ബാനൂസിലെ മാതാവിന്റെ പ്രത്യക്ഷീകരണം
1933 ജനുവരി 15-ന് ഞായറാഴ്ച സന്ധ്യ. ബല്‍ജിയത്തിലെ ബാനൂസ് എന്ന കൊച്ചുഗ്രാമത്തിലെ വീട്ടില്‍ മരിയറ്റ് ബെക്കോ എന്ന പെണ്‍കുട്ടി അടുക്കളയില്‍ അമ്മയെ സഹായിക്കുകയായിരുന്നു. പുറത്തേക്ക് പോയ തന്റെ കൊച്ചനുജന്‍ തിരിച്ചുവരുന്നതുനോക്കി ഇടയ്ക്കിടെ അവള്‍ ജനാലയുടെ പുറത്തേക്ക് നോക്കുന്നുമുണ്ട്. പെട്ടെന്ന് ഉജ്വലമായ പ്രകാശത്താല്‍ അവളുടെ കണ്ണഞ്ചിപ്പോയി. അതിമനോഹരിയായ, വെള്ളവസ്ത്രം ധരിച്ച ഒരു സ്ത്രീ. നീല അരക്കച്ച കെട്ടിയ അവരുടെ ചുറ്റും അഭൗമമായ പ്രകാശവലയം മരിയറ്റ് ദര്‍ശിച്ചു.
മരിയറ്റ് വേഗം അമ്മയോട് വിവരം പറഞ്ഞു. പക്ഷേ അമ്മ ഒരു തമാശയായേ കണക്കാക്കിയുള്ളൂ. അവര്‍ പുറത്തേക്ക് നോക്കിയപ്പോള്‍ ഒരു സ്ത്രീരൂപം നില്‍ക്കുന്നതു കണ്ടു. ഭയചകിതയായ അമ്മ കര്‍ട്ടനിട്ട് ജനാലയടച്ചു. എന്നാല്‍ മരിയറ്റ് ജനാല തുറന്നു വീണ്ടും നോക്കി. അപ്പോഴും തന്നെ നോക്കി പുഞ്ചിരിക്കുന്ന സ്ത്രീ അവിടെത്തന്നെയുണ്ടായിരുന്നു. ഉടന്‍ മരിയറ്റ് ജപമാലയെടുത്ത് പ്രാര്‍ത്ഥിക്കാനാരംഭിച്ചു. തന്നെ വിളിച്ച അവരുടെ അടുത്തേക്ക് ചെല്ലാന്‍ തുനിഞ്ഞ മരിയറ്റിനെ അമ്മ തടഞ്ഞു. ആകെ പരിഭ്രാന്തയായ ആ അമ്മ വാതിലടച്ചു. അപ്പോഴേക്കും ആ സ്ത്രീരൂപം മറഞ്ഞു കഴിഞ്ഞിരുന്നു.
മരിയറ്റ് അടുത്ത ദിവസം പള്ളിയില്‍ പോയി വികാരിയച്ചനോട് വിവരങ്ങളെല്ലാം പറഞ്ഞു. അവള്‍ കണ്ടത് പരിശുദ്ധ മാതാവിനെത്തന്നെയാണെന്ന് വൈദികന്‍ ഉറപ്പിച്ചു. കൂടുതല്‍ പ്രാര്‍ത്ഥിക്കാന്‍ മരിയറ്റിനെ അദ്ദേഹം ഉപദേശിച്ചു. ലീജ് രൂപതയിലെ പള്ളിയായിരുന്നു ഇത്. ഒരിക്കല്‍ ജപമാല ചൊല്ലുവാനായി പുറത്തെ ഗേറ്റിനരുകില്‍ ഇരിക്കുകയായിരുന്നു മരിയറ്റ്. അവളുടെ പിതാവും അരികിലുണ്ടായിരുന്നു. പെട്ടെന്ന് രണ്ട് പൈന്‍മരങ്ങള്‍ക്കിടയില്‍ അത്യധികം പ്രകാശത്തോടുകൂടി മാതാവ് പ്രത്യക്ഷയായി. മരിയറ്റിനോടൊപ്പം ജപമാലയില്‍ പങ്കെടുത്തു. ഉടന്‍ മരിയറ്റ് മാതാവിന്റെ കാല്‍ക്കല്‍ വീണു. കൈകള്‍ മണ്ണില്‍ ചേര്‍ത്തുപിടിച്ചു. ഉടന്‍ അവിടെ ഒരു നീരുറവ രൂപമെടുത്തു. ''ഈ നീരുറവ എനിക്കുള്ളതാണെന്നു'' പറഞ്ഞ് മരിയറ്റ് ഏതോ ദര്‍ശനത്തിലെന്നവണ്ണം സംസാരിച്ചുകൊണ്ടിരുന്നു. അടുത്ത ദിവസവും മരിയറ്റ് മഞ്ഞു പുതഞ്ഞു കിടന്ന വീടിന്റെ മുന്‍ഭാഗത്തുപോയിരുന്നു ജപമാല ചൊല്ലാന്‍ തുടങ്ങി. പൊടുന്നനെ മാതാവ് വീണ്ടും പ്രത്യക്ഷയായി. ''ഞാന്‍ പാവങ്ങളുടെ കന്യകയാണ്.'' തലേദിവസം കണ്ട ഉറവ ചൂണ്ടിക്കാട്ടി മാതാ വ് പറഞ്ഞു. ''ഈ നീരുറവ എല്ലാ രാജ്യങ്ങള്‍ക്കുംവേണ്ടിയുള്ളതാണ്. രോഗികള്‍ക്ക് അവരുടെ മാരകമായ രോഗാവസ്ഥയില്‍ മോചനം നല്‍കാനുള്ള ജലമാണിത്.'' ഇത്രയും പറഞ്ഞ് മാതാവ് അപ്രത്യക്ഷയായി.
