വിശുദ്ധിയും ലാളിത്യവും ത്യാഗവും ഇഴചേര്‍ന്ന പുണ്യജീവിതത്തിന്റെ ഉടമയായിരുന്നു അല
ക്‌സാണ്ടര്‍ മെത്രാപ്പോലീത്താ. 1993 ഒക്‌ടോബര്‍
രണ്ടിന് തിരുവല്ല എസ്.സി. സെമിനാരി അങ്കണത്തില്‍ ജോസഫ് മാര്‍ ബര്‍ണബാസ്, തോമസ് മാര്‍ തിമോത്തിയോസ്, ഐസക് മാര്‍ പീലക്‌സിനോസ് എന്നീ എപ്പിസ്‌കോപ്പമാരുടെ സ്ഥാനാരോഹണശുശ്രൂഷ നടക്കുകയാണ്. മാര്‍ത്തോമ്മാ
മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മികത്വത്തില്‍ രാവിലെതന്നെ എപ്പിസ്‌കോപ്പല്‍ സ്ഥാനാരോഹണം ആരംഭിച്ചു. സ്ഥാനാരോഹണം കഴിഞ്ഞ
ഉടന്‍ ശക്തമായ മഴ. പൊതുസമ്മേളനം തുടങ്ങാറായപ്പോള്‍ പന്തലിലെ ഇരിപ്പിടങ്ങളിലെല്ലാം മഴവെള്ളം. ആരും കസേരയിലിരിക്കാന്‍ തയാറാകുകയില്ലെന്ന് മനസിലാക്കിയ അലക്‌സാണ്ടര്‍ മെത്രാപ്പോലീത്താ സമ്മേളനത്തിന്റെ തുടക്കത്തില്‍ ഇങ്ങനെ പറഞ്ഞു: ''നമ്മുടെ സഭയ്ക്ക് പുതുതായി മൂന്ന് മെത്രാന്മാരെക്കൂടി നല്‍കി ദൈവം
നമ്മെ അനുഗ്രഹിച്ചിരിക്കുന്നു. എന്നാല്‍ ഇതില്‍ നാം അഹങ്കരിക്കാതിരിക്കേണ്ടതിന് ഇന്ന് മഴ പെയ്യിച്ച് നമ്മുടെ കസേരകള്‍ നനഞ്ഞിരിക്കുന്നു.
നമുക്ക് ദൈവസന്നിധിയില്‍, താഴെ മണ്ണിലിരിക്കാനുള്ള യോഗ്യതയേയുള്ളൂ എന്ന കാര്യം നാം മറന്നുപോകാതിരിക്കാനാണ് ദൈവം ഇത് അനുവദിച്ചിരിക്കുന്നത്.''
മെത്രാപ്പോലീത്തായുടെ വിനയം വെളിപ്പെടുത്തുന്ന ഒരു സംഭവം കൂടിയുണ്ട്. ഒരു ദിവസം മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായുടെ ഓഫീസില്‍
രണ്ടു യുവാക്കളെത്തി. മെത്രാപ്പോലീത്താ അവരോട് സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ മറ്റൊരു സഭയിലെ രണ്ടു യുവവൈദികരും അവിടേക്ക് വന്നു. മെത്രാപ്പോലീത്താ എഴുന്നേറ്റുനിന്ന് അവരെ സ്വീകരിച്ചു. മെത്രാപ്പോലീത്താ തന്നെക്കാള്‍ പ്രായംകുറഞ്ഞ വൈദികരെ എഴുന്നേറ്റുനിന്ന് സ്വീകരിച്ചത് ആ യുവാക്കളെ അത്ഭുതപ്പെടുത്തി. ഈ വിനയഭാവം അവരുടെ ജീവിതത്തില്‍ മാതൃകയായി.
