2011 ലെ ലോകയുവജന സംഗമത്തോടനുബന്ധിച്ച് ബെനഡിക്‌ട് പതിനാറാമന്‍ മാര്‍പാപ്പ വേദപാരംഗതരുടെ നിരയിലേക്ക് കൂട്ടിച്ചേര്‍ത്ത ആവിലായിലെ വിശുദ്ധ യോഹന്നാന്റെ ജീവിതവും ദര്‍ശനങ്ങളും
പതിനാറാം നൂറ്റാണ്ടില്‍ സ്‌പെയ്‌നിന്റെ ആധ്യാത്മികരംഗത്ത് അനിഷേധ്യ സംഭാവനകള്‍ നല്‌കിയ വിശുദ്ധനാണ് ആവിലായിലെ വിശുദ്ധ യോഹന്നാന്‍. ഇടവകവൈദികനായി വിശ്വാസസമൂഹത്തിന്റെ ആത്മീയ മേഖലകളെ നവീകരിക്കുന്നതിനോടൊപ്പം പൗരോഹിത്യ വിശുദ്ധീകരണത്തില്‍ പൂര്‍ണ്ണ ശ്രദ്ധ നല്‌കിക്കൊണ്ടാണ് അദ്ദേഹത്തിന്റെ സുവിശേഷവല്‌ക്കരണപ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ നടന്നിരുന്നത്. ആവിലായിലെ വിശുദ്ധ തെരേസ, വിശുദ്ധ ജോണ്‍ ഓഫ് ഗോഡ്, വിശുദ്ധ ഫ്രാന്‍സീസ് ബോര്‍ജിയ, ഗ്രാ നഡായിലെ ധന്യന്‍ ളൂയീസ് എന്നിവരെ വിശുദ്ധപഥത്തിലേക്ക് നയിച്ചതിന് പിന്നില്‍ പ്രത്യക്ഷവും പരോക്ഷവുമായി ആവിലായിലെ വിശുദ്ധ യോഹന്നാന്റെ സ്വാധീനമുണ്ടായിരുന്നു. ഒരേസമയം സുവിശേഷപ്രസംഗകനും കുമ്പസാരക്കാരനും ആത്മീയോപദേഷ്‌ടാവും കാറ്റക്കിസ്റ്റും വിദ്യാഭ്യാസവിചക്ഷണനും ദൈവശാസ്‌ത്രകാരനും ആയിരുന്ന അദ്ദേഹം സ്‌പെയ്‌നിലെ എല്ലാ വിശുദ്ധരെയും ആകര്‍ഷിക്കുകയും സ്വാധീനിക്കുകയും ചെയ്‌തിരുന്ന വ്യക്തിത്വമായിരുന്നു.
ദിവ്യകാരുണ്യവുമായി ബന്ധപ്പെടുത്തിയാണ് ആവിലായിലെ വിശുദ്ധ യോഹന്നാന്‍ പൗരോഹിത്യത്തെ വീക്ഷിച്ചിരുന്നത്. പൗരോഹിത്യമെന്നാല്‍ ആദ്യന്തം ദിവ്യകാരുണ്യവുമായുള്ള ബന്ധമാണ്. അപ്പവും വീഞ്ഞും നമ്മുടെ രക്ഷകനായ ക്രിസ്‌തുവിന്റെ ശരീരവും രക്തവുമായി മാറുകയും അങ്ങനെ അവിടുത്തെ സജീവസാന്നിധ്യം നമുക്ക് പ്രകടമാക്കിത്തരുകയും ചെയ്യുന്നു. ദിവ്യകാരുണ്യത്തെക്കാള്‍ വലിയൊരു ശക്തി ഈ ഭൂമിയില്‍ വച്ച് ഒരു പുരോഹിതന് ലഭിക്കാനില്ല. മോശയുടെ ശക്തി ചെങ്കടലിനെ പിളര്‍ത്തു, ജോഷ്വായുടെ ശബ്‌ദം എല്ലാ ജീവജാലങ്ങളും അനുസരിച്ചു. (ജോഷ്വാ: 10:13-14) എന്നാല്‍ പുരോഹിതരുടെ ശക്തി ദിവ്യകാരുണ്യം കൂദാശചെയ്യപ്പെടുമ്പോഴാണ് ലഭിക്കുന്നത്. മനുഷ്യാവതാരത്തില്‍ മറിയത്തിന്റെ പങ്ക് എത്രമാത്രം ശക്തമാണോ അതിനോട് ഉപമിക്കാവുന്നതാണ് കൂദാശവചനങ്ങള്‍ ഉച്ചരിക്കുമ്പോള്‍ വൈദികനിലുണ്ടാകുന്ന ശക്തിയും. മറിയത്തിന്റെ വാക്കുകള്‍ ദൈവപുത്രന്‍ ശരീരമായി അവളുടെ ഗര്‍ഭപാത്രത്തില്‍ ഉരുവാകാന്‍ നിമിത്തമായപ്പോള്‍ വൈദികന്റെ കൂദാശാവചനങ്ങള്‍ അപ്പത്തിലും വീഞ്ഞിലും ക്രിസ്‌തുവിന്റെ സാന്നിധ്യത്തിന് കാരണമാകുന്നു.
