Tue05222012

Last Updated 22 May 2012:11:40:52 PM IST

RegisterRegister
sub-menu_07sub-menu_01sub-menu_02sub-menu_03sub-menu_04sub-menu_05sub-menu_06



Font Size

Member's Area
Friday, 14 October 2011 11:23

ആവിലായിലെ വിശുദ്ധ അമ്മത്രേസ്യാ Featured

Written by  റവ.ഡോ. ജസ്റ്റിന്‍ അവണൂപ്പറമ്പില്‍ OCD
Rate this item
(2 votes)

ലോകപ്രശസ്‌ത കലാകാരനും ശില്‌പിയുമായ ജിയാന്‍ ലൊറേന്‍സോ ബര്‍ണീനി (1598-1680) മാര്‍ബിളില്‍ ഈ സംഭവത്തിനു രൂപം കൊടുത്തപ്പോള്‍ അത്‌ മൈക്കിള്‍ ആഞ്ചലോയുടെ `പിയത്താ'യോടു കിടപിടിക്കുന്ന ഒരു ലോകോത്തര കലാസൃഷ്‌ടിയായി മാറി. ഇത്‌ റോമില്‍ `വിയാ വെന്തിസെത്തെബ്രേ'യില്‍ കര്‍മലീത്ത (ഒ.സി.ഡി) വൈദികരുടെ ആശ്രമത്തോടനുബന്ധിച്ചുള്ള വിജയമാതാവിന്റെ അതിമനോഹരമായ ബസിലിക്കായിലെ അള്‍ത്താരയുടെ മുകളില്‍ സ്ഥാപിച്ചിരിക്കുന്നു.



``ഒരു ദര്‍ശനത്തില്‍ ഇങ്ങനെ കാണുവാന്‍ കര്‍ത്താവ്‌ തിരുമനസായി: ഒരു പ്രമുഖ മാലാഖയുടേതുപോലെ ആ ദൈവദൂതന്റെ മുഖം കത്തിജ്വലിച്ചിരുന്നു... ആ മാലാഖയുടെ കൈയില്‍ ഒരു സ്വര്‍ണ്ണക്കുന്തം ഞാന്‍ കണ്ടു; അതിന്റെ ലോഹാഗ്രത്തില്‍ അഗ്നി ജ്വലിക്കുന്നുണ്ടെന്ന്‌ എനിക്കു തോന്നി. ദൈവം ചിലപ്പോഴൊക്കെ എന്റെ ഹൃദയത്തിലും അതു കുത്തിക്കടത്തുന്നതുപോലെ എനിക്കു തോന്നി.. ദൈവം എന്റെ ഹൃദയത്തെ സ്‌നേഹംകൊണ്ട്‌ ഉജ്ജ്വലമാക്കി. വേദന ഭയങ്കരമായിരുന്നു; തന്നിമിത്തം ഞാന്‍ വളരെയേറെ നെടുവീര്‍പ്പിട്ടു...''

