ദാഹിച്ചു പൊരിഞ്ഞു മരുഭൂമിയിലൂടെ നടന്നുകൊണ്ടിരുന്ന സന്യാസി ഒരു കിണര്‍ കണ്ടു. അടുത്തെത്തിയപ്പോഴോ, തന്നേക്കാള്‍ ദാഹാര്‍ത്തനായി മറ്റൊരു ജീവന്‍ കിണറ്റിന്‍കരയില്‍ വെയിലില്‍ കിടന്ന് പിടയുന്നു... കൈകാലുകളറ്റ് രക്തം വാര്‍ന്നൊഴുകുന്നൊരു നായ്. സാധുവിന്റെ മനസ് ആ കാഴ്ച കണ്ട് തകര്‍ന്നുപോയി. ഉടന്‍ അദ്ദേഹം തന്റെ ഉടുമുണ്ടഴിച്ച് (തൊട്ടിയും കയറും ഇല്ലാത്തതിനാല്‍) കിണറ്റില്‍നിന്നും വെള്ളം കോരിയെടുത്ത് നായക്ക് കൊടുത്തു. ആ നിസ്സഹായ ജീവിയുടെ മുറിവുകള്‍ മൃദുവായി കഴുകി ആശ്വസിപ്പിച്ചശേഷമാണ് അദ്ദേഹം തന്റെ വരണ്ട തൊണ്ടയിലേക്ക് അല്പം വെള്ളമിറ്റിക്കുന്നത്. മനുഷ്യനിലെ ദൈവത്തിന്റെ കണിക എടുത്തുയര്‍ത്തുന്നു സിസ്റ്റര്‍ ശോഭ സി.എസ്.എന്‍ 'അമ്മ' മാസികയുടെ എഡിറ്റോറിയലിലൂടെ; ഒപ്പം, മൃഗങ്ങള്‍പോലും നന്മയിലേക്കാണ് ചാഞ്ഞിരിക്കുന്നതെന്ന് വ്യക്തമാക്കുകയും ചെയ്യുന്നു. നായയെ ശുശ്രൂഷിച്ച് നടന്ന് നീങ്ങുന്ന സന്യാസി വെറുതെ തിരുഞ്ഞുനോക്കുമ്പോള്‍, കൈകാലുകളറ്റുപോയ ആ സാധുമൃഗം ഇഴഞ്ഞിഴഞ്ഞ് അദ്ദേഹത്തെ അനുഗമിക്കുന്നു. നന്മയ്ക്കു പിന്നാലെ പോകുന്ന മൃഗജീവന്‍.
നന്മ കണ്ടാല്‍ മൃഗമിങ്ങനെയെങ്കില്‍ മനുഷ്യനോ? 'അമ്മ'യുടെ എഡിറ്റോറിയല്‍ തന്നെ മാതൃക. വേശ്യാലയത്തിലേക്ക് വലിച്ചിഴക്കപ്പെടുന്ന നിര്‍മലയായൊരു പെണ്‍കുട്ടി. അവളെ സമീപിച്ചവര്‍ അവള്‍ക്കൊപ്പം മുട്ടുകുത്തി പ്രാര്‍ത്ഥിക്കാന്‍ മാത്രം അവളിലെ നന്മ-ദൈവികാംശം പ്രസരിക്കുന്നു. ഇനി തെറ്റിലേക്കില്ല എന്ന തീരുമാനവുമായി അവര്‍ മടങ്ങുമ്പോള്‍ 'ആലയ' ഉടമയും ഒടുവില്‍ തന്റെ 'വില്പനവസ്തു'വിലൂടെ ദൈവത്തെ കണ്ടുമുട്ടുകയാണ്.
മനുഷ്യന്‍ എപ്പോഴും തിന്മയിലേക്ക് ചാഞ്ഞിരിക്കുന്നു എന്നു കൂടെക്കൂടെ ന്യായീകരിച്ച് പാപത്തില്‍ തുടരുന്നവരിലേക്കുകൂടി വെളിച്ചം വീശുന്നു 'അമ്മ'യുടെ 'വെളിച്ചം' എന്ന എഡിറ്റോറിയല്‍.
