Tue05222012

Last Updated 22 May 2012:11:40:52 PM IST

RegisterRegister
sub-menu_07sub-menu_01sub-menu_02sub-menu_03sub-menu_04sub-menu_05sub-menu_06



Font Size

Member's Area
Friday, 10 February 2012 14:30

സത്യത്തില്‍ നിന്ന് വ്യതിചലിക്കുമ്പോള്‍

Written by  ജയ്‌മോന്‍ കുമരകം
Rate this item
(2 votes)

സത്യം മറച്ച് വെക്കുന്നതിന്റെയും വളച്ചൊടിക്കുന്നതിന്റെയും കഥകള്‍ക്ക് നടുവിലിരുന്ന് നോക്കുമ്പോഴാണ് നന്മയുടെ കഥകളിലെ സുഗന്ധം നാം തിരിച്ചറിയുന്നത്. പണം നല്‍കിയാല്‍ വ്യാജപ്രസ്താവന നടത്താനും കള്ള സാക്ഷ്യം നല്‍കാനുമൊക്കെ എത്രപേരെ വേണമെങ്കിലും ഇന്ന് കിട്ടും. എന്നാല്‍ എത്ര കാലം സമൂഹത്തെ വഞ്ചിച്ചിങ്ങനെ ജീവിക്കാനാകും?


സാമൂഹ്യതിന്മകളും അക്രമങ്ങളും വഴി എങ്ങനെയും സമ്പത്താര്‍ജിക്കാനുള്ള മനുഷ്യന്റെ തീവ്രശ്രമമാണ് വാര്‍ത്താമാധ്യമങ്ങളിലിപ്പോള്‍ നിറയുന്നത്. അതുകൊണ്ടാകണം സത്യം ന്യായം, നീതി, തുടങ്ങിയവയ്ക്ക് പശ്ചാത്തലമൊരുങ്ങുന്ന സംഭവങ്ങള്‍ അത്യപൂര്‍വ്വമായെങ്കിലും സംഭവിക്കുമ്പോള്‍ അവയ്ക്ക് പ്രാധാന്യമേറുന്നത്.

കഴിഞ്ഞ രണ്ടാഴ്ച മുമ്പ് ആലുവായില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്ത സംഭവം ഇക്കാരണത്താല്‍ മനുഷ്യ സമൂഹത്തിന് ഏറ്റവും അനുഭവപ്രദമായ പാഠമായിരുന്നു. സമൂഹത്തില്‍ നിന്നും സത്യസന്ധത അന്യം നിന്നുപോയില്ലെന്ന തിരിച്ചറിവായിരുന്നു വാര്‍ത്തയുടെ സംഗ്രഹം. ഒരു തരിപൊന്നിനും ഏതാനും ചില്ലിക്കാശിനും വേണ്ടി മനുഷ്യന്‍ മനുഷ്യനെ ഇല്ലാതാക്കുന്ന ഇക്കാലത്ത് അതുകൊണ്ടു തന്നെ ഇത്തരം വാര്‍ത്തയ്ക്ക് സുവര്‍ണ്ണത്തിളക്കമുണ്ട്.
അഞ്ചു ലോട്ടറി ടിക്കറ്റ് വാങ്ങിയെങ്കിലും അതിന്റെ പണം നല്‍കാനില്ലാത്തതുകൊണ്ടാണ് ആലുവാക്കാരന്‍ കണിയാംകുന്ന് പുതുവേലിപ്പറമ്പില്‍ അയ്യപ്പന്‍ അത് കടയുടമ സുരേഷിനെ ഏല്പിച്ച് വീട്ടില്‍ പോയത്. എന്നാല്‍ ഫലം വന്നപ്പോള്‍ അതിലൊന്നിനാണ് ഒന്നാം സമ്മാനമായ ഒരുകോടി നാല്‍പ്പതിനായിരം രൂപ. വിവരം അറിഞ്ഞയുടന്‍ ഭാഗ്യശാലിയെ തേടിപ്പിച്ച് അറിയിച്ചത് കടക്കാരനായ സുരേഷായിരുന്നു. ''ഞാന്‍ വെറും നിമിത്തം. ടിക്കറ്റ് എടുത്തയാളാണ് ഭാഗ്യവാന്‍.'' ആലുവ കിഴക്കേ കടുങ്ങല്ലൂര്‍ കവലയില്‍ നാലു വര്‍ഷമായി ലോട്ടറി വില്‍ക്കുന്ന മാളക്കാരന്‍ വീട്ടില്‍ സുരേഷിന്റെ വാക്കുകളില്‍ സന്തോഷം മാത്രം.
വിദേശത്ത് കൊണ്ടുപോകാമെന്ന് പറഞ്ഞ് പണം വാങ്ങിയ ഏജന്റ് മരിച്ചപ്പോള്‍ പത്തുവര്‍ഷം മുമ്പ് സുരേഷിന് നഷ്ടമായത് അര ലക്ഷം രൂപ യാണ്. അന്യസംസ്ഥാന ലോട്ടറി ടിക്കറ്റ് കച്ചവടത്തില്‍ ഒന്നേകാല്‍ ലക്ഷം രൂപയും ചിലര്‍ തട്ടിച്ചു.

