Tue05222012

Last Updated 22 May 2012:11:40:52 PM IST

RegisterRegister
sub-menu_07sub-menu_01sub-menu_02sub-menu_03sub-menu_04sub-menu_05sub-menu_06



Font Size

Member's Area
Friday, 17 February 2012 11:30

പോരാളികളുടെ സുവിശേഷം

Written by  സജി കപ്പൂച്ചിന്‍
Rate this item
(3 votes)

ആ കരങ്ങള്‍ യേശുവിന്റേതായിരുന്നു. അവന്റെ കണ്ണുകള്‍ എന്നോട് സംസാരിച്ചു. ഞാനത് എന്റെ ആത്മാവുകൊണ്ട് കേട്ടു. അവന്‍ പറഞ്ഞു. നീ ഇനിമുതല്‍ സ്വര്‍ഗങ്ങള്‍ക്ക് കാതോര്‍ക്കും. അവന്റെ സ്വര്‍ഗീയചിന്തകള്‍ ഞാനെന്നും കേള്‍ക്കുന്നുണ്ടായിരുന്നു. പക്ഷേ അതെനിക്കുവേണ്ടിയായിരുന്നില്ല. അവന്റെ വാക്കുകള്‍ എന്നും എന്റെ ചെവിയിലുണ്ടായിരുന്നു. പക്ഷേ അതെനിക്കുവേണ്ടിയായിരുന്നില്ല. ഇപ്പോഴാകട്ടെ അവന്റെ മരണത്തിന് ശേഷം ഞാനെന്റെ ആത്മാവില്‍ അവനെ കേള്‍ക്കുന്നു.

