Tue05222012

Last Updated 22 May 2012:11:40:52 PM IST

RegisterRegister
sub-menu_07sub-menu_01sub-menu_02sub-menu_03sub-menu_04sub-menu_05sub-menu_06



Font Size

Member's Area
Friday, 02 December 2011 12:09

അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസ്‌ ആനന്ദത്തിന്റെ അവകാശി

Written by  വിന്‍സെന്റ്‌ വിതയത്തില്‍
Rate this item
(0 votes)

സുവിശേഷമൂല്യങ്ങള്‍ക്കും അതുവഴി ക്രൈസ്‌തവദര്‍ശനങ്ങള്‍ക്കും ക്ഷതം സംഭവിച്ച ഒരു കാലഘട്ടത്തിലൂടെ കടന്നുപോകുന്ന ലോകത്തില്‍ സുവിശേഷ ആദര്‍ശം പുനഃസ്ഥാപിക്കുകയെന്ന സവിശേഷമായ സുകൃതദൗത്യം വെല്ലുവിളിയോടെ ഏറ്റെടുത്ത മഹാത്യാഗമായിരുന്നു ഫ്രാന്‍സിസ്‌ അസ്സീസി. മഹാത്യാഗത്തിന്റെ സ്‌നേഹമൂര്‍ത്തിയെ ഉള്ളില്‍ ധ്യാനിച്ച്‌ വണങ്ങുന്ന ഫ്രാന്‍സിസ്‌ തന്റെ ഗുരുനാഥന്‍ ക്രിസ്‌തുവിനുള്ള സ്‌നേഹോപഹാരമായി തന്റെ ശിഷ്ടജീവിതമല്ല , വീണ്ടും ജനനത്തിലൂടെ കൈവന്ന മഹാഭാഗ്യം തന്നെയാണ്‌ സമര്‍പ്പിച്ചത്‌.

ക്രിസ്‌തുവിനുശേഷം `പിതാവേ'യെന്ന്‌ ദൈവത്തെ ഉള്ളുതുറന്ന്‌ വിളിച്ചത്‌ വിശുദ്ധ ഫ്രാന്‍സിസ്‌ അസ്സീസിയാണ്‌. സത്യത്തെയും സ്വാതന്ത്ര്യത്തെയും പൊരുളറിഞ്ഞ്‌ ആഴത്തില്‍ സ്‌നേഹിച്ചവനായിരുന്നു ഫ്രാന്‍സിസ്‌. ക്രിസ്‌തു സ്‌നേഹം അഗാധമായി നിറഞ്ഞുനിന്നതിന്റെ മുദ്രയായിരുന്നു ഫ്രാന്‍സിസ്‌. അവനോടൊത്ത്‌ നടക്കുവാനും അവനില്‍ ജീവിക്കുവാനും അവനില്‍ ജനിക്കുവാനും സ്വാതന്ത്ര്യം കിട്ടിയതിന്റെ അപൂര്‍വ മുദ്ര ഫ്രാന്‍സിസിലുണ്ടായിരുന്നു. ഫ്രാന്‍സിസിനെ അടുത്തറിയാന്‍ ശ്രമിക്കുമ്പോഴൊക്കെ ആ മുദ്ര നമ്മില്‍ ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു.

`നീ എവിടെയാണ്‌' ഫ്രാന്‍സിസിനോട്‌ ചോദിച്ച അതേ ചോദ്യം തന്നെ ആദ്യത്തേത്‌. അതിനുള്ള ഉത്തരം `ഞാന്‍ ക്രിസ്‌തുവിലാണെന്ന' മറുപടിയാണ്‌ ഫ്രാന്‍സിസില്‍നിന്ന്‌ കേട്ടത്‌. അര്‍ത്ഥപൂര്‍ണവും ഉജ്വലവുമായ ഉത്തരമാണിത്‌. ഈ ഉത്തരം ക്രിസ്‌തുവിനെ അന്വേഷിക്കുന്നവര്‍ക്ക്‌ മാത്രം നല്‍കാന്‍ കഴിയുന്നതാണ്‌. ഉടുതുണിക്ക്‌ മറുതുണിയില്ലാതെ രക്തബന്ധത്തിന്റെ പൊക്കിള്‍കൊടി മുറിച്ചുകൊണ്ടാണ്‌ ഫ്രാന്‍സിസ്‌ ക്രിസ്‌തുവിനെ കണ്ടെത്തുവാനുള്ള പ്രയാണം ആരംഭിക്കുന്നത്‌.

