നരേഷിന് ലോകത്തെ സ്‌നേഹിക്കാതിരിക്കാനാവില്ല. ലോകം മുഴുവന്‍ പരന്നിരിക്കുന്ന നന്മ കാണാന്‍ കഴിയുന്നതുകൊണ്ട് നാഗാ നരേഷ് കാരുത്തുറയ്‌ക്ക് ലോകത്തെയും മനുഷ്യനെയും സ്‌നേഹിക്കാതിരിക്കാനാവില്ല. കാരണം ഒരു യാത്രയ്‌ക്കിടയില്‍ കണ്ടുമുട്ടിയ അപരിചിതരായ മനുഷ്യന്‍ പോലും നന്മയുടെ കരം നീട്ടിയിരിക്കുന്നുവെന്ന് അയാള്‍ക്കറിയാം. ദൈവത്തെ വിശ്വസിക്കുന്നതുകൊണ്ടും ദൈവം നടപ്പില്‍ വരുത്തുന്ന പദ്ധതികളോരോന്നും നന്മയ്‌ക്കായിട്ടുള്ളതാണെന്നും അറിയുന്നതുകൊണ്ട് നരേഷിന് ദൈവത്തെയും സ്‌നേഹിക്കാതിരിക്കാനാവില്ല. അതുകൊണ്ട് നരേഷ് പറയുന്നു: ഞാന്‍ വലിയൊരു ഭാഗ്യവാനാണ്. ദൈവം എനിക്കുവേണ്ടി പദ്ധതികള്‍ വിഭാവനം ചെയ്യുന്നു. എനിക്ക് നാളെ എന്തു സംഭവിക്കുമെന്ന് ദൈവത്തിന് മാത്രമേ അറിയൂ...'' 
നരേഷ് ആരെന്നറിയണ്ടേ? മദ്രാസ് ഐഐറ്റിയില്‍ നിന്ന് കംപ്യൂട്ടര്‍ സയന്‍സില്‍ മികച്ച വിജയം നേടി ബാംഗ്ലൂര്‍ ഗൂഗിളില്‍ ജോലി ചെയ്യുന്ന ഇരുപത്തിയൊന്നുകാരന്‍. അതിലെന്ത് അത്ഭുതം എന്ന് സംശയിച്ചേക്കാം. എത്രയോ പേര്‍ പഠനം കഴിഞ്ഞിറങ്ങുകയും ഗൂഗിളില്‍ ജോലി ചെയ്യുകയും ചെയ്യുമ്പോള്‍ പ്രത്യേകിച്ചും. അതുകൊണ്ട് നരേഷിന്റെ പ്രത്യേകത അറിയാന്‍ ആ ജീവിതത്തിലൂടെ കടന്നുപോകേണ്ടിയിരിക്കുന്നു.
ലോറി ഡ്രൈവറായ പ്രസാദിന്റെയും കുമാരിയുടെയും മകനായി ആന്ധ്രാപ്രദേശിലെ തീപ്പാറു എന്ന ചെറിയ ഗ്രാമത്തിലാണ് നരേഷ് ജനിച്ചത്. ഒരു സഹോദരിയുമുണ്ട്. സിരിഷ. ഗോദാവരി നദിയുടെ തീരത്തുള്ള ആ ഗ്രാമത്തിലാണ് ഏഴു വയസുവരെ നരേഷ് ജീവിച്ചത്. നിരക്ഷരരായിരുന്നു മാതാപിതാക്കള്‍. പക്ഷേ പാഠപുസ്‌തകത്തില്‍ നിന്ന് ചോദ്യങ്ങള്‍ ചോദിച്ച് മകന്റെ പഠനസാമര്‍ത്ഥ്യം അറിയുന്നതില്‍ പിതാവ് ശ്രദ്ധിച്ചിരുന്നു. അപ്പോഴൊക്കെ നരേഷ് കരുതിയിരുന്നത് അച്ഛന് എഴുത്തും വായനയും അറിയാം എന്നായിരുന്നു. ഇന്നാവട്ടെ പിന്തിരിഞ്ഞുനോക്കുമ്പോള്‍ നരേഷിന് അത്ഭുതം അവസാനിക്കുന്നില്ല. എഴുതുവാനോ വായിക്കുവാനോ അറിയാത്ത അച്ഛനെങ്ങനെ പാഠപുസ്‌തകത്തില്‍ നിന്ന് തന്നോട് ചോദ്യങ്ങള്‍ ചോദിച്ചു? ഓടിച്ചാടി കുസൃതി കാട്ടി നടന്നിരുന്ന ബാല്യമായിരുന്നു അവന്റേത്. പക്ഷേ അവയൊക്കെ നിലയ്‌ക്കുവാന്‍ ഏതാനും നാളുകള്‍ കൂടിയേ ഉണ്ടായിരുന്നുള്ളൂ.
