സമര്‍പ്പണം സമ്പൂര്‍ണമാകുമ്പോള്‍ നേട്ടമായി മാറുന്നു. ഗോതമ്പുമണി മുഴുവനായി അഴുകിയെങ്കിലേ മുളയുണ്ടാകയുള്ളൂ. പകുതിമാത്രം അഴുകിയവയില്‍നിന്ന് ഒരിക്കലും കരുത്തുറ്റ മുള പുറത്തുവരുകയില്ല. മുളയും പോകും, വിത്തും പോകും. അതിലും നല്ലത് ആ പണിക്കു പോകാതിരിക്കുകയായിരുന്നില്ലേ? വിശ്വസിച്ചു സമര്‍പ്പിക്കുന്നവര്‍ക്ക് ആ വിധവയ്‌ക്ക് എന്നപോലെ തിരിച്ചുകിട്ടും.
ഇസ്രായേലിലെ കരുത്തനായ പ്രവാചകനായിരുന്നു ഏലിയാ- ഒമ്പതാം നൂറ്റാണ്ടിന്റെ പൂര്‍വാര്‍ദ്ധത്തില്‍ ആഹാബു രാജാവിന്റെ കാലത്ത് രംഗത്തുവന്ന ദൈവപുരുഷന്‍. ദൈവനിര്‍ദ്ദേശമനുസരിച്ച് ഏലിയാ സീദോണിലെ സറഫാത്തില്‍ പോയി വസിക്കുകയാണ്. അവിടെവച്ചു കണ്ട ദരിദ്രയായ ഒരു വിധവയോട് അവന്‍ പറഞ്ഞു: ``നീ എനിക്ക് ഒരു അപ്പമുണ്ടാക്കിത്തരണം; പിന്നെ മഴ പെയ്യുവോളം നിന്റെ കലത്തിലെ മാവു തീരുകയോ കുടത്തിലെ എണ്ണ വറ്റുകയോ ചെയ്യുകയില്ല'' (1 രാജാ. 17:14).
തന്റെ പക്കല്‍ ആകെക്കൂടി ഉണ്ടായിരുന്ന മാവു കുഴച്ച് അവള്‍ ഏലിയായ്‌ക്ക് ഒരു അപ്പം ചുട്ടുകൊടുത്തു. ഏലിയാ പറഞ്ഞതുപോലെ അവള്‍ പിന്നെയും പിന്നെയും അപ്പം ചുട്ടു-കലത്തിലെ മാവു തീര്‍ന്നില്ല, കുടത്തിലെ എണ്ണ വറ്റിയതുമില്ല. തന്റെ ഇല്ലായ്‌മയില്‍നിന്നാണ് അവള്‍ അതു കൊടുക്കുവാന്‍ തയാറായത്. ദൈവപുരുഷനെ വിശ്വസിച്ച്. രണ്ടു ചെമ്പുകാശുമാത്രം ഭണ്‌ഡാരത്തിലിട്ട വിധവ നല്‍കിയത് തനിക്കുള്ളതു മുഴുവനായിരുന്നു- ഒന്നും ബാക്കിവയ്‌ക്കാതെ. അതാണ് ദൈവം വിലമതിച്ചത്, മറ്റാരുടേതിനെയുംകാള്‍ കൂടുതലായി. അവള്‍ക്ക് കര്‍ത്താവിന്റെ അകമഴിഞ്ഞ അഭിനന്ദനമുണ്ടായി-അനുഗ്രഹവും.
എങ്കിലും, അങ്ങനെ ഇട്ടതുകൊണ്ടുമാത്രം മുമ്പന്തിയിലെത്തിക്കൊള്ളണമെന്നില്ല. ``മുമ്പന്മാരാകുന്ന പിമ്പന്മാരും പിമ്പന്മാരാകുന്ന മുമ്പന്മാരും ഉണ്ടാകും (മത്താ.19:30). കായേന്റെ ബലിയില്‍ കര്‍ത്താവു കനിഞ്ഞില്ലല്ലോ (ഉല്‍പ. 4:5)
ഏറ്റവും നല്ലതു മുഴുവനായി കര്‍ത്താവിനു കൊടുക്കുവാന്‍ കഴിയുമോ? ഇനിയൊന്നും ബാക്കിയില്ലാതെ, ``എല്ലാം പൂര്‍ത്തിയായി'' എന്നു പറയുമാറ്. കുറച്ചു മറച്ചുവച്ച് ബാക്കിമാത്രം കൊടുത്ത അനനിയാസും സഫീറയും പിന്തള്ളപ്പെട്ടെന്നു മാത്രമല്ല, ശിക്ഷിക്കപ്പെടുകയും ചെയ്‌തില്ലേ? (അപ്പ.പ്രവര്‍ത്തനങ്ങള്‍ 5:5).