ഫ്രാന്‍സിസിനെ `ഭ്രാന്തനെന്ന്‌' വിളിച്ചവരുടെ ലോകത്ത്‌ നിന്ന്‌ `ധാരാളം ഭ്രാന്തന്മാര്‍' അവനോടൊത്ത്‌ ചേര്‍ന്നുകൊണ്ടിരിക്കുകയാണ്‌ അന്നുമിന്നും. തങ്ങളുടെ സര്‍വസ്വവും ഉപേക്ഷിച്ച്‌ കൂടെ വരുന്നവര്‍ക്ക്‌ അവന്‍ ഹൃദയഹാരിയായ വസന്തം പോലെയാണ്‌. അവനെ വിട്ടുപിരിയാന്‍ അവര്‍ക്ക്‌ സാധ്യമല്ല. അത്രയ്‌ക്ക്‌ അഗാധസ്‌നേഹപ്രകാശമായി അവന്‍ ഓരോരുത്തരുടെയും മനസില്‍ സ്ഥിരപ്രതിഷ്‌ഠ നേടുന്നു.
ഫ്രാന്‍സിസിന്‌ മുമ്പില്‍ ക്രിസ്‌തു മാത്രമാണുള്ളത്‌. അവനെ അനുഗമിക്കുക മാത്രമാണവന്റെ വിളി. ക്രിസ്‌തുവിന്റെ വിളിക്കുത്തരമാണ്‌ അവന്റെ പരിത്യാഗം. സര്‍വതും ത്യജിക്കുവാന്‍ അവന്‌ ക്രിസ്‌തു ഒരു കാരണമാകുന്നു. അവന്‍ അറിയുന്നു; ക്രിസ്‌തു മുഖാന്തിരം ലോകം വീണ്ടെടുക്കപ്പെട്ടു എന്ന്‌. അവനാല്‍ വീണ്ടെടുക്കപ്പെട്ടവരില്‍ താനും ഉള്‍പ്പെട്ടെന്ന്‌ തിരിച്ചറിയുന്ന ഫ്രാന്‍സിസ്‌ മുഴുവനായും `തന്നെത്തന്നെ' അവന്‌ സമര്‍പ്പിക്കുന്നു.

തനിക്കുള്ളതെല്ലാം ഇനി ക്രിസ്‌തുവിന്‌ മാത്രമെന്ന്‌ അവന്‍ ലോകത്തോട്‌ വിളിച്ചുപറഞ്ഞു. കഴിഞ്ഞ എട്ട്‌ നൂറ്റാണ്ടിലേറെയായി അവന്റെ പ്രയാണം തുടരുന്നു. മറ്റുള്ളവര്‍ കാണാന്‍, മറ്റുള്ളവര്‍ ഗ്രഹിക്കാന്‍. മരമണ്ടനെന്ന്‌ ലോകത്താല്‍ മുദ്രയടിക്കപ്പെട്ട ഫ്രാന്‍സിസ്‌ ബുദ്ധി, അത്‌ ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും വേണ്ടി ഒരുപോലെ സംസാരിക്കുന്ന മുദ്രയാകുന്നു. സുവിശേഷമൂല്യങ്ങള്‍ക്കും അതുവഴി ക്രൈസ്‌തവ ദര്‍ശനങ്ങള്‍ക്കും ക്ഷതം സംഭവിച്ച ഒരു കാലഘട്ടത്തിലൂടെ കടന്നുപോകുന്ന ലോകത്തില്‍ സുവിശേഷ ആദര്‍ശം പുനഃസ്ഥാപിക്കുകയെന്ന സവിശേഷമായ സുകൃതദൗത്യം വെല്ലുവിളിയോടെ ധീരമായി ഏറ്റെടുത്ത മഹാത്യാഗത്തിന്റെ രണ്ടാമത്തെ ഉദാഹരണമാണ്‌ ഫ്രാന്‍സിസ്‌.

