ധ്രുവപ്രദേശങ്ങളില്‍ ആകാശങ്ങളുടെ അന്തഃപുരങ്ങളില്‍ (സുമാര്‍ നൂറു കിലോമീറ്ററിനു മുകളില്‍) സാധാരണ രാത്രികാലങ്ങളില്‍ കാണപ്പെടുന്ന ഒരു അത്ഭുത പ്രതിഭാസമാണ് ഓറോറ.
ആകാശത്തിനു വിലങ്ങനെ കിഴക്കു പടിഞ്ഞാറന്‍ ചക്രവാളം മുതല്‍ ചക്രവാളം വരെ അണ്ഡാകൃതിയില്‍ പച്ചയും ചുവപ്പും മഞ്ഞയുമൊക്കെ കലര്‍ന്ന രശ്‌മികള്‍ നൃത്തം വയ്‌ക്കുന്ന രംഗം- ചിലപ്പോള്‍ വര്‍ണാഭയേറിയ മേഘശകലങ്ങളായും കാണപ്പെടും.
ഓറോറയ്‌ക്ക് ഒട്ടേറെ വ്യത്യസ്‌തങ്ങളായ നിറങ്ങളും സവിശേഷതകളുമുണ്ട്. ഏതാണ്ട് പത്തുമണി രാത്രി കഴിയുമ്പോഴേക്കും അവയ്‌ക്കു തിളക്കമേറിത്തുടങ്ങും. കതിരുകള്‍ കുത്തനെ താഴേക്കു പൊഴിഞ്ഞു വീഴുന്നതുപോലെയും! ഈ അപൂര്‍വദൃശ്യം മിനിട്ടുകള്‍ മുതല്‍ മണിക്കൂറുകള്‍ വരെ നീണ്ടുനില്‍ക്കും. പ്രഭാതമാകുമ്പോള്‍ അവ കൂട്ടംകൂടുന്നതുപോലെയും മങ്ങുന്നതുപോലെയുമൊക്കെത്തോന്നും.
വടക്കന്‍ ധ്രുവപ്രദേശത്തുള്ളതിനെ ഓറോറാ ബേറിയേയ്‌ലിസ് എന്നും തെക്കന്‍ ധ്രുവപ്രദേശത്തുള്ളതിനെ ഓറോറാ ഒസ്‌ത്രേയ്‌ലിസ് എന്നും വിളിക്കുന്നു. രണ്ടും ഏതാണ്ട് ഒന്നുപോലെതന്നെ.
നോര്‍വേക്കാരനായ റൊവാള്‍ഡ് അമ്യൂഡ്‌സെന്‍ (1872-1928) ആണ് ആദ്യമായി ദക്ഷിണ ധ്രുവത്തില്‍ കാലുകുത്തിയത്-1910 ഡിസംബറില്‍. തിരിച്ചെത്തിയ അമ്യൂഡ്‌സെന്നിനോട് ആളുകള്‍ ചോദിച്ചു:
``അവിടെ പ്രത്യേകമായി എന്തു കണ്ടു?''
``ഓറോറ ഒസ്‌ത്രേയ്‌ലിസ്.''
``അത് എങ്ങനെയുണ്ടായിരുന്നു?''
``അവര്‍ണനീയമായ ഒരനുഭവം!'' അതായിരുന്നു മറുപടി.
നമുക്ക് ഒത്തിരിയൊത്തിരി അനുഭവങ്ങളുണ്ടാവാം- അപൂര്‍വം ചിലതൊക്കെ അവര്‍ണനീയങ്ങളും. അത്തരത്തിലൊന്നാണു ക്രിസ്‌മസ്. ക്രിസ്‌മസ് ശരിക്കും അവര്‍ണനീയമായ ഒരനുഭവമാണ്. അതിലുപരി അഭൗമികവും. പരിശുദ്ധ അമ്മയ്‌ക്ക് അതൊരു അനുഭവമായിരുന്നു. അതാണ് പരിശുദ്ധാത്മാവുകൊണ്ട് നിറഞ്ഞ് അവള്‍ ഇങ്ങനെ പറഞ്ഞത്. ``എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു'' (ലൂക്കാ 1:47). അതു പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു നിര്‍വൃതിയാണ്. ആത്മവിസ്‌മൃതിയിലാണ്ട നിമിഷങ്ങളിലുണ്ടായ നിര്‍വൃതി.
സ്വാഭാവികമായും അവിവാഹിതയായ ഒരു കന്യക ഗര്‍ഭിണിയായാലുണ്ടാവുന്ന ഭവിഷ്യത്തുകള്‍ മറിയത്തിനു നല്ലവണ്ണം നിശ്ചയമുണ്ടായിരുന്നു. ``ഞാന്‍ പുരുഷനെ അറിയുന്നില്ലല്ലോ'' എന്നു പറഞ്ഞവള്‍ ഉദ്ദേശിച്ചതും അതുകൂടെയാണ്. പക്ഷേ, ഇവിടെ അവള്‍ അതെല്ലാം മറക്കുകയാണ്- പരിസരംപോലും.