ആവിലായിലെ വിശുദ്ധ അമ്മത്രേസ്യായുടെ (1515-1582) ``ആത്മകഥ''യില്‍ 29-ാമത്തെ അധ്യായത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള ഒരനുഭവമാണ്‌ മേലുദ്ധരിച്ചത്‌. 1559 ലാണ്‌ വിശുദ്ധയ്‌ക്ക്‌ ഈ അനുഭവമുണ്ടായത്‌. ലോകപ്രശസ്‌ത കലാകാരനും ശില്‌പിയുമായ ജിയാന്‍ ലൊറേന്‍സോ ബര്‍ണീനി (1598-1680) മാര്‍ബിളില്‍ ഈ സംഭവത്തിനു രൂപം കൊടുത്തപ്പോള്‍ അത്‌ മൈക്കിള്‍ ആഞ്ചലോയുടെ `പിയത്താ'യോടു കിടപിടിക്കുന്ന ഒരു ലോകോത്തര കലാസൃഷ്‌ടിയായി മാറി. നൂറുകണക്കിനു കലാസൃഷ്‌ടികള്‍ക്കു രൂപം കൊടുത്തിട്ടുള്ള ബര്‍ണീനിയുടെ മാസ്റ്റര്‍പീസാണ്‌ മലയാളത്തില്‍ `ഹൃദയഭേദനം' എന്നും ഇംഗ്ലീഷില്‍ 'TRANSUERBERATION' എന്നും വിളിക്കപ്പെടുന്ന ഈ അനിതരസാധാരണ മൗതിക പ്രതിഭാസം. ഇത്‌ റോമില്‍ `വിയാ വെന്തിസെത്തെബ്രേ'യില്‍ കര്‍മ്മലീത്ത (ഒ.സി.ഡി) വൈദികരുടെ ആശ്രമത്തോടനുബന്ധിച്ചുള്ള വിജയമാതാവിന്റെ അതിമനോഹരമായ ബസിലിക്കായിലെ അള്‍ത്താരയുടെ മുകളില്‍ സ്ഥാപിച്ചിരിക്കുന്നു. റോമില്‍ തീര്‍ത്ഥാടനത്തിനു പോകുന്നവരെയെല്ലാം ഈ ബസിലിക്കായിലേക്കാകര്‍ഷിക്കുന്നത്‌ എത്രനേരം നോക്കിനിന്നാലും മതിവരാത്ത ഈ അനശ്വര കലാശില്‌പമാണ്‌.
വിശുദ്ധ അമ്മത്രേസ്യാ തന്റെ ആത്മകഥയില്‍ എഴുതിയിരിക്കുന്നതില്‍ എന്തെങ്കിലും വസ്‌തുതയുണ്ടോ എന്നറിയുന്നതിന്‌ വിശുദ്ധയുടെ മരണശേഷം വിദഗ്‌ധരുടെ ഒരു സംഘം ശരീരത്തില്‍നിന്നും ഹൃദയം വെളിയിലെടുത്ത്‌ സൂക്ഷ്‌മമായി പരിശോധിക്കുകയും ആത്മകഥയില്‍ എഴുതിയിരിക്കുന്നതുപോലെത്തന്നെയെന്ന്‌ ബോധ്യപ്പെടുകയും ചെയ്‌തു. ആ ഹൃദയം പിന്നീട്‌ ശരീരത്തില്‍ തിരിച്ചു വക്കാതെ ഹൃദയത്തിന്റെ മാതൃകയില്‍ പ്രത്യേകം നിര്‍മിച്ച കട്ടിയുള്ള സ്‌ഫടികത്തിനുള്ളിലാക്കി സ്‌പെയിനിലെ ആല്‍ബ ദെ തോര്‍മസ്‌ എന്ന സ്ഥലത്തുള്ളതും 1571 ല്‍ അമ്മത്രേസ്യാതന്നെ സ്ഥാപിച്ചതുമായ കര്‍മലീത്താ മിണ്ടാമഠത്തോടനുബന്ധിച്ചുള്ള ബസിലിക്കായിലെ പ്രധാന അള്‍ത്താരയുടെ വലതുവശത്ത്‌ ഏവര്‍ക്കും കാണാവുന്ന വിധത്തില്‍ സ്ഥാപിച്ചിരിക്കുന്നു. (ഈ മഠത്തിലാണ്‌ 1582 ഒക്‌ടോബര്‍ നാലാം തിയതി അമ്മത്രേസ്യാ മരിച്ചത്‌.) കാലപ്പഴക്കത്തില്‍ ഹൃദയം താഴേക്ക്‌ തൂങ്ങി അല്‌പം നീണ്ടുപോയി എന്നതൊഴിച്ചാല്‍ ഹൃദയത്തിലേറ്റ മുറിവ്‌ ഇന്നും കാണുവാന്‍ സാധിക്കും. അതുപോലെതന്നെ നാനൂറു വര്‍ഷങ്ങള്‍ക്കുശേഷവും അമ്മത്രേസ്യായുടെ അഴുകാത്ത ശരീരം അതേ അള്‍ത്താരയുടെ അല്‌പം മുകളിലായി വെള്ളികൊണ്ട്‌ വളരെ കലാപരമായി ഉണ്ടാക്കിയ ഒരു പേടകത്തില്‍ സൂക്ഷിച്ചിരിക്കുന്നു.