ജീവിതത്തില്‍ നിന്ന്‌ ധാരാളം പഠിച്ചവനാണ്‌ ഫ്രാന്‍സിസ്‌. ജീവിതത്തെ ആത്മാവിന്റെ ചൈതന്യം സ്വീകരിച്ച്‌ കൂടുതല്‍ മനോഹരമാക്കിക്കൊണ്ട്‌ മറ്റുള്ളവര്‍ക്ക്‌ പ്രകാശമായി മാറി. ഫ്രാന്‍സിസിന്റെ ജീവിതം മറ്റുള്ളവര്‍ക്ക്‌ വിസ്‌മയമാണ്‌. `എങ്ങനെ ഇങ്ങനെയൊരാളായി മാറി'യെന്ന വിസ്‌മയം. ക്രിസ്‌തുവില്‍ നിന്ന്‌ ആത്മീയതയെ ഏറ്റുവാങ്ങുന്ന ഫ്രാന്‍സിസ്‌ തന്റെ സര്‍വവും ത്യജിക്കുന്നത്‌ വലിയ കാര്യമായി കരുതിയില്ല.

പൗലോസ്‌ ശ്ലീഹ പറയുംപോലെ `ഞാന്‍ യേശുവിനെ അനുകരിക്കുന്നതുപോലെ നിങ്ങള്‍ എന്നെയും അനുകരിക്കുക (1 കൊറി: 11.1). ഈ ആഹ്വാനം അക്ഷരാര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ടത്‌ അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസ്‌ തന്നെയാണ്‌; തന്റെ മിശിഹാ അനുകരണത്തിലൂടെ. ഹൃദയത്തില്‍ വഹിച്ചും അധരത്തില്‍ നിറച്ചും അവന്‍ യേശുവിനെ പ്രഘോഷിക്കുകയായിരുന്നു. മറ്റൊരു യേശുവായി അവന്‍ രൂപാന്തരപ്പെടുന്ന അനുഭവം നാം വായിച്ചറിയുക മാത്രമല്ല, നമ്മുടെ നയനങ്ങള്‍ക്ക്‌ സുതാര്യതയോടെ ദര്‍ശിക്കാന്‍ കഴിയുന്ന മികവുറ്റ ഒരു ചിത്രമായി നമ്മുടെ ഹൃദയത്തില്‍ രൂപമെടുക്കുകയും ചെയ്യുന്നു.
ക്രിസ്‌തുവിന്റെ അഭൗമ തേജസ്‌ ഒരുവനില്‍ ഉണ്ടാക്കുന്ന അനുരണങ്ങള്‍ പോലെയല്ല, അതിലും തീവ്രമായ ഒരടിസ്ഥാനം കൊണ്ട്‌ നിര്‍മിച്ചുറപ്പിച്ച സ്‌നേഹാഗ്നി പ്രതിഷ്‌ഠയാണ്‌ ഫ്രാന്‍സിസിലുള്ളത്‌. ഒരു വ്യക്തിയുടെ രൂപാന്തരീകരണം മാനസാന്തരത്തിന്റെ പിന്‍ബലത്തിലാണ്‌ സംഭവിക്കുന്നത്‌. എന്നാല്‍ അതിലും തീവ്രമായ അനുഭവമാണ്‌ ഫ്രാന്‍സിസില്‍ സംഭവിച്ചത്‌. ക്രിസ്‌തു നല്‍കുന്ന സ്‌നേഹവും അതുവഴിയുള്ള സ്വാതന്ത്ര്യവും സുവിശേഷാത്മകമായി അവനില്‍ സംഭവിക്കുകയായിരുന്നു. ഫ്രാന്‍സിസിന്റെ മനസും ആത്മാവും ദൈവികമായ ഉന്നതതലത്തിലേക്ക്‌ നയിക്കപ്പെടുന്നത്‌ സമ്പൂര്‍ണവിശുദ്ധിയിലൂടെയാണ്‌. അത്‌ എല്ലാ ഭൗതികസമ്പന്നതയും വെടിഞ്ഞ്‌ ആത്മീയനിറവില്‍ ലയിക്കുന്നതുകൊണ്ടാണ്‌. അക്ഷരാര്‍ത്ഥത്തില്‍ സുഖലോലുപത വെടിഞ്ഞ്‌ സമ്പൂര്‍ണ ദാരിദ്ര്യത്തിന്റെ കുപ്പായം അണിയാന്‍ ഫ്രാന്‍സിസ്‌ നിര്‍ബന്ധിക്കപ്പെടുകയല്ല, മറിച്ച്‌ സ്വയം ഏറ്റെടുത്ത അത്യപൂര്‍വമായ വെല്ലുവിളിയാണ്‌. അത്‌ ക്രിസ്‌തുവിനെപ്രതിയാണ്‌, അവന്‍ മുഖാന്തിരമാണ്‌. അവന്റെ സ്‌നേഹാഗ്നിജ്വാലയില്‍ ലയിക്കുവാനുള്ള വെമ്പല്‍കൊണ്ടാണ്‌. മറ്റൊരു ക്രിസ്‌തുവായി രൂപാന്തരപ്പെടുവാനുള്ള ആത്മീയ അഭിവാഞ്‌ഛ ഫ്രാന്‍സിസിന്റെ ശക്തിദൗര്‍ബല്യമായിരുന്നു.

