Tue05222012

Last Updated 22 May 2012:11:40:52 PM IST

RegisterRegister
sub-menu_07sub-menu_01sub-menu_02sub-menu_03sub-menu_04sub-menu_05sub-menu_06



Font Size

Member's Area
Friday, 17 February 2012 11:28

ബലിപീഠങ്ങള്‍

Written by  ബ്ര. അഭിലാഷ് ബെയ്‌സില്‍ CSJ
Rate this item
(7 votes)

ക്രൈസ്തവ വീക്ഷണത്തില്‍ ഏറെ അര്‍ത്ഥവ്യാപ്തിയുള്ളതും ഒഴിച്ചുകൂടാനാവാത്തതും വിശ്വാസത്തിന്റെ ആഴങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നതുമായ ഒരു വാക്കാണ് ബലിപീഠം. വിശുദ്ധമായ സാമീപ്യമാണ് ഓരോ ബലിപീഠവും നമ്മെ ഓര്‍മിപ്പിക്കുന്നത്. കാല്‍വരിബലിയുടെ സ്മരണ അനുദിനം നാം ആചരിക്കുന്നത് അള്‍ത്താരയിലെ വിശുദ്ധ ബലിപീഠത്തിലാണ്. ബലിപീഠത്തെ ആദരവോടെ നോക്കിക്കാണുവാനാണ് അള്‍ത്താരയിലെ ഓരോ അലങ്കാരങ്ങളും.

ബൈബിള്‍ താളുകളിലൂടെ സഞ്ചരിക്കുമ്പോള്‍ അനവധി ബലിപീഠങ്ങള്‍ കണ്‍മുമ്പില്‍ തെളിയുന്നു. ആദിമാതാപിതാക്കളുടെ മക്കളില്‍നിന്ന് ആരംഭിക്കുന്ന ബലിപീഠം മുതല്‍ കാല്‍വരിയുടെ വിരിമാറിലെ ബലിപീഠംവരെ. ഇതിന്റെ തുടര്‍ച്ചയാണ് ദേവാലയ ബലിപീഠങ്ങള്‍. ബലിപീഠത്തിന്റെ ചൈതന്യവും ഉള്‍പ്പൊരുളും വ്യക്തമാക്കുന്ന രണ്ടു പഴയ നിയമ ബലിപീഠങ്ങളിലേക്ക് നമുക്ക് യാത്ര ചെയ്യാം.

വിശ്വാസികളുടെ പിതാവായ അബ്രാഹം, ദൈവം കാട്ടിയ പുതിയ നാട്ടിലേക്ക് ഹാരാന്‍ദേശം വിട്ട് കാനാനിലേക്ക് യാത്രയായപ്പോള്‍ 75 വയസായിരുന്നു പ്രായം. ഷെക്കെമില്‍ എത്തിയപ്പോള്‍, തന്നെ അനുഗ്രഹിച്ച ദൈവത്തിന് അബ്രഹാം ബലിപീഠം നിര്‍മിച്ചു. യാത്ര തുടര്‍ന്ന അബ്രഹാം ഇടയ്ക്ക് വീണ്ടും ബലിപീഠം നിര്‍മിച്ചു. ഹെബ്രോണിലുള്ള മാമ്രേയുടെ ഓക്കുമരങ്ങള്‍ക്കു സമീപം സ്ഥിരതാമസക്കാരനായ അബ്രഹാം അവിടെയും ദൈവസ്മണരാര്‍ത്ഥം ബലിപീഠം തീര്‍ത്തു.

