Tue05222012

Last Updated 22 May 2012:11:40:52 PM IST

RegisterRegister
sub-menu_07sub-menu_01sub-menu_02sub-menu_03sub-menu_04sub-menu_05sub-menu_06



Font Size

Member's Area
Friday, 09 December 2011 14:10

ഈ ജാലകം തുറക്കാന്‍ എനിക്ക്‌ ഭയമാണ്‌

Written by  ജയ്‌മോന്‍ കുമരകം
Rate this item
(4 votes)

എല്ലാ പ്രശ്‌നങ്ങളും പരിഹൃതമാകുമെന്ന ചിന്തയാണ്‌ നമ്മെ ഭയത്തില്‍നിന്ന്‌ മോചിപ്പിക്കുന്നതിനുള്ള മാര്‍ഗം. നിനക്ക്‌ വളരെ വേഗം ജരാനര ബാധിക്കണമെങ്കില്‍ ജീവിതത്തെ സംശയപൂര്‍വ്വം വീക്ഷിച്ചാല്‍ മതി. ഭയത്തിനടിമയായിത്തീര്‍ന്നാല്‍ വളരെവേഗം വാര്‍ധക്യം കീഴടക്കും. ജീവിതത്തിന്റെ എല്ലാ നന്മകളില്‍നിന്നും കിനാവള്ളി പോലെ ഭയം നമ്മെ ആഴങ്ങളിലേക്ക്‌ വലിച്ചിഴച്ച്‌ കൊണ്ടുപോകുന്നു. സൗഭാഗ്യങ്ങള്‍ നഷ്‌ടപ്പെടുത്തുന്നു. ദുരിതങ്ങള്‍ക്കും രോഗങ്ങള്‍ക്കും ആക്കം കൂട്ടുന്നു. `സംഭവിച്ചതെല്ലാം നല്ലതിന്‌ സംഭവിക്കാനുള്ളതും നല്ലതിന്‌' എന്ന ചിന്ത നമ്മെ ദൈവഹിതത്തോട്‌ ചേര്‍ന്നുനില്‍ക്കാന്‍ പ്രേരിപ്പിക്കും. ഭയത്തില്‍നിന്നുള്ള പരിഹാരവും അതുമാത്രമാണ്‌.

മുല്ലപ്പെരിയാറിനെക്കുറിച്ച്‌ ഏറെ ഭയത്തോടെയാണ്‌ സ്‌നേഹിതന്‍ സംസാരിച്ചത്‌. ഇടുക്കി ഡാമിന്റെ സമീപപ്രദേശമായ ചപ്പാത്ത്‌ താമസിക്കുന്ന അദ്ദേഹം അടുത്ത ദിവസങ്ങളില്‍ ഉണ്ടായ ഭൂചലനങ്ങളെക്കുറിച്ചും ഡാമിനെ ഏതൊക്കെ തരത്തില്‍ അത്‌ ബാധിക്കുമെന്നും ഉത്‌ക്കണ്‌ഠയോടെ സൂചിപ്പിച്ചു. അണക്കെട്ടിലെ ജലനിരപ്പ്‌ ഉയരുന്നതും സ്‌പില്‍വേയിലൂടെ ജലം പെരിയാറിലേക്ക്‌ ഒഴുകുന്നതും ഭയാശങ്കയോടെയാണ്‌ അദ്ദേഹം വിവരിച്ചത്‌. ഡാം തകര്‍ന്നാല്‍ ആദ്യ ഇരകള്‍ ഈ പ്രദേശമായിരിക്കുമെന്ന കടുത്ത ആകുലതയും അവിടുത്തെ ജനജീവിതത്തെ ബാധിച്ചതായി അദ്ദേഹം ഓര്‍മിപ്പിച്ചു. അസാധാരണമായ ശബ്‌ദങ്ങള്‍ ചിലപ്പോള്‍ ഉയരുമ്പോള്‍ ജനങ്ങള്‍ ഞെട്ടിയുണരുമത്രേ. അജ്ഞാതമായ ഏതോ ഭീതിയിലെന്നവണ്ണം ആകാശത്തേക്ക്‌ കരങ്ങള്‍കൂപ്പി `ദൈവമേ' എന്ന്‌ അവര്‍ നിലവിളിക്കും.

