ജനസംഖ്യയുടെ അനിയന്ത്രിതമായ വര്‍ധന തടയാന്‍ സന്താനിയന്ത്രണം അനിവാര്യമാണെ ന്നാണ് ജസ്റ്റീസ് വി.ആര്‍. കൃഷ്‌ണയ്യര്‍ കമ്മീഷന്‍ അഭിപ്രായം. അതിനായി കമ്മീഷന്‍ നിര്‍ദേശിക്കുന്ന പ്രധാന കാര്യങ്ങള്‍ ഇവയാണ്: വനിതാ ക്ഷേമ ത്തിനും അവകാശങ്ങള്‍ക്കും വേണ്ടിയുള്ള നിയമം നടപ്പാക്കുമ്പോള്‍ ഓരോ കുടുംബത്തിലും രണ്ടു കുട്ടികള്‍ എന്നത് ഉറപ്പാക്കണം.
നിയമം പ്രാബല്യത്തില്‍ വന്ന് ഒരു വര്‍ഷത്തിനു ശേഷം രണ്ടു കുട്ടികളില്‍ കൂടുതല്‍ ഉണ്ടാവുകയോ നിയമത്തില്‍ പറയുന്ന വ്യവസ്ഥകള്‍ ലംഘിക്കു കയോ ചെയ്‌താല്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 107-ാം വകുപ്പനുസരി ച്ചുള്ള ശിക്ഷ അനുഭവിക്കണം. നിയമം ലംഘിക്കുന്നവര്‍ക്കു സിവില്‍, ക്രിമിനല്‍ നടപടികളും നേരിടേണ്ടി വരും. 10,000 രൂപ പിഴയോ മൂന്നു മാസം വരെ തടവോ ആണു ശിക്ഷ. നിയമം ലംഘിക്കുന്ന മാതാപിതാക്കളാണു ശിക്ഷ നേരിടേ ണ്ടി വരിക. കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്കു സര്‍ക്കാര്‍ സഹായവും നല്‍കേണ്ടതില്ലെന്നാണ് മറ്റൊരു നിര്‍ദേശം. സര്‍ക്കാര്‍ നല്‍കുന്ന ആനൂകൂല്യങ്ങള്‍ക്കും ഇളവുകള്‍ക്കും സഹായങ്ങള്‍ക്കും നിയമത്തില്‍ പറയുന്ന വ്യവസ്ഥ പാലിക്കുന്നവര്‍ക്കു മാത്രമേ അര്‍ഹതയുണ്ടാവൂ.
ജനസംഖ്യാ നിയന്ത്രണത്തിനെതിരെ പ്രചാരണം നടത്തുന്ന മത, സാമൂഹ്യ, രാഷ്‌ട്രീയ, അക്കാദമിക സംഘടനകളെയും സ്ഥാപനങ്ങളെയും ഗവര്‍ണര്‍ സെന്‍ഷര്‍ ചെയ്യണമെന്നും കമ്മീഷന്‍ നിര്‍ദേശിക്കുന്നു. വിവാഹം, ഗര്‍ഭധാരണം തുടങ്ങിയ കാര്യ ങ്ങളില്‍ നിര്‍ദിഷ്ട നിയമവ്യവസ്ഥ പാലിക്കുന്നവര്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി സാമ്പത്തിക ആനുകൂല്യം നല്‍കാനും ശിപാര്‍ശയുണ്ട്. ചുരുക്കത്തില്‍ ദൈവാനുഗ്രഹത്തോടെ നടക്കുന്ന വിവാഹത്തെയും സന്താനോല്‌പാദനത്തെയുമൊക്കെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വെറും യാന്ത്രിക ചടങ്ങുകളാക്കി മാറ്റാനുള്ള ശ്രമമാണ് ബില്ലിലുള്ളത്. ദൈവവിശ്വാസം നശിപ്പിക്കുക എന്ന ഗൂഢലക്ഷ്യവും ഇതിനു പിന്നിലുണ്ടാവാം.