എന്നിട്ടും വില നല്‍കാതെ അയ്യപ്പന്‍ വാങ്ങിയ ലോട്ടറിക്ക് സമ്മാനം അടിച്ചപ്പോള്‍ സുരേഷ് അയാളുടെ നന്മ മാത്രമാണ് കാംക്ഷിച്ചത്. അയ്യപ്പന്റെ വീട്ടിലെത്തി ഈ സന്തോഷവാര്‍ത്ത കൈമാറുമ്പോള്‍ അയാളുടെ നന്മയ്ക്ക് മുന്നില്‍ അയ്യപ്പന്‍ മുട്ടുമടക്കുകയായിരുന്നു.
മാധ്യമങ്ങളിലൂടെ നാമിന്ന് വായിക്കുന്നതെല്ലാം അസന്മാര്‍ഗികതയുടെ കഥകളും ഊതിവീര്‍പ്പിച്ച പീഡനപര്‍വ്വങ്ങളുമാണ്. കുറ്റകൃത്യങ്ങളും കവര്‍ച്ചയും പെരുകുന്നതിന് പിന്നിലും ഇത്തരം കഥകളും വാര്‍ത്തകളും സ്വാധീനം ചെലത്തുമെന്ന് നിസംശയം പറയാം. സമൂഹത്തില്‍ തിളങ്ങി നില്‍ക്കേണ്ട സത്യന്ധതയും നന്മപ്രവൃത്തികളും കുറെയൊക്കെ നഷ്ടപ്പെടുന്നതിനും ഇത് കാരണമാകാം. കവര്‍ച്ചകളെക്കുറിച്ച് അതിഭാവുകത്വം നിറഞ്ഞ റിപ്പോര്‍ട്ടുകളും പോലീസ് അന്വേഷണം വഴിമുട്ടി നില്‍ക്കുന്ന രീതിയിലുള്ള അവതരണവും ചിലപ്പോഴെങ്കിലും മോഷണത്തെക്കുറിച്ചും സാമ്പത്തിക ക്രമക്കേടുകളെകുറിച്ചുമുള്ള ചിന്തയാകും വായനക്കാരില്‍ ഉണര്‍ത്തുന്നത്. അതുകൊണ്ടാണ് മേല്‍പ്പറഞ്ഞ സുരേഷ് ചെയ്ത നന്മ, വാക്കുകള്‍ക്കതീതമാകുന്നത്. അയാളുടെ ഹൃദയത്തിലെ സത്യസന്ധതയുടെ തിരിവെട്ടം അനേകായിരങ്ങളുടെ ഹൃദയത്തിലും നന്മയുടെ മഴപ്പെയ്ത്തിന് കാരണമാകുമെന്ന് ഞാന്‍ കരുതുന്നു.