ദൈവത്തിനും മനുഷ്യനും ഇടയിലെ മാധ്യസ്ഥനായി നിലകൊള്ളുന്ന പുരോഹിതന് ഏറ്റവും അവശ്യഘടകം വിശുദ്ധിയാണ്. ദിവ്യകാരുണ്യം ആഘോഷിക്കുമ്പോള്‍ ഒരു വൈദികന്‍ ദൈവത്തിന്റെ വിശുദ്ധിയില്‍ പങ്കുകാരാവുകയാണ് ചെയ്യുന്നത്. പൗരോഹിത്യം സഭയ്‌ക്കുള്ള ദൈവത്തിന്റെ സമ്മാനമാണ്. അതുകൊണ്ടുതന്നെ പൗരോഹിത്യത്തിലേക്ക് ഒരു വ്യക്തിയെ സ്വീകരിക്കുമ്പോള്‍ അധികൃതര്‍ വൈദികാര്‍ത്ഥിയുടെ ബുദ്ധിപരവും ആത്മീയവുമായ കഴിവിനെ മുഖ്യമായി പരിഗണിക്കണം. മറ്റ് സ്വാധീനഘടകങ്ങളൊന്നും ഒരാളെ വൈദികനാക്കുന്നതിനെ പ്രേരിപ്പിക്കരുത്. ഒരു വ്യക്തിക്ക് വൈദികപരിശീലനം നല്‌കുമ്പോഴും പൗരോഹിത്യം നല്‌കുമ്പോഴും അദ്ദേഹം നമ്മുടെ കര്‍ത്താവിന്റെ തിരുശരീരരക്തങ്ങള്‍ അര്‍ത്ഥപൂര്‍ണ്ണതയോടെ കൈകാര്യം ചെയ്യുന്നുണ്ട് എന്ന് ഉറപ്പുവരുത്തുന്നതില്‍ മാര്‍പാപ്പയ്‌ക്കും ബിഷപ്പിനും ഉത്തരവാദിത്തവും കടമയുമുണ്ടെന്നും ജോണ്‍ പറഞ്ഞുവച്ചു. സഭയുടെ വിശുദ്ധി വൈദികരുടെ വിശുദ്ധിയായതിനാലാണിത്.
വൈദികപരിശീലനത്തിന് ജോണ്‍ മുന്നോട്ട് വയ്‌ക്കുന്നത് മൂന്ന് ഘടകങ്ങളാണ്. കമ്മ്യൂണിറ്റി ലൈഫ്, തിയോളജിയിലും ഡോക്‌ട്രിനിലുമുള്ള പഠനം, ഇവ നടപ്പില്‍ വരുത്താനുള്ള മറ്റ് പഠനം. കമ്മ്യൂണല്‍ ലൈഫിനാണ് ജോണ്‍ മുന്‍തൂക്കം നല്‌കിയിരുന്നത്. ക്രിസ്‌തീയജീവിതത്തിന്റെ മൂല്യം നിശ്ചയിക്കുന്നത് കമ്മ്യൂണല്‍ ലൈഫാണ്. പൗരോഹിത്യത്തിന്റെ നവീകരണത്തിന് മുമ്പില്‍ അദ്ദേഹം വച്ച നിര്‍ദ്ദേശം ഒരേസമയം നല്ല ഇടയനും മുഖ്യപുരോഹിതനുമായ ഈശോയുമായുള്ള ഇണക്കമാണ്. ഓരോ വൈദികനും കര്‍ത്താവിനോട് വിശ്വസ്‌തരായിരിക്കണം. പൗരോഹിത്യത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പഠനങ്ങള്‍ അന്നുമാത്രമല്ല ഇന്നും ഏറെ പ്രസക്തമാണ് എന്ന് അതിലൂടെ കടന്നുപോകുന്ന ഏതൊരാള്‍ക്കും മനസ്സിലാവുന്നതേയുള്ളൂ.
