Tue05222012

Last Updated 22 May 2012:11:40:52 PM IST

RegisterRegister
sub-menu_07sub-menu_01sub-menu_02sub-menu_03sub-menu_04sub-menu_05sub-menu_06



Font Size

Member's Area
Friday, 21 October 2011 12:03

പരിശുദ്ധ കുര്‍ബാനയോടുളള സമീപനം

Written by  റവ. ഡോ. ജെ. കട്ടയ്‌ക്കല്‍ USA
Rate this item
(1 Vote)

2011-2012 വര്‍ഷം ആഗോള കത്തോലിക്കാസഭ തീവ്രസുവിശേഷവത്‌ക്കരണ വത്സരങ്ങളായി പ്രഖ്യാപിച്ചിരിക്കുകയാണല്ലോ. ഈ സന്ദര്‍ഭത്തില്‍, അമേരിക്കയിലെ സുവിശേഷവത്‌ക്കരണ സാധ്യതകളെക്കുറിച്ച്‌ ചില വിചിന്തനങ്ങള്‍.

ഡോണ്‍ ബോസ്‌ക്കോ പുണ്യവാന്‌ ഒരിക്കല്‍ ഒരു ദര്‍ശനമുണ്ടായി: ഒരു കപ്പല്‍ കൊടുങ്കാറ്റിലും തിരമാലകളിലും പെട്ട്‌, നാശത്തിന്റെ വക്കിലെത്തി; കപ്പലിന്റെ ക്യാപ്‌റ്റനും യാത്രക്കാരും ഭയചകിതരായി. എല്ലാവരും പരിഭ്രാന്തരായിരിക്കുമ്പോള്‍, അതാ ശുഭ്രവസ്‌ത്രധാരിയായ ഒരു വന്ദ്യവയോധികന്‍ മുന്നോട്ടുവന്ന്‌ കപ്പലിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നു; അദ്ദേഹം കപ്പല്‍ സുരക്ഷിതമായി തീരത്ത്‌ എത്തിച്ചു; തീരത്തുള്ള ബലിഷ്‌ഠമായ ഒരു തൂണില്‍ അദ്ദേഹം കപ്പല്‍ ബന്ധിച്ചു നിറുത്തി, നങ്കൂരവും ഇട്ടു. ഉടന്‍ കടല്‍ പ്രശാന്തമായി.

ഇത്രയുമായപ്പോള്‍, ആ തൂണിന്റെ മുകളില്‍ വിശുദ്ധ ഡോണ്‍ ബോസ്‌കോ വലിയൊരു പ്രകാശം കണ്ടു. പരിശുദ്ധ കുര്‍ബാനയുടെ പ്രതീകമായ വലിയൊരു തിരുവോസ്‌തി- പരിശുദ്ധ കുര്‍ബാനമധ്യേ വൈദികന്‍ എഴുന്നെള്ളിച്ച്‌ ഉയര്‍ത്തുന്ന വലിയ തിരുവോസ്‌തി; അതിന്റെയടുത്ത്‌ പരിശുദ്ധ ദൈവമാതാവിന്റെ മനോഹരചിത്രവും. ഈ ദര്‍ശനത്തിന്റെ അര്‍ത്ഥം വിശുദ്ധ ഡോണ്‍ ബോസ്‌കോക്കു ദൈവം വെളിപ്പെടുത്തി: പ്രക്ഷുബ്‌ധമായ ഈ ലോകസാഗരത്തില്‍ യാത്ര ചെയ്യുന്ന സഭയാകുന്ന മഹായാനത്തെ സുരക്ഷിതമായി തീരത്ത്‌ (സ്വര്‍ഗത്തില്‍) എത്തിക്കുവാന്‍ പ്രത്യേകം നിയുക്തനായ പുരോഹിത ശ്രേഷ്‌ഠനാണ്‌ മാര്‍പാപ്പ. പരിശുദ്ധ കുര്‍ബാനയോടും പരിശുദ്ധ കന്യാമാതാവിനോടുമുള്ള തീക്ഷ്‌ണതയേറിയ ഭക്തി, ക്രിസ്‌തു സഭാംഗങ്ങളില്‍ വര്‍ധിക്കുമ്പോള്‍, ക്രിസ്‌തുസഭ, ആത്മീയമായി ഉയരും, ഊര്‍ജ്ജസ്വലയാകും, രക്ഷാമാര്‍ഗത്തില്‍ക്കൂടെ മുന്നേറും; നേരെമറിച്ച്‌, ഈ ഇരുഭക്തികള്‍ക്കും ശോഷണം സംഭവിക്കുന്ന കാലഘട്ടങ്ങളില്‍, ക്രിസ്‌തുസഭയുടെ സ്ഥിതി ശോചനീയമായിരിക്കും.

