Tue05222012

Last Updated 22 May 2012:11:40:52 PM IST

RegisterRegister
sub-menu_07sub-menu_01sub-menu_02sub-menu_03sub-menu_04sub-menu_05sub-menu_06



Font Size

Member's Area
Monday, 09 January 2012 15:45

പുതുവര്‍ഷ ചിന്തകള്‍

Written by  ജയ്‌മോന്‍ കുമരകം
Rate this item
(1 Vote)

2012 ലാണ് നമ്മളിപ്പോള്‍. നമ്മുടെ ജീവിതത്തില്‍ കുെറക്കൂടി പ്രത്യാശ പകരുന്നതായിരിക്കട്ടെ ഈ പുതുവര്‍ഷം. പോയ വര്‍ഷം തിരുത്താന്‍ കഴിയാതിരുന്നതും നിറവേറ്റാതിരുന്നതും പൂര്‍ത്തീകരിക്കാന്‍ ഈ പുതുവര്‍ഷം സഹായകരമായിരിക്കട്ടെ. ഇഴപൊട്ടിയ ബന്ധങ്ങള്‍ ദൃഢപ്പെടുത്താനും മുറിവേറ്റ മനസുകളില്‍ സൗഖ്യം പകരുവാനും നമുക്ക് ഈ വര്‍ഷം സാധിക്കട്ടെ. 2011 ല്‍ വന്ന് ഭവിച്ച വീഴ്ചകളും തളര്‍ച്ചകളും പരിഹരിക്കപ്പെടാന്‍ കഴിയുന്നത് പുതുവര്‍ഷത്തിലാണെന്നുള്ളത് മറക്കാതിരിക്കുക. വര്‍ഷാന്ത്യം വരെ ഈ 'ഹാപ്പി ന്യൂ ഇയറിന്റെ' സന്തോഷം നില നിര്‍ത്തണമേയെന്ന് പ്രാര്‍ത്ഥിക്കാം.

വില്യം മെയ്ക്ക് പീസ് താക്കറെ എന്ന ഗ്രന്ഥകര്‍ത്താവ് പറയുന്നതുപോലെ 'ഏറ്റവും വലിപ്പമുള്ള ഒരു കണ്ണാടിയായി ലോകത്തെ കാണുക. ആര് മുഖം നോക്കുന്നുവോ അവന്റെ മുഖം തന്നെ ഈ കണ്ണാടിയില്‍ പ്രതിഫലിക്കുന്നു. ദേഷ്യത്തോടെ നോക്കിയാല്‍ ലോകവും നമ്മെ അങ്ങനെ നോക്കും. മന്ദസ്മിതമാണ് നമ്മുടെ മുഖത്തെങ്കില്‍ തൂമന്ദഹാസം ലോകം തിരികെ തരും...'' നാം വിതയ്ക്കുന്നതേ കൊയ്‌തെടുക്കൂ. കൊടുക്കുന്ന അളവ് പാത്രം കൊണ്ടേ നമ്മുക്ക് അളന്ന് തരൂ. നന്മ വിതയ്ക്കാനും പരസ്പരം സ്‌നേഹം നല്‍കാനും പുതുവര്‍ഷം വഴിയൊരുക്കട്ടെ.

