുര്‍ഗ്രാഹ്യമായ നീതി ന്യായ സംവിധാനങ്ങള്‍ക്കും അപ്പുറം വ്യാപരിക്കുന്ന വ്യക്തിത്വമാണെ ന്ന്. ദീര്‍ഘമായ കോടതി ജീവിതം, വ്യക്തിനിഷ്ഠ, പ്രാര്‍ത്ഥനാ ജീവിതം, വിശ്വാസം എന്നിവയെപ്പറ്റി അദ്ദേഹം സംസാരിച്ചു.
? സ്വന്തം ജീവിതത്തെ അങ്ങ് എങ്ങനെ വിലയിരുത്തുന്നു?
എന്റെ ജീവിതത്തെ ഞാനല്ല, മറ്റുള്ളവരാണ് വിലയിരുത്തേണ്ടത്. എങ്കിലും ഒരുത്തമ ക്രൈസ്തവനും ഉത്തമ പൗരനുമായിരിക്കാന്‍ നിരന്തരമായും ആത്മാര്‍ത്ഥമായും ശ്രമിച്ച ജീവിതമായിരുന്നു എന്റേതെന്ന് ഞാ ന്‍ വിശ്വസിക്കുന്നു. മാതാപിതാക്കള്‍ പകര്‍ന്നു തന്ന ക്രൈസ്തവവിശ്വാസം ക്രൈസ്തവ യുവജനസംഘടനകളിലെ പ്രവര്‍ത്തനങ്ങളിലൂടെ വളര്‍ത്തിയെടുക്കുകയും ക്രൈസ്തവവിശ്വാസത്തിന്റെ അന്ത:സത്ത മറ്റുള്ളവര്‍ക്ക് നന്മ ചെയ്യുകയാണെന്ന് മനസിലാക്കി സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുകയും ചെയ്തു. ഒരു നല്ല മനുഷ്യനായിരിക്കുക എന്നതാണ് ഒരു ക്രൈസ്തവന്റെ പ്രധാന ധര്‍മ്മമെന്ന് വിശ്വസിച്ച് ജീവിച്ചു. മാതാപിതാക്കളില്‍ നിന്നും ലഭിച്ച പ്രചോദനവും പ്രോത്സാഹനവും പിന്തുണയും ജീവിതത്തില്‍ ഉയര്‍ന്ന അഭിലാഷങ്ങള്‍ വെച്ച് പുലര്‍ത്താനും അവ യാഥാര്‍ഥ്യമാക്കാന്‍ അധ്വാനിക്കാനും സഹായിച്ചു. ലക്ഷ്യത്തിലെത്താന്‍ കുറുക്ക് വഴികളൊന്നും തേടിയിട്ടില്ല. നേരായ മാര്‍ഗങ്ങളില്‍ മാത്രം സഞ്ചരിച്ചു. വിശ്വസ്ത ദാസനെ ദൈവം കൈവിടുകയില്ലെന്ന് ഉറപ്പുണ്ടായിരുന്നു.
''കര്‍ത്താവാണ് എന്റെ ഇടയന്‍. എനിക്കൊന്നിനും മുട്ടുണ്ടാവുകയില്ല..'' എന്ന സങ്കീര്‍ത്തന ഭാഗം എനിക്ക് ശക്തി നല്‍കി. ലോകം മുഴുവന്‍ നേടിയാലും നിന്റെ ആത്മാവ് നശിച്ചാല്‍ എന്ത് പ്രയോജനം?'' എന്ന ദൈവ വചനം ശരിയായ രീതിയില്‍ തീരുമാനങ്ങള്‍ എടുക്കാന്‍ എപ്പോഴും സഹായിച്ചു. ആത്മാവിനെ നഷ്ടപ്പെടുത്തുന്ന നേട്ടങ്ങള്‍ വേണ്ടെന്നുവയ്ക്കാനും ആത്മാവിനെ നശിപ്പിക്കാത്ത നേട്ടങ്ങള്‍ കൊണ്ട് മാത്രം തൃപ്തിപ്പെടാനും ദൈവകൃപ ലഭിച്ചു. ഒരേസമയം ഉത്തമ ക്രൈസ്തവനും ഉത്തമപൗരനുമായിരിക്കാന്‍ കഴിയുമെന്ന് സ്വന്തം ജീവിതത്തിലൂടെ പഠിച്ചു. കുറ്റങ്ങളും കുറവുകളുമുള്ള ബലഹീനനായ മനുഷ്യനായിരുന്നിട്ടും അര്‍ഹിക്കുന്നതിനേക്കാള്‍ നൂറ് മടങ്ങ് ദൈവാനുഗ്രഹങ്ങള്‍ ലഭിച്ച