***** ***** *****
നാലുവര്‍ഷം മുമ്പ്‌ പൂഞ്ഞാറിലൊരു ബന്ധുവിനെ കാണാന്‍ പോകുമ്പോള്‍ അവിടെയും മേല്‍പ്പറഞ്ഞ അവസ്ഥയായിരുന്നു. അടുത്തടുത്തായി ഉണ്ടായ ഭൂചലനങ്ങളില്‍ സംഭീതരായ ജനങ്ങള്‍ വീടുപേക്ഷിച്ച്‌ മുറ്റത്ത്‌ നിര്‍മിച്ച താല്‍ക്കാലിക ഷെഡുകളിലായിരുന്നു അപ്പോള്‍ വാസം. വീട്‌ പൊട്ടിത്തകര്‍ന്ന്‌ വന്‍ നാശനഷ്‌ടങ്ങള്‍ ഉണ്ടാകാതിരിക്കാനും ജീവാപായമുണ്ടാകാതിരിക്കാനും താല്‍ക്കാലിക പന്തലുകള്‍ മുറ്റത്ത്‌ ഉയര്‍ന്നിരുന്നു. എല്ലാ വീടുകളില്‍നിന്നും ദൈവസ്‌തുതിഗീതങ്ങളും പ്രാര്‍ത്ഥനയുമാണ്‌ കേള്‍ക്കുന്നത്‌. അയല്‍ക്കാര്‍ ഒരുമിച്ച്‌ ചേര്‍ന്ന്‌ പ്രാര്‍ത്ഥിക്കുന്നു. എല്ലാ മുഖങ്ങളിലും ഭീതി മാത്രം.
മനുഷ്യനെ ഇന്ന്‌ ഏറ്റവുമധികം വീര്‍പ്പുമുട്ടിക്കുന്ന വികാരമേതെന്ന്‌ ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ ഭയം. ഉടന്‍ സംഭവിക്കുന്ന അഥവാ സംഭവിക്കാന്‍ സാധ്യതയുള്ള ദുരവസ്ഥയെക്കുറിച്ചുള്ള പിരിമുറുക്കമാണ്‌ ഭീതിയെന്ന്‌ വേണമെങ്കില്‍ വിശേഷിപ്പിക്കാം. വലിയ വീടുകളില്‍ ഒറ്റയ്‌ക്ക്‌ താമസിക്കുന്നവര്‍ തസ്‌കരന്മാരെ ഭയപ്പെടുന്നു. വന്‍ വ്യവസായ സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ വിജിലന്‍സ്‌ ഉദ്യോഗസ്ഥരെ ഭയപ്പെടുന്നു. താല്‌ക്കാലികാടിസ്ഥനത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക്‌ ജോലി നഷ്‌ടപ്പെടുമോ എന്നാണ്‌ ഭയം, സ്ഥിരം ജീവനക്കാര്‍ക്ക്‌ മാനേജ്‌മെന്റിനെ പേടി. മാനേജ്‌മെന്റിന്‌ സ്ഥാനത്തും അസ്ഥാനത്തും കടന്നുവരുന്ന രാഷ്‌ട്രീയക്കാരെയാണ്‌ പേടി. രാഷ്‌ട്രീയക്കാര്‍ക്കാവട്ടെ പാര്‍ട്ടിനേതൃത്വത്തെയാണ്‌ ഭയം. നേതൃത്വത്തിന്‌ എതിര്‍പാര്‍ട്ടിക്കാരെ ഭയം, കള്ളന്‌ പോലീസിനെ ഭയം, പോലീസിന്‌ മന്ത്രിമാരെപ്പേടി. കുട്ടികള്‍ക്ക്‌ അധ്യാപകരെ പേടി. അധ്യാപകര്‍ക്ക്‌ വിദ്യാഭ്യാസവകുപ്പിനെയാണ്‌ പേടി. അങ്ങനെ നോക്കുമ്പോള്‍ ഭയമില്ലാത്തവര്‍ ആരാണുള്ളത്‌? എല്ലാവരും ഓരോരോ കാര്യങ്ങളില്‍ സംഭീതരാണ്‌. പുറമേ ഭയമില്ലെന്ന്‌ നടിക്കുന്നുവെന്നുമാത്രം. ഹിറ്റ്‌ലറും മുസോളിനിയും നെപ്പോളിയനുമെല്ലാം ഏറ്റവും വലിയ ശക്തരെന്നും നിര്‍ഭയരെന്നും ലോകം ഉദ്‌ഘോഷിച്ചവരാണ്‌. എന്നാല്‍ അവര്‍ സദാ സംശയത്തോടെയാണ്‌ എതിരാളികളെ വീക്ഷിച്ചിരുന്നത്‌. അവരുടെ നോക്കിലും വാക്കിലും ഭയാശങ്ക കലര്‍ന്നിരുന്നതായി ചരിത്രപുസ്‌തകത്തില്‍ കാണാം. മഹാശക്തരെന്ന്‌ തെളിയിക്കാന്‍ ബദ്ധപ്പെടുന്ന പല രാജ്യങ്ങള്‍ക്കും ഇതേ ഉള്‍ഭയമുണ്ട്‌. ബലമെന്ന്‌ കരുതുന്ന ഇടങ്ങള്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍ അവര്‍ പാടുപെടുന്നത്‌ ഈ ഭയത്തില്‍നിന്നാണ്‌.

