Tue05222012

Last Updated 22 May 2012:11:40:52 PM IST

RegisterRegister
sub-menu_07sub-menu_01sub-menu_02sub-menu_03sub-menu_04sub-menu_05sub-menu_06



Font Size

Member's Area
Friday, 03 February 2012 10:47

മദ്യം വിറ്റ പണംകൊണ്ട് ഖജനാവ് നിറയ്ക്കരുത്

Written by  സ്വന്തം ലേഖകന്‍ കോഴിക്കോട്
Rate this item
(1 Vote)


മദ്യപാനം കുമ്പസാരത്തില്‍ ഏറ്റുപറയേണ്ട പാപം: കെ.സി.ബി.സി മദ്യവിരുദ്ധ സമിതിയുടെ നയരേഖ.02

മദ്യപാനി സൃഷ്ടിക്കുന്ന നരകത്തില്‍ കുടുംബാംഗങ്ങളും സമൂഹവും തീരാദുരിതമാണ് അനുഭവിക്കുന്നത്. ഇവരുടെ കണ്ണീരിന്റെ വിലകൊണ്ട് ഖജനാവ് നിറയ്ക്കുന്ന സമീപനം ഭരണാധികാരികള്‍ക്ക് ഭൂഷണമല്ലെന്ന് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി ചെയര്‍മാന്‍ ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തേച്ചേരില്‍.

കെ.സി.ബി.സി മദ്യവിരുദ്ധ സമിതിയുടെ പതിനാലാം സംസ്ഥാന സമ്മേളന സമാപനയോഗം സിറ്റി സെന്റ് ജോസഫ്‌സ് ദേവാലയാങ്കണത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജീവിച്ചിരിക്കുമ്പോള്‍ തന്നെ മനുഷ്യനെ നരകത്തിലെത്തിക്കുന്ന മഹാപാപമാണ് മദ്യപാനം. ഇതില്‍ നിന്ന് ലഭിക്കുന്ന പണം കൊണ്ട് ആരുടെയും ക്ഷേമം ഉറപ്പു വരുത്താന്‍ കഴിയില്ല; അദ്ദേഹം പറഞ്ഞു. മദ്യപാനമുള്‍പ്പെടെയുള്ള തിന്മകള്‍ക്കെതിരെയുള്ള സമൂഹ മന:സാക്ഷിയുടെ സ്വരമാണ് സഭ ഭരണാധികാരികളുടെ കാതുകളില്‍ എത്തിക്കാന്‍ ശ്രമിക്കുന്നത്. അത് അവഗണിക്കുന്ന ഭരണാധികാരികള്‍ നാടിനെ നാശത്തിലേക്കാണ് നയിക്കുന്നത്. ഇടത് സര്‍ക്കാരിന്റേതില്‍ നിന്ന് ഏറെ വ്യത്യസ്തമല്ല ഇപ്പോഴത്തെ ഭരണക്കാരുടെ മദ്യനയം. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ മദ്യവ്യാപാര നിയന്ത്രണത്തിനുള്ള അധികാര പുന:സ്ഥാപനം പ്രഖ്യാപനത്തില്‍ മാത്രമൊതുങ്ങുന്ന അവസ്ഥ മാറണം. തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഈ അധികാരം വിനിയോഗിക്കുന്നതിനുള്ള നിയമപരമായ അവകാശം ഉറപ്പാക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബിഷപ് തെക്കത്തേച്ചേരില്‍ ആവശ്യപ്പെട്ടു.

മദ്യപാനം കുമ്പസാരത്തില്‍ ഏറ്റുപറയേണ്ട പാപമായി സഭ പ്രഖ്യാപിക്കണമെന്നും മദ്യപിക്കുന്നവരെ സഭയ്ക്ക് കീഴിലെ എല്ലാ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്നു മാറ്റി നിര്‍ത്തണമെന്നും സമ്മേളനം തയ്യാറാക്കിയ കെ.സി.ബി.സി മദ്യവിരുദ്ധ സമിതിയുടെ നയരേഖ വ്യക്തമാക്കി. സംസ്ഥാന സമ്മേളനം അംഗീകരിച്ച രേഖ, മെത്രാന്‍ സമിതിയുടെ സമ്പൂര്‍ണ്ണ യോഗത്തിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കും. അബ്കാരി കോണ്‍ട്രാക്ടര്‍മാരുള്‍പ്പെടെ മദ്യവ്യവസായവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആരില്‍ നിന്നും സഭ സംഭാവന സ്വീകരിക്കാന്‍ പാടില്ല.

സഭയ്ക്ക് കീഴിലെ ട്രസ്റ്റുകളില്‍ മദ്യപര്‍ക്കു പദവികള്‍ നല്കരുത്. മതാധ്യാപകരായോ, ശുശ്രൂഷകരായോ മദ്യപിക്കുന്നവരെ നിയമിക്കരുതെന്നും മതപഠന ഗ്രന്ഥങ്ങളില്‍ മദ്യപാനം പാപമാണെന്നും രേഖ ആവശ്യപ്പെടുന്നു.

