യേശുവിനെ കണ്ടും കേട്ടും അനുഭവിച്ചും ഈ സത്യം മനസ്സിലാക്കിയ ശ്ലീഹന്മാരെ ലോകം മുഴുവന്‍ ഈ സത്യത്തിന് സാക്ഷികളാകുവാന്‍ അവിടുന്ന് നിയോഗിച്ചു. അവരാണല്ലോ സഭാനേതൃത്വത്തില്‍ ഇന്നും നിലനില്‍ക്കുന്നത്. എന്നാല്‍ ഇവരിലൂടെ മാത്രം സുവിശേഷം ലോകത്തിന്റെ അതിര്‍ത്തികള്‍ വരെ എത്തുമോ?
ജീവകാരുണ്യ പ്രവൃത്തികളിലൂടെയും ജീവിതത്തിലൂടെയും യേശുവിന് സാക്ഷ്യം നല്‍കുന്ന ഒരു കുടുംബവുമായി ഈയിടെ സംസാരിച്ചു. അവരുടെ ഒരനുഭവം എന്നെ സ്‌പര്‍ശിച്ചു. 54 കുത്തേറ്റ് പിടഞ്ഞുമരിച്ച സിസ്റ്റര്‍ റാണി മരിയയുടെ ജീവചരിത്രം വായിച്ച് 17 വയസുള്ള അവരുടെ മകള്‍ കരഞ്ഞുവത്രെ. അതിന് രണ്ടു കാരണങ്ങളുണ്ട്. ഒന്ന്: റാണി മരിയയുടെ ദാരുണ മരണം. രണ്ട്: അവളുടെ ചേച്ചിയും കന്യാസ്‌ത്രീയാണ്. മിഷനറി പ്രവര്‍ത്തനത്തിന് സമര്‍പ്പിക്കപ്പെട്ടവള്‍. ചേച്ചിക്കും ആ അവസ്ഥ വന്നാല്‍.... അതോര്‍ത്തപ്പോള്‍ അവള്‍ക്കു സഹിക്കാനായില്ല. അവളുടെ അമ്മയുടെ മറുപടിയാണ് എന്നെ സ്‌പര്‍ശിച്ചത്. `അതിനെന്താ മോളേ, ദൈവഹിതം അതാണെങ്കില്‍ അതില്‍ സന്തോഷിക്കുകയല്ലേ വേണ്ടത്. ദൈവവേല ചെയ്‌ത് യേശുവിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിക്കുന്നതിനെക്കാള്‍ ശ്രേഷ്‌ഠമായിട്ടുള്ളതെന്താണുള്ളത്?' അമ്മയുടെ ആ മറുപടിയായിരിക്കാം അവള്‍ ഇപ്പോള്‍ ഒരു സന്യാസാര്‍ത്ഥിനിയാണ്.
രണ്ട് മക്കളെയും സഭയ്‌ക്ക് കൊടുത്ത ഈ കുടുംബത്തെ പരിചയപ്പെടുത്തിയപ്പോള്‍ മറ്റൊരു കുടുംബത്തെക്കൂടി ഓര്‍മവരുന്നു. ഇടവക കൂട്ടായ്‌മയില്‍ പ്രാര്‍ത്ഥന നടക്കുന്ന സമയം. പ്രാര്‍ത്ഥനയ്‌ക്ക് നേതൃത്വം വഹിച്ചത് ഒരു വീട്ടമ്മ. അവരുടെ പ്രാര്‍ത്ഥന ഇപ്രകാരമായിരുന്നു: `വിളവധികം വേലക്കാരോ ചുരുക്കം എന്നരുളിച്ചെയ്‌ത കര്‍ത്താവേ, നിന്റെ വിളഭൂമിയിലേക്ക് ധാരാളം വേലക്കാരെ ലഭിക്കാന്‍ ഞങ്ങളുടെ കുടുംബങ്ങളില്‍നിന്നും ധാരാളം ദൈവവിളികള്‍ ഉണ്ടാകുന്നതിനുവേണ്ടി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു...' പ്രാര്‍ത്ഥനയ്‌ക്ക് മറുപടിയായി എല്ലാവരും `കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ..' എന്നു പ്രാര്‍ത്ഥിച്ചു. കുറച്ചുനാള്‍ കഴിഞ്ഞ് ആ വീട്ടമ്മയുടെ മകന്‍ വൈദികനാകാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. പക്ഷേ അവര്‍ക്കത് ഉള്‍ക്കൊള്ളാനായില്ല. അവര്‍ പറഞ്ഞത് ഇപ്രകാരമാണ്: ഞങ്ങള്‍ക്ക് രണ്ടു മക്കളേയുള്ളൂ. ഒരാണും ഒരു പെണ്ണും. അവന്‍ അച്ചനാകാന്‍ പോയാല്‍ ഞങ്ങളെ ആരു നോക്കും?