മനുഷ്യന്‍ നന്മയിലേക്കുതന്നെയാണ് കൂടുതല്‍ ചാഞ്ഞിരിക്കുന്നത് എന്ന് ഊട്ടിയുറപ്പിക്കുന്നതാണ് 'സ്‌നേഹത്താഴ്‌വര'യിലെ 'കുഞ്ഞുപൂക്കള്‍'. സ്‌കൂള്‍ അസംബ്ലി നടക്കുന്നു. കുട്ടികള്‍ ചെയ്ത നന്മപ്രവൃത്തികള്‍ സാക്ഷ്യപ്പെടുത്തുന്നതാണ് രംഗം. പലരും വലിയവലിയ കാര്യങ്ങള്‍ പറഞ്ഞപ്പോള്‍, ഒരാളെ ചിരിച്ചുകാണിച്ചകാര്യമായിരുന്നു ഒരു പത്തുവയസുകാരിക്ക് പറയാനുണ്ടായിരുന്നത്. കേട്ടുനിന്നവര്‍ കൂട്ടച്ചിരിമുഴക്കിയപ്പോള്‍ വൃത്തിഹീനവേഷവുമായി ഒരു യാചകന്‍ അവര്‍ക്കിടയിലെത്തി ആരെയോ തിരഞ്ഞു. കുട്ടികള്‍ അറപ്പോടെ മൂക്കുപൊത്തി മാറിനില്‌ക്കെ ആ പത്തുവയസുകാരി പുഞ്ചിരിച്ചുകൊണ്ട് അയാള്‍ക്കരുകിലേക്കോടിച്ചെന്നു. ഇനി യാചകന്റെ വാക്കുകളില്‍: 'എന്റെ ജീവിതത്തിലെ ഒരേയൊരു നല്ല ദിവസമായിരുന്നു ഇന്നലെ. സകലരാലും വെറുക്കപ്പെട്ട ഞാന്‍ ആത്മഹത്യയ്ക്കുള്ള തീരുമാനവുമായി പോകുമ്പോഴാണ് ഈ കുഞ്ഞിനെ വഴിയില്‍വച്ച് കാണുന്നതും അവള്‍ എന്നെനോക്കി പുഞ്ചിരിക്കുന്നതും. എല്ലാവരും എന്നെ ഭ്രാന്തനെന്നു വിളിക്കുമ്പോള്‍ ഇവള്‍ എന്നെ നോക്കി ചിരിച്ചു. ഇതുമതി എനിക്കു ജീവിക്കാന്‍. മരിക്കാനുള്ള തീരുമാനം മാറ്റി, ഞാന്‍ ജീവിക്കാനുറച്ചു.'
നോക്കൂ ഒരു കൊച്ചുകുഞ്ഞിന്റെ പുഞ്ചിരിയുടെ ശക്തി!! ഇതൊരു കഥയല്ലെന്ന് ഞാനുറച്ചു വിശ്വസിക്കുന്നു. പുഞ്ചിരി നമുക്കുമാത്രമല്ല, മറ്റുള്ളവര്‍ക്കുമുള്ള ഒറ്റമൂലിയാണ്. അതിനാല്‍ നമ്മുടെ കുഞ്ഞുങ്ങളെ, മറ്റുള്ളവര്‍ക്കുനേരെ പുഞ്ചിരിക്കാന്‍ പഠിപ്പിക്കാന്‍ ആഹ്വാനം ചെയ്യുകയാണ് 'കുഞ്ഞാഞ്ഞ.' പുഞ്ചിരി എന്നും മനസുകളെ രൂപാന്തരപ്പെടുത്തിയിട്ടുണ്ട്.
