Tue05222012

Last Updated 22 May 2012:11:40:52 PM IST

RegisterRegister
sub-menu_07sub-menu_01sub-menu_02sub-menu_03sub-menu_04sub-menu_05sub-menu_06



Font Size

Member's Area
Friday, 25 November 2011 14:21

ജനം നിയമം കയ്യിലെടുക്കുമ്പോള്‍

Written by  ജയ്‌മോന്‍ കുമരകം
Rate this item
(2 votes)

തങ്ങള്‍ മാത്രം ശരിയാണെന്ന ജനത്തിന്റെ കാഴ്‌ചപ്പാടില്‍ നിന്നാണ്‌ കുറ്റവാളിയാക്കപ്പെട്ടവന്റെ ന്യായംവിലപ്പോകാതെ വരുന്നത്‌. വിമര്‍ശകരും ശിക്ഷകരുമായി ജനം മാറുന്നത്‌. പൊതുനിരത്തുകളില്‍ മാത്രമല്ല, നമ്മുടെ ഓഫീസിലും കുടുംബത്തിലും നാം ഇടപെടുന്ന മറ്റു രംഗങ്ങളിലും ഇത്തരം വിധിയാളന്മാരുണ്ട്‌. അതുകൊണ്ട്‌ സമൂഹത്തിന്റെ തെറ്റായ വിമര്‍ശനങ്ങളെയും കുറ്റപ്പെടുത്തലുകളെയും ഭയപ്പെടാതെ ദൈവാശ്രയത്തോടെ മുന്നോട്ടുപോകണം. ദൈവം കുറ്റപ്പെടുത്തുമ്പോള്‍ അത്‌ കേള്‍ക്കാന്‍ തയാറാകുന്നവന്‌ ലോകത്തിന്റെ ന്യായവിധി തെല്ലും പേടിക്കേണ്ടതില്ല.

കോഴിക്കോട്‌ ബസ്‌സ്റ്റാന്റ്‌ പരിസരത്ത്‌ ഇക്കഴിഞ്ഞ ദിവസം കണ്ട കാഴ്‌ച മനസില്‍ നിന്നും മായുന്നതേയില്ല. ഉത്തര്‍പ്രദേശുകാരനായ മധ്യവയസ്‌കനെയും ആറോ ഏഴോ വയസുളള പെണ്‍കുട്ടിയെയും ഏതാനും പേര്‍ തടഞ്ഞുവച്ച്‌ ചോദ്യം ചെയ്യുന്നതായിരുന്നു ആ രംഗം. കുട്ടിയെ എവിടെനിന്ന്‌ തട്ടിയെടുത്തു എന്നാണവരുടെ ചോദ്യം. മലയാളം അറിയാത്ത അയാളുടെ ഭാവവും മുറിഞ്ഞ വാക്കുകളും ജനക്കൂട്ടത്തെ രോഷം കൊള്ളിച്ചു. അയാളെ ചിലര്‍ പ്രഹരിക്കാന്‍ ഒരുങ്ങുമ്പോഴാണ്‌ ഹിന്ദി അറിയാവുന്ന ഒരാള്‍ അവിടേക്ക്‌ വരുന്നത്‌. സൗമ്യമായി അയാള്‍ സംസാരിച്ചു. അവര്‍ അപ്പനും മകളുമാണെന്നും യാത്രയ്‌ക്കിടയില്‍ ചില സാധനങ്ങള്‍ വാങ്ങുന്നതിനുവേണ്ടി നഗരത്തിലിറങ്ങിയതാണെന്നും വിവര്‍ത്തകന്‍ ജനത്തോട്‌ വിശദീകരിച്ചു. അതോടെ ചോദ്യം ചെയ്യാനെത്തിയവര്‍ ഓരോരുത്തരായി മുങ്ങി. കുട്ടിയും അപ്പനും മാത്രം ശേഷിച്ചു. `എന്തിനാണ്‌ അപ്പാ, നമ്മെ അവര്‍ പിടിച്ചുവെച്ചത്‌?' എന്ന കുട്ടിയുടെ ചോദ്യത്തിനു മുന്നില്‍ അപ്പന്‍ സങ്കടത്തോടെ കൈമലര്‍ത്തി. സാധനങ്ങളൊന്നും വാങ്ങാതെ ജന്മനാട്ടിലേക്ക്‌ എത്രയുംവേഗം തിരികെ പോകാനുള്ള വ്യഗ്രതയായിരുന്നു പിന്നീടവരുടെ മുഖത്ത്‌. ജനക്കൂട്ടം തന്നെ നിയമപാലകരും വിധിയാളനുമായി മാറുന്ന കാഴ്‌ച അടുത്തകാലത്ത്‌ വര്‍ധിച്ചുവരുന്നതായി നമുക്കിപ്പോള്‍ കാണാം. മാധ്യമങ്ങളിവരെ `സദാചാര പോലിസ്‌' എന്ന്‌ വിശേഷിപ്പിക്കുന്നു.

