ജപമാല നമുക്ക് വഴിവിളക്കാണ്, ശക്തികേന്ദ്രമാണ്. നിരന്തരം ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്ന ഒരു വ്യക്തി പാപത്തിന്റെയും അന്ധകാരത്തിന്റെയും ശാപത്തിന്റെയും കെടുതികളില്‍നിന്നും രക്ഷിക്കപ്പെടും. കണ്ണീരൊഴുക്കി തന്റെ മുമ്പില്‍ വിളിച്ചപേക്ഷിക്കുന്ന തന്റെ പ്രിയപ്പെട്ട മക്കള്‍ക്ക് വാരിക്കോരി അനുഗ്രഹങ്ങള്‍ ചൊരിയുന്നവളാണ് പരിശുദ്ധ അമ്മ.
മറിയത്തിന്റെ പാഠശാലയിലിരുന്ന് ക്രിസ്‌തുവിനെ ധ്യാനിക്കുന്നതിനും അനുകരിക്കുന്നതിനുമുള്ള മാര്‍ഗമാണ് ജപമാല. ക്രിസ്‌തുവിനെ കേന്ദ്രീകരിച്ചുള്ള ജീവിതത്തിന്റെയും വിശുദ്ധിയുടെയും പ്രാര്‍ത്ഥനയാണത്. വാഴ്‌ത്തപ്പെട്ട ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പാ `പരിശുദ്ധ കന്യകാമറിയത്തിന്റെ ജപമാല' എന്ന അപ്പസ്‌തോലിക ലേഖനത്തില്‍ പഠിപ്പിക്കുന്നതുപോലെ അത് അവിടുന്നില്‍നിന്നും പഠിക്കലാണ്; അവിടുത്തോടുള്ള പ്രാര്‍ത്ഥനയാണ്, അവിടുത്തോടുള്ള നമ്മുടെ അനുരൂപപ്പെടലാണ്.
ജപമാല ചൊല്ലുക എന്നാല്‍ മറിയത്തോടൊപ്പം യേശുവിന്റെ തിരുമുഖം ധ്യാനിക്കുക എന്നതല്ലാതെ മറ്റൊന്നുമല്ല. അമ്മയെ ബഹുമാനിക്കുമ്പോള്‍ പുത്രനെയാണ് ബഹുമാനിക്കുകയും സ്‌നേഹിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്നത്. തിരുസഭയില്‍ പാഷണ്‌ഡത ശക്തമായിരുന്ന കാലത്ത് ഡൊമിനിക്കന്‍ സഭാംഗങ്ങള്‍ ഈ പ്രാര്‍ത്ഥന എങ്ങനെ പ്രയോജനപ്പെടുത്തിയെന്ന് ജപമാലയുടെ ചരിത്രം ഓര്‍മിപ്പിക്കുന്നു. ഇന്നു നമ്മള്‍ പുതിയ പല വെല്ലുവിളികളും നേരിടുന്നുണ്ട്. എന്തുകൊണ്ട് മുമ്പേ പോയവരുടെ വിശ്വാസത്തോടുചേര്‍ന്ന് നമുക്കും ജപമാല ആശ്രയിച്ചുകൂടാ?
