സിറിയ പ്രതീക്ഷിക്കുന്നത് മൗലികാവകാശങ്ങളുടെ സംരക്ഷണമാണെന്ന് അന്ത്യോഖ്യന്‍ കത്തോലിക്കാ പാത്രിയര്‍ക്കീസ് ഇഗ്നേഷ്യസ് ജോസഫ് തൃതീയന്‍ യൗനാന്‍
സിറിയയിലെ ക്രൈസ്തവ സഭകള്‍ ഭയാനകമായ പ്രതിസന്ധിയിലൂടെയാണ് ഇപ്പോള്‍ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നതെന്ന് സിറിയയിലെ അന്ത്യോഖ്യന്‍ കത്തോലിക്കാ പാത്രിയര്‍ക്കീസായ ഇഗ്നേഷ്യസ് ജോസഫ് തൃതീയന്‍ ബാവാ പറഞ്ഞു. സണ്‍ഡേ ശാലോമിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. ലോകത്തില്‍ നിന്ന് സിറിയ പ്രതീക്ഷിക്കുന്നത് മൗലികാവകാശങ്ങളുടെ സംരക്ഷണമാണ്. ഇസ്ലാമിനു മുമ്പ് ക്രിസ്തുമതം വന്ന സിറിയയില്‍ ഇപ്പോള്‍ ക്രൈസ്തവര്‍ ഭീതിയിലാണ്. അദ്ദേഹം തുടര്‍ന്നു. 
യഥാര്‍ത്ഥത്തില്‍ സിറിയ ലക്ഷ്യം വയ്ക്കുന്നത് സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം എന്നീ നന്മകളിലാണ്. ഇതിനെ വേണമെങ്കില്‍ സോഷ്യലിസം എന്ന് വിശേഷിപ്പിക്കാമെന്ന് തോന്നുന്നു. എന്നാല്‍ ഈ നന്മകളിലേക്കു പ്രവേശിക്കണമെങ്കില്‍ ഇനിയും ഒരുപാട് ദൂരം യാത്ര ചെയ്യേണ്ടതുണ്ട്. എനിക്ക് പ്രതീക്ഷയുണ്ട്, ജനാധിപത്യത്തിലൂന്നിയ എല്ലാ മതങ്ങള്‍ക്കും തുല്യപ്രാധാന്യമുള്ള എല്ലാ ജനങ്ങള്‍ക്കും തുല്യ ഉത്തരവാദിത്വവും അവകാശവുമുള്ള ഒരു ജനാധിപത്യ ഭരണക്രമം നിലവില്‍ വരുമെന്ന്. എന്നാല്‍ സിറിയായിലെ ബഹുഭൂരിപക്ഷം ആളുകളും സോഷ്യലിസം ആഗ്രഹിക്കുമ്പോള്‍ ന്യൂനപക്ഷം പേര്‍ അതിനെതിരെ നിലനില്‍ക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. നമുക്കുവേണ്ടത് നിഷ്പക്ഷമായ ഒരു മൂന്നാം പാര്‍ട്ടിയാണ്. വിഘടിച്ചു നില്‍ക്കുന്ന മറ്റു വിഭാഗങ്ങളെ യോജിപ്പിക്കാന്‍ അവര്‍ ശ്രമിക്കട്ടെ. ഒരു ഗവണ്‍മെന്റിനെ മറിച്ചിടുന്നതിനേക്കാ ള്‍ അഭികാമ്യം യോജിപ്പോടെ ഒരുമിച്ചു നില്‍ക്കുകയാണ്. അട്ടിമറികള്‍ എപ്പോഴും നാശത്തിലേക്കേ നയിക്കൂ. ഇന്നത്തെ ഞങ്ങളുടെ അവസ്ഥയില്‍നിന്നും ഒരു ജനാധിപത്യ വ്യവസ്ഥയിലേക്ക് കടന്നുവരണമെങ്കില്‍ ഹൃദയം തുറന്ന ചര്‍ച്ചകളും കൂട്ടായ്മകളും ആവശ്യമാണ്. സിറിയയില്‍ ഇന്നത് നിലവിലില്ല.
