Tue05222012

Last Updated 22 May 2012:11:40:52 PM IST

RegisterRegister
sub-menu_07sub-menu_01sub-menu_02sub-menu_03sub-menu_04sub-menu_05sub-menu_06



Font Size

Member's Area
Friday, 03 February 2012 10:37

നന്മ നിറഞ്ഞ ഓര്‍മ്മകള്‍ ഉള്ളില്‍ സൂക്ഷിച്ച്...

Written by  സ്വന്തം ലേഖകന്മാര്‍
Rate this item
(7 votes)

അക്ഷരോപാസനയിലൂടെ ആത്മീയതയുടെ ആഴങ്ങള്‍ തേടിയ ഡോ. സുകുമാര്‍ അഴീക്കോടിനെക്കുറിച്ചുള്ള നല്ല ഓര്‍മ്മകള്‍ ഹൃദയത്തില്‍ സൂക്ഷിക്കുകയാണ് കാഞ്ഞിരപ്പള്ളി രൂപതക്കാരനായ ഫാ.ജോര്‍ജ് വെള്ളാപ്പള്ളിയും അമേരിക്കയില്‍ സേവനം ചെയ്യുന്ന ഫാ.ജെ കട്ടയ്ക്കലും. രണ്ടുപേരും അഴീക്കോട് മരിക്കുന്നതിന് ഏതാനും ദിവസം മുമ്പ് അമല ആശുപത്രിയില്‍ അദ്ദേഹത്തെ സന്ദര്‍ശിക്കുകയും അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു. 01

അവിരാമമായ പ്രസംഗങ്ങളിലൂടെയും എഴുത്തിലൂടെയും ഒട്ടനവധി ആരാധകരോടൊപ്പം ചുരുക്കമായെങ്കിലും ശത്രുക്കളെയും സമ്പാദിച്ച അഴീക്കോടിന് തൃശൂര്‍ അമലയിലെ ഒന്നരമാസക്കാലം സമ്പൂര്‍ണമായ അനുരഞ്ജനത്തിന്റെയും ആത്മവിമലീകരണത്തിന്റേതുമായിരുന്നു. ഡോക്ടര്‍മാര്‍ക്കു പുറമെ, വൈദികരും സിസ്റ്റേഴ്‌സുമൊരുക്കിയ വിശാലമായ സ്‌നേഹാന്തരീക്ഷത്തില്‍ അഴീക്കോടുമാഷിന്റെ ചിരകാല വൈരികള്‍ പോലും വന്നുനിന്ന് കണ്ണീരൊഴുക്കിയത് കേരളം അത്ഭുതാദരവുകളോടെയാണ് വീക്ഷിച്ചത്.

1970 ല്‍ സെമിനാരിയില്‍ പഠനകാലത്ത് ക്ലാസെടുക്കുവാന്‍ എത്തിയ അഴീക്കോടുമായി ആരംഭിച്ച ഫാ. ജോര്‍ജ് വെള്ളാപ്പള്ളിയുടെ സൗഹൃദം മരണക്കിടക്കവരെ നീണ്ടു. ആശുപത്രി കിടക്കയില്‍ അഴീക്കോടിനെ കാണാനെത്തിയ സുഹൃത്തുക്കളോട് വെള്ളാപ്പള്ളി അച്ചനെ കാണണമെന്ന് ആവശ്യപ്പെട്ടതിന്‍ പ്രകാരം ഡിസംബര്‍ 26 ന് ഇരുവരും തമ്മില്‍ കണ്ടു. കൊച്ചുകുട്ടിയെപ്പോലെ പൊട്ടിക്കരഞ്ഞ അഴീക്കോട് മാഷ് തനിക്കിനി അധികകാലമില്ലെന്നാണ് അന്ന് അച്ചനോട് പറഞ്ഞത്.