അടുത്ത ദിവസങ്ങളിലും മരിയറ്റ് അതേ സ്ഥലത്തു പോയി പ്രാര്‍ത്ഥിച്ചു. പക്ഷേ അടുത്ത ദിവസങ്ങളില്‍ മാതാവ് പ്രത്യക്ഷപ്പെട്ടില്ല. ഫെബ്രുവരി 11 ന് മാതാവ് വീണ്ടും പ്രത്യക്ഷയായി. ഏകദേശം ആറോളം പേര്‍ ആപ്പോള്‍ അവിടെയുണ്ടായിരുന്നു. നീരുറവയുടെ അടുത്ത് മുട്ടുകുത്തിയ മരിയറ്റ് നന്ദി പറയാനും കരയാനും ആരംഭിച്ചു. ''ഞാന്‍ സഹനങ്ങളില്‍ ആശ്വാസം നല്‍കാനാണ് വന്നിരിക്കുന്നത്.'' അതിനുശേഷം ഇടവകവികാരിയായ ഫാ. ജാമിന്റെ അടുക്കലെത്തി ഉണ്ടായ സംഭവങ്ങളൊക്കെയും വിവരിച്ചു. അടുത്ത ദിവസങ്ങളില്‍ മരിയറ്റും അമ്മയും വേറെ കുറെ സ്ത്രീകളും തുടര്‍ച്ചയായി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. ഫെബ്രുവരി 15 ന് മാതാവ് വീണ്ടും ദര്‍ശനം നല്‍കി. ''തന്നില്‍ വിശ്വസിക്കാനും കൂടുതല്‍ പ്രാര്‍ത്ഥിക്കാനും പരിശുദ്ധ കന്യക നിര്‍ദ്ദേശം നല്‍കി.
ഫെബ്രുവരി 20 ന് അത്ഭുത നീരുറവയുടെ അടുത്തുനില്‍ക്കുമ്പോള്‍ ഒരു സ്വരം കേട്ടു: ''എന്റെ മകളേ, കൂടുതല്‍ പ്രാര്‍ത്ഥിക്കുക.'' ഏറ്റവും അവസാന പ്രത്യക്ഷപ്പെടല്‍ നടന്നത് 1933 മാര്‍ച്ച് രണ്ടാം തിയതിയായിരുന്നു. ഞാന്‍ രക്ഷകന്റെ മാതാവാണെന്നും ദൈവമാതാവാണെന്നും നിരന്തരം പ്രാര്‍ത്ഥിക്കാനും മാതാവ് ആവശ്യപ്പെട്ടു. എല്ലാ സംഭാഷണങ്ങളും തലകുലുക്കി വിധേയത്വത്തോടെ മരിയറ്റ് ശ്രവിച്ചു. അവസാനം ദര്‍ശനസമയം മരിയറ്റിനെ മാതാവ് അനുഗ്രഹിക്കുകയും യാത്ര പറയുകയും ചെയ്തു.
1935 മുതല്‍ 1937 വരെ എപ്പിസ്‌കോപ്പല്‍ കമ്മീഷന്‍ ഈ പ്രത്യക്ഷീകരണത്തെക്കുറിച്ച് പഠിക്കുകയും റോമിലേക്ക് വിശദ റിപ്പോര്‍ട്ട് അയക്കുകയും ചെയ്തു. 1942 ല്‍ ബിഷപ് കെര്‍കോഫ്‌സ് ''പാവങ്ങളുടെ കന്യക''യുടെ വണക്കം അംഗീകരിച്ചു. 1949 ല്‍ തിരുസഭ ഔദ്യോഗിക അംഗീകാരം നല്‍കി.
ബാനൂസിലെ മാതാവിന്റെ പ്രത്യക്ഷീകരണത്തിന്റെ അമ്പതാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് പോപ്പ് ജോണ്‍പോള്‍ രണ്ടാമന്‍ 1999 ജൂലൈ 31 ന് ലീജിലെ ബിഷപ്പിന് എഴുതിയ കത്തില്‍ തന്റെ അപ്പസ്‌തോലികാശീര്‍വാദം ബാനൂസിലെ തീര്‍ത്ഥാടന കേന്ദ്രത്തില്‍ എത്തുന്ന എല്ലാവര്‍ക്കും വാഗ്ദാനം ചെയ്തു.