ആധുനികസ്ഥിതി: യൂറോപ്പ്‌, തെക്കേ അമേരിക്ക, വടക്കേ അമേരിക്ക മുതലായ പാശ്ചാത്യ ഭൂവിഭാഗങ്ങളിലെ ക്രൈസ്‌തവരുടെയിടയില്‍, പരിശുദ്ധ കുര്‍ബാനയോടും പരിശുദ്ധ ദൈവമാതാവിനോടുമുള്ള ഭക്തി കുറഞ്ഞുവരികയാണ്‌. ഇരുപതുശതമാനം കത്തോലിക്കര്‍പോലും ഇന്ന്‌ ഞായറാഴ്‌ച കുര്‍ബാനയില്‍ സംബന്ധിക്കാറില്ല. കത്തോലിക്കരില്‍ ബഹുഭൂരിഭാഗത്തിനും കൊന്ത ചൊല്ലാന്‍ അറിഞ്ഞുകൂടാ. ഈ വിഷയത്തിന്റെ വിശദാംശത്തിലേക്കു കടക്കുന്നതിനുപകരം, പള്ളിയില്‍ വരുന്ന കത്തോലിക്കാ കുട്ടികളുടെ വിശ്വാസരാഹിത്യം പ്രകടമാക്കുന്ന പ്രവര്‍ത്തനരീതിയെക്കുറിച്ച്‌ ഒരു ഹ്രസ്വവിവരണം.

കത്തോലിക്കാ കുട്ടികള്‍ ദേവാലയത്തില്‍: പാശ്ചാത്യരാജ്യങ്ങളിലെ കുട്ടികള്‍ പൊതുവെ നല്ലവരും സമര്‍ത്ഥരുമാണ്‌; പക്ഷേ, അവര്‍ക്ക്‌ ലഭിക്കുന്ന മതപ്രബോധനം അഥവാ മതാഭ്യസനം തീരെ അപര്യാപ്‌തമാണ്‌. തല്‍ഫലമായി, പരിശുദ്ധ കുര്‍ബാനയോടുള്ള കുട്ടികളുടെ സമീപനവും പള്ളിയിലെ പെരുമാറ്റവും ഖേദകരമാണ്‌.

കളിസ്ഥലത്തേക്കോ സിനിമാ തീയേറ്ററിലേക്കോ പോകുന്നതുപോലെ, കാറിക്കൂവിയും അട്ടഹസിച്ചുമാണ്‌, പള്ളിമുറ്റത്തെ സ്‌കൂളില്‍ നിന്ന്‌ പള്ളിയിലേക്ക്‌ കുട്ടികള്‍ വരുന്നത്‌. പള്ളിക്കകത്ത്‌ കയറിയാലും ദേവാലയത്തോട്‌ ഭക്തി ബഹുമാനങ്ങളൊന്നുമില്ല; പല കുട്ടികളും പ്രൊട്ടസ്റ്റന്റ്‌ പള്ളികളില്‍ പോയിട്ടുള്ളവരാണ്‌;പ്രൊട്ടസ്റ്റന്റുകാര്‍ക്ക്‌ പരിശുദ്ധ കുര്‍ബാനയിലെ കര്‍ത്താവിന്റെ സാന്നിധ്യത്തില്‍ വിശ്വാസമില്ലാത്തതുകൊണ്ട്‌ പള്ളികള്‍ വെറും പ്രാര്‍ത്ഥനാലയങ്ങളാണ്‌; `പബ്ലിക്‌ ഹോളുകളില്‍'നിന്നു വിഭിന്നമല്ല. പ്രൊട്ടസ്റ്റന്റ്‌ മനോഭാവം, കത്തോലിക്കാ കുട്ടികളെയും സ്വാധീനിച്ചിട്ടുണ്ട്‌; മാത്രവുമല്ല, കത്തോലിക്കാ കുട്ടികളുടെ മാതാപിതാക്കന്മാര്‍, സാമാന്യമായി പറഞ്ഞാല്‍ ഞായറാഴ്‌ച പോലും പള്ളിയില്‍ പോകാത്തവരുമാണ്‌.