വിശുദ്ധ പൗലോസ് അപ്പസ്‌തോലന്‍ ജോണില്‍ നിര്‍ണ്ണായക സ്വാധീനമാണ് ചെലുത്തിയത്. പൗലോസിന്റെ പ്രബോധനങ്ങള്‍ പഠിക്കുവാന്‍ ജയില്‍ ജീവിതം പോലും അദ്ദേഹം പ്രയോജനപ്പെടുത്തി. അപ്പസ്‌തോലനെപ്പോലെ കത്തുകളുടെ രൂപത്തില്‍ പ്രബോധനങ്ങള്‍ നല്‌കാനും ജോണ്‍ ശ്രദ്ധിച്ചിരുന്നു. സഹനങ്ങളെ ക്ഷമയോടെ സ്വീകരിക്കാന്‍ ആവശ്യപ്പെടുന്ന കത്തുകളില്‍ ജോണ്‍ ഉദാഹരിച്ചത് പൗലോസ് അപ്പസ്‌തോലനെയാണ്. ദണ്‌ഡ് കൊണ്ട് മൂന്നുതവണയും ചമ്മട്ടികൊണ്ട് അഞ്ചുതവണയും ഒരു തവണ കല്ലേറും ഏറ്റുവാങ്ങുമ്പോഴും കര്‍ത്താവില്‍ ആനന്ദിച്ച പൗലോസിനെ അനുകരിക്കാനാണ് ചില കത്തുകളില്‍ ജോണ്‍ ആവശ്യപ്പെട്ടത്. തടവറയില്‍ നിന്ന് മോചിപ്പിക്കാന്‍ പോലും കര്‍ത്താവിനോട് പ്രാര്‍ത്ഥിക്കാത്ത പൗലോസ് ജീവിതദുരിതങ്ങളെ ക്ഷമയോടും സ്‌നേഹത്തോടും സ്വീകരിക്കാന്‍ നമുക്ക് വലിയ കരുത്താണ് നല്‌കുന്നതെന്നും ആവിലായിലെ വിശുദ്ധ യോഹന്നാന്‍ നമ്മോട് പറയുന്നു.
1499 ലെ എപ്പിഫാനി ദിനത്തില്‍ ടോളഡോയിലെ, യഹൂദപാരമ്പര്യമുള്ള ഒരു സമ്പന്ന ഗൃഹത്തിലെ ഏകമകനായിട്ടായിരുന്നു ആവിലായിലെ വിശുദ്ധ യോഹന്നാന്റെ ജനനം. പതിനാലാം വയസില്‍ സലാമാന്‍കാ യൂണിവേഴ്‌സിറ്റിയില്‍ നിയമപഠനത്തിനായി പോയെങ്കിലും അവിടെ വച്ച് ദൈവസ്വരം കേട്ട് വൈദികജീവിതത്തിലേക്ക് തിരിയുകയായിരുന്നു. പതിനേഴാംവയസില്‍ തിയോളജിയും ഫിലോസഫിയും പൂര്‍ത്തിയാക്കി. പൗരോഹിത്യപഠനകാലത്തായിരുന്നു മാതാപിതാക്കളുടെ മരണം. അതുകൊണ്ട് പ്രഥമ ദിവ്യബലി അദ്ദേഹം അര്‍പ്പിച്ചത് മാതാപിതാക്കളെ സംസ്‌കരിച്ച പള്ളിയിലായിരുന്നു. സ്വത്ത് മുഴുവന്‍ ദരിദ്രര്‍ക്ക് നല്‌കിക്കൊണ്ടാണ് ജോണ്‍ പൗരോഹിത്യജീവിതം ആരംഭിച്ചത്.
1526 ല്‍ ഒരു മിഷനറിയായി സെവില്ലിയിലേക്ക് അദ്ദേഹം യാത്രയായി. ജോണിന്റെ ജീവിതമാതൃകയില്‍ ആകൃഷ്‌ടനായ ഒരു നവവൈദികന്‍- ഫാദര്‍ ഫെര്‍ണാഡോ - സെവില്ലയിലെ ആര്‍ച്ച് ബിഷപിനോട് ജോണിനെ സ്‌പെയ്‌നില്‍ തന്നെ നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു. മുസ്ലീം ആധിപത്യം ഏറെക്കുറെ അവസാനിക്കാറായിരുന്ന ആ സമയത്ത് വിശാലമായ ഒരു ലോകമാണ് ജോണിന് സുവിശേഷവല്‌ക്കരണത്തിനായി തുറന്നുകിട്ടിയത്. പിന്നീട് ജോണിന്റെ മുഴുവന്‍ ശ്രദ്ധയും ഈ പ്രദേശത്തായിരുന്നു. തന്മൂലം `ആന്‍ഡലൂസിയായിലെ അപ്പസ്‌തോലന്‍' എന്ന അപരനാമം ജോണിന് ലഭിച്ചു. 1529 ജൂലൈ 22 നായിരുന്നു ജോണിന്റ ആദ്യപ്രസംഗം. അത് അദ്ദേഹത്തിന് ഏറെ ഖ്യാതി നേടിക്കൊടുത്തു. പിതൃസഹജമായ സ്‌നേഹത്തോടെയായിരുന്നു ജോണ്‍ സഹവൈദികരോട് ഇടപ്പെട്ടിരുന്നത്. അദ്ദേഹത്തിന്റെ സ്‌നേഹപരിലാളനയുടെ കീഴില്‍ നൂറോളം വൈദികര്‍ ഒരേ മനസ്സോടെ സുവിശേഷപ്രവര്‍ത്തനങ്ങളില്‍ മുഴുകി.