പരാതിയും പരിഭവവും ഇല്ലാതെ ദൈവത്തിന്റെ കരം പിടിച്ചു യാത്രയായ അബ്രഹാമിന് ദൈവം നല്‍കിയ അനുഗ്രഹങ്ങളുടെ നന്ദിയായിരുന്നു ബലിപീഠം. 75-ാം വയസില്‍ അബ്രഹാത്തിന് അനുഗ്രഹം വാഗ്ദാനം ചെയ്ത ദൈവം അത് നിറവേറ്റിയത് അദ്ദേഹത്തിന് നൂറ് വയസുള്ളപ്പോഴാണ്. ദൈവം വാഗ്ദാനങ്ങളില്‍ വിശ്വസ്തനാണ് എന്ന് ആദ്യം മനസിലാക്കിയതും അബ്രഹാം തന്നെയായിരിക്കണം. അതുകൊണ്ട് അദ്ദേഹം നൂറു വയസായപ്പോഴും ദൈവത്തോട് പരാതിപ്പെടുന്നില്ല.

കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠിപ്പിക്കുന്നത് അബ്രഹാം നിശബ്ദതയുടെ മനുഷ്യനായിരുന്നു എന്നാണ് (നമ്പര്‍ 2570). വീണ്ടും നൂറാം വയസില്‍ ഇതേ അനുഗ്രഹവുമായി - ''വലിയ ഒരു ജനതയുടെ പിതാവാക്കും'' ദൈവം സമീപിച്ചപ്പോള്‍ അദ്ദേഹം കമിഴ്ന്നുകിടന്നു ചിരിച്ചു (ഉല്‍.16:17). ഒരുപക്ഷേ ഈ ദൈവവാഗ്ദാനം അബ്രാഹത്തിന് നല്ലൊരു 'തമാശ'യായി തോന്നിയിട്ടുണ്ടാകാം. കാരണം തനിക്കിപ്പോള്‍ നൂറു വയസായി. സാറയ്ക്ക് തൊണ്ണൂറും. ഇനി എങ്ങനെ കുഞ്ഞുങ്ങള്‍? ഉണ്ടായാല്‍ തന്നെയും അത് കടലിലെ മണല്‍ത്തരിപോലെയും ആകാശനക്ഷത്രങ്ങള്‍ പോലെയും ക്രമാതീതമായിരിക്കുമോ? അദ്ദേഹം പരാതിപ്പെട്ടില്ല. മറിച്ച് ദൈവമാകുന്ന മഹാപ്രപഞ്ചത്തിലേക്ക് അലിഞ്ഞുചേരുവാന്‍ ആഗ്രഹിച്ചു. വിശുദ്ധിയിലേക്കുള്ള ഒരു പ്രയാണം. ബലിപീഠങ്ങള്‍ അതിനു സാക്ഷിയായി. വെല്ലുവിളികളുടെ മധ്യത്തിലും അദ്ദേഹം ബലിപീഠം തീര്‍ത്തു. ദൈവസാക്ഷ്യത്തിന്റെ അനുഭവമായിരുന്നു ആ ബലിപീഠങ്ങള്‍. ജീവിതത്തിലെ ഏകാന്ത നിമിഷങ്ങളിലെ ദൈവസാന്നിധ്യമായിരുന്നു ആ ബലിപീഠങ്ങള്‍.

യാക്കോബ് ചതിയനായിരുന്നു. പേരിന്റെ അര്‍ത്ഥംപോലും അതുതന്നെയാണ്. പിതാവായ ഇസഹാക്കിനെ കബളിപ്പിച്ച് അനുഗ്രഹങ്ങള്‍ സ്വന്തമാക്കിയവന്‍. സഹോദരനെ ഭയന്ന് പ്രാണരക്ഷാര്‍ത്ഥം പരദേശിയായവന്‍. പ്രവാസജീവിതത്തിലും അവന്‍ ദൈവത്തെ മറന്നില്ല. ഒളിച്ചോടിയ രാത്രിയില്‍, യാത്രാമധ്യേ അവനൊരു സ്വപ്‌നമുണ്ടായി. ഭൂമിയില്‍ നിന്നും ആകാശത്തോളമുയര്‍ന്ന ഒരു ഗോവണി. അതിലൂടെ മാലാഖമാര്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്നു. ഉറക്കത്തില്‍ ദൈവസ്വരം ശ്രവിച്ച യാക്കോബ് അവിടെ ദൈവത്തിനായി ബലിപീഠം തീര്‍ക്കുന്നു. 'ബഥേല്‍' യാക്കോബിന് അനുഭവമായിരുന്നു. സമ്പത്തിന്റെ നിര്‍വൃതിയിലും അവന്‍ ദൈവത്തിനായി ബലിപീഠങ്ങള്‍ തീര്‍ത്തു. യാക്കോബിന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവം ഉല്‍പത്തിയുടെ പുസ്തകം 32-ാം അധ്യായം വിവരിക്കുന്നു.