പള്ളിയിലേക്കു കടന്നുവരുന്ന കത്തോലിക്കാ കുട്ടികള്‍, പരിശുദ്ധ കുര്‍ബാനയുടെ മുമ്പില്‍ മുട്ടുകുത്തുകയോ തലകുനിക്കുകയോ ചെയ്യാറില്ല. അമേരിക്കയിലെയും യൂറോപ്പിലെയും കത്തോലിക്കാ പള്ളികളില്‍, എവിടെയെങ്കിലും ഒരു മൂലയ്‌ക്ക്‌ അഥവാ ഒരു കൊച്ചുമുറിയില്‍ പരിശുദ്ധ കുര്‍ബാന നിക്ഷേപിക്കുകയാണ്‌ പതിവ്‌; ഈ പതിവും വളര്‍ന്നു വരുന്ന തലമുറയുടെ പരിശുദ്ധ കുര്‍ബാന -ഭക്തിരാഹിത്യത്തിനു കാരണമാണ്‌. മാത്രവുമല്ല, കത്തോലിക്കാ സ്‌കൂളിലെ അധ്യാപകരോ വിശ്വാസികള്‍ക്ക്‌ സന്മാതൃക കാണിച്ചുകൊടുക്കേണ്ട വൈദികരോ പരിശുദ്ധ കുര്‍ബാനയ്‌ക്ക്‌ (സക്രാരിക്ക്‌) മുമ്പില്‍ മുട്ടുകുത്തുകയോ തലകുനിക്കുകയോ ചെയ്യാറില്ല. അഥവാ ചെയ്‌താലും കുട്ടികള്‍ അതു കാണാറുമില്ല. പരിശുദ്ധ കുര്‍ബാനയുടെ മുമ്പില്‍ മുട്ടുകുത്തി നിന്നു പ്രാര്‍ത്ഥിക്കുന്ന വൈദികനെ പാശ്ചാത്യ രാജ്യങ്ങളിലെ ദേവാലയങ്ങളില്‍ കാണാനില്ല. ഇതുകൊണ്ടൊക്കെയാണ്‌, പരിശുദ്ധ കുര്‍ബാന സ്വീകരണത്തിനുശേഷം, കുട്ടികളാരും ഹൃദയപൂര്‍വം പ്രാര്‍ത്ഥിക്കാത്തത്‌. പരിശുദ്ധ കുര്‍ബാന സ്വീകരണത്തിനുശേഷം, കുട്ടികളുടെയും യുവതീയുവാക്കന്മാരുടെയും ചിരികളികളും നോട്ടവും വിക്രിയകളും കാണുമ്പോള്‍ നമുക്കു ദുഃഖം തോന്നും; ബിസ്‌ക്കറ്റ്‌ തിന്നുന്ന ലാഘവത്തോടെയാണ്‌ ഇളംതലമുറയില്‍പ്പെട്ട കത്തോലിക്കര്‍ പരിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നത്‌.
എങ്കിലും നിരാശരാകേണ്ടാ: അമേരിക്ക യില്‍, യൂറോപ്പിനെ അപേക്ഷിച്ചു നോക്കുമ്പോള്‍, വളരെ കൂടുതല്‍ സഭാ നവീകരണ പ്രസ്ഥാനങ്ങളും സംഘടനകളും പ്രവര്‍ത്തിക്കുന്നു. അമേരിക്കയില്‍ ഇപ്പോള്‍ സാധാരണമായി വരുന്ന `ഹോം സ്‌കൂള്‍' വിദ്യാഭ്യാസരീതി ആശാവഹമാണ്‌. അമേരിക്കയിലെ പബ്ലിക്‌ സ്‌കൂളുകളും കത്തോലിക്കാ സ്‌കൂളുകളും നല്‍കുന്ന വിദ്യാഭ്യാസത്തില്‍ അസംതൃപ്‌തരായ മാതാപിതാക്കന്മാര്‍ അവരുടെ മക്കളെ സ്വന്തം വീടുകളില്‍ ഇരുത്തി പഠിപ്പിക്കുന്ന സമ്പ്രദായമാണിത്‌. പല കുടുംബങ്ങള്‍ ഒരുമിച്ചാണ്‌ പലയിടത്തും ഹോം സ്‌കൂളിംങ്‌ നടത്തുന്നത്‌ (കത്തോലിക്കാ സ്‌കൂളുകളില്‍ മക്കള്‍ക്ക്‌ മതാത്മക വിദ്യാഭ്യാസം ലഭിക്കാത്തതുകൊണ്ടും കത്തോലിക്കാ സ്‌കൂളുകളിലെ ഫീസ്‌ സാധാരണക്കാര്‍ക്ക്‌ താങ്ങാന്‍ പറ്റാത്തതുകൊണ്ടുമാണ്‌ പല കത്തോലിക്കാ കുടുംബങ്ങളും ഹോം സ്‌കൂള്‍ പദ്ധതിയിലേക്കു തിരിയുന്നത്‌.) ഹോം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മതവിഷയങ്ങള്‍ നന്നായി പഠിക്കുന്നു. അമേരിക്കന്‍ ഗവണ്‍മെന്റ്‌ ഹോം സ്‌കൂളിംങ്‌ അംഗീകരിച്ചിട്ടുമുണ്ട്‌.