യേശുവിനെ കണ്ട സക്കേവൂസ് എല്ലാം മറന്നു- തന്നെത്തന്നെ മറന്നു, പരിസരം മറന്നു. ഇതുവരെ താന്‍ തട്ടിപ്പറിച്ചെടുത്തത്, വെട്ടിപ്പിടിച്ചെടുത്തത്, ജീവനുതുല്യം കാത്തുസൂക്ഷിച്ചത് ഒക്കെ കൈവിട്ടു കൊടുക്കുകയാണ്. ``എന്റെ വസ്‌തുവില്‍ പകുതി'' അവന്‍ വിളിച്ചു പറഞ്ഞു. ``ദരിദ്രര്‍ക്ക്. വഞ്ചിച്ചെടുത്തതൊക്കെ നാലിരട്ടിയായി മടക്കി'' കൊടുക്കുന്നു. ഇനി ഒന്നും വേണ്ട. പക്ഷേ, സക്കേവൂസ് ഇനിമേല്‍ ദരിദ്രനല്ല. അവന്‍ മാത്രമല്ല അവന്റെ കുടുംബം മുഴുവന്‍ രക്ഷയെന്ന മഹാദാനം നേടിയെടുത്തു (ലൂക്കാ 19:9).
വിട്ടുതുറന്നു കൊടുത്തെങ്കിലേ നേടാനാകയുള്ളൂ. അവിടെയാണ് ധനികനായ യുവാവിനു പിശകു പറ്റിയത്. കല്‌പിക്കപ്പെട്ടതൊക്കെ അവന്‍ പാലിച്ചു (ലൂക്കാ 18:21). പക്ഷേ, അതിനപ്പുറം കടക്കുവാന്‍ അവന്‍ തയാറായില്ല. യേശു സ്‌നേഹപൂര്‍വം കടാക്ഷിച്ചതായി സുവിശേഷം സാക്ഷ്യപ്പെടുത്തിയ ചുരുക്കം ചില വ്യക്തികളിലൊരുവനായിരുന്നു അയാള്‍ (മര്‍ക്കോ 10:21). പക്ഷേ, പറഞ്ഞിട്ടു വിശേഷമില്ല, അവിടുത്തെ ഗുരൂപദേശം സ്വീകരിക്കുന്നതില്‍ അവന്‍ പരാജയപ്പെട്ടു-അവന്‍ ഒന്നും നേടിയില്ല.
മാറ്റിവയ്‌ക്കുന്നിടത്തു സംശയമുണ്ട്. `അതു കിട്ടിയില്ലെങ്കില്‍ ഇതെങ്കിലുമുണ്ടാകണം.' അവസാനം അതുമില്ല, ഇതുമില്ല എന്ന നിലവരും- അനനിയാസിനും സഫീറായ്‌ക്കുമെന്നപോലെ.
സംശയം വളരും. അത് അനാവരണം ചെയ്യുന്നത് അവിശ്വാസമാണ്. അവിടെ ദൈവമുണ്ടാകയില്ല. വിശ്വാസപൂര്‍വം എല്ലാം നഷ്‌ടപ്പെടുത്തിയ തോബിയാസിനു കാഴ്‌ച തിരിച്ചുകിട്ടി (തോബിത്ത് 11:14). എല്ലാം കൈവിട്ട ജോബിന് ആടുകളും കാളകളും മക്കളും തിരിച്ചുകിട്ടി (ജോബ് 42:10). നാം കൊടുക്കുന്നതേ, നഷ്‌ടപ്പെടുത്തിയതേ ബാക്കിയുണ്ടാവുകയുള്ളൂ. ഞാന്‍ ചിലവാക്കിയതും കൈവിട്ടുപോന്നതും എനിക്ക് നഷ്‌ടപ്പെട്ടവതന്നെ. ഞാന്‍ നല്‍കിയതുമാത്രമേ എന്റെ കൈവശമുള്ളൂ- സമ്പാദ്യമായിട്ട്, സമ്മാനമായിട്ട്.