നിശാഗന്ധികള്‍ പൂത്ത ഒരു സന്ധ്യയില്‍ ആകാശത്തുനിന്ന് ഒരു തൂവെള്ള തൂവല്‍ പറന്നുവന്നു. ഒരു മഞ്ഞുകണം പോലെ അത് മെല്ലെ മെല്ലെ താഴേക്കിറങ്ങി. അത്ര വെണ്മയുള്ള ആ തൂവല്‍ എവിടെയാണ് പതിക്കുന്നതെന്നു കാണാന്‍ ആഗ്രഹിച്ച് ഞാനതിന്റെ പിറകെ ചെന്നു. ഒരു കുഴിമാടത്തിനരികെ വിറങ്ങലിച്ച് നിന്ന മൂന്ന് റോമന്‍ പടയാളികളുടെ നടുവിലായിരുന്നു അത് പറന്ന് വീണത്. ഇതേ സ്ഥലത്തുവച്ചുതന്നെ ഞാനവരെ പലതവണ കണ്ടിട്ടുണ്ട്. അവര്‍ പലപ്പോഴായി ഈ കുഴിമാടത്തിനരികില്‍ വരികയും പ്രാര്‍ത്ഥിക്കുകയും നിശബ്ദമായിരിക്കുകയും ചെയ്യാറുണ്ടായിരുന്നു. ഞാനവരെ കാണുമ്പോഴൊക്കെ അവരുടെ മുഖത്തിന് അതൃപ്തിയുടെയും സംഘര്‍ഷത്തിന്റെയും കരിവാളിപ്പുണ്ടായിരുന്നു. ആകാശങ്ങളില്‍ നിന്ന് പറന്നുവന്ന് അവരുടെ നടുവില്‍ വീണ ആ വെണ്‍തൂവല്‍ എന്തിന്റെ അടയാളമാണെന്ന് അവര്‍ക്ക് മനസിലായില്ല. അല്ലെങ്കിലും സംഘര്‍ഷമനസുകള്‍ അവര്‍ക്ക് ലഭിച്ച കൃപകള്‍ കാണാന്‍ വൈകുമല്ലോ. അവരുടെ അതൃപ്തിയുടെയും സംഘര്‍ഷത്തിന്റെയും കാരണമെന്തെന്നറിയാന്‍ എനിക്കാഗ്രഹമുണ്ടായി. കുഴിമാടങ്ങള്‍ ജീവനറ്റ ഗേഹങ്ങളായി മാത്രം കണ്ടിരുന്ന ഞാനവരോട് ചോദിച്ചു, നിങ്ങള്‍ എന്തിനാണ് ഈ കുഴിമാടത്തിനരികില്‍ വന്നെപ്പോഴും പ്രാര്‍ത്ഥിക്കുകയും ധ്യാനിക്കുകയുമൊക്കെ ചെയ്യുന്നത്? അവര്‍ മറുപടി പറഞ്ഞു: കുറച്ചു നാളുകള്‍ക്ക് മുന്‍പ് ഞങ്ങളും നിന്നെപ്പോലെതന്നെ കുഴിമാടങ്ങള്‍ ജീവനറ്റ ഗേഹങ്ങളായിട്ടാണ് കണ്ടിരുന്നത്. എന്നാല്‍ ഈ കുഴിമാടത്തില്‍നിന്ന് ഒരുവന്‍ ജീവനിലേക്ക് ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത് ഞങ്ങള്‍ കണ്ടു. ഒരുപക്ഷേ ആ മനോഹരദൃശ്യം അവന്റെ ശിഷ്യന്മാര്‍ക്കുപോലും ലഭിച്ചിട്ടുണ്ടാവില്ല. അവന്റെ പേര് യേശു എന്നായിരുന്നു. അവന്റെ മരണത്തിന്റെയും ഉയിര്‍പ്പിന്റെയും കാഴ്ചകള്‍ ഞങ്ങളെ മാറ്റിമറിച്ചെങ്കിലും അവനുവേണ്ടി എന്താണ് ചെയ്യേണ്ടതെന്നുമാത്രം ഞങ്ങള്‍ക്കറിയില്ല. അതുകൊണ്ടാണ് അവന്‍ ഉയിര്‍ത്തെഴുന്നേറ്റ ഈ കുഴിമാടത്തിനരുകില്‍ അവന്റെ വെളിപാടിനായി ഞങ്ങള്‍ കാത്തിരിക്കുന്നത്. അവരുടെ നടുവില്‍ പറന്നുവീണ ആ വെണ്‍തൂവല്‍ കുനിഞ്ഞെടുക്കുന്നതിനിടയില്‍ കൂട്ടത്തില്‍ മുതിര്‍ന്നവനായ മാല്‍ക്കൂസ് തന്റെ കഥ പറഞ്ഞു തുടങ്ങി.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്റെ കാതില്‍ ഒരാള്‍ മന്ത്രിച്ചു 'നീയെന്റെ ചെവിയാണ്, നീ ഗ്രാമങ്ങളിലേക്ക് പോവുക. ഗ്രാമം എന്ത് സംസാരിക്കുന്നെന്ന് എന്നോട് പറയുക.' ആ വാക്കുകള്‍ എന്റെ യജമാനനായ കയ്യാപ്പാസിന്റേതായിരുന്നു. അന്നുമുതല്‍ ഞാനവന്റെ കാതായിരുന്നു. സമൂഹത്തില്‍ ഉന്നത സ്ഥാനമുള്ള അദ്ദേഹത്തിന്റെ സേവകനായിരിക്കുന്നതില്‍ ഞാനഭിമാനിച്ചു. പക്ഷേ ഒരുവന്‍ അഭിമാനിക്കേണ്ടത് സ്വന്തം ആത്മാവിനെയോര്‍ത്താണെന്ന് ഞാനിന്ന് മനസിലാക്കുന്നു. എനിക്ക് നല്ല ഘ്രാണശക്തിയുണ്ടായിരുന്നു. കാറ്റില്‍ ഇലകള്‍ സംസാരിക്കുന്നതും മണ്‍തരികള്‍ പറന്ന് വീഴുന്നതും എനിക്ക് കേള്‍ക്കാമായിരുന്നു. കയ്യാപ്പാസിന്റെ ശത്രുക്കള്‍ എന്ത് സംസാരിക്കുന്നെന്നും നാട്ടിലെ സംസാരവിഷയങ്ങള്‍ എന്തെന്നും ഞാനപ്പപ്പോള്‍ യജമാനന്റെ ചെവികളിലെത്തിച്ചു. അങ്ങനെയിരിക്കെയാണ് ഞാനവനെ കണ്ടുമുട്ടിയത്. നാട്ടിലെ സംസാരവിഷയമായ യേശുവിനെ. എല്ലാ ദിവസവും ഞാനവനെ ശ്രവിച്ചു. അവന്റെ വാക്കുകള്‍ ഒന്നുപോലും നഷ്ടപ്പെടാതെ യജമാനന്റെ ചെവികളിലെത്തിച്ചു. കൂടെ അവന്റെ ശിഷ്യന്മാരിലൊരാളായ യൂദാസിനെയും യജമാനന്റെ മുന്‍പിലെത്തിച്ചു.

