പ്രായം ചെന്നവരും കാര്‍ന്നോന്മാരും വിശുദ്ധരുമൊക്കെയായി ധാരാളം പേര്‍ എല്ലാ ഇടങ്ങളിലും ഉണ്ടായിരുന്നു. ഇന്നവരെ കാണാന്‍ കഴിയുക വൃദ്ധമന്ദിരങ്ങളിലാണ്. 'ഉപയോഗം കഴിഞ്ഞവരെ സൂക്ഷിക്കുന്ന ഇട'മെന്നല്ലേ അതിന്റെ ഒരു ശരിയായ അര്‍ത്ഥം. കായികമായി അവര്‍ക്ക് ഇനി ശേഷിയില്ലായിരിക്കാം. എന്നാല്‍ അവരുടെ ആത്മീയമായ കഴിവിന് എപ്പോഴാണ് അന്ത്യമാകുക,അല്ലെങ്കില്‍ അങ്ങനെ ഒരന്ത്യം ഏതെങ്കിലും ജീവിതങ്ങള്‍ക്ക് ഉണ്ടാകുമോ?
അനുദിനം നമ്മുടെ കണ്‍മുമ്പിലെത്തുന്നതും കാതുകളില്‍ മുഴങ്ങുന്നതുമായ പരസ്യവാചകങ്ങളില്‍ ഒരിക്കലും ആരും കാണാത്തതും കേള്‍ക്കാന്‍ സാധ്യത കുറഞ്ഞതുമായ ഒരു യാഥാര്‍ത്ഥ്യമാണിത്. എന്നിട്ടും എന്തിനാണ് ഇത്തരമൊരു തലക്കെട്ട് കൊടുത്തത്...? എവിടെയും ഇന്ന് ആവശ്യമുള്ളത് ചുറുചുറുക്കോടുകൂടി എല്ലാം ചെയ്യാന്‍ കഴിയുന്ന ചെറുപ്പക്കാരെയാണ്. അതുകൊണ്ട് പ്രായം ചെന്നവരെ വേണമെന്നോ ആവശ്യമുണ്ടെന്നോ ചിന്തിക്കാനോ പറയാനോ നമുക്ക് കഴിയുന്നില്ല. അതെ വൃദ്ധരെ നമുക്കിന്ന് വേണ്ടാതായിരിക്കുന്നു. തന്മൂലം അവരില്ലാത്ത സമൂഹവും കുടുംബങ്ങളും ഇന്ന് പെരുകുന്നു. ചെറുപ്പത്തിന്റെ ഇഷ്ടങ്ങളും രീതികളും അംഗീകരിക്കാന്‍ പലപ്പോഴും അവര്‍ക്കാകുന്നില്ല.
അത്തരം കാരണങ്ങളാല്‍ പ്രായം ചെന്നവര്‍ ഇല്ലായെങ്കില്‍ നന്നായിരുന്നു എന്ന് കരുതുന്നവരും അത് ചില ഇടങ്ങളില്‍ പരസ്യമായി പറയുന്നവരും ഉണ്ട്. പക്ഷേ പ്രായം ചെന്നവരെ സമൂഹത്തിന് വളരെയേറെ ആവശ്യമുണ്ട് എന്ന് ചിന്താഗതിക്കാരനാണ് ഞാന്‍. അവരില്ലാത്ത ഇടങ്ങളില്‍ വന്നുചേരുന്ന കുറവുകള്‍ പലപ്പോഴും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുമുണ്ട്.