''ഞാന്‍ ഇഷ്ടമുള്ളതെല്ലാം വേണ്ടപ്പോഴൊക്കെ ഭക്ഷിച്ച് സുഖിക്കുന്നു. എന്റെ ഭര്‍ത്താവ് പുല്ലും വെള്ളവും മാത്രം കഴിച്ച് ജീവിക്കുന്നു.'' രോഗിയും വൃദ്ധനുമായ ഭര്‍ത്താവിനെക്കുറിച്ച് ഭാര്യയുടെ തേങ്ങല്‍. 'നല്ലപ്രായ'ത്തില്‍ എല്ലാം കഴിക്കാന്‍ ആരോഗ്യവും ആഗ്രഹവും ഉണ്ടായിരുന്നു. എന്നാല്‍ കഴിക്കാന്‍ ഒന്നും ഉണ്ടായിരുന്നില്ല, അഥവാ ഉണ്ടായിരുന്നെങ്കിലും ഭക്ഷിക്കാതെ മക്കള്‍ക്കുവേണ്ടി സമ്പാദിച്ചു. ഇപ്പോള്‍ എല്ലാം ഉണ്ട്, പക്ഷെ, ഒന്നും കഴിക്കാന്‍ പറ്റില്ല- കൊളസ്‌ട്രോള്‍, ഷുഗര്‍, പ്രഷര്‍... അനേക വാര്‍ദ്ധക്യങ്ങളുടെ നൊമ്പരമാണിത്. 'പുല്ലു തിന്നുന്ന വാര്‍ദ്ധക്യം' എന്ന ലേഖനത്തിലൂടെ പ്രഫ. ജോസഫ് മറ്റം വാര്‍ദ്ധക്യത്തിന്റെ നീറ്റലുകള്‍ ദീപനാളം ജനുവരി 5 ലക്കത്തില്‍ വരച്ചിടുന്നുണ്ട്. വൃദ്ധസദനത്തിലെ സമ്പന്നരായ മാതാപിതാക്കളുടെ വിമ്മിഷ്ടങ്ങളും ഉള്ളിലെ തിക്കുമുട്ടലുകളും, ആഴ്ചയിലൊരിക്കല്‍ കിട്ടുന്ന സ്വാതന്ത്ര്യത്തിന്റെ ആനന്ദവുമെല്ലാം ജീവിതംപോലെ പച്ചയായി അവതരിപ്പിച്ചിട്ടുണ്ട്. സമ്പന്നരുടെ സ്ഥിതി ഇതെങ്കില്‍ ദരിദ്രരായ വൃദ്ധസദനങ്ങളിലെ അന്തേവാസികളുടെ ആത്മനൊമ്പരങ്ങള്‍ എന്തായിരിക്കും?
മാതാപിതാക്കളുടെ ആരോഗ്യത്തില്‍ 'ശ്രദ്ധയും കരുതലു'മുള്ള മക്കള്‍ക്ക് കുടുംബഡോക്ടറുടെ പേരില്‍ കുറിക്കുകൊള്ളുന്നൊരു ഉപദേശവുമുണ്ട്: 'പ്രായമായില്ലേ, (മാതാപിതാക്കള്‍ക്ക്) ഇനിയെങ്കിലും അവര്‍ക്കിഷ്ടമുള്ളതൊക്കെയൊന്ന് കഴിക്കാനനുവദിക്ക്. പിന്നെ ഓര്‍ത്തിട്ടും കാര്യമില്ലല്ലോ..' 'സ്‌നേഹമുള്ള' മക്കളൊന്ന് തിരിച്ചറിഞ്ഞിരുന്നെങ്കില്‍! വൃദ്ധമാതാപിതാക്കള്‍ക്കുവേണ്ടി മക്കളോട് വാദിക്കാന്‍ തയ്യാറായ ജോസഫ്‌സാറിന് നന്ദി.
പരാജയപ്പെട്ടുപോയവരാണോ നിങ്ങള്‍? എല്ലാവരും നിങ്ങളെ പരിഹസിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്നുണ്ടോ? കൂടെനില്ക്കാനോ മനസിലാക്കാനോ ഒരുവന്‍പോലുമില്ലെന്നുണ്ടോ? ദാരിദ്ര്യവും കഷ്ടപ്പാടും വലയ്ക്കുന്നുണ്ടോ? എങ്കില്‍ നിങ്ങളെ അന്വേഷിച്ച് ഒരാള്‍ നടപ്പുണ്ട്. അദ്ദേഹത്തെ കണ്ടെത്തണമെങ്കില്‍ ജനുവരി ലക്കം
കര്‍െമ്മല കുസുമത്തില്‍ ഫാദര്‍ സൈ പഴമ്പിള്ളി സി.എം.ഐ. എഴുതിയ 'പരാതി പറയാതെ ജീവിക്കാന്‍' എന്ന ലേഖനം വായിക്കുക. നിങ്ങളെപ്പോലുള്ളവരെ കണ്ടെത്തുക മാത്രമല്ല, ചില വികൃതികളൊക്കെ അവന്‍ നിങ്ങളെക്കൊണ്ട് ചെയ്യിക്കും. താല്പര്യമുണ്ടെങ്കില്‍ കൂടെക്കൂടിയാല്‍മതി.