പീറ്റര്‍ ബര്‍ണാദോയുടെ മകന്‍ ഫ്രാന്‍സിസ്‌ അപ്പനെയും അപ്പന്റെ സര്‍വസമ്പത്തുകളെയും ഉച്ചിഷ്ടം പോലെ വലിച്ചെറിഞ്ഞ്‌ സമ്പന്നമായ ക്രിസ്‌തുസ്‌നേഹം തീവ്രതയോടെ ഏറ്റുവാങ്ങുകയാണ്‌. ക്രിസ്‌തുവിന്റെ സഹനത്തിന്റെ ഓര്‍മ ഫ്രാന്‍സിസിന്റെ ഹൃദയത്തെ ആര്‍ദ്രമാക്കുന്നു. അപ്പോള്‍ എല്ലാം മറന്ന്‌ അവന്‍ വിങ്ങിപ്പൊട്ടുന്നു. ഫ്രഞ്ച്‌ സംഗീതത്തിന്റെ മാധുര്യമേറിയ ആധ്യാത്മികഗീതങ്ങള്‍ പാടി ആസ്വദിച്ചിരുന്ന ഫ്രാന്‍സിസില്‍ അസാധാരണമായ മാറ്റമാണ്‌ രൂപാന്തരീകരണത്തിലൂടെ സംഭവിക്കുന്നത്‌.