വിവാഹജീവിതം തുടങ്ങി കുറച്ചു കഴിയുമ്പോള്‍, മാതാപിതാക്കള്‍ ശല്യമെന്ന് പറഞ്ഞ് മറ്റൊരു വീട്ടിലേക്കു മാറിത്താമസിക്കുന്ന പലരുമുണ്ട്. അവര്‍ എന്തിനും ഏതിനും അഭിപ്രായം പറയുന്ന കാര്‍ന്നോന്മാരില്‍നിന്നും രക്ഷപ്പെടാനുള്ള എളുപ്പവഴിയും കൂടുതല്‍ സ്വാതന്ത്ര്യവും സന്തോഷവുമാണ് ലക്ഷ്യമിടുന്നത്. എന്തൊക്കെ പറഞ്ഞാലും പ്രായം ചെന്ന വ്യക്തികളുടെ സാന്നിധ്യത്തിലൂടെ പ്രത്യേകിച്ച് കുടുംബത്തിലെ കാര്‍ന്നോന്മാരുടെ ഒപ്പമുള്ള ജീവിതം ധാരാളം ജീവിതപാഠങ്ങള്‍ സ്വായത്തമാക്കാനുള്ള അവസരമാണ്. അവരുള്ളപ്പോള്‍ അതിന്റെ വില തിരിച്ചറിയാന്‍ കഴിയുന്നവര്‍ അപൂര്‍വമായിരിക്കും, ആ അപൂര്‍വം പേരില്‍ ഒരാളാകാന്‍ കഴിയുന്നവര്‍ അനുഗ്രഹീതരായിരിക്കും.
മകളുടെ വിവാഹാലോചനകള്‍ക്ക് മുമ്പില്‍ ആ അപ്പനും അമ്മയും ഒരു നിര്‍ദ്ദേശം വച്ചു, ചെറുക്കന്‍ കാര്‍ന്നോന്മാരോടുകൂടി കഴിയുന്നവനായിരിക്കണം. അല്ലാത്ത കുടുംബങ്ങളില്‍നിന്ന് ആലോചനകള്‍ വേണ്ട. അതിനു വിശദീകരണമായി അവര്‍ പറയുന്നത്, ഇത്രയും വര്‍ഷങ്ങള്‍ ഈ ഭവനത്തില്‍ അപ്പനും അമ്മയുമായ ഞങ്ങളുടെ കൂടെ ജീവിക്കുകയും ഞങ്ങളിലൂടെ പല കാര്യങ്ങളും സ്വായത്തമാക്കുകയും ചെയ്ത മകള്‍, ഈ വീട്ടില്‍നിന്ന് മാറിത്താമസിക്കുമ്പോള്‍ ഞങ്ങളുടെ കുറവ് ഒരിക്കലും അവള്‍ക്ക് അനുഭവപ്പെടരുത് എന്നാണ്. നാളെ അവള്‍ ഒരമ്മയാകുമ്പോള്‍, ആ കുഞ്ഞുങ്ങള്‍ക്ക് നല്ല കാര്യങ്ങള്‍ പറഞ്ഞുകൊടുക്കാന്‍, എങ്ങനെയാണ് മക്കളെ വളര്‍ത്തേണ്ടത് എന്ന് ഓര്‍മിപ്പിക്കാന്‍ അവിടെയും ഒരപ്പനും അമ്മയും വേണം. അതേ ശരിയാകൂ...! ഇന്ന് ഈ രീതിയില്‍ ചിന്തിക്കുകയോ സ്വപ്‌നം കാണുകയോ ചെയ്യുന്ന എത്ര മാതാപിതാക്കളുണ്ടാകും...? ഭൂരിപക്ഷം പേരും ആഗ്രഹിക്കുന്നത് തങ്ങളുടെ മകള്‍ ചെന്നു കയറുന്ന വീട്ടില്‍ കാര്‍ന്നോന്മാര്‍ ആരും ഉണ്ടാകരുതെന്നാണ്. ഭര്‍തൃഗൃഹത്തിലെ പീഡനകഥകള്‍ വായിക്കുകയും കേള്‍ക്കുകയും ചെയ്യുന്നത് മറന്നുകൊണ്ടല്ല ഇതെഴുതിയത്.
