അനുവാദം ചോദിക്കാതെയാണ് ദൈവം മനുഷ്യനെ മെനഞ്ഞത്. അതങ്ങനെതന്നെ തുടരുകയും ചെയ്യുന്നു. തന്നിഷ്‌ടപ്രകാരം മനുഷ്യെന സൃഷ്‌ടിച്ചതാണ് ദൈവത്തിനു പറ്റിയ തെറ്റെന്ന് കവി സച്ചിദാനന്ദന്‍. അത് സൃഷ്‌ടിയുടെ ആറാം ദിവസമാണെന്നു പറഞ്ഞ് അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേര്‍ക്കുന്നു: പ്രണയമില്ലാതെ പ്രാപിക്കുകയും വിനയമില്ലാതെ പ്രാര്‍ത്ഥിക്കുകയും തിന്നാനല്ലാതെ കൊല്ലുകയും ചെയ്യുന്ന മൃഗത്തെ സൃഷ്‌ടിച്ച ആറാം ദിവസം. അതോടെ പുഴകള്‍ കടക്കേണ്ടതായും മലകള്‍ കയറേണ്ടവയുമായി. പശുവും നായും വീട്ടടിമകളായി. വൃക്ഷങ്ങള്‍ വെട്ടി തള്ളപ്പെട്ടവയായി. ഈയ്യത്തിന് വിലയിടിയുകയും സ്വര്‍ണത്തിന് വിലയേറുകയും ചെയ്‌തു. തീ അടുക്കളയുടെ തടവിലായി. ഭൂമി, ജലം, വായു, ശബ്‌ദം എല്ലാറ്റിലും വിഷം നിറഞ്ഞു. എന്തും നാണയംകൊണ്ട് അളക്കാമെന്നായി. ദൈവത്തിനു പിന്നെ ഏഴാം ദിവസം വിശ്രമിക്കാനായില്ല. കവിയുടെ ആക്ഷേപം മര്‍മം തുളയ്‌ക്കുന്നതാണെങ്കിലും സത്യത്തിന്റെ ലവണങ്ങളേറെയുണ്ടതില്‍. മനുഷ്യനെ തന്നെപ്പോലെ മെനഞ്ഞ ദൈവം ഇന്നവന്‍ തന്നെപ്പോലെയാകുന്നതിനുവേണ്ടി അലയുന്നത് കാണുന്നു. ദൈവത്തിന്റെ ആ പരക്കം പാച്ചിലാണ് കാലിത്തൊഴുത്തുവരെ എത്തുന്നതും ഇന്നും ഏറെ ആഘോഷിക്കപ്പെടുന്നതും. കാര്യങ്ങള്‍ അങ്ങനെയാണെങ്കിലും ഏറ്റവും ആശ്ചര്യകരമെന്നത് മനുഷ്യനെ സൃഷ്‌ടിച്ച ദൈവം മനുഷ്യനാകാന്‍ മനുഷ്യന്റെ ഹിതം ആരായുന്നുവെന്നതാണ്. മറിയം എന്ന യുവതിക്കു മുമ്പില്‍ അനുവാദം ചോദിക്കുന്ന മാന്യനായ ദൈവം. മറിയം അനുവദിച്ചെങ്കിലും ദൈവത്തിന്റെ അലച്ചില്‍ കൂടിയതേയുള്ളൂ. ഭൂമി കാണാന്‍ കൊതിക്കുന്ന കുഞ്ഞുദൈവത്തെയും പേറി എത്ര ദൂരമാണവര്‍ താണ്ടുന്നത്. പിറക്കുവാനിടം തേടി എത്രയോ വാതിലുകളാണവര്‍ തട്ടുന്നത്.
അന്നും ഇന്നും അങ്ങനെതന്നെ; ദൈവത്തെ അധികംപേര്‍ക്കൊന്നും വേണ്ട. അവന് കൊടുക്കുവാന്‍ നാട്ടിലും വീട്ടിലുമൊന്നും ഇടമില്ല. അവസാനം അവന്‍ കണ്ടെത്തിയതോ ഒരു പുല്‍ത്തൊഴുത്തും. അവിടെയും അവന്‍ ചോദിച്ചുകാണും, അതേ ചോദ്യം കുറച്ചു സ്ഥലം തരുമോ ഒന്നു തലചായ്‌ക്കാന്‍? ഒന്നു പിറന്നു വീഴാന്‍? വിധവയുടെ ചില്ലിക്കാശുപോലെ ആ തൊഴുത്തിന്റെ നല്ലഭാഗം അവറ്റകള്‍ അവന് കൊടുക്കുകയും ചെയ്യുന്നു. മൃഗങ്ങളുടെ അനുവാദത്തോടെ മൃഗങ്ങള്‍ക്കിടയില്‍ മനുഷ്യനായി ദൈവം ജനിച്ചു; മനുഷ്യനെ രക്ഷിക്കാന്‍. മൃഗതുല്യമായി മാറിയ മനുഷ്യനെ രക്ഷിക്കാന്‍ ദൈവത്തിന് കണ്ടെത്താവുന്ന അത്യുത്തമമായ സ്ഥലം കാലിത്തൊഴുത്തല്ലാതെ മറ്റെന്താണ്? അവന്റെ അലച്ചില്‍ പിന്നെയും കൂടിയതേയുള്ളൂ. താനാരാണെന്ന് തനിക്കറിയാമെങ്കിലും ശിഷ്യരില്‍ നിന്നത് കേള്‍ക്കുവാനുള്ള കൊതിയോടെ അവരുടെ ഉത്തരങ്ങള്‍ക്കായി കാതോര്‍ക്കുന്ന ദൈവം. ഓരോ സൗഖ്യത്തിനുമുമ്പും സുഖമാകുവാന്‍ നീ ആഗ്രഹിക്കുന്നുവോ എന്ന് ചോദിക്കുന്നുണ്ടവന്‍. അല്ലെങ്കിലും ആര്‍ക്കാണ് സുഖം പ്രാപിക്കാനിഷ്‌ടമില്ലാത്തത്? പിന്നെന്തിനാണങ്ങനെയൊരു ചോദ്യം? സൗഖ്യത്തിലൂടെ വ്യക്തിജീവിതത്തിന്റെ ഭാഗമായവന്‍ മാറുമ്പോള്‍ തീര്‍ച്ചയായും മറിയത്തിനോട് അനുവാദം ചോദിച്ചാല്‍ വീണ്ടും ചോദിക്കും നീയെന്നെ സ്വന്തമാക്കുവാന്‍ ഇഷ്‌ടപ്പെടുന്നുണ്ടോയെന്ന്.