``എന്റെ ചിത്തം, (My spirit എന്നു തനിതര്‍ജ്ജമ) എന്റെ രക്ഷകനായ ദൈവത്തില്‍ നിര്‍വൃതി കൊള്ളുന്നു.'' അതൊരു അനുഭൂതിയാണ്. പറഞ്ഞു മനസിലാക്കിക്കൊടുക്കാന്‍ കഴിയാത്ത അനുഭവം. സൂര്യന്റെ സാന്നിധ്യത്തില്‍ ഭൂമിയുടെ കാന്തികപ്രവര്‍ത്തനത്തിലുണ്ടാകുന്ന ഓറോറാ പോലുള്ള ഒരു അനുഭവം.
അതിന്റെ ഒരംശമാണ് ഉണ്ണിയേശുവിനെ ഗര്‍ഭം ധരിച്ചിരിക്കുന്ന മറിയത്തിന്റെ സാന്നിധ്യത്തില്‍ എലിസബത്തിനും കൈവരുന്നത്. തന്നെത്തന്നെ മറന്ന് അവളും എന്തൊക്കെയോ പറഞ്ഞുപോകുന്നു (ലൂക്കാ 1:41-45).
ആ അനുഭവം പിന്നീട് ആട്ടിടയന്മാര്‍ക്കുമുണ്ടായി: ``അതിവേഗം അവര്‍ പോയി പുല്‍ത്തൊട്ടിയില്‍ കിടക്കുന്ന യേശുവിനെ കണ്ടു'' എന്നാണ് വിശുദ്ധ ഗ്രന്ഥത്തില്‍ നാം വായിക്കുന്നത്. അതവര്‍ക്ക് വലിയൊരു ആനന്ദാനുഭവമായിരുന്നു. എന്തെന്നില്ലാത്ത സന്തോഷത്തികവിലാണ് അവര്‍ മടങ്ങിയെത്തിയതും കണ്ടവരോടെല്ലാം തങ്ങളുടെ അനുഭവം വര്‍ണിക്കുന്നതും (ലൂക്കാ 2:17).
`ദി ഡയ്‌സിസ് ഓഫ് നസറത്ത്' എന്ന പ്രസിദ്ധീകരണത്തില്‍ ഹഫ് മാക്ക്‌മില്ലന്‍ ഒരു ആട്ടിടയന്റെ കഥ പറയുന്നുണ്ട്. പത്തുകൊല്ലമായി തളര്‍ന്നു ചലനമറ്റു കിടക്കുന്ന അന്ധനായ ആട്ടിടയന്റെ കഥ. ഒരിക്കല്‍ ഒരു സന്ദര്‍ശകന്‍ ആശ്ചര്യപൂര്‍വം അയാളോടു ചോദിച്ചു:
``ഇതേ കിടപ്പില്‍ത്തന്നെ കിടക്കുന്നതില്‍ നിനക്കു വിഷമമില്ലേ?''
``ഇല്ല, ഒരിക്കലുമില്ല; ഞാന്‍ അവാച്യമായ ആനന്ദത്തിലാണ്. യേശു എന്റെ ഹൃദയത്തില്‍ ആവാസമുറപ്പിച്ചുകഴിഞ്ഞു-പത്തുകൊല്ലമായിട്ട്.'' കാടും മേടും താണ്ടി, കല്ലും മുള്ളും ചവിട്ടി, വിശപ്പും ദാഹവും സഹിച്ച്, വഴിയില്ലാ വഴികളിലൂടെയും മാസങ്ങളോളം യാത്ര ചെയ്‌തെത്തിയ പൂജരാജാക്കള്‍ക്കുണ്ടായ ആനന്ദാനുഭൂതിയും വ്യത്യസ്‌തമല്ല.
പിന്നീടൊരിക്കല്‍ പത്രോസും ആ ദിവ്യാനുഭൂതിയിലെത്തുന്നുണ്ട്- താബോര്‍ മലമുകളില്‍വച്ച്. എല്ലാം മറന്ന് അവനും വിളിച്ചു പറഞ്ഞു: ``എന്തൊരു മനോഹാരിത. നമുക്ക് ഇവിടെത്തന്നെ കഴിയാം...'' (ലൂക്കാ 9:33).
ഉത്ഥിതനായ കര്‍ത്താവിനോടൊപ്പം എമ്മാവൂസിലേക്കു പോയവരുടെ അനുഭവവും അതുതന്നെ. അവരുടെ ഹൃദയം സന്തോഷംകൊണ്ടു ത്രസിക്കുകയായിരുന്നു: ``നാഥാ പോവരുതേ. ഞങ്ങളോടൊപ്പം വസിക്കണമേ'' - അവരും അപേക്ഷിച്ചു.