ഇ.ഡബ്ല്യു.റ്റി.എന്‍ എന്ന പേരില്‍, ഒരു കാല്‍ ശതാബ്‌ദം മുമ്പ്‌, മദര്‍ അഞ്ചേലിക്കാ എന്ന ഒരു കന്യാസ്‌ത്രീ തുടങ്ങിയ കത്തോലിക്കാ ടെലിവിഷന്‍ സംഘടന, അമേരിക്കയിലെ കത്തോലിക്കരുടെ ചില രംഗങ്ങളില്‍ പ്രചാരം ആര്‍ജിച്ചിട്ടുണ്ട്‌; നന്നായി പ്രവര്‍ത്തിക്കുന്നുമുണ്ട്‌. എന്നിരുന്നാലും കത്തോലിക്കാ സംഘടനകള്‍ക്കൊന്നും അമേരിക്കന്‍ ജനതയുടെ മുഖ്യജീവിതധാരയിലേക്ക്‌ ഇറങ്ങിച്ചെല്ലാന്‍ കഴിയുന്നില്ല എന്നതാണ്‌ ദുഃഖസത്യം. കാല്‍ശതാബ്‌ദം മുമ്പ്‌ ഇരുപത്തഞ്ചു ശതമാനം ക ത്തോലിക്കര്‍ ഞായറാഴ്‌ചകളില്‍ പള്ളിയില്‍ പോയിരുന്നെങ്കില്‍, ഇന്നിപ്പോള്‍ അവരുടെ ശതമാനം അതിലും താഴെയാണ്‌. ഇരുപത്തഞ്ച്‌ വര്‍ഷങ്ങള്‍ക്കുമുമ്പ്‌, അമേരിക്കയില്‍ നിലവിലിരുന്നതിനെക്കാള്‍ എത്രയോ കൂടുതലാണ്‌, ഇപ്പോള്‍ വിവാഹമോചനവും ഭ്രൂണഹത്യയും സ്വവര്‍ഗവിവാഹവും കാരുണ്യവധവും മറ്റ്‌ ക്രിസ്‌തുമതവിരുദ്ധമായ പ്രവര്‍ത്തനങ്ങളും!
വിരുദ്ധശക്തികള്‍: പെന്തക്കോസ്‌തര്‍, യഹോവാ സാക്ഷികള്‍, മോര്‍മോണ്‍സ്‌ മുതലായ കത്തോലിക്കാ വിരുദ്ധ ഗ്രൂപ്പുകള്‍ ഇന്ത്യയില്‍ എന്നതുപോലെ, പാശ്ചാത്യരാജ്യങ്ങളിലും വളര്‍ന്നുകൊണ്ടിരിക്കുന്നു. അതുപോലെതന്നെ, അന്യമതങ്ങള്‍- ഇസ്ലാം, ഹിന്ദു-ബുദ്ധമതങ്ങള്‍- പാശ്ചാത്യ ക്രൈസ്‌തവരാജ്യങ്ങളില്‍ ശീഘ്രം മുന്നേറിക്കൊണ്ടിരിക്കുകയാണ്‌. സ്‌കൂള്‍-കോളജ്‌-യൂണിവേഴ്‌സിറ്റികളില്‍ പഠിക്കുന്ന ധാരാളം മുസ്ലീം വിദ്യാര്‍ ത്ഥിനീ വിദ്യാര്‍ത്ഥികള്‍, നിര്‍വിശങ്കം അവരുടെ മതാനുഷ്‌ഠാനങ്ങള്‍ നിര്‍വഹിക്കുകയും സഹപാഠികളെ ഇതിലേക്ക്‌ ആര്‍ഷിക്കുന്നതിന്‌ തീക്ഷ്‌ണതാപൂര്‍വം യത്‌നിക്കുകയും ചെയ്യുന്നു. ഇസ്‌ലാമിക (മുസ്ലീം)- ഹൈന്ദവ-ബൗദ്ധ മതസ്ഥര്‍ക്കും ഛിന്നസഭകള്‍ക്കും തങ്ങളുടെ മതങ്ങളില്‍ ഉറച്ച ബോധ്യവും അവ പ്രചരിപ്പിക്കുന്നതിന്‌ അതിയായ തീക്ഷ്‌ണതയുമുണ്ട്‌. തങ്ങളുടെ മതപ്രചാരണാര്‍ത്ഥം, ലഭ്യമായ സര്‍വസാഹചര്യങ്ങളും അവസരങ്ങളും പ്രയോജനപ്പെടുത്താന്‍ അന്യമതസ്ഥര്‍ ജാഗരൂകരാണ്‌. അതുകൊണ്ടാണ്‌ അവര്‍ ശീഘ്രം മുന്നേറിക്കൊണ്ടിരിക്കുന്നത്‌.