`വിമന്‍സ് കോഡ് ബില്‍' കരടിലെ നിര്‍ദേശങ്ങള്‍ ഇന്ത്യന്‍ ഭരണഘടന വാഗ്‌ദാനം ചെയ്യുന്ന പൗരന്റെ മൗലികാവകാശങ്ങളുടെ നിഷേധവും മനുഷ്യത്വ ത്തോടും സ്വകാര്യതയോടുമുള്ള കടുത്ത വെല്ലു വിളിയുമാണെന്നു മനസിലാക്കാന്‍ വലിയ നിയമപാണ്‌ഡിത്യം ആവശ്യമില്ല. പുരോഗമനത്തിന്റെ മുഖംമൂടിയണിഞ്ഞ തികച്ചും പ്രതിലോമകരമായ ഇത്തരമൊരു നിര്‍ദേശം കേരളസമൂഹം ആദരവോടെ കാണുന്ന ജസ്റ്റീസ് വി.ആര്‍. കൃഷ്‌ണയ്യരെപ്പോലുള്ള ഒരു നിയമജ്ഞന്റെ നേതൃത്വത്തിലുള്ള കമ്മീഷന്‍ നല്‍കിയതു പലരെയും അദ്‌ഭുതപ്പെടുത്തുന്നുണ്ട്. നിരവധി വനിതാസംഘടനകളുടെ പരാതിയെത്തുടര്‍ ന്നാണ് ഇത്തരം ശുപാര്‍ശകള്‍ നടത്തിയതെന്നാണു കമ്മീഷന്‍ പറയുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് എന്തെങ്കിലും ചര്‍ച്ചകള്‍ കമ്മീഷന്‍ മുന്‍കൈയെടുത്തു പൊതുസമൂഹത്തില്‍ നടത്തിയതായി അറിവില്ല. നിക്ഷിപ്‌ത താത്‌പര്യങ്ങളുള്ള ചിലരോടു മാത്രം ചര്‍ച്ച നടത്തി, ഏകപക്ഷീയമായി നിഗമനങ്ങളിലെത്തി നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ചുവെന്നാണു മനസിലാക്കേണ്ടത്.
മതവിശ്വാസങ്ങള്‍ക്കും നൈതികമൂല്യങ്ങള്‍ക്കും ജീവന്റെ മഹത്വത്തിനും വിലകല്‌പിക്കാതെയുള്ള ഇത്തരം നിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ ഏതെങ്കിലും ജനാധിപത്യ ഭരണകൂടത്തിനു കഴിയുമോ? സമൂഹത്തിന്റെ ഭദ്രതയ്‌ക്കും രാഷ്‌ട്രത്തിന്റെ ക്ഷേമത്തിനും വേണ്ടിയാണ് കടുത്ത ജനനനിയന്ത്രണ വ്യവസ്ഥകള്‍ കൊണ്ടുവരുന്നതെന്ന് കമ്മീഷന്‍ പറഞ്ഞാല്‍ അതു മുഖവിലയ്‌ക്കെടുക്കാന്‍ കടുത്ത നിരീശ്വരവാദികള്‍ ഒരുപക്ഷേ തയാറാകുമായിരിക്കാം. രാജ്യത്തെ ഭൂരിപക്ഷം വരുന്ന മതവിശ്വാസികള്‍ക്കു മനസിലാകുന്നതല്ല കമ്മീഷന്റെ വാദഗതികള്‍.
ക്രൈസ്‌തവ വീക്ഷണമനുസരിച്ച് ദൈവികദാന മാണ് മക്കള്‍. കൃത്രിമ ജനനനിയന്ത്രണ മാര്‍ഗങ്ങളെ സഭ എതിര്‍ക്കുന്നു. കുടുംബ ജീവിതത്തിന്റെ സ്വകാര്യതയുടെ ഭാഗമായ കുട്ടികള്‍ എത്രവേണമെന്നു തീരുമാനിക്കാനുള്ള അവകാശം മാതാപിതാക്കള്‍ക്കു മാത്രമാണ്. അതിനു സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതും കുട്ടികള്‍ രണ്ടില്‍ കൂടിയാല്‍ മാതാപിതാക്കളെ ശിക്ഷിക്കണമെന്നു നിര്‍ദേശിക്കു ന്നതും സാംസ്‌കാരികോന്നതി പ്രാപിച്ച സമൂഹത്തിന് ഭൂഷണമല്ല.