കത്തോലിക്കാസഭയില്‍ അനവധി വിശുദ്ധരുണ്ട്‌. അവരില്‍ ചിലര്‍ക്കെല്ലാം ഈ ഭൂമിയില്‍ ജീവിച്ചിരുന്നപ്പോള്‍ ദര്‍ശനങ്ങളും വെളിപാടുകളും അതുപോലുള്ള പല വരങ്ങളും സിദ്ധികളും ലഭിച്ചിരുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു. എന്നാല്‍ അമ്മത്രേസ്യാ തന്റെ ആത്മകഥയില്‍ എഴുതിയിരിക്കുന്ന ഈ പ്രതിഭാസം ഒറ്റപ്പെട്ടതാണ്‌.

1515 മാര്‍ച്ച്‌ 28 ന്‌ സ്‌പെയിനിലെ ആവിലാ എന്ന പട്ടണത്തില്‍ ഒരു കുലീന കുടുംബത്തിലാണ്‌ തെരേസ ജനിച്ചത്‌. 1582 ഒക്‌ടോബര്‍ നാലിന്‌ ആല്‍ബാ ദെ തോര്‍മസിലെ മിണ്ടാമഠത്തില്‍വച്ച്‌ മരിച്ചു. 67 വര്‍ഷം നീണ്ട വിശുദ്ധിയുടെ ജീവിതം സംഭവബഹുലമായിരുന്നു.

ചെറുപ്പത്തില്‍ ത്രേസ്യാ തന്റെ സൗന്ദര്യത്തില്‍ അഭിമാനിക്കുകയും അതു സംരക്ഷിക്കുന്നതിലും കൂടുതല്‍ മോടിപിടിപ്പിക്കുന്നതിലും ശ്രദ്ധിക്കുകയും അതിനായി വളരെ സമയം ചെലവഴിക്കുകയും ചെയ്‌തിരുന്നു. പതിമൂന്നു വയസുള്ളപ്പോള്‍ അമ്മ മരിച്ചു. അമ്മയുടെ അഭാവത്തില്‍, വീട്ടിലെ പ്രത്യേക സാഹചര്യത്തില്‍, മകളുടെ ജീവിതത്തിലെ അപകടസാധ്യതകള്‍ മനസിലാക്കിയ പിതാവ്‌ ത്രേസ്യായെ അടുത്തുള്ള അഗസ്റ്റീനിയന്‍ കന്യാസ്‌ത്രീകള്‍ നടത്തുന്ന ബോര്‍ഡിങ്ങിലാക്കി. പക്ഷേ അവളുടെ ഹൃദയം ലോകകാര്യങ്ങളിലായിരുന്നു കൂടുതല്‍ ശ്രദ്ധിച്ചിരുന്നത്‌. കേവല പതിനെട്ടു മാസം മാത്രമേ ബോര്‍ഡിങ്ങില്‍ ത്രേസ്യാ താമസിച്ചുള്ളൂ. വിശുദ്ധ അഗസ്‌തീനോസിന്റെ ``ഏറ്റുപറച്ചില്‍'' എന്ന ആത്മകഥയിലേതുപോലെ അമ്മത്രേസ്യാ തന്റെ ആത്മകഥയിലും കാര്യങ്ങളെല്ലാം തുറന്നെഴുതിയിട്ടുണ്ട്‌. അവള്‍ പറയുന്നു: ``ഒരു കന്യാസ്‌ത്രീയാകുക എന്ന ചിന്തതന്നെ എന്നില്‍ വളരെ വെറുപ്പുളവാക്കിയിരുന്നു!'' പക്ഷേ, മനുഷ്യന്‍ അസാധ്യമെന്നു കരുതുന്നത്‌ സാധ്യമാക്കുന്നവനാണല്ലോ ദൈവം. ഒരിക്കലും കന്യാസ്‌ത്രീയാകാന്‍ ആഗ്രഹിക്കാത്ത ത്രേസ്യാ 21-ാമത്തെ വയസില്‍ 1536 ല്‍ ആവിലായില്‍ തന്നെയുള്ള ഇന്‍കാര്‍ണേഷന്‍ മഠത്തില്‍ നോവിസായി ചേര്‍ന്നു; 1537 ല്‍ ഇരുപത്തിരണ്ടാമത്തെ വയസില്‍ നിത്യവ്രതവാഗ്‌ദാനവും നടത്തി!