1532 മുതല്‍ 33 വരെ മതദ്രോഹക്കുറ്റം ചുമത്തി അദ്ദേഹത്തിന് ഒരു വര്‍ഷം ജയിലില്‍ കഴിയേണ്ടി വന്നു. ഈ സമയമാവട്ടെ മറ്റെന്തിനെക്കാളുമേറെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുവാന്‍ ജോണിന് കഴിഞ്ഞു.
ജയിലില്‍വച്ചാണ് ആത്മീയജീവിതത്തെക്കുറിച്ചുള്ള തന്റെ മുഖ്യകൃതി എഴുതുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞത്. ജോണിന്റെ ആത്മീയോപദേശമനുസരിച്ച് ആവൃതിജീവിതം നയിക്കുന്ന ഒരു സന്ന്യാസിനിക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും അടങ്ങിയതായിരുന്നു ആ കൃതി. പൗലോസ് അപ്പസ്‌തോലന്റെ കത്തുകളെക്കുറിച്ച് പഠിക്കാനും ഈ സമയം അദ്ദേഹം ഉപയോഗിച്ചു. ``സെന്റ് പോള്‍, സെന്റ് പോളിനെ വ്യാഖ്യാനിക്കുന്നത് ഞാന്‍ കേട്ടു''. അതേക്കുറിച്ച് ജോണ്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു.
ജയില്‍വിമുക്തനായശേഷം സുവിശേഷപ്രവര്‍ത്തനം തുടര്‍ന്ന അദ്ദേഹം നിരവധി പേരെ മാനസാന്തരപ്പെടുത്തി. അക്കൂട്ടത്തില്‍ പ്രശസ്‌തരാണ് പില്‌ക്കാലത്തെ വിശുദ്ധ ജോണ്‍ ഓഫ് ഗോഡും വിശുദ്ധ ഫ്രാന്‍സീസ് ബോര്‍ജിയായും.
1538 ല്‍ മാസ്റ്റര്‍ ഇന്‍ സേക്രട്ട് തിയോളജി എന്ന പദവി ജോണിന് ലഭിച്ചു. മാസ്റ്റര്‍ എന്ന് എല്ലാവരും അദ്ദേഹത്തെ വിളിച്ചുതുടങ്ങി. എല്ലാ വിഭാഗം ജനങ്ങള്‍ക്കും സംലഭ്യനായിരുന്നു വിശുദ്ധ ജോണ്‍. മെത്രാന്മാര്‍, പ്രഭുക്കന്മാര്‍, മാടമ്പികള്‍, വൈദികര്‍ എന്നുതുടങ്ങി സാധാരണക്കാര്‍ വരെ ജോണില്‍ നിന്ന് ഉപദേശം സ്വീകരിക്കാന്‍ കാത്തുനിന്നിരുന്നു.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടി വിവിധ തരത്തിലുള്ള സ്‌കൂളുകളും അദ്ദേഹം സ്ഥാപിച്ചു. സ്‌പെയ്‌നില്‍ ജസ്യൂട്ട്‌സിന്റെ വ്യാപനത്തിന് നിര്‍ണ്ണായക സ്വാധീനം ചെലുത്താനും ജോണിന് കഴിഞ്ഞു.
1569 മെയ് പത്തിനായിരുന്നു ജോണിന്റെ മരണം. 1799 ഫെബ്രുവരി എട്ടിന് ധന്യനായി പോപ്പ് ക്ലമന്റ് പതിമൂന്നാമനും 1893 നവംബര്‍ 12 ന് വാഴ്‌ത്തപ്പെട്ടവനായി പോപ്പ് ലിയോ പതിമൂന്നാമനും 1970 മെയ് 31 ന് വിശുദ്ധനായി പോള്‍ ആറാമനും ജോണിനെ പ്രഖ്യാപിച്ചു. 1946-ല്‍ സ്‌പെയ്‌നിലെ രൂപതാവൈദികരുടെ മാധ്യസ്ഥനായി അദ്ദേഹത്തെ പ്രതിഷ്‌ഠിച്ചു. ഒടുവിലിതാ, 2011 ഓഗസ്റ്റ് 20 ന് മാഡ്രിഡിലെ ലോകയുവജനസംഗമത്തോടനുബന്ധിച്ച് ജോണിനെ വേദപാരംഗതരുടെ നിരയിലേക്ക്‌കൂടി ബെനഡിക്‌ട് പതിനാറാമന്‍ മാര്‍പാപ്പ ഉയര്‍ത്തി.








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.