അനുവാദമില്ലാതെ മനുഷ്യനില്‍ കുടിയിരിക്കുന്നവനല്ല ദൈവം. വാതിലില്‍ മുട്ടുമ്പോള്‍ ആരെങ്കിലും തുറന്നുതന്നാല്‍ ഞാന്‍ അകത്തു വരും എന്നു പറഞ്ഞ അതേ ക്രിസ്‌തുതന്നെയാണ് നിങ്ങള്‍ ഏതു ഭവനത്തില്‍ പ്രവേശിച്ചാലും അവര്‍ക്ക് സമാധാനം ആശംസിക്കുകയെന്ന് പറയുന്നതും. സമാധാനം കാംക്ഷിക്കുന്നവര്‍ അവിടെയുണ്ടെങ്കില്‍ അതവരില്‍ കുടികൊള്ളും. അല്ലെങ്കില്‍ നിങ്ങളിലേക്കുതന്നെ മടങ്ങിവരും. ഏതാണ്ട് ഒരു ബൂമ്‌റാങ്ങ് തിയറിപോലെ. ചുരുക്കിപ്പറഞ്ഞാല്‍ ഇഷ്‌ടമില്ലാതെ സ്വീകരിക്കാവുന്നതും താല്‍പര്യമില്ലാതെ സ്വന്തമാക്കാവുന്നതുമല്ല ക്രിസ്‌തു. ഓര്‍മപ്പെടുത്തലായും വഴികാട്ടിയായും അവിടുന്ന് കൂടെയുണ്ട്. പക്ഷേ സ്വന്തമാക്കണമെങ്കില്‍ അവന്റെയും നമ്മുടെയും ഹിതങ്ങള്‍ ഒന്നാകണം. സുവിശേഷത്തില്‍ സക്കേവൂസിന്റെ കാര്യത്തില്‍ നാം മറിച്ചു ചിന്തിച്ചേക്കാം. `എനിക്കിന്ന് നിന്റെ വീട്ടില്‍ താമസിക്കേണ്ടിയിരിക്കുന്നു' എന്നാണ് വചനം. അവന്റെ മനസിലെ ആഗ്രഹമറിഞ്ഞ് അനുവാദം ചോദിക്കുക തന്നെയാണ് ക്രിസ്‌തു. അതിനാല്‍തന്നെ അവന്റെ ഇംഗിതം അറിഞ്ഞ മാത്രയില്‍ ഒരു മറുവാക്കുപോലും പറയാതെ ഉപേക്ഷകളുടെ അനുതാപ വിളംബരങ്ങളുമായി സക്കേവൂസ് മാറേണ്ട കാര്യമില്ലല്ലോ? ഒന്നുകൂടെ ഉറപ്പിക്കാം സ്വന്തമാക്കാന്‍ ഇഷ്‌ടപ്പെടുന്നവര്‍ക്ക് സമീപസ്ഥനാണ് ദൈവമെന്ന്. അവനെ സ്വന്തമാക്കിക്കഴിഞ്ഞാല്‍ പിന്നെ പഴയ കുപ്പായത്തില്‍ പുതിയത് തുന്നിച്ചേര്‍ക്കലൊന്നും നടക്കുകയില്ല. മാറ്റത്തിന്റെ പുതുപുത്തന്‍ വേഷങ്ങള്‍ തന്നെ ധരിക്കണം. കാര്യങ്ങള്‍ ഇങ്ങനെയെല്ലാമാകുമ്പോള്‍ ക്രിസ്‌മസ് കഴിഞ്ഞാലും ക്രിസ്‌തുവിനെ സ്വന്തമാക്കാതെ അലയുന്നവര്‍ കൂടുകയും അവരെ സ്വന്തമാക്കാനുള്ള ക്രിസ്‌തുവിന്റെ അലച്ചില്‍ ഏറുകയും ചെയ്യുന്നു. മനുഷ്യന്റെ യാത്രയും ദൈവത്തിന്റെ അലച്ചിലും സംഗമിക്കുന്നിടത്ത് ക്രിസ്‌തു ജനിക്കും.
Saturday, 17 December 2011 12:03
വിശ്രമമില്ലാത്ത ദൈവം
Written by ഫാ. ജെന്‍സണ്‍ ലാസലെറ്റ്
Read 217 times
Login to post comments








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.