ഒരു മൃതസംസ്‌കാരത്തില്‍ പങ്കെടുക്കാനിടയായി. സംസ്‌കരിക്കേണ്ടിടത്തേക്കു മൃതദേഹം കൊണ്ടുപോകാന്‍ ഉള്ളത് ചെറുപ്പക്കാര്‍ മാത്രമാണ്. സിമിത്തേരിയില്‍ ചെന്ന് പ്രാര്‍ത്ഥനയെല്ലാം കഴിഞ്ഞ് പെട്ടി മൂടി, പക്ഷേ അത് കെട്ടാന്‍ ചെറുപ്പക്കാര്‍ എത്ര ശ്രമിച്ചിട്ടും ശരിയാകുന്നില്ല... അപ്പോള്‍ ആരോ പറയുന്നത് കേട്ടു, കാര്‍ന്നോന്മാരായിരുന്നെങ്കില്‍ ഇങ്ങനെയൊന്നും വരില്ലായിരുന്നു എന്ന്.
ഇസ്രായേലിന്റെ അവസാന ന്യായാധിപനായ സാമുവലിന്റെ ജീവിതത്തില്‍ ദൈവമാണ് തന്നെ വിളിച്ചതെന്ന് തിരിച്ചറിയാന്‍ വൃദ്ധ പുരോഹിതനായ ഏലിയുടെ സാന്നിധ്യവും വാക്കുകളും ഉപദേശങ്ങളും എത്രയോ വലിയ അളവിലാണ് സ്വാധീനം ചെലുത്തിയതെന്ന് നമുക്കറിയാം. ദൈവമാണ് സാമുവലിനെ വിളിച്ചതെന്ന് ഏലിയെപ്പോലെ പറഞ്ഞുതരാന്‍ കഴിയുന്നവരാണ് പ്രായം ചെന്നവര്‍. പ്രായവും അനുഭവവും കൂടിച്ചേര്‍ന്നപ്പോഴാണ് ദൈവസ്വരത്തിലേക്ക് ഒരു ജീവനെ അടുപ്പിക്കാന്‍ ഏലിക്ക് കഴിഞ്ഞത്. പ്രായം ചെന്ന എല്ലാവരും ചെയ്യുന്നതും പറയുന്നതുമായ കാര്യങ്ങള്‍ എല്ലാം നല്ലതെന്ന് ഞാന്‍ അവകാശപ്പെടുന്നില്ല. അവരെല്ലാവരും പുരോഹിതനായ ഏലിയെപ്പോലെ ദൈവിക വഴിയിലേക്ക് മറ്റുള്ളവരെ നയിക്കുന്നവരും ആകണമെന്നില്ല. എന്നിരുന്നാലും അവര്‍ എത്രയോ വലിയതും സമ്പന്നവുമായ അനുഭവങ്ങളുടെ നിറവാണ് സ്വന്തമാക്കി വച്ചിരിക്കുന്നത് എന്ന സത്യം വിസ്മരിച്ചുകൂടാ. ഈ അനുഭവങ്ങള്‍ തന്നെയാണ് അവര്‍ക്ക് കൈമാറാനുള്ള ഏറ്റവും വലിയ സമ്പത്ത്.
ഇന്ന് നമുക്കില്ലാതെ പോകുന്നത് വൃദ്ധപുരോഹിതനായ ഏലിയെപ്പോലുള്ളവരെയല്ലേ..? ഞാന്‍ വൈദിക പരിശീലനം ആരംഭിച്ചത് ഭരണങ്ങാനം അസ്സീസി ആശ്രമത്തിലാണ്. അവിടെ മൂന്നു വര്‍ഷം പഠിച്ചപ്പോള്‍ എന്നെ ഏറ്റവും അധികം ആകര്‍ഷിച്ചത് പ്രായം ചെന്ന സഹോദരങ്ങളുടെ സാന്നിധ്യമാണ്. ചെറിയ തെറ്റുകള്‍ വരുത്തുന്നത് കണ്ടാല്‍പ്പോലും അവര്‍ വഴക്കു പറയുമായിരുന്നു. അങ്ങനെയൊക്കെയായിരുന്നു രീതികളെങ്കിലും അവരെ എനിക്ക് ഇഷ്ടമായിരുന്നു. അവരില്‍ പലരും ദൈവികഭവനത്തിലേക്ക് മടങ്ങിപ്പോയെങ്കിലും അവരുടെ സാന്നിധ്യം പകര്‍ന്നുതന്നത് വലിയ ജീവിതയാഥാര്‍ത്ഥ്യങ്ങളാണെന്ന് മനസിലാക്കുന്നു. ആ ശൂന്യത നികത്താന്‍ പലപ്പോഴും ഇന്ന് ആളില്ല.