കിടക്കയില്‍ അവശനായിരുന്ന അഴീക്കോട് ഒരു പൂര്‍വസുഹൃത്തിനെ കാണുമ്പോഴുള്ള സന്തോഷത്തോടെയാണ് തന്നെ സ്വീകരിച്ചതെന്ന് ഫാ. കട്ടയ്ക്കലും അനുസ്മരിക്കുന്നു. എന്റെ ഇരുകൈകളിലുമായി കൂട്ടിപ്പിടിച്ച് അദ്ദേഹം എന്നെ നോക്കി പുഞ്ചിരിച്ചു. 'തത്ത്വമസി' എന്ന മഹദ്ഗ്രന്ഥത്തിന് അവാര്‍ഡ് ലഭിച്ചപ്പോള്‍, കോഴിക്കോടു നടന്ന മഹാസമ്മേളനത്തിലെ അനുമോദനപ്രസംഗകരില്‍ ഒരാള്‍ ഞാനായിരുന്നുവെന്ന് അഴീക്കോട് എന്നെ ഓര്‍മ്മിപ്പിച്ചു.

പല്ലെടുക്കുന്നതിനു മുമ്പുള്ള പതിവു പരിശോധനയ്ക്കിടെ തൊണ്ടയിലും ശ്വാസകോശത്തിലും കാന്‍സര്‍ കണ്ടെത്തിയതോടെയാണ് സുകുമാര്‍ അഴീക്കോടിനെ വിദഗ്ദ ചികിത്സയ്ക്കായി അമല ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ഇനി, സാന്ത്വന ചികില്‍സമാത്രമേ ചെയ്യാനുള്ളൂ എന്നു മനസ്സിലാക്കിയ ഡോക്ടര്‍മാരും മാനേജ്‌മെന്റും സ്റ്റാഫും ചേര്‍ന്ന് മലയാളത്തിന്റെ ഗുരുവര്യന് സ്‌നേഹനിര്‍ഭരമായ ഭവനാന്തരീക്ഷമൊരുക്കുകയായിരുന്നു. അവിവാഹിതനായാണ് ജീവിച്ചതെങ്കിലും തലമുറകളുടെ പിതാമഹന് കിട്ടുന്നതിനേക്കാളേറെ സ്‌നേഹാദരങ്ങളും പരിചരണവുമാണ് ആ ക്രൈസ്തവഅന്തരീക്ഷത്തില്‍ അദ്ദേഹത്തിന് ലഭിച്ചത്.