യേശുവിന്റെ നാമത്തെപ്രതി എല്ലാം ഉപേക്ഷിക്കുന്നവനാണ് നൂറിരട്ടിയായി തിരികെ കിട്ടുക. സ്വന്തം ജീവന്‍ നശിപ്പിക്കുന്നവനാണ് അതു നേടുക (മത്താ.10:39). എന്നുവച്ചാല്‍, തന്റേതായി ഒന്നും ബാക്കിവയ്‌ക്കാതെ സമ്പൂര്‍ണമായി സമഗ്രമായി സമര്‍പ്പിക്കുന്നവന്‍, അവസാനമായി തന്റെ ജീവന്‍പോലും നല്‍കുന്നവന്‍.
സമര്‍പ്പണം സമ്പൂര്‍ണമാകുമ്പോള്‍ നേട്ടമായി മാറുന്നു. ഗോതമ്പുമണി മുഴുവനായി അഴുകിയെങ്കിലേ മുളയുണ്ടാകയുള്ളൂ. പകുതിമാത്രം അഴുകിയവയില്‍നിന്ന് ഒരിക്കലും കരുത്തുറ്റ മുള പുറത്തുവരുകയില്ല. മുളയും പോകും, വിത്തും പോകും. അതിലും നല്ലത് ആ പണിക്കു പോകാതിരിക്കുകയായിരുന്നില്ലേ? ഒന്നെങ്കിലുമുണ്ടാകുമായിരുന്നു. അതാണ് 20,000 പടയാളികളുമായി തനിക്കെതിരെ വന്നവനെ 10,000 കൊണ്ടു നേരിട്ടു പരാജയപ്പെടുന്നവനെക്കുറിച്ച് യേശുവിന് പറയുവാനുള്ളത് (ലൂക്കാ 14:31). അവന്റെ പതിനായിരവും പോയി, രാജ്യവും പോയി, എല്ലാം പോയി.
ഒരു താലന്തു കുഴിച്ചുവച്ച ആ വിശ്വാസിക്ക് താലന്തും പോയി, അവനും പോയി. വിശ്വസിച്ചു സമര്‍പ്പിക്കുന്നവര്‍ക്ക് ആ വിധവയ്‌ക്ക് എന്നപോലെ തിരിച്ചുകിട്ടും. മൊളോക്കോയിലെ കുഷ്‌ഠരോഗികള്‍ക്കുവേണ്ടി തന്നെത്തന്നെ മുഴുവനായി സമര്‍പ്പിച്ച ഡാമിയനാണ് വിശുദ്ധനായത്.
ദൈവം തന്നെത്തന്നെ മുഴുവനായി നമുക്കു നല്‍കിയതാണ് മനുഷ്യാവതാരം. അതിന്റെ പൂര്‍ണതയിലാണ് കുരിശിലെ യേശു, ``എന്റെ ദൈവമേ എന്റെ ദൈവമേ, എന്തുകൊണ്ടു നീ എന്നെ കൈവിട്ടു'' എന്നു വിലപിക്കുന്നത്. ദൈവം യേശുവിനെ പൂര്‍ണമായും മനുഷ്യര്‍ക്കു കൈവിട്ടുകൊടുക്കുകയായിരുന്നു. അതിന്റെ ആവര്‍ത്തനമാണ് ഓരോ വി. കുര്‍ബാനയും. ``നിങ്ങള്‍ക്കുവേണ്ടി നല്‍കപ്പെടാനിരിക്കുന്ന എന്റെ ശരീരം.'' ബലിയിലൂടെയേ കൂദാശ സാധിതമാകയുള്ളൂ, എന്നു വിളിച്ചു പറയുന്ന ഫുള്‍ട്ടന്‍ ഷീന്‍ എത്തിനില്‍ക്കുന്നതും ഇവിടെത്തന്നെയാണ്.
ആംഗ്ലിക്കന്‍ സഭാംഗവും മെത്തഡിസ്റ്റു സഭാസ്ഥാപകനുമായ ജോണ്‍ വെസ്‌ലിയുടെ (1703-1791) വാക്കുകളും സ്‌മര്‍ത്തവ്യമാണ്: `യേശുവിനെ അനുകരിച്ചുകൊണ്ട് തനിക്കുള്ളതു മുഴുവന്‍ കൈവിട്ടു കൊടുക്കുവാന്‍ ഓരോ ക്രൈസ്‌തവനും തയാറാകണം.' അങ്ങനെ വിട്ടുകൊടുത്തെങ്കിലേ അവനു ഗുരുവിന്റെ യഥാര്‍ത്ഥ ശിഷ്യനായിരിക്കാന്‍ സാധിക്കുകയുള്ളൂ-നേടാനാവുകയുള്ളൂ, ആ വിധവയെപ്പോലെ, യേശുവിനെ പ്രാപിച്ച സക്കേവൂസിനെപ്പോലെ.








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.