''തന്റെ ജീവിതം ഒരു പോസ്റ്റ് വുമണിന്റെ പോലെയാണെന്നും തനിക്ക് അപ്രധാനമായ പങ്ക് മാത്രമേ ഇതിലുള്ളൂവെന്നും മരിയറ്റ് പറഞ്ഞു. മാതാവിന്റെ ദര്‍ശനങ്ങള്‍ക്കുശേഷം വളരെ സാധാരണവും ശാന്തവുമായ ജീവിതമാണ് മരിയറ്റ് നയിച്ചത്. വിവാഹജീവിതത്തിലേക്ക് പ്രവേശിച്ച മരിയറ്റ് മക്കളോട് വളരെ ഹൃദ്യമായ രീതിയിലാണ് പെരുമാറിയിരുന്നത്. തൊണ്ണൂറാം വയസില്‍ 2011 ഡിസംബര്‍ മാസമാണ് മരിയറ്റ് അന്തരിച്ചത്. അവസാന നാളുകളില്‍ വയോജനങ്ങള്‍ക്കായുള്ള സ്ഥാപനത്തിലായിരുന്നു ജീവിച്ചത്. തനിക്കു ലഭിച്ച മാതാവിന്റെ ദര്‍ശനങ്ങള്‍ മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കാനും അവര്‍ ശ്രമിച്ചിരുന്നു
പ്രാര്‍ത്ഥനാജീവിതത്തിലും മൂല്യങ്ങളുടെ അന്തഃസത്ത അടിസ്ഥാനമാക്കിയുള്ള ജീവിതത്തിലും മനുഷ്യന് താല്‍പര്യം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന തിരക്കേറിയ സമൂഹങ്ങളില്‍ പരിശുദ്ധ കന്യകയുടെ ബാനൂസിലെ പ്രത്യക്ഷങ്ങള്‍ വലിയ സന്ദേശമാണ് നല്‍കുന്നത്. നിരന്തരം പ്രാര്‍ത്ഥിക്കുവാനും അതുവഴി ക്ലേശങ്ങളില്‍നിന്ന് ആശ്വാസം ലഭിക്കാനും മനുഷ്യരാശിക്ക് കഴിയുമെന്ന് പരിശുദ്ധ കന്യക നമ്മെ ആഹ്വാനം ചെയ്യുന്നു.
അനേകം അത്ഭുതങ്ങള്‍കൊണ്ടും രോഗശാന്തികൊണ്ടും പ്രശസ്തമായിത്തീര്‍ന്നിരിക്കുകയാണ് ഫ്രാന്‍സിലെ ലീജിലെ ബാനൂസ് എന്ന കൊച്ചുഗ്രാമം. അത്ഭുത നീരുറവയില്‍ കൈവച്ച് പ്രാര്‍ത്ഥിക്കാനും ആ ജലം കുടിക്കാനും അനേകായിരങ്ങളാണ് തടിച്ചുകൂടുന്നത്. ആധുനിക മനുഷ്യന്റെ സങ്കീര്‍ണ പ്രശ്‌നങ്ങള്‍ക്കും പ്രയാസങ്ങള്‍ക്കും ഉള്ള ഉത്തരമായിരുന്നു ''ഞാന്‍ നിങ്ങളുടെ ക്ലേശങ്ങളില്‍ ആശ്വാസം നല്‍കാന്‍'' എത്തിയിരിക്കുന്നുവെന്ന് പറഞ്ഞതിലൂടെ പരിശുദ്ധ കന്യക വ്യക്തമാക്കുന്നത്.
അടുത്ത കാലത്ത് നിരന്തരമായ ദര്‍ശനങ്ങളിലൂടെ മാതാവ് നല്‍കുന്ന സന്ദേശങ്ങള്‍ പ്രാര്‍ത്ഥനയുടെയും പശ്ചാത്താപത്തിന്റെയും പ്രായശ്ചിത്തത്തിന്റെയും തലങ്ങളിലേക്ക് നാം തിരിച്ചുപോകണമെന്നാണ്. ബാനൂസിലെ പ്രത്യക്ഷീകരണത്തിന് അംഗീകാരം നല്‍കിയതിലൂടെ കത്തോലിക്കാ സഭ മാതാവിന്റെ സന്ദേശങ്ങള്‍ക്ക് അതീവ പ്രാധാന്യമാണ് നല്‍കുന്നത്. ജപമാല ഭക്തിയിലേക്കും പ്രാര്‍ത്ഥനാജീവിതത്തിലേക്കും മനുഷ്യനെ കൂടുതല്‍ അടുപ്പിക്കാന്‍ മാതാവിന്റെ ദര്‍ശനങ്ങളും തീര്‍ത്ഥാടനകേന്ദ്രങ്ങളും സഹായിക്കുന്നു.
Friday, 03 February 2012 12:03
ഞാന്‍ പാവങ്ങളുടെ കന്യക Featured
Written by ടോണി ചിറ്റിലപ്പിള്ളി
Read 165 times
Login to post comments








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.