`ദൈവം സ്‌നേഹമാകുന്നു' എന്ന യോഹന്നാന്റെ പ്രസ്‌താവനയുടെ പുനര്‍വായനയാണ് ഓരോ സഹനവും ഓരോ തുള്ളി കണ്ണീരും രക്തവും-ഒന്നും വ്യര്‍ത്ഥമല്ല. - മോറിയാക്ക് ഫ്രാന്‍സ്വ
റോമന്‍ ചക്രവര്‍ത്തിയായിരുന്ന ജൂലിയസ് സീസര്‍ (ബി.സി 100-44) ഒരിക്കല്‍ വലിയൊരു വിരുന്നൊരുക്കി. ഒട്ടേറെ പ്രമുഖരെയും ക്ഷണിച്ചു. വിരുന്നു മുറുകിയപ്പോള്‍ പൊടുന്നനെ ഭയങ്കര മഴ! എല്ലാം നനഞ്ഞു നാശമായി.
സീസറിന് താങ്ങാവുന്നതിലേറെയായിരുന്നു അത്. ആകാശങ്ങളുടെ ദേവന്‍ ജൂപ്പിറ്ററാണ് ഈ കടുംകൈ ചെയ്‌തത്! ഗ്രീക്കുകാരുടെ ദേ വേന്ദ്രനായ സേവുസിനോടു കിടപിടിക്കുന്ന ജൂപ്പിറ്റര്‍ മോശക്കാരനൊന്നുമല്ല. റോമിന്റെ പ്രധാന ദേവനും ഭരിക്കുന്ന ചക്രവര്‍ത്തിയുടെ സംരക്ഷകനുമാണ് ജൂപ്പിറ്റര്‍!
പക്ഷേ, പറഞ്ഞിട്ടു കാര്യമില്ല. ചക്രവര്‍ത്തി യും ഒരു ദേവന്‍ തന്നെയാണ്. തന്നോടു കളിച്ചാല്‍ ഏതു ജൂപ്പിറ്ററിനെയും വെറുതെ വിടുകയില്ല. കുപിതനായ ചക്രവര്‍ത്തി തന്റെ വില്ലാളിവീരന്മാരായ പടയാളികളെ വിളിച്ച് നേരെ ആകാശത്തേക്ക് അമ്പെയ്യുവാന്‍ ആവശ്യപ്പെട്ടു. ജൂപ്പിറ്ററിന്റെ സിംഹാസനം തുളഞ്ഞു തവിടുപൊടിയാകട്ടെ! അതുപോലെ ക്യാപ്പിറ്റോള്‍ മലയിലുള്ള ജൂപ്പിറ്ററിന്റെ അമ്പലം ആക്രമിക്കുവാനും ചക്രവര്‍ത്തി കല്‍പനയിട്ടു!
ഏതാണ്ട് ഇതേ ആശയഗതി പുലര്‍ത്തിയിരുന്നവരായിരുന്നു സുമേറിയക്കാരും. അവര്‍ ക്കും അനവധി ദേവന്മാരുണ്ടായിരുന്നു. അനു ആയിരുന്നു ആകാശങ്ങളുടെ ദേവന്‍. അനുവിന്റെ മകളായ ഇസ്‌താര്‍ സ്‌നേഹത്തിന്റെയും സന്താനലബ്‌ധിയുടെയും ദേവതയും. ഭൂമിയു ടെ ദേവന്‍ `ഏന്‍ലിയും', കടലിന്റെ ദേവന്‍ `ഏ ന്‍കി'യും ആയിരുന്നു. അവരെയൊക്കെ കുടുംബസമേതം അമ്പലങ്ങളില്‍ കുടിയിരുത്തി പേരെടുത്തുപറഞ്ഞു പൂജിക്കുകയും നരബലി അര്‍പ്പിക്കുകയും ചെയ്യുക പതിവായിരുന്നു.
ഇങ്ങനെയൊക്കെയാണെങ്കിലും തക്കസമയത്തു തങ്ങളെ സഹായിച്ചില്ലെങ്കില്‍ ദൈവങ്ങളെയും അവര്‍ കടന്നുപിടിക്കും. മക്കളുണ്ടായില്ലെങ്കില്‍ ഇസ്‌താറിനെ കൊഴിവെട്ടി എറിയും. വിളവു മോശമായാല്‍ ഏന്‍ലിക്കും ശിക്ഷ അനുഭവിക്കേണ്ടിവരും. പുരാതന പേര്‍ഷ്യക്കാരും നമ്മുടെ നാട്ടിലെ ആദിവാസികള്‍ തന്നെയും ഇക്കാര്യത്തില്‍ മോശക്കാരല്ല!