സിറിയയിലെ ഹസാക്ക് സ്വദേശിയായ യൗനാന്‍ പാത്രിയര്‍ക്കീസ് ലോകത്താകമാനം വ്യാപിച്ചു കിടക്കുന്ന 1,50,000 ഓളം സിറിയക്ക് കത്തോലിക്കരുടെ ശ്രേഷ്ഠ ഇടയനാണ്. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് അദ്ദേഹത്തെ 1995 ല്‍ അമേരിക്കയിലെ സിറിയക്ക് കത്തോലിക്കാ ബിഷപ്പായി ആദ്യം നിയമിച്ചത്. 2009 ല്‍ റോമില്‍ കൂടിയ സിറിയക്ക് കത്തോലിക്കാ സിനഡ് അന്ത്യോഖ്യയിലെ സിറിയന്‍ കാത്തലിക് പാത്രിയര്‍ക്കീസായി അദ്ദേഹത്തെ ഉയര്‍ത്തി.
സിറിയയിലെ രക്തരൂക്ഷിതവിപ്ലവം ഇപ്പോള്‍ മതപരമായ പോരാട്ടമായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സഭ ഒരു ഭരണകൂടത്തെയും പിന്തുണയ്ക്കുന്നില്ല. സന്ധിസംഭാഷണങ്ങള്‍ക്കും നവീകരണപ്രവര്‍ത്തനങ്ങള്‍ക്കുമാണ് പ്രാധാന്യം കൊടുക്കുന്നത്.
? സിറിയയില്‍ ക്രൈസ്തവസഭ നേരിടുന്ന വെല്ലുവിളികള്‍.
ദേശീയവും അന്തര്‍ദേശീയവുമായ വാര്‍ത്താ മാധ്യമങ്ങ ള്‍ ശ്രദ്ധയോടെ വീക്ഷിക്കുകയും വായിക്കുകയും ചെയ്യുന്ന മലയാളികളോട് സിറിയായിലും സമീപപ്രദേശങ്ങളിലും ഈ അടുത്ത കാലത്തുണ്ടായ സംഭവവികാസങ്ങളെക്കുറിച്ച് അധികം വിശദീകരിക്കണമെന്ന് തോന്നുന്നില്ല. ആരാധനാസമയത്ത് ദേവാലയങ്ങളില്‍ കടന്നുകയറുകയും ഞങ്ങളുടെ സഹോദരങ്ങളെ മൃഗീയമായി വധിക്കുകയും മുറിവേല്‍പ്പിക്കുകയും ചെയ്ത സംഭവങ്ങള്‍ വളരെ പ്രാധാന്യത്തോടുകൂടിയാണ് പത്രമാധ്യമങ്ങള്‍ സമൂഹമന:സാക്ഷിക്ക് മുന്നില്‍ അവതരിപ്പിച്ചത്. മനുഷ്യ സ്വാതന്ത്ര്യവും തനിമയും സംരക്ഷിക്കാന്‍ മാധ്യമങ്ങള്‍ കാണിക്കുന്ന വ്യഗ്രത ശ്ലാഘനീയമാണ്. ന്യൂനപക്ഷംപേര്‍ പണത്തിനുവേണ്ടി വൈദികരെയും മെത്രാന്മാരെയും തട്ടിക്കൊണ്ടുപോവുകയും അവരുടെ ജീവനുവേണ്ടി വിലപേശുകയും ചെയ്യുന്ന വേദനാജനകമായ അവസ്ഥ ഞങ്ങളുടെ നാട്ടിലുണ്ട്. ഇതിനു പിന്നില്‍ മനുഷ്യനന്മ ആഗ്രഹിക്കുന്ന ഇസ്ലാമിക മതദര്‍ശനമുണ്ടെന്ന് ഞാന്‍ ഒട്ടും കരുതുന്നില്ല. മറിച്ച് എളുപ്പത്തില്‍ സമ്പന്നരാകാമെന്നുള്ള ചില സ്വാര്‍ത്ഥമതികളുടെ ഉദ്ദേശമാണുള്ളത്. ഒന്നുകൂടി വ്യക്തമാക്കി പറഞ്ഞാല്‍ ഒരു ന്യൂനവിഭാഗം മാത്രമാണ് ഇത്തരത്തിലുള്ള ആ ക്രമണങ്ങളും മറ്റും ആസൂത്രി തമായി ചെയ്യുന്നത്. ക്രൈസ്തവരുടെ ഇടയന്മാര്‍ എന്ന നിലയില്‍ ഞങ്ങളുടെ ഉത്തരവാദിത്വം ഇക്കാര്യങ്ങള്‍ ലോകശ്രദ്ധയില്‍ കൊണ്ടുവരിക എന്നുള്ളതാണ്. തുറന്ന സമീപനവും രാഷ്ട്രീയ ചായ്‌വ് പ്രകടിപ്പിക്കാത്ത പ്രവര്‍ത്തനങ്ങളുമാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. ഇറാക്ക് പ്രശ്‌നം പോലെയുള്ള രക്തരൂക്ഷിത സാഹചര്യത്തില്‍ സത്യത്തിനു സാക്ഷികളാകാനാണ് ഞങ്ങളുടെ ശ്രമം. ഭയമില്ലാതെ സംസാരിക്കാനും മൗലികാവകാശ സംരക്ഷണത്തിനും മനുഷ്യമഹത്വം ഉയര്‍ത്തിപ്പിടിക്കുന്നതിനും സിറിയന്‍ കത്തോലിക്കാ സഭ സന്നദ്ധമാണ്.