വെറും സാധാരണക്കാരനായ ഫ്രാന്‍സിസിന്റെ അസാധാരണമായ നടപടിയാണ്‌ ക്രിസ്‌തുവിലേക്കുള്ള സ്‌നേഹയാത്ര. അത്‌ ഫ്രാന്‍സിസിനുമാത്രം കഴിയുന്ന അസാധാരണമായ കൃത്യമായിരുന്നു. സുവിശേഷഭാഗ്യങ്ങള്‍ അനുഭവിച്ചറിയുന്നതിലൂടെ തന്റെ യജമാനനെ കണ്ടെത്തുകയെന്ന ധീരമായ വെല്ലുവിളി സഹനവഴിയേ ഏറ്റെടുത്ത്‌ സ്വയം പ്രകാശിക്കുകയായിരുന്നു ഫ്രാന്‍സിസ്‌. എല്ലാം പരിത്യജിച്ചപ്പോഴും സര്‍വതും തന്റെ പക്കല്‍ വിളങ്ങിനില്‍ക്കുന്നതായി ഫ്രാന്‍സിസ്‌ അനുഭവിക്കുന്നു. ക്രിസ്‌തുവിനെപ്രതി എല്ലാം ത്യജിച്ചവന്‌ ആനന്ദത്തിന്‌ അവകാശിയാണെന്ന്‌ അവനറിയുന്നു. അവന്‍ യഥാര്‍ത്ഥ സ്വാതന്ത്ര്യം പങ്കിടുകയാണ്‌. തന്റെ അധീനതയില്‍ ഒന്നുമില്ലാത്തപ്പോഴും അവന്‍ അനുഭവിക്കുന്നു. ക്രിസ്‌തുകൃപാസാഗരം തന്നിലൂടെ ഒഴുകിത്തന്നെ യഥാര്‍ത്ഥ ആനന്ദത്തിന്‌ അവകാശിയാക്കുകയാണെന്ന്‌ നിറസമ്പന്നതയുടെ പൂര്‍ണത നാം ഫ്രാന്‍സിസില്‍ കണ്ടെത്തുന്നു.

ജീവിതത്തിന്റെ സുരക്ഷിതത്വം അവന്‍ പാടെ അവഗണിച്ചു. എല്ലാ അവകാശങ്ങളും അടിയറ വച്ച്‌ അതിരില്ലാത്ത ആനന്ദത്തിന്‌ അവകാശിയായതില്‍ ഗുരുവിന്‌ ഫ്രാന്‍സിസ്‌ നന്ദി പറയുന്നു. ഈ കൃതജ്ഞതയാണ്‌ ഫ്രാന്‍സിസിന്റെ ജീവിതത്തില്‍ ധാരമുറിയാതെ സൂക്ഷിച്ചത്‌. അതുകൊണ്ട്‌ തുള്ളിച്ചാടി ശരവേഗത്തില്‍ പാഞ്ഞുവരുന്ന കുഞ്ഞാടുകണക്കെ അവന്‍ ആവേശത്തിലായിരുന്നു. പൊട്ടിവിടരുന്ന പ്രഭാതം നോക്കിനില്‍ക്കുന്നവന്റെ മുഖത്ത്‌ ദൃശ്യമാകുന്ന മന്ദസ്‌മിതം പോലൊന്ന്‌ ഫ്രാന്‍സിസില്‍ നാം ദര്‍ശിക്കുന്നു. ഒരു വസന്തംവന്ന അവസ്ഥ. ഫ്രാന്‍സിസിന്റെ ആനന്ദത്തിന്‌ കാരണമെന്താണ്‌? അവന്‍ വളരെവേഗം ക്രിസ്‌തുവിനെ കണ്ടെടുത്തു എന്നുതന്നെയാണ്‌. ക്രിസ്‌തുവിനെ കണ്ടെടുത്തതോ ക്രിസ്‌തു ഫ്രാന്‍സിസിനെ വീണ്ടെടുത്തതോ അതെന്തായാലും രണ്ടുപേരും ആനന്ദലഹരിയിലാണ്‌. അത്‌ അവന്‍ പിതാവില്‍ നിന്ന്‌ കൈപ്പറ്റിയ അവകാശമാണ്‌.

ക്രിസ്‌തു മുഖാന്തിരം ലോകത്തിന്‌ കൈവന്ന മഹാഭാഗ്യമാണ്‌ വിശുദ്ധ ഫ്രാന്‍സിസ്‌ എന്ന്‌ നാം അറിയുന്നത്‌ അവന്‍ നമ്മുടെ അന്വേഷണങ്ങളുടെ ഫലവും ഉത്തരവുമാണെന്നറിയുമ്പോഴാണ്‌. ക്രിസ്‌തുവിലേക്കുള്ള സുവര്‍ണപാതയാണ്‌ വിശുദ്ധ ഫ്രാന്‍സിസ്‌ വെട്ടിത്തെളിച്ചത്‌. അതിലൂടെ വഴിനടക്കുവാനുള്ള ക്ഷണമാണ്‌ അവന്‍ നമ്മുടെ നേരെ നീട്ടുന്നത്‌. ആ പാതയൊരുക്കുവാന്‍ ഫ്രാന്‍സിസ്‌ സ്വീകരിച്ച എല്ലാ നടപടികളും സ്വീകരിച്ചു മാത്രമേ ഒരുവന്‌ മുന്നോട്ടുപോയി അവനുതുല്യ ആനന്ദം കൈവരിക്കുവാന്‍ കഴിയൂ.

