Tue05222012

Last Updated 22 May 2012:11:40:52 PM IST

RegisterRegister
sub-menu_07sub-menu_01sub-menu_02sub-menu_03sub-menu_04sub-menu_05sub-menu_06



Font Size

Member's Area
Saturday, 17 December 2011 11:51

ഗുലാമിന്റെ മനസില്‍ ഉദിച്ച താരകം

Written by  ജയ്‌മോന്‍ കുമരകം
Rate this item
(3 votes)

ക്രിസ്‌തീയ വിശ്വാസത്തിന്‌ കടുത്ത ഭീഷണി നേരിടുന്ന ഒരു കാലഘട്ടത്തിലൂടെ തന്നെയാണ്‌ ഇനി നാം കടന്നുപോകേണ്ടി വരുന്നത്‌. ഭീഷണിവഴിയും അക്രമങ്ങള്‍ വഴിയും വിശ്വാസം കെടുത്തിക്കളയാമെന്ന്‌ കരുതുന്നവര്‍ക്ക്‌ മുന്നില്‍ ക്രിസ്‌മസ്‌ ദൂത്‌ അറിയിക്കാനുള്ള നമ്മുടെ ഉത്തരവാദിത്വം വളരെ വലുതാണ്‌. അധികാരവും സ്ഥാനവും സമ്പത്തും ജീവിതത്തിന്റെ സര്‍വസ്വവുമായി കാണുന്നവര്‍ക്ക്‌ രക്ഷകന്‍ എന്നും വെല്ലുവിളിയാകും.

പാക്കിസ്ഥാനിലെ ഒരു ഉന്നത മുസ്ലീം കുടുംബമായിരുന്നു ഗുലാം മസിക്‌ നയ്‌മാന്റേത്‌. അദ്ദേഹത്തിന്റെ പിതാവ്‌ ഒന്നാം ലോകമഹായുദ്ധകാലത്ത്‌ വൈസ്രോയിയുടെ കമ്മീഷന്‍ പദവിവരെ അലങ്കരിച്ച ഉയര്‍ന്ന ആര്‍മി ഉദ്യോഗസ്ഥനായിരുന്നു. അന്യമതസ്‌തരോടുള്ള അപ്പന്റെ വിരോധം കണ്ടാണ്‌ കടുത്ത വര്‍ഗീയ വാദിയും ക്രിസ്‌തുമത വിദ്വോഷിയുമായി ഗുലാം, ജീവിതം തുടങ്ങുന്നത്‌. ഒരു ഫ്‌ളൈറ്റ്‌ മെക്കാനിക്കിന്റെ ജോലിയില്‍നിന്നുകൊണ്ട്‌ അധികം വൈകാതെ മിലിട്ടറി ഇന്റലിജന്‍സില്‍ മാസ്റ്റര്‍ ബിരുദവും അയാള്‍ കരസ്ഥമാക്കി. തുടര്‍ന്ന്‌ സൈനികരില്‍ മുന്‍നിരയിലെത്താനും കഴിഞ്ഞു. അന്ന്‌ മുതല്‍ അയാള്‍ അന്യമതസ്ഥരെ ദ്രോഹിക്കാന്‍ കിട്ടുന്ന ഒരു അവസരവും പാഴാക്കിയില്ല. അത്രമാത്രം വര്‍ഗീയവിദ്വേഷിയായി അയാള്‍ മാറി.

സ്വാതന്ത്ര്യസമരം നടക്കുന്ന കാലഘട്ടം. ഗ്രാമങ്ങളില്‍ പ്രവേശിക്കുന്ന പട്ടാളക്കാര്‍ തോക്കിന്‍ മുനയില്‍ ഗ്രാമീണരെ നിര്‍ത്തും. പിന്നീട്‌ കവാടങ്ങള്‍ പുറത്തുനിന്ന്‌ പൂട്ടിയശേഷം അവിടെ തീവെയ്‌ക്കുകയായിരുന്നു പതിവ്‌. ഗുലാമിനെ അധികൃതര്‍ ഏല്‍പ്പിച്ചിരുന്ന ദൗത്യവും ഇതുതന്നെയായിരുന്നു. ജോലിയുടെ ഭാഗമായി ഗുലാം അത്യുത്സാഹത്തോടെ ഈ ദൗത്യം തുടന്നു. ഒരു സായാഹ്നത്തില്‍ ഏതാനും പട്ടാളക്കാരോടൊപ്പം ഗുലാം ഒരു ഗ്രാമത്തില്‍ പ്രവേശിച്ചു. ഇന്ത്യയുടെ അതിര്‍ത്തിയില്‍ നിന്ന്‌ കുറെ ഉള്ളിലായുള്ള ഒരു ഗ്രാമമായിരുന്നു അത്‌. അവിടെ ഒരു ക്രിസ്‌തീയ കുടുംബം താമസിക്കുന്നുണ്ടെന്ന്‌ അദ്ദേഹത്തിന്‌ അറിവ്‌ ലഭിച്ചിരുന്നു.