ദൈവത്തെ ചീത്ത വിളിക്കുകയും ദൂഷണം പറയുകയും ചെയ്യുന്നതു ചിലരുടെ സ്ഥിരം പതിവാണല്ലോ. ദൈവത്തെക്കുറിച്ചുള്ള മനുഷ്യന്റെ അജ്ഞതയും മിഥ്യാസങ്കല്‌പങ്ങളുമാണ് ഇതിനൊക്കെ നിദാനം. നമ്മുടെ സ്രഷ്‌ടാവായ ദൈവം നമ്മുടെ നന്മമാത്രമേ ആഗ്രഹിക്കുകയുള്ളൂ. ആ ദൈവത്തില്‍നിന്ന് ഓടിയകലുന്നത് അമ്മയില്‍നിന്നു രക്ഷപെടാന്‍ ശ്രമിക്കുന്ന കുഞ്ഞിനു തുല്യമായിരിക്കും...!
എന്തുകൊണ്ടാണ് ഒരമ്മയ്‌ക്കു തന്റെ കു ഞ്ഞിനോട് ഇത്രയേറെ നൈസര്‍ഗികമായ സ്‌നേഹം? അതു തന്റെ ഉദരഫലമാണ്. ഫുള്‍ ട്ടന്‍ ജെ. ഷീന്‍ പറയുന്നതുപോലെ ``മരണത്തിന്റെ വക്കോളമെത്തിയാണ് അവള്‍ ആ കുഞ്ഞിനു ജന്മം നല്‍കിയത്.''
സ്രഷ്‌ടാവായ ദൈവത്തിനും നമ്മെപ്പറ്റി കരുതലുണ്ട്. അതുകൊണ്ടുതന്നെയാണ് നമ്മോടൊപ്പമാകുവാന്‍ അവിടുന്നു മനസായതും നമ്മുടെ സുഖദുഃഖങ്ങളില്‍ പങ്കുചേര്‍ന്നതും. ``കണ്ടാലും എത്ര വലിയ സ്‌നേഹമാണ് പിതാവു നമ്മോടു കാണിച്ചത്'' (1യോഹ.3).
ഫ്രഞ്ചു സാഹിത്യത്തിലെ അതുല്യ വ്യക്തിയാണ് 1952-ല്‍ നോബല്‍ സമ്മാനം നേടിയ മോറിയാക്ക് ഫ്രാന്‍സ്വ. തന്റെ മരണശേഷം പ്ര സിദ്ധപ്പെടുത്തുവാന്‍ വേണ്ടി സൂക്ഷിച്ചുവച്ച ഡ യറിയില്‍ അദ്ദേഹം ഇങ്ങനെ കുറിച്ചിട്ടിരുന്നു: ``ദൈവം സ്‌നേഹമാകുന്നു എന്ന യോഹന്നാന്റെ പ്രസ്‌താവനയുടെ പുനര്‍വായനയാണ് ഓരോ സഹനവും ഓരോ തുള്ളി കണ്ണീരും രക്തവും-ഒന്നും വ്യര്‍ത്ഥമല്ല.''
വേദന ജീവിതത്തിന്റെ അനിവാര്യമായ ഒരു ഭാഗമാണ്- അതില്ലാതെ ജീവിതം അര്‍ത്ഥപൂര്‍ണമാകില്ല. നമുക്ക് ഒരു മാതൃക (യോഹ.13:15) ആകുവാന്‍ വേണ്ടിക്കൂടിയാണ് ദൈവപുത്രന്‍തന്നെയും ഏറ്റവും ദുര്‍വഹമായ വേദനകള്‍ അതിന്റെ പരകോടിയില്‍ സ്വീകരിക്കുവാന്‍ തയാറായത്.
ഒക്കേഷനല്‍ ഹോമിലീസ് എന്ന ഗ്രന്ഥത്തില്‍ ജായ്‌ക്ക് മക്കാര്‍ഡില്‍ ഇങ്ങനെ എഴുതി: സഹനം ഒരു ദൈവവിളിയാണ്; യേശുവിന്റെ കുരിശില്‍ കെവുറീന്‍കാരന്‍ ശിമയോനെപ്പോ ലെ പങ്കാളിയാകുവാനുള്ള ക്ഷണം.'' അതു സ്വീകരിക്കുന്നവര്‍ക്ക് ഹൃദയത്തില്‍ വലിയ സന്തോഷവും സമാധാനവും അനുഭവപ്പെടും. അതു രോഗത്തില്‍നിന്ന് വ്യത്യസ്‌തമാണ്- രോഗം വിരസമായി അനുഭവപ്പെടാം. ഫലത്തില്‍നിന്നാണ് രണ്ടിലെയും വ്യത്യാസം തിരിച്ചറിയേണ്ടതെന്നും അദ്ദേഹം തുടര്‍ന്നു പറയുന്നു.