ഒരു ദിവസം രാത്രി ഞങ്ങള്‍ യേശുവിനെ പിടികൂടാന്‍ ഗദ്‌സമേന്‍ തോട്ടത്തിലേക്ക് പോയി. പന്തങ്ങള്‍ തെളിച്ച് ഞങ്ങള്‍ തോട്ടത്തിലേക്ക് പ്രവേശിച്ചു. അതിന്റെ വെളിച്ചം ഞങ്ങളുടെ നിഴലുകളെ അവിടമാകെ പരത്തി. ആ തോട്ടത്തിലെ ഒലിവ്മരങ്ങള്‍ ആരുടെയോ കണ്ണീരിനൊപ്പം കരയുന്നത് എന്റെ കാതുകള്‍ കേള്‍ക്കുന്നുണ്ടായിരുന്നു. മുഖം വ്യക്തമല്ലാത്ത ആ ഇരുട്ടിലും യൂദാസ് ഞങ്ങള്‍ക്ക് യേശുവിനെ കാട്ടിത്തന്നു. അല്ലെങ്കിലും ഘോരമായ ഇരുട്ടുപോലും ചതിക്ക് തടസമായി നില്‍ക്കുന്നില്ലല്ലോ. യേശുവിനെ പിടികൂടുന്നതിനിടയില്‍ അവന്റെ ശിഷ്യന്മാരുമായി ഒരു മല്‍പ്പിടുത്തമുണ്ടായി. കാറ്റില്‍ കത്തികള്‍ പായുന്ന ശബ്ദം എന്നെ വിറപ്പിച്ചു. അവന്റെ ശിഷ്യന്മാരിലൊരുവന്റെ കത്തി പാഞ്ഞുവന്നത് എന്റെ കാതുകള്‍ക്ക് നേരെയായിരുന്നു. എന്റെ വലത്തെ ചെവി മുറിഞ്ഞ് വീണു. അപ്പോള്‍ ജീവനറ്റത് എന്റെ ചെവിയായിരുന്നില്ല എന്റെ ജീവനായിരുന്നു. കാരണം ചെവികൊണ്ട് മാത്രം ജീവിച്ചവന് ചെവിയില്ലാതെ എന്തു ജീവിതം? മുറിഞ്ഞ ചെവിയില്‍ ഒരു നീണ്ട മൂളല്‍ മാത്ര. രക്തം വാര്‍ന്ന് മുട്ടുകാലോളമെത്തി. വേദനയാല്‍ മരവിച്ച് നില്‍ക്കേ ഒരു മൃദുകരം എന്റെ വലത് ചെവിയില്‍ സ്പര്‍ശിക്കുന്നതായി തോന്നി. ആ കരങ്ങള്‍ യേശുവിന്റേതായിരുന്നു. അവന്റെ കണ്ണുകള്‍ എന്നോട് സംസാരിച്ചു. ഞാനത് എന്റെ ആത്മാവുകൊണ്ട് കേട്ടു. അവന്‍ പറഞ്ഞു. നീയിനിമുതല്‍ സ്വര്‍ഗങ്ങള്‍ക്ക് കാതോര്‍ക്കും. അവന്റെ സ്വര്‍ഗീയചിന്തകള്‍ ഞാനെന്നും കേള്‍ക്കുന്നുണ്ടായിരുന്നു. പക്ഷേ അതെനിക്കുവേണ്ടിയായിരുന്നില്ല. അവന്റെ വാക്കുകള്‍ എന്നും എന്റെ ചെവിയിലുണ്ടായിരുന്നു. പക്ഷേ അതെനിക്കുവേണ്ടിയായിരുന്നില്ല. ഇപ്പോഴാകട്ടെ അവന്റെ മരണത്തിന് ശേഷം ഞാനെന്റെ ആത്മാവില്‍ അവനെ കേള്‍ക്കുന്നു, എനിക്കുവേണ്ടി മാത്രമായി. അവന്റെ വാക്കുകള്‍ എന്നെ ഉടച്ചുവാര്‍ക്കുന്നു. കാതുകള്‍ ദൈവത്തിങ്കലേക്കുള്ള വഴിയാകാത്തിടത്തോളം അത് വെറും അവയവം മാത്രമാണെന്ന് പറഞ്ഞുകൊണ്ട് മാല്‍ക്കൂസ് തന്റെ കഥ അവസാനിപ്പിച്ചു. അപ്പോഴേക്കും രണ്ടാമനായ ലോജൈനസ് തന്റെ കഥ പറഞ്ഞ് തുടങ്ങി.
ഞാന്‍ യേശുവിനെ പലവട്ടം കണ്ടിട്ടുണ്ട്. പക്ഷേ എന്റെ പാതിയിരുണ്ട കണ്ണുകള്‍ക്ക് ഒരു ദര്‍ശനം ലഭിക്കാന്‍ മാത്രമുള്ള ശേഷിയില്ലായിരുന്നു. അവന്റെ കുരിശുമരണത്തിന്റെ സമയത്തായിരുന്നു എന്റെ പാതിയിരുണ്ട കണ്ണുകള്‍ക്ക് ഒരു ദര്‍ശനം ലഭിച്ചത്-അവന്‍ ദൈവപുത്രനായിരുന്നുവെന്ന ദര്‍ശനം. അവന്റെ മരണം പ്രകൃതിയിലുണ്ടാക്കിയ മാറ്റം എല്ലാവരെയും പരിഭ്രാന്തരാക്കി. അവന്റെ മരണം ഉറപ്പുവരുത്താന്‍ സൈന്യാധിപന്‍ എന്നെയേല്‍പ്പിച്ചു. കണ്ണുകള്‍ പാതിയിരുണ്ടതാണെങ്കിലും എന്റെ കുന്തം അവന്റെ ചങ്കിനു തന്നെ തുളച്ചുകയറി. അതില്‍നിന്നും ഒഴുകിയ രക്തവും വെള്ളവും എനിക്ക് കാഴ്ചതന്നു. കാഴ്ച ലഭിച്ചിട്ട് ഞാനാദ്യം കണ്ടത് യേശുവിനെയായിരുന്നു. യേശുവിനെ കാണാന്‍ സാധിച്ചു എന്നത് തന്നെയായിരുന്നു എനിക്ക് കാഴ്ച കിട്ടിയതിന് ഏറ്റവും വലിയ തെളിവ്. കാല്‍വരിയിലെ അവന്റെ സ്‌നേഹവും ക്ഷമയും ഞാനോര്‍ക്കുന്നു. അതൊക്കെ കണ്ടിട്ടും കാഴ്ചയില്ലാത്തവനെപ്പോലെ ജീവിക്കാന്‍ എനിക്കാവുന്നില്ല. ഇത്രയും പറയുമ്പോള്‍ അവന്റെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു. പക്ഷേ അത് കണ്ണീരായിരുന്നില്ല. കാരണം ദര്‍ശനമില്ലാത്ത കണ്ണുകളേ കരയാറുള്ളൂവെന്ന് എനിക്കറിയാമായിരുന്നു.