പോയവര്‍ഷത്തിന്റെ ചെപ്പില്‍ സൂക്ഷിച്ച ചില മന്ദസ്മിതങ്ങളും കുറച്ച് പരിഭവങ്ങളും കുറിക്കട്ടെ. 2012 ല്‍ ആര്‍ക്കെങ്കിലും ഇത്തിരിവെട്ടം പകര്‍ന്ന് ലഭിച്ചെങ്കിലെന്ന പ്രാര്‍ത്ഥനയോടെ.
***********
കോഴിക്കാട് ജില്ലയിലെ പേരാമ്പ്ര ടൗണിലെ മത്സ്യ മാര്‍ക്കറ്റില്‍ കണ്ടൊരു കാഴ്ച. ദൂരെ ഏതോ നാട്ടില്‍ നിന്നെത്തിയ നാടോടികള്‍ റോഡരികിലിരുന്ന് താളാത്മകമായി ചെണ്ടകൊട്ടുന്നു. ചുറ്റും ജനക്കൂട്ടം. അപ്പോഴാണ് കൗതുകം പകര്‍ന്നൊരു കാഴ്ച. മദ്യപിച്ച് ലക്കുകെട്ട നാട്ടുകാരിലൊരാള്‍ ഉടുതുണി ഉപേക്ഷിച്ച് ജനമധ്യത്തില്‍ ആ താളത്തിനൊത്ത് ഉറഞ്ഞാടുന്നു. മദ്യപന്റെ നൃത്തം കണ്ട് ജനം ആര്‍ത്ത് ചിരിക്കുന്നു, കൂവിയാര്‍ക്കുന്നു. ചുറ്റും കൂടിയ ജനക്കൂട്ടത്തിന് പിന്നിലായി ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ വിളറിയ മുഖം. ആരോ അവനോട് അടക്കം പറയുന്നു. 'നിന്റെ അപ്പനല്ലേടാ ഈ 'പാമ്പ്'. അവന്റെ മുഖത്ത് വരിഞ്ഞുമുറുകിയ വേദന. കണ്ണുകളില്‍ നനവ്. ആ പിഞ്ചു മുഖം മനസില്‍ നിന്നും മാഞ്ഞു പോകുന്നില്ല.

മദ്യപന്മാര്‍ ചുറ്റും വിളയാടുമ്പോള്‍ അവരുടെ മക്കളുടെ ഇത്തരം നിസഹായ മുഖങ്ങള്‍ ആരും കാണുന്നില്ല. ഓരോ വര്‍ഷവും മദ്യക്കുപ്പികളെ മുറുകെപ്പുണരുന്ന യുവജനങ്ങളുടെ എണ്ണം കൂടുന്നുവെന്ന് കണക്കുകള്‍. വെറുതെ തമാശയ്ക്ക് ആരംഭിച്ച് ഒടുവില്‍ മദ്യത്തെ കയ്യൊഴിയാനാവാത്തവര്‍. ഈ പുതുവര്‍ഷത്തില്‍ മദ്യത്തിന്റെ കരാളഹസ്തങ്ങളില്‍ വീണുപോയ കുടുംബങ്ങളുടെ നൊമ്പരം മാറ്റാന്‍ എങ്ങനെ കഴിയുമെന്ന് ചിന്തിക്കണം. നമ്മുടെ നാട്ടിലോ അയല്‍പക്കത്തോ ഇത്തരത്തിലുള്ള കുടുംബങ്ങളുണ്ടെങ്കില്‍ അവര്‍ക്കായി പ്രാര്‍ത്ഥിക്കാനെങ്കിലും കഴിയില്ലേ?
***********
ബൈക്ക് ആക്‌സിഡന്റില്‍ പരിക്കേറ്റ് കിടക്കയില്‍ വിശ്രമിക്കുന്ന കോട്ടയം സ്വദേശിയെ കാണാന്‍ പോയതാണ് മറക്കാനാകാത്ത മറ്റൊരു അനുഭവം. ശരീരമാകെ തളര്‍ന്ന് കിടക്കയില്‍ കഴിയുകയാണ് അദ്ദേഹം. പരസഹായമില്ലാതെ ഒന്നും ചെയ്യാനാവില്ല. എന്നിട്ടും പ്രത്യാശയും സന്തോഷവുമാണ് ആ മുഖത്ത് പ്രതിഫലിക്കുന്നത്. ആ രോഗശയ്യയില്‍ക്കിടന്ന് അയാള്‍ ലോകത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു. വീട്ടുകാര്യങ്ങളും മക്കളുടെ പഠനകാര്യങ്ങളും അന്വേഷിക്കുന്നു. ബന്ധുക്കളെയും സന്ദര്‍ശകരെയും സന്തോഷത്തോടെ സ്വീകരിക്കുന്നു. നിര്‍ജീവമായിപ്പോയ വിരലുകള്‍ ഒരു പ്രത്യേക ഉപകരണ സഹായത്തോടെ ചേര്‍ത്ത് പിടിച്ച് എഴുതുന്നു. വിശ്വസവും പ്രത്യാശയും നല്‍കി എല്ലാവരെയും തിരിച്ചയക്കുന്നു.