ജനുവരി 11, 1993 നരേഷിന്റെ ജീവിതത്തിലെ സുപ്രധാന ദിനം. കാരണം അന്നാണ് അവന്റെ ജീവിതത്തെ തലകീഴായ് മറിച്ച ആ സംഭവമുണ്ടായത്. സംക്രാന്തി പ്രമാണിച്ച് അവധി ദിവസമായിരുന്നു അന്ന്. ബന്ധുഗൃഹത്തില്‍ ഒരു പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്നു അമ്മയ്‌ക്കും മുത്തശ്ശിക്കും സഹോദരിക്കും ഒപ്പം നരേഷ്. ബസില്ലാത്തതിനാല്‍ ആ വഴി വന്ന ഒരു ലോറിക്ക് അമ്മ കൈകാണിച്ചു. പ്രസാദിന്റെ സുഹൃത്തിന്റേതായിരുന്നു ലോറി. ലോറിയില്‍ വേറെയും യാത്രക്കാരുണ്ടായിരുന്നു. നല്ല തിരക്ക്. ഡ്രൈവര്‍ അയാളുടെ സീറ്റിന് അടുത്ത്, ഡോറിനോട് ചേര്‍ത്താണ് നരേഷിന് ഇരിപ്പിടം നല്‌കിയത്. കുട്ടിത്തത്തിന്റെ കൗതുകം പോലെ നരേഷ്, വണ്ടി ഓടിക്കൊണ്ടിരിക്കുന്നതിനിടയില്‍ ഡോറിന്റെ കൊളുത്ത് എടുത്തു. അടുത്ത നിമിഷം ഡോര്‍ തുറന്ന് അവന്‍ പുറത്തേയ്‌ക്ക് തെറിച്ചുവീണു.
സ്വകാര്യ ആശുപത്രിയിലാണ് ആദ്യം എത്തിച്ചതെങ്കിലും ആക്‌സിഡന്റ് കേസ് ആയതിനാല്‍ അവര്‍ പ്രവേശിപ്പിച്ചില്ല. പിന്നെ ഗവണ്‍മെന്റ് ഹോസ്‌പിറ്റലിലേക്ക്. റോഡില്‍ വീണ് ഇത്തിരി പരിക്ക് പറ്റി എന്നതിനപ്പുറം പ്രത്യേകമായി തനിക്ക് ഒന്നും തോന്നിയിരുന്നില്ല എന്നാണ് നരേഷിന്റെ ഓര്‍മ്മ. ആദ്യം തന്നെ ഒരു ഓപ്പറേഷന് അവന്‍ വിധേയനായി. കാലുകള്‍ ബാന്‍ഡേജില്‍ പൊതിഞ്ഞ് അവിടെ ഒരാഴ്‌ച കഴിയുന്നതിനിടയിലാണ് കാലുകള്‍ നിര്‍ജ്ജീവമായി പഴുത്തുതുടങ്ങുന്ന അവസ്ഥയിലായിരിക്കുന്ന വിവരം ഡോക്‌ടേഴ്‌സ് കണ്ടെത്തിയത്. കാല്‍മുട്ടുകള്‍ വരെ അങ്ങനെയായിരുന്നു അവസ്ഥ.
ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപൊയ്‌ക്കൊള്ളാനായിരുന്നു നിര്‍ദ്ദേശം. അവിടെയെത്തിയപ്പോഴാവട്ടെ ഡോക്‌ടേഴ്‌സ് നരേഷിന്റെ മാതാപിതാക്കളോട് തട്ടിക്കയറി. കാര്യങ്ങള്‍ ഇത്രയും വഷളാകും വരെ എന്തിന് നീട്ടിവെച്ചു എന്നായിരുന്നു അവരുടെ ആരോപണം. ഉറക്കെ നിലവിളിക്കാന്‍ മാത്രമേ ആ പാവങ്ങള്‍ക്കായുള്ളൂ. പിന്നെ ഡോക്‌ടര്‍മാര്‍ അവരോട് ഞെട്ടിക്കുന്ന വിവരം പറഞ്ഞു.
പഴുപ്പ് അരയ്‌ക്ക് താഴെ വരെയെത്തിയിരിക്കുന്നു. ജീവന്‍ രക്ഷിക്കാന്‍ അരയ്‌ക്ക് താഴേയ്‌ക്ക് കാലുകള്‍ മുറിച്ചുകളയുക. അതേ നിവൃത്തിയുള്ളൂ!.. ഓപ്പറേഷന് ശേഷം ബോധംതെളിഞ്ഞപ്പോള്‍ നരേഷ് അരയ്‌ക്ക് താഴേയ്‌ക്ക് നോക്കി. ഒരു തുണിക്കെട്ട് കൈയില്‍ പതിഞ്ഞു. ``അമ്മേ എന്റെ കാലെവിടെ..'' നരേഷ് ഉറക്കെ നിലവിളിച്ചു. ഹൃദയം നുറുങ്ങിക്കരയാന്‍ മാത്രമേ ആ അമ്മയ്‌ക്കായുള്ളൂ. മൂന്നുമാസത്തെ ആശുപത്രിവാസത്തിന് ശേഷം വീട്ടിലേക്ക്.. കാലുകള്‍ നഷ്‌ടപ്പെട്ടത് ജീവിതത്തെ ആകമാനം മാറ്റിമറിച്ചതായി അപ്പോഴൊന്നും നരേഷിന് തോന്നിയില്ല. കാരണം പ്രിയപ്പെട്ടവരുടെ സ്‌നേഹപരിലാളനകള്‍.. കൂട്ടുകാരുടെ സന്ദര്‍ശനം.. പഴങ്ങളും പലഹാരങ്ങളും. കൂട്ടുകാര്‍ അവനെ ചുമലിലേറ്റി കളിക്കളത്തിലേക്ക് കൊണ്ടുപോയി. അങ്ങനെ കളിക്കളവും അവനില്‍ നിന്ന് അകന്നുപോയില്ല. ജീവിതത്തില്‍ ദൈവത്തിന്റെ ഇടപെടലിനെക്കുറിച്ച് ദൈവം കരുതുന്ന വിധങ്ങളെക്കുറിച്ച്.. അതിനെക്കുറിച്ചെല്ലാം നരേഷിന് പിന്നീടാണ് മനസ്സിലായത്. കാരണം അപകടത്തെതുടര്‍ന്നാണ് ആ ഗ്രാമം വിട്ട് മറ്റൊരിടത്തേയ്‌ക്ക് പോകാന്‍ അവര്‍ തീരുമാനിച്ചത്. മിഷനറി സ്‌കൂളിലാണ് നരേഷ് ചേര്‍ന്നത്. സ്‌കൂളിന് അടുത്തായിതന്നെ അവരൊരു വീടുപണിതു. പത്താം ക്ലാസ് വരെ നരേഷ് ഈ സ്‌കൂളിലാണ് പഠിച്ചത്. ജന്മദേശത്ത് തുടര്‍ന്നിരുന്നുവെങ്കില്‍ ഞാന്‍ പത്താം ക്ലാസ് പോലും പഠിക്കുമായിരുന്നില്ല. ഒരു കൃഷിക്കാരനായോ ഒരു കൂലിത്തൊഴിലാളിയായോ ഞാന്‍ അവിടെ ജീവിച്ചുപോരുമായിരുന്നു..'' നരേഷ് പറയുന്നു.