അത്‌ കേട്ടപ്പോഴേക്കും മതവിദ്വേഷം അയാളില്‍ ഉദിച്ചുയര്‍ന്നിരുന്നു. അദ്ദേഹവും സൈനികരും ആ വീട്ടില്‍ പറന്നെത്തി. ചെറിയൊരു മതില്‍ കെട്ടിയ മുറ്റത്തിനുള്ളില്‍ ഒറ്റമുറി വീട്‌. എന്നാല്‍ അതിന്റെ കതക്‌ ഉള്ളില്‍നിന്നും ബന്ധിച്ചിരുന്നു. വാതിലില്‍ തട്ടിയപ്പോള്‍ ഒരു മധ്യവയസ്‌കനാണ്‌ വാതില്‍ തുറന്നത്‌. നിറത്തോക്കുമായി നില്‍ ക്കുന്ന പട്ടാളക്കാരെ കണ്ട്‌ അയാള്‍ ആദ്യം ഒന്ന്‌ പകച്ചു.

``നിങ്ങള്‍ ക്രിസ്‌ത്യാനികളാണോ?'' അതായിരുന്നു ഗുലാമിന്റെ ആദ്യത്തെ ചോദ്യം.
``അതെ'' ആദ്യമുണ്ടായിരുന്ന ശങ്ക അതു പറഞ്ഞപ്പോള്‍ അയാളെ വിട്ടുമാറിയിരുന്നു. പത്തുവയസുകാരിയായ ഒരു പെണ്‍കുട്ടി പെട്ടെന്ന്‌ അകത്തുനിന്നും മുന്നോട്ട്‌ വന്നു. അവള്‍ കുറെക്കൂടി സ്‌ഫുടമായി സംസാരിച്ചു. ``അതെ, സര്‍....ലോകാവസാനം വരെ കൂടെ ഉണ്ടായിരിക്കുമെന്ന്‌ പറഞ്ഞ യേശുവിലാണ്‌ ഞങ്ങള്‍ വിശ്വസിക്കുന്നത്‌....''
ആ മറുപടിയിലെ ധൈര്യം ഗുലാമിനെയും പട്ടാളക്കാരെയും സംഭ്രമിപ്പിച്ചു. അതുകൊണ്ട്‌ കഠിനപദങ്ങളാണ്‌ പിന്നീടയാള്‍ ഉപയോഗിച്ചത്‌. ``ശരി... എങ്കില്‍ നിന്റെ മാതാപിതാക്കളെ ഞാന്‍ വധിക്കുവാന്‍ പോകുന്നു. നിന്നെ ക്യാമ്പില്‍ കൊണ്ടുപോയി യഥാര്‍ത്ഥ വിശ്വാസമെന്തെന്ന്‌ ഞാന്‍ പഠിപ്പിക്കും.''

അതുകേട്ട്‌ ആ പെണ്‍കുട്ടി സംഭ്രമചിത്തയാകുമെന്നും അവളുടെ മാതാപിതാക്കള്‍ വിറപൂണ്ട്‌ കാലില്‍ വീഴുമെന്നും ഗുലാം കരുതി. എന്നിട്ടും അവരുടെ മുഖത്ത്‌ യാതൊരു ഭാവ വിത്യാസവും ഉണ്ടായില്ല. ചെറുപുഞ്ചിരിയോടെ ആ പെണ്‍കുട്ടി തുടര്‍ന്നു: ``ഞങ്ങളുടെ ജീവന്‍ രക്ഷിക്കണമെന്ന്‌ ഞങ്ങള്‍ നിങ്ങളോട്‌ ആവശ്യപ്പെടുന്നില്ല. എന്നാല്‍ അതിന്‌ മുമ്പ്‌ ഏതാനും നിമിഷം പ്രാര്‍ത്ഥിക്കാന്‍ ഞങ്ങള്‍ക്ക്‌ അവസരം തരണം. അത്‌ മാത്രമാണ്‌ ഏക അപേക്ഷ.''