നമുക്കു നേടിയെടുക്കാം: മന്ദീഭവിച്ചുകൊണ്ടിരിക്കുന്ന ബോധ്യവും തീക്ഷ്‌ണതയും നമ്മള്‍ കത്തോലിക്കര്‍ വീണ്ടെടുക്കണം. വിരു ദ്ധ സഭകള്‍ ചെയ്യുന്നതുപോലെ ബൈബിളും ലഘുലേഖകളുമായി വീടുകള്‍ കയറിയിറങ്ങാ നും പൊതുരംഗങ്ങളില്‍ ലഭ്യമാകുന്ന എല്ലാ അവസരങ്ങളും തേടിപ്പിടിച്ച്‌ പ്രയോജനപ്പെടുത്താനും തയാറായി കത്തോലിക്കരും മുന്നോട്ടുവരണം.

പള്ളിക്കുള്ളില്‍ മാത്രം പ്രസംഗിച്ചുകൊണ്ടിരുന്നാല്‍ ദൈവവചനം കേള്‍ക്കുന്നവര്‍ കുറവായിരിക്കും. `നിങ്ങള്‍ക്ക്‌ കര്‍ത്താവീശോയു ടെ മനോഭാവമുണ്ടായിരിക്കണം: ഓരോരുത്ത നും മറ്റുള്ളവരുടെ ആത്മീയകാര്യത്തിലും ശ്ര ദ്ധിക്കണം' (ഫിലി.2:4-5).

Login to post comments

Sunday Shalom

sunday-h1
The weekly newspaper in malayalam

Shalom Times

times-h1
Monthly Spiritual Malayalam Magazine

Shalom Tidings

tidings-h1
Bi monthly spritual magazine in english

Shalom Television

shalom-tv-h1
Gods own channel from Kerala

SIMS

sims
Shalom Institute of Media Science

Dedication to Mother Mary

mother-maryHail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.

Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen.

Mary, Mother of God, pray for all Shalom initiatives.