ഇത്തരത്തിലുള്ള വ്യക്തികള്‍ എന്നെ സംബന്ധിച്ച് ഗുരുക്കന്മാരാണ്. അവര്‍ പറഞ്ഞതും പങ്കുവച്ചതും തിരുത്തിയതും എല്ലാം അവരുടെ ജീവിതാനുഭവം വച്ചാണ്. അതിനാല്‍ തന്നെ അവയെല്ലാം സ്വീകരിക്കാന്‍ എളുപ്പമായിരുന്നു.
എനിക്കെന്റെ വഴി നോക്കാനറിയാം, ആരും എന്റെ കാര്യങ്ങളില്‍ ഇടപെടേണ്ടാ എന്ന ചെറുപ്പത്തിന്റെ പറച്ചിലുകള്‍ അധികമാകുന്നത് കാണുകയും അതിന്റെ ദൂഷ്യങ്ങള്‍ അനുഭവിക്കുകയും ചെയ്യുന്നവരാണ് നമ്മളിലധികവും. പ്രായം ചെന്ന അപ്പനും അമ്മയും ഒപ്പമുള്ളപ്പോള്‍ ബോധമുള്ള മക്കളാരും തെറ്റായ തീരുമാനങ്ങള്‍ എടുക്കാന്‍ ധൈര്യം കാണിക്കില്ല. അപ്പനോടും അമ്മയോടും ഒന്ന് ചോദിക്കാമെന്നുള്ള ആഗ്രഹം പോലും നല്ല രീതിയിലേക്ക് കാര്യങ്ങള്‍ എത്തിക്കും എന്ന് തീര്‍ച്ചയാണ്.
മുതിര്‍ന്നവരെയും പ്രായം ചെന്നവരെയും ഒഴിവാക്കിയാല്‍ മാത്രമേ കൂടുതല്‍ ഉല്‍പാദനക്ഷമത കൈവരിക്കാന്‍ സാധിക്കുകയുള്ളൂ എന്ന പുത്തന്‍ ആശയം എങ്ങും പ്രബലപ്പെടുമ്പോള്‍ വൃദ്ധമന്ദിരങ്ങളും അനാഥാലയങ്ങളും പെരുകും എന്ന സത്യം നമ്മുക്ക് മുന്നില്‍ ഉയര്‍ന്നു വരുന്നു.
പ്രതിസന്ധികള്‍ പെരുകുന്ന പുത്തന്‍ സമൂഹങ്ങള്‍ പരിശോധിച്ചാല്‍ കാണാം അവിടെയൊന്നും പ്രായം ചെന്നവരാരും ഇല്ല എന്ന്. പേരിന് ചിലര്‍ ഉണ്ടെങ്കിലും യാതൊരു ഉപകാരവും ഇല്ലാത്ത അവസ്ഥയും കണ്ടെത്താനാകും.
എത്രയോ വൃദ്ധരായ വൈദികരാണ് കേരള സഭയില്‍ നമുക്കുള്ളത്. അവരൊക്കെ തങ്ങളുടെ ജീവിതത്തിലൂടെ കാണിച്ചുതന്ന കാര്യങ്ങള്‍ ഇന്ന് പ്രാവര്‍ത്തികമാക്കാന്‍ നമുക്ക് കഴിയുകയില്ലേ? യാതൊരുവിധത്തിലുമുള്ള സൗകര്യങ്ങള്‍ ഇല്ലാതിരുന്നിട്ടും ദൈവജനത്തിന് ദൈവികമായ കാര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ നല്ല മനസുകാട്ടിയവരായിരുന്നവര്‍. ഇന്ന് എല്ലാവിധ സജ്ജീകരണങ്ങളും ഉണ്ടായിട്ടും അവര്‍ ചെയ്തതിന്റെ അടുത്തുപോലും എത്താന്‍ ഞാനുള്‍പ്പെടുന്ന സമൂഹത്തിന് കഴിയുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അവരെപ്പോലെയുള്ള വിശുദ്ധരായവരും മുതിര്‍ന്നവരും ഇപ്പോഴും ഒപ്പമുണ്ടായിരുന്നെങ്കില്‍ എന്ന് വെറുതെ ആശിച്ചുപോകുന്നു.