ദൈവത്തില്‍ ആശ്രയിക്കുവര്‍ക്ക് മാത്രമേ ജീവിതത്തെ ഇങ്ങനെ പ്രത്യാശയോടെ നോക്കാനാകൂ. അവരുടെ ജീവിതത്തിലും പ്രതിസന്ധി ഉണ്ടാകുമെങ്കിലും അവര്‍ പതറുകയോ പിന്‍മാറുകയോ ചെയ്യുന്നില്ല. ദൈവവചനം ഓര്‍മ്മിപ്പിക്കുന്നു:' ദൈവത്തില്‍ ആശ്രയിക്കുന്നവര്‍ വീണ്ടും ശക്തി പ്രാപിക്കും. അവര്‍ കഴുകന്മാരെപ്പോലെ ചിറകടിച്ചുയരും. അവര്‍ ഓടിയാലും ക്ഷീണിക്കില്ല. നടന്നാല്‍ തളരുകയുമില്ല.'' (ഏശ. 40. 31) നിരാശ അവരെ പിടികൂടാന്‍ അവര്‍ അനുവദിക്കില്ല. കാരണം ദൈവസാമീപ്യം അവരെ ശക്തിപ്പെടുത്തുന്നു. പ്രത്യാശയാണ് അവരുടെ ജീവിതമുദ്ര. ഈ പുതുവര്‍ഷം പ്രത്യാശയോടെ മുന്നേറാനും മറ്റുള്ളവരില്‍ പ്രതീക്ഷ പകരാനും നമ്മെ സഹായിക്കട്ടെ.
***********
കറിയാച്ചേട്ടന്‍ കൃഷിക്കാരനാണ്. നന്നായി അധ്വാനിക്കും. അദ്ദേഹത്തെ കാണാനെത്തുമ്പോഴെല്ലാം പറമ്പില്‍ കിളയ്ക്കുകയോ വാഴയ്ക്ക് വളമിടുകയോ പശുക്കളെ പരിപാലിക്കുകയോ ഒക്കെയായിരിക്കും. പണം വളരെ ചുരുക്കി വിനിയോഗിക്കുന്ന വ്യക്തിയെന്നാണ് നാട്ടുകാരെല്ലാവരും അയാളെ വിശേഷിപ്പിക്കുന്നത്. അനാവശ്യമായി പണം നഷ്ടപ്പെടുത്തുന്ന ഒരു പ്രവൃത്തിയും അദ്ദേഹം ചെയ്യില്ല. എന്നാല്‍ ക്രിസ്മസോ വിശേഷാവസരങ്ങളോ വരുമ്പോള്‍ കറിയാച്ചനെ ശ്രദ്ധിക്കണം. വീട്ടില്‍ പത്രം കൊണ്ടു വരുന്ന പയ്യന്‍, റബ്ബര്‍ വെട്ടുകാരന്‍, പശുവിനെ കറക്കുന്ന വ്യക്തി, മീന്‍കാരന്‍, പറമ്പില്‍ പണിയെടുക്കുന്നവര്‍, വിറക് കീറുന്നവര്‍, അലക്ക്കാരന്‍, വീട്ടില്‍ സഹായിക്കുന്നവര്‍ ഇവര്‍ക്കെല്ലാം രഹസ്യമായി കറിയാച്ചന്റെ വക സമ്മാനം ഉണ്ടാകും. കൊടുക്കുന്ന കറിയാച്ചനും മേടിക്കുന്ന വ്യക്തിയും മാത്രമേ ഇക്കാര്യം അറിയൂ.
മറ്റുള്ളവരെ കാണിച്ച് സഹായം കൈമാറാനും അവര്‍ക്കിടയില്‍ 'ഔദാര്യശീലന്‍' എന്ന് അറിയപ്പെടാനുമാണ് ഇന്ന് എല്ലാവര്‍ക്കും താല്പര്യം. ഒരു കിലോ അരി സാധു സ്ത്രീകള്‍ക്ക് നല്‍കി അതിന്റെ ഫോട്ടോയെടുത്ത് പത്ര ഓഫീസുകളിലേക്ക് ഓടുന്ന ഔദാര്യവാന്മാരുണ്ട്. അങ്ങനെ ചെയ്യുന്നവരെ ഫരിസേയരെന്നല്ലാതെ എന്ത് വിളിക്കും? നാം എന്ത് ചെയ്യുന്നു എന്നതിനേക്കാള്‍ പ്രാധാന്യം അത് എന്തിന് വേണ്ടി ചെയ്യുന്നു എന്നുള്ളതാണ്. നമ്മുടെ മനോഭവമനുസരിച്ചാണ് നാം നല്‍കുന്ന സമ്മാനങ്ങള്‍ക്ക് മൂല്യമേറുന്നത്. 2012 നിശബ്ദമായി സഹായിക്കാനുള്ള അവസരമായിരിക്കട്ടെ. സഹായം സ്വീകരിക്കുന്നതിനേക്കാള്‍ നിശബ്ദമായി നല്‍കാകാനുള്ള കൃപ നല്‍കണമേയെന്നായിരിക്കട്ടെ നമ്മുടെ പ്രാര്‍ത്ഥന.
***********
പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിനുള്ള ഒരുക്കം നടക്കുന്ന സമയം. ടെക്‌സ്റ്റൈല്‍ ഷോറൂമുകളില്‍ കുട്ടികളുടെ വെളുത്ത വസ്ത്രം തേടി എത്തുന്ന മാതാപിതാക്കളുടെ തിരക്ക്. കുട്ടിയുടെ ഡ്രസ് വാങ്ങാന്‍ സമ്പന്നവ്യക്തികള്‍ ആഡംബര വാഹനത്തിലെത്തുന്നു. അവര്‍ക്കായി മേശപ്പുറം മുഴുവന്‍ വിലപിടിച്ച വെളുത്തവസ്ത്രങ്ങള്‍ വാരിവിതറുന്ന സെയില്‍സ്മാന്‍മാര്‍. ഓരോ തുണിത്തരങ്ങള്‍ക്കും തീവില. എന്നിട്ടും വാങ്ങാനെത്തുന്നവരുടെ കണ്ണുകളില്‍ തൃപ്തിയില്ല. കുറേക്കൂടി വിലപിടിച്ചതുണ്ടോ? എന്ന മട്ടില്‍ അവര്‍ അകത്തെ കണ്ണാടിക്കൂട്ടിലേക്ക് നോക്കുന്നു. 'സ്വയം ഇല്ലാതായവനെ' മക്കളുടെ ഹൃദയത്തിനുള്ളിലേക്ക് പറിച്ച് നടാന്‍ മാതാപിതാക്കളുടെ മഹോന്നത സമര്‍പ്പണം.

