ദൈവത്തിന്റെ പരിശോധനയുടെയും അറിയലിന്റെയും മാര്‍ഗങ്ങള്‍ മനസിലാക്കാന്‍ ആര്‍ത്തബാന്റെ ജീവിതം നമുക്കൊരു തുറന്ന പുസ്‌തകമാണ്. ഈശോയ്‌ക്ക് കാഴ്‌ച കൊടുക്കാന്‍ അദ്ദേഹം കൈയില്‍ കരുതിയ ഇന്ദ്രനീലവും മാണിക്യവും പവിഴവും ചിലവഴിച്ച രീതിയും മുപ്പത്തിമൂന്ന് വര്‍ഷം നീണ്ടുനിന്ന നിശ്ചയദാര്‍ഢ്യത്തോടെയുള്ള യേശുഅന്വേഷണവും നമുക്ക് സാധകപാഠമാണ്. അന്വേഷണാത്മകമായ അദ്ദേഹത്തിന്റെ അലഞ്ഞുനടപ്പ് അവസാനിച്ചത്, ജറുസലേമില്‍ എത്തി, ഈശോയുടെ കുരിശുമരണസമയത്തുണ്ടായ പ്രകൃതിവിക്ഷോഭത്തിനു സാക്ഷ്യം വഹിച്ചുകൊണ്ടാണ്.
``ബേത്‌ലഹെമില്‍ യേശു ജനിച്ചപ്പോള്‍ പൗരസ്‌ത്യ ഭാഗത്തുനിന്ന് ജ്ഞാനികള്‍ ജറുസലേമിലെത്തി. അവര്‍ അന്വേഷിച്ചു: എവിടെയാണ് യഹൂദന്മാരുടെ രാജാവായി ജനിച്ചവന്‍? ഞങ്ങള്‍, കിഴക്ക് അവന്റെ നക്ഷത്രം കണ്ട് അവനെ ആരാധിക്കാന്‍ വന്നിരിക്കുകയാണ്'' (മത്താ.2:1-2). ആ ജ്ഞാനികളുടെ പേര്: കാസ്‌പാര്‍, മെല്‍ക്കിയോര്‍, ബല്‍ത്താസര്‍.
ബൈബിളില്‍ പറഞ്ഞിട്ടില്ലെങ്കിലും നാലാമതൊരു ജ്ഞാനിയെക്കുറിച്ച് ആകര്‍ഷകമായ ഒരു കഥയുണ്ട്. അദ്ദേഹത്തിന്റെ പേര് ആര്‍ത്തബാന്‍. മൂവര്‍ സംഘം പുറപ്പെട്ടുകഴിഞ്ഞ്, കുറെ താമസിച്ചാണ് ആര്‍ത്തബാന്‍ നക്ഷത്രം കണ്ട് അതിനെ അനുഗമി.ക്കുന്നത്. രാജാവായി പിറന്ന ശിശുവിന് കാണിക്ക നല്‍കാന്‍ അദ്ദേഹം ഏറെ വിലപിടിപ്പുള്ള മൂന്നു രത്‌നങ്ങള്‍ കയ്യിലെടുത്തിരുന്നു: ഇന്ദ്രനീലം, മാണിക്യം, പവിഴം.
പറഞ്ഞൊത്തിരുന്ന സ്ഥലത്തും സമയത്തും മൂവര്‍സംഘവുമായി ഒത്തുചേരാന്‍, ആയാസകരമെങ്കിലും അദ്ദേഹം സവാരി കൂടുതല്‍ ശീഘ്രമാക്കി. താമസിച്ചാല്‍ അവര്‍ വിട്ടുപോകും. പെട്ടെന്ന്, നിലത്ത് അവ്യക്ത മനുഷ്യരൂപം അദ്ദേഹത്തിന്റെ ദൃഷ്‌ടിയില്‍പ്പെട്ടു. പനി ബാധിച്ച ഒരു യാത്രികനായിരുന്നു അത്. രോഗിയെ സഹായിക്കാന്‍ സവാരി നിര്‍ത്തിയാല്‍ ഏറെ താമസിക്കും, മൂവര്‍സംഘം വിട്ടുപോകും. എങ്കിലും അദ്ദേഹം സവാരി നിര്‍ത്തി, കയ്യിലുണ്ടായിരുന്ന മരുന്നുകളുപയോഗിച്ച് രോഗിയെ പരിചരിച്ചു. രോഗി സുഖപ്പെടുന്നതുവരെ അദ്ദേഹം അയാളോടുകൂടെയായിരുന്നു.
