2012 ജനുവരി രണ്ടിന് മലയാളത്തിലെ പ്രധാന പത്രങ്ങളില്ലൊം പ്രസിദ്ധീകരിച്ച രണ്ട് വാര്‍ത്തകള്‍ ഉദ്ധരിക്കാം.
ആദ്യ വാര്‍ത്ത എറണാകുളത്തു നിന്നാണ്. കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും കാമുകനും അറസ്റ്റിലായി എന്നാരംഭിക്കുന്നു ഈ വാര്‍ത്ത. സംഭവമിങ്ങനെ:
എറണാകുളത്ത് സ്വകാര്യ തുണിക്കടയില്‍ സെയില്‍സ്മാനായിരുന്നു പോള്‍. ഭാര്യ വീട്ടമ്മയായ സജിത. ഇവര്‍ക്ക് 12 ഉം എട്ടും പ്രായമുള്ള രണ്ട് പെണ്‍മക്കള്‍. ഭര്‍ത്താവിന്റെ ബന്ധുവായ ഒരു പെണ്‍കുട്ടിയുടെ വിവാഹാവശ്യത്തിന് നല്‍കിയ പരസ്യമാണ് യു.കെ.യില്‍ കുടുംബസമേതം താമസിക്കുന്ന ടിസനുമായി സജിത പരിചയപ്പെടാനിടയായാകുന്നത്. പരിചയം അധികം വൈകാതെ അതിരുവിട്ട ബന്ധത്തിലേക്ക് കടന്നു. ഭര്‍ത്താവായ പോളിനെ എങ്ങനെയെങ്കിലും ഇല്ലാതാക്കിയാല്‍ ഒന്നിച്ച് താമസിക്കാമെന്നായി പിന്നീട് ഇരുവരുടെയും ചിന്ത. പോളിനെ ചതിയില്‍പ്പെടുത്തി വധിക്കാനുള്ള ഉപായങ്ങള്‍ ഓരോന്നായി അവര്‍ പ്ലാന്‍ ചെയ്ത് തുടങ്ങി.
പതിവുപോലെ ജോലികഴിഞ്ഞ് മടങ്ങിയെത്തിയ ഭര്‍ത്താവിന് നല്‍കിയ അത്താഴവിരുന്നില്‍ അമിതഡോസില്‍ ഉറക്കഗുളിക പൊടിച്ച് ചേര്‍ത്ത് നല്‍കുകയാണ് ഭാര്യ. അമിത ഡോസിലായതിനാല്‍ അധികം വൈകാതെ ഭര്‍ത്താവ് മരിക്കുമെന്ന് സജിതയും മുറിക്ക് പുറത്ത് കാത്തുനിന്ന ടിസണും വിചാരിച്ചു. എന്നാല്‍ അവരുടെ പ്രതീക്ഷകളെ അസ്ഥാനത്താക്കി പോള്‍ കൂര്‍ക്കം വലിച്ചുറങ്ങുന്നതാണ് അവര്‍ കണ്ടത്. അതോടെ രോഷാകുലരായ ഇരുവരും ചേര്‍ന്ന് കഴുത്തില്‍ തോര്‍ത്ത് മുറുക്കിയും തലയണ മുഖത്തമര്‍ത്തിയും പോളിന്റെ മരണം ഉറപ്പാക്കി.