വേഷത്തിലും ഭാഷയിലും ഭക്ഷണത്തിലും ജീവിതത്തിന്റെ എല്ലാ തലങ്ങളിലും ആശ്രമജീവിതചര്യയായിരുന്നു അദ്ദേഹത്തിന്റേത്. വിലകുറഞ്ഞ ഖാദിവസ്ത്രങ്ങളായിരുന്നു മെത്രാപ്പോലീത്താ ഉപയോഗിച്ചിരുന്നത്. രണ്ടോ മൂന്നോ ജോഡി കുപ്പായങ്ങള്‍ മാത്രമേ അദ്ദേഹത്തിന് ആവശ്യമായിരുന്നുള്ളൂ. അത് സ്വയം കഴുകിയെടുത്ത് ഉണങ്ങി ഉപയോഗിച്ചു. കുപ്പായമോ മസനപ്‌സായോ കീറിയാല്‍ തന്നെത്താന്‍ തയ്ച്ച് പഴയ രീതിയിലാക്കുവാന്‍ മെത്രാപ്പോലീത്ത ശ്രദ്ധിച്ചിരുന്നു. അംബാസഡര്‍ കാറായിരുന്നു എപ്പോഴും ഇഷ്ടം. ആര്‍ഭാടത്തെ അലക്‌സാണ്ടര്‍ മെത്രാപ്പോലീത്ത എതിര്‍ത്തിരുന്നു. ആവശ്യത്തിനനുസരിച്ച് വരുമാനം വര്‍ധിപ്പിക്കുകയല്ല, വരുമാനത്തിന് അനുസരിച്ച് ആവശ്യം പരിമിതപ്പെടുത്തുകയാണ് വേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ നയം. വാക്കുകളിലും മിതത്വം പാലിച്ചിരുന്നു. മുഖസ്തുതി ഇഷ്ടപ്പെട്ടിരുന്നില്ല; സ്വാഗതപ്രസംഗം മുഖസ്തുതിയിലേക്ക് മാറിയാല്‍ ഉടന്‍ വിലക്ക് കല്‍പ്പിക്കുമായിരുന്നു.
കൃത്യനിഷ്ഠയും അദ്ദേഹത്തിന്റെ കൂടെപ്പിറപ്പായിരുന്നു. എത്ര തിരക്കായാലും സമയനിഷ്ഠ
പാലിക്കുമായിരുന്നു. ജോലി അന്നന്നുതന്നെ ചെയ്തുതീര്‍ക്കണമെന്നതില്‍ കടുത്ത നിര്‍ബന്ധമുണ്ടായിരുന്നു. ആശ്രമ അനുഷ്ഠാനങ്ങളില്‍ നിഷ്ഠയുണ്ടായിരുന്നതിനാല്‍ ഭക്ഷണത്തിലും നിയന്ത്രണമുണ്ടായിരുന്നു. മത്സ്യവര്‍ഗങ്ങളിലെ മത്തി, വയമ്പ് എന്നിവയും കഞ്ഞിയുമായിരുന്നു അദ്ദേഹത്തിന് ഇഷ്ടപ്പെട്ട ഭക്ഷണപദാര്‍ത്ഥങ്ങള്‍. കുറിയന്നൂരിലെ വീട്ടില്‍ചെന്നാല്‍ വ്രതനിഷ്ഠ
കൂടുതല്‍ ജാഗ്രതയോടെ പാലിച്ചിരുന്നു. ഒരു
കപ്പ് ചായയോ രണ്ടു കഷണം ബിസ്‌ക്കറ്റോ മാത്രം. വീട്ടില്‍ വിശ്രമിക്കുകയോ അന്തിയുറങ്ങുകയോ ഇല്ല. വിശ്രമം വീടിന് സമീപമുള്ള കുറിയന്നൂര്‍ മാര്‍ത്തോമ്മാ പള്ളിയിലായിരുന്നു.