അപ്പോഴേക്കും മൂന്നാമനായ മാര്‍സാലസ് തന്റെ കഥ പറഞ്ഞു തുടങ്ങി. ഞാന്‍ യേശുവിനെ ആദ്യം കണ്ടുമുട്ടുന്നത് ഒരു ജനക്കൂട്ടത്തിന് മധ്യത്തില്‍വച്ചായിരുന്നു. മുട്ടിയുരുമ്മുന്ന ജനക്കൂട്ടത്തിന് നടുവില്‍ നിന്നുകൊണ്ട് അവന്‍ ചോദിക്കുന്നു, ആരാണ് എന്നെ സ്പര്‍ശിച്ചതെന്ന്. വര്‍ഷങ്ങളായി രോഗിയായി കഴിഞ്ഞിരുന്ന ഒരു സ്ത്രീ എഴുന്നേറ്റുനിന്ന് പറഞ്ഞു, അത് ഞാന്‍ തന്നെയാണ്. അവന്റെ വസ്ത്രത്തിന്റെ വിളുമ്പില്‍പോലും നിറഞ്ഞുനിന്ന ദൈവസാന്നിധ്യം എന്നെ അവന്റെ ആരാധകനാക്കി. ആ ദൈവികമനുഷ്യനെ ക്രൂശിലേറ്റുമ്പോള്‍ എന്റെ മനസ് പിടയുന്നുണ്ടായിരുന്നു. അപ്പോഴാണ് ഞാനാ കാഴ്ച കണ്ടത്. എന്റെ കൂട്ടത്തിലുണ്ടായിരുന്ന ചില പടയാളികള്‍ അവന്റെ വസ്ത്രത്തിനായി നറുക്കിടുന്നത്. അവന്റെ ആ ദൈവികവസ്ത്രം സ്വന്തമാക്കണമെന്നെനിക്ക് തോന്നി. ഞാനും നറുക്കില്‍ പങ്കുചേര്‍ന്നു. ഞാനതില്‍ വിജയിച്ചു. അവന്റെ വസ്ത്രം സ്വന്തമാക്കുകയും ചെയ്തു. പക്ഷേ ആ നിമിഷം മുതല്‍ അവന്‍ എന്നെ സ്വന്തമാക്കുകയായിരുന്നു. ഒരുവന്റെ ശരീരത്തോട് അവന്റെ വസ്ത്രം ചേര്‍ന്ന് നില്‍ക്കുന്നതുപോലെ അവന്‍ എന്റെ ഹൃദയത്തോട് ചേര്‍ന്നുനിന്നു. തയ്യല്‍ക്കൂടാതെ നെയ്യപ്പെട്ട ആ വസ്ത്രം അവന്റെ കളങ്കമില്ലാത്ത ആത്മീയതയെ ഓര്‍മിപ്പിച്ചു. ആ വസ്ത്രം ധരിക്കുമ്പോഴൊക്കെ ഞാന്‍ ക്രിസ്തുവിനെ തന്നെയായിരുന്നു ധരിച്ചിരുന്നത്. ഞാനെന്റെ പഴയ മനുഷ്യനെ അവന്റെ ചെയ്തികളോടുകൂടി ഉരിഞ്ഞുമാറ്റി. ഞാനിന്ന് ക്രിസ്തുവിനെ വസ്ത്രമായി അണിഞ്ഞിരിക്കുന്നു.