കോഴിക്കോട്‌ ജില്ലയിലെ മുക്കത്ത്‌ രാത്രിയില്‍ ഒരു വീട്ടില്‍ സംശയാസ്‌പദസാഹചര്യത്തില്‍ കണ്ടു എന്ന കാരണത്തിലാണ്‌ യുവാവ്‌ ആക്രമിക്കപ്പെട്ടത്‌. പോസ്റ്റില്‍ കെട്ടിയിട്ട്‌ യുവാവിനെ നഗ്നനാക്കി മര്‍ദ്ദിച്ചുവെന്ന വാര്‍ത്ത ഞെട്ടലുളവാക്കുന്നതല്ലേ? തന്റെ ന്യായമെന്തെന്ന്‌ ബോധിപ്പിക്കാന്‍ പോലും കഴിയാതെ തെറ്റിധരിക്കപ്പെട്ട്‌ മരണശിക്ഷ ഏറ്റുവാങ്ങേണ്ടിവന്നു അയാള്‍ക്ക്‌. നീതിന്യായപീഠത്തെ നോക്കുകുത്തിയാക്കി നിയമം കൈയിലെടുക്കുന്നു ജനം. തെറ്റു ചെയ്‌ത വ്യക്തിയെ പിന്തിരിപ്പിക്കാന്‍ നീതിയുടെ വഴി തേടുകയോ നിയമപാലകരെ ഏല്‍പ്പിക്കുകയോ അല്ലേ യഥാര്‍ത്ഥത്തില്‍ ജനം ചെയ്യേണ്ടിയിരുന്നത്‌? നീതിയും നിയമവും സമൂഹം കൈയിലെടുത്താല്‍ അതിന്റെ ഭവിഷ്യത്ത്‌ എത്ര ദുരന്തപൂര്‍ണമായിരിക്കും. തെറ്റിദ്ധരിക്കപ്പെട്ടാണ്‌ അയാള്‍ മരണം ഏറ്റുവാങ്ങുന്നതെങ്കില്‍ വാസ്‌തവം പുറത്ത്‌ അറിയുമ്പോള്‍ ആ മരണത്തിന്‌ ഉത്തരവാദിയായ സദാചാരപോലിസിന്‌ എന്തു ചെയ്യാന്‍ കഴിയും?