കുട്ടിയുടെ ഇത്തരം വാക്കുകള്‍ അയാളില്‍ അത്ഭുതമാണ്‌ നിറച്ചത്‌. തോക്കിന്‍ കുഴല്‍ കാണുമ്പോള്‍ വിറപൂണ്ട്‌ നില്‍ക്കുന്ന നൂറുകണക്കിന്‌ മനുഷ്യര്‍ മാത്രമായിരുന്നു എന്നും അയാള്‍ക്ക്‌ മുന്നില്‍ ഉണ്ടായിരുന്നത്‌. ആ ധൈര്യത്തില്‍ അയാള്‍ പറഞ്ഞു:
``നിങ്ങളെ രക്ഷിക്കാന്‍ ഒരു ദൈവവും വരില്ല കുഞ്ഞേ. അങ്ങകലെ ഫോര്‍ട്ട്‌ ഹഫ്‌സാലിലെ ക്ഷേത്രം ഇല്ലാതാക്കാന്‍ ഞങ്ങള്‍ക്ക്‌ സെക്കന്റുകള്‍ മാത്രമേ വേണ്ടിവന്നുള്ളൂ.'' എന്നിട്ടും അവളുടെയും മാതാപിതാക്കളുടെയും മുഖത്ത്‌ ഭയത്തിന്റെ ലാഞ്‌ഛന പോലും കാണാത്ത തെന്തെന്ന്‌ അമ്പരക്കുകയായിരുന്നു ഗുലാം. ഇത്ര ശക്തനായ ഏത്‌ ദൈവമാണ്‌ ഇവരെ പിന്തുണയ്‌ക്കുന്നത്‌. അയാള്‍ അതേപ്പറ്റിയാണ്‌ ചിന്തിച്ചുകൊണ്ടിരുന്നത്‌. `ശരി, വേഗം പ്രാര്‍ത്ഥിക്കൂ. അത്‌ കഴിഞ്ഞ്‌ മരിക്കാന്‍ ഓരോരുത്തരായി ഒരുങ്ങിക്കൊള്ളൂ...''അയാള്‍ തോക്കില്‍ തിര നിറച്ചുകൊണ്ട്‌ പറഞ്ഞു.

ആ പെണ്‍കുട്ടിയും മാതാപിതാക്കളും മുട്ടില്‍നിന്ന്‌ പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി. അവരുടെ കണ്ണുകള്‍ നിറഞ്ഞിരുന്നിട്ടും മുഖത്ത്‌ ഒരു ദിവ്യപ്രകാശം നിറഞ്ഞിരിക്കുന്നത്‌ ഗുലാം കണ്ടു. പ്രാര്‍ത്ഥനയ്‌ക്കൊടുവില്‍ `ആമ്മേന്‍' എന്ന വാക്ക്‌ ഒരു ഇടിനാദം പോലെയാണ്‌ അയാളുടെ കാതില്‍ പതിഞ്ഞത്‌. ആ ശബ്‌ദത്തിന്‌ അകമ്പടിയെന്നോണം തേജോമയമായൊരു പ്രകാശഭിത്തി ഭൂമിയില്‍നിന്നുയര്‍ന്നു വരുന്നത്‌ ഗുലാം കണ്ടു. അത്‌ ആ കുടുംബത്തിനും അയാള്‍ക്കുമിടയില്‍ ചില്ല്‌ ജാലകം പോലെ ഉയര്‍ന്നു. നിസ്‌തുലവും സ്വര്‍ഗീയവുമായ ആ പ്രകാശത്തിന്റെ ഉറവിടത്തെക്കുറിച്ച്‌ അത്ഭുതപ്പെട്ട്‌ നില്‍ക്കുകയായിരുന്നു അപ്പോള്‍ ഗുലാം. ആ അഗ്നി തന്നെ ദഹിപ്പിച്ച്‌ കളയുമെന്ന്‌ അദ്ദേഹത്തിന്‌ തോന്നി. ചുണ്ടുകള്‍ വരണ്ടുണങ്ങുന്നതായും ശബ്‌ദം ചോര്‍ന്ന്‌ പോകുന്നതായും അദ്ദേഹം അറിഞ്ഞു. തന്റെ ജീവിതത്തില്‍ ആദ്യമായാണ്‌ ഭയമെന്തെന്ന്‌ തിരിച്ചറിയുന്നതെന്ന്‌ ഗുലാം പിന്നീട്‌ എഴുതി. ഭയത്തോടും വിറയലോടുംകൂടി അയാള്‍ ആ കുടുംബത്തിന്‌ മുന്നില്‍ സാഷ്‌ടാംഗം പ്രണമിച്ചു. ``ദയവായി എന്നോട്‌ ക്ഷമിക്കണം. എനിക്ക്‌ അബദ്ധം പറ്റി. എന്റെ മോശമായ പെരുമാറ്റത്തില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു.'' അങ്ങനെ പറയാന്‍ കഴിഞ്ഞതെങ്ങനെയെന്ന്‌ ഗുലാമിനറിയില്ല. എങ്കിലും അയാളുടെ അധരങ്ങള്‍ ഉറക്കെ വിളിച്ച്‌ പറഞ്ഞത്‌ അങ്ങനെയാണ്‌. അപ്പോള്‍ ആ കുടുംബാംഗങ്ങള്‍ പറഞ്ഞു: ``സഹോദരാ താങ്കളോട്‌ കര്‍ത്താവായ യേശു തന്നെ ക്ഷമിക്കട്ടെ...''