എന്നാല്‍ ആള്‍ക്കൂട്ടത്തിനിടയില്‍ ആരും ശ്രദ്ധിക്കാതെ പോയ മറ്റൊരു കാഴ്ചയ്ക്കും സാക്ഷിയായി. ഒരു സാധു സ്ത്രീ അവരുടെ പെണ്‍കുഞ്ഞിന് കുര്‍ബ്ബാന സ്വീകരണത്തിനുള്ള ഉടുപ്പ് തേടി വരുന്നു. ആകര്‍ഷകമായതൊന്നും ആ അമ്മയില്‍ ഇല്ലാത്തതുകൊണ്ടാകാം ഒരു സെയില്‍സ്മാനും അവരെ സ്വീകരിച്ചില്ല. കാര്യം തിരക്കിയില്ല. മേശപ്പുറത്തെ വെളുത്ത ഫ്രോക്കുകളില്‍ ഒന്നെടുത്ത് അവര്‍ വില ചോദിക്കുന്നു. ആ വില കേട്ട് അവരുടെ മുഖം വിളറിവെളുത്തു. ഏറ്റവും കുറഞ്ഞ വിലയെന്ന് വില്‍പ്പനക്കാര്‍ പറഞ്ഞത് പോലും അവരുടെ കീറിപ്പിഞ്ഞിയ പഴ്‌സിലുണ്ടായിരുന്നില്ല. കൂടെ വന്ന മെല്ലിച്ച പെണ്‍കുട്ടി അടക്കത്തില്‍ പറഞ്ഞു.
''നമുക്ക് തിരിച്ച് പോകാം അമ്മേ, വല്യമ്മച്ചിയുടെ പഴയ വെളുത്ത മുണ്ട്‌കൊണ്ട് നമുക്ക് ഉടുപ്പ് തയിക്കാം...'' ആ അമ്മയുടെ കണ്ണില്‍ നിന്ന് അടര്‍ന്ന് വീണ കണ്ണീര്‍ ആരും കണ്ടിട്ടുണ്ടാവില്ല. അവര്‍ ഉടഞ്ഞ മനസുമായി പടിയിറങ്ങിപ്പോയി.