മാനസികവും ആത്മീയവുമായ പലവിധ അസ്വസ്ഥതകള്‍ ത്രേസ്യായെ അലട്ടിയിരുന്നു. ഇതുകൂടാതെ എത്ര ചികിത്സിച്ചിട്ടും സൗഖ്യമാകാതിരുന്ന ചില രോഗങ്ങളാലും അവള്‍ പീഡിപ്പിക്കപ്പെട്ടു. ത ന്റെ നിസാരതയും നിസ്സഹായതയും ത്രേസ്യാ ശ രിക്കും മനസിലാക്കി. തനിയെ ഒന്നും ചെയ്യുവാന്‍ സാധിക്കാതെ മൂന്നു വര്‍ഷത്തോളം അവള്‍ തളര്‍ ന്നു കിടന്നു. അതിനിടെ കൂടെക്കൂടെ അപസ്‌മാരംപോലെ മോഹാലസ്യവും ഉണ്ടായിക്കൊണ്ടിരുന്നു. അങ്ങനെ ഒരിക്കല്‍ അബോധാവസ്ഥയില്‍ നാലു ദിവസം കിടന്നു. അന്ത്യകൂദാശ കൊടുത്ത വൈദികന്‍ അവള്‍ മരിച്ചുകഴിഞ്ഞുവെന്നു പ്രസ്‌താവിച്ചു.
ഇന്‍കാര്‍ണേഷന്‍ മഠത്തിലെ കന്യാസ്‌ത്രീകള്‍ കല്ലറ ഒരുക്കുകയും മരിച്ചടക്കിനുവേണ്ട ക്രമീകരണങ്ങള്‍ നടത്തുകയും ചെയ്‌തു. മൃതശരീരം എടുക്കുവാനായി കന്യാസ്‌ത്രീകള്‍ വന്നപ്പോള്‍ സ്വന്തം പിതാവ്‌ അടുത്തുനിന്നിരുന്ന ഒരു സഹോദരിയുടെ കൈയില്‍നിന്നും മെഴുകുതിരി വാങ്ങി മകളുടെ മുഖം അവസാനമായി ഒരിക്കല്‍കൂടി കാണുവാനായി നോക്കി. ഉരുകിയ ഒരു തുള്ളി മെഴുക്‌ മുഖത്തുവീണപ്പോള്‍ ശവമഞ്ചത്തില്‍ കിടന്ന ത്രേസ്യാ ഒന്നനങ്ങി! അങ്ങനെ `മരിച്ച ത്രേസ്യാ' ജീവിത്തിലേക്കു തിരിച്ചുവന്നത്‌ ഒരു മാറ്റമെന്നതിലുപരി ഒരു ചരിത്രമായിരുന്നു; അത്‌ തിരുസഭയുടെ തന്നെയും ചരിത്രമായി മാറി.

സഭയെ നവീകരിക്കുവാന്‍ ഇറങ്ങിത്തിരിച്ച ത്രേസ്യായെ അതിനുമുമ്പായി ദൈവം നവീകരിച്ചു; ദൈവം അവളെ തന്റെ തിരഞ്ഞെടുക്കപ്പെട്ട ഒരുപകരണമാക്കി മാറ്റി. 130 കന്യാസ്‌ത്രീകളുണ്ടായിരുന്ന ഇന്‍കാര്‍ണേഷന്‍ മഠത്തിലെ വേണ്ടത്ര നിഷ്‌ഠയില്ലാത്ത ജീവിതത്തില്‍നിന്നും വ്യത്യസ്‌തമായി കര്‍മലസഭയുടെ ആദിമ നിയമാവലിയനുസരിച്ചുള്ള കര്‍ക്കശമായ ഒരു സന്യാസജീവിതം... അതായിരുന്നു അവളുടെ ആഗ്രഹവും പ്രാര്‍ത്ഥനയും. സമാനചിന്താഗതിയുള്ള നാലഞ്ചുപേരെ അതേ സമൂഹത്തില്‍നിന്നും അവള്‍ക്കു കിട്ടി. സഭാധികാരികളുടെ അനുവാദത്തോടെ അതേ പട്ടണത്തില്‍ വിശുദ്ധ യൗസേപ്പുപിതാവിന്റെ നാമത്തില്‍ 1562 ല്‍ ഒരു പുതിയ മഠം (ആദ്യത്തെ മിണ്ടാമഠം) അവള്‍ സ്ഥാപിച്ചു. ചുറ്റുമുള്ള ജനങ്ങളില്‍നിന്നും വളരെയധികം വിമര്‍ശനങ്ങളും എതിര്‍പ്പുകളും അവള്‍ക്കു നേരിടേണ്ടി വന്നു. ഈ അവസരത്തില്‍ കര്‍ത്താവ്‌ അവളെ ധൈര്യപ്പെടുത്തി. അവിടുത്തെ സ്വരം അവള്‍ ശ്രവിച്ചു: ``മകളേ, ഭയപ്പെടേണ്ടാ... നീ അത്ഭുതങ്ങള്‍ കാണും.''