കൊച്ചി നഗരത്തില്‍ രാത്രി ഡ്യൂട്ടിക്ക്‌ പോയ തെസ്‌നിബാനു എന്ന പെണ്‍കുട്ടി നേരിട്ടതും സദാചാരം ഘോഷിക്കുന്ന `സാമൂഹ്യസേന'യുടെ അക്രമമായിരുന്നു. ചുറ്റും കൂടിയവരോട്‌ ആര്‌?എന്തിന്‌? എവിടെപ്പോകുന്നു? കൂടെ ആര്‌? എന്നെല്ലാം മറുപടി പറയാന്‍ അവള്‍ നിര്‍ബന്ധിക്കപ്പെട്ടു. ഒടുവില്‍ `കടുത്ത ശിക്ഷ'യും `ജനപ്പോലീസില്‍' നിന്നും നേരിടേണ്ടി വന്നു. വാലന്റൈന്‍സ്‌ ദിനത്തില്‍ കര്‍ണാടകയിലും തമിഴ്‌നാട്ടിലുമൊക്കെ യുവജനങ്ങളെ ജനം ആക്രമിക്കുന്ന സംഭവങ്ങള്‍ മാധ്യമങ്ങളില്‍ നാം വായിക്കാറുണ്ടല്ലോ? ആണും പെണ്ണും ഒന്നിച്ച്‌ യാത്രചെയ്‌തതിന്റെ പേരില്‍, വഴിയില്‍ സംസാരിച്ചു നിന്നതിന്റെ പേരില്‍ ആക്രമിക്കപ്പെടുന്നവര്‍. ജാതി മാറി വിവാഹം കഴിച്ചു എന്നതിന്റെ പേരില്‍ യുവതീയുവാക്കളെ ബന്ധുക്കളും നാട്ടുകാരും കൂടി വിധി തീര്‍പ്പാക്കുന്ന മാനം കാക്കല്‍ കൊലപാതകങ്ങളെക്കുറിച്ചും നാം അറിഞ്ഞിട്ടുണ്ടാകണം. എന്നാല്‍ ഇതൊക്കെയും കേരളത്തിനു പുറത്ത്‌ മാത്രം നടക്കുന്ന കാര്യങ്ങളായും സംസ്‌കാരരഹിതരായ ജനതയുടെ വികാരം മാത്രമായും നാം വിധിയെഴുതാറുണ്ട്‌. പക്ഷേ, ഇതിനേക്കാള്‍ ഹീനസംഭവങ്ങള്‍ കേരളത്തിലും ആവര്‍ത്തിക്കപ്പെടുന്നു.

പോക്കറ്റടിക്കാരന്‍ എന്ന്‌ തെറ്റിദ്ധരിച്ച്‌ രഘു എന്ന യുവാവിനെ പെരുമ്പാവൂര്‍ ബസ്‌സ്റ്റാന്റില്‍ അടിച്ചുകൊന്നത്‌, തൊടുപുഴയില്‍ സഹോദരിയെ കൂട്ടിക്കൊണ്ടുപോകാന്‍ ബസ്‌സ്റ്റാന്റില്‍ വാഹനവുമായി എത്തിയ എസ്‌.ഐ.യെ ആക്രമിക്കാനെത്തിയത്‌... ഇതൊക്കെയും സമീപകാല സംഭവങ്ങള്‍.

രണ്ടു വര്‍ഷം മുമ്പ്‌ (2009 ജൂണ്‍ 19) എറണാകുളം ഞാറക്കല്‍ ഭാഗത്തുവച്ച്‌ മരണമടഞ്ഞ ഉമേഷിനെക്കൂടി ഓര്‍ക്കണം. പാലക്കാട്‌ ഡിവിഷന്‍ അസിസ്റ്റന്റ്‌ കമ്മീഷണര്‍ ആയിരുന്ന ഉമേഷ്‌ വീട്ടിലേക്ക്‌ കാര്‍ ഓടിച്ച്‌ വരുമ്പോഴായിരുന്നു സംഭവം. വരുന്ന വഴി അദ്ദേഹത്തിന്റെ കാര്‍ ഒരു ഓട്ടോറിക്ഷയിലും വഴിയാത്രക്കാരിയെയും മുട്ടി. ഓടിക്കൂടിയ ജനം മറ്റൊന്നും ആലോചിക്കാതെ അയാളെ പുലഭ്യം പറയാനും ആക്രമിക്കാനുമാണ്‌ ഒരുമ്പെട്ടത്‌.