അങ്ങനെ ക്രിസ്തുവിന്റെ മരണം റോമന്‍ പടയാളികളായിരുന്ന ഞങ്ങള്‍ മൂന്നുപേരുടെയും ജീവിതത്തെ മാറ്റിമറിച്ചു. എന്നാല്‍ മരണത്തിന്റെ മൂന്നാംനാള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും എന്ന അവന്റെ പ്രവചനം പുരോഹിതപ്രമുഖന്മാരെ പരിഭ്രാന്തരാക്കി. അതിനാല്‍ അവന്റെ കുഴിമാടത്തിന് കാവലിരിക്കാന്‍ അവര്‍ ഞങ്ങളെ ഭരമേല്‍പ്പിച്ചു. മൂന്നാം ദിവസം നിലാവിന്റെ നിറമുള്ള വസ്ത്രങ്ങളുമായി അവന്‍ ഉയിര്‍ത്തെഴുന്നേറ്റതിന് ഞങ്ങള്‍ സാക്ഷികളാണ്.

പക്ഷേ ഇത്രയേറെ അനുഗ്രഹങ്ങളും സ്വര്‍ഗീയ ദര്‍ശനങ്ങളും ഞങ്ങള്‍ക്ക് നല്‍കിയ ക്രിസ്തുവിനുവേണ്ടി ഇനി ഞങ്ങള്‍ എന്താണ് ചെയ്യേണ്ടതെന്ന് മാത്രം ഞങ്ങള്‍ക്കറിയില്ല. അതുകൊണ്ടാണ് അവനെ ഞങ്ങള്‍ അവസാനമായി കണ്ടുമുട്ടിയ ഈ കുഴിമാടത്തിനരികില്‍ അവന്റെ വെളിപാടിനായി കാത്തിരിക്കുന്നത്.

