വിശ്വപ്രസിദ്ധ റഷ്യന്‍ എഴുത്തുകാരന്‍ ദസ്‌തെയ്‌വ്‌സ്‌കിയുടെ അനുപമമായ ഒരു ക്രിസ്‌മസ് കഥയുടെ മൊഴിമാറ്റമാണിത്. ക്രിസ്‌തീയ ദര്‍ശനത്തില്‍ നിന്ന് അകന്നുപോയ ക്രൈസ്‌തവ ജീവിതത്തെക്കുറിച്ചാണ് ഈ കഥ. നമ്മുടെ കണ്ണു തുറപ്പിക്കാന്‍ ഈ കഥ ചിലപ്പോള്‍ പര്യാപ്‌തമായേക്കും.
ഒരു ക്രിസ്‌മസ് തലേരാത്രി. ഏതോ വലിയ പട്ടണത്തില്‍ കനത്ത മഞ്ഞുകാലത്ത്. ഒരു കൊച്ചു പയ്യന്‍ ആറുവയസുണ്ടാകും, ഒരുപക്ഷേ അതിലും കുറവുമാത്രം പ്രായമുള്ള തീരെ ചെറിയ ഒരു പയ്യന്‍. അങ്ങനെയൊരു കാഴ്‌ചയായിട്ടാണ് അതെനിക്ക് അനുഭവപ്പെടുന്നത്.
നനവാര്‍ന്ന ഒരു നിലവറയ്‌ക്കുള്ളില്‍ അവന്‍ കാലത്തുറക്കമുണര്‍ന്നു. ഒരു കുഞ്ഞുടുപ്പു മാത്രം ഇട്ടിരുന്ന അവന് തണുത്തു വിറയ്‌ക്കുന്നുണ്ടായിരുന്നു. അവന്റെ ശ്വാസകോശം വെളുത്ത പുകയുടെ മേഘങ്ങളെ വമിപ്പിച്ചുകൊണ്ടിരുന്നു. മൂലയില്‍ കിടന്നിരുന്ന ഒരു പെട്ടിപ്പുറത്തിരുന്നുകൊണ്ട് അവന്‍ ആവിമേഘങ്ങളെ മൂക്കിലൂടെ പുറന്തള്ളുകയും അവ ഒഴുകി നടക്കുന്നതുകണ്ട് വിസ്‌മയിക്കുകയും ചെയ്‌തു. ഇതൊക്കെയാണെങ്കിലും അവനു നന്നേ വിശക്കുന്നുണ്ടായിരുന്നു. കാലത്ത് പലവട്ടം രോഗിണിയായിക്കിടക്കുന്ന അമ്മയുടെ കട്ടിലിനരികില്‍ ചെന്നിരുന്നു. കിടക്കയ്‌ക്കു കീഴെ എന്തൊക്കെയോ തിരുകിവച്ച് തലയണയാക്കി കിടന്ന അമ്മ ഒരു പാന്‍കേക്കിന്റെയത്രയും മെലിഞ്ഞിരുന്നു. എങ്ങനെയാണ് ആ സ്‌ത്രീ ആ പട്ടണത്തിലെത്തിയത്? മകനുമൊത്ത് വേറെയേതോ പട്ടണത്തില്‍ നിന്ന് എത്തിയതാവണം അവര്‍. അവധിക്കാലം അടുത്തുവന്നതിനാല്‍ സത്രത്തിലെ താമസക്കാര്‍ ആരും അവിടെയുണ്ടായിരുന്നില്ല. ആകെയുണ്ടായിരുന്ന ഒരാള്‍ ക്രിസ്‌മസ് വരുന്നതുവരെ കാത്തുനില്‍ക്കാന്‍ ക്ഷമയില്ലാതെ ഒരു ദിവസം മുഴുവന്‍ മദ്യപിച്ച് ബോധംകെട്ട് കിടക്കുകയായിരുന്നു. അതുകൊണ്ടാവാം, ഉടമസ്ഥ അവര്‍ക്കൊരു മൂല അനുവദിച്ചത്.