ആക്‌സിഡന്റുകള്‍ സംഭവിക്കുമ്പോഴെല്ലാം ജനം തന്നെയാണല്ലോ എക്കാലത്തും വിധിയാളന്മാരാകുന്നത്‌. ഉമേഷ്‌ മദ്യപിച്ചു വണ്ടിയോടിച്ചു എന്ന്‌ ജനം വിധിയെഴുതി. പോലിസിന്‌ മുന്നില്‍ അവര്‍ വെളിപ്പെടുത്തിയതും അതുതന്നെ. ചര്‍ദ്ദിച്ച്‌ അബോധാവസ്ഥയിലായ അദ്ദേഹത്തെ പരിശോധിച്ച ഡോക്‌ടര്‍ ഉമേഷ്‌ മദ്യപിച്ചിരുന്നില്ലെന്നും അമിത രക്തസമ്മര്‍ദ്ദത്തിന്‌ അദ്ദേഹം അടിപ്പെട്ടിരുന്നുവെന്നും വ്യക്തമാക്കി. പക്ഷേ, അപ്പോഴേക്കും `വിധിയാളന്മാരായി' എത്തിയവര്‍ സ്ഥലംവിട്ടു. വീട്ടുകാരെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ ജീവിതം നിശ്ചലമായിക്കഴിഞ്ഞിരുന്നു. കാര്യവും കാരണവും തിരയാതെ ജനംതന്നെ നീതിയും നിയമവും വിധിയും നിശ്ചയിക്കുന്നു. ഇത്‌ നിലവിലുള്ള വ്യവസ്ഥയുടെയും ജനാധിപത്യത്തിനും നേരെയുള്ള വെല്ലുവിളിയായി കരുതരുതോ?

കള്ളനെന്നും കുറ്റവാളിയെന്നും ജനം വിധിയെഴുതുന്നവര്‍ സത്യസന്ധരായി ജീവിച്ചാലും ചിലരെങ്കിലും അയാളെ അവിശ്വസിക്കും. കാരണം അയാള്‍ സമൂഹദൃഷ്‌ടിയില്‍ ഒരിക്കല്‍ തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിയാണ്‌. ഈ വ്യക്തിയെ സംശയകരമായ സാഹചര്യത്തില്‍ പിന്നീടെപ്പോഴെങ്കിലും കണ്ടെത്തുകകൂടി ചെയ്‌താല്‍ വിധിയും ശിക്ഷയും ജനം ഉടന്‍ നടപ്പിലാക്കുമെന്നത്‌ തീര്‍ച്ചയാണ്‌. തങ്ങള്‍ മാത്രമാണ്‌ ശരിയെന്നുള്ള ജനത്തിന്റെ കാഴ്‌ചപ്പാടാണ്‌ ഈ ദുരവസ്ഥയ്‌ക്ക്‌ പിന്നിലുള്ളത്‌. എന്തിനെയും എതിര്‍ക്കാനും വിമര്‍ശിക്കാനും നേരിടാനും തങ്ങള്‍ക്ക്‌ കഴിയും എന്ന്‌ `ആത്മാവില്ലാത്ത' ജനക്കൂട്ടം ചിന്തിക്കുന്നു. ന്യായവാദങ്ങള്‍ തിരസ്‌കരിക്കപ്പെടുകയും ഏകാഭിപ്രായം നടപ്പിലാക്കപ്പെടുകയും ചെയ്യുന്നു.