ഭയാശങ്കയുള്ളവരെക്കുറിച്ച്‌ ജോര്‍ജ്‌ ഷീന്‍ നിര്‍വചിച്ചിരിക്കുന്നത്‌ ഇങ്ങനെയാണ്‌. ``40 ശതമാനം പേര്‍ ഒരിക്കലും സംഭവിക്കാത്ത കാര്യങ്ങളെക്കുറിച്ചോര്‍ത്താണ്‌ ഭയപ്പെടുന്നത്‌. 30 ശതമാനമാകട്ടെ ഭൂതകാലത്തില്‍ സംഭവിച്ച ദുരന്തങ്ങളോര്‍ത്തും. 12 ശതമാനം പേര്‍ മറ്റുള്ളവര്‍ വഴിയുണ്ടാകുന്ന ഭയവും പത്തുശതമാനം ആരോഗ്യത്തെക്കുറിച്ചുള്ള ടെന്‍ഷന്‍ മൂലവും ഭയപ്പെടുന്നു. മൂന്നു ശതമാനംപേര്‍ മാത്രമാണ്‌ സംഭവിക്കാന്‍ സാധ്യതയുള്ള കാര്യങ്ങളോട്‌ പ്രാര്‍ത്ഥനാപൂര്‍വം സമീപിക്കുന്നത്‌.