കഴിഞ്ഞ വര്‍ഷം ജൂലൈ 20ന് മനോരമ ദിനപത്രത്തിന്റെ ഒന്നാം പേജില്‍ ചേര്‍പ്പ് പടിഞ്ഞാട്ടുമുറി ഇരിക്ക്യാലി വീട്ടില്‍ വേണുവിന്റെ ഒരു അനുഭവം പ്രസിദ്ധീകരിച്ചിരുന്നു. മകളുടെ പ്രസവാവശ്യത്തിനായി 2000 രൂപയ്ക്കുവേണ്ടി ഓടി നടന്നിട്ടും റോഡില്‍ക്കിടന്ന് കിട്ടിയ 16,000 രൂപാ അടങ്ങിയ പേഴ്‌സ് തിരിച്ചേല്പിച്ചതായിരുന്നു ആ സംഭവം. പണമില്ലാത്തവന്റെ ദുഖം അറിയുന്ന വേണുവിന്റെ മനസില്‍ പഴ്‌സ് നഷ്ടപ്പെട്ടവന്റെ നിസഹായമുഖമാണ് തെളിഞ്ഞത്. പഴ്‌സുമായി പോലീസ് സ്റ്റേഷില്‍ എത്തിയ അയാള്‍ അത് പോലീസധികൃതരെ ഏല്പിച്ചു. അവര്‍ നടത്തിയ അന്വേഷണത്തില്‍ ഉടമയെ കണ്ടെത്തുകയും പഴ്‌സ് കൈമാറുകയും ചെയ്തു. ദാരിദ്യത്തിന്റെ നടുക്കടലില്‍ ഭാര്യയും മൂന്ന് പെണ്‍മക്കളുമൊപ്പം ജീവിതനൗക തുഴയുന്ന നേരത്തായിരുന്നു ഈ സംഭവം. ഭാര്യ അടുത്തുള്ള വീടുകളില്‍ വീട്ടുജോലിക്ക് പോകുന്നു. മൂത്തമകളെ പ്രസവത്തിനായി ഭര്‍തൃവീട്ടില്‍ നിന്നും കൊണ്ടു വരേണ്ട ചടങ്ങിന്റെ ചിലവിലേക്ക് പണം കണ്ടെത്താനാകാതെ വിഷമിക്കുകയായിരുന്നു വേണു. വീട്ടുചെലവ് കഴിഞ്ഞ് പണം മാറ്റിവെക്കാനില്ലാത്തതിനാല്‍ ആ ചടങ്ങ് തന്നെ മാറ്റിവെക്കേണ്ട സാഹചര്യത്തിലാണ് വേണുവിന്റെ സത്യസന്ധത നാടെങ്ങും വാര്‍ത്തയാകുന്നത്.

സത്യം മറച്ച് വെക്കുന്നതിന്റെയും വളച്ചൊടിക്കുന്നതിന്റെയും കഥകള്‍ക്ക് നടുവിലിരുന്ന് നോക്കുമ്പോഴാണ് മേല്‍പ്പറഞ്ഞ കഥകളിലെ സുഗന്ധം നാം തിരിച്ചറിയുന്നത്. രാഷ്ട്രീയപ്രവര്‍ത്തകര്‍ വിളിച്ച് പറയുന്ന അസത്യത്തിന്റെ വാഗ്‌ധോരണികള്‍ നമ്മുടെ കാതടപ്പിക്കുന്നു. പൊതുഖജനാവില്‍ നിന്നും കോടികള്‍ മോഷ്ടിക്കുകയും എന്നാല്‍ ജനങ്ങള്‍ക്ക് മുന്നില്‍ സത്യസന്ധത ചമയുകയും ചെയ്യുന്നവരെക്കുറിച്ചാണ് എവിടെയും സംസാരം. രാഷ്ട്രീയക്കാരന്‍ എന്നാല്‍ അഴിമതിക്കാരന്‍ എന്ന അര്‍ത്ഥംപോലും ലഭിച്ചിരിക്കുന്നു. പണം നല്‍കിയാല്‍ വ്യാജപ്രസ്താവന നടത്താനും കള്ള സാക്ഷ്യം നല്‍കാനുമൊക്കെ എത്രപേരെ വേണമെങ്കിലും ഇന്ന് കിട്ടും.

എന്നാല്‍ എത്ര കാലം സമൂഹത്തെ വഞ്ചിച്ചിങ്ങനെ ജീവിക്കാനാകും? ഇത്തരത്തില്‍ അസത്യത്തിലും അഴിമതിയിലും കഴിയുന്ന വ്യക്തികള്‍ക്ക് ജീവിതത്തില്‍ അരക്ഷിതത്വവും നിരാശയുമല്ലേ ബാക്കിയുണ്ടാകുക?