'ദൈവത്തെ മുഖാമുഖം ദര്‍ശിച്ച' മനുഷ്യന്റെ യഥാര്‍ത്ഥ ബലിപീഠം. സ്വന്തമായുള്ളതെല്ലാം ഒപ്പം കരുതിയിട്ടും അസ്വാസ്ഥ്യം കാരണം ഭാര്യയെയും മക്കളെയും 'യാബോക്ക് കടവു' കടത്തി, ഇക്കരെ ഒറ്റയ്ക്കുനിന്നു യാക്കോബ്. ദൈവദൂതനുമായി മല്‍പ്പിടുത്തത്തില്‍ ഏര്‍പ്പെട്ട മനുഷ്യന്റെ ദയനീയാവസ്ഥ. മാനസാന്തരത്തിന്റെ വിശുദ്ധ നിമിഷങ്ങളിലായിരുന്നു ആ ബലിപീഠം ജന്മമെടുത്തത്.
മാനസാന്തരത്തിന് മൂന്നു ഘട്ടങ്ങളാണുള്ളത് എന്ന് തിയോഡിസി ക്ലാസില്‍ പഠിച്ചിട്ടുണ്ട്.

1. പ്രാരംഭഘട്ടം, 2. നന്മയുടെ കാലഘട്ടം, 3. പരിപൂര്‍ണ മാനസാന്തരം. യാക്കോബിന്റെ അനുഭവം ഈ ത്രീത്വ ഘട്ടങ്ങളിലൂടെ ഉള്ളതായിരുന്നു. ദൈവവുമായി ഏറ്റുമുട്ടുവാന്‍ അവന്‍ തീരുമാനിച്ചു. രാത്രി മുഴുവന്‍ അവന്‍ ഏറ്റുമുട്ടി. പകലാകട്ടെ അവന് അനുഗ്രഹത്തിന്റെ നിമിഷമായിരുന്നു. അന്നു പ്രഭാതം മുതല്‍ അവന്‍ 'ഇസ്രായേല്‍' ആയി. ഇസ്രായേല്‍ പെനുവേലില്‍ ബലിപീഠം തീര്‍ത്തു.