ആര്‍ത്തബാന്‍ യാത്ര തുടര്‍ന്നു. നിശ്ചയിച്ചുറപ്പിച്ചിരുന്ന സ്ഥലത്തെത്തിയപ്പോള്‍, മൂവര്‍സംഘം മരുഭൂമി കടക്കാന്‍ അവശ്യമായിരുന്ന സാര്‍ത്ഥവാഹകസംഘത്തോടൊപ്പം മരുഭൂമി കടന്നുപോയിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന് മരുഭൂമി കടക്കാന്‍ വേറെ ഒട്ടകങ്ങളും വാഹകരുമടങ്ങുന്ന സാര്‍ത്ഥവാഹകസംഘത്തെ സ്വയമായി ക്രമീകരിക്കേണ്ടിവന്നു. അതിനുള്ള ചിലവിനായി ആദ്യത്തെ രത്‌നം, ഇന്ദ്രനീലം വില്‍ക്കേണ്ടിയും വന്നു. രാജശിശുവിനു നല്‍കേണ്ട ഇന്ദ്രനീലം വില്‍ക്കാനിടയായതില്‍ ഖേദം തോന്നിയെങ്കിലും അതൊരു രോഗിയെ പരിചരിക്കാന്‍ വേണ്ടിയായിരുന്നല്ലോയെന്നോര്‍ത്തപ്പോള്‍ ഖേദമെല്ലാം അപ്രത്യക്ഷമായി. മരുഭൂമി കടന്ന് യാത്ര തുടര്‍ന്ന ആര്‍ത്തബാന്‍ തക്കസമയത്ത് പലസ്‌തീനായിലെത്തി. എന്നാല്‍ ബേത്‌ലഹെമില്‍ എത്തിയപ്പോള്‍ വീണ്ടും താമസിച്ചു. അപ്പോള്‍ മറിയവും ജോസഫും ഉണ്ണിയീശോയുമൊത്ത് ഈജിപ്‌തിലേക്ക് പോയിക്കഴിഞ്ഞിരുന്നു. ഹേറോദേസിന്റെ കല്‍പനയനുസരിച്ച് പടയാളികള്‍ രണ്ടും അതില്‍ താഴെയും വയസുള്ള ആണ്‍കുട്ടികളെയെല്ലാം വധിക്കുവാനായി ബേത്‌ലഹെമിലെ വീടുകള്‍തോറും കയറിയിറങ്ങുകയാണ്. ആര്‍ത്തബാന്‍ വാടകയ്‌ക്ക് മുറിയെടുത്തു താമസിച്ചിരുന്ന സത്രത്തില്‍ അദ്ദേഹത്തിന് ഏറെ പ്രീതി തോന്നിയ, രണ്ടുവയസില്‍ താഴെ പ്രായമുള്ള ഒരാണ്‍കുട്ടിയും അവന്റെ മാതാപിതാക്കളും താമസിച്ചിരുന്നു. പടയാളികളുടെ കാലൊച്ച കേട്ട് ഭീതി പൂണ്ട കുട്ടിയുടെ മാതാപിതാക്കള്‍ മുറവിളി തുടങ്ങി. ആര്‍ത്തബാന്‍ രണ്ടാമത്തെ രത്‌നമായ മാണിക്യം കൈയില്‍ പിടിച്ച് കവാടത്തില്‍ നിലയുറപ്പിച്ചു. അദ്ദേഹം പടയാളികളുടെ തലവന് മാണിക്യം കൈക്കൂലിയായി നല്‍കിക്കൊണ്ട് ആ ഭവനത്തില്‍ കയറുന്നതില്‍ നിന്ന് അവരെ പിന്തിരിപ്പിച്ച്, കുട്ടിയെ രക്ഷിച്ചു. കുട്ടിയുടെ മാതാപിതാക്കള്‍ അതീവ സന്തുഷ്‌ടരായി, നന്ദി നിറഞ്ഞ ഹൃദയത്തോടെ ആര്‍ത്തബാനെ അഭിനന്ദിച്ചു. രാജശിശുവിന് കാഴ്‌ച നല്‍കേണ്ട മാണിക്യം നഷ്‌ടമായതില്‍ ആര്‍ത്തബാന്റെ മനസ് തേങ്ങിയെങ്കിലും കുട്ടിയെ രക്ഷിക്കാനും അവന്റെ മാതാപിതാക്കള്‍ക്ക് ആശ്വാസം പകരാനും സാധിച്ചല്ലോയെന്നോര്‍ത്തപ്പോള്‍ വ്യഥ മാറി.