മറ്റൊരു മൂലയില്‍ സകലരാലും ഉപേക്ഷിക്കപ്പെട്ട് മരിക്കാറായ ഒരു വൃദ്ധയായിരുന്നു ഉണ്ടായിരുന്നത്. ഒരിക്കല്‍ ഒരു ബാലശുശ്രൂഷകയായിരുന്ന അവര്‍ ഇപ്പോള്‍ വേദനകൊണ്ട് ഏങ്ങുകയും മോങ്ങുകയും ചെയ്‌തു. അവര്‍ കൈവിരലുകള്‍ വികൃതമായി വളച്ചും പുളച്ചും കാണിച്ചിരുന്നതുകൊണ്ട് കുട്ടിക്ക് ആ പരിസരത്തേക്കു പോകാന്‍തന്നെ പേടിയായിരുന്നു.
അവന്‍ പുറത്തെ മുറിയില്‍ ചെന്ന് ഇത്തിരി വെള്ളം കുടിച്ചു. പക്ഷേ, തിന്നാന്‍ ഒരു തരിമ്പും കണ്ടില്ല. അമ്മയെ ഉണര്‍ത്തിയാലോ എന്ന് നൂറുവട്ടം അവനോര്‍ത്തു. നേരം സന്ധ്യ കഴിഞ്ഞിട്ടും ആരും വിളക്കുകളൊന്നും കൊളുത്തിയിരുന്നില്ല. ആ ഇരുട്ടില്‍ അവനു ഭയം തോന്നി. അവന്‍ തന്റെ അമ്മയുടെ മുഖം സ്‌പര്‍ശിച്ചുകൊണ്ടു നിന്നു. അവനത്ഭുതം തോന്നി. അമ്മ ഒന്ന് അനങ്ങുന്നുപോലുമില്ലല്ലോ എന്ന്. മാത്രമല്ല, അമ്മയുടെ ദേഹം ചുവരിന്റെയത്രയും തണുത്തിരുന്നു. ഇവിടെ ഭയങ്കര തണുപ്പാണ്, അവന്‍ കരുതി. മരിച്ചുകിടന്ന അമ്മയുടെ തോളില്‍ തന്റെ കൈകള്‍ നിഷ്‌കളങ്കതയോടെ വച്ചുകൊണ്ട് അവനിത്തിരിനേരം അവിടെനിന്നു. പിന്നെ, കൈകള്‍ ചൂടുപിടിപ്പിക്കാന്‍ അവയിലേക്കുച്ഛ്വസിച്ചു. പിന്നെ, കട്ടിലില്‍ കിടന്ന തൊപ്പി ഒരു പരുങ്ങലോടെ തപ്പിയെടുത്ത് അവന്‍ പുറത്തേക്കോടി. അവന്‍ നേരത്തേ പോയേനേ. പക്ഷേ, അയല്‍വാസിയുടെ പടിവാതില്‍ക്കല്‍, പടവുകളുടെ മുകളില്‍നിന്നു കുരച്ചുകൊണ്ടിരുന്ന നായയെ പേടിച്ചാണ് അവന്‍ താമസിച്ചത്. ഇപ്പോള്‍ നായ അവിടെയുണ്ടായിരുന്നില്ല. അതുകൊണ്ടവന്‍ തെരുവിലേക്കു ചെന്നു.