എന്‍.എന്‍.പിള്ളയുടെ ഒരു ഏകാങ്കനാടകത്തില്‍ ഭയത്തിന്‌ അടിമകളായ രണ്ടുപേരെക്കുറിച്ച്‌ പ്രതിപാദിക്കുന്നുണ്ട്‌. പാര്‍ക്കിലെ ചാരുബഞ്ചില്‍ ഒരു യുവാവ്‌ പുസ്‌തകം വായിച്ചുകൊണ്ടിരിക്കുന്നു. അയാളുടെ അടുത്തേക്ക്‌ മറ്റൊരു യുവാവ്‌ നടന്നുവരുന്നു. അവരിരുവരും പരസ്‌പരം പരിചയപ്പെട്ടു. താനൊരു കുറ്റവാളിയാണെന്ന്‌ പറഞ്ഞാണ്‌ രണ്ടാമന്‍ പരിചയപ്പെടുന്നത്‌. `ഒരാളെ കൊന്നതിന്റെ പേരില്‍ ജീവപര്യന്തം തടവ്‌ ശിക്ഷ ലഭിച്ചതായും ഒരാളെക്കൂടി കൊന്നാല്‍ മാത്രമേ തന്റെ ജീവിതസ്വപ്‌നം സാക്ഷാത്‌കരിക്കപ്പെടുകയുള്ളൂവെന്നും അയാള്‍ വിശദീകരിക്കുന്നു. അതിന്‌ വേണ്ടിയാണത്രേ തടവ്‌ ചാടിയത്‌. അതുകേട്ടതോടെ ആദ്യത്തെയാള്‍ ഭയപ്പെട്ട്‌ വിറയ്‌ക്കാന്‍ തുടങ്ങി. കൊല്ലാന്‍ ഉദ്ദേശിക്കുന്നവനെക്കുറിച്ചുള്ള അടയാളങ്ങള്‍ വിശദീകരിക്കുകയായിരുന്നു അപ്പോള്‍ രണ്ടാമന്‍. ആ അടയാളങ്ങള്‍ തന്നില്‍ പൂര്‍ത്തീകരിക്കപ്പെടുമെന്നുള്ള ശങ്ക ഒന്നാമനില്‍ ശക്തമായി. തന്നെ കൊല്ലാതിരിക്കാന്‍ രണ്ടാമനെ എത്രയും വേഗം വധിക്കുക എന്നത്‌ മാത്രമാണ്‌ ഏക പോംവഴി. പിന്നെ മറ്റൊന്നും ആലോചിക്കാതെ ഒന്നാമന്‍ രണ്ടാമന്റെ മേല്‍ ചാടിവീണ്‌ അയാളെ കൊലപ്പെടുത്തുന്നു. മരിക്കുന്നതിനുമുമ്പ്‌ രണ്ടാമന്‍ പറഞ്ഞു. ``താന്‍ പറഞ്ഞതെല്ലാം നുണയായിരുന്നെന്നും ഒന്നാമനെക്കുറിച്ചുള്ള ഭയംകൊണ്ട്‌ ഉണ്ടാക്കിയെടുത്ത കെട്ടുകഥയായിരുന്നു അതെന്നും. ഇന്നുവരെ ഒരു എറുമ്പിനെപ്പോലും ഇന്നുവരെ താന്‍ നോവിച്ചിട്ടില്ലെന്നും പറഞ്ഞ്‌ അയാള്‍ അന്ത്യശ്വാസം വലിക്കുന്നിടത്ത്‌ നാടകം തീരുന്നു.

ഭയത്തിന്റെ ഭാരമാണ്‌ അന്യനെ പ്രതിയോഗിയായി കാണാന്‍ മുഖ്യകഥാപാത്രത്തിന്‌ പ്രേരണയായത്‌. രണ്ടാമനാകട്ടെ ആദ്യത്തെ ആളെക്കുറിച്ചുള്ള അജ്ഞാതഭയം നുണക്കഥ മെനയാന്‍ ഇടയാക്കുന്നു. ചുരുക്കത്തില്‍ സംശയത്തിനും കടുത്ത തീരുമാനങ്ങള്‍ക്കും ഭയം പ്രേരിപ്പിക്കുന്നു, മനസിനെ സമ്മര്‍ദ്ദത്തിലാഴ്‌ത്തുന്നു. നമ്മുടെ ഊര്‍ജ്ജത്തെയും ശക്തിയെയും നഷ്‌ടപ്പെടുത്തുന്നു; യഥാര്‍ത്ഥത്തില്‍ നാം ഭയപ്പെടുന്നതുപോലെയൊന്നുമായിരിക്കില്ല പിന്നീട്‌ സംഭവിക്കുന്നത്‌. ആശുപത്രികളില്‍ എത്തുന്ന രോഗികളില്‍ 89 ശതമാനവും ഈ മാനസിക സമ്മര്‍ദ്ദത്തിന്റെ ഇരകളെന്ന്‌ ചില പഠനങ്ങള്‍ വ്യക്തമാക്കുന്നു. അതായത്‌ നമ്മുടെ രോഗപ്രതിരോധശേഷിയെപോലും ഭയം തകര്‍ക്കുന്നു.