കരുണയോടെ നമ്മെ ചേര്‍ത്ത് നയിക്കുന്ന കര്‍ത്താവിനൊപ്പമാണ് നാമെന്ന് അഭിമാനിക്കുന്നെങ്കില്‍ സാധുക്കളുടെ കണ്ണീര്‍ വീഴാന്‍ ഇടയാക്കരുത്. അവരെ സ്‌നേഹിക്കാനും ആവും പോലെ സഹായിക്കാനുമാണ് ദൈവം നമുക്ക് സമ്പത്തും സൗഭാഗ്യങ്ങളും നല്‍കിയത്. എത്രയോ യുവതികള്‍ ആവശ്യമായ സാമ്പത്തികം ഇല്ലാതെ മാതാപിതാക്കളുടെ ഉള്ളില്‍ തീ നിറച്ച് വീട്ടില്‍ നില്‍ക്കുന്നു? സ്‌കൂള്‍ തുറക്കുന്ന നേരങ്ങളില്‍ എത്രയോ കുട്ടികള്‍ ബുക്കിനും ബാഗിനുമൊക്കെയായി ക്ലേശിക്കുന്നു? ധാരാളം രോഗികള്‍ ശരിയായ ചികിത്സ കിട്ടാതെ സാമ്പത്തികമായി വിഷമിക്കുന്നില്ലേ? സാധിക്കുന്നതുപോലെ ഈ നിര്‍ദ്ധന വ്യക്തികളെ സഹായിക്കാന്‍ 2012 വഴിയൊരുക്കട്ടെ...
***********
ഏതാനും വര്‍ഷം മുമ്പുണ്ടായ അപകടത്തില്‍ ഭാര്യയെയും മകളെയും നഷടപ്പെട്ട ഒരു ഗൃഹനാഥനെക്കൂടി പരിചയപ്പെടാം. ഏക മകന്‍ മാത്രമായിരുന്നു അയാളുടെ സമ്പത്ത്. യഥാര്‍ത്ഥത്തില്‍ അയാളുടെ ജീവിതം മുഴുവന്‍ ദുഃഖത്തില്‍ ചാലിച്ചെഴുതിയ ചലച്ചിത്രമാണ്. സമ്പത്തും സൗകര്യങ്ങളും വസ്തുവകകളും അവസാനം ഉറ്റവരെപ്പോലും ദൈവം അയാളില്‍ നിന്നും തിരിച്ചെടുത്തു. എങ്ങനെ നോക്കിയാലും പ്രിതികൂലങ്ങളുടെ മഹാകൂമ്പാരത്തിലാണ് ആ മനുഷ്യന്‍. എന്നിട്ടും അയാള്‍ തളരുന്നില്ല. ദൈവനാമം സ്തുതിച്ച് പ്രതികൂലങ്ങളോട് മത്സരിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം അയാളുടെ ഏക മകനിലൂടെ ദൈവം സമ്പത്തും സൗഭാഗ്യങ്ങളും തിരികെ നല്‍കി ആയാളെ അനുഗ്രഹിച്ചു.