ആണും പെണ്ണും ഒന്നിച്ചാല്‍ അത്‌ അനാശാസ്യം എന്നായിരിക്കും അവരുടെ വിധിയെഴുത്ത്‌. അവര്‍ ഭാര്യാഭര്‍ത്താക്കന്മാരാണെന്ന ന്യായം പിന്നീട്‌ മാത്രമേ പുറത്ത്‌ വരൂ. രാത്രിയില്‍ വഴിയാത്രയ്‌ക്കിടയില്‍ ഒറ്റപ്പെട്ട്‌ പോയ പെണ്ണിന്‌ സഹായത്തിനെത്താന്‍ `സദാചാരപ്പോലീസിന്‌' മടിയാണ്‌. ആരെങ്കിലും കൂട്ട്‌ പോയാല്‍ അവരെ കുറ്റപ്പെടുത്തും. ഗോവിന്ദച്ചാമിയില്‍നിന്നു രക്ഷനേടാന്‍ വനിതാ കംമ്പാര്‍ട്ടുമെന്റിലൂടെ സൗമ്യ ഒറ്റപ്പെട്ട്‌ ഓടുകയും കരയുകയും ചെയ്‌തപ്പോള്‍ ഒരു യുവാവ്‌ അവളുടെ നിലവിളി കേട്ടു. അയാള്‍ സഹായത്തിന്‌ ശ്രമിച്ചപ്പോള്‍ മറ്റുള്ളവര്‍ അയാളെ കുറ്റപ്പെടുത്തുകയും എതിര്‍ക്കുകയും ചെയ്‌ത സംഭവം ഇതിനോട്‌ ചേര്‍ത്ത്‌ വായിക്കണം.

ജനക്കൂട്ടം എന്നും ദോഷൈകദൃക്കാവാനാണ്‌ സാധ്യത. കാരണം നന്മ കാണുന്നവരും ഹൃദയം തുറന്ന്‌ അഭിന്ദിക്കുവാനും ജനക്കൂട്ടത്തിന്‌ മടിയാണ്‌. ദരിദ്രസാഹചര്യത്തില്‍ നിന്നും പഠിച്ചുയര്‍ന്ന്‌ ബിരുദം നേടിയ കുട്ടിയെ അഭിനന്ദിക്കുവാനെത്തുന്നതിന്റെ പത്തിരട്ടി ആളുണ്ടാവും പീഡിപ്പിക്കപ്പെട്ട ഒരു പെണ്‍കുട്ടിയെ തെളിവെടുപ്പിന്‌ കൊണ്ടു വരുന്നു എന്ന്‌ കേട്ടാല്‍.

ജനത്തിന്റെ ഈ കാഴ്‌ചപ്പാട്‌ ഇങ്ങനെ മാറിമറിയുന്നതിന്‌ മാധ്യമങ്ങള്‍ക്കും വലിയൊരു പങ്കുണ്ട്‌. കാരണം ഇന്ന്‌ മാധ്യമങ്ങളിലൂടെ കാണുകയും കേള്‍ക്കുകയും അനുഭവിക്കുന്നതും ക്രൈം മാത്രമാണല്ലോ. എന്തിനെയും കാടടച്ച്‌ വിമര്‍ശിക്കുന്നവരും കുറ്റം കണ്ടെത്തുന്നവരുടെയും എണ്ണം മാനംമുട്ടെ വളരുന്നു. ഒരു പെണ്‍കുട്ടി ഒരുങ്ങി നടന്നാല്‍, അവള്‍ `ആരെയോ വശത്താക്കാന്‍ ശ്രമിക്കുകയാണെന്നാകും ഇക്കൂട്ടരുടെ കണ്ടെത്തല്‍. ഒരാള്‍ ആത്മാര്‍ത്ഥമായി ജോലി ചെയ്‌താല്‍ അയാള്‍ ബോസിനെ `കൈമണി' അടിക്കാന്‍ ശ്രമിക്കുന്നുവെന്നാകും വിധിതീര്‍പ്പ്‌. രാത്രിയില്‍ ഒരു യുവതി താമസിച്ച്‌ ബസിറങ്ങിയാല്‍ ജോലിസമയം കഴിഞ്ഞ്‌ അവള്‍ മോശപ്പെട്ട ജീവിതം നയിക്കുന്നുണ്ടാകും എന്ന്‌ പറഞ്ഞ്‌ നടക്കും. ഇതിനെല്ലാം മറുവശമുണ്ട്‌; യാഥാര്‍ത്ഥ്യവുണ്ട്‌. എന്നാല്‍ അതാരും കാണുന്നില്ല; പറയുന്നില്ല. ഗോസിപ്പുകള്‍ കൈമാറാനും കടുത്ത വിമര്‍ശനം നടത്താനുമാണ്‌ മലയാളിക്ക്‌ മിടുക്ക്‌ കൂടുതല്‍.