സിറിയന്‍ പ്രശ്‌നങ്ങളെല്ലാം പ്രാര്‍ത്ഥനയോടെയും സമാധാനത്തോടെയും കൂടെനിന്നാല്‍ പരിഹാരം ഉരുത്തിരിയുമെന്ന് ഞങ്ങള്‍ പ്രത്യാശിക്കുന്നു. മാത്രമല്ല, പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും ഇപ്രകാരമുള്ള സങ്കീര്‍ണതകളും പ്രശ്‌നങ്ങളും മാറി സമാധാനപരമായ ഒരു അന്തരീക്ഷം നിലവില്‍ വരണമെന്നും ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
? 'അറബ് വസന്തം' ക്രൈസ്തവസഭയെ എങ്ങനെ സ്വാധീനിക്കുന്നു.
അറബ് വസന്തം' എന്ന പദം ആദ്യമായി ഉപയോഗിച്ചത് യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയുമാണ്. സാംസ്‌കാരികമായി വളരെ മുന്നിലും സാമ്പത്തികമായി പിന്നാക്കാവസ്ഥയിലും ആയിരുന്ന അറേബ്യന്‍ രാജ്യങ്ങള്‍ തങ്ങള്‍ക്ക് വലിയ സാമ്പത്തികസ്രോതസായി ലഭിച്ച എണ്ണ ഉപയോഗിക്കാന്‍ സാധിക്കും എന്ന തിരിച്ചറിവിലൂടെ കൈവന്ന വലിയ പുരോഗതിയെ നോക്കിക്കണ്ട പാശ്ചാത്യസമൂഹം അതിനെയെല്ലാം അസൂയയോടെ 'അറബ് വസന്തം' എന്ന് വിശേഷിപ്പിച്ചു. എന്നാല്‍ ഈ അറബ് വസന്തം സാമ്പത്തികമേഖലയില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നു എന്നത് എടുത്തുപറയേണ്ട സംഗതിയാണ്. ഞാനാഗ്രഹിക്കുന്നത് മനുഷ്യജീവിതത്തിന്റെ എല്ലാ അവസ്ഥയിലും ഈ വസന്തം തളിരിട്ടോ പൂത്തോ എന്നതാണ്.
അതായത് ഞങ്ങളുടെ നാട്ടില്‍ മനുഷ്യജീവനെയും, അവന്റെ സ്വാതന്ത്ര്യത്തെയും അവന്റെ കാഴ്ചപ്പാടുകളെയും ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതാണ് യഥാര്‍ത്ഥ അറബ് വസന്തം. ഇത്തരത്തിലുള്ള ഒരു വസന്തത്തിലൂടെ മാത്രമേ മനുഷ്യന്റെ സമഗ്രവികസനം സാധ്യമാവുകയുള്ളൂ. മനുഷ്യനെ മാനിക്കാത്ത വികസനത്തെ എങ്ങനെ വികസനമെന്ന് വിശേഷിപ്പിക്കാന്‍ കഴിയും? മനുഷ്യനെ മാനിക്കുകയും അംഗീകരിക്കുകയും ചെയ്യുമ്പോള്‍ ഈ രാജ്യത്തെ ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന രാജ്യസ്‌നേഹികളായ ക്രൈസ്തവര്‍ ഈ വസന്തത്തിന്റെ പ്രചാരകരും സംരക്ഷകരുമാകും.
? സിറിയയിലെ രാഷ്ട്രീയ നിലപാടുകളോട് അങ്ങ് നേതൃത്വം നല്‍കുന്ന സഭയുടെ കാഴ്ചപ്പാട് എന്താണ്.