സ്‌കൂളില്‍ നരേഷിന് കൂടുതല്‍ ശ്രദ്ധയും പരിചരണവും കിട്ടുന്നതിനായി മാതാപിതാക്കള്‍ ഒരു തീരുമാനമെടുത്തു. അവനെക്കാള്‍ രണ്ടുവയസ് മുതിര്‍ന്ന അവന്റെ സഹോദരിയെയും അതേ ക്ലാസില്‍ ചേര്‍ക്കുക. ചേച്ചി അവന്റെ കാര്യങ്ങള്‍ നോക്കുമല്ലോ. അനിയനോടുളള സ്‌നേഹത്താല്‍ പരാതികളൊന്നും പറയാതെ ചേച്ചി അതിന് സമ്മതിച്ചു. ചേച്ചി അവനെ ചുമലിലേറ്റി നടന്നു. അവന്റെ ഓരോ ആവശ്യങ്ങളിലും സഹായമായി കൂടെ നടന്നു. ``നീയെത്ര ഭാഗ്യവാനാ. ചേച്ചി നിന്നെ പൊന്നുപോലെ നോക്കുന്നുണ്ടല്ലോ..'' കൂട്ടുകാര്‍ നരേഷിനോട് പറഞ്ഞു. മുച്ചക്രവാഹനം കിട്ടിയപ്പോള്‍ അതിലായി പിന്നീട് ചേച്ചിയുടെയും അനിയന്റെയും യാത്ര. കാലുകളില്ലാത്തത് ഒരു കുറവായി നരേഷിന് തോന്നിയതേയില്ല. ജീവിതം സാധാരണപോലെ.എല്ലാവരും അവനെ സാധാരണക്കാരനായിട്ടാണ് കരുതിയത്.
ഉളളില്‍ സന്തോഷിക്കാന്‍ കഴിയുന്ന മനോഭാവം നരേഷിനുമുണ്ടായിരുന്നു. സ്‌കൂളില്‍ അവനെ സ്വാധീനിച്ചത് രണ്ടുപേരാണ്. അധ്യാപകനായ പ്രമോദും മുതിര്‍ന്ന ക്ലാസിലെ ചൗധരിയും. അറുനൂറില്‍ 542 മാര്‍ക്ക് വാങ്ങിയാണ് നരേഷ് പത്താം ക്ലാസ് പാസായത്. അത് സംസ്ഥാനത്തെ ഉന്നതമാര്‍ക്കായിരുന്നു. ഗൗതം ജൂനിയര്‍ കോളജില്‍ ചേരാനായിരുന്നു ആഗ്രഹം. വര്‍ഷം തോറും അമ്പതിനായിരം രൂപ ഫീസ്. നരേഷിന്റെ മാതാപിതാക്കള്‍ക്ക് അതിനുള്ള സാമ്പത്തികം ഉണ്ടായിരുന്നില്ല. ഇവിടെ പ്രമോദ് സഹായകനായെത്തി. അദ്ദേഹത്തിന്റെ ശുപാര്‍ശയില്‍ നരേഷിന് പ്രവേശനം കിട്ടി. ഫീസ് ഇല്ലാതെതന്നെ.