ഇതുപോലൊരു നിര്‍വൃതിയാണ് പിന്നീടു യോഹന്നാനും കൈവരുന്നത്. ``പെട്ടെന്ന് ഞാന്‍ ഒരു ആനന്ദാനുഭൂതിയില്‍ ലയിച്ചു'' (വെളി.4:1) എന്ന് അനുഭവസ്ഥന്‍ തന്നെയാണ് പറയുന്നത്. അതേ അവാച്യമായ നിറവ് ഒരുനാള്‍ വിശുദ്ധ പൗലോസിനും കൈവരുന്നുണ്ട് (2 കോറി. 12:4).
ഓറോറ കണ്ട് ആസ്വദിക്കാനുള്ള അപൂര്‍വഭാഗ്യം അമ്യൂഡ്‌സെന്നിന് കൈവരുന്നത് 38-ാമത്തെ വയസിലാണ്. സമാനമായൊരു ഭാഗ്യം ഇതാ, വിശുദ്ധ അഗസ്റ്റിനും കൈവരുന്നു, 33-ാമത്തെ വയസില്‍. ലോകത്തിന്റെ എല്ലാ വശ്യതകളിലും കുടുങ്ങിക്കഴിഞ്ഞവന്, ആനന്ദത്തിന്റെ അത്യുന്നതി എവിടെയാണെന്നു പിടുത്തം കിട്ടുന്നു. അത് യഥാര്‍ത്ഥ ആഗ്രഹങ്ങളുടെ സാക്ഷാത്‌ക്കരണത്തിലാണെന്ന തിരിച്ചറിവ് അദ്ദേഹത്തിനു സിദ്ധിക്കുന്നു.
കവി ആല്‍ഫ്രെഡ് ടെന്നിസണ് ഇത്തിരികൂടെ കൂട്ടിച്ചേര്‍ക്കാനുണ്ട്: ഒരിക്കലും ഒരു കാലത്തും നമുക്കുണ്ടാകാത്ത അഭൗമിക മോഹങ്ങളാണ് യേശു നമ്മില്‍ ഉണര്‍ത്തുക. അവന്‍ കാണിച്ചുതരുന്ന തരത്തിലുള്ള ഓറോറ ഒരാളും ഒരു കാലത്തും കണ്ടിട്ടുണ്ടാകയില്ല. ``കണ്ണു കണ്ടിട്ടില്ലാത്തത്, കാത്
കേട്ടിട്ടില്ലാത്തത്, ഹൃദയം ആസ്വദിച്ചിട്ടില്ലാത്തത്.''
സൂര്യനില്‍നിന്നു പുറപ്പെടുന്ന വൈദ്യുത സംവാഹിയായ അണുശകലങ്ങള്‍ (ഇലക്‌ട്രോണ്‍സ്, പ്രോട്ടോണ്‍സ്) ഭൂമിയുടെ ഉത്തര ദക്ഷിണ കാന്തവലയങ്ങളില്‍ കടന്നാണ് ഓറോറ സൃഷ്‌ടിക്കുക- തികച്ചും വിവിധ രൂപങ്ങളില്‍. അര്‍ദ്ധരാത്രികളിലാണ് അവ മിന്നിത്തെളിഞ്ഞുനില്‍ക്കുന്നതും.
ആദ്യമായി ഉത്തര ദക്ഷിണ ധ്രുവങ്ങളിലെത്തിയ അമ്യൂഡ്‌സെന്‍, റോബര്‍ട്ടു പീയറി തുടങ്ങിയവരാണ് ആ അപൂര്‍വദൃശ്യം ഏറ്റവും അടുത്തുപോയി കണ്ടത്. അത് `അവര്‍ണനീയ'മെന്ന് അവര്‍ ഉദ്‌ഘോഷിച്ചെങ്കിലും പിന്നീടുപോയ പലരുമാണ് ആ മനോഹരദൃശ്യം നിശയുടെ നീണ്ട നിശബ്‌ദതയില്‍ മണിക്കൂറുകളോളം കണ്ടുനിന്നാസ്വദിച്ചത്!
ഇതാ, സൂര്യാധിസൂര്യന്റെ പ്രകാശകിരണങ്ങള്‍ ഭൂമിയുടെ കാന്തവലയത്തില്‍ പ്രവേശിച്ച് അത്യത്ഭുതകരമായ ഒരു ഓറോറയ്‌ക്കു രൂപംകൊടുത്ത രംഗം ഒരിക്കല്‍ക്കൂടി തെളിഞ്ഞുവരുന്നു- ക്രിസ്‌മസ് അര്‍ദ്ധരാത്രിയില്‍.
മടിച്ചുനില്‍ക്കരുത്, മാറിനില്‍ക്കരുത്, തിരിഞ്ഞുനോക്കുകയുമരുത്. ആട്ടിടയരെപ്പോലെ തിടുക്കത്തില്‍ നമുക്ക് ആ ദിവ്യാനുഭവത്തില്‍ പങ്കുചേരാം.
ഹാപ്പി ക്രിസ്‌മസ്.
Friday, 23 December 2011 13:58
അവര്‍ണനീയമായ ഒരനുഭവം Featured
Written by ഫാ. ജോസഫ് നെച്ചിക്കാട്ട്
Read 310 times
Login to post comments








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.