സഭയ്ക്ക് രാഷ്ട്രീയത്തില്‍ ഇടപെടാനോ അതിന്റെ സംവിധാനങ്ങളോടൊത്ത് പ്രവര്‍ത്തിക്കുവാനോ താല്‍പര്യമില്ല. എന്നാല്‍ നേരെമറിച്ച് ഈ രാജ്യത്തിലെ ഉത്തരവാദിത്വമുള്ള പൗരന്മാര്‍ എന്ന നിലയില്‍ ഈ രാജ്യത്തെ ഞങ്ങള്‍ സേവിക്കുന്നു. ഈ രാജ്യത്തിലെ പൗരന്മാരുടെ ഭരണഘടന നല്‍കുന്ന സമത്വം, സാഹോദര്യം, സ്‌നേഹം എന്നീ കാര്യങ്ങള്‍ മുറുകെ പിടിക്കുവാനും ഉയര്‍ത്തിപ്പിടിക്കുവാനുമാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. സിറിയായിലെ ഞങ്ങളുടെ സഭയുടെ ചരിത്രം പരിശോധിച്ചാല്‍ അത് മനസിലാകും. ഒരു രാജ്യത്തിലെ പൗരന്മാരുടെ അവകാശങ്ങളെ അടിസ്ഥാനമാക്കിയുള്ള വലുപ്പ-ചെറുപ്പങ്ങളെ ഞങ്ങള്‍ക്ക് അംഗീകരിക്കാന്‍ സാധിക്കുകയില്ല. മതത്തിന്റെയോ ഭാഷയുടെയോ പേരിലുള്ള എല്ലാ വേര്‍തിരിവിനെയും സഭ എതിര്‍ക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നു. എന്നാലും സിറിയായിലെ ഒരു ചെറിയ സമൂഹം എന്ന നിലയില്‍ എല്ലാ വ്യത്യാസങ്ങളും മറന്ന് അതിന്റെ പൗരന്മാര്‍ ഐക്യത്തിലും സ്വാതന്ത്ര്യത്തിലും പൗരാവകാശത്തിലും അടിസ്ഥാനപ്പെടുത്തിയ സ്‌നേഹവും സഹിഷ്ണുതയും പുലര്‍ത്തുന്ന ഒരു രാജ്യമായിത്തീരുമെന്ന് പ്രതീക്ഷിക്കുകയും ആ രാജ്യത്തിനുവേണ്ടി സ്വപ്‌നം കാണുകയും ചെയ്യുന്നു. ഇതോടൊപ്പം സാമൂഹ്യമായ നവീകരണവും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. മാറ്റങ്ങള്‍ ആഗ്രഹിക്കുന്ന സിറിയക്കാര്‍ അതിനുവേണ്ടി ക്ഷമയോടെയും സമാധാനപരമായ മാര്‍ഗങ്ങളിലൂടെയും പരിശ്രമിക്കണം. ആവിഷ്‌കാര സ്വാതന്ത്ര്യവും മറ്റു തരത്തിലുള്ള എല്ലാ ജനാധിപത്യ രീതികളും സമാധാന മാര്‍ഗത്തിലൂടെ ലഭ്യമാകണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഭാരതത്തിന്റെ രാഷ്ട്രപിതാവ് ആഗ്രഹിച്ചതുപോലുള്ള സ്വപ്‌നങ്ങള്‍.
? കേരളത്തിലെ ക്രൈസ്തവ സഭയെക്കുറിച്ച് അങ്ങയുടെ കാഴ്ചപ്പാട് എന്താണ്.
