Tue05222012

Last Updated 22 May 2012:11:40:52 PM IST

RegisterRegister
sub-menu_07sub-menu_01sub-menu_02sub-menu_03sub-menu_04sub-menu_05sub-menu_06



Font Size

Member's Area
Saturday, 28 January 2012 16:13

മൊബൈല്‍ ഫോണ്‍ വില്ലനാകുമ്പോള്‍...

Written by  ജയ്‌മോന്‍ കുമരകം
Rate this item
(0 votes)

വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഏകാന്തതയാണ് മനുഷ്യനെ വീര്‍പ്പുമുട്ടിച്ചിരുന്നത്. ആരെങ്കിലും അടുത്തുണ്ടായിരുന്നെങ്കില്‍ എന്നാഗ്രഹിക്കാത്തവര്‍ അന്ന് ചുരുക്കം. എന്നാലിന്ന്, മൊബൈല്‍ ഫോണുണ്ടെങ്കില്‍ മനുഷ്യന് ആരെയും വേണ്ട എന്നായിരുന്നു.


ഇന്ന് പലര്‍ക്കും മൊബൈല്‍ ഫോണ്‍ എന്നത്
വായു, ജലം, പാര്‍പ്പിടം എന്നതുപോലെ അത്യന്താപേക്ഷിതമായിരിക്കുന്നു. വീട് നിര്‍മ്മിക്കാന്‍ വെള്ളം കിട്ടാത്ത ഭൂമി വാങ്ങുന്നവര്‍ പോലും മൊബൈലിന് റേഞ്ചുണ്ടല്ലോ എന്നാണ് ആശ്വസിക്കുന്നത്. ഒരര്‍ത്ഥത്തില്‍ തിരക്ക് പിടിച്ച ആധുനിക യുഗത്തില്‍ നിന്നും മൊബൈലിനെ പടികടത്തുക പ്രയാസകരമാണ്. എന്നാല്‍ അതേസമയം അനേകം കുടുംബങ്ങളെ കണ്ണീരിലാഴ്ത്തുന്ന വില്ലനായി മൊബൈല്‍ ഫോണ്‍ മാറി എന്ന യാഥാ ര്‍ഥ്യത്തെ തമസ്‌കരിക്കരുത്. എത്രയോ കുഞ്ഞുങ്ങളാണ് മൊബൈലിനെ കൂട്ടുപിടിച്ച് ഒടുവില്‍ അരുതായ്മകളിലേക്ക് വീഴുന്നത്. നുണ പറയാനും ഇഷ്ടപ്പെട്ട കൂട്ട് കൂടി, തോന്നും പോലെ ജീവിക്കാനും മൊബൈലുകള്‍ പലര്‍ക്കും പ്രേരണയാകുന്നു.

സുഹൃത്തായ ഒരു കൗണ്‍സിലറാണ് ഹണിയെക്കുറിച്ച് (യഥാര്‍ത്ഥ പേരല്ല) എന്നോട് പറയുന്നത്. മൊബൈല്‍ ഫോണ്‍ കുഞ്ഞുങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു എന്നെഴുതുമ്പോള്‍ ഹണിയുടെ കാര്യം കൂടി പ്രതിപാദിക്കുന്നത് അനേകം പേര്‍ക്ക് അനുഗ്രഹമെന്ന് തോന്നിയതുകൊണ്ട് കുറിക്കുന്നു.

പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് ഹണിക്ക് അവളുടെ പപ്പാ ആകര്‍ഷകമായ മൊബൈല്‍ ഫോണ്‍ സമ്മാനിക്കുന്നത്. ഇടക്കെല്ലാം മകളെ വിളിക്കാമല്ലോ എന്നാണ് ശുദ്ധ ഹൃദയനായ അവളുടെ പപ്പാ കരുതിയത്. ഒരു ദിവസം തീര്‍ത്തും യാദൃച്ഛികമായി അവളുടെ ഫോണിലേക്ക് ഒരു കോള്‍ വന്നു. വീണയെ അന്വേഷിച്ച് വിളിച്ച രജനീഷ് ആയിരുന്നു അത്. വീണയല്ല താനെന്ന് പറഞ്ഞ് ഹണി ഫോണ്‍ കട്ട് ചെയ്യാനൊരുങ്ങുമ്പോള്‍
അയാള്‍ ക്ഷമാപണത്തോടെ അവളുടെ പേരും പഠിക്കുന്ന ക്ലാസും തിരക്കി. അയാളുടെ സ്വരത്തിലെ മാന്യതയും സംഭാഷണചാതുരിയും അവള്‍ക്കിഷ്ടമായി.
പിറ്റേന്നും രജനീഷ് വിളിച്ചു. അയാള്‍ കുറേ സമയം അവളോട് സംസാരിച്ചു. പ്രമുഖ നഗരത്തിലെ പ്രശസ്ത സ്ഥാപനത്തിലെ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറാണെന്നാണ് അയാള്‍ പരിചയപ്പെടുത്തിയത്. വീണ അയാളുടെ ബന്ധത്തിലുള്ള ഒരു പെണ്‍കുട്ടിയാണെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു. ഇതൊക്കെ അയാളിലേക്ക് അവളെ കൂടുതല്‍ അടുപ്പിക്കുകയായിരുന്നു. തുടര്‍ന്നുളള രണ്ട് ദിവസം അതേ സമയത്ത് തന്നെ അയാള്‍ വിളിക്കുകയും കൂടുതല്‍ താല്പര്യത്തോടെ ഹണിയോട് പഠനകാര്യങ്ങളും മറ്റും സംസാരിക്കുകയും ചെയ്തു. പപ്പാ തിരിച്ചറിയാതിരിക്കാന്‍ അവള്‍ രജനീഷിന്റെ നമ്പര്‍ സേവ് ചെയ്തത് രജനി എന്ന പേരിലാണ്. സ്ഥിരമായി വിളിച്ച് കൊണ്ടിരുന്ന രജനീഷ് ഒരു ദിവസം വിളിക്കാതായപ്പോള്‍ അവളുടെ ഹൃദയത്തില്‍ വല്ലാത്ത വീര്‍പ്പുമുട്ടല്‍ തോന്നി. ഏറെ നേരം ആലോചിച്ചിട്ട് അവള്‍ തന്നെ അയാളെ വിളിച്ചു.(യഥാര്‍ത്ഥത്തില്‍ അവള്‍ തന്റെ വലയില്‍ കുരുങ്ങിയോ എന്നറിയാനുള്ള അവന്റെ തന്ത്രമായിരുന്നു ആ നിശബ്ദത.)

പതുക്കപ്പതുക്കെ ഹണിയുടെ ജീവിതത്തില്‍ നിര്‍ണായക ഘടകമായി രജനീഷ് മാറുകയായിരുന്നു. പഠനത്തിലുള്ള അവളുടെ ശ്രദ്ധ കുറഞ്ഞു. വീട്ടില്‍ വന്നാലുടന്‍ അവള്‍ മുറിയില്‍ കയറി വാതിലടയ്ക്കും. ഫോണെടുത്ത് രജനീഷ് അയച്ച മെസേജുകള്‍ വായിക്കും. രാത്രിയില്‍ അവളുടെ മുറിയില്‍ വളരെ വൈകിയാണ് ലൈറ്റ് അണയുന്നതെന്നും അവള്‍ ആരോടോ അടക്കിപ്പിടിച്ച് സംസാരിക്കുന്നുവെന്നും മാതാപിതാക്കള്‍ മനസിലാക്കി. അതെക്കുറിച്ച് അവളോട് ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞത് പരീക്ഷയ്ക്ക് പഠിക്കേണ്ട പാഠങ്ങളെക്കുറിച്ച് കൂട്ടുകാരി രജനിയോട് ചോദിച്ച് മനസിലാക്കുകയാണെന്നാണ്. അവള്‍ ബാത്‌റൂമില്‍ കയറിയപ്പോള്‍ മമ്മി അവളുടെ ഫോണെടുത്ത് പരിശോധിച്ചു. ശരിയാണ്, രജനിയാണ് വിളിച്ചത്. രാത്രി 10 മുതല്‍ 11.50 വരെ. അതോടെ മകളോടുള്ള സംശയമത്രയും മാതാപിതാക്കളില്‍ നിന്നും മാറി. എന്നാല്‍ പരീക്ഷയില്‍ അവളുടെ മാര്‍ക്ക് വളരെ കുറഞ്ഞത് മാതാപിതാക്കളെ ആശങ്കാകുലരാക്കി. ഇടയ്ക്ക് ചില ദിവസങ്ങളില്‍ അവള്‍ ക്ലാസില്‍ വരാത്തതെന്തെന്ന് അധ്യാപകര്‍ ചോദിക്കുമ്പോഴാണ് സംഭവം അതിരൂക്ഷമെന്ന് അവളുടെ പപ്പായ്ക്ക് ബോധ്യമാകുന്നത്.
വീട്ടിലെത്തിയ പപ്പാ കുപിതനായിരുന്നു. അയാള്‍ അവളെ കഠിനമായി ശിക്ഷിച്ചു. അപ്പോഴാണ് അവളില്‍ നിന്നും ഞെട്ടിക്കുന്ന ചില വിവരങ്ങള്‍ കൂടി അദ്ദേഹം അറിയുന്നത്. രജനീഷ് അവളുടെ ജീവിതം ഇതിനോടകം നശിപ്പിച്ച് കഴിഞ്ഞിരുന്നു. ഒരു സിനിമാ തിയേറ്ററില്‍ താല്കാലികാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന അയാള്‍ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണത്രേ. രജനീഷ് എന്നത് അയാളുടെ യഥാ ര്‍ത്ഥ പേരല്ല. നിരവധി പോലീസ് കേസുള്ള പിതാംബരന്റെ ഡ്യൂപ്ലിക്കേറ്റ് പേരായിരുന്നു അത്. പെണ്‍കുട്ടികളെ നശിപ്പിക്കുകയും അതെല്ലാം രഹസ്യമായി ഷൂട്ട് ചെയ്ത് ഇന്റര്‍നെറ്റില്‍ പരസ്യപ്പെടുത്തുകയും ചെയ്യുന്ന ഗൂഢസംഘത്തിലെ അംഗമായിരുന്നു പീതാംബരന്‍.