പ്രഗത്ഭനായൊരു നോവലിസ്റ്റും നാടകകൃത്തുമാണ് അമേരിക്കക്കാരനായ തോണ്‍ടണ്‍ വില്‍ഡര്‍. ദ ഏയ്‌ഞ്ചല്‍ ദാറ്റ് ട്രബിള്‍ഡ് ദ വാ ട്ടേഴ്‌സ് എന്ന അദ്ദേഹത്തിന്റെ മൂന്നു മിനിട്ടു നാടകം മുറിവേറ്റ ഒരു ഡോക്‌ടറുടെ കഥയാണ്. മാലാഖാ വന്നു വെള്ളം കലക്കുമ്പോള്‍ സുഖം പ്രാപിക്കാന്‍ ബേത്‌സഥാ കുളക്കരയില്‍ (യോഹ.5:2) ഒരുങ്ങിനില്‍ക്കുകയാണ് ഡോക്‌ടര്‍.
കുളം കലക്കിയ ദൈവദൂതന്‍ ഡോക്‌ടറെ തടഞ്ഞു: ``വേദനിക്കുന്ന മനുഷ്യമക്കളിലേക്കിറങ്ങിച്ചെല്ലാന്‍ നിന്റെ പതറി വിറയ്‌ക്കുന്ന ശബ്‌ദത്തിനുള്ളിടത്തോളം കഴിവ് സ്വര്‍ഗസ്ഥരായ ഞങ്ങള്‍ക്കു പോലുമില്ല. അതുകൊണ്ടു നീ ഇറങ്ങരുത്. സുഖപ്രാപ്‌തി നിന്നെ ഉദ്ദേശിച്ചല്ല!'' മുറിവിന്റെ വേദനയും പേറി രോഗികളിലേക്കിറങ്ങിച്ചെല്ലുമ്പോഴാണ് ജായ്‌ക്ക് മക്കാര്‍ഡില്‍ വിഭാവനം ചെയ്യുന്നതുപോലുള്ള ആന്തരികാനന്ദം ആ ഡോക്‌ടര്‍ക്ക് അനുഭവവേദ്യമാകുന്നത്.
അതിലും ജീവിതഗന്ധിയാണ് ഡോക്‌ടര്‍ എ ഡ്വേര്‍ഡ് വില്‍സന്റെ ശബ്‌ദം. 1911 ഒക്‌ടോബറില്‍ ദക്ഷിണ ധ്രുവം കണ്ടുപിടിക്കാന്‍ റോബര്‍ട്ടു ഫാല്‍ക്കണ്‍ സ്‌കോട്ടിനോട് (1868-1912) കൂടെ ഇറങ്ങിപ്പുറപ്പെട്ട വ്യക്തിയാണ് അദ്ദേഹം. യാത്രയുടെ അവസാനഘട്ടത്തില്‍ അവര്‍ മരണപ്പെടുകയായിരുന്നു. എങ്കിലും, ജീവിതക്ലേശങ്ങളിലൂടെ കടന്നുവരുന്ന ദൈവസ്‌നേഹത്തെക്കുറിച്ചു പറയുമ്പോള്‍ അദ്ദേഹം തികച്ചും വാചാലനാണ്: ``നമുക്കുണ്ടാകുന്ന ഏറ്റവും ചെറിയ വേദനപോലും ദൈവത്തിന്റെ അറിവുകൂടാതെ അല്ല. അവിടെയെല്ലാം അവിടുത്തെ സ്‌നേഹമസൃണമായ കരസ്‌പര്‍ശമുണ്ട്.'' ഐസുകട്ടകളുടെ മുകളിലൂടെ ആറുമാസം നീണ്ടുനിന്ന അതിദുഷ്‌കരമായ സാഹസികയാത്രയില്‍ പട്ടിണി കിടന്നും തണുത്തു മരച്ചും അവര്‍ അനുഭവിച്ച യാതനകള്‍ അവര്‍ണനീയങ്ങളാണ്.
അനന്തമായ കോടാനുകോടി സാധ്യതകളില്‍ നിന്ന് സ്രഷ്‌ടാവ് നമ്മെ മാത്രം തിരഞ്ഞെടു ത്തു ജീവനിലേക്കു വിളിച്ചു. ആ സ്രഷ്‌ടാവിന് നമ്മെ ഓരോരുത്തരെയും സംബന്ധിച്ച തി കച്ചും വ്യക്തിപരമായ പദ്ധതികളുണ്ട്- നമ്മു ടെ ക്ഷേമത്തിനുവേണ്ടിയുള്ള പദ്ധതി (ജറെമിയ 29:11). അവയുടെ അവിഭാജ്യഭാഗങ്ങളാണ് നമ്മുടെ വേദനകളും. സഹനങ്ങളിലൂടെ നല്‍കപ്പെടുന്ന വിലപ്പെട്ട അവസരങ്ങള്‍ പലരും പാഴാക്കുന്നുവെന്നതാണ് ഏറെ ദയനീയം. അതാണു ഫുള്‍ട്ടന്‍ ഷീനിന്റെ വിലാപവും. ``നന്മരൂപിയായ ദൈവമേ, നിനക്കു വന്ദനം...''








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.