ഒരു മഹാ ഭാഗ്യവാനാണ് ഞാന്‍. ആഗ്രഹങ്ങളുണ്ടെങ്കിലും എന്റെ ഇഷ്ടമല്ല ദൈവേഷ്ടം നടക്കട്ടെയെന്ന് പ്രാര്‍ത്ഥിച്ചു. സംഭവിക്കുന്നതെല്ലാം ദൈവഹിതമെന്ന് കരുതി സ്വീകരിച്ചു. ജീവിതത്തിലുണ്ടാകുന്ന ബുദ്ധിമുട്ടുകളും പ്രയാസങ്ങളും സഹിക്കാനുള്ള കരുത്ത് നല്‍കണേ എന്നായിരുന്നു പ്രാര്‍ത്ഥന. ദൈവം എന്റെ പ്രാര്‍ത്ഥന കേട്ടു. ഈ എളിയ ദാസനെ ദൈവം എപ്പോഴും തന്റെ ഉള്ളം കയ്യില്‍ കാത്ത് സൂക്ഷിച്ചു. ''ദൈവത്തിന് സ്തുതി. ദൈവത്തിന് നന്ദി''എന്ന് മാത്രം മന്ത്രിക്കുന്ന മനസ് ദൈവഹിതത്തിന് വഴങ്ങി തുടര്‍ന്നും സന്തോഷപൂര്‍വ്വം ജീവിക്കാന്‍ സസന്തോഷം തയ്യാര്‍.
? ഉന്നത നീതി പീഠത്തിലെ ജോലി വിശ്വാസജീവിതത്തിന് തടസമായിട്ടുണ്ടോ?
ഒരു ന്യായാധിപന്റെ ജോലി ഒരു ക്രിസ്ത്യാനിയുടെ വിശ്വാസജീവിതത്തിന് പ്രതിബന്ധമായി എനിക്കൊരിക്കലും തോന്നിയിട്ടില്ല. നേരെ മറിച്ച് ക്രൈസ്തവവിശ്വാസവും ക്രിസ്തീയ മൂല്യങ്ങളും നീതിബോധവുമുള്ള നിഷ്പക്ഷനായ ന്യായാധിപനായിരിക്കാന്‍ എന്നെ സഹായിച്ചിട്ടേയുള്ളൂ.
''നീതിക്ക് വേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവര്‍ ഭാഗ്യവാന്മാര്‍; അവര്‍ക്ക് സംതൃപ്തി ലഭിക്കും.... നീതിക്ക് വേണ്ടി പീഡനം ഏല്‍ക്കുന്നവര്‍ ഭാഗ്യവാന്മാര്‍. സ്വര്‍ഗരാജ്യം അവരുടേതാണ്.'' എന്നാണല്ലോ സുവിശേഷഭാഗ്യങ്ങളില്‍ പറയുന്നത്.
? നീതി നിര്‍വഹണത്തില്‍ മന:സാക്ഷിക്കാണോ നിയമപുസ്തകങ്ങള്‍ക്കാണോ പ്രാമുഖ്യം കല്പിക്കുന്നത്
ഒരു ന്യായാധിപന്‍ നീതി നിര്‍വഹണം നടത്തുന്നത് ഭരണഘടനയും നിയമങ്ങളും അനുസരിച്ചാണ്. നിയമം ഭരണഘടനാനുസൃതവും വ്യക്തവുമാണെങ്കില്‍ അതു നടപ്പിലാക്കാന്‍ ന്യായാധിപന്‍ ബാധ്യസ്ഥനുമാണ്. അവിടെ നിയമവും മന:സാക്ഷിയുമായി സംഘര്‍ഷത്തിന് അവസരമോ പ്രസക്തിയോ ഇല്ല. എന്തിനെങ്കിലും മുന്‍ഗണന നിശ്ചയിക്കുന്ന പ്രശ്‌നവുമില്ല. എന്നാല്‍ നിയമത്തെ വ്യാഖ്യാനിക്കുകയോ, തെളിവുകള്‍ വിലയിരുത്തപ്പെടുകയോ ആവശ്യമായി വരുമ്പോള്‍ ഭരണഘടനാ മൂല്യങ്ങളും നിയമത്തിന്റെ ഉദ്ദേശ്യവും ചൈതന്യവും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ശരിയേത് നീതിയെന്തെന്ന് നിര്‍ണയിക്കാന്‍ ഒരു ന്യായാധിപന് സ്വന്തം മന:സാക്ഷിയുടെ മാര്‍ഗനിര്‍ദ്ദേശം തേടാവുന്നതാണ്.