പ്രേഷിത വര്‍ഷത്തിലേക്ക് പ്രവേശിച്ച നമുക്ക് ചിന്തിക്കാനും തീരുമാനമെടുക്കാനും കിട്ടിയ നല്ല അവസരമാണിത്. യഥാര്‍ത്ഥത്തില്‍ ആരാണ് പ്രേഷിതര്‍? ഒരു സിസ്റ്ററിന്റെയും വൈദികന്റെയും കാര്യം സൂചിപ്പിച്ചതുകൊണ്ട് അവര്‍ മാത്രമാണ് പ്രേഷിതരെന്ന് അര്‍ത്ഥമാക്കരുത്. നാമെല്ലാം പ്രേഷിതരാണ്. മാമോദീസയിലൂടെ സഭയോടു ചേര്‍ക്കപ്പെട്ട ഓരോ ക്രിസ്‌ത്യാനിയും പ്രേഷിതനാണ്; പ്രേഷിതനാകേണ്ടതാണ്. അത് തങ്ങളുടെ ജീവിതാന്തസിനോടു നീതി പുലര്‍ത്തിക്കൊണ്ടാവണം എന്നുമാത്രം.
പിറന്ന വീടും വളര്‍ന്ന നാടും വളര്‍ത്തിയ മാതാപിതാക്കളെയും ഉപേക്ഷിച്ച് യേശുവിനുവേണ്ടി പ്രത്യേകം സമര്‍പ്പിക്കപ്പെട്ട മിഷനറിമാര്‍ നമുക്കുണ്ടെന്നുള്ളത് എത്രയോ അഭിമാനകരമാണ്. ഇവരൊക്കെ പലപ്പോഴും ഇങ്ങനെ പറയുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. ഞങ്ങളൊക്കെ മിഷനറി പ്രവര്‍ത്തനത്തിനു പോകുമ്പോള്‍ നിങ്ങള്‍ക്കു പലവിധത്തില്‍ ഞങ്ങളെ സഹായിക്കാനാവും - പ്രാര്‍ത്ഥനയാല്‍, സാമ്പത്തിക സഹായത്താല്‍. ഇപ്രകാരം സഹായിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ നാമും പ്രേഷിതരായി മാറുകയാണ്. വേദിയില്‍ നിന്ന് പ്രഘോഷിക്കുന്നതും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ (സ്ഥാപനങ്ങള്‍) നടത്തുന്നതും മാത്രമാണ് പ്രേഷിതപ്രവര്‍ത്തനങ്ങളെന്ന് കരുതുന്നവരുണ്ട്. എന്നാല്‍ ഈയുള്ളവന്റെ ചിന്ത ഇങ്ങനെയുള്ളവരെ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്നതും അറിവില്ലാത്തവര്‍ക്ക് അറിവ് പകര്‍ന്നു നല്‍കുന്നതും രാഷ്‌ട്രീയത്തിലും സമൂഹത്തിലും കുടുംബങ്ങളിലും തങ്ങളുടെ സാക്ഷ്യജീവിതത്തിലൂടെ യേശുവിനെ കാണിച്ചുകൊടുക്കുന്നതും പ്രേഷിത പ്രവര്‍ത്തനമാണ് എന്നാണ്. വിദ്യാഭ്യാസം കുറഞ്ഞവര്‍ ചില അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ഓഫിസുകളില്‍ ചെല്ലുമ്പോള്‍ വളരെ മാന്യമായി സഹകരിക്കുന്നവരും അതേ സമയം നിര്‍ദാക്ഷിണ്യമായി പ്രവര്‍ത്തിക്കുന്നവരെയും കാണാം. ഇതില്‍ ആദ്യത്തെ കൂട്ടര്‍ തങ്ങള്‍ വഹിക്കുന്ന ഉദ്യോഗം ക്രിസ്‌തീയ മനോഭാവത്തോടുകൂടി ചെയ്യുമ്പോള്‍ ഒരര്‍ത്ഥത്തില്‍ പ്രേഷിതരാകുന്നു. ഭാഗികമായും പൂര്‍ണമായും അറിഞ്ഞും