എന്തൊരു നഗരമാണത്! അത്തരമൊന്ന് അവന്‍ മുമ്പ് കണ്ടിട്ടുണ്ടായിരുന്നില്ല. അവന്റെ പട്ടണത്തില്‍ രാത്രിയായാല്‍ വല്ലാത്തൊരു ഇരുട്ടു മാത്രമാണുണ്ടാകുക. തെരുവിനു മുഴുവനും കൂടി ഒരേയൊരു വിളക്കാണുള്ളത്. സന്ധ്യ കഴിഞ്ഞാല്‍ പുറത്തൊന്നും ആരെയും കാണില്ല. ചെറുതും താണതുമായ മരവീടുകളുടെ അടച്ചിട്ട വാതിലുകള്‍ക്കുള്ളില്‍ അവര്‍ അടിഞ്ഞുകൂടും. നൂറായിരക്കണക്കിനു നായ്‌ക്കളുടെ പറ്റങ്ങള്‍ ഓരിയിടുന്ന ഒച്ച മാത്രമേ രാത്രി മുഴുവന്‍ ബാക്കിയുണ്ടാകൂ. എന്നാലും അവിടെയായിരുന്നെങ്കില്‍ ഇത്ര തണുപ്പുണ്ടായിരുന്നില്ല. മാത്രമല്ല, എന്തെങ്കിലും തിന്നാനും കിട്ടിയേനെ. ഇവിടെയാണെങ്കില്‍... ഓ, എന്തെങ്കിലും തിന്നാനെങ്കിലും കിട്ടിയാല്‍ മതിയായിരുന്നു. എന്തൊരു ഒച്ചയും ബഹളവുമാണിവിടെ! എന്തൊരു വെളിച്ചവും ആള്‍ക്കൂട്ടവും കുതിരകളും വണ്ടികളും പോരാത്തതിന് വല്ലാത്ത മഞ്ഞുവീഴ്‌ചയും! പൊടിഞ്ഞുതൂവുന്ന മഞ്ഞിലൂടെ, കല്ലുകള്‍ക്കു മുകളില്‍ കുളമ്പടിനാദം സൃഷ്‌ടിച്ചുനീങ്ങുന്ന, ഊഷ്‌മളമായി ശ്വസിക്കുന്ന കുതിരകള്‍ക്കു മുകളിലായി ഉറഞ്ഞുകൂടിയ നീരാവി മേഘങ്ങളായി തങ്ങിക്കിടക്കുന്നു. എല്ലാവരും അന്യോന്യം തള്ളിനീക്കിക്കൊണ്ടിരുന്നു. എന്തെങ്കിലുമൊന്നു തിന്നാന്‍ കിട്ടിയിരുന്നെങ്കിലെന്ന് അവന്‍ കൊതിച്ചു. എന്തൊരു നൈരാശ്യത്തിലേക്കാണെന്നോ അവന്‍ പൊടുന്നനെ വീണത്?! ഒരു പോലിസുകാരന്‍ അതിലെ വന്നെങ്കിലും അവനെ കണ്ടെന്നു വരാതിരിക്കാന്‍ വഴിമാറി കളഞ്ഞു. ഇതാ, മറ്റൊരു തെരുവ്. എന്തൊരു വീഥിയാണിത്? അവനു വേണമെങ്കില്‍ ഓടിക്കളിക്കാനാകുന്നത്ര വിശാലത. പക്ഷേ, എല്ലാവരും വളരെ ഒച്ചയെടുത്തു സംസാരിക്കുന്നു, ധൃതിപ്പെടുന്നു, വണ്ടിയോടിച്ചു പോകുന്നു. വെളിച്ചമാണെങ്കിലോ? വല്ലാത്ത വെളിച്ചം. എന്താണവന്‍ കാണുന്നത്? അതേ, ഒരു വലിയ ചില്ലുജാലകം. അതിനുള്ളിലൂടെ അവനു കാണാം, മച്ചില്‍ മുട്ടുന്നത്ര ഉയരമുള്ള ഒരു ഫിര്‍മരം. അതിനുമേല്‍ നിറയെ വിളക്കുകള്‍, സ്വര്‍ണവര്‍ണ കടലാസുകള്‍, ആപ്പിളുകള്‍, കുതിരയുടെയും മറ്റും ചെറിയ പാവകള്‍, ഒക്കെയും കെട്ടിത്തൂക്കിയിട്ടിരിക്കുന്നു. ഏറ്റവും നല്ല കുപ്പായമണിഞ്ഞ, മിടുക്കന്മാരായ കുട്ടികള്‍ ആ മുറിയിലെങ്ങും ഓടിനടക്കുകയും കളിച്ചും ചിരിച്ചും തിന്നും കുടിച്ചും ആമോദിക്കുകയും ചെയ്യുന്നത് അവനു കാണാമായിരുന്നു. ഒരു കൊച്ചുപെണ്‍കുട്ടി, ആണ്‍കുട്ടികളിലൊരാളുടെയൊപ്പം നൃത്തം ചെയ്യാന്‍ തുടങ്ങി. എന്തൊരു കൊച്ചുസുന്ദരിയാണവള്‍? അവനോര്‍ത്തു. മുറിക്കകത്തുവരുന്ന സംഗീതം അവനു കേള്‍ക്കാമായിരുന്നു.