അവര്‍ ഇതു പറഞ്ഞപ്പോള്‍ ആ പ്രകാശവലയം അപ്രത്യക്ഷമായി. താമസസ്ഥലത്ത്‌ മടങ്ങിയെത്തിയ ഗുലാം യേശുവിനെക്കുറിച്ച്‌ മാത്രമാണ്‌ ചിന്തിച്ചത്‌. ഏതാനും വര്‍ഷം മുമ്പ്‌ ജപ്പാന്റെ ബോംബാക്രമണത്തില്‍ നിന്നും രക്ഷപെടാന്‍ ഒരു സൈനിക മേധാവി ഉപയോഗിച്ച നാമവും ക്രസ്‌തുവിന്റേതാണെന്ന്‌ അയാള്‍ ആ സമയത്ത്‌ ഓര്‍ത്തു. ഗുലാം പിന്നീട്‌ ക്രിസ്‌തുവിനെക്കുറിച്ച്‌ തന്നെ പഠിച്ചുകൊണ്ടിരുന്നു. അധികം വൈകാതെ ക്രിസ്‌തീയ വിശ്വാസം സ്വീകരിച്ച അദ്ദേഹം അതിശക്തനായ സുവിശേഷപ്രഘോഷകനായി മാറി. ആയിരക്കണക്കിനാളുകള്‍ അയാളിലൂടെ ക്രിസ്‌തീയവിശ്വാസികളായി മാറുകയും ചെയ്‌തു.