ജപമാല നമുക്ക് വഴിവിളക്കാണ്, ശക്തികേന്ദ്രമാണ്. നിരന്തരം ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്ന ഒരു വ്യക്തി പാപത്തിന്റെയും അന്ധകാരത്തിന്റെയും ശാപത്തിന്റെയും കെടുതികളില്‍നിന്നും രക്ഷിക്കപ്പെടും. കണ്ണീരൊഴുക്കി തന്റെ മുമ്പില്‍ വിളിച്ചപേക്ഷിക്കുന്ന തന്റെ പ്രിയപ്പെട്ട മക്കള്‍ക്ക് വാരിക്കോരി അനുഗ്രഹങ്ങള്‍ ചൊരിയുന്നവളാണ് പരിശുദ്ധ അമ്മ. നിരന്തരം ജപമാല ചൊല്ലുമ്പോള്‍ ചിലര്‍ക്കെങ്കിലും ആവര്‍ത്തനവിരസത തോന്നാം. ഒരു പ്രാവശ്യം നന്മനിറഞ്ഞ മറിയം ചൊല്ലിയാലും പോരേ, എന്തേ മാതാവു കേള്‍ക്കില്ലേ? എന്നിങ്ങനെ ചോദിക്കുന്ന ചിലരെ കണ്ടിട്ടുണ്ട്. നന്മനിറഞ്ഞ മറിയമേ, നിനക്കു സ്‌തുതി. കര്‍ത്താവ് നിന്നോടുകൂടെ. സ്‌ത്രീകളില്‍ നീ അനുഗ്രഹീതയാകുന്നു. നിന്റെ ഉദരഫലവും അനുഗ്രഹീതം! ഈ വാക്കുകള്‍ എന്താണ്? ദൈവത്തിന്റെ വചനമല്ലേ? വചനത്തെക്കുറിച്ചു പറഞ്ഞിരിക്കുന്നത് വചനം നിങ്ങളെ ശുദ്ധീകരിക്കും, വചനം നിങ്ങളെ സ്വതന്ത്രരാക്കും എന്നല്ലേ. നിരന്തരമായി ആവര്‍ത്തിക്കപ്പെടുന്ന ഈ വചനങ്ങള്‍ക്ക് വിശുദ്ധീകരിക്കാനും സ്വതന്ത്രരാക്കാനും കഴിയും. എന്നാല്‍ ഈ വചനങ്ങള്‍ക്കെതിരെ സാത്താന്‍ സര്‍വശക്തിയുമെടുത്ത് പൊരുതും. കാരണം, രക്ഷയുടെ ആദ്യ വചനങ്ങളാണത്. ആ വചനങ്ങള്‍ക്ക് അമ്മ `ആമ്മേന്‍' പറഞ്ഞപ്പോഴാണ് സാത്താന്റെ പതനം ആരംഭിച്ചത്. അതുകൊണ്ടാണ് ജപമാല പ്രാര്‍ത്ഥനയോട് അവനിത്ര വിദ്വേഷം.
നന്മനിറഞ്ഞ മറിയമേ ആവര്‍ത്തിക്കുമ്പോള്‍ പരിശുദ്ധ കന്യകയെയാണ് സംബോധന ചെയ്യുന്നതെങ്കിലും മാതാവിനോടൊപ്പവും മാതാവിലൂടെയും നമ്മുടെ സ്‌നേഹപ്രകടനം യേശുവിലേക്കാണു ലക്ഷ്യം വച്ചിരിക്കുന്നത്. ആലസ്യങ്ങളുടെ മധ്യേ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാന്‍ പാഡ്‌ക്വാള്‍ ചാവെസ് സലേഷ്യന്‍ സഭയുടെ റെക്‌ടര്‍ മേജര്‍ പ്രസ്‌താവിച്ചു. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പറയുന്നു, ഛിന്നഭിന്നമായി കിടന്നിരുന്ന വിവിധ ഇറ്റാലിയന്‍ സംസ്ഥാനങ്ങളെ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ ശക്തിയാല്‍ 1861 ല്‍ കൂട്ടിച്ചേര്‍ത്ത് ഒരു ഏകീകൃത ഇറ്റലി സൃഷ്‌ടിക്കാന്‍ സാധിച്ചു.