മൊബൈല്‍ ഫോണും ടവറും ഉയര്‍ത്തുന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചല്ല ഇനി നാം ചര്‍ച്ച ചെയ്യേണ്ടത്. ഇതിനോടകം ഒരുപാട് തവണ നാമത് സംസാരിച്ചുകഴിഞ്ഞു. എന്നാല്‍ മൊബൈല്‍ ഫോണ്‍ ആത്മീയജിവിതത്തിലും അനേകരുടെ കുടുംബജീവിതത്തിലും വില്ലനായി മാറുന്നുവെന്ന കാര്യം നാം നിസാരവത്കരിക്കു ന്നു. ഇതൊക്കെ ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞ് നാം കൈകഴുകുന്നു. എന്നാല്‍ ഇതൊക്കെയും ഒറ്റപ്പെട്ടതാണോ?

കുറ്റിപ്പുറത്ത് ഒരു യുവാവിനെത്തേടി പലദിവസങ്ങളിലായി മൂന്നോ നാലോ യുവതികള്‍ ബസ് കയറിയെത്തിയത് നാട്ടുകാരെ അത്ഭുതപ്പെടുത്തിയിരുന്നു. ഫോണില്‍ മധുരമായി സംസാരിച്ച ആ യുവാവിനൊപ്പം ഒന്നിച്ച് ജീവിക്കാന്‍ വീട്ടില്‍ നിന്നും ഒരുങ്ങി ഇറങ്ങിയവരായിരുന്നു ഈ യുവതികളത്രയും. ഏത് യുവാവ്? എന്ത് യുവാവ്? എന്നൊന്നും ഇവര്‍ക്ക് അറിയില്ല. മൊബൈല്‍ ശബ്ദം മാത്രം കേട്ട് പ്രണയിച്ചവരാണ് അവര്‍. ഒടുവില്‍ നാട്ടുകാര്‍ പോലീസ് സഹായത്തോടെ പെണ്‍കുട്ടികളെ വീട്ടിലെത്തിച്ചു. ഇതുപോലെ മിസ്ഡ് കോളില്‍ തുടങ്ങിയ പല ബന്ധങ്ങളും ഒടുവില്‍ എല്ലാ ബന്ധനങ്ങളും തകര്‍ത്തെറിയുന്ന കഥകള്‍ അടുത്ത കാലത്ത് ധാരാളമായി പ്രചരിക്കുന്നു.