അവന്‍ വിസ്‌മയിച്ചു ചിരിച്ചുകൊണ്ട് ആ ദൃശ്യം നോക്കിനിന്നു. തണുപ്പുകൊണ്ട് അവന്റെ ഉപ്പൂറ്റികള്‍ വേദനിക്കുകയും വിരലുകള്‍ അനക്കണമെങ്കില്‍പ്പോലും വേദനിക്കുംവിധം മരവിക്കുകയും ചെയ്‌തു. അതിനെപ്പറ്റി ഓര്‍മ വന്നപ്പോള്‍ അവന്‍ കരയുകയും അവിടെനിന്ന് ഓടിപ്പോകുകയും ചെയ്‌തെങ്കിലും മറ്റൊരു ജനല്‍പ്പാളിയിലൂടെ മറ്റൊരു ക്രിസ്‌മസ് മരം കണ്ടവന്‍ നിന്നുപോയി. അവിടെയൊരു മേശമേല്‍ പലതരം കേക്കുകള്‍ നിരത്തിയിരുന്നു. ബദാം കേക്ക്, ചെമന്ന കേക്ക്, മഞ്ഞക്കേക്ക്... സുന്ദരികളായ മൂന്നു പ്രൗഢസ്‌ത്രീകള്‍ അവിടെയിരുന്ന്, കടന്നുവരുന്ന എല്ലാവര്‍ക്കും കേക്കുകള്‍ വിതരണം ചെയ്യുകയായിരുന്നു. തുറന്നു കിടന്നിരുന്ന വാതിലിലൂടെ ഒരുപാടുപേര്‍ അകത്തേക്കു വരുന്നുണ്ടായിരുന്നു. അവനും അകത്തേക്കു ചെന്നു. പക്ഷേ, അവനെക്കണ്ടതും എന്തൊരു ബഹളമാണ് അവര്‍ കൂട്ടിയത്? എല്ലാവരുംകൂടി അവനെ തിരികെ പായിച്ചു. അതിനിടെ, ഒരു സ്‌ത്രീ തിടുക്കത്തിലോടിവന്ന് അവന്റെ കൈയിലേക്കൊരു നാണയമിട്ടുകൊടുത്തു. അവര്‍ തന്നെ വാതില്‍ തുറന്ന് അവനെ തെരുവിലേക്കിറക്കി വിടുകയും ചെയ്‌തു.
എത്ര പേടിച്ചുപോയെന്നോ അവന്‍! നാണയം അവന്റെ കൈയില്‍നിന്നു താഴെ വീണ് ഉരുളുകയും പടവുകളിലൂടെ തട്ടിത്തെറിക്കുകയും ചെയ്‌തു. തണുത്തുകോച്ചിയ കൈയില്‍ നാണയം ശരിക്കും ചുരുട്ടിപ്പിടിക്കാന്‍പോലും അവനു പറ്റിയില്ല. അവനെങ്ങോട്ടോ ഓടിപ്പോയി. എങ്ങോട്ടേക്കാണെന്ന് അവനുതന്നെ നിശ്ചയമുണ്ടായില്ല. അവനു കരച്ചില്‍ വരുന്നുണ്ടായിരുന്നു. പക്ഷേ, കരയാനാവാത്തവിധം അവന്‍ പേടിച്ചിരുന്നു. അതുകൊണ്ട് കൈകള്‍ ആഞ്ഞുവീശി അവനോടിക്കൊണ്ടിരുന്നു. ഭീതിയാലും ഏകാന്തതയാലും അവന്‍ നൈരാശ്യത്തിലാണ്ടു.