നീതിയും നിയമസംരക്ഷകരും ശിക്ഷകരും തങ്ങളെന്ന്‌ കരുതുന്ന സദാചാരപ്പോലീസ്‌ എന്നുമുണ്ടായിരുന്നു. യഥാര്‍ത്ഥത്തില്‍ അവര്‍ ചെയ്യുന്നതെന്തെന്ന്‌ അവരറിയില്ലെന്നുള്ളതാണ്‌ വാസ്‌തവം. ഒരാവേശത്തിന്‌ ഉയര്‍ത്തിവിടുന്ന ആരോപണങ്ങളും അക്രമവും കുറ്റാരോപിതനില്‍ ഉണര്‍ത്തുന്ന മുറിപ്പാടുകളും വേദനയും അവര്‍ കണക്കാക്കുന്നില്ല.

വിശുദ്ധ ഗ്രന്ഥത്തില്‍ നാം വായിക്കുന്നു, ക്രിസ്‌തു രോഗശാന്തി നല്‍കിയപ്പോള്‍ അവന്‍ ബേത്സ്‌ബൂലിനെക്കൊണ്ടാണ്‌ പിശാചുക്കളെ ബഹിഷ്‌കരിക്കുന്നുവെന്നായിരുന്നു ജനം കണ്ടെത്തിയത്‌. ചുങ്കക്കാരോടും വേശ്യകളോടുമൊത്ത്‌ യേശു ഭക്ഷണം കഴിച്ചപ്പോഴും അവര്‍ക്കതൊക്കെയും പരിഹാസവിഷയമായി. തങ്ങള്‍ മാത്രമാണ്‌ ദൈവകല്‌പനകളനുസരിച്ച്‌ ജീവിക്കുന്ന ദൈവത്തിന്റെ പ്രിയപ്പെട്ട ജനതയെന്ന തെറ്റിദ്ധാരണയില്‍ നിന്നായിരുന്നു ഈ വിധി പ്രസ്‌താവമെല്ലാം.ക്രിസ്‌തുവിനെതിരെ അപവാദശരങ്ങളുയര്‍ത്തിയവര്‍ ഇന്ന്‌ ആധുനികവേഷത്തില്‍ നമ്മോടൊപ്പമുണ്ട്‌.

തങ്ങള്‍ മാത്രം ശരിയെന്ന ജനത്തിന്റെ കാഴ്‌ചപ്പാടില്‍ നിന്നാണ്‌ കുറ്റവാളിയാക്കപ്പെട്ടവന്റെ ന്യായം വിലപ്പോകാതെ വരുന്നത്‌. വിമര്‍ശകരും ശിക്ഷകരുമായി ജനം മാറുന്നത്‌. പൊതുനിരത്തുകളില്‍ മാത്രമല്ല, നമ്മുടെ ഓഫീസിലും കുടുംബത്തിലും നാം ഇടപെടുന്ന മറ്റു രംഗങ്ങളിലും ഇത്തരം വിധിയാളന്മാരുണ്ട്‌. അതുകൊണ്ട്‌ സമൂഹത്തിന്റെ തെറ്റായ വിമര്‍ശനങ്ങളെയും കുറ്റപ്പെടുത്തലുകളെയും ഭയപ്പെടാതെ ദൈവാശ്രയത്തോടെ മുന്നോട്ടുപോകണം. ദൈവം കുറ്റപ്പെടുത്തുമ്പോള്‍ അത്‌ കേള്‍ക്കാന്‍ തയാറാകുന്നവന്‌ ലോകത്തിന്റെ ന്യായവിധി തെല്ലും പേടിക്കേണ്ടതില്ല.