ഓരോ ദിനത്തിലും പ്രവര്‍ത്തനത്തിനാവശ്യമായ ദൈവകൃപ ലഭിക്കുന്നതിനുള്ള ശക്തി പ്രാര്‍ത്ഥനയായിരുന്നു. പ്രധാന തീരുമാനങ്ങളെടുക്കേണ്ട സാഹചര്യങ്ങളില്‍ രണ്ടുമൂന്നു ദിവസം തിരക്കില്‍ നിന്നൊഴിഞ്ഞ് ദൂരെ ഒരു സ്ഥലം കണ്ടെത്തി, ശാന്തമായി ധ്യാനിക്കുന്നതിനും പ്രാര്‍ത്ഥിക്കുന്നതിനും സമയം കണ്ടെത്തിയ മെത്രാപ്പോലീത്തയ്ക്ക് പ്രതിസന്ധിഘട്ടങ്ങളില്‍ ഇപ്രകാരമുള്ള പ്രാര്‍ത്ഥനയായിരുന്നു പിന്‍ബലം എന്ന് പിന്നീട് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അരമനയിലെ അറ്റകുറ്റപ്പണികാണുമ്പോള്‍ അത് തടയുമായിരുന്നു. വീടില്ലാതെയും മരുന്നിന് തുകയില്ലാതെയും അനേകര്‍ വിഷമിക്കുമ്പോള്‍ സൗകര്യം വര്‍ധിപ്പിക്കുന്നതിനായി ക്രമീകരണങ്ങള്‍ ചെയ്യുന്നത് ശരിയല്ല എന്നായിരുന്നു മെത്രാപ്പോലീത്തായുടെ ഭാഷ്യം. വെളുപ്പിന് അഞ്ചുമണിക്ക് ഉണരുന്ന മെത്രാപ്പോലീത്തായുടെ ഒരു ദിനം പൂര്‍ത്തിയാകുന്നത് രാത്രിയുടെ യാമങ്ങളില്‍ ചാപ്പലിലെ ദീര്‍ഘമായ പ്രാര്‍ത്ഥനയുടെ അന്ത്യത്തിലായിരുന്നു.
സഭാവക സ്ഥാപനങ്ങളില്‍ ജോലി ലഭിക്കാതെ വരുമ്പോള്‍ ദുഃഖിതരായി കത്തെഴുതുന്നവര്‍ക്കുള്ള മറുപടി സ്വന്തം അനുഭവം വിവരിച്ചുകൊണ്ടായിരുന്നു. 'എനിക്കും സഭ ജോലി നല്‍കിയില്ല. പഠനം കഴിഞ്ഞ് ജോലി ലഭിക്കുന്നതിനുവേണ്ടി സഭയുടെ വിവിധ സ്‌കൂളുകളിലേക്ക് അപേക്ഷ അയച്ചെങ്കിലും ലഭിച്ചില്ല. പിന്നീട് മറ്റൊരു സഭയാണ് ജോലി നല്‍കിയത്. അങ്ങനെ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ അത് രാജിവച്ചിട്ട് വരാന്‍ സഭ ആവശ്യപ്പെട്ടു. ആദ്യം മടിച്ചു. എങ്കിലും പിന്നീട് അനുസരിച്ചു. സഭയുടെ അധ്യക്ഷസ്ഥാനത്തുവരെ എത്തി. അതുകൊണ്ട് നിരാശപ്പെടേണ്ടാ, ദൈവം കരുതിക്കോളും' എന്ന ആശ്വാസവാക്കുകളോടെയാണ് കത്ത് അവസാനിപ്പിക്കാറുണ്ടായി
രുന്നത്.
ജനജീവിതം ദുസഹമാക്കുന്ന ബന്ദ്, ഹര്‍ത്താല്‍ എന്നിവയെ അലക്‌സാണ്ടര്‍ മാര്‍ത്തോമ്മാ എതിര്‍ത്തിരുന്നു. സംഗീതത്തിലൂടെ സുവിശേഷസാക്ഷ്യം എന്ന ലക്ഷ്യവുമായി സ്വരരാഗ എന്ന സംഗീതവിഭാഗം നിരണം-മാരാമണ്‍ ഭദ്രാസനതലത്തില്‍ ആരംഭിക്കുന്നതിനും സജീവമാക്കുന്നതിനും നേതൃത്വം നല്‍കി. മദ്യം, മയക്കുമരുന്ന്, അഴിമതി, ചൂഷണം എന്നീ സാമൂഹികതിന്മകള്‍ക്കെതിരെ പോരാടുവാന്‍ യുവജനങ്ങളെ സജ്ജരാക്കി. സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ മാര്‍ത്തോമ്മാ സഭയുടെ ചരിത്രത്തിലാദ്യമായി വൈദികരെ
പങ്കെടുപ്പിച്ച് നടത്തിയ ഉപവാസത്തിന് അലക്‌സാണ്ടര്‍ മെത്രാപ്പോലീത്തായാണ് നേതൃത്വം നല്‍കിയത്.