ഇറ്റലിയിലെ മിലാനിലുള്ള 'ബാങ്കോ അംബ്രോസിയാനോ' എന്ന അന്തര്‍ദേശീയ ബാങ്കിന്റെ അധ്യക്ഷനായിരുന്നു റോബെര്‍ട്ടോ കല്‍വിയുടെ അനുഭവം അതാണ് ചൂണ്ടക്കാട്ടുന്നത്. ഒരു സാധാരണ ജീവനക്കാരാനായാണ് അയാള്‍ ജോലിയില്‍ പ്രവേശിച്ചതെങ്കിലും 1974 ആയപ്പോഴേക്കും ബാങ്കിന്റെ അധ്യക്ഷ സ്ഥാനത്തെത്തി. അക്കാലത്ത് ബാങ്കിന്റെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. കോടിക്കണക്കിന് ഡോളര്‍ ബാങ്കില്‍ നിക്ഷേപമായി എത്തിയതോടെ കല്‍വിയുടെ മനസില്‍ അഴിമതി ചിന്ത ഉണര്‍ന്നു. ബാങ്കിലെ വലിയൊരു നിക്ഷേപത്തുക തന്റെ പേരില്‍ വിദേശത്തേക്ക് അയാള്‍ കടത്തി. അതോടെ കല്‍വിയുടെ ജീവിതത്തിലും താളം തെറ്റിത്തുടങ്ങി. സ്വന്തം സുരക്ഷിതത്വത്തിന് മാത്രം പത്ത് ലക്ഷം ഡോളറാണ് അദ്ദേഹം പിന്നീട് നീക്കിവെച്ചത്.

ഇറ്റാലിയന്‍ ഗവണ്മന്റ് കല്‍വിയുടെ പ്രവര്‍ത്തനങ്ങളെ സംശയാസ്പദമായി വീക്ഷിക്കുകയും അധികം വൈകാതെ അദ്ദേഹം കുറ്റക്കാരനെന്ന് കണ്ടെത്തുകയും ചെയ്തു. നാല് വര്‍ഷത്തെ തടവിന് വിധിച്ച അദ്ദേഹം ജാമ്യമെടുത്ത് പുറത്ത് വന്ന ഉടന്‍ കള്ള പാസ്‌പോര്‍ട്ടില്‍ ഓസ്ട്രിയായിലേക്കും പിന്നീട് ലണ്ടനിലേക്കും പോയി. എന്നാല്‍ സര്‍ക്കാര്‍ അന്വേഷണം തുടരുന്നു എന്ന് തിരിച്ചറിഞ്ഞതോടെ അദ്ദേഹം തെംസ് നദിക്ക് കുറുകെയുള്ള പാലത്തിന് താഴെ കെട്ടിത്തൂങ്ങി മരിച്ചു.

സത്യസന്ധരല്ലാതെ ജീവിക്കുന്ന വ്യക്തികള്‍ സമൂഹത്തിന് മുന്നില്‍ മാന്യത ചമയുമെങ്കിലും സത്യം പുറത്തറിയുമെന്ന ഭയം അവരെ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കും. പാശ്ചാത്യ രാജ്യങ്ങളിലെ ജനങ്ങള്‍ വളരെ സത്യസന്ധരായിട്ടാണ് അറിയപ്പെടുന്നത്. ഏത് പ്രതിസന്ധിഘട്ടത്തിലും അവര്‍ സത്യം മുറുകെപ്പിടിക്കുന്നു. അസത്യം പറഞ്ഞാലും മോഷ്ടിച്ചാലും ആരും അറിയില്ല എന്ന് കരുതി അങ്ങനെചെയ്യുന്നവര്‍ ഇറാനിലെ ജഡ്ജിയും മതപണ്ഡിതനുമായിരുന്ന ഒസ്താദ് ഇലാഹിയുടെ അനുഭവം കൂടി കേള്‍ക്കുക.

