കൗമാര-യൗവന സൗഹൃദങ്ങളിലെ ഒഴിച്ചുകൂടാനാകാത്ത ഇടമാണ് സുഹൃദ്‌ഭവനം. നന്മയും തിന്മയും ചര്‍ച്ച ചെയ്യപ്പെടുകയും ദൈവികതയും മാനുഷികതയും കൈകോര്‍ത്ത് വളരുകയും ചെയ്യുന്ന പ്രദേശമാണത്. അതിലെ നന്മയെ അറിയുന്നവര്‍ അതിനെ വളര്‍ത്തുന്നു. തിന്മ നിരൂപിച്ചവ തളര്‍ത്തുന്നു. ഇതിനിടയില്‍ എവിടെയോ ബഥാനിയയും നസ്രത്തും ജനിക്കുന്നു, വളരുന്നു.
തത്വശാസ്‌ത്ര പഠനം കഴിഞ്ഞ് നാസിക്കില്‍ നിന്നുള്ള യാത്രയായിരുന്നു അത്. എറണാകുളത്ത് അവനുണ്ടാകും- സ്‌മിജു, സ്‌മിജു ജോസഫ്. ഹൈസ്‌കൂള്‍ കാലം മുതലുള്ള ആത്മമിത്രം. സിരകളിലൂടെ കലയൊഴുകുന്നവന്‍, ആത്മാവിലൂടെ സ്‌നേഹം വിളമ്പുന്നവന്‍.
ട്രെയിന്‍ എറണാകുളത്തെത്തിയാല്‍ ബസില്‍ നേരെ സ്‌മിജുവിന്റെ വീട്ടിലേക്ക് പോകും. അവിടെച്ചെന്ന് കുളിച്ച് വസ്‌ത്രം മാറി ചേച്ചിയോ അമ്മച്ചിയോ ഉണ്ടാക്കിത്തരുന്ന ചായയും പലഹാരവും കഴിച്ച് വീട്ടുവര്‍ത്തമാനവും നാട്ടുവര്‍ത്തമാനവും പിന്നെ കുറെ കലാപുരാണവും കഴിഞ്ഞേ സ്വന്തം വീട്ടിലേക്ക് യാത്രയാകൂ. ക്ഷീണം എല്ലാം കഴിഞ്ഞ് മനസ് നിറയെ സൗഹൃദത്തിന്റെ അവകാശവും അഭിമാനവും നിറച്ച് സംതൃപ്‌തിയോടെയായിരുന്നു അന്നത്തെ അവധിപ്രവേശനങ്ങള്‍.
തുടിക്കുന്ന ഹൃദയത്തോടെ ഇപ്പോഴും ഓര്‍ത്തെടുക്കുവാന്‍ സാധിക്കുന്ന ആ സൗഹൃദകൂടാരത്തെ രണ്ടാം വീടെന്നാണ് ഞാന്‍ വിളിച്ചിരുന്നത്. പൊയ്‌മുഖങ്ങളോ ചട്ടക്കൂടുകളോ ഇല്ലാതെ സ്‌നേഹിക്കാനും കരുതല്‍ കാട്ടാനും എന്നും വാതില്‍ തുറന്നിട്ടിരുന്ന ഭവനമായിരുന്നു അത്. ജീവിതത്തെക്കുറിച്ച് പറയുവാനും പറയുന്നതിനുമപ്പുറം മനസിലാക്കാനുമുള്ള ഹൃദയാന്തരീക്ഷമായിരുന്നു അത്. അതാണ് ബഥാനിയ.
യാത്രാപരവശനായ ക്രിസ്‌തുവിന് ഒന്ന് സ്വാതന്ത്ര്യത്തോടെ കയറിയിരിക്കുവാനും ആവോളം വിശ്രമിക്കുവാനും അവകാശം നല്‍കിയ വീട്. ഉള്ളതത്രയും അവനും കൂട്ടുകാര്‍ക്കുംവേണ്ടി വച്ചുവിളമ്പിയ വീട്. അവന്റെ കാല്‍ക്കല്‍ ഇരുന്ന് ആ ഹൃദയത്തിലെ നൊമ്പരങ്ങളും ആകുലതകളും ഏറ്റുവാങ്ങിയ വീട്. സൗഹൃദത്തിന്റെ ആഴങ്ങളില്‍ മരണം മാറിപ്പോകുമെന്ന് സാക്ഷ്യപ്പെടുത്തിയ വീട്. ദൈവത്തിന്റെ കരുണയും മനുഷ്യന്റെ ചിന്തകളും മുഖാമുഖം നിന്ന വീട്- ബഥാനിയ ഒരു പ്രദേശമാണ്. സ്‌നേഹംകൊണ്ട് വിശ്രമസ്ഥാനം പണിതീര്‍ത്ത കൂടാരങ്ങളുടെ പ്രദേശം. ഉപജാപങ്ങളോ തിരസ്‌കരിക്കപ്പെടുമെന്ന ആശങ്കകളോ ഇല്ലാതെ ഒരു നസ്രായനുപോലും കടന്നുചെല്ലാമായിരുന്ന നാട്.