സഭകളുടെ കൂട്ടായ്മ വളര്‍ത്താന്‍ മെത്രാപ്പോലീത്താ ബദ്ധശ്രദ്ധനായിരുന്നു. സഭകള്‍ തമ്മിലുള്ള കൂട്ടായ്മ വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളെ സഭയുടെ ഒരു ശുശ്രൂഷ എന്നതിനെക്കാള്‍, സുവിശേഷപ്രഘോഷണംപോലെ, സഭയുടെ സത്തയുടെ ഭാഗമായി അദ്ദേഹം കണ്ടിരുന്നുവെന്നതാണ് വാസ്തവം. അദ്ദേഹത്തിന്റെ ചിന്തയിലും വാക്കിലും
പ്രവൃത്തിയുമെല്ലാം കൂട്ടായ്മയുടെ ചൈതന്യം
നിറഞ്ഞുനിന്നിരുന്നു. അദ്ദേഹത്തെ കാണുന്നവരിലും കേള്‍ക്കുന്നവരിലും കൂട്ടായ്മയുടെ ചൈതന്യം സന്നിവേശിപ്പിക്കാന്‍ മെത്രാപ്പോലീത്തായ്ക്ക് കഴിഞ്ഞിരുന്നു. കേരളത്തില്‍ പ്രത്യേക സാഹചര്യത്തില്‍ രൂപംകൊണ്ട നിലയ്ക്കല്‍ എക്യുമെനിക്കല്‍ ട്രസ്റ്റിന്റെ രൂപീകരണത്തിലും അതിന്റെ
വളര്‍ച്ചയിലും അദ്ദേഹത്തിന്റെ സംഭാവന വിലപ്പെട്ടതായിരുന്നു. വിദ്യാഭ്യാസരംഗത്തുള്ള സഭകളുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനായി
രൂപംകൊടുത്ത ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ഫോര്‍ എഡ്യുക്കേഷന്റെ പ്രവര്‍ത്തനങ്ങള്‍ ക്രമപ്പെടുത്തുന്നതില്‍ അലക്‌സാണ്ടര്‍ മെത്രാപ്പോലീത്താ
മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്.
പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരിക്കും അയിരൂരിനും ഇടയിലുള്ള കുറിയന്നൂര്‍ ഗ്രാമത്തില്‍ മാളിയേക്കല്‍ റവ. എം.സി. ജോര്‍ജിന്റെയും ഏലിയാമ്മയുടെയും മൂത്ത മകനായി 1913 ഏപ്രില്‍
പത്തിന് ജനിച്ച കുഞ്ഞച്ചന്‍ എന്ന എം.ജി. ചാണ്ടിയുടെ സ്‌കൂള്‍ വിദ്യാഭ്യാസം കുറിയന്നൂരിലും കോഴഞ്ചേരിയിലുമായിരുന്നു. എറണാകുളം മഹാരാജാസ് കോളജില്‍ നിന്ന് ഇന്റര്‍മീഡിയറ്റ് ഫസ്റ്റ് ക്ലാസില്‍ വിജയിച്ച ചാണ്ടി ആലുവാ യു.സി. കോളജില്‍ ഡിഗ്രി പഠനത്തിന് ചേര്‍ന്നു. 1933 ല്‍ കോട്ടയം സി.എം.എസ് ഹൈസ്‌കൂളില്‍ ഗണിതശാസ്ത്ര അധ്യാപകനായി. 1945 ല്‍ അധ്യാപകവൃത്തി ഉപേക്ഷിച്ച് ബാംഗ്ലൂര്‍ യുണൈറ്റഡ് തിയോളജിക്കല്‍ കോളജില്‍ വൈദികവിദ്യാര്‍ത്ഥിയായി ദൈവശാസ്ത്രപഠനം ആരംഭിച്ചു. 1945 ജനുവരി അഞ്ചിന് ശെമ്മാശപട്ടവും 1946 ജൂണ്‍ ഏഴിന് കശ്ശീശ്ശാപട്ടവും സ്വീകരിച്ചു. റവ. എം.ജി. ചാണ്ടി ഇടവക വികാരിയായി ആദ്യം ചുമതലയേറ്റത് ബാംഗ്ലൂരിലായിരുന്നു. 1948 ല്‍ ഉപരിപഠനത്തിനായി അമേരിക്കയിലെ യൂണിയന്‍ തിയോളജിക്കല്‍ സെമിനാരിയില്‍ ചേര്‍ന്നു. അവിടെനിന്ന് എസ്.റ്റി.എം. ബിരുദം നേടി. തുടര്‍ന്ന് ഡോക്ടറേറ്റും.