മൊബൈല്‍ കാമുകനെയും കൂട്ടി തൃശൂരില്‍ നിന്നും ഇടുക്കിയിലേക്ക് ടൂറുപോയ പെണ്‍കുട്ടിയെ നാം മറക്കാനിടയില്ല. നാട്ടുകാരുടെ സമയോചിത ഇടപെടല്‍ കൊണ്ട് പെണ്‍കുട്ടി നാട്ടില്‍ മടങ്ങിയെത്തിയെന്ന് മാത്രം.
പത്തനംതിട്ടയില്‍ ഭാര്യയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവിനെ പ്രേരിപ്പിച്ചത് ഭാര്യയുടെ മൊബൈല്‍ പ്രണയമാണ്. ഭര്‍ത്താവ് ഉറങ്ങിക്കഴിയുമ്പോള്‍ ഭാര്യ മൊബൈലില്‍ സന്ദേശങ്ങള്‍ ടൈപ് ചെയ്യുകയും ആര്‍ക്കോ അയക്കുകയും ചെയ്യുന്നത് ഉറക്കം നടിച്ച് കിടന്ന ഭര്‍ത്താവ് കണ്ടെത്തി. അവളറിയാതെ ആ സന്ദേശം വായിച്ചതോടെ അയാളുടെ ജീവിതത്തിന്റെ താളംതെറ്റി. ഭാര്യ എന്തൊക്കെയോ തന്നില്‍ നിന്നും മറയ്ക്കാന്‍ ശ്രമിക്കുന്നു എന്ന തോന്നല്‍ അയാളില്‍ കത്തിപ്പടര്‍ന്നു. അവസാനം അത് കൊലപാതകത്തില്‍ അവസാനിച്ചു. ആത്മീയരംഗത്ത് പ്രശോഭിച്ചിരുന്ന പല വ്യക്തികളുടെയും ജീവിതം തകര്‍ത്തത് മൊബൈല്‍ ഫോണാണ്. സ്‌നേഹം നടിച്ച് പലരും വിളിച്ചു, മണിക്കൂറുകളോളം സംസാരിച്ചു. കുടുംബ ബന്ധത്തേക്കാള്‍ താല്പര്യം അങ്ങനെ ഫോണ്‍ ബന്ധങ്ങളായി. പ്രാര്‍ത്ഥന കുറഞ്ഞു. ആത്മീയാനുഷ്ഠാനങ്ങളിലുള്ള ശ്രദ്ധയും നഷ്ടപ്പെട്ടു. ക്രമേണ ജീവിതം തരിപ്പണമായി മാറി.

ഫോണിനൊപ്പം ക്യാമറാകൂടി ചേര്‍ത്ത് വെച്ചതോടെയാണ് മനുഷ്യന്റെ സ്വകാര്യത നഷ്ടമാകുന്നത്. സ്ത്രീകളുടെ ടോയിലറ്റും വസ്ത്രം മാറുന്ന സ്ഥലങ്ങളും ഹോട്ടല്‍ മുറിയുമെല്ലാം വളരെ സൂക്ഷിക്കണം. എവിടെയെങ്കിലും ഒരു മൊബൈല്‍ കണ്ണ് നിരീക്ഷിക്കുന്നുണ്ടാകും. വാഹനാപകടങ്ങളില്‍ മനുഷ്യന്‍ രക്തത്തില്‍ പിടഞ്ഞ് ഞെളിപിരികൊള്ളുമ്പോള്‍ മൊബൈല്‍ ക്യാമറകളല്ലേ ആദ്യം ഉണരുന്നത്? വേദനിക്കുന്നവന്റെ മുഖഭാവം കണ്ട് ആനന്ദലബ്ധിയടയുന്ന നിലയിലേക്ക് നാം താഴ്ന്നുപോയിരിക്കുന്നു.

മൊബൈല്‍ഫോണ്‍ പ്രചരിക്കുന്നതിന് മുമ്പ് നാം ബന്ധങ്ങള്‍ കുറെക്കൂടി തീവ്രമായി സൂക്ഷിച്ചിരുന്നില്ലേ? അത്യാവശ്യം വേണ്ടുന്ന ഫോണ്‍ നമ്പറുകള്‍, ഓഫീസ് വിലാസങ്ങള്‍ ഇതൊക്കെയും നാം ഓര്‍മ്മയില്‍ സൂക്ഷിച്ചു. എന്നാലിപ്പോള്‍ എല്ലാം മൊബൈലിനെയാണ് നാം ഏല്പിക്കുന്നത്.അവനൊന്ന് പണിമുടക്കിയായാല്‍ ജീവിതം പോലും കൈവിട്ടുപോകുന്നതാണ് സ്ഥിതി.
ഫോണ്‍ ഉപേക്ഷിക്കാമെന്ന് വെക്കുന്നത് മൗഢ്യമാണ്. ഇതിനൊരു പരിഹാരവുമല്ല. എന്നാല്‍ ചില നിയന്ത്രണങ്ങള്‍ അടിയന്തിരമായി ഏര്‍പ്പെടുത്തണം. ഫോണ്‍സംസാരം പരിമിതപ്പെടുത്തുക എന്നതാണ് ഏറ്റവും അടിയന്തിരാവശ്യം.