വിശ്വാസജീവിതവും ഔദ്യോഗിക ജീവിതവും തമ്മില്‍ ഒരിക്കലും സംഘര്‍ഷവുമുണ്ടായിട്ടില്ല. ക്രൈസ്തവ വിശ്വാസവും ക്രിസ്തീയ ജീവിതവും ഒരു നല്ല ജഡ്ജിയായിരിക്കാന്‍ എന്നെ സഹായിച്ചിട്ടേയുള്ളൂ. ഒരു യഥാര്‍ത്ഥ ക്രിസ്ത്യാനിക്ക് നീതി ബോധമില്ലാത്തവനോ, പക്ഷപാതിയോ, അഴിമതിക്കാരനോ, കൈക്കൂലിക്കാരനോ,സ്വാര്‍ത്ഥനോ, ഭീരുവോ, സ്വജന പക്ഷപാതിയോ ആവുക സാധ്യമല്ല. നീതിക്ക് വേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യാനും നീതിക്ക് വേണ്ടി പീഡനം ഏല്ക്കാനും ക്രിസ്തീയ വിശ്വാസം പ്രചോദനമേകുന്നു. ഒരു ക്രൈസ്തവനായിരിക്കുന്നതിലും ഒരു ഭാരതീയനായിരിക്കുന്നതിലും ഞാന്‍ അഭിമാനിക്കുന്നു.
? നീതിന്യായക്കോടതികള്‍ സാധാരണക്കാര്‍ക്ക് അപ്രാപ്യമാണോ?
നീതിന്യായക്കോടതികള്‍ സാധാരണക്കാര്‍ക്ക് പണ്ട് അപ്രാപ്യമായിരുന്നു എന്ന് പറയുന്നതില്‍ കുറെ കഴമ്പുണ്ട്. എന്നാല്‍ ഇന്ന് സ്ഥിതി വ്യത്യസ്തമാണ്. കൂടുതല്‍ കോടതികള്‍ സ്ഥാപിക്കപ്പെടുന്നുണ്ട്. പാവപ്പെട്ടവര്‍ക്ക് നിയമസഹായം ലഭ്യമാക്കാനുള്ള നിയമ വ്യവസ്ഥകളും പദ്ധതികളും ഇന്ന് നിലവിലുണ്ട്. അവയുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടേണ്ടതുണ്ട്, വ്യാപകമാകേണ്ടതുണ്ട്. ഹൈക്കോടതികളിലും സുപ്രീം കോടതിയിലും പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകരുടെ അനിയന്ത്രിതമായ ഉയര്‍ന്ന ഫീസ് സാധാരണക്കാര്‍ക്ക് താങ്ങാനാവില്ല. ഇതിനൊരു പരിഹാരം ഉണ്ടാകണം.
? കുടുംബത്തെപ്പറ്റി?
എന്റെ വന്ദ്യരായ മാതാപിതാക്കള്‍ ജീവിച്ചിരിക്കുന്നു. അപ്പന് 87 ഉം അമ്മയ്ക്ക് 82 ഉം വയസ്. ഞാന്‍ സുപ്രീം കോടതിയില്‍ ജഡ്ജിയായി സത്യപ്രതിജ്ഞചെയ്യുന്ന ചടങ്ങില്‍ ഇരുവരും പങ്കെടുത്തിരുന്നു. അക്കാര്യത്തില്‍ ഞാന്‍ മഹാ ഭാഗ്യവാനാണ്. ഭാര്യ തൊടുപുഴയില്‍ പരേതനായ സൈമണ്‍ പച്ചിക്കരയുടെ മക ള്‍ ബിബി, കുടംബിനിയാണ്. ഞങ്ങള്‍ക്ക് ഒരു മകനും മൂന്ന് പെണ്‍മക്കളുമാണുള്ളത്. എല്ലാവരും വിവാഹിതര്‍. ആറു കൊച്ചുമക്കളുണ്ട്. മകന്‍ സുശീല്‍ സിറിയക് കേരള ഹൈക്കോടതിയില്‍ അഭിഭാഷകനാണ്.