നോര്‍മന്‍ വിന്‍സെന്റ്‌പീല്‍ പറയുന്ന ഒരു കഥ ഇങ്ങനെയാണ്‌. `ബുധന്‍ ഭയസമാജം' എന്ന പേരില്‍ ഒരു ക്ലബ്‌ ഒരാള്‍ രൂപീകരിച്ചു. അതിന്റെ സംസ്ഥാന ഭാരവാഹിയും സംസ്ഥാന അംഗവുമെല്ലാം ഇയാള്‍ മാത്രം. എല്ലാ ബുധനാഴ്‌ചയും രാത്രി എട്ടിന്‌ അയാള്‍ മുറിയടച്ച്‌ പേടി ക്ലബിന്റെ യൂണിറ്റ്‌ സമ്മേളനം വിളിക്കും. മനസിലൂടെ കടന്നുപോയ ഭയവും ഉല്‍ക്കണ്‌ഠയുമെല്ലാം ഒരു പേപ്പറില്‍ എഴുതി `ഭാരപ്പെട്ടി' എന്ന ബോക്‌സില്‍ നിക്ഷേപിക്കുന്നതാണിത്‌. പിന്നെ പ്രാര്‍ത്ഥിച്ച്‌ മൂളിപ്പാട്ട്‌ പാടുന്നതോടെ സമ്മേളനം തീര്‍ന്നു. ഓരോ മാസവും ഈ പെട്ടി തുറക്കുന്നതാണ്‌ സംസ്ഥാന സമ്മേളനം. കഴിഞ്ഞ ബുധനാഴ്‌ചകളില്‍ ഭാരപ്പെട്ടിയില്‍ നിക്ഷേപിച്ച പേപ്പറുകളെടുത്ത്‌ അയാള്‍ സ്വയം വായിച്ച്‌ നോക്കും. അന്ന്‌ ഭയപ്പെട്ട ഒരു കാര്യവും പിന്നീട്‌ സംഭവിച്ചിട്ടില്ലെന്നോര്‍ത്ത്‌ അയാള്‍ പൊട്ടിച്ചിരിക്കും. ഏറെ സന്തോഷത്തോടെ ആ പേപ്പറുകളെല്ലാം അയാള്‍ ചവറ്റുകൊട്ടയിലേക്ക്‌ എറിയും. ഭയത്തെ അതിജീവിക്കാന്‍ മനസിനെ പരിശീലിപ്പിക്കുക എന്നതല്ലേ ഭയത്തില്‍നിന്നു വിമുക്തി നേടാനുള്ള മാര്‍ഗം. നമ്മുടെ ഏത്‌ ഭയത്തെയും താങ്ങുവാന്‍ ദൈവം ഒരുക്കമാണെന്ന്‌ മനസിലാക്കുന്നവന്‌ ഭയം തെല്ലും കൂടാതെ ജീവിക്കാന്‍ കഴിയും. ``നിന്റെ ഭാരം കര്‍ത്താവിനെ ഏല്‍പ്പിക്കുക; അവിടുന്ന്‌ നിന്നെ താങ്ങിക്കൊള്ളും'' (സങ്കീ.55:22). നമ്മുടെ കാര്യത്തില്‍ ശ്രദ്ധാലുവാണ്‌ ദൈവം എന്ന ചിന്ത ഭയത്തെ നിര്‍വീര്യമാക്കും.

പല ഭയങ്ങളുടെയും കാരണം അടിസ്ഥാനരഹിതമായിരിക്കും. പിന്നീട്‌ എന്തിനാണ്‌ അതിന്‌ വേണ്ടി ഭാരപ്പെട്ടതെന്നോര്‍ത്ത്‌ നാം ലജ്ജിതരായിട്ടുണ്ടാകും. ഉയര്‍ന്ന കെട്ടിടത്തിന്റെ മുകള്‍നിലയില്‍ കയറുമ്പോള്‍ ഞാന്‍ മുമ്പൊക്കെ വിറയ്‌ക്കുമായിരുന്നു. കെട്ടിടമെങ്ങാനും നിലം പൊത്തിയാല്‍ എന്റെ അവസ്ഥയെന്തെന്നോര്‍ത്താണ്‌ ഞാന്‍ ആകുലപ്പെട്ടത്‌.