ടെലി കമ്മ്യൂണിക്കേഷന്‍സിന്റെ നിര്‍ദ്ദേശപ്രകാരം 16 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കരുതെന്നാണ് വ്യവസ്ഥ. ഇക്കാര്യത്തില്‍ മാതാപിതാക്കളും നിര്‍ബന്ധബുദ്ധിയുള്ളവരാകണം. കുട്ടികള്‍ക്ക് എന്തിനാണ് ഫോണ്‍? ജോലി സമയം കഴിഞ്ഞ് വീട്ടിലെത്തിയാല്‍ മാതാപിതാക്കളും ഫോണിന് വിശ്രമം കൊടുക്കുക. കുട്ടികളുമായി ഹൃദയം തുറന്നിടപെടുക. ഭാര്യാഭര്‍ത്താക്കന്മാര്‍ തുറവിയുള്ളവരാണെങ്കില്‍ ഭാര്യക്കും ഭര്‍ത്താവിനും വരുന്ന കോളുകളെക്കുറിച്ചും വിളിക്കാന്‍ സാധ്യതയുള്ള വ്യക്തികളെക്കുറിച്ചും പരസ്പരം അറിഞ്ഞിരിക്കണം. സൈബര്‍ കുറ്റകൃത്യങ്ങള്‍ ഓരോവര്‍ഷവും പെരുകുന്നു. പ്രത്യേകിച്ചും മൊബൈല്‍ഫോണ്‍ വഴിയുള്ളത്. ഉദാഹരണത്തിന് 2009 ല്‍ 52 സൈബര്‍ക്കേസുകളാണ് ആലപ്പുഴ ജില്ലയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ 2010ല്‍ അത് 5668 ആയി ഉയര്‍ന്നു. പാലക്കാട് 1507 (2009) ല്‍ നിന്നും 20,969(2011) ആയിട്ടാണ് ഉയര്‍ന്നത്. ഇതൊക്കെയും കാണിക്കുന്നത് കുറ്റവാളികളും കുറ്റകൃത്യങ്ങളും പെരുകുന്നു എന്നല്ലേ?
സംഗ്രഹിച്ച് പറയട്ടെ, മൊബൈല്‍ഫോണ്‍ ഏറെ ശ്രദ്ധിച്ചും സൂക്ഷിച്ചും ഉപയോഗിക്കുകയും ഉപയോഗിക്കാന്‍ മറ്റുള്ളവരോട് സ്‌നേഹപൂര്‍വ്വം നിര്‍ദേശിക്കുകയും ചെയ്യുക. ഇതാണ് ഏക പരിഹാരം.

മൊബൈലിന്റെ ഗുണം
കുട്ടികളുടെ വാര്‍ഷികപരീക്ഷക്ക് ടൈംടേബിള്‍ നല്‍കുകയായിരുന്നു ജോണിക്കുട്ടി സാര്‍. എല്ലാവരും കുത്തിയിരുന്ന് ബുക്കില്‍ എഴുതിയപ്പോള്‍ ഉണ്ണിക്കുട്ടന്‍ മൊബൈല്‍ ഫോണെടുക്കുന്നത് കണ്ട് സാര്‍ ചോദിച്ചു.
''എന്താടാ.. നീ മൊബൈല്‍ ഫോണെടുക്കുന്നത്?''
ഉണ്ണി: ''പരീക്ഷാദിവസം മറക്കാതിരിക്കാന്‍ റിമൈന്‍ഡറ് വെച്ചതാ എന്റെ സാറേ...''

 email: This e-mail address is being protected from spambots. You need JavaScript enabled to view it

 

Login to post comments

Sunday Shalom

sunday-h1
The weekly newspaper in malayalam

Shalom Times

times-h1
Monthly Spiritual Malayalam Magazine

Shalom Tidings

tidings-h1
Bi monthly spritual magazine in english

Shalom Television

shalom-tv-h1
Gods own channel from Kerala

SIMS

sims
Shalom Institute of Media Science

Dedication to Mother Mary

mother-maryHail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.

Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen.

Mary, Mother of God, pray for all Shalom initiatives.