അതിനിടെ പിന്നെയും അവന്‍ ആള്‍ക്കൂട്ടത്തെ കണ്ടു. അവര്‍ കൂട്ടംകൂടിനിന്നു പ്രാര്‍ത്ഥിക്കുകയായിരുന്നു. ചില്ലുജനാലയ്‌ക്കു പിന്നില്‍ ചെമപ്പും വെള്ളയും വസ്‌ത്രമണിഞ്ഞ മൂന്നു കൊച്ചു പാവകളെ അവന്‍ കണ്ടു. ജീവനുറ്റവയായിരുന്നു അവ. വയലിന്‍ വായിച്ചുകൊണ്ടിരുന്ന ഒരു കൊച്ചുവൃദ്ധന്റെ രൂപമായിരുന്നു, ഒരു പാവയ്‌ക്ക്. മറ്റു പാവകള്‍ അതിനോടു ചേര്‍ന്നുനിന്ന് വയലിന്‍ മീട്ടുകയും വേണ്ട സമയത്ത് അതിനോടു ചേര്‍ന്നുനിന്നു തലയാട്ടുകയും അന്യോന്യം നോക്കി ജീവനുള്ളവര്‍ സംസാരിക്കുന്നതുപോലെ ചുണ്ടനക്കുകയും ചെയ്‌തിരുന്നു. അവര്‍ എന്തെങ്കിലും പറഞ്ഞിരുന്നോ എന്ന് ജനലിലൂടെ കേള്‍ക്കാനായില്ല. അവന്‍ ആദ്യം വിചാരിച്ചത് അവയെല്ലാം ജീവനുള്ളവയാണെന്നാണ്. പിന്നെ, അവ പാവകളാണെന്നു മനസിലായപ്പോള്‍ അവന്‍ ചിരിച്ചുപോയി. അതവന്റെ സങ്കല്‌പത്തിനുമപ്പുറത്തായിരുന്നു. ആ പാവകള്‍ സൃഷ്‌ടിച്ച വിസ്‌മയത്തില്‍ തന്റെയുള്ളില്‍ തികട്ടിവന്ന കരച്ചിലുപോലുമവന്‍ മറന്നുപോയി.
ആരുടെയോ ഉച്ഛ്വാസവായു തന്റെ പിന്നില്‍ തട്ടുന്നതായി അവനു തോന്നി. തെമ്മാടിയായ ഒരു വലിയ പയ്യനായിരുന്നു അവന്റെ പിറകില്‍. തെമ്മാടിപ്പയ്യന്‍ പൊടുന്നനെ, അവന്റെ കൈയില്‍ ആഞ്ഞൊരിടി! അവന്റെ തൊപ്പി തട്ടിപ്പറിക്കുകയും അവനെ പൊക്കി താഴേയിടുകയും ചെയ്‌തു, ആ തെമ്മാടി. അവന്‍ നിലത്തുവീണതും ഒരു വല്ലാത്ത ഒച്ചയുണ്ടായതും ഒപ്പമായിരുന്നു. അവന്‍ പേടിച്ചുവിറച്ച് ഒറ്റയോട്ടം. അവന്‍ ഓടിയെത്തിയത് ആരുടെയോ മുറ്റത്താണ്. അവിടെ കണ്ട ഒരു വിറകുകൂനയ്‌ക്കു