ദീര്‍ഘദൂര ബസില്‍ രാത്രിയില്‍ യാത്ര ചെയ്യുമ്പോഴും ഈ ഭയമാണ്‌ എന്നെ മൂടിയിരുന്നത്‌ ഡ്രൈവര്‍ ഒന്ന്‌ കണ്ണടച്ചാല്‍ ബസ്‌ ഏതെങ്കിലും കൊക്കയില്‍ വീണാല്‍ കഥ കഴിഞ്ഞതു തന്നെ. വിജനമായ വഴിയില്‍ ഒറ്റയ്‌ക്ക്‌ നടക്കുമ്പോഴോ, വൈദ്യുതി ലൈനുകള്‍ക്ക്‌ കീഴിലൂടെ കാല്‍ നടയാത്ര ചെയ്യേണ്ടി വരുമ്പോഴോ മുദ്രാവാക്യം വിളിച്ച്‌ സമരക്കാര്‍ എതിര്‍ ദിശയിലൂടെ വരുമ്പോഴോ ഒക്കെയും ഈ ഭയം എന്നെ വീര്‍പ്പുമുട്ടിച്ചിരുന്നു. എന്നാല്‍ പിന്നീട്‌ എന്റെ മനസിനെ പ്രാര്‍ത്ഥനാപൂര്‍വ്വം ഞാന്‍ ധൈര്യപ്പെടുത്തി. ഓരോ ദിവസവും ആയിരങ്ങളാണ്‌ രാത്രിയില്‍ ബസില്‍ യാത്ര ചെയ്യുന്നത്‌. അവര്‍ ക്കാര്‍ക്കും യാതൊരു അപകടവും സംഭവിക്കുന്നില്ലല്ലോ? മെഡിക്കല്‍ കോളജ്‌ പോലുള്ള ഉയര്‍ന്ന കെട്ടിടങ്ങളില്‍ ആയിരണക്കിന്‌ രോഗികള്‍ കഴിയുന്നു. പതിനായിരങ്ങള്‍ ഓരോ ദിവസവും കയറിയിറങ്ങുന്നു. എന്നിട്ട്‌ അവരാരും അപകടത്തില്‍ പെടുന്നില്ലല്ലോ. വൈദ്യുതി ലൈനുകള്‍ക്ക്‌ കീഴിലൂടെയാണ്‌ മിക്ക റോഡുകളും കടന്നുപോകുന്നത്‌. ലൈന്‍ പൊട്ടിവീണതുപോലുള്ള അപടങ്ങളെക്കുറിച്ചും കേള്‍ക്കാറില്ല. നിസാര പ്രശ്‌നങ്ങളാണിതൊക്കെയും. ഇതിനൊക്കെയും പരിഹാരവുമുണ്ട്‌. പിന്നെ എന്തിനാണ്‌ ഇതെക്കുറിച്ചോര്‍ത്ത്‌ ഞാന്‍ ഭയപ്പെടുന്നത്‌?

എല്ലാ പ്രശ്‌നങ്ങളും പരിഹൃതമാകുമെന്ന ചിന്ത നമ്മെ ഭയത്തില്‍നിന്ന്‌ മോചിപ്പിക്കും. നിനക്ക്‌ വളരെ വേഗം ജരാനര ബാധിക്കണമെങ്കില്‍ ജീവിതത്തെ സംശയപൂര്‍വ്വം വീക്ഷിച്ചാല്‍ മതി. ഭയത്തിനടിമയായിത്തീര്‍ന്നാല്‍ വളരെവേഗം വാര്‍ധക്യം കീഴടക്കും. എന്നാല്‍ പ്രത്യാശയുണ്ടെങ്കില്‍ യുവത്വവും ആത്മവിശ്വാസമുണ്ടെങ്കില്‍ ബാല്യവും നിന്നില്‍ നിലനില്‍ക്കും. ദാര്‍ശനികനായ വില്യം ജയിംസിന്റെ വാക്കുകള്‍ ഭയാശങ്ക ഒഴിവാക്കാന്‍ നമ്മെ സഹായിക്കും.

ജീവിതത്തെ നിഷേധാത്മകമായി കാണുന്നവരിലാണ്‌ ഭയം കൂടുകെട്ടി പാര്‍ക്കുന്നത്‌. `എല്ലാം തകരുവാന്‍ പോകുകയാണ്‌', `ഇന്ന്‌ ഒരു കാര്യവും നടക്കില്ല' ഇങ്ങനെയുള്ള നിഷേധാത്മക ചിന്തകള്‍ നമ്മുടെ പ്രത്യാശ നഷ്‌ടപ്പെടുത്തും. ഇതിനുപകരം, `ഇന്ന്‌ ദൈവം മനോഹരമായ ദിവസം നല്‍കി. ആനന്ദത്തോടെ ഞാന്‍ ജീവിക്കും' എന്ന വിശ്വാസം കലര്‍ന്ന വാക്കുകള്‍ നമ്മെ സന്തോഷഭരിതരാക്കും. പ്രത്യാശ നിറഞ്ഞ വ്യക്തികളുമായുള്ള സമ്പര്‍ക്കവും ജീവിതത്തെ ആശാഭരിതമാക്കും.