ഇത്‌ ക്രിസ്‌മസ്‌ കാലം. സമ്മാനപ്പൊതികളും ആശംസാകാര്‍ഡുകളുമൊക്കെ കൈമാറുന്ന സമയം. എന്നാല്‍ ഏറ്റവും വലിയ സമ്മാനമായ യേശുവിനെ ലഭിച്ച ഗുലാം ആ സമ്മാനം പതിന്മടങ്ങായി ലോകത്തിന്‌ തിരികെ നല്‍കി. ജീവിതം പ്രാര്‍ത്ഥനയായി മാറ്റുന്നവര്‍ക്ക്‌ മാത്രമേ ക്രിസ്‌മസ്‌ ഒരു സമ്മാനമായി മാറുകയുള്ളൂ.
ഓര്‍ത്ത്‌ നോക്കിയാലും! മിഷനറിമാരുടെ പ്രവര്‍ത്തനങ്ങള്‍വഴി എത്രയോ ക്രൂരമാനസങ്ങളിലാണ്‌ ക്രിസ്‌തു പിറന്നുവീണത്‌. പതിനായിരക്കണക്കിന്‌ നിരക്ഷരരും ആദിവാസികളും വിശ്വാസം സ്വീകരിച്ച്‌ വഴിയും സത്യവും ജീവനുമായ ക്രിസ്‌തുവിനെ അറിഞ്ഞു.
ഇന്ന്‌ ധ്യാനങ്ങളും കണ്‍വന്‍ഷനുകളുമില്ലാത്ത സ്ഥലങ്ങളില്ല. പക്ഷേ നമ്മുടെ ആത്മീയതയുടെ അളവ്‌ കോല്‍ മാത്രം ഉയരുന്നില്ല. പ്രബോധനവും പ്രവൃത്തിയും തമ്മില്‍ ബന്ധമില്ലാതെ പോകുന്നതാണ്‌ കാര്യം. ലോകത്തിന്‌ ക്രിസ്‌തുവിനെ നല്‍കുക എന്ന അടിസ്ഥാന ലക്ഷ്യത്തില്‍നിന്ന്‌ നാം പലപ്പോഴും പിന്തിരിയുന്നു. നമുക്കിന്ന്‌ സ്ഥാപനങ്ങളും സംഘടനകളും പ്രസ്ഥാനങ്ങളും പ്രസിദ്ധീകരണങ്ങളുമൊക്കെ ധാരാളമുണ്ട്‌. എന്നാല്‍ ഇതുവഴിയൊന്നും ക്രിസ്‌തു കൈമാറ്റം ചെയ്യപ്പെടുന്നില്ല. എവിടെനിന്നെങ്കിലും എതിര്‍പ്പുണ്ടാകുമോ എന്ന ഭയം ഉള്ളില്‍ സൂക്ഷിക്കുന്ന നാം `അഡ്‌ജസ്റ്റ്‌മെന്റു'കള്‍ക്ക്‌ തയാറാകുന്നു. നീതി നിഷേധിക്കപ്പെട്ടവരും കടുത്ത ഏകാന്തതയിലേക്ക്‌ മനസ്‌ ചാഞ്ഞവരും നിലാരംബരും നമുക്ക്‌ ചുറ്റുമുണ്ട്‌. ഇവരില്‍ സദ്വാര്‍ത്ത പകരാനുള്ള ആഹ്വാനമാണ്‌ ഓരോ തിരുപ്പിറവിയും നല്‍കുന്നത്‌.

`രക്ഷകന്റെ പിറവി' ആദിമുതലേ പലരെയും ഭയപ്പെടുത്തിയിരുന്നു. ഇന്നും അങ്ങനെ തന്നെ. അതുകൊണ്ടാണ്‌ ലോകമെങ്ങും ക്രൈസ്‌തവ പീഡനങ്ങള്‍ വര്‍ദ്ധിച്ച്‌ വരുന്നത്‌. ഈ മാസം ആദ്യം മോസ്‌കോയില്‍ സമാപിച്ച ആഗോള ക്രിസ്‌തീയ സമ്മേളനം ചര്‍ച്ച ചെയ്‌തതും ഇതേ വിഷയമായിരുന്നു. ക്രിസ്‌തീയ വിശ്വാസത്തിന്‌ കടുത്ത ഭീഷണി നേരിടുന്ന ഒരു കാലഘട്ടത്തിലൂടെ തന്നെ ഇനിയും നമുക്ക്‌ കടന്നുപോകേണ്ടി വരും. ഭീഷണിവഴിയും അക്രമങ്ങള്‍ വഴിയും വിശ്വാസം കെടുത്തിക്കളയാമെന്ന്‌ കരുതുന്നവര്‍ക്ക്‌ മുന്നില്‍ ക്രിസ്‌മസ്‌ ദൂത്‌ അറിയിക്കാനുള്ള നമ്മുടെ ഉത്തരവാദിത്വത്തിന്റെ ഭാരം അപ്പോള്‍ വളരെ വലുതാണ്‌. അധികാരവും സ്ഥാനവും സമ്പത്തും ജീവിതത്തിന്റെ സര്‍വസ്വവുമായി കാണുന്നവര്‍ക്ക്‌ രക്ഷകന്‍ എന്നും വെല്ലുവിളിയാകും.