ഭൗതിക കാഴ്‌ചപ്പാടിലൂടെ സമീപിച്ചാല്‍പോലും കേരളത്തില്‍ കടുത്ത ജനനനിയന്ത്രണ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുന്നതിനെ വിവേകം നഷ്‌ടപ്പെടാത്തവരെല്ലാം എതിര്‍ക്കും. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ജനനനിരക്ക് വളരെ കുറവാണിപ്പോള്‍. പുതിയ കണക്ക് അനുസരിച്ച് കേരളത്തില്‍ ജനന നിരക്ക് 1.5 ആയി കുറഞ്ഞിട്ടുണ്ട്. യു.എന്‍ കണക്കനുസരിച്ച് ജനന നിരക്ക് 2.2 ഉണ്ടെങ്കിലേ ജനസംഖ്യ സന്തുലിതമാകൂ.
ഇപ്പോഴത്തെ നിലയില്‍ പോയാല്‍ അടുത്ത തലമുറയില്‍ കേരളം വൃദ്ധരുടെ സംസ്ഥാനമായി മാറും. ജനസംഖ്യയില്‍ യുവാക്കളുടെയും കുട്ടികളുടെയും അനുപാതം കുറയുകയും വയസായവരുടെ എണ്ണം കൂടുകയും ചെയ്യും. പണിയെടുക്കാന്‍ കഴിയുന്ന ആളില്ലാത്ത അവസ്ഥയാണ് അതുണ്ടാക്കുക. ഇതു സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ തളര്‍ത്തുകയും പുരോഗതി മുരടിപ്പിക്കുകയും ചെയ്യും.
ജനസംഖ്യ പുരോഗതിയെ തളര്‍ത്തുമെന്ന സിദ്ധാന്തം കാലഹരണപ്പെട്ടതാണെന്നു തെളിഞ്ഞു കഴിഞ്ഞു. ആഗോള സാമ്പത്തിക പ്രതിസന്ധി അമേരിക്കയെയും യൂറോപ്യന്‍ സാമ്പത്തികശക്തികളെയും തളര്‍ത്തിയപ്പോള്‍ പിടിച്ചുനിന്നതു ചൈനയും ഇന്ത്യയും പോലുള്ള രാജ്യങ്ങളാണ്. ഭാവിയില്‍ ലോകത്തിലെ സാമ്പത്തികശക്തികളായി വിലയിരുത്തുന്നതും ചൈനയെയും ഇന്ത്യയെയുമാണ്. ജനസംഖ്യയാണ് ഇന്ന് ഇരുരാജ്യങ്ങളുടെയും ഒരു വലിയ ശക്തി.
പണിയെടുക്കാന്‍ ധാരാളം ആളുകളുള്ളപ്പോള്‍ ഇന്ത്യയുടെയും ചൈനയുടെയും സാമ്പത്തിക വളര്‍ച്ച മുകളിലോട്ടു തന്നെയായിരിക്കും. ഒരുകാലത്ത് ജനസംഖ്യ രണ്ടു രാജ്യങ്ങളുടെയും ശാപമായി കണ്ടിരുന്നതാണ്. പണിയെടുക്കാന്‍ ആളില്ല എന്നതാണ് ഇന്നു സാമ്പത്തികമാന്ദ്യം നേരിടുന്ന അമേരിക്കയുടെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും ഒരു വലിയ പ്രശ്‌നം.