കേരളത്തിനു പുറത്ത് അണുകുടുംബമായി കഴിയുന്ന മലയാളി ക്രിസ്ത്യാനികളുടെ മക്കള്‍ എത്രമാത്രം ദൈവോന്മുഖമായി ജീവിക്കുന്നവരാണ് എന്ന് പരിശോധിച്ചാല്‍ പലപ്പോഴും അത്ര നല്ല ഉത്തരമായിരിക്കില്ല ലഭിക്കുന്നത്. എത്തിച്ചേര്‍ന്ന ഇടത്തെ സംസ്‌കാരം സ്വായത്തമാക്കുന്നത് നല്ലതായി എല്ലാവരും കരുതുകയും പഠിപ്പിക്കുകയും അത് പ്രോത്സാഹിപ്പിക്കുകയും ചെയ്യുമ്പോള്‍ നഷ്ടമാകുന്നത് യഥാര്‍ത്ഥ ദൈവചൈതന്യം തന്നെയാണ്. ആ കുടുംബങ്ങളെ സത്യദൈവത്തിലേക്ക് അടുപ്പിക്കാന്‍ കാര്‍ന്നോന്മാരില്ല എന്നതും സങ്കടകരം തന്നെ. ധാര്‍മികമായ അധഃപതനങ്ങള്‍ ഏറ്റവും കൂടുതല്‍ ഇന്നുള്ളത് അണുകുടുംബങ്ങളില്‍ തന്നെയാണ്. അതില്‍ കൂടുതലും ജന്മനാട്ടില്‍നിന്ന് ദൂരെ കഴിയുന്നവരിലും. ഇതിനെല്ലാം കാരണം അവര്‍ക്ക് മാതൃകയായും സാന്നിധ്യമായും പ്രായം ചെന്നവര്‍ ആരും അവരുടെകൂടെ ഇല്ല എന്നതുതന്നെ.
തിരുത്തലുകള്‍ നല്‍കാന്‍ പ്രായം ചെന്നവര്‍ ഇല്ലാത്തതിന്റെയും ഭൂരിപക്ഷവും ചെറുപ്പക്കാരായതിന്റെയും പേരില്‍ നന്മയും വിശുദ്ധിയും നല്ലൊരു പരിധിവരെ നഷ്ടമായ ഒരു സമൂഹത്തിന്റെ പ്രതിനിധിയാണ് ഞാന്‍. ചെറുപ്പത്തിന്റെ തോന്നലുകള്‍ എല്ലാം ശരിയെന്ന് വിശ്വസിക്കുകയും ആ തോന്നലുകളെയും അവരുടെ ആഗ്രഹങ്ങളെയും വിലയിരുത്താനോ വിശകലനം ചെയ്യാനോ മിനക്കെടാതെ അംഗീകരിച്ചു കൊടുക്കുകയും അത്തരം വ്യക്തികളെ ഒപ്പം നിര്‍ത്തി രാഷ്ട്രീയത്തിലെതുപോലെ 'വോട്ടുബാങ്ക്' സംസ്‌കാരം വളര്‍ത്തിയെടുക്കുകയും ചെയ്യുന്ന അധികാരികളും കൂടിയാകുമ്പോള്‍ എല്ലാം പൂര്‍ത്തിയാകും. തെറ്റായ വഴികളും തീരുമാനങ്ങളും ഇന്നത്തെ തലമുറയുടെ മുഖമുദ്രയാകുമ്പോള്‍, പ്രായം ചെന്നവരും മുതിര്‍ന്നവരും പകര്‍ന്നിരുന്ന ദിശാബോധം നമുക്ക് നഷ്ടമായിരിക്കുന്നു. എന്നാല്‍ ഇതിനേക്കാളെല്ലാം സങ്കടകരമായ കാര്യം, ചെയ്യുന്ന മണ്ടത്തരങ്ങള്‍ തിരിച്ചറിയാനോ തിരിച്ചറിഞ്ഞാല്‍ തന്നെ തിരുത്താനോ മനസില്ലാത്തവരായി പുതു തലമുറയുടെ നേതൃത്വം മാറിയിരിക്കുന്നു എന്നതാണ്.