ബേത്‌ലഹെമിലേക്കു വഴികാട്ടിയ നക്ഷത്രം പണ്ടേ അപ്രത്യക്ഷമായെങ്കിലും യഹൂദരുടെ രാജാവിനെ അന്വേഷിച്ചുള്ള ആര്‍ത്തബാന്റെ പ്രയാണം തുടര്‍ന്നുകൊണ്ടിരുന്നു. വര്‍ഷങ്ങളോളം അദ്ദേഹം അലഞ്ഞു. മുപ്പതില്‍പരം വര്‍ഷങ്ങള്‍ കഴിഞ്ഞ് അദ്ദേഹം ജറുസലേമിലെത്തി. യഹൂദരുടെ രാജാവായി പിറന്ന ഈശോയെ യഹൂദര്‍ തന്നെ കുരിശിലേറ്റുന്നുവെന്ന വാര്‍ത്ത ആര്‍ത്തബാന്റെ ചെവികളിലെത്തി. കുരിശുമായി, പരിഹാസകരുടെയും ഒപ്പം അവിടുത്തെ ഓര്‍ത്തു കേഴുന്നവരുടെയും ഇടയിലൂടെ ഈശോ കാല്‍വരി കയറുകയാണ്. തന്റെ കൈയിലുള്ള അവസാനത്തെ രത്‌നമായ പവിഴം കൊടുത്ത് ശത്രുക്കളില്‍നിന്ന് ഈശോയെ മോചിപ്പിക്കാമോയെന്ന ചിന്ത ആര്‍ത്തബാന്റെ നിഷ്‌കളങ്ക മനസില്‍ ഉദിച്ചു. അപ്പോഴിതാ, ഉറക്കെ കരഞ്ഞുകൊണ്ട് ഒരു പെണ്‍കുട്ടി അദ്ദേഹത്തിന്റെ പക്കല്‍ ഓടിയെത്തുന്നു. പുറകെ ഏതാനും ഉദ്യോഗസ്ഥരും. അവള്‍ അദ്ദേഹത്തോട് കേണപേക്ഷിച്ചു: എന്നെ രക്ഷിക്കണേ! എന്റെ അപ്പന്‍ വലിയ കടത്തിലാണ്. എന്നെ ബലമായി പിടിച്ച് അടിമയായി വിറ്റ് കടംവീട്ടാന്‍ ഇവര്‍ തീരുമാനിച്ചുറപ്പിച്ചിരിക്കുകയാണ്. ആര്‍ത്തബാന്‍ വലിയ സന്ദേഹത്തിലായി. ദുഃഖത്തോടെയെങ്കിലും കൈയിലുണ്ടായിരുന്ന പവിഴം ഉദ്യോഗസ്ഥര്‍ക്കു കൊടുത്ത് പെണ്‍കുട്ടിയെ സ്വതന്ത്രയാക്കി. പെട്ടെന്ന് ആകാശം ഇരുണ്ടു, ഭൂമിയില്‍ അന്ധകാരം വ്യാപിച്ചു, ഭുമികുലുക്കമുണ്ടായി. `പിതാവേ, അവിടുത്തെ കരങ്ങളില്‍ എന്റെ ആത്മാവിനെ സമര്‍പ്പിക്കുന്നു എന്നു പറഞ്ഞുകൊണ്ട് കുരിശില്‍ കിടന്ന് ഈശോ അപ്പോള്‍ ജീവന്‍ വെടിഞ്ഞു!'
ഭൂമികുലുക്കമുണ്ടായപ്പോള്‍, ഉയര്‍ന്ന ഒരു കെട്ടിടത്തില്‍നിന്ന് ഒരു മേച്ചിലോട് ആര്‍ത്തബാന്റെ തലയില്‍ പതിച്ചു! അര്‍ദ്ധബോധാവസ്ഥയില്‍ അദ്ദേഹം നിലംപതിച്ചു. പരിഭ്രാന്തയായ കുട്ടി, അവളുടെ മടി അദ്ദേഹത്തിന്റെ ശിരസിന് തലയണയാക്കി ഇരുന്നു.