കൃത്രിമ ജനനനിയന്ത്രണ പരിപാടികള്‍ അനിയന്ത്രിതമായി പിന്തുടര്‍ന്നതാണ് യൂറോപ്യന്‍ ശക്തി നേരിടുന്ന പ്രതിസന്ധിക്ക് അടിസ്ഥാന കാരണം. സാമ്പത്തികമാന്ദ്യം മാത്രമല്ല അവരെ അലട്ടുന്നത്. അവരുടെ സാംസ്‌കാരികത്തനിമയുടെ നിലനില്‌പു പോലും ചോദ്യം ചെയ്യപ്പെടുകയാണ്. ജനസംഖ്യയില്‍ ചെറുപ്പക്കാരുടെ എണ്ണം കുറഞ്ഞുവരുന്നതിനാല്‍ മനസ്സില്ലാമനസ്സോടെങ്കിലും കുടിയേറ്റത്തെ യൂറോപ്പില്‍ പ്രോത്സാഹിപ്പിക്കേണ്ടിവരുന്നു. അനിയന്ത്രിതമായ കുടിയേറ്റം യൂറോപ്യന്‍ സമൂഹത്തില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന അസ്വസ്ഥതകള്‍ സൃഷ്‌ടിച്ചുവരികയാണ്.
സമാനസാഹചര്യമാണ് കേരളത്തിലുമുണ്ടാകാന്‍ പോകുന്നത്. പാശ്ചാത്യരാജ്യങ്ങളെ അനുകരിച്ചാണല്ലോ കേരളത്തിലും കൃത്രിമ ജനനനിയന്ത്രണമടക്കമുള്ള നയങ്ങള്‍ ഉത്സാഹത്തോടെ നടപ്പാക്കിയത്. കേരളത്തില്‍ വലിയ പുരോഗമനം പ്രസംഗിക്കുന്ന പലരും കാല്‍ നൂറ്റാണ്ടു പിന്നിലാണു ചിന്തിക്കുന്നതെന്നു പരിഹാസരൂപേണ പറയാറുണ്ട്. പരാജയമാണെന്നു കണ്ട് യൂറോപ്പ് കുറ്റബോധത്തോടെ ഉപേക്ഷിക്കാന്‍ ശ്രമിക്കുന്ന കൃത്രിമ ജനനനിയന്ത്രണ മാര്‍ഗങ്ങള്‍ ഇവിടെ പുതിയ ലേബലൊട്ടിച്ച് നിയമം മൂലം നടപ്പാക്കാന്‍ ശ്രമിക്കുകയാണ് പുരോഗമനവാദികളായ ചിലര്‍!
അനിയന്ത്രിതമായ ജനപ്പെരുപ്പം ഭക്ഷ്യക്ഷാമത്തിനിടയാക്കുമെന്ന് പണ്ടൊരു വാദമുണ്ടായിരുന്നു. ഈ വാദവും കാലഹരണപ്പെട്ടതാണെന്നു തെളിഞ്ഞു. ഈ ഭൂമിയില്‍ വസിക്കുന്ന സകല മനുഷ്യര്‍ ക്കും തൃപ്‌തികരമായി ഭക്ഷിക്കാന്‍ വേണ്ട ഭക്ഷണം ഇവിടെ ഉത്‌പാദിപ്പിക്കുന്നുണ്ട്. ആരെങ്കിലും പട്ടിണി കിടക്കുകയും മരിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ അതിനു കാരണം സമ്പത്തിന്റെയും ഭക്ഷണത്തിന്റെയും വിതരണത്തിലെ അസമത്വങ്ങളും അനീതികളുമാണ്.
ക്ഷേമരാഷ്‌ട്രത്തിനായി ഉത്സാഹിക്കുന്നവര്‍ ഇത്തരം സാമൂഹിക അനീതികള്‍ക്കു പരിഹാരം കാണാനല്ലേ ശ്രമിക്കേണ്ടത്? ഇന്നു ലോകത്തു ഭക്ഷണം കിട്ടാതെ മരിക്കുന്നവരേക്കാള്‍ കൂടുതല്‍ പേര്‍ അമിത ഭക്ഷണവും ജീവിതശൈലീ രോഗങ്ങളും മൂലം മരിക്കുന്നുണ്ടെന്ന വിദഗ്‌ധാഭിപ്രായങ്ങളും ശ്രദ്ധിക്കേണ്ടതാണ്.