പിന്നില്‍ അവനൊളിച്ചു. ഇരുട്ടായതുകൊണ്ട് ആരുമെന്നെ കണ്ടുപിടിക്കില്ല, അവന്‍ വിചാരിച്ചു. പേടികൊണ്ട് ശ്വാസംവിടാതെയാണവന്‍ ഇരുന്നത്. എങ്കിലും പൊടുന്നനെ അവനു സന്തോഷം തോന്നി. കാരണം, അവന്റെ കൈകാലുകളിലെ വേദന മാറിത്തുടങ്ങുകയും ഒരു നെരിപ്പോടിനരികിലിരുന്നാലെന്നവണ്ണം അവ ചൂടാര്‍ന്നു തുടങ്ങുകയും ചെയ്‌തു. പിന്നെയവന് ആകെയൊരു വിറ വന്നു. ഉറക്കവും വന്നുതുടങ്ങി. ഇവിടെക്കിടന്നുറങ്ങാന്‍ എന്തു രസമായിരിക്കുമെന്ന് അവന്‍ വിചാരിച്ചു. ഒപ്പം, അവന്‍ സ്വയം പറഞ്ഞു, ഞാന്‍ കുറച്ചുനേരം കൂടി ഇവിടെയിരുന്നിട്ട് ആ പാ വകളെ കാണും. ശരിക്കും ജീവനുള്ള പാവകള്‍. ആ പാവകളെക്കുറിച്ചോര്‍ത്ത് അവന്‍ ചിരിച്ചു. പൊടുന്നനെ അമ്മ പാട്ടുപാടുന്ന ശബ്‌ദമവനു കേള്‍ക്കായി. അമ്മേ, ഞാനുറങ്ങുകയാ... എന്തു സുഖമാണിവിടെ കിടന്നുറങ്ങാന്‍..., അവന്‍ പറഞ്ഞു.
എന്റെ ക്രിസ്‌മസ് മരത്തിനടുത്തേക്കു വരുന്നോ കുഞ്ഞേ...? ഒരു മന്ദസ്വരം ചെവിക്കരികില്‍ പിറുപിറുക്കുന്നത് അവന്‍ കേട്ടു. അപ്പോഴും അവന്‍ കരുതിയത് അത് അമ്മയായിരിക്കുമെന്നാണ്. പക്ഷേ, ഇല്ല. അതവന്റെ അമ്മയായിരുന്നില്ല. അവനെ വിളിച്ചയാളെ അവന്‍ കണ്ടില്ല. അയാള്‍ ഇരുട്ടില്‍ അവനുമേലേ കുനിഞ്ഞുനില്‍ക്കുകയായിരുന്നു. എന്നിട്ടവനെ തൊടാനായി കൈകള്‍ നീട്ടി. അപ്പോള്‍...
പൊടുന്നനെയാണു വിളക്കുകള്‍ തെളിഞ്ഞത്.
എന്തൊരു വെളിച്ചം! അവന്‍ വിചാരിച്ചു. എന്തൊരു ക്രിസ്‌മസ് മരമാണു താന്‍ കാണുന്നത്! അതു ഫിര്‍മരമല്ല. അങ്ങനെയൊരു മരമവന്‍ ആദ്യമായി കാണുകയാണ്. എവിടെയാണവന്‍?