ചിലപ്പോള്‍ ഒരു തെറ്റും ചെയ്യാത്തവരാകും അപവാദങ്ങള്‍ക്കിരയാകുന്നത്‌. ജനത്തിന്റെ എല്ലാ ചൂണ്ടുവിരലുകളും ഒരാള്‍ക്കുനേരെ മാത്രം ഉയര്‍ന്നാല്‍ അയാള്‍ക്കെങ്ങനെയാണ്‌ തന്റെ ഭാഗം ന്യായീകരിക്കാന്‍ കഴിയുന്നത്‌? ഏത്‌ ന്യായങ്ങളുന്നയിച്ചാലും അയാള്‍ പ്രതിയെന്നേ ജനം വിശേഷിപ്പിക്കൂ. (സിസ്റ്റര്‍ അഭയക്കേസുമായി ബന്ധപ്പെട്ട്‌ കുറ്റാരോപിതരായ വൈദികരുടെയും സിസ്റ്ററിന്റെയും സങ്കടങ്ങളും കണ്ണീരും ആരെങ്കിലും മനസിലാക്കുന്നുണ്ടോ?)

അതുകൊണ്ട്‌ ഓരോ വ്യക്തിയും വിശുദ്ധ ഫ്രാന്‍സിസ്‌ സാലസിന്റെ വാക്കുകള്‍ ഹൃദയത്തില്‍ സൂക്ഷിക്കുക മാത്രമാണ്‌ കരണീയം. അതിങ്ങനെയാണ്‌: ``ഒരാള്‍ക്ക്‌ നൂറു വശങ്ങളുണ്ടെന്നിരിക്കട്ടെ. അതില്‍ 99 വശങ്ങളും മോശവും തിന്മകലര്‍ന്നതും ആയിരിക്കാം. എങ്കിലും ശേഷിച്ച ഒരു ഭാഗത്ത്‌ നന്മയില്ലേ? ആ നന്മയെക്കുറിച്ച്‌ മാത്രമേ ഞാന്‍ പറയൂ..മറ്റു വശങ്ങളൊന്നും കാണില്ല.'' എല്ലാ കപടസദാചാരങ്ങളും ഇല്ലാതാക്കാന്‍ ഈ ചിന്ത ഹൃദയഭിത്തികളില്‍ ചേര്‍ത്തുവയ്‌ക്കുക മാത്രമാണ്‌ പരിഹാരം.
ജനക്കൂട്ടത്തിന്‌ പിന്നില്‍
റോഡിന്റെ ഓരത്ത്‌ ജനക്കൂട്ടം. ഒരു സാധുവിന്റെ കഴുത്തിന്‌ കുത്തിപ്പിടിച്ച്‌ ജനമധ്യത്തില്‍ ഒരു തടിയന്‍.
``എന്താണ്‌ കാര്യം?''
ഒരാള്‍ തിരക്കി.
``ഇയാളെന്നെ 12 കൊല്ലം മുമ്പ്‌ `ഹിപ്പോപൊട്ടാമസ്‌' എന്ന്‌ വിളിച്ചു.''തടിയന്‍ ശബ്‌ദമുയര്‍ത്തി.
``അതിന്‌ ഇപ്പോഴെന്തിനാ ഇയാളെ പിടിക്കുന്നത്‌?''
തടിയന്‍ സ്വരം താഴ്‌ത്തി. ``ഹേയ്‌! ഇന്നാണ്‌ ഞാനാ വൃത്തികെട്ട ജന്തുവിനെ കണ്ടത്‌...''

Login to post comments

Sunday Shalom

sunday-h1
The weekly newspaper in malayalam

Shalom Times

times-h1
Monthly Spiritual Malayalam Magazine

Shalom Tidings

tidings-h1
Bi monthly spritual magazine in english

Shalom Television

shalom-tv-h1
Gods own channel from Kerala

SIMS

sims
Shalom Institute of Media Science

Dedication to Mother Mary

mother-maryHail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.

Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen.

Mary, Mother of God, pray for all Shalom initiatives.