പ്രശ്‌നങ്ങളെയും പ്രതികൂലങ്ങളെക്കുറിച്ചും കുറിച്ച് ഓര്‍ത്താല്‍ നമുക്കൊരിക്കലും തലയുയര്‍ത്തി നില്‍ക്കാനാവില്ല. എന്നാല്‍ പ്രശ്‌നങ്ങളെ അതിജീവിക്കാന്‍ ശക്തി തരുന്ന ദൈവത്തിലേക്ക് നോക്കിയാല്‍ വളരെ വേഗത്തില്‍ അവയ്ക്ക് പരിഹാരം കണ്ടെത്താന്‍ കഴിയും. തിരുവചനം പറയുന്നു: ''ഭയപ്പെടേണ്ട ഞാന്‍ നിന്നോട് കൂടെയുണ്ട്. സംഭ്രമിക്കേണ്ട ഞാനാണ് നിന്റെ ദൈവം. ഞാന്‍ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലതുകരം കൊണ്ട് ഞാന്‍ നിന്നെ താങ്ങി നിര്‍ത്തും. നിന്നെ ദ്വേഷിക്കുന്നവര്‍ ലജ്ജിച്ച് തലതാഴ്ത്തും.''(ഏശ.41.10)
അതിനാല്‍ നമ്മുടെ ജീവിതം ഈ പുതുവര്‍ഷത്തില്‍ കൂടുതല്‍ അനുഗ്രഹപ്രദമാകാന്‍ ദൈവത്തിന് പ്രീതികരമായി ജീവിക്കുക. ദൈവേഷ്ട പ്രകാരം ജീവിക്കുന്ന വ്യക്തിയ്ക്ക് ഒരു പക്ഷേ, സമൂഹത്തിന്റെ അംഗീകാരമോ പരിഗണനയോ ലഭിക്കണമെന്നില്ല. എങ്കിലും ദൈവം ആ വ്യക്തിയെ പ്രത്യേകമായി മാനിക്കും.

എല്ലാത്തരത്തിലുമുള്ള തിന്മകള്‍ പെരുകി വരുന്നതായി നാമിപ്പോള്‍ പത്ര മാധ്യമങ്ങളില്‍ വായിക്കുന്നില്ലേ? നമ്മുടെ വിശ്വാസവും ചോദ്യം ചെയ്യപ്പടുന്ന കാലത്താണ് നാം. വിലക്കയറ്റം, കൃഷിനാശം, സാമ്പത്തിക മാന്ദ്യം, അഴിമതി, ധൂര്‍ത്ത്, കാലാവസ്ഥാ വ്യതിയാനം, ഭൂമികുലുക്കം എന്നീ പ്രശ്‌നങ്ങളും ഒപ്പമുണ്ട്. ഏതു പ്രതികൂലങ്ങളിലും ദൈവഹിതത്തോട് ചേര്‍ന്ന് നില്‍ക്കാനും വിശ്വാസം നഷ്ടപ്പെടാതെ സൂക്ഷിക്കാനും നാം ശ്രമിക്കണം. 2012 വിശ്വാസികളായ നമുക്ക് ശുഭവര്‍ഷമായിരിക്കട്ടെ...
ഹാപ്പി ന്യൂ ഇയര്‍.

ഉണ്ണിക്കുട്ടന്റെ ന്യൂ ഇയര്‍
ക്രിസ്മസ് അവധി കഴിഞ്ഞ് ന്യൂ ഇയറിന് ക്ലാസിലെത്തിയ ഉണ്ണിക്കുട്ടനോട് ടീച്ചര്‍ ചോദിച്ചു.
''അവധിക്കാലത്ത് ഉണ്ണിക്കുട്ടന്‍ എന്ത് ചെയ്തു? ''
ഉണ്ണിക്കുട്ടന്‍: ഒരു ദിവസം ബൈക്ക് ഓടിച്ചു.''
ടിച്ചര്‍: ''കൊള്ളാം. മറ്റ് ദിവസങ്ങളിലോ?''
ഉണ്ണി:''ബൈക്ക് ഓടിക്കുന്നതിനിടെ ഒരു സ്ത്രീയെ മുട്ടി. അവരും നാട്ടുകാരും കൂടി നന്നായി പെരുമാറി. ബാക്കി ദിവസം മുഴുവന്‍ അതുകൊണ്ട് ഹോ സ്പിറ്റലില്‍ കിടന്നു.''

Login to post comments

Sunday Shalom

sunday-h1
The weekly newspaper in malayalam

Shalom Times

times-h1
Monthly Spiritual Malayalam Magazine

Shalom Tidings

tidings-h1
Bi monthly spritual magazine in english

Shalom Television

shalom-tv-h1
Gods own channel from Kerala

SIMS

sims
Shalom Institute of Media Science

Dedication to Mother Mary

mother-maryHail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.

Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen.

Mary, Mother of God, pray for all Shalom initiatives.