അവര്‍ പറഞ്ഞുതീര്‍ന്നപ്പോള്‍ ഞാനവര്‍ക്ക് ആകാശങ്ങളില്‍നിന്ന് പറന്നുവന്ന ആ വെണ്‍ത്തൂവല്‍ കാണിച്ചുകൊടുത്തു. എന്നിട്ട് പറഞ്ഞു, ഇത് നിങ്ങള്‍ക്ക് നല്‍കപ്പെട്ട ഒരു സ്വര്‍ഗീയ വെളിപാടാണ്. അത്യുന്നതങ്ങളിലെ പരിശുദ്ധാത്മാവിന്റെ ചിറകില്‍ നിന്ന് അടര്‍ന്നുവീണ ഈ വെണ്‍ത്തൂവല്‍ നിങ്ങളോട് ഒരു സുവിശേഷം എഴുതാന്‍ പറയുന്നു. ഞാനിതു പറയുമ്പോള്‍ അവരുടെ കണ്ണുകള്‍ വികസിക്കുന്നുണ്ടായിരുന്നു. അവര്‍ പറഞ്ഞു, ഞങ്ങള്‍ക്ക് ഞങ്ങളുടെ ജീവിതത്തെക്കുറിച്ചല്ലാതെ ഒരു സുവിശേഷം എഴുതാന്‍ അറിയില്ല. ഞാന്‍ പറഞ്ഞു, സാക്ഷ്യമാകുന്ന ജീവിതങ്ങള്‍ തന്നെയാണ് നല്ല സുവിശേഷങ്ങള്‍.
അത് കേട്ടയുടനെ ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിന്റെ കുഴിമാടത്തിലിരുന്ന് പ്രാര്‍ത്ഥനയുടെ മെഴുതിരികള്‍ തെളിച്ച്, ജീവിതത്തിന്റെ കയ്പുകളില്‍ ആ വെണ്‍ത്തൂവല്‍ മുക്കി അവര്‍ ഇങ്ങനെ ഒരു സുവിശേഷമെഴുതി;
അത്യുന്നതനായ ദൈവത്തിന് സ്തുതി. അനന്തകാലങ്ങളായുള്ള തിന്മയ്‌ക്കെതിരെയുള്ള പോരാട്ടത്തിന്റെ പ്രതിരൂപമായി മണ്ണിലവതരിച്ച കര്‍ത്താവായ യേശുക്രിസ്തുവിന്റെ മരണത്തിനും ഉയിര്‍പ്പിനും സാക്ഷ്യം വഹിച്ച റോമന്‍പടയാളികളായിരുന്ന മാല്‍ക്കുസ്, ലൊജൈനസ്, മാര്‍സാലസ് എന്നിവര്‍ എഴുതുന്ന സാക്ഷ്യസുവിശേഷം.

ക്രിസ്തു ഒരു പോരാളിയായിരുന്നു. അവന്റെ ജനനം അധികാരമോഹികളായ രാജാക്കന്മാരെ പരിഭ്രാന്തരാക്കി, അവന്റെ മരുഭൂമിയിലെ പ്രാര്‍ത്ഥനയും ഉപവാസവും തിന്മയെ വിറപ്പിച്ചു. അവന്റെ മരണം തിന്മയുടെ തല തകര്‍ത്തു. അങ്ങനെ ജനനം മുതല്‍ മരണം വരെ അവന്‍ പോരാടുകയായിരുന്നു. അവസാനം ഉയിര്‍പ്പ് അവന്റെ വിജയമായി വന്നു. അവന്‍ പറയുന്നു, ഞാന്‍ സമാധാനവുമായിട്ടല്ല വാളുമായിട്ടാണ് വന്നിരിക്കുന്നത്. കാരണം അവന്‍ വന്നത് തിന്മയോട് സന്ധി ചെയ്യാനായിരുന്നില്ല. അതിനോട് പോരാടുവാനായിരുന്നു.