സഭയുടെ രണ്ടാമത്തെ മഠം (1567) മെദീനാ ദെല്‍ കാമ്പോ എന്ന സ്ഥലത്ത്‌ ഒരുക്കുന്നതിനായി ത്രേസ്യാ തന്നെ പോയി. തദവസരത്തിലാണ്‌ സ്ഥലത്തുണ്ടായിരുന്ന കര്‍മലീത്താ വൈദികരുടെ ആശ്രമത്തില്‍ പോയി വിശുദ്ധിയും വിജ്ഞാനവുമുണ്ടെന്ന്‌ നേരത്തെ ഒരു യുവാവില്‍നിന്നും കേട്ടതനുസരിച്ച്‌ ജോണ്‍ ഓഫ്‌ സെന്റ്‌ മത്തിയാസ്‌ (പിന്നീട്‌ ജോണ്‍ ഓഫ്‌ ദി ക്രോസ്‌) എന്ന യുവവൈദികനെ സന്ദര്‍ശിച്ചത്‌. വളരെ നാളായി മനസില്‍ സൂക്ഷിച്ചിരുന്ന ഒരു രഹസ്യം ത്രേസ്യാ അദ്ദേഹത്തോടു പറഞ്ഞു. അതായത്‌, കര്‍മലസഭയിലെ പുരുഷന്മാരുടെ വിഭാഗവും നവീകരിച്ചാല്‍ കൊള്ളാമെന്ന്‌ തനിക്കാഗ്രഹമുണ്ടെന്നും അതില്‍ സഹകരിക്കണമെന്നും അഭ്യര്‍ത്ഥിച്ചു. സലമാങ്കാ സര്‍വകലാശാലയിലെ പഠനം തീര്‍ന്നശേഷം മാത്രമേ വ്യക്തമായ ഒരുത്തരം തരുവാന്‍ സാധിക്കുകയുള്ളൂ എന്ന ഫാ. ജോണിന്റെ മറുപടിയോടെ അന്നത്തെ അവരുടെ സംഭാഷണം സമാപിച്ചു.
ഒന്നിനു പുറകെ ഒന്നായി സ്‌പെയിനിന്റെ പല ഭാഗങ്ങളിലായി പതിനേഴു മഠങ്ങള്‍ അവള്‍ നേരിട്ടു സ്ഥാപിച്ചു. വേറെയും ഏതാനും മഠങ്ങള്‍ക്കുള്ള പദ്ധതികള്‍ക്കുള്ള പദ്ധതികള്‍ അവള്‍ തയാറാക്കി. ഇതിനുവേണ്ടി അവള്‍ നടത്തിയ സുദീര്‍ഘവും ദുരിതപൂര്‍ണവുമായ നിരവധി യാത്രകള്‍, നേരിടേണ്ടിവന്ന പ്രതിബന്ധങ്ങള്‍, കഷ്‌ടപ്പാടുകള്‍... എല്ലാം `മഠസ്ഥാപന ചരിതം' എന്ന പുസ്‌തകത്തിലുണ്ട്‌.