കൊറാമാബാദ് എന്ന പട്ടണത്തില്‍ അറ്റോര്‍ണി ജനറലായി ഇലാഹി സേവനം ചെയ്യുന്ന കാലം. അവിടെ ധനികനായിരുന്ന ഒരു വ്യാപാരിയുണ്ടായിരുന്നു. ആ വ്യാപാരിയുടെ സഹോദരന്‍ അക്കാലത്താണ് മരിച്ചത്. മരിച്ചുപോയ സഹോദരന്റെ മക്കള്‍ക്ക് കിട്ടേണ്ട സമ്പത്ത് തട്ടിയെടുക്കാന്‍ വ്യാപാരി ശ്രമിച്ചു. ഇതറിഞ്ഞ ഇലാഹി നടപടിയെടുക്കാന്‍ തുനിഞ്ഞപ്പോള്‍ വ്യാപാരി രഹസ്യമായി ഒരു വലിയ തുക ജഡ്ജിക്ക് നല്‍കിക്കൊണ്ട് പറഞ്ഞു: ''പ്രഭോ.. ഇത് എന്റെ ചെറിയ ഒരു സമ്മാനമായി കരുതിയാല്‍ മതി. നമ്മള്‍ രണ്ട് പേരും മാത്രമേ ഇക്കാര്യം അറിയൂ.'' അതുകേട്ടപ്പോള്‍ ഇലാഹി സ്വരമുയര്‍ത്തി. അദ്ദേഹം പറഞ്ഞു: ''ഇവിടെ നമ്മള്‍ രണ്ട് പേരും മാത്രമേയുള്ളൂ എന്ന് നിങ്ങളോടാരാണ് പറഞ്ഞത്. എല്ലാം കാണുന്ന ദൈവത്തിന്റെ കണ്ണുകളെ നിങ്ങള്‍ക്ക് മൂടി കെട്ടാനാകുമോ?'' അതുകേട്ട് വ്യാപാരിയുടെ നാവിറങ്ങിപ്പോയി. ദൈവം കാണുന്നുണ്ടെന്ന് തിരിച്ചറിയുന്ന വ്യക്തിക്ക് അധര്‍മ്മം പ്രവര്‍ത്തിക്കാനാവില്ല.
അസത്യവും അഴിമതിയും അനീതിയും പെരുകുന്ന ഇക്കാലങ്ങളില്‍ ക്രിസ്തു നല്‍കുന്ന സത്യത്തിന്റെ മാര്‍ഗം പിന്തുടരുക എന്നുള്ളതാണ് ക്രെസ്തവന്റെ ധര്‍മ്മം. 'നുണ പറഞ്ഞ് ദൈവത്തെ കബളിപ്പിക്കാന്‍ നിനക്ക് കഴിയുമോ?' എന്ന സെന്റ് പീറ്ററിന്റെ ചോദ്യമാണ് അനനിയാസിന്റെയും സഫീറയുടെയും മരണത്തില്‍ കലാശിച്ചത്. ദൈവം നമ്മുടെ ജീവിതത്തിലേക്ക് ഉറ്റു നോക്കിയിരിക്കുന്നുവെന്ന തിരിച്ചറിവുണ്ടെങ്കില്‍ നമുക്കൊരിക്കലും അസത്യത്തിലേക്ക് നോക്കാനാവില്ല. സത്യമാണ് നമ്മുടെ ജീവിതത്തെ ബലപ്പെടുത്തുകയും വ്യക്തിത്വത്തിന് അസ്ഥിവാരം നല്‍കുകയും ചെയ്യുന്നത്. ക്രൈസ്തവന്‍ ഇക്കാര്യം മറക്കരുത്.

This e-mail address is being protected from spambots. You need JavaScript enabled to view it

നുണയുടെ ഫലം
അപ്പൂപ്പന്‍ ഉണ്ണിക്കുട്ടനോട്: ''നീ ഉസ്‌കൂളീ ചെല്ലാതിരുന്നിട്ട് ടീച്ചര്‍ നിന്നെത്തിരക്കി ഇങ്ങ്ട്ട് വരുന്നുണ്ട്... വേഗം എന്റെ കട്ടിലിനടീക്കേറി ഒളിച്ചോ.....''
ഉണ്ണി: ''ന്നാ.. അപ്പൂപ്പന്‍ കേറി അവിടെ ഒളിച്ചോ.... അപ്പൂപ്പന്‍ മരിച്ചുപോയീന്ന് പറഞ്ഞാ ഞാന്‍ അവധിയെടുത്തത്...''

Login to post comments

Sunday Shalom

sunday-h1
The weekly newspaper in malayalam

Shalom Times

times-h1
Monthly Spiritual Malayalam Magazine

Shalom Tidings

tidings-h1
Bi monthly spritual magazine in english

Shalom Television

shalom-tv-h1
Gods own channel from Kerala

SIMS

sims
Shalom Institute of Media Science

Dedication to Mother Mary

mother-maryHail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.

Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen.

Mary, Mother of God, pray for all Shalom initiatives.