ദൈവശാസ്‌ത്ര തര്‍ക്കങ്ങള്‍ ബഥാനിയായെ നൂറ്റാണ്ടുകളായി വിശകലനം ചെയ്യുന്നുണ്ട്. പ്രാര്‍ത്ഥനയും പ്രയത്‌നവും തമ്മിലുള്ള അന്തരവും അവ സമന്വയിപ്പിക്കേണ്ട ആവശ്യകതയും ഒക്കെ എവിടെയോ തെളിഞ്ഞുവരുന്നു. പക്ഷേ, ഈ തര്‍ക്കചക്രവാളങ്ങള്‍ക്കും അപ്പുറം ബഥാനിയാക്ക് ഒരു സത്യമുണ്ട്.
ബഥാനിയ നസ്രത്തില്‍നിന്ന് അകലെയാണ്. ദൈവികപദ്ധതിയില്‍ ഇടം പിടിച്ചിട്ടും അതറിയാതെ പോയ നാടാണ് നസ്രത്ത്. പാവങ്ങളുടെയും പരിക്ഷീണിതരുടെയും മുന്നില്‍ വാതിലുകള്‍ കൊട്ടിയടച്ച നാട്. മനുഷ്യന് തിരിച്ചറിവുകള്‍ കൈമോശം വന്നയിടം.
ബഥാനിയ നസ്രത്തില്‍നിന്ന് കാതങ്ങള്‍ക്ക് അകലെയാണ്. കടന്നുവരുന്ന സുഹൃത്തില്‍ ദൈവികഭാവം കാണുവാന്‍ സാധിക്കുന്നിടമാണ്. വീട്ടിലേക്ക് കയറിവരുന്ന പ്രിയപ്പെട്ടവനെ ആദരവോടെ കാണുവാനും നിസ്വാര്‍ത്ഥമായി സ്‌നേഹിക്കാനും കഴിയുമ്പോള്‍ ബഥാനിയ ഉണരുന്നു. സ്‌നേഹവും സൗഹൃദവും കരുണയും കരുതലും ദൈവഭയവും ഭക്തിയും ഇഴചേര്‍ന്ന് മനുഷ്യനെ സൃഷ്‌ടിക്കുന്ന സ്‌നേഹപ്രദേശത്തിന്റെ പേരാണ് ബഥാനിയ. അതുകൊണ്ടുതന്നെ ചരിത്രമേ മാപ്പ് നല്‍കുക: നിന്റെ നസ്രത്ത് അകലെയാണ്.
കൗമാര-യൗവന സൗഹൃദങ്ങളിലെ ഒഴിച്ചുകൂടാനാകാത്ത ഇടമാണ് സുഹൃദ്‌ഭവനം. നന്മയും തിന്മയും ചര്‍ച്ച ചെയ്യപ്പെടുകയും ദൈവികതയും മാനുഷികതയും കൈകോര്‍ത്ത് വളരുകയും ചെയ്യുന്ന പ്രദേശമാണത്. അതിലെ നന്മയെ അറിയുന്നവര്‍ അതിനെ വളര്‍ത്തുന്നു. തിന്മ നിരൂപിച്ചവര്‍ തളര്‍ത്തുന്നു. ഇതിനിടയില്‍ എവിടെയോ ബഥാനിയയും നസ്രത്തും ജനിക്കുന്നു, വളരുന്നു. ഒപ്പം രക്ഷയുടെയോ നാശത്തിന്റെയോ പുതിയ ഏടുകളും.