1981 ല്‍ 'നവഭാരതവേദി'യുടെ രൂപീകരണത്തോടെയാണ് അഴീക്കോടും വെള്ളാപ്പള്ളിയച്ചനും തമ്മിലുള്ള ബന്ധം സുദൃഢമാവുന്നത്. അക്രമരഹിത സാംസ്‌കാരികവേദിയെന്നായിരുന്നു ആദ്യപേരെങ്കിലും അഴീക്കോടിന്റെ നിര്‍ദ്ദേശപ്രകാരമാണ് നവഭാരതവേദിയെന്നാക്കിയത്. അഴീക്കോട് സംഘടനയുടെ ആദ്യ പ്രസിഡന്റും വെള്ളാപ്പള്ളിയച്ചന്‍ അതിന്റെ ട്രഷററുമായിരുന്നു. സമൂഹത്തില്‍ ഒരു ചലനം സൃഷ്ടിക്കാന്‍ ഈ സംഘടനയ്ക്കായി.
''അഴീക്കോട് ഒരിക്കലും സഭയ്‌ക്കെതിരായിരുന്നില്ല. സഭാമേലധ്യക്ഷന്മാര്‍ വരെയുള്ളവരെ വിമര്‍ശിച്ചിട്ടുണ്ടെങ്കിലും അഴീക്കോടിന് ആരോടും വിരോധമുണ്ടായിരുന്നില്ല. ചില നിലപാടുകളില്‍ ഉള്ള എതിര്‍പ്പാണ് സഭാവിരോധിയായി ചിലര്‍ ചിത്രീകരിച്ചതെന്ന്'' ഫാ. ജോര്‍ജ് പറയുന്നു. നവഭാരത വേദിയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് നിരവധി യാത്രകള്‍ അഴീക്കോടുമായി നടത്തിയിട്ടുണ്ടെന്നും അച്ചന്‍ ഓര്‍മിക്കുന്നു.
മതാതീതമായ ഒരു ആത്മീയതയാണ് അഴീക്കോടിനുണ്ടായിരുന്നത്. മാഷിന്റെ തൊട്ടാവാടി സ്വഭാവംമൂലം എല്ലാ സാഹിത്യകാരന്‍മാരും മാഷുമായി പിണങ്ങിയിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ രോഗശയ്യയില്‍ എല്ലാവരുമെത്തി സൗഹൃദത്തിലായി. പ്രമുഖരുള്‍പ്പെടെയുള്ളവര്‍ വരെ വന്ന് മാപ്പിരന്നപ്പോള്‍ അദ്ദേഹം എല്ലാവരോടും ക്ഷമിച്ചാണ് യാത്രയായത്. അദ്ദേഹത്തിന്റെ മരണക്കിടക്കപോലും അങ്ങനെ മഹത്തരമായി.
'പ്രഗല്‍ഭനായ പ്രഭാഷകനും എഴുത്തുകാരനുമാണ് താങ്കള്‍...'' എന്നു സംബോധന ചെയ്താണ് കട്ടയ്ക്കലച്ചന്‍ അദ്ദേഹത്തിന്റെ കിടയ്ക്കരുകില്‍ നിന്ന് പ്രാര്‍ത്ഥിച്ചത്. 'അറിഞ്ഞും അറിയാതെയും താങ്കള്‍ ചിലരുടെയെല്ലാം വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടാകും; ചിലര്‍ താങ്കളെ ദ്രോഹിച്ചിട്ടുമുണ്ടാകും. അവരോട് വിദ്വേഷമോ വിരോധമോ കൂടാതെ മനസുകൊണ്ടു പ്രാര്‍ത്ഥിക്കുക: 'ദൈവമേ, പ്രസംഗം കൊണ്ടോ എഴുത്തുകള്‍ വഴിയോ ഞാന്‍ ആരെയെങ്കിലും ദ്രോഹിച്ചിട്ടുണ്ടെങ്കില്‍, ആ ദ്രോഹമെല്ലാം എന്നോടു ക്ഷമിക്കണമേ; അതുപോലെതന്നെ ആരെങ്കിലും എന്നെ ഉപദ്രവിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കെല്ലാം ഞാന്‍ ആത്മാര്‍ത്ഥമായി മാപ്പു കൊടുക്കുന്നു എന്ന്.' നമ്മുടെ മനസും ഹൃദയവും ശുദ്ധീകൃതമായിക്കഴിയുമ്പോള്‍, അതു നമുക്കു ദൈവപ്രസാദത്തിനു കാരണമാകും. ഞങ്ങള്‍ വൈദികര്‍, രോഗികളെ സാധാരണമായി ഉപദേശിക്കുന്നത് ഇങ്ങനെയാണ്. എന്റെ പ്രാര്‍ത്ഥനയോടെയുളള ഈ വാക്കുകള്‍, ആ മഹാപണ്ഡിതന്‍ സശ്രദ്ധം, സവിനയം, സമ്മതരൂപേണ ശ്രവിച്ചുവെന്നു മാത്രമല്ല, അദ്ദേഹമത് ഹൃദയംകൊണ്ടു പ്രാവര്‍ത്തികമാക്കുകയും ചെയ്തുവെന്ന്, അദ്ദേഹത്തിന്റെ നയനങ്ങളും മുഖഭാവവും വ്യക്തമാക്കി.' കട്ടയ്ക്കലച്ചന്‍ പറയുന്നു.

'തുടര്‍ന്ന് ളോഹയുടെ പോക്കറ്റില്‍നിന്നും ജപമാല എടുത്ത് ഞാന്‍ അഴീക്കോടിനു സമ്മാനിച്ചു. ഞാന്‍ അഴീക്കോടിന് കൊന്ത കൊടുക്കുന്നത് കണ്ട് അടുത്തുനിന്ന നേഴ്‌സും താല്പര്യം പ്രകടിപ്പിച്ചപ്പോള്‍ അവര്‍ക്കും ഞാനൊരു കൊന്ത നല്‍കി.'