സ്‌ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും തുല്യമായ നീതി }നടപ്പാക്കുന്ന സംവിധാനത്തിലൂടെ മാത്രമേ ലിംഗസമത്വം കൈവരിക്കാനാകുകയുള്ളൂവെന്നാണ് വി.ആര്‍. കൃഷ്‌ണയ്യര്‍ അഭിപ്രായപ്പെട്ടത്. സ്‌ത്രീകള്‍ ക്കും കുട്ടികള്‍ക്കും നീതി നടപ്പാക്കുന്നതിനു നിലവിലുള്ള സംവിധാനം അപര്യാപ്‌തമാണെന്നും ഇതിനു ശക്തമായ നിയമം നടപ്പാക്കണമെന്നും അദ്ദേഹം പറയുന്നു.
സ്‌ത്രീശാക്തീകരണത്തെ ഇന്ന് എല്ലാവരും പ്രോ ത്സാഹിപ്പിക്കുന്നുണ്ട്. എന്നാല്‍, അതിന്റെ പേരില്‍ കുടുംബങ്ങളുടെയും സമൂഹത്തിന്റെയും അസ്‌തിവാരമിളക്കാനിടയാക്കുന്ന ഒരു നിയമനിര്‍മാണത്തെ അനുകൂലിക്കേണ്ടതുണ്ടോ എന്നാണ് സുമനസുകളെല്ലാം ചിന്തിക്കേണ്ടത്.
ഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിര്‍ണയം പോലും നിയമം മൂലം വിലക്കിയിട്ടുള്ള നാട്ടിലാണ് ഗര്‍ഭഛിദ്രത്തെ പ്രോത്സാഹിപ്പിക്കുന്ന ബില്ലുമായി കൃഷ്‌ണയ്യര്‍ കമ്മീഷന്‍ രംഗത്തെത്തിയിരിക്കുന്നത്. നിസാര കാര്യങ്ങള്‍ക്കു പോലും പ്രതികരിക്കുന്ന സാംസ്‌കാ രിക നായകരെന്നു സ്വയം വിശേഷിപ്പിക്കുന്ന പലരും ഇതിനെതിരേ ഒരക്ഷരം ഉരിയാടാന്‍ തയാറായിട്ടില്ല എന്നതു നാം വന്നുപെട്ടിരിക്കുന്ന മൂല്യച്യുതിയുടെ ആഴമാണു വ്യക്തമാക്കുന്നത്.
Friday, 14 October 2011 11:52
ധാര്‍മികമൂല്യങ്ങള്‍ക്കെതിരായ നിയമനിര്‍മാണം Featured
Written by ഫാ. ജോസ് പന്തപ്ലാംതൊട്ടിയില്‍ CMI
2010 ഓഗസ്റ്റ് എട്ടിനാണ് അന്നത്തെ ഇടതുമുന്നണി സര്‍ക്കാര്‍ ജസ്റ്റീസ് കൃഷ്‌ണയ്യര്‍ അധ്യക്ഷനായ 12 അംഗ കമ്മീഷനെ നിയമിച്ചത്.ഒരു വര്‍ഷമെടുത്തു സമിതി തയാറാക്കിയ റിപ്പോര്‍ട്ടില്‍ മുഴച്ചുനില്‍ക്കുന്നത് ജനാധിപത്യത്തിനും ധാര്‍മികതയ്‌ക്കും മാനുഷികമൂല്യങ്ങള്‍ക്കും നിരക്കാത്ത നിര്‍ദേശങ്ങളാണ്.
Read 328 times
Login to post comments








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.