യൗവനതൃഷ്‌ണയിലെ ആകാംക്ഷ മുതല്‍ നവയുഗ സമ്മാനങ്ങളിലെ നെറ്റ്‌വര്‍ക്ക് വരെ ആ സൗഹൃദവലയത്തിലാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. വളരാനുള്ള ഔഷധവും മരണത്തിലേക്കുള്ള വിഷസ്രവവും പങ്കുവയ്‌ക്കപ്പെടുന്നത് ഇവിടെയാണ്.
ബഥാനിയ എന്ന് തെറ്റിദ്ധരിപ്പിക്കപ്പെടുന്ന വശ്യ-വന്യ തുരുത്തുകളും അവയുടെ നിഴലാട്ടങ്ങളില്‍ പൊലിഞ്ഞുപോകുന്ന എത്രയോ ശരികളും മുതിര്‍ന്നവര്‍ മനസിലാക്കി കൊടുക്കേണ്ടതാണ്. തിരിച്ചു വരവില്ലാത്ത യാത്രകളില്‍ പാഴ്‌മരുതുകളും ക്ഷിപ്രസങ്കേതങ്ങളും യൗവനങ്ങള്‍ക്കുമുന്നില്‍ ബോധിവൃക്ഷങ്ങളായി വരച്ചുകാട്ടുന്ന ചതിമൃഗങ്ങള്‍ നാടാകെ നിറയുകയാണ്.
ബഥാനിയ സ്വാര്‍ത്ഥമോഹികള്‍ ഇര തേടുന്ന സങ്കേതമല്ല. കൂട്ടുകാരില്‍നിന്നും വീട്ടുകാരില്‍നിന്നും അകന്ന് സ്വകാര്യലോകത്ത് ഒതുങ്ങുന്നത് ബഥാനിയ അല്ല. അടഞ്ഞ മുറികളും ആളൊഴിഞ്ഞ മുക്കുകളും സ്വകാര്യതയുടെ വാഹനസൗകര്യങ്ങളും ബഥാനിയയുടെ സൗഹൃദപ്രദേശമല്ല. `ഞങ്ങള്‍ക്കുമാത്രം' അറിയാവുന്ന രഹസ്യങ്ങള്‍ അവിടെയില്ല. ഇവിടെയൊക്കെ പരിശുദ്ധ സൗഹൃദങ്ങളില്‍പോലും സ്വാര്‍ത്ഥതയുടെ ചീവിടുകള്‍ കൂട് വച്ചേക്കാം.
ബഥാനിയ ജനസമക്ഷമാണ്. കൂരിരുളിന്റെ നിഴല്‍രൂപമല്ല. സൗഹൃദസമ്മേളനങ്ങള്‍ ഇരുളിലേക്ക് വഴുതി നീങ്ങുന്നെങ്കില്‍ അവിടെ സത്യത്തിന്റെ പ്രകാശം കുറയും. സൗഹൃദതീരങ്ങള്‍ നന്മയുടെ പൊന്‍ചിറകുകളാകണം.
ബഥാനിയ നസ്രത്തിന്റെ ഒഴിവാക്കല്‍ അല്ല. സ്വീകരണമാണ്. പഴയ ആത്മബന്ധങ്ങളെ മാത്രമല്ല, അതുവഴി കടന്നുവരുന്ന പുതുസൗഹൃദങ്ങളെയും തുറന്ന വാതിലോടെ സ്വീകരിച്ച് സല്‍ക്കരിക്കുന്ന വെളിവിന്റെ ചക്രവാളമാണ് ബഥാനിയ.
അപ്പോള്‍ ബഥാനിയ എന്റെ സാധ്യതയുടെ പേരാണ്. സത്യവും നീതിയും സ്‌നേഹവും വാത്സല്യവും കൈകോര്‍ത്ത് നൃത്തംവയ്‌ക്കുന്ന ഹൃദയവിശാലതയുടെ പേര്.
ഓരോ യൗവനവും അനുഭവിക്കേണ്ട സ്വര്‍ഗത്തിന്റെ അംശമാണത്.
എനിക്കുവേണ്ടി ബഥാനിയകളുടെ വാതിലുകള്‍ തുറന്നുവന്ന ഹൃദയങ്ങളേ നന്ദി. ബഥാനിയായ്‌ക്കു പകരം എന്റെ സ്വാര്‍ത്ഥതയുടെ നിഴലോരങ്ങളിലൂടെ യാത്ര ചെയ്യേണ്ടിവന്നവരേ മാപ്പ്. എന്റെ നാളെകളേ മനം തുറക്കുക; ബഥാനിയ ഉണരട്ടെ.








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.