അറിയാതെയും പ്രേഷിത പ്രവര്‍ ത്തനം ചെയ്യുന്നവരുണ്ട്. കടമ എന്തെന്നറിഞ്ഞിട്ടും അതില്‍നിന്നും പിന്മാറിയുള്ള ജീവിതം പ്രേഷിതപ്രവര്‍ത്തനത്തിന് യോജിച്ചതല്ല. അതുപോലെ കുറച്ച് എന്തെങ്കിലുമൊക്കെ പ്രവര്‍ത്തിച്ചാല്‍ മതിയെന്ന ധാരണയും മാറണം. ഇതൊക്കെ ഏതാനും ചിലര്‍ക്ക് മാറ്റിവച്ചിരിക്കുന്നതാണെന്ന ചിന്തയും മാറണം. ഏതാനും ചിലര്‍ക്കെന്നു ചിന്തിക്കുന്നവരും മറക്കരുതാത്ത ഒരു കാര്യം ഉണ്ട്. ഈ ഏതാനും ചിലരില്‍ പെടുന്നവനാണ് ഞാന്‍ എന്ന സത്യം. ഓരോരുത്തരും ആ സത്യം തിരിച്ചറിയുമ്പോള്‍ പ്രേഷിതവര്‍ഷം അനുഗ്രഹപ്രദമാകുമെന്നതില്‍ സംശയമില്ല. സഭയെ അറിയുക, സഭയുടെ പ്രവര്‍ത്തനങ്ങള്‍ അറിയുക, ഇത് പ്രധാനപ്പെട്ട കാര്യമാണ്. ഈ അറിവ് നമ്മെ പുതിയ ബോധ്യങ്ങളിലേക്ക് നയിക്കണം. ഈ ബോധ്യങ്ങള്‍ പ്രവര്‍ത്തനങ്ങളായി രൂപാന്തരപ്പെടുമ്പോള്‍ നാം യഥാര്‍ത്ഥ പ്രേഷിതരാകും. ഉദാഹരണത്തിന്, എന്റെ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ശക്തി ലഭിക്കുന്നത് വിശുദ്ധ കുര്‍ബാനയിലൂടെയാണ്. സീറോ മലബാര്‍ സഭയിലെ ആരാധനാക്രമത്തില്‍ കൈത്താക്കാലത്ത് ശുശ്രൂഷി ചൊല്ലുന്ന പ്രാര്‍ത്ഥന ഇപ്രകാരമാണ്: സഭയോടൊത്ത് ചിന്തിക്കാനും അവളുടെ പ്രവര്‍ത്തനങ്ങളില്‍ കഴിവിനൊത്ത് പങ്കാളികളാകാനുള്ള സന്മനസ് നിന്റെ ജനത്തിന് നല്‍കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.' ഈ സന്മനസാണ് ഒരു പ്രേഷിതന് ആവശ്യം.
സുവിശേഷപ്രഘോഷണത്തിന് (പ്രേഷിതപ്രവര്‍ത്തനത്തിന്) എല്ലാവര്‍ക്കും കടമയുണ്ട്. ഇതു വ്യക്തമാക്കുന്ന ഒരു പ്രാര്‍ത്ഥന വിശുദ്ധ കുര്‍ബാനയില്‍ നിന്നുതന്നെയെടുക്കാം (സീറോ മലബാര്‍ സഭയിലെ ശ്ലീഹാക്കാലത്തെ പ്രാര്‍ത്ഥന): `ജീവിതത്തിന്റെ വിവിധ രംഗങ്ങളില്‍ ജോലി ചെയ്യുന്നവര്‍ സ്‌നേഹത്തിന്റെയും സേവനത്തിന്റെയും പ്രേഷിതരായി പ്രശോഭിക്കുവാന്‍ പരിശുദ്ധാത്മാവിന്റെ ദാനങ്ങള്‍ സമൃദ്ധമായി നല്‍കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.'
എന്താണ് പ്രേഷിതപ്രവര്‍ത്തനമെന്നും അതിനുള്ള നമ്മുടെ ഉത്തരവാദിത്വമെന്തെന്നും ആദ്യം തിരിച്ചറിയണം. എങ്കിലേ, വിശുദ്ധ പൗലോസിനെപ്പോലെ `ഇതെന്റെ കടമ'യാണെന്ന് (1 കോറി. 9:16) ഉറക്കെ പ്രഖ്യാപിക്കാനാവൂ.