സാവധാനം അദ്ദേഹത്തിന്റെ അധരങ്ങള്‍ മന്ത്രിച്ചു; കര്‍ത്താവേ, എപ്പോഴാണ് ഞാന്‍ നിന്നെ വിശക്കുന്നവനായി കണ്ട് ഭക്ഷണം തന്നത്? നിന്നെ ദാഹിക്കുന്നവനായി കണ്ട് എപ്പോഴാണ് ഞാന്‍ കുടിക്കുവാന്‍ തന്നത്? എപ്പോഴാണ് നിന്നെ പരദേശിയായി കണ്ട് സ്വീകരിച്ചത്? എപ്പോഴാണ് നിന്നെ നഗ്‌നനായിക്കണ്ട് ഞാന്‍ ഉടുപ്പിച്ചത്? നിന്നെ രോഗാവസ്ഥയിലോ കാരാഗൃഹത്തിലോ ഞാന്‍ സന്ദര്‍ശിച്ചതും ശുശ്രൂഷിച്ചതും എപ്പോള്‍? മുപ്പത്തിമൂന്നു വര്‍ഷം ഞാന്‍ നിന്നെ അന്വേഷിച്ചു. പക്ഷേ, ഒരിക്കലും നിന്റെ മുഖം കാണുകയോ നിന്നെ ശുശ്രൂഷിക്കുകയോ ഞാന്‍ ചെയ്‌തിട്ടില്ല. അപ്പോള്‍ അങ്ങകലെ നിന്ന് ഒരു മന്ത്രണംപോലെ, മധുരിക്കുന്ന ഒരു മൃദുസ്വരം അദ്ദേഹം കേട്ടു: സത്യമായി ഞാന്‍ നിന്നോട് പറയുന്നു; എന്റെ ഏറ്റം എളിയ ഈ സഹോദരന്മാരില്‍ ഒരുവന് നീ ഇതു ചെയ്‌തുകൊടുത്തപ്പോള്‍ എനിക്കുതന്നെയാണ് ചെയ്‌തുതന്നത്. ആര്‍ത്തബാന്റെ മുഖത്ത് പുഞ്ചിരി വിടര്‍ന്നു. രാജാവ് തന്റെ കാഴ്‌ചകള്‍ സ്വീകരിച്ചുവെന്ന ദൃഢബോധ്യത്തില്‍ പുഞ്ചിരി വിടാതെതന്നെ അദ്ദേഹം ജീവന്‍ വെടിഞ്ഞു.
ആര്‍ത്തബാന്റെ അന്വേഷണം, ദൈവം അറിയുകയും മനസിലാക്കുകയും ചെയ്‌തു. ഈശോയെ അന്വേഷിച്ചുള്ള അദ്ദേഹത്തിന്റെ പുറപ്പാടും യാത്രയും സ്‌നേഹത്തിന്റെ കണ്ടെത്തലുകള്‍ നിറഞ്ഞതായിരുന്നു. ദൈവത്തിന്റെ പരിശോധനയുടെയും അറിയലിന്റെയും മാര്‍ഗങ്ങള്‍ മനസിലാക്കാന്‍ ആര്‍ത്തബാന്റെ ജീവിതം നമുക്കൊരു തുറന്ന പുസ്‌തകമാണ്. ഈശോയ്‌ക്ക് കാഴ്‌ച കൊടുക്കാന്‍ അദ്ദേഹം കൈയില്‍ കരുതിയ ഇന്ദ്രനീലവും മാണിക്യവും പവിഴവും ചിലവഴിച്ച രീതിയും മുപ്പത്തിമൂന്ന് വര്‍ഷം നീണ്ടുനിന്ന നിശ്ചയദാര്‍ഢ്യത്തോടെയുള്ള അന്വേഷണവും നമുക്ക് സാധകപാഠമാണ്. അന്വേഷണാത്മകമായ അദ്ദേഹത്തിന്റെ അലഞ്ഞുനടപ്പ് അവസാനിച്ചത്, ജറുസലേമില്‍ എത്തി, ഈശോയുടെ കുരിശുമരണസമയത്തുണ്ടായ പ്രകൃതിക്ഷോഭത്തിനു സാക്ഷ്യം വഹിച്ചുകൊണ്ടാണ്.
വിശുദ്ധ പത്രോസ് നല്‌കുന്ന ആഖ്യാനം ഇവിടെ ഏറെ ശ്രദ്ധേയമാണ്: ``നിങ്ങള്‍ക്ക് ലഭിക്കാനിരിക്കുന്ന കൃപയെപ്പറ്റി മുന്‍കൂട്ടി അറിയിച്ച പ്രവാചകന്മാര്‍ ഈ രക്ഷയെക്കുറിച്ച് ആരായുകയും അന്വേഷിക്കുകയും ചെയ്‌തു. ക്രിസ്‌തു സഹിക്കേണ്ടിയിരുന്ന പീഡകളെക്കുറിച്ചും അനന്തര മഹത്വത്തെക്കുറിച്ചും അവരിലുണ്ടായിരുന്ന ക്രിസ്‌തുവിന്റെ ആത്മാവ് മുന്‍കൂട്ടി പ്രവചിച്ചു. അവരാകട്ടെ അതെപ്പോഴെന്നും എങ്ങനെയെന്നും ആരായുകയും ചെയ്‌തു'' (1 പത്രോ.1:10-11).








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.