സ്‌പെയ്‌നില്‍ ഏറ്റവും കൂടുതല്‍ അറിയപ്പെടുന്ന സുവിശേഷപ്രഘോഷകനാണ് സഹാഗണിലെ വിശുദ്ധ ജോണ്‍. നന്നേ ചെറുപ്പത്തിലേ ഭാവിയിലെ വിശുദ്ധനാകുന്നതിന്റെ അടയാളങ്ങള്‍ ആ ജീവിതത്തില്‍ പ്രകടമായിരുന്നു. പതിനാറ് വര്‍ഷത്തെ നിരന്തരമായ പ്രാര്‍ത്ഥനയുടെയും പ്രായശ്ചിത്തപ്രവൃത്തികളുടെയും ഫലമായിട്ടാണ് മാതാപിതാക്കള്‍ക്ക് വിശുദ്ധ ജോണ്‍ ജനിച്ചത്. പിന്നീട് ആ മാതാപിതാക്കള്‍ക്ക് വേറെയും മക്കള്‍ പിറന്നു. ബെനഡിക്‌ടൈന്‍സിന്റെ ആശ്രമത്തിലായിരുന്നു ജോണിന്റെ വിദ്യാഭ്യാസം. ആ സമയത്താവട്ടെ കയ്യില്‍ കിട്ടുന്നതെന്തും മറ്റുള്ളവര്‍ക്ക് ദാനം ചെയ്‌ത് പൂര്‍ണ്ണദാരിദ്ര്യത്തിലായിരുന്നു ജോണ്‍ കഴിഞ്ഞുകൂടിയത്. എങ്കിലും തന്റെ വസ്‌ത്രത്തിന്റെ പാതി ഒരു ദരിദ്രന് നല്‌കിയ ദിനമാണ് തന്റെ മാനസാന്തരം പൂര്‍ണ്ണമായി സംഭവിച്ചതെന്ന് ജോണ്‍ അറിഞ്ഞു. അന്നേ ദിവസം ദൈവസ്‌നേഹത്താല്‍ തന്റെ ഹൃദയം ജ്വലിക്കുന്നത് ജോണ്‍ അറിഞ്ഞു. ബിഷപ്പിന്റെ അനുവാദത്തോടെ സലമാന്‍സായിലായിരുന്നു ജോണിന്റെ തിയോളജി പഠനം. കൊച്ചച്ചനായിരിക്കുന്ന അവസരത്തില്‍ തന്നെ അദ്ദേഹത്തെ വിശുദ്ധനായാണ് എല്ലാവരും പരിഗണിച്ചിരുന്നത്. സഭാത്മകജീവിതം നയിക്കുന്നവര്‍ക്ക് ഉത്തമമാതൃകയായിരുന്നു ജോണ്‍. കോണ്‍വെന്റിന്റെ പ്രിയോരായും നോവീസ് മാസ്റ്ററായും ജോണ്‍ സ്‌തുത്യര്‍ഹമായ സേവനം അനുഷ്‌ഠിച്ചു. വിശുദ്ധ കുര്‍ബാനയുടെ ആരാധകനായിരുന്ന ജോണ്‍ ഏറെ മണിക്കൂര്‍ ചെലവഴിച്ചാണ് ബലി അര്‍പ്പിച്ചിരുന്നത്. ഇത് മറ്റു വൈദികര്‍ക്ക്‌് പരാതിക്കിടയാക്കി. തന്മൂലം അധികാരികള്‍ക്ക് അദ്ദേഹത്തെ ഇതില്‍ നിന്ന് വിലക്കേണ്ടി വന്നു. വ്യക്തിപരമായ അദ്ദേഹത്തിന്റെ വിശുദ്ധി സുവിശേഷപ്രഘോണത്തിലാണ് വ്യക്തമായി കണ്ടത്. അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കുന്നതിനും പ്രശ്‌നങ്ങള്‍ക്ക് തീര്‍പ്പുകല്‌പിക്കുന്നതിലും ജോണിന് സവിശേഷമായ സിദ്ധിയുണ്ടായിരുന്നു. തന്മൂലം ഒരു പ്രഭുവിന്റെ അപ്രീതിക്ക് ജോണ്‍ വിധേയനായി. അദ്ദേഹത്തെ വധിക്കാന്‍ രണ്ട് പേരെ അയാള്‍ അയച്ചു. എന്നാല്‍ ആ കൊലയാളികള്‍ക്ക് ലക്ഷ്യം നിറവേറ്റാനായില്ല. ജോണിന്റെ വിശുദ്ധി അവരുടെ ഹൃദയങ്ങളെ കീഴടക്കിയതായിരുന്നു കാരണം. അവര്‍ ജോണിനോട് മാപ്പപേക്ഷിച്ചു. പിന്നീട് ആ പ്രഭു രോഗബാധിതനാകുകയും ജോണിന്റെ പ്രാര്‍ത്ഥന വഴി സുഖം പ്രാപിക്കുകയും ചെയ്‌തു. വിശുദ്ധിക്ക് എതിരായ എല്ലാ തിന്മകളെയും ജോണ്‍ ശക്തിയുക്തം എതിര്‍ത്തു. ഈ എതിര്‍പ്പാണ് അദ്ദേഹത്തിന്റെ മരണത്തിന് ഇടയാക്കിയതും. മാന്യമായ കുടുംബത്തില്‍ ജനിച്ചുവെങ്കിലും പാപകരമായ ജീവിതം നയിച്ച ഒരു സ്‌ത്രീക്ക് ജോണ്‍ ശത്രുവായിരുന്നു. കാരണം അവരുടെ പാപത്തിന്റെ പങ്കാളി ജോണിന്റെ പ്രബോധനമനുസരിച്ച് മാനസാന്തരപ്പെട്ടിരുന്നു. ഇതില്‍ ദേഷ്യം പൂണ്ട ആ സ്‌ത്രീ മരുന്നെന്ന വ്യാജേന കൊടും വിഷം നല്‌കി ജോണിനെ കൊലപ്പെടുത്തുകയായിരുന്നു. നിരവധി മാസങ്ങളോളം കഠിനവേദന സഹിച്ച് ജോണിന് കഴിയേണ്ടിവന്നു. എങ്കിലും അവയെല്ലാം സന്തോഷത്തോടെ ജോണ്‍ ഏറ്റുവാങ്ങി. സഹനങ്ങളെ സ്‌നേഹപൂര്‍വ്വം സ്വീകരിച്ച ജോണിന്റെ മരണം ഒരു രക്തസാക്ഷിത്വമായാണ് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നത്. 1479 ജൂണ്‍ 11ന് സ്വര്‍ഗ്ഗത്തിലേക്ക് ജോണ്‍ യാത്രയായി. അലക്‌സാണ്ടര്‍ എട്ടാമന്‍ മാര്‍പാപ്പ 1690 ല്‍ ജോണിനെ വിശുദ്ധനായി പ്രഖ്യാപിച്ചു.
Saturday, 11 June 2011 12:01
സഹാഗണിലെ വിശുദ്ധ ജോണ്‍
Written by ബിജു
Read 560 times
Login to post comments








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.