പിന്നീട് മാങ്ങാനം സെന്റ് പീറ്റേഴ്‌സ് മാര്‍ത്തോമ്മാ ഇടവക വികാരിയായി. 1952 ല്‍ തിരുവല്ലാ മാര്‍ത്തോമ്മാ കോളജിന്റെ പ്രഥമ പ്രിന്‍സിപ്പലായി റവ. ഡോ. എം.ജി. ചാണ്ടി നിയമിതനായി. പ്രിന്‍സിപ്പലായി സേവനമനുഷ്ഠിക്കുമ്പോഴാണ്
റവ. ചാണ്ടിക്ക് മേല്‍പ്പട്ട ശുശ്രൂഷയിലേക്ക് നിയോഗമുണ്ടാകുന്നത്. 1953 മെയ് 23 ന് റവ. പി.തോമസ് (തോമസ് മാര്‍ അത്തനാസിയോസ്), റവ.
ഫിലിപ്പ് ഉമ്മന്‍ (ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം) എന്നിവരോടൊപ്പം റവ. ചാണ്ടി, അലക്‌സാണ്ടര്‍ മാര്‍ തെയോഫിലോസ് എന്ന പേരില്‍ എപ്പിസ്‌കോപ്പയായി വാഴിക്കപ്പെട്ടു. തുടക്കത്തില്‍ ലഭിച്ചത് മധ്യഭദ്രാസനത്തിന്റെ ചുമതലയായിരുന്നു. 1955-1959 കാലഘട്ടത്തില്‍ മിഷനറി ബിഷപ്പായി സേവനമനുഷ്ഠിച്ചു.
1959 മുതല്‍ ഒരു പതിറ്റാണ്ടോളം പന്തളം
മുതല്‍ കന്യാകുമാരിവരെ വ്യാപിച്ചു കിടക്കുന്ന തെക്കന്‍ ഭദ്രാസനത്തിന്റെ അധിപനായിരുന്നു.
അടൂര്‍ ഹെര്‍മ്മോന്‍ അരമനയായിരുന്നു ഭദ്രാസന ആസ്ഥാനം. 1974 ജനുവരിയില്‍ സഭയുടെ സഫ്രഗന്‍ മെത്രാപ്പോലീത്തയായി. 1976 ഒക്‌ടോബര്‍ 23 ന് അലക്‌സാണ്ടര്‍ മാര്‍ത്തോമ്മാ എന്ന പേരില്‍ സഭയുടെ അധ്യക്ഷനും മെത്രാപ്പോലീത്തായുമായി.
ആധുനിക ലോകത്തിന് അന്യമായിക്കൊണ്ടിരിക്കുന്ന, മൂല്യബോധനത്തിന്റെയും മാതൃകയുടെയും ദീപ്തസ്മരണയായി, വിശ്വാസവഴിയിലെ
പ്രകാശഗോപുരമായി അലക്‌സാണ്ടര്‍ മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്താ ഇന്നും ജനഹൃദയങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നു.








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.