ആ കലാലയം നരേഷിന്റെ ജീവിതത്തില്‍ വലിയൊരു മാറ്റംവരുത്തി. ഇന്നലെവരെ അവനെ സഹായിക്കാന്‍ അച്ഛന്‍, അമ്മ, ചേച്ചി എല്ലാവരും ഉണ്ടായിരുന്നു. വീട്ടില്‍ നിന്ന് അകന്ന് ഒരു പൊതുസമൂഹവുമായി ഇടപെടേണ്ടിവരുന്നത് അതാദ്യമായിരുന്നു. ഒരു വര്‍ഷമെടുത്തു നരേഷിന് പുതിയ അവസ്ഥകളുമായി പൊരുത്തപ്പെട്ടുപോകാന്‍.
ഐഐറ്റിയില്‍ നരേഷിനെ സഹായിക്കാനും പ്രോത്സാഹിപ്പിക്കാനുമായി ദൈവം തിരഞ്ഞെടുത്ത് കെ.കെ.എസ് ഭാസ്‌ക്കര്‍ എന്ന വിദ്യാര്‍ത്ഥിയെ ആയിരുന്നു. നരേഷിന്റെ പഠനകാര്യങ്ങളില്‍ വലിയ പ്രോത്സാഹനമാണ് ഭാസ്‌ക്കര്‍ നല്‌കിയത്. പിന്നെ മദ്രാസിലായി നരേഷിന്റെ ജീവിതം. അവിടെ കംപ്യൂട്ടര്‍ സയന്‍സിന്. ഇവിടെ നരേഷിന്റെ കാവല്‍മാലാഖ കാര്‍ത്തിക് എന്ന വിദ്യാര്‍ത്ഥിയായിരന്നു. നരേഷിന്റെ സ്‌കൂള്‍ വിദ്യാഭ്യാസകാലത്ത് സീനിയറായിരുന്നു കാര്‍ത്തിക്. നരേഷ് വരുന്നു എന്ന് അറിഞ്ഞപ്പോള്‍ മുറി ബാത്ത് അറ്റാച്ചഡ് ആക്കാന്‍ ശ്രമിച്ചത് അവനായിരന്നു. നരേഷ് എത്തിയപ്പോഴേയേക്കും മുറി എല്ലാവിധ സൗകര്യങ്ങളും ഉളളതായി. മദ്രാസില്‍ നാലുവര്‍ഷമാണ് നരേഷ് ജീവിച്ചത്. അത് അവന്റെ കാഴ്‌ചപ്പാടുകളില്‍ വലിയ മാറ്റം വരുത്തി. കാര്‍ത്തിക് എന്നതുപോലെ തന്നെ വാക്കുകള്‍ക്ക് അതീതമായ നന്ദിയും കടപ്പാടുമാണ് നരേഷിന് പ്രഫ. പന്തുരംഗനുമായുള്ളത്. അദ്ദേഹത്തിന്റെ കീഴിലായിരുന്നു നരേഷിന്റെ ഇന്റേണ്‍ഷിപ്പ്. അത് മഹത്തായ അനുഭവമായിരുന്നു..
ഉന്നതപഠനം നരേഷിന്റെ ചിന്തയില്‍ ഇല്ലായിരുന്നു. മാതാപിതാക്കള്‍ക്ക് വിശ്രമം കൊടുക്കേണ്ടതുണ്ടെന്ന് അവനറിയാമായിരുന്നു. മോര്‍ഗാന്‍ സ്റ്റാന്‍ലിയാണ് ആദ്യം ജോലി നല്‌കിയതെങ്കിലും ഗൂഗിളാണ് നരേഷ് തിരഞ്ഞെടുത്തത്. കാര്‍ത്തിക്, പന്തുരംഗന്‍, ഭാസ്‌ക്കര്‍... ഇവരെപ്പോലെ അനേകരാണ് നരേഷിന്റെ ജീവിതത്തിലേക്ക് ദൈവം കൊണ്ടുവന്നത്.