എപ്പോഴും ഫ്രാന്‍സിസ്‌ ആനന്ദലഹരിയിലായിരുന്നു. എന്തായിരുന്നു ഈ ആനന്ദലഹരിക്കടിസ്ഥാനം? അത്‌ താന്‍ ക്രിസ്‌തുവിനെ കണ്ടെത്തിയെന്നതിലും തന്നെ ക്രിസ്‌തു വീണ്ടെടുത്തു എന്നതിലുമായിരുന്നു. ക്രിസ്‌തുവിനെ കണ്ടെത്തുമ്പോഴല്ല തന്നെ അവന്‍ വീണ്ടെടുത്തു എന്നതിനാലാണ്‌ ലഭിക്കുന്ന സമ്പൂര്‍ണസ്വാതന്ത്ര്യത്തിന്റെ പൊരുള്‍ നിറയുന്നത്‌.

ക്രിസ്‌തുവഴിയിലായിരുന്ന പല ഘട്ടങ്ങളിലും ഈ സ്വാതന്ത്ര്യവും ആനന്ദവും ഫ്രാന്‍സിസ്‌ അനുഭവിച്ചിട്ടുണ്ട്‌. അന്നന്നപ്പത്തിനുവേണ്ടി ഭിക്ഷ യാചിച്ചിരുന്നപ്പോള്‍, ജീര്‍ണിച്ച്‌ തകര്‍ന്ന പള്ളി പുനരുദ്ധരിച്ചപ്പോള്‍, തന്റെ സുഹൃത്ത്‌ ലിയോയോടൊപ്പം മര്‍ദനമേറ്റ്‌ മഞ്ഞുപാളികളില്‍ കിടന്നപ്പോള്‍, കുഷ്‌ഠരോഗിയെ ആലിംഗനം ചെയ്‌ത്‌ ചുംബിച്ചപ്പോള്‍, അപ്പോഴെല്ലാം ഫ്രാന്‍സിസ്‌ ഈ ആനന്ദം അനുഭവിച്ചു. ക്രിസ്‌തു സ്‌നേഹത്തിന്റെ ലഹരിയില്‍ മത്തുപിടിച്ചവന്റെ ആനന്ദം ഏത്‌ വാക്കുകള്‍ കൊണ്ട്‌ വ്യാഖ്യാനിക്കും?

അതുപോലെ അസാധ്യവും ഒപ്പം ലളിതസാധ്യതയും നിലനില്‍ക്കുന്നു ഫ്രാന്‍സിസിന്റെ രൂപാന്തരജീവിതത്തില്‍. ആ വഴി നമുക്ക്‌ ധ്യാനിച്ച്‌ നീങ്ങുക അസാധ്യമല്ല. നീയും ഞാനും രൂപപ്പെടേണ്ട വഴി തെളിച്ചുകൊണ്ട്‌ ആ പ്രകാശവഴിയിലേക്ക്‌ ഫ്രാന്‍സിസ്‌ ഹൃദയകവാടം തുറന്ന്‌ നമ്മെ കാണിക്കുന്നു.

Login to post comments

Sunday Shalom

sunday-h1
The weekly newspaper in malayalam

Shalom Times

times-h1
Monthly Spiritual Malayalam Magazine

Shalom Tidings

tidings-h1
Bi monthly spritual magazine in english

Shalom Television

shalom-tv-h1
Gods own channel from Kerala

SIMS

sims
Shalom Institute of Media Science

Dedication to Mother Mary

mother-maryHail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.

Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen.

Mary, Mother of God, pray for all Shalom initiatives.