സമാപനസമ്മേളനത്തില്‍ കെ.സി.ബി.സി മദ്യവിരുദ്ധ സമിതി ജനറല്‍ സെക്രട്ടറി ഫാ. ആന്റണി ടി.ജെ അധ്യക്ഷനായിരുന്നു. ഫാ. ബെന്നി മുണ്ടനാട്ട് മുഖ്യ സന്ദേശം നല്കി. വി.എം സുധീരന്‍, എം.പി വീരേന്ദ്രകുമാര്‍ എന്നിവരുടെ സന്ദേശങ്ങള്‍ സമ്മേളനത്തില്‍ വായിച്ചു. ഫാ. പോള്‍ ആന്‍ഡ്രൂസ്, ആന്റണി ജേക്കബ്, ഫാ. തോമസ് തൈത്തോട്ടം, ഫാ. ജോസ് മണിമലത്തറപ്പേല്‍, ഫാ. മില്‍ട്ടണ്‍ മുളങ്ങാശേരി, റോയി മുരിക്കോലില്‍, സംസ്ഥാന ആനിമേറ്റര്‍ സിസ്റ്റര്‍ ജോവിറ്റ, സെബാസ്റ്റ്യന്‍ ചുണ്ടേല്‍, വി.ജെ പൗലോസ്, ഫ്രാന്‍സീസ് വിതയത്തില്‍, ഫാ. ജോസഫ് വളാണ്ടര്‍, സണ്ണി പായിക്കാട്ട്, ഒ.ഡി തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
മദ്യവിരുദ്ധ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ രൂപതകള്‍ക്കുള്ള അവാര്‍ഡുകള്‍ വരാപ്പുഴ, ആലപ്പുഴ, താമരശേരി രൂപതകള്‍ നേടി. മികച്ച മദ്യവിരുദ്ധ പ്രവര്‍ത്തകര്‍ക്കും അവാര്‍ഡുകളും നല്കി. ഈ രംഗത്ത് ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച വിദ്യാര്‍ത്ഥിക്കുള്ള അവാര്‍ഡ് ആലപ്പുഴ രൂപതയില്‍ നിന്നുള്ള ജോസഫ് യേശുദാസ് നേടി.

കോഴിക്കോട് മുതലക്കുളത്ത് നിന്ന് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത റാലി മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി നഗറിലെത്തിയതോടെയാണ് സമ്മേളനം തുടങ്ങിയത്.
27-ന് ആരംഭിച്ച സമ്മേളനത്തിന്റെ ഉദ്ഘാടനം കെ.സി.ബി.സി മദ്യവിരുദ്ധ സമിതി വൈസ് ചെയര്‍മാന്‍ മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ നിര്‍വ്വഹിച്ചു. കോഴിക്കോട് രൂപത അഡ്മിനിസ്‌ട്രേറ്റര്‍ മോണ്‍. വിന്‍സെന്റ് അറയ്ക്കല്‍ അധ്യക്ഷനായിരുന്നു. ഫാ. ആന്റണി ടി.ജെ, ഫാ. തോമസ് തൈത്തോട്ടം, ഫാ. തോമസ് പനയ്ക്കല്‍, ഫാ. മില്‍ട്ടണ്‍ മുളങ്ങാശേരി, ഫാ.തോമസ് കുറ്റിക്കാട്ടുകുന്നേല്‍, ഫാ. ജോസഫ് വളാണ്ടര്‍, എന്‍.എന്‍ സെബാസ്റ്റ്യന്‍, എഫ്.എം ലാസര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

'ലഹരി വിമുക്ത കേരളം വെല്ലുവിളികളും സാധ്യതകളും' എന്ന വിഷയത്തില്‍ നടത്തിയ സെമിനാറിന് അഡ്വ. ചാര്‍ളി പോള്‍ നേതൃത്വം നല്കി. സമ്മേളനത്തിന് തുടക്കം കുറിച്ച് വിവിധ രൂപതകളില്‍ നിന്നുള്ള പ്രയാണങ്ങള്‍ സമ്മേളന നഗരിയില്‍ സംഗമിച്ചു. തലശേരി രൂപതയില്‍ മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളിയുടെ കബറിടത്തില്‍ നിന്നും ഛായാചിത്രവും താമരശേരി രൂപതയില്‍ മാര്‍ സെബാസ്റ്റ്യന്‍ മങ്കൂഴിക്കരിയുടെ കബറിടത്തില്‍ നിന്ന് പതാക പ്രയാണവും കോഴിക്കോട് രൂപതയില്‍ ബിഷപ് പത്രോണിയുടെ കബറിടത്തില്‍ നിന്നുള്ള പ്രയാണവും ആയിരുന്നു സമ്മേളന നഗരിയില്‍ സംഗമിച്ചത്.
സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് കോഴിക്കോട് രൂപത അഡ്മിനിസ്‌ട്രേറ്റര്‍ മോണ്‍. വിന്‍സെന്റ് അറയ്ക്കല്‍ പതാക ഉയര്‍ത്തി.

 

Login to post comments

Sunday Shalom

sunday-h1
The weekly newspaper in malayalam

Shalom Times

times-h1
Monthly Spiritual Malayalam Magazine

Shalom Tidings

tidings-h1
Bi monthly spritual magazine in english

Shalom Television

shalom-tv-h1
Gods own channel from Kerala

SIMS

sims
Shalom Institute of Media Science

Dedication to Mother Mary

mother-maryHail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.

Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen.

Mary, Mother of God, pray for all Shalom initiatives.