എല്ലാം തിളങ്ങുകയും പ്രകാശിക്കുകയും ചെയ്‌തു. അവനു ചുറ്റും പാവകള്‍. അല്ല അവ പാവകളല്ല. അതെല്ലാം ചെറിയ ആണ്‍കുട്ടികളും പെണ്‍കുട്ടികളുമാണ്. അവരെല്ലാം തിളങ്ങുകയും പ്രകാശിക്കുകയും ചെയ്യുന്നു. അവരവനു ചുറ്റും പറന്നു നടക്കുകയും അവനെ ഉമ്മവയ്‌ക്കുകയും ചെയ്‌തു. അവരവനെ കൂട്ടിക്കൊണ്ടുപോയി. ഇപ്പോഴവനും പറക്കുകയാണ്. അമ്മ തന്നെത്തന്നെ നോക്കി സന്തോഷത്തോടെ ചിരിച്ചുകൊണ്ടുനില്‍ക്കുന്നത് അവന്‍ കണ്ടു. അമ്മേ.... അമ്മേ... ഓ... എന്തൊരു രസമാണിവിടെ, അല്ലേ?, അവന്‍ അമ്മയോടു ചോദിച്ചു.അവനാ കുട്ടികള്‍ക്കെല്ലാം ഉമ്മകൊടുത്തു. നേരത്തേ, ആ ജനാലയിലൂടെ കണ്ട പാവകളെക്കുറിച്ച് പറഞ്ഞാലോ എന്നവന്‍ ഓര്‍ത്തു. നിങ്ങളൊക്കെയാരാ? അവന്‍ ചിരിച്ചുകൊണ്ട്, ആരാധനയോടെ അവരോടു ചോദിച്ചു. ഇതു യേശുവിന്റെ ക്രിസ്‌മസ് മരമാണ്... അവര്‍ പറഞ്ഞു, യേശുവിന്റെ ഈ ക്രിസ്‌മസ് മരം, ക്രിസ്‌മസ് മരമില്ലാത്ത എല്ലാ കുട്ടികള്‍ക്കും ഉള്ളതാണ്.നോക്കിയപ്പോള്‍, അവന്‍ കണ്ടു. അവരെല്ലാം തന്നെപ്പോലുള്ള കുട്ടികളാണെന്ന്. പീറ്റേഴ്‌സ് ബര്‍ഗിലെ കൊള്ളാവുന്നവരുടെ വീട്ടുവാതില്‍ക്കല്‍ ഉപേക്ഷിക്കപ്പെട്ട തൊട്ടിലുകളില്‍ക്കിടന്ന്, മഞ്ഞേറ്റ്, മരവിച്ചു പോയ കൈക്കുഞ്ഞുങ്ങളായിരുന്നു അവരില്‍ച്ചിലര്‍. മറ്റുചിലര്‍ അമ്മമാരുടെ പാലുവറ്റിയ മാറിടങ്ങളില്‍ ഇരുന്നു മരവിച്ചവരായിരുന്നു. വേറെ ചിലര്‍ മൂന്നാം ക്ലാസ് തീവണ്ടിമുറികളില്‍ ശ്വാസംകിട്ടാതെ മരിച്ചവരായിരുന്നു. പക്ഷേ, ഇപ്പോഴവരെല്ലാം ഇവിടെയുണ്ട്. എല്ലാവരും മാലാഖമാരെപ്പോലിരുന്നു. അവരുടെ നടുവില്‍ യേശുവുണ്ടായിരുന്നു. അദ്ദേഹം കൈകള്‍ നിവര്‍ത്തി അവരെയും അവരുടെ അമ്മമാരെയും അനുഗ്രഹിച്ചു. അവരുടെ അമ്മമാര്‍ അവിടെ അരികുചേര്‍ന്നു നിന്നിരുന്നു. കുഞ്ഞുങ്ങള്‍ അമ്മമാരുടെ അരികിലേക്കോടിച്ചെല്ലുകയും കുഞ്ഞുകൈകള്‍ കൊണ്ട് അമ്മമാരുടെ കണ്ണുനീര്‍ തുടച്ച് അവരെ ഉമ്മവയ്‌ക്കുകയും ചെയ്‌തു.
******
പിറ്റേന്നു കാലത്ത്, വിറകിന്‍കൂമ്പാരത്തിനു പിറകില്‍ മരവിച്ചുകിടന്ന ആ കുഞ്ഞുമൃതദേഹം പോര്‍ട്ടര്‍മാരാണു കണ്ടത്. അവര്‍ അവന്റെ അമ്മയെയും കണ്ടെത്തി. അമ്മ അവനെക്കാള്‍ മുന്‍പേ മരവിച്ചുകഴിഞ്ഞിരുന്നു. സ്വര്‍ഗത്തില്‍ ദൈവംതമ്പുരാന്റെ മുന്‍പില്‍ അവര്‍ പരസ്‌പരം കണ്ടിരിക്കും.
(മൊഴിമാറ്റം: ടോണി ചിറ്റിലപ്പിള്ളി)








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.