രാത്രിമുഴുവന്‍ അദ്ധ്വാനിച്ചിട്ടും പരാജയപ്പെട്ടാലും പിന്നെയും അതുതന്നെ ചെയ്യാന്‍ പറയും.. ആഴത്തിലേക്ക് നീക്കി വലയിറക്കാന്‍. ചെറിയൊരു സാഹസം.. പറ്റുമോ? മറുചോദ്യം ചോദിക്കാതെ അനുസരിച്ചാല്‍ കയ്യില്‍കൊള്ളിക്കാനാകാത്തവിധം സമ്പത്തുതരും. ചിലപ്പോള്‍ പണിയായുധം കത്തിക്കാനോ, ഉപേക്ഷിക്കാനോ ഒക്കെപ്പറഞ്ഞെന്നിരിക്കും. ദാരിദ്ര്യംകൊണ്ട് മരിക്കാന്‍ തീരുമാനിച്ചാല്‍ ഉള്ളതെടുത്ത് പ്രവാചകന് കൊടുക്കാന്‍ പറയും. എന്തു വിഡ്ഢിത്തമല്ലേ? എന്നാല്‍ ആ വിഡ്ഢിത്തം ചെയ്യാന്‍ തയ്യാറായാല്‍ പിന്നെ ഭരണിയിലെ എണ്ണയും കലത്തിലെ മാവും എന്നും നിങ്ങള്‍ക്ക് ബാക്കിയുണ്ടാകും. ക്ഷാമകാലത്ത് നാടുവിടാതെ അവനെ അനുസരിച്ച് പറയുന്നിടത്ത് കൃഷിയിറക്കിയാല്‍ ദരിദ്രരുടെ നാട്ടില്‍ നീ മാത്രം സമ്പന്നനായിരിക്കും. ഇതിനൊക്കെ വികൃതി എന്നുതന്നെയല്ലെ പറയുക? ഒരുകാര്യം ഫാദര്‍ സൈ ഉറപ്പിച്ചുപറയുന്നുണ്ട്:നിങ്ങള്‍ അവന്റെ നിര്‍ദേശമനുസരിച്ച് ഒരു സാഹസത്തിന് മുതിര്‍ന്നാല്‍ പിന്നെയവന്‍ നിങ്ങളെക്കാളുപരി നിങ്ങളുടെ കാര്യത്തില്‍ ശ്രദ്ധാലുവായിരിക്കും. അവന്‍ പറഞ്ഞിട്ട് ചെയ്യുമ്പോള്‍ അവനല്ലെ ഉത്തരവാദിത്തം. അവന്‍ എന്തു (വിഡ്ഢിത്തം?) പറഞ്ഞാലും എടുത്തുചാടിക്കോ, പക്ഷെ, ഈ വിളി ധൈര്യമുള്ളവര്‍ക്കുമാത്രമുള്ളതാണെന്ന് ഫാദര്‍ സൈ വെല്ലുവിളിക്കുന്നുണ്ട്.