? കലാ സാഹിത്യ കായിക രംഗത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്?
പഠനത്തോടൊപ്പം കലാ- സാഹിത്യ രംഗങ്ങളിലും എനിക്ക് കുട്ടിക്കാലം മുതല്‍ താല്പര്യമുണ്ടായിരുന്നു. സ്‌കൂളിലും കോളജുകളിലും നിരവധി സമ്മാനങ്ങളും കിട്ടിയിട്ടുണ്ട്. നൈസര്‍ഗിക വാസനകള്‍ക്ക് പുറമേ മാതാപിതാക്കളുടെ പ്രോത്സാഹനം കൂടി ലഭിച്ചപ്പോള്‍ താല്പര്യം പ്രാവീണ്യമായി വളരുകയായിരുന്നു. എന്റെ വ്യക്തിത്വ വികസനത്തിനും സ്വഭാവ രൂപീകരണത്തിലും വലിയ സ്വാധീനം ചെലുത്താന്‍ കലാസാഹിത്യ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞു.
? ഭാവി പരിപാടികള്‍?
ഭാവി പരിപാടികളെക്കുറിച്ച് കൃത്യമായി തീരുമാനിച്ചിട്ടില്ല. ഏതാനും ദിവസങ്ങള്‍ക്കുളളില്‍ ഡല്‍ഹി വിട്ട് കേരളത്തിലേക്ക് പോകും. ആയുസും ആരോഗ്യവും അനുവദിക്കുന്നിടത്തോളം കാലം സമൂഹത്തിന് നന്മചെയ്ത് ജീവിക്കണം. പ്രവര്‍ത്തന മേഖല ഏതെന്ന് തീരുമാനിച്ചിട്ടില്ല. സമയമാകുമ്പോള്‍ ദൈവം വിളിക്കും. ആ വിളി ഞാന്‍ കേള്‍ക്കും. ദൈവം കാണിച്ച് തരുന്ന വഴിയേ ഞാന്‍ നടക്കുകയും ചെയ്യും.
അധികാരത്തിന്റെ ഉന്നത സോപാനങ്ങള്‍ താണ്ടുമ്പോഴും തന്റെ വിശ്വാസത്തെ പിന്നാമ്പുറത്ത് ഒളിപ്പിക്കുന്നവരെ നാം കാണാറുണ്ട്. സഞ്ചരിക്കുന്ന വാഹനത്തില്‍ വെഞ്ചരിച്ച കൊന്ത സൂക്ഷിക്കാന്‍ മടികാണിക്കുന്ന ഉത്തമ കത്തോലിക്കര്‍ പോലുമുണ്ട്. ഇവിടെ സ്വന്തം വിശ്വാസം ഉറക്കെ പ്രഖ്യാപിക്കാന്‍ അത് ജീവിച്ചു കാണിക്കാന്‍ ഈ ന്യായാധിപന് മടിയില്ല. അതിന്റെ പേരില്‍ പഴികേട്ടാലും അദ്ദേഹത്തിന് കുലുക്കവുമില്ല. അധികാരവും പണവും സ്വാധീനവും ചാതുര്‍വര്‍ണ്യവും സൃഷ്ടിച്ച ഉച്ച നീചത്വങ്ങളും ഇന്നും കൊടികുത്തിവാഴുന്ന തലസ്ഥാനത്തു നിന്നും മാനുഷീക മൂല്യങ്ങളുടെ സഹയാത്രികന്‍ വിടവാങ്ങുന്നു. ഇനി അദ്ദേഹത്തിന്റെ തട്ടകം കേരളമാണ്, സമൂഹത്തിനും സഭയ്ക്കും ഇദ്ദേഹം ഒരു മുതല്‍ക്കൂട്ടായി മാറട്ടെ.
Friday, 10 February 2012 11:55
വിശ്വാസദീപം കൈകളിലേന്തി...
Written by ജോണ്‍ മാത്യു
Read 509 times
Login to post comments








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.