ജീവിതത്തിന്റെ എല്ലാ നന്മകളില്‍നിന്നും കിനാവള്ളി പോലെ ഭയം നമ്മെ ആഴങ്ങളിലേക്ക്‌ വലിച്ചിഴച്ച്‌ കൊണ്ടുപോകുന്നു. സൗഭാഗ്യങ്ങള്‍ നഷ്‌ടപ്പെടുത്തുന്നു. ദുരിതങ്ങള്‍ക്കും രോഗങ്ങള്‍ക്കും ആക്കം കൂട്ടുന്നു. `സംഭവിച്ചതെല്ലാം നല്ലതിന്‌ സംഭവിക്കാനുള്ളതും നല്ലതിന്‌' എന്ന ചിന്ത നമ്മെ ദൈവഹിതത്തോട്‌ ചേര്‍ന്നുനില്‍ക്കാന്‍ പ്രേരിപ്പിക്കും. ഭയത്തില്‍നിന്നുള്ള പരിഹാരവും അതുമാത്രമാണ്‌.

പേടിക്കാരന്‌ പറ്റിയ അമളി
ബി.പി (ഭാര്യയെപേടി)യുളള ഒരാള്‍ സ്‌നേഹിതനുമായി സംസാരിക്കുകയായിരുന്നു.
സ്‌നേഹിതന്‍: ``നിങ്ങളുടെ വീട്ടിലെന്നും കലഹമാണല്ലോ? ഇന്നലെയും നിങ്ങളുടെ ഭാര്യയുടെ ശബ്‌ദം ഉയര്‍ന്ന്‌ കേട്ടിരുന്നു. എന്തായിരുന്നു കാര്യം?''
ബി.പി.യുള്ള ആള്‍: ``വീട്ടിലെ കലഹം അവസാനിപ്പിക്കാന്‍ ഭാര്യയുടെ പാചകവും മറ്റും നന്നായിരിക്കുന്നുവെന്ന്‌ പറഞ്ഞ്‌ അവളെ അഭിനന്ദിക്കണമെന്ന്‌ വികാരിയച്ചന്‍ ഉപദേശിച്ചിരുന്നു.''
സ്‌നേഹി: ``അതൊരു നല്ല കാര്യമല്ലേ, അതിന്‌ ഭാര്യ നിങ്ങളോട്‌ വഴക്കുണ്ടാക്കേണ്ട കാര്യമെന്താണ്‌?''
ബി.പി.:``ഇന്നലെ അവളുണ്ടാക്കിയ സാമ്പാര്‍ ഉഗ്രനായിരുന്നുവെന്ന്‌ അവളുടെ കൂട്ടുകാരുള്ളപ്പോള്‍ ഞാന്‍ അഭിനന്ദിച്ചു.''
സ്‌നേഹി: ``സമ്മതിച്ചു. അതിന്‌ അവരെന്തിന്‌ പിണങ്ങണം?''
ബി.പി.: ''ഒന്നും പറയണ്ടടാ... അവളുണ്ടാക്കിയത്‌ പായസമായിരുന്നുവെന്ന്‌ പിന്നീടാണറിഞ്ഞത്‌.''

Login to post comments

Sunday Shalom

sunday-h1
The weekly newspaper in malayalam

Shalom Times

times-h1
Monthly Spiritual Malayalam Magazine

Shalom Tidings

tidings-h1
Bi monthly spritual magazine in english

Shalom Television

shalom-tv-h1
Gods own channel from Kerala

SIMS

sims
Shalom Institute of Media Science

Dedication to Mother Mary

mother-maryHail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.

Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen.

Mary, Mother of God, pray for all Shalom initiatives.