ഇങ്ങനെ ദൈവസാന്നിധ്യം തിരിച്ചറിഞ്ഞ അബ്രഹാമും യാക്കോബും പിന്നിട്ട വഴികളില്‍ ബലിപീഠങ്ങള്‍ തീര്‍ത്തവരാണ്. കടന്നുപോയ വഴികള്‍ അനുഗ്രഹത്തിന്റെ നിമിഷങ്ങളായിരുന്നു എന്ന തിരിച്ചറിവാണ് ബലിപീഠത്തിന് പ്രാധാന്യം നല്‍കിയത്. വിശുദ്ധിയോടുകൂടി ബലിപീഠത്തെ സമീപിച്ചപ്പോള്‍ അബ്രാം, അബ്രഹാമായി... യാക്കോബ് 'ഇസ്രായേല്‍' ആയി. കടന്നുപോയ ജീവിതവഴികളെ വിശകലനം ചെയ്യുവാന്‍ അവസരം കിട്ടിയാല്‍ എത്ര ബലിപീഠങ്ങള്‍ നമുക്ക് കണ്ടെത്തുവാന്‍ സാധിക്കും? സ്മരണയുടെ ബലിപീഠങ്ങള്‍ തീര്‍ത്തില്ല എന്നതായിരിക്കും ഒരുപക്ഷേ അവന്‍ നമ്മുടെമേല്‍ ആരോപിക്കാന്‍ പോകുന്ന കുറ്റം. ബലിപീഠങ്ങള്‍ അനുഗ്രഹങ്ങളാകുന്നു. പിന്‍തലമുറയ്ക്ക് പുതിയ പാഠങ്ങള്‍ അത് കൈമാറി. വിശുദ്ധിയുടെ ബലിപീഠങ്ങള്‍ മറ്റൊരു തലമുറയ്ക്ക് സ്വന്തമായി നല്‍കി. പരാതികളും നൊമ്പരങ്ങളും പരിദേവനവുമല്ല അവര്‍ ബലിപീഠങ്ങളില്‍ ഒഴുക്കിയത്; സ്‌നേഹത്തിന്റെയും സംതൃപ്തിയുടെയും നിറവിന്റെയും നന്ദിയുടെയും വിശുദ്ധ തൈലങ്ങളായിരുന്നു. 'കൃപയ്ക്കുമേല്‍ കൃപ' ലഭിച്ചവന്റെ നിറവായിരുന്നു ഓരോ ബലിപീഠവും. അനുഗ്രഹമായിരുന്നു അവന്റെ പാഥേയം; നന്ദിയായിരുന്നു ഉറവിടം. സ്വീകരിച്ച നന്മകളുടെ പൂര്‍ണതയായിരുന്നു ബലിപീഠം. ആവശ്യങ്ങളുടെ നീണ്ടപട്ടികയായിരുന്നില്ല.

പിന്നിട്ട വഴികളില്‍ അള്‍ത്താര തീര്‍ക്കുന്നവരാകണം നമ്മള്‍. പിന്നില്‍ നടക്കാനല്ല അതിനര്‍ത്ഥം; മറിച്ച് മുന്‍പിലുള്ള വഴികളില്‍ ബലിപീഠങ്ങള്‍ തീര്‍ക്കുവാന്‍ തയാറുള്ളവരാകണം എന്നര്‍ത്ഥം. ബലിപീഠവും ബലിയാടും പുരോഹിതരുമായി രൂപാന്തരപ്പെടേണ്ടവരാണ് നമ്മള്‍. ഇനിയുള്ള വഴികളില്‍ ബലിപീഠങ്ങള്‍ തീര്‍ക്കുന്നവരാകാം നമുക്ക്.

അബ്രഹാം മൗനമായി എല്ലാം സമര്‍പ്പിച്ചതുപോലെ യാക്കോബ് ഇസ്രായേല്‍ ആയതുപോലെ, ക്രിസ്തു സ്വയം യാഗവസ്തുവായതുപോലെ, ഇല്ലായ്മകളുടെയും വല്ലായ്മകളുടെയും പട്ടികകള്‍ നിരത്താതെ അനുഗ്രഹത്തിന്റെ കിളിവാതിലുകള്‍ മലര്‍ക്കെ തുറന്ന് വിശുദ്ധി ദര്‍ശിക്കുവാനും ദൈവപരിപാലനയെ ഉള്‍ക്കൊള്ളുവാനും നമുക്കും ബലിപീഠങ്ങള്‍ നിര്‍മിക്കാം. ഹൃദയമാകുന്ന ദേവാലയത്തില്‍ നന്ദിയുടെയും നിറവിന്റെയും വിശുദ്ധ ബലിപീഠങ്ങള്‍...

Login to post comments

Sunday Shalom

sunday-h1
The weekly newspaper in malayalam

Shalom Times

times-h1
Monthly Spiritual Malayalam Magazine

Shalom Tidings

tidings-h1
Bi monthly spritual magazine in english

Shalom Television

shalom-tv-h1
Gods own channel from Kerala

SIMS

sims
Shalom Institute of Media Science

Dedication to Mother Mary

mother-maryHail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.

Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen.

Mary, Mother of God, pray for all Shalom initiatives.