ക്രിസ്‌മസ്‌ ആഘോഷം എല്ലാവര്‍ക്കും ഇഷ്‌ടമാണ്‌. കാരണം അവയ്‌ക്ക്‌ വര്‍ണപ്പൊലിമയുണ്ട്‌. എന്നാല്‍ ക്രിസ്‌മസിനുള്ളിലെ ആത്മീയത തേടുന്നവര്‍ക്ക്‌ അതൊരു സഹനത്തിന്റെയും തിരിച്ചറിവിന്റെയും പാഠങ്ങളാണ്‌ നല്‍കുന്നത്‌. പക്ഷേ, നമ്മുടെ മനസ്‌ ആഘോഷങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതുകൊണ്ടാണ്‌ നാം `ഫാസ്റ്റ്‌ വേണ്ട... ഫീസ്റ്റ്‌ മതി' എന്ന്‌ മതിയെന്ന്‌ വിളിച്ച്‌ പറയുന്നത്‌. തിരുപ്പിറവി തിന്നുകയും കുടിക്കുകയും ആനന്ദിക്കുകയും ചെയ്യുന്ന ഉത്സാഘോഷ മാകുന്നതും ഇക്കാരണത്താലാണ്‌.`ക്രിസ്‌മസ്‌ കേമമായിരുന്നു' എന്ന്‌ പറഞ്ഞ്‌ നാം ആഹ്ലാദിക്കും. ക്രിസ്‌മസ്‌ പിറ്റേന്ന്‌ `മദ്യവില്‍പ്പനയുടെ' കണക്കുകളാകും മാധ്യമങ്ങളുദ്ധരിക്കുക. അ പ്പോള്‍ യഥാര്‍ത്ഥ തിരുപ്പിറവിയുടെ ലക്ഷ്യമെവിടെപ്പോയി? എത്ര മനസുകളില്‍ ക്രിസ്‌തുവിനിടമുണ്ടായി? കുറേ ചോദ്യങ്ങള്‍ ബാക്കിയാകുന്നു.
ക്രൂരനായ ഗുലാമിന്റെ മനസിളക്കിയ വിശ്വാസത്തിന്റെ ആഴം ഈ ക്രിസ്‌മസ്‌ നാളില്‍ നാം ഏറ്റെടുത്തിരുന്നെങ്കില്‍....

ബാലെയുടെ തുക
ക്രിസ്‌മസ്‌ ആഘോഷങ്ങളുടെ ഭാഗമായി ഇടവകപ്പള്ളിയില്‍ ഒരു ബൈബിള്‍ ബാലെ നടത്താന്‍ ചെറുപ്പക്കാര്‍ തീരുമാനിച്ചു. നാട്ടില്‍ പിരിവ്‌ നടത്തി കിട്ടിയ പണവുമായി അവര്‍ പരിപാടി ബുക്ക്‌ ചെയ്യാനെത്തി. ബാലെ ട്രൂപ്പ്‌ മാനേജര്‍ പറഞ്ഞു. `സ്‌നാപക യോഹന്നാന്‍ വധം' ബാലെയ്‌ക്ക്‌ മൊത്തം ചെലവ്‌ 20,000 രൂപയോളം വരും...'
തുക പകുതിയോളമേ പിരിഞ്ഞ്‌ കിട്ടിയിട്ടുള്ളൂ എന്ന്‌ മനസിലാക്കിയ യുവാക്കളുടെ ലീഡര്‍ പറഞ്ഞു. ``സ്‌നാപക യോഹന്നാനെ ബാലെയില്‍വധിക്കേണ്ട. ഹേറോദോ സിനെക്കൊണ്ട്‌ കൊല്ലുമെന്ന്‌ പറഞ്ഞ്‌ ഒന്ന്‌ പേടിപ്പിച്ച്‌ വിട്ടാല്‍ മതി. അങ്ങനെയെങ്കില്‍ പതിനായിരത്തില്‍ നിര്‍ത്താന്‍ പറ്റില്ലേ....?''

Login to post comments

Sunday Shalom

sunday-h1
The weekly newspaper in malayalam

Shalom Times

times-h1
Monthly Spiritual Malayalam Magazine

Shalom Tidings

tidings-h1
Bi monthly spritual magazine in english

Shalom Television

shalom-tv-h1
Gods own channel from Kerala

SIMS

sims
Shalom Institute of Media Science

Dedication to Mother Mary

mother-maryHail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.

Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen.

Mary, Mother of God, pray for all Shalom initiatives.