ഇതിനിടയില്‍ പഠനം കഴിഞ്ഞുവന്ന ഫാ. ജോണ്‍ മാത്രമല്ല, അതേ ആശ്രമത്തിലെ സുപ്പീരിയര്‍ ഫാ. ആന്റണിയും ഒരു തുണസഹോദരനും അമ്മത്രേസ്യാ രൂപംകൊടുത്ത മിണ്ടാമഠത്തിലെ കന്യാസ്‌ത്രീകളുടേതില്‍ നിന്നും അല്‌പം ലഘൂകരിക്കപ്പെട്ടതെങ്കിലും, സഭയുടെ ആദിമചൈതന്യം വിശ്വസ്‌തമായി ജീവിക്കുവാന്‍ സന്നദ്ധരായി മുന്നോട്ടുവന്നു. ദുരുവേലോ എന്ന സ്ഥലത്ത്‌ (1568-69) അവര്‍ക്ക്‌ ആദ്യത്തെ ആശ്രമം അമ്മത്രേസ്യാ സ്ഥാപിച്ചു. പുതിയ ജീവിതശൈലിയില്‍ ജീവിക്കുവാന്‍ ആഗ്രഹിച്ച്‌ യുവാക്കള്‍ വന്നുതുടങ്ങി. അങ്ങനെ പസ്‌ത്രാണ എന്ന സ്ഥലത്ത്‌ രണ്ടാമത്തെ ആശ്രമവും (1569), ആല്‍ക്കല എന്ന സ്ഥലത്ത്‌ മൂന്നാമത്തതും (1570)... ഒന്നിനു പുറകെ ഒന്നായി വൈദികര്‍ക്കായി നവീകൃതകര്‍മല സഭയുടെ (ഒ.സി.ഡി) പതിനഞ്ച്‌ ആശ്രമങ്ങള്‍ അമ്മത്രേസ്യായുടെ ജീവിതകാലത്തുതന്നെ സ്ഥാപിതമായി.

സ്‌പെയിനില്‍ ഉടനീളം ആഞ്ഞുവീശിയ നവീകരണത്തിന്റെ കൊടുങ്കാറ്റ്‌ അയല്‍രാജ്യമായ ഇറ്റലിയിലേക്കും പിന്നീട്‌ ഫ്രാന്‍സിലേക്കും തുടര്‍ന്ന്‌ ലോകത്തിന്റെ ഇതരഭാഗങ്ങളിലേക്കും കടന്നു. 400 വര്‍ഷങ്ങള്‍ക്കുശേഷം ഇന്ന്‌ മിണ്ടാമഠങ്ങളില്‍ വിവിധ രാജ്യങ്ങളിലായി പന്തീരായിരത്തിലധികം കന്യാസ്‌ത്രീകളുണ്ട്‌. ഒ.സി.ഡി രണ്ടാം സഭയെന്നാണ്‌ കന്യാസ്‌ത്രീകളുടെ ഈ നവീകൃത കര്‍മല സഭാവിഭാഗം അറിയപ്പെടുന്നത്‌. ഇന്ത്യയില്‍ത്തന്നെ ഇത്തരത്തിലുള്ള 37 മഠങ്ങളാണുള്ളത്‌. അതില്‍ അഞ്ചെണ്ണം കേരളത്തിലാണ്‌. വൈദികരുടെ വിഭാഗം ഒ.സി.ഡി ഒന്നാം സഭയെന്നാണ്‌ അറിയപ്പെടുന്നത്‌.

നവീകൃത കര്‍മലസഭയിലെ തന്റെ സഹോദരികളുടെ ആഗ്രഹാനുസാരം എഴുതിയതാണ്‌ ``സുകൃതസരണി'' എന്ന രണ്ടാമത്തെ പുസ്‌തകം. `സ്വര്‍ഗസ്ഥനായ പിതാവേ' എന്ന പ്രാര്‍ത്ഥന വളരെ ലളിതമായി വ്യാഖ്യാനിച്ചുകൊണ്ടാണ്‌ മാനസിക പ്രാര്‍ത്ഥന അവള്‍ പഠിപ്പിക്കുന്നത്‌. ഏതൊരു പ്രാര്‍ത്ഥനാരീതിയും ആരുടെയും സ്വന്തമല്ലാതിരിക്കെ, ദൈവത്തോടടുക്കുവാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന ഏവര്‍ക്കും ഏറ്റം സഹായകമാണ്‌ ഈ പുസ്‌തകം.