ഐഐറ്റിയില്‍ രണ്ടാംവര്‍ഷം വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ ഒരു കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കാനായി സുഹൃത്തുക്കളുമൊത്ത് ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു നരേഷ്. ആ യാത്രയ്‌ക്കിടയിലാണ് സുന്ദര്‍ എന്ന മാന്യനുമായി പരിചയപ്പെട്ടത്. നരേഷിന്റെ ജീവിതം മനസ്സിലാക്കിയ അദ്ദേഹം ആ യാത്രയില്‍ വലിയൊരു വാഗ്‌ദാനം നല്‌കി. ഹോസ്റ്റല്‍ ചെലവുകള്‍ വഹിച്ചുകൊള്ളാമെന്ന്.
മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ജയ്‌പ്പൂര്‍ കാലുകള്‍ നരേഷ് ഉപയോഗിച്ചിരുന്നു. എന്നാല്‍ രണ്ടുവര്‍ഷങ്ങള്‍ക്ക് ശേഷം അതിന്റെ ഉപയോഗം നിര്‍ത്തി. കാരണം മറ്റൊന്നുമായിരുന്നില്ല. ഭാരക്കൂടുതലും ഇരിക്കുമ്പോഴും മറ്റും അനുഭവപ്പെടുന്ന ബുദ്ധിമുട്ടും. കാലുകള്‍ ഫിറ്റ് ചെയ്‌തുകൊടുത്തതോടെ ഉത്തരവാദിത്വം തീര്‍ന്നു എന്ന് കരുതുന്നുവരായിരുന്നില്ല ആശുപത്രിക്കാര്‍.
സഹായം ആവശ്യമുള്ളപ്പോള്‍ ചോദിക്കാം എന്നൊരു വാഗ്‌ദാനം അവര്‍ നല്‌കിയിരുന്നു. ഐഐറ്റിയില്‍ പഠിക്കണമെന്ന ആഗ്രഹം അങ്ങനെയാണ് നരേഷ് പറഞ്ഞത്. മദ്രാസ് ഐഐറ്റിയില്‍ ചേര്‍ന്നതുമുതല്‍ ഫീസ് ആശുപത്രിയില്‍ നിന്ന് കൃത്യമായി എത്തിത്തുടങ്ങി. അത്ഭുതങ്ങള്‍ പിന്നെയും തുടരുകയായിരുന്നു. ഐഐറ്റി യില്‍ ചേര്‍ന്ന് അവധിക്ക് വീട്ടിലെത്തിയ നരേഷിന് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ഒരു കത്ത് കിട്ടി.
നരേഷിന് വേണ്ടി ലിഫ്‌റ്റും റാമ്പും അറേഞ്ച് ചെയ്‌തിട്ടുണ്ട് എന്നായിരുന്നു അതിന്റെ ഉളളടക്കം. ഡീന്‍ പ്രഫ. ദിചാന്‍ഡിയും സ്റ്റുഡന്റ്‌സ് ജനറല്‍ സെക്രട്ടറി പ്രസാദും കൂടി അമ്പതിനായിരത്തില്‍പ്പരം വിലയുള്ള ഒരു വീല്‍ച്ചെയര്‍ വാങ്ങി നരേഷിന് സമ്മാനിച്ചതാണ് മറ്റൊന്ന്. ഈ വീല്‍ച്ചെയര്‍ നരേഷിനെ കൂടുതല്‍ സ്വതന്ത്രനാക്കി.
``ഈ ലോകം മുഴുവന്‍ നല്ലവരാണ്. ദൈവം എനിക്ക് വേണ്ടി ഓരോ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നു. ഞാന്‍ ഓരോ ചുവട് വയ്‌ക്കുമ്പോഴും ദൈവം എന്നെ പരിഗണിക്കുന്നു. എന്നെ സഹായിക്കാനായി ഓരോരുത്തരെയും പറഞ്ഞയ്‌ക്കുന്നു.''
ഇനിയെങ്ങനെ നരേഷ് മനുഷ്യരെ സ്‌നേഹിക്കാതിരിക്കും? ദൈവത്തിന്റെ കരുതലിനെക്കുറിച്ച് സംസാരിക്കാതിരിക്കും?








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.