ഈശോയാണ് ഏറ്റവും വലിയ മിഷനറി. പിതാവിന്റെ സ്‌നേഹം നമ്മെ അറിയിക്കാന്‍, നമുക്കും സ്വര്‍ത്തില്‍ ഒരു ഭവനമുണ്ടെന്ന് അറിയിക്കാന്‍ അവിടുന്ന് ലോകത്തിലേക്കയച്ച മിഷനറി. യേശുവിനെ കണ്ടും കേട്ടും അനുഭവിച്ചും ഈ സത്യം മനസ്സിലാക്കിയ ശ്ലീഹന്മാരെ ലോകം മുഴുവന്‍ ഈ സത്യത്തിന് സാക്ഷികളാകുവാന്‍ അവിടുന്ന് നിയോഗിച്ചു. അവരാണല്ലോ സഭാനേതൃത്വത്തില്‍ ഇന്നും നിലനില്‍ക്കുന്നത്. എന്നാല്‍ ഇവരിലൂടെ മാത്രം സുവിശേഷം ലോകത്തിന്റെ അതിര്‍ത്തികള്‍ വരെ എത്തുമോ? ശ്ലീഹന്മാരോട് ചേര്‍ന്ന് നമ്മുടേതായ കടമകള്‍ നിര്‍വഹിക്കുമ്പോഴാണ് നാം ശ്ലീഹന്മാരാകുന്നത്. ഈ സത്യം തിരിച്ചറിയാത്തവരാണ് സുവിശേഷ പ്രഘോഷണം ചിലരുടെ മാത്രം കടമയാണെന്ന് കരുതി നിഷ്‌ക്രിയരാകുന്നത്. `ഞാന്‍ സുവിശേഷം പ്രസംഗിക്കുന്നില്ലെങ്കില്‍ എനിക്ക് ദുരിതം' (1 കോറി. 9:16) എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത്. നമ്മുടെ കടമകള്‍ മനസിലാക്കി പ്രവര്‍ത്തിച്ചില്ലെങ്കില്‍ യേശുവിന്റെ രക്ഷാകര പ്രവര്‍ത്തനം ലോകത്തിന്റെ അതിര്‍ത്തികള്‍ വരെ എത്തുകയില്ല. ക്രിസ്‌തുവില്‍ മാത്രമാണ് സര്‍വരക്ഷയും. അവനില്‍ മാത്രമാണ് യഥാര്‍ത്ഥ വിമോചനവും. ഈ സത്യം പ്രഘോഷിക്കാതിരിക്കാന്‍ സഭയ്‌ക്കാവില്ല. ഇത് സഭയുടെ മാത്രമല്ല, ഓരോ സഭാവിശ്വാസിയുടെയും പ്രഥമവും പ്രധാനവുമായ ദൗത്യമാണ്. അല്ലാതെ സഭയുടെ ദൗത്യങ്ങളില്‍ ഒന്ന് എന്ന സ്ഥാനമല്ല ഇതിനുള്ളത്. ഓരോ വര്‍ഷവും പ്രത്യേക നിയോഗങ്ങള്‍ക്കായി സഭ പ്രഖ്യാപിക്കുമ്പോള്‍ അതിനോട് ചേര്‍ന്ന് അര്‍ത്ഥം മനസിലാക്കി പ്രവര്‍ത്തിച്ചാല്‍ നാം അനുഗ്രഹിക്കപ്പെട്ട ജനമാകുമെന്ന് തീര്‍ച്ച. ഈ അനുഗ്രഹത്തിനായി നമുക്ക് പ്രാര്‍ത്ഥിക്കാം, പ്രവര്‍ത്തിക്കാം, സഭയോട് ചേര്‍ന്ന് മുന്നേറാം. ഇത് ദൈവജനം മുഴുവന്റെയും കൂട്ടുത്തരവാദിത്വമാണെന്ന ചിന്ത നമ്മെ ഉണര്‍ത്തട്ടെ. സഭ അവളുടെ സാന്നിധ്യം ജനതകളുടെ മധ്യത്തില്‍ യാഥാര്‍ത്ഥ്യമാക്കേണ്ടത് അവളുടെ സന്താനങ്ങളിലൂടെയാണ്. ഈ സത്യം പ്രേഷിതവര്‍ഷത്തില്‍ നമ്മുടെ മുദ്രാവാക്യമായിരിക്കട്ടെ. `ഭൂമിയുടെ അതിര്‍ത്തികള്‍വരെ നിങ്ങള്‍ എനിക്ക് സാക്ഷികളായിരിക്കും' (അപ്പ.1:8).








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.