ജപമാല സമാധാനത്തിന്റെ പ്രാര്‍ത്ഥനയാണ്. ലോകത്തിലെ വിവിധ പ്രദേശങ്ങളില്‍ ഓരോ ദിവസവും രക്തച്ചൊരിച്ചിലിന്റെയും ആക്രമണത്തിന്റെയും പുതിയ മുഖങ്ങള്‍ പ്രത്യക്ഷപ്പെടുന്ന സഹസ്രാബ്‌ദത്തില്‍ ജപമാലയുടെ പുനരുത്ഥാനം നമ്മുടെ സമാധാനമാണ്. അതു ശത്രുതയുടെ മതിലുകള്‍ തകര്‍ത്തു നമ്മെ ഒന്നിപ്പിക്കുന്ന ക്രിസ്‌തുരഹസ്യത്തില്‍ ലയിക്കുന്ന ധ്യാനം തന്നെയാണ്. തന്മൂലം സമാധാനം പ്രസരിപ്പിക്കുന്നതിനോട് പ്രതിബദ്ധമായ മനസില്ലാതെ ഒരാള്‍ക്കു ജപമാല ചൊല്ലാനാവില്ല. പ്രത്യേകിച്ച് ഓരോ ക്രിസ്‌ത്യാനിയുടെയും ഹൃദയത്തോട് ഏറെ ചേര്‍ന്നുനില്‍ക്കുന്ന ജപമാലയ്‌ക്ക് വളരെയധികം പ്രസക്തിയുണ്ട്.
കുടുംബങ്ങളില്‍ സമാധാനം ഉണ്ടാകുന്നതിന് മാധ്യ സ്ഥം യാചിച്ച് വളരെ ഭക്തിയോടെ ജപമാലയര്‍പ്പിച്ചാല്‍ അവിടേക്ക് സമാധാനവുമായി അമ്മ കടന്നുവരും. ഭക്തിയോടെ നിരന്തരം, ജപമാല ചൊല്ലുന്ന പല സ്ഥലങ്ങളിലും സുഗന്ധവാഹിനിയായും പലവിധത്തിലുള്ള അടയാളങ്ങള്‍ നല്‍കിയും അമ്മ കടന്നുവരുന്നു. പല സ്ഥലങ്ങളിലും പ്രത്യക്ഷപ്പെട്ട് അമ്മ തന്നെ പറയുന്നു നിങ്ങള്‍ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുവിന്‍ എന്ന്.
പരിശുദ്ധ അമ്മയോടു നിരന്തരം ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്നവരെ അമ്മ ഒരു നാളും കൈവിടില്ല. ഏത് അപകടകെണിയിലും നമുക്കു മുന്‍പേ പോയി അമ്മ നമ്മളെ സഹായിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യും.
അഖണ്‌ഡ ജപമാലയുടെ ശക്തി എത്ര വലുതാണ്! അമ്മ നമ്മുടെ കൂടെ ആയിരുന്ന് നമ്മെ സഹായിക്കുന്നു, അനുഗ്രഹിക്കുന്നു. ഞാന്‍ ചോദിച്ചിട്ടുള്ള ഒരു കാര്യം പോലും അമ്മ എനിക്ക് നല്‍കാതിരുന്നിട്ടില്ല. എന്റെ അമ്മയാണ് പരിശുദ്ധ മാതാവ്. എല്ലാ ആലോചനയും ചോദിച്ചിട്ടാണ് ഓരോ കാര്യങ്ങളും ഞാന്‍ ചെയ്യുന്നത്. ചൊല്ലാന്‍ പറ്റുന്നത്രയും ജപമാല ചൊല്ലി യാത്രകളില്‍ മാതാവിനോടു പ്രാര്‍ത്ഥിക്കും,
നമുക്ക് ഇടവിടാതെ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാം. എല്ലാ ശത്രുക്കളില്‍നിന്നും അപകടങ്ങളില്‍ നിന്നും രോഗങ്ങളില്‍നിന്നും വിടുതല്‍ പ്രാപിച്ച് വിശ്വാസത്തോടെ അമ്മയുടെ കരങ്ങളില്‍ പിടിച്ച് നമുക്ക് മുന്നേറാം.








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.