തുടര്‍ന്ന് സജിത മുന്‍കൂട്ടി പ്ലാന്‍ ചെയ്ത നാടകം ആരംഭിക്കുകയായി. ഭര്‍ത്താവ് ഉറക്കത്തില്‍ മരിച്ചെന്ന് ഉറക്കെ കരഞ്ഞുകൊണ്ട് നാട്ടുകാരെയും ബന്ധുക്കളെയും അറിയിച്ചു. പോലീസ് ഉദ്യോഗസ്ഥരെത്തിയതോടെ സംഭവത്തിന് നിറംമാറി. ആദ്യഘട്ടത്തില്‍ ഉറക്കത്തിലാണ് ഭര്‍ത്താവ് മരിച്ചതെന്നാണ് സജിത പോലീസിനോട് പറഞ്ഞത്. എന്നാല്‍ പോളിന്റെ കഴുത്തില്‍ കണ്ട പാടിനെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദിച്ചതോടെ കിടപ്പുമുറിയിലെ വെന്റിലേറ്ററില്‍ ഭര്‍ത്താവ് തൂങ്ങിമരിച്ചു നില്‍ക്കുന്നത് കണ്ടെന്നും മറ്റുള്ളവരോട് പറയാനുള്ള മടി കൊണ്ട് പറഞ്ഞില്ല എന്നൊക്കെയാണ് അവള്‍ വിശദീകരിച്ചത്. പക്ഷേ, തെളിവുകളുടെ അടിസ്ഥാനത്തില്‍ പോലീസ് നിരന്തരം ചോദ്യം ചെയ്തതോടെ സത്യം മുഴുവന്‍ വളച്ചുകെട്ടില്ലാതെ സജിതയ്ക്ക് പറയേണ്ടി വന്നു.
ഭര്‍ത്താവിനെയും കുഞ്ഞുങ്ങളെയും കുടുംബാംഗങ്ങളെയും നാട്ടുകാരെയുമെല്ലാം വഞ്ചിച്ച ഭാര്യയുടെ കഥ അങ്ങനെ നാടൊട്ടുക്ക് മാധ്യമങ്ങളിലൂടെ അറിഞ്ഞു.
ഇനി നമ്മുക്ക് ഇതേ ദിവസത്തെ രണ്ടാമത്തെ വാര്‍ത്തയിലേക്ക് പോകാം. താമരശേരിയിലെ ഒരു മുസ്ലീം കുടുംബത്തില്‍ നിന്നാണിത്. ജീവിതയാത്രയില്‍ തോളോട് തോള്‍ ചേര്‍ന്ന ദമ്പതികള്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ അന്ത്യയാത്രയായി എന്നാണ് വാര്‍ത്തയുടെ ലീഡ്. 57 കാരനായ കാക്കവയല്‍ പരമ്പന്‍ മുഹമ്മദ് കൂട്ടി ഹാജിയും 53 കാരി പാത്തുക്കുട്ടിയും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചതാണ് ഉള്ളടക്കം.
നാട്ടുകാര്‍ക്കിടയില്‍ ഉത്തമ ദമ്പതികളായി അറിയപ്പെടുന്നവരായിരുന്നു മുഹമ്മദ് കുട്ടിയും പാത്തുക്കുട്ടിയും. സല്‍ക്കാര വേളയിലും മാര്‍ക്കറ്റിലും പൊതുചടങ്ങിലും എന്നുവേണ്ട ഭര്‍ത്താവിന്റെ നിഴല്‍ പോലെ തൊട്ടടുത്ത് ഭാര്യയുണ്ടായിരിക്കും. വാഹനത്തിലും വഴിയിലും അയല്‍പക്കത്തും രണ്ട് പേരെയും ഒരുമിച്ച് മാത്രമേ നാട്ടുകാര്‍ കണ്ടിട്ടുള്ളൂ.അന്ത്യയാത്രയിലും അവര്‍ വേര്‍പെട്ടില്ല. ഭര്‍ത്താവിന്റെ ആകസ്മിക വേര്‍പാടില്‍ മനംനൊന്തിരുന്ന ഭാര്യ പാത്തുക്കുട്ടി ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചപ്പോള്‍ നാടിന് അതൊരു അസാധാരണവാര്‍ത്തയായി. വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തിലാണ് ഇരുവരുടെയും കബറടക്കം നടന്നത്.