``ആഭ്യന്തരഹര്‍മ്യം'' എന്ന മൂന്നാമത്തെ പുസ്‌തകമാണ്‌ വിശുദ്ധ ത്രേസ്യാ എഴുതിയ പുസ്‌തകങ്ങളില്‍ മാസ്റ്റര്‍പീസ്‌! കേവലം ആറുമാസംകൊണ്ട്‌ ഇതുപോലൊരു ഗ്രന്ഥം രചിക്കുവാന്‍ വിശുദ്ധ ത്രേസ്യായ്‌ക്ക്‌ എങ്ങനെ സാധിച്ചു എന്നത്‌ ഒരത്ഭുതമാണ്‌. ഈ ഒരു പുസ്‌തകത്തിന്റെ കയ്യെഴുത്തുപ്രതിയില്‍ മാത്രം മാര്‍ജിനിലോ വരികള്‍ക്കിടയിലോ വെട്ടോ തിരുത്തലുകളോ ഒരിടത്തും ഇല്ല.

പ്രാര്‍ത്ഥനയെക്കുറിച്ചും ദൈവസായൂജ്യത്തെക്കുറിച്ചുമുള്ള പഠനങ്ങള്‍ മറ്റു പണ്‌ഡിതരുടെ ഏതെങ്കിലും പുസ്‌തകങ്ങളില്‍ നിന്നല്ല; സ്വന്തം അനുഭവത്തില്‍ നിന്നാണ്‌ അവള്‍ എഴുതിയത്‌. ഇതിലെ ഗഹനമായ ആശയങ്ങള്‍ കര്‍ത്താവ്‌ അവള്‍ക്കു വെളിപ്പെടുത്തിക്കൊടുത്തു എന്നു പറയുന്നതാകും ശരി.

അഞ്ച്‌ വലിയ ഗ്രന്ഥങ്ങളും ഏഴ്‌ ലഘുഗ്രന്ഥങ്ങളും അമ്മത്രേസ്യാ എഴുതിയിട്ടുണ്ട്‌. ``ക്രൈസ്‌തവ സിസറോ'' എന്നറിയപ്പെടുന്ന ബോസ്വേ (1677-1704) അവളുടെ ഗ്രന്ഥങ്ങളുടെ മൂല്യം മനസിലാക്കി ``സ്‌ത്രീ ലോകത്തിലെ ഏറ്റവും വലിയ എഴുത്തുകാരി'' എന്നാണ്‌ അവളെ വിളിച്ചത്‌. എത്ര കൂടുതലായി അവളുടെ പുസ്‌തകങ്ങള്‍ ഒരു വ്യക്തി വായിക്കുന്നുവോ അത്രത്തോളം ആ വ്യക്തിക്ക്‌ ഒരു കാര്യം കൂടുതല്‍ വ്യക്തമാകും. അതായത്‌, നവീകൃത കര്‍മലസഭയുടെ നിരവധി ഭവനങ്ങള്‍ നിര്‍മിക്കുക എന്നതിനെക്കാള്‍ ലോകമെമ്പാടും അനേകായിരങ്ങള്‍ക്ക്‌ ഇന്നും പ്രാര്‍ത്ഥന ജീവിക്കേണ്ടതെങ്ങനെയെന്ന്‌ പഠിപ്പിക്കുക എന്നതായിരുന്നു ദൈവം നിയോഗിച്ച അവളുടെ പ്രധാന ദൗത്യമെന്ന്‌. വിയന്നായിലെ വിശുദ്ധ കത്രീനായോടൊപ്പം (1970 സെപ്‌തംബര്‍ 27 ന്‌) അവളെ തിരുസഭയിലെ ``വേദപാരംഗത'' സ്ഥാനത്തേക്ക്‌ ഉയര്‍ത്തി.

Login to post comments

Sunday Shalom

sunday-h1
The weekly newspaper in malayalam

Shalom Times

times-h1
Monthly Spiritual Malayalam Magazine

Shalom Tidings

tidings-h1
Bi monthly spritual magazine in english

Shalom Television

shalom-tv-h1
Gods own channel from Kerala

SIMS

sims
Shalom Institute of Media Science

Dedication to Mother Mary

mother-maryHail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.

Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen.

Mary, Mother of God, pray for all Shalom initiatives.