'ക്രിസ്തുഭാഗവതം' മഹാകാവ്യത്തിലെ സംസ്‌കൃതത്തിലുളള 'സ്വര്‍ഗസ്ഥനായ പിതാവേ' എന്ന പ്രാര്‍ത്ഥന പാടി കേള്‍ക്കാന്‍ അഴീക്കോട് ആഗ്രഹം പ്രകടിപ്പിച്ചു. ഞാന്‍ അദ്ദേഹത്തിന് വേണ്ടി ആ ഗാനം ആലപിച്ചു. ക്രിസ്തുഭാഗവതത്തിന്റെ കര്‍ത്താവായ അന്തരിച്ച മഹാകവി പ്രഫ. പി.സി. ദേവസ്യായെ അദ്ദേഹത്തിന് നല്ല പരിചയമുണ്ട്.

'അവസാനമായി കാണുമ്പോഴും കടുത്ത വേദനയ്ക്കിടയിലും ജീവിതത്തെപ്പറ്റിയും ചെയ്യാമെന്നേറ്റ പ്രഭാഷണങ്ങളെക്കുറിച്ചുമായിരുന്നു അദ്ദേഹത്തിന്റെ ചിന്തയും വര്‍ത്തമാനവുമെന്ന് ഫാ. വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടുന്നു. എഴുത്തിലൂടെ നിരവധി അക്ഷരജ്വാലകള്‍ തീര്‍ത്ത അഴീക്കോട് അയച്ച കത്തുകളെല്ലാം നിധിപോലെ വെള്ളാപ്പള്ളിയച്ചന്‍ സൂക്ഷിച്ച് വെച്ചിരിക്കുന്നു.

ക്രൈസ്തവദര്‍ശനങ്ങളുടെയും കത്തോലിക്കാസഭയുടെയും ഉറ്റ അഭ്യുദയകാംക്ഷിയായിരുന്നു പ്രൊഫ. സുകുമാര്‍ അഴീക്കോട്. പോപ്പ് ജോണ്‍ പോള്‍ രണ്ടാമനെ വത്തിക്കാനില്‍ സന്ദര്‍ശിച്ചതിന്റെ ഓര്‍മകള്‍ നിരവധി വേദികളില്‍ അദ്ദേഹം ആനന്ദവായ്‌പ്പോടെ അനുസ്മരിച്ചിട്ടുണ്ട്. ഉപനിഷത്തുക്കളിലും വേദങ്ങളിലും അഗാധജ്ഞാനം ഉണ്ടായിരുന്ന അഴീക്കോട് ക്ഷേത്രങ്ങളില്‍ ആരാധനയ്ക്ക് പോകുന്ന പതിവില്ലായിരുന്നു.
2012 ജനുവരി 24 പ്രഭാതത്തില്‍ അഴീക്കോടുമാഷ് വിടവാങ്ങിയപ്പോള്‍ കേരളത്തില്‍ തത്വജ്ഞാനികളായ സാഹിത്യകാരന്മാരുടെ ഒരു തലമുറ അവസാനിക്കുകയാണ്. മാഷിന്റെ പ്രഭാഷണത്തെ 'സാഗരഗര്‍ജനം' എന്ന് ആദ്യം വിശേഷിപ്പിച്ച വൈക്കം മുഹമ്മദ് ബഷീര്‍, പ്രസംഗകലയുടെ സൗന്ദര്യമായിരുന്ന പ്രൊഫ. എം.എന്‍. വിജയന്‍... ഒടുക്കം അഴീക്കോടുമാഷും. മാനവസമൂഹത്തിന്റെ നന്മമാത്രം കാംക്ഷിച്ച ആ മഹാമനീഷിക്ക് 'ശാലോം' കുടുംബത്തിന്റെ ആദരാഞ്ജലി.

 

Login to post comments

Sunday Shalom

sunday-h1
The weekly newspaper in malayalam

Shalom Times

times-h1
Monthly Spiritual Malayalam Magazine

Shalom Tidings

tidings-h1
Bi monthly spritual magazine in english

Shalom Television

shalom-tv-h1
Gods own channel from Kerala

SIMS

sims
Shalom Institute of Media Science

Dedication to Mother Mary

mother-maryHail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.

Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen.

Mary, Mother of God, pray for all Shalom initiatives.