പ്രായം ചെന്നവരും കാര്‍ന്നോന്മാരും വിശുദ്ധരുമൊക്കെയായി ധാരാളം പേര്‍ എല്ലാ ഇടങ്ങളിലും ഉണ്ടായിരുന്നു. ഇന്നവരെ കാണാന്‍ കഴിയുക വൃദ്ധമന്ദിരങ്ങളിലാണ്. 'ഉപയോഗം കഴിഞ്ഞവരെ സൂക്ഷിക്കുന്ന ഇട'മെന്നല്ലേ അതിന്റെ ഒരു ശരിയായ അര്‍ത്ഥം. കായികമായി അവര്‍ക്ക് ഇനി ശേഷിയില്ലായിരിക്കാം. എന്നാല്‍ അവരുടെ ആത്മീയ കഴിവിന് എപ്പോഴാണ് അന്ത്യമാകുക, അല്ലെങ്കില്‍ അങ്ങനെ ഒരന്ത്യം ഏതെങ്കിലും ജീവിതങ്ങള്‍ക്ക് ഉണ്ടാകുമോ? ഇതെല്ലാം നമ്മുടെ ചില അബദ്ധങ്ങള്‍ മാത്രമല്ലേ...! ഒരു പുത്തന്‍ സംസ്‌കാരം നമുക്കും വേണ്ടേ...? പ്രായം ചെന്നവരെ ഒപ്പം കൂട്ടാന്‍ കഴിയുന്ന, അവരുടെ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കാന്‍ കഴിയുന്ന സമൂഹങ്ങളും ആയി നാം മാറുമ്പോള്‍ നമ്മുടെ യാത്ര കൂടുതല്‍ ദൈവോന്മുഖമാകും എന്ന് തീര്‍ച്ചയാണ്.
ഇത്തരം ചിന്തകള്‍ സ്വന്തമായുള്ള, ഈ നല്ല ബോധ്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ആഗ്രഹവും അര്‍പ്പണബോധവുമുള്ള വ്യക്തികളും സമൂഹങ്ങളും വളര്‍ന്നുവന്നാലേ നമ്മുടെ നാട് നല്ല നാടാവുകയുള്ളൂ...! നമ്മുടെ അനുദിന പ്രാര്‍ത്ഥനകളില്‍ പ്രായം ചെന്നവര്‍ക്കും ചെറിയൊരു ഭാഗമെങ്കിലും നല്‍കാം.
അവരെ വീണ്ടും നമ്മുടെ വിലപ്പെട്ട ജീവിതത്തോടൊപ്പം ചേര്‍ക്കാം... അവരെ ആദരിക്കാം, ബഹുമാനിക്കാം, അവരില്‍നിന്നും നന്മകള്‍ സ്വന്തമാക്കി നമുക്കും നല്ലവരാകാം. തന്നേക്കാള്‍ പ്രായം ചെന്ന പത്രോസിനെ ശിഷ്യനാക്കുകയും ആ മനുഷ്യന്റെ നന്മകള്‍ അംഗീകരിക്കുകയും ചെയ്ത ഈശോ, പ്രായം ചെന്നവരെയും മുതിര്‍ന്നവരെയും പരിഗണിക്കാനുള്ള ഉള്‍ക്കാഴ്ച നമുക്കും പകരട്ടെ....








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.