ദാമ്പത്യബന്ധത്തിന്റെ കെട്ടുറപ്പുകളെക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്നതാണ് ഈ രണ്ട് സംഭവങ്ങളും. എന്നാല്‍ പല ദാമ്പത്യബന്ധങ്ങളുടെ കെട്ടുറപ്പും ചില സജിതമാരും ടിസണ്‍മാരും ചേര്‍ന്ന് പൊട്ടിച്ചെറിയുന്നു. അവയ്ക്ക് മുഹമ്മദ് കുട്ടിയുടെയും പാത്തുക്കുട്ടിയുടെയും സ്‌നേഹബന്ധത്തിന്റെ ആഴവും പരപ്പും ഉണ്ടായിരുന്നെങ്കില്‍, നമ്മുടെ കുടുംബങ്ങളിലൂടെ ദൈവസ്‌നേഹത്തിന്റെ അഗ്നി നാടൊട്ടുക്ക് പരന്ന് ഒഴുകുമായിരുന്നു. മരണം വരെ സുഖത്തിലും ദുഃഖത്തിലും സന്തോഷത്തിലുമെല്ലാം ഒന്നിച്ചായിരിക്കുമെന്ന് വിവാഹനാളില്‍ പ്രതിജ്ഞ ചെയ്യുന്നവരാണ് നാം. എന്നാല്‍ ചെറിയ പ്രതികൂലങ്ങളില്‍ പോലും ഒന്നിച്ച് നില്‍ക്കാനോ അവയോട് പൊരുത്തപ്പെടാനോ തയ്യാറാകാന്‍ ഇന്ന് പലര്‍ക്കും കഴിയുന്നില്ല. അതാണല്ലോ ബൈക്ക് ആക്‌സിഡന്റില്‍ പരിക്കേറ്റ ഭര്‍ത്താവിന്റെ കാലിന്റെ മുറിവുണങ്ങും മുമ്പ് ഭാര്യ മറ്റൊരാള്‍ക്കൊപ്പം പോയി എന്ന വാര്‍ത്ത നാടൊട്ടുക്ക് പരക്കുന്നത്. സഭയുടെ വിവാഹക്കോടതിയിലും സിവില്‍ക്കോടതിയിലും മറ്റും നിസാര പ്രശ്‌നങ്ങളുടെ പേരില്‍ ദാമ്പത്യം വലിച്ചെറിയാന്‍ കാത്ത് നില്‍ക്കുന്നവരുടെ എണ്ണമേറുന്നുവെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. ഇങ്ങനെയുള്ള ദാമ്പത്യ ശിഥിലതയില്‍ നിന്നും ജന്മമെടുക്കുന്ന കുഞ്ഞുങ്ങള്‍ ദൈവത്തിനും മനുഷ്യര്‍ക്കും പ്രീതികരമായി ജീവിക്കുമെന്ന് നാം കരുതുന്നുണ്ടോ?
ദമ്പതികള്‍ ശരീരം കൊണ്ടെന്നപോല്‍ മനസുകൊണ്ടും ഒന്നാകണമെന്നാണ് ദൈവം ആഗ്രഹിക്കുന്നത്. എന്നാല്‍ ദാമ്പത്യബന്ധം ശരീരത്തിനും ലൈംഗികതയ്ക്കും മാത്രം പ്രാധാന്യം നല്‍കുന്നതാണ് ഇന്ന് ദമ്പതികള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലൂവിളി. ദാമ്പത്യബന്ധത്തിന്റെ പൂര്‍ണ്ണതയായി ദൈവം നല്‍കിയ ലൈംഗികത ഏറ്റവും വലിയ വിപണനകേന്ദ്രമായി ഇന്ന് മാറിയിരിക്കുന്നു. ഇന്റര്‍നെറ്റിലെ ചില സൈറ്റുകളില്‍ 'സുന്ദരിയായ ഭാര്യയെ വില്‍ക്കാനുണ്ട്' എന്ന പരസ്യങ്ങള്‍ ധാരാളമാണ്. ദൂരെയെങ്ങുമല്ല, നമ്മുടെ സ്വന്തം നാട്ടില്‍ നിന്നുള്ള പരസ്യങ്ങളാണ് പലതും. പല വിവാഹങ്ങളും കരാര്‍ വിവാഹമായി മാറിയിരുന്ന പാശ്ചാത്യ സംസ്‌കാരത്തിന്റെ പ്രതിഫലനം ഇപ്പോള്‍ നമ്മുടെ കുടുംബങ്ങളിലേക്കും പടര്‍ന്ന് തുടങ്ങിയിരിക്കുന്നു എന്നുള്ളതിന് തെളിവല്ലേ ഇത്. ഭാര്യയും ഭര്‍ത്താവും തമ്മില്‍ കശപിശ ശക്തമായാല്‍ വിവാഹമോചനം മാത്രമേ പരിഹാരമാകൂ എന്നാണ് പിന്നെ ഇരു കൂട്ടരുടെയും നിലപാട്. ദൈവത്തെ സാക്ഷിയാക്കി വിവാഹിതരാകുന്ന ദമ്പതികള്‍ക്ക് വിവാഹമോചനം വളരെ എളുപ്പത്തില്‍ സാധ്യമാണോ?