ഭാരതത്തിന്റെ തനതായ സംസ്‌കാരവുമായി ചേര്‍ന്നുപോകുവാന്‍ ഇവിടുത്തെ ക്രിസ്തീയ സമൂഹത്തിന് സാധിച്ചിട്ടുണ്ട്. ലോകത്തിനു മുന്നില്‍ ഭാരതീയ സംസ്‌കാരം വളരെ മാനിക്കപ്പെടുന്ന ഒരു സംഗതിയാണ്. അതുകൊണ്ടുതന്നെ ഒരു ഭാരതീയനാണ്, ഒരു കേരളീയനാണ് എന്നതില്‍ ഓരോ ക്രൈസ്തവനും അഭിമാനിക്കണം. ഭാരതത്തിന്റെ പ്രത്യേകിച്ച് കേരളത്തിന്റെ വളര്‍ച്ചയില്‍ ക്രൈസ്തവ സഭകള്‍ നല്‍കിയ സംഭാവന ആര്‍ക്കും വിസ്മരിക്കുവാന്‍ കഴിയില്ല. വിജ്ഞാനത്തിന്റെയും ആരോഗ്യത്തിന്റെയും മേഖലയില്‍ സഭ നല്‍കിയിട്ടുള്ള സംഭാവന വളരെ വലുതാണ്; സമഗ്രവുമാണ്. ഈ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും സമാധാനത്തിനും വേണ്ടി സംരക്ഷണം നല്‍കുവാന്‍ ക്രൈസ്തവസഭ പ്രതിജ്ഞാബദ്ധമാണ്. മലങ്കര കത്തോലിക്കാ സഭയുടെ കാര്യം മാത്രമെടുക്കുക, ഈ ചുരുങ്ങിയ കാലത്തിനുള്ളില്‍ ആത്മീയവും സാമൂഹികവും ഭൗതികവുമായ വലിയ വളര്‍ച്ച ഈ സഭ നേടിയിട്ടുണ്ട്. ജാതിവര്‍ഗ വര്‍ണ വ്യത്യാസങ്ങളില്ലാതെ സഭ നടത്തുന്ന സാമൂഹിക പ്രവര്‍ത്തനങ്ങള്‍ വഴി ധാരാളം പേര്‍ക്ക് നന്മ ചെയ്യുവാന്‍ സാധിച്ചിട്ടുണ്ട് എന്നത് ഒരു യാ ഥാര്‍ത്ഥ്യമാണ്. വ്യക്തിപരമായി മലങ്കരസഭയുടെ വളര്‍ച്ചയില്‍ നമുക്കും സന്തോഷമുണ്ട്. കാരണം വിശ്വാസത്തിന്റെയും ആരാധനക്രമത്തിന്റെയും കത്തോലിക്കാസഭയിലെ കൂട്ടായ്മയുടെയും അടിസ്ഥാനത്തില്‍ ഈ രണ്ട് സഭകളെയും സഹോദരിമാരായാണ് ഞങ്ങള്‍ കാണുന്നത്. ഇതിനു നേതൃത്വം നല്‍കുന്ന മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവയ്ക്കും മറ്റ് മെത്രാപ്പോലീത്തമാര്‍ക്കും വൈദികര്‍ക്കും എന്റെ ശ്ലൈഹിക ആശീര്‍വാദം.
? സണ്‍ഡേ ശാലോം വായനക്കാരോട് എന്താണ് പറയാനുള്ളത്.
ലോകമാസകലമുള്ള മലയാളി മനസുകളില്‍ വിശ്വാസവിത്ത് വിതയ്ക്കുവാനും അതിനെ പരിപോഷിപ്പിക്കുവാനും ശാലോം പ്രസിദ്ധീകരണങ്ങളും ശാലോം ടെലിവിഷനും നടത്തുന്ന ആത്മീയ പ്രവര്‍ത്തനങ്ങള്‍ എന്നെ വിസ്മയിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്നു. കാതോലികവും ശ്ലൈഹികവും ഏകവും വിശുദ്ധവുമായ സഭയുടെ വിശ്വാസസത്യങ്ങള്‍ പരിപാലിക്കുവാനും പകര്‍ന്നു കൊടുക്കുവാനും ശാലോം എന്നും ശ്രമിച്ചിട്ടുള്ളതായി ഞാന്‍ കേട്ടിട്ടുണ്ട്. ദൈവത്തിന്റെ കരസ്പര്‍ശം ഹൃദയത്തില്‍ ഏറ്റുവാങ്ങിയ വ്യക്തിയാണ് ഷെവലിയര്‍ ബെന്നി പുന്നത്തറയെന്നും ഞാന്‍ മനസിലാക്കുന്നു. ശാലോം ടെലിവിഷന്‍പോലെ എല്ലാ റീത്തുകളെയും സമന്വയിപ്പിച്ചുകൊണ്ട് ഞങ്ങള്‍ക്ക് 'ടെലിവിഷന്‍ ഓഫ് ലൈറ്റ്' എന്ന പേരില്‍ അറബി ഭാഷയില്‍ ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒരു സുവിശേഷചാനലുണ്ട്.
ശാലോം പ്രവര്‍ത്തകര്‍ സഭയ്ക്ക് നല്‍കുന്ന എല്ലാ നന്മകള്‍ക്കും സഹായങ്ങള്‍ക്കും ഞാന്‍ ഒരിക്കല്‍ക്കൂടി നന്ദി പറയുന്നു. യുവജനങ്ങളെ സ്വാധീനിക്കുവാന്‍ കഴിയുന്ന പ്രോഗ്രാമുകള്‍ ശാലോം ടിവിയില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുന്നത് നന്നായിരിക്കുമെന്നാണ് എന്റെ അഭിപ്രായം.








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.