അവന്‍ പറയുന്നു, ഭൂമിയില്‍ തീയിടുവാനാണ് ഞാന്‍ വന്നിരിക്കുന്നത്. അത് കത്തിജ്ജ്വലിച്ചിരുന്നെങ്കില്‍. ഇനി അഞ്ചുപേര്‍ ഒരു വീട്ടിലുണ്ടെങ്കില്‍ രണ്ടുപേര്‍ മൂന്നുപേര്‍ക്കെതിരായും മൂന്നുപേര്‍ രണ്ടുപേര്‍ക്കെതിരായും ഭിന്നിതരാകും. അവനിതു പറയുമ്പോള്‍ അവന്‍ അവനെ മാത്രമല്ല സര്‍വമനുഷ്യരെയും തന്നെപ്പോലെതന്നെ പോരാളികളാക്കുകയായിരുന്നു. അവനിന്ന് നമ്മളിലെതന്നെ തിന്മയ്‌ക്കെതിരെ പോരാടുവാന്‍ കല്പിക്കുന്നു. അവന്‍ വീണ്ടും പറയുന്നു, പകല്‍ സമീപിച്ചിരിക്കുന്നു. ആകയാല്‍ അന്ധകാരത്തോട് പോരാടുന്നതിന് ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍. സത്യംകൊണ്ട് അരമുറുക്കി, നീതിയുടെ കവചം ധരിച്ച്, നിങ്ങള്‍ ഉറച്ചുനില്‍ക്കുവിന്‍. സര്‍വോപരി തിന്മയെ നേരിടാന്‍ വിശ്വാസത്തിന്റെ പരിചയെടുക്കുവിന്‍. രക്ഷയുടെ പടത്തൊപ്പിയണിയുവിന്‍. ദൈവവചനമാകുന്ന ആത്മാവിന്റെ വാളെടുക്കുവിന്‍. ഇതാണ് കര്‍ത്താവായ യേശുക്രിസ്തുവിന്റെ പോരാട്ടത്തിന്റെ സുവിശേഷം. ഈ സുവിശേഷം ഉള്‍ക്കൊണ്ട് റോമന്‍ പടയാളികളായിരുന്ന ഞങ്ങള്‍ മാല്‍ക്കുസ്, ലോജൈനസ്, മാര്‍സാലസ് ഇന്നുമുതല്‍ ക്രിസ്തുവിന്റെ പടയാളികളായിത്തീര്‍ന്നിരിക്കുന്നു.

ഇതുവരെ ഞങ്ങള്‍ അധികാരമോഹത്താല്‍ പോരാടി. എന്നാല്‍ ഇന്ന് സ്വര്‍ഗം മോഹിച്ച് പോരാടുന്നു. ഇതുവരെ ഞങ്ങള്‍ മറ്റുള്ളവര്‍ക്കുവേണ്ടി പോരാടി. എന്നാല്‍ ഇന്ന് ഞങ്ങള്‍ക്ക് വേണ്ടിത്തന്നെ പോരാടുന്നു. ഇതുവരെ ഞങ്ങള്‍ മറ്റുള്ളവരോട് പോരാടി. എന്നാല്‍ ഇന്ന് ഞങ്ങളോടുതന്നെ പോരാടുന്നു. ഇന്നുമുതല്‍ ഞങ്ങള്‍ പ്രതാപങ്ങള്‍ക്കും സ്വത്തിനുമല്ല കാവല്‍നില്‍ക്കുന്നത്. മറിച്ച് ഞങ്ങളുടെതന്നെ ആത്മാവിന് തന്നെയാണ് കാവല്‍ നില്‍ക്കുന്നത്. അന്ത്യവിധിനാളില്‍ നല്ല പോരാട്ടത്തിനുള്ള കിരീടം നേടുവാന്‍ സര്‍വശക്തനായ ദൈവം നിങ്ങളെയും ഞങ്ങളെയും അനുഗ്രഹിക്കട്ടെ, ആമ്മേന്‍.
നിലാവിട്ട സന്ധ്യയില്‍ നിശാഗന്ധികള്‍ പരിമളം പരത്തുമ്പോഴൊക്കെ ഞാനവരുടെ സുവിശേഷം വായിക്കാറുണ്ട്. നിലാവിന്റെ കുളിര് എന്നെ തണുപ്പിക്കാറുണ്ടെങ്കിലും അവരുടെ പോരാട്ടത്തിന്റെ സുവിശേഷം എന്റെ സിരകളെ ചൂട് പിടിപ്പിക്കുന്നു. നിന്റെയോ?

Login to post comments

Sunday Shalom

sunday-h1
The weekly newspaper in malayalam

Shalom Times

times-h1
Monthly Spiritual Malayalam Magazine

Shalom Tidings

tidings-h1
Bi monthly spritual magazine in english

Shalom Television

shalom-tv-h1
Gods own channel from Kerala

SIMS

sims
Shalom Institute of Media Science

Dedication to Mother Mary

mother-maryHail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.

Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen.

Mary, Mother of God, pray for all Shalom initiatives.