കോടതി ഇനി വിവാഹമോചനം അംഗീകരിച്ചാലും ഇതിന്റെ മാനസികാഘാതം വളരെക്കാലം പങ്കാളികളെ വേട്ടയാടിക്കൊണ്ടിരിക്കും. വിവാഹമോചനം എങ്ങനെയാണ് വ്യക്തികളുടെ മനസിനെയും ശരീരത്തെയും ബാധിക്കുന്നതെന്ന് ഈ രംഗത്ത് പഠനം നടത്തിയ ഫ്രാങ്കോയ്‌സ് റോഷെയും റെയ്മന്‍ ഫ്രന്‍സും വെളിപ്പെടുത്തുന്നുണ്ട്. 64 ദമ്പതികളെയും അത്ര തന്നെ വിവാഹമോചിതരെയും വ്യക്തിപരമായി കണ്ട് സംസാരിച്ചാണ് അവരുടെ മനോനിലയും ആരോഗ്യനിലയും ഇവര്‍ പഠനവിഷയമാക്കിയത്. വിവാഹമോചിതരില്‍ ഭൂരിപക്ഷവും വിവിധ മാനസികപ്രശ്‌നങ്ങള്‍ക്കൊപ്പം കരളിനെ ബാധിക്കുന്ന ചില മാരകരോഗങ്ങള്‍ക്കും അടിമകളായതായി ഇവര്‍ കണ്ടെത്തിയിരുന്നു. മാനസികനിലയിലുണ്ടാകുന്ന തകരാറുകള്‍ മൂലം വാഹനാപകടങ്ങളും ആത്മഹത്യകളും ക്ഷയം പോലുള്ള സുഖപ്പെടാത്ത ആരോഗ്യ പ്രശ്‌നങ്ങളും ഇവര്‍ അഭിമുഖീകരിക്കേണ്ടി വരുന്നു.
യുവദാമ്പത്യങ്ങള്‍ ഇഴപൊട്ടുന്നതിന് ഒരു കാരണമായി കൗണ്‍സിലര്‍മാര്‍ പറയുന്നത് സംശയരോഗമാണ്. ഭാര്യയ്ക്ക് ഭര്‍ത്താവിനെയും ഭര്‍ത്താവിന് ഭാര്യയെയും സംശയമാണ്. കാരണങ്ങള്‍ ഒന്നും ഉണ്ടായിരിക്കില്ല. എങ്കിലും എടുപ്പിലും നടപ്പിലുമൊന്നും പങ്കാളിയെ വിശ്വസമില്ല. ജോലി കഴിഞ്ഞ് മടങ്ങി വരുമ്പോള്‍ പൂമുഖ വാതില്‍ അടഞ്ഞ് കിടന്നാല്‍ ഭര്‍ത്താവിന്റെസംശയം അവള്‍ക്കൊപ്പം കാമുകനെങ്ങാനും അകത്തുണ്ടോയെന്നാണ്. അതുകൊണ്ട് വടക്കുനോക്കിയന്ത്രം സിനിമയിലെ ശ്രീനിവാസന്റെ കഥാപാത്രം പോലെ, അയാള്‍ പതുങ്ങി വരുന്നു. വീടിന് പിന്നില്‍ ചെവിയോര്‍ക്കുന്നു. ഭര്‍ത്താവിന്റെ രോഗത്തെക്കുറിച്ച് മനസിലാക്കുന്ന ഭാര്യ വീടിന്റെ വാതിലുകള്‍ തുറന്നിട്ടാലും അതും നല്ല രീതിയിലായിരിക്കില്ല അയാള്‍ കാണുന്നത്. 'ഇന്ന് അവള്‍ ഞാന്‍ വരില്ലെന്ന് കരുതി കാമുകന് വേണ്ടി വാതില്‍ മലര്‍ക്കെ തുറന്നിട്ടിരിക്കുന്നു എന്നാകും അയാളുടെ നിരീക്ഷണം. അതിനാല്‍ ഇതൊക്കെയും ഗൗരവമായി കാണുകയും വേണ്ടുന്ന ചികിത്സ ഇരുവരും കൂടി കണ്ടെത്തുകയും ചെയ്യേണ്ടത് അനിവാര്യമാണ്.