'വിടരും മുമ്പേ കൊഴിയുന്ന ബാല്യങ്ങള്‍' എന്ന തലക്കെട്ടില്‍ അഡ്വ. സണ്ണി ചക്കുങ്കല്‍ അപ്‌നാദേശ് ജനുവരി ഒന്നാം ലക്കത്തില്‍ എഴുതിയതിന്റെ ആരംഭം മനസുമുറിയാതെ ആര്‍ക്കും വായിക്കാന്‍ കഴിയില്ല. ഒരു നാലുവയസുകാരിയുടെ മരണവുമായി ബന്ധപ്പെട്ടു ജാമ്യം എടുക്കാനെത്തിയ പത്തുവയസുകാരനുമായുള്ള സംഭാഷണമാണത്. നാലു വയസുകാരി കുളത്തില്‍ വീഴുന്നത് കണ്ടകാര്യം ആരോടും പറയാതിരുന്നതാണ് അവന്‍ ചെയ്ത കുറ്റം. പക്ഷേ, മാധ്യമങ്ങളും സമൂഹവും ബാലികയുടെ കൊലപാതകക്കുറ്റം മാത്രമല്ല, മറ്റുപലതും അവനില്‍ ആരോപിച്ച് പോലീസിലേല്പിക്കുമ്പോള്‍ 'ജാമ്യം' എന്തെന്നുപോലും അറിയാത്ത ആ കുരുന്നും അവന്റെ നിസ്സഹായരായ മാതാപിതാക്കളും ജനമധ്യേ നീറിനില്ക്കുകയല്ലേ? ഇവിടെ വിടരാത്ത ബാല്യം കൊഴിയുകയാണോ കൊഴിക്കുകയാണോ? ഇനി ആ പത്തുവയസുകാരന്റെ ഭാവി? അഡ്വ. സണ്ണി സ്വന്തം അനുഭവം തുറന്നെഴുതിയതുകൊണ്ട് അതുവായിക്കുന്നവരെങ്കിലും കുട്ടിയെ തെറ്റിദ്ധരിക്കാതിരിക്കുമല്ലോ. ആ അഭിഭാഷകന്റെ നല്ല മനസിനെ നമിക്കുന്നു.
ജീവിച്ചിരിക്കുമ്പോള്‍ ജീവനും മരണശേഷം വെളിച്ചവും സുഗന്ധവും അനുഗ്രഹങ്ങളുമെല്ലാം പകരുന്നവരെക്കുറിച്ച് 'അഴുകിപ്പോകാത്ത ശരീരങ്ങള്‍' എന്നപേരില്‍ 'ജീവനും വെളിച്ചവും' മാസികയില്‍ ഫാ. എ.ആര്‍. ജോണ്‍ എഴുതിയിട്ടുണ്ട്. മരിച്ചിട്ടും ശരീരം അഴുകാത്ത, അറിയപ്പെടാത്ത വിശുദ്ധാത്മാക്കളെ പരിചയപ്പെടുമ്പോള്‍ അത്ഭുതംകൊണ്ട് ഹൃദയം ത്രസിക്കും. വിശുദ്ധ ആന്‍ഡ്രൂ ബോബോളയെ പീഡിപ്പിച്ച് ശരീരം മുഴുവന്‍ മുറിവുകളേല്പിച്ചും ശരീരത്തിന്റെ പലഭാഗങ്ങളും മുറിച്ചുമാറ്റിയും രക്തം വാര്‍ത്തിക്കളഞ്ഞു. എന്നിട്ടും മരിക്കാഞ്ഞ് കഴുത്തില്‍ കത്തി കുത്തിയിറക്കിയാണ് കൊലപ്പെടുത്തിയത്. 40 വര്‍ഷങ്ങള്‍ കഴിഞ്ഞ് ശരീരം പുറത്തെടുത്തപ്പോള്‍ ആ വിശുദ്ധന്റെ ശരീരത്തില്‍ നിന്നും രക്തം കിനിയുന്നുണ്ടായിരുന്നു. ഇതുപോലെ മറ്റുപലരെക്കുറിച്ചും.
ഒടുവില്‍ ഫാ. ജോണ്‍ ഒരു ചോദ്യമെറിയുകയാണ് - 'എന്റെ ശരീരം മൃതശരീരമാക്കണോ, അതോ തിരുശേഷിപ്പാക്കണോ?'
Friday, 10 February 2012 13:58
പരാജിതര്‍ക്കു പിന്നാലെ...
Written by ആന്‍സിമോള്‍ ജോസഫ്
Read 168 times
Login to post comments








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.