ഭര്‍ത്താവ് ഒരിക്കലും തന്നെ വഞ്ചിക്കുകയില്ലെന്ന് ഭാര്യ വിശ്വസിക്കുന്നു. നേരെ തിരിച്ചും. അതുകൊണ്ടുതന്നെ ജോലി സ്ഥലത്തോ യാത്രയ്ക്കിടയിലോ ഉണ്ടാകുന്ന ചെറിയ ദുരനുഭവങ്ങള്‍പോലും ഇരുകൂട്ടരും തുറന്ന് പറയണം. രഹസ്യമായി സൂക്ഷിക്കുകയും ഒറ്റയ്ക്ക് കൈകാര്യം ചെയ്യുവാന്‍ ശ്രമിക്കുകയും ചെയ്യുന്നത് ദാമ്പത്യബന്ധത്തില്‍ പിന്നീട് കല്ലുകടിയായി മാറും. പലപ്പോഴും ദാമ്പത്യബന്ധത്തി ല്‍ ചെറിയ വിള്ളലുകള്‍ രൂപപ്പെട്ട് വന്ന് ചേരാനാകാത്ത വിധം വലിയ വിടവുകളായി മാറുമ്പോള്‍ മാത്രമാണ് ബന്ധുക്കള്‍ പോലും അറിയുന്നത്. അപ്പോഴേക്കും അടുത്ത് നില്‍ക്കാനാകാത്ത വിധം അവര്‍ മനസുകൊണ്ടും ശരീരം കൊണ്ടും അകന്നുപോയിരിക്കും. ചെറിയ അസ്വാരസ്യങ്ങള്‍ ഉടന്‍ പരിഹരിച്ച് കൂടുതല്‍ സ്‌നേഹത്തിലും ഐക്യത്തിലും മുന്നോട്ട് പോകുക എന്നതാണ് പരിഹാരം.
ദാമ്പത്യ ജീവിതത്തിലേക്ക് പ്രവേശിക്കുന്നവര്‍ ജീവിത പങ്കാളിയോടുള്ള സമര്‍പ്പണത്തില്‍ തെല്ലും കുറവ് വരുത്തരുത്. പരസ്പരമുള്ള ബന്ധം നഷ്ടപ്പെട്ടു എന്നു തോന്നിയാല്‍ ഉടന്‍ ദമ്പതികള്‍ ഒരുമിച്ച് കൗ ണ്‍സിലറെ കാണണം. സംസാരിക്കണം. ചിലപ്പോള്‍ പലതവണ കൗണ്‍സിലറെ കാണേണ്ടി വരും. പ്രശ്‌ന പരിഹാരം സാധ്യമാകുന്നതുവരെ ശ്രമിക്കുക.
കുടുംബത്തെക്കുറിച്ചും ദാമ്പത്യബന്ധത്തിന്റെ പവിത്രതയെക്കുറിച്ചും ശരിയായ രീതിയില്‍ മനസിലാക്കാത്തതുകൊണ്ടാണ് എല്ലാ പൊരുത്തക്കേടുകളും സംഭവിക്കുന്നത്. കുടുംബമെന്നത് ദൈവിക പ്രവര്‍ത്തനത്തിന്റെ ഫലദായമായ വേദിയാണെന്ന ബോധ്യം ദമ്പതികള്‍ക്കുണ്ടാകണം.
പ്രശസ്ത ആംഗലേയസാഹിത്യകാരനായ നഥാനിയേല്‍ ഹോത്രോണിനെക്കുറിച്ച് കേള്‍ക്കാത്തവരുണ്ടാകില്ല. നിസാര കാരണത്താല്‍ അദ്ദേഹം ജോലിയില്‍ നിന്നും പിരിച്ചുവിടപ്പെട്ടു. ദുഃഖിതനായി വീട്ടിലെത്തിയ ഹോത്രോണിനെ സഹധര്‍മ്മിണി സോഫിയാ സ്വീകരിച്ചു, അയാളെ ആശ്വസിപ്പിച്ചു. അവള്‍ പറഞ്ഞു: ''നിങ്ങള്‍ ജോലിയെക്കുറിച്ചോര്‍ത്ത് വിഷമിക്കരുത്. മനസ് മടുക്കാതെയിരുന്ന് നിങ്ങളുടെ ഭാവനയ്ക്കനുസരണം ഒരു നോവലെഴുതി നോക്കൂ.... നല്ല സാഹിത്യഭാവനയുള്ള വ്യക്തിയല്ലേ നിങ്ങള്‍...''ഭാര്യയുടെ പ്രചോദനാത്മകമായ വാക്കുകള്‍ നഥാനിയേലിനെ സ്വാധീനിച്ചു. അങ്ങനെ ഭാര്യയുടെ സ്‌നേഹത്തിലും പരിചരണത്തിലും പിറന്ന കൃതിയാണ് വിശ്വ വിഖ്യാതമായ 'സ്‌കാര്‍ലെറ്റ് ലെറ്റര്‍'. എന്നാല്‍ ലിയോ ടോള്‍സ്റ്റോയിയുടെ ഭാര്യ സോഫിയായാകട്ടെ ഭര്‍ത്താവിന്റെ സാഹിത്യജീവിതത്തോട് കടുത്ത എതിര്‍പ്പും നീരസവുമാണ് പ്രകടിപ്പിച്ചത്. ഭാര്യയുടെ ഈ നിസഹകരണ മനോഭാവം മൂലം ജീവിത സായാഹ്നത്തില്‍ അദ്ദേഹം റെയില്‍വേസ്റ്റേഷനില്‍ കിടന്ന് നരകയാതന അനുഭവിച്ച് മരിക്കുകയായിരുന്നു. ഭര്‍ത്താവ് ഭാര്യയ്ക്കും ഭാര്യ ഭര്‍ത്താവിനും പ്രചോദനമായി മാറണം. അപ്പോള്‍ മക്കളും നന്മയുടെ പാഠങ്ങള്‍ കുടുംബത്തില്‍ നിന്ന് പഠിക്കും.
ദാമ്പത്യബന്ധങ്ങള്‍ എന്നും ഊഷ്മളമായി നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ പങ്കാളിയെ സ്‌നേഹിക്കുകയും മനസിലാക്കുകയും ചെയ്യുക. എല്ലാ പ്രശ്‌നങ്ങള്‍ക്കും ഇത് മാത്രമാണ് പോംവഴി.
നിസാരകാര്യവും വഴക്കും
ഏത് കാര്യത്തിനും പരസ്പരം വഴക്ക് കൂടുന്നവരായിരുന്നു നവദമ്പതികളായ തോമസും അന്നയും. ഒരു പ്രബന്ധം എഴുതുന്നതിന് വേണ്ടി ഭാര്യയോട് തോമസ് സംശയം ചോദിച്ചു''എ.ഡി. എത്രാം നൂറ്റാണ്ടിലാ പോര്‍ച്ച്ഗീസുകാര്‍ ഭാരതത്തിലെത്തിയത്?''
ടി,വിയില്‍ ശ്രദ്ധിച്ചിരുന്ന ഭാര്യ പെട്ടെന്ന് നെറ്റി ചുളിച്ചു. ''എന്നെ എടീ പോടീന്ന് വിളിക്കരുതെന്ന് എന്റെ ഡാഡി എത്ര തവണ നിങ്ങളോട് പറഞ്ഞിട്ടുണ്ട്....''
Friday, 20 January 2012 14:12
ദമ്പതിമാരേ, ഇതിലേ ഇതിലേ...
Written by ജയ്‌മോന്‍ കുമരകം
Read 265 times
Login to post comments








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.