ക്ഷമ ദൈവികമായതുകൊണ്ട് ദൈവരാജ്യത്തില്‍ ആയിരിക്കുന്നവര്‍ക്ക്, സ്വര്‍ഗവാസികള്‍ക്ക് ഭൂവാസികളായ നമ്മെ സഹായിക്കാനാവും. ഓരോ ദിവസത്തിനും ഓരോ വിശുദ്ധരുണ്ട്. അവരുടെ മാധ്യസ്ഥം തേടി ക്ഷമ ചോദിക്കുന്നത് വളരെ നല്ലതാണ്. അവരുടെ നാമത്തില്‍ ക്ഷമ കൊടുക്കുന്നതും. അങ്ങനെയെങ്കില്‍ അനുനിമിഷം ഈ വിശുദ്ധമായ ക്ഷമ പകരാനും നുകരാനും ആര് സഹായിക്കും? നമ്മുടെ കാവല്‍മാലാഖമാര്‍ തന്നെ.
ഹോസ്പിറ്റലിലെ കിടപ്പുരോഗികള്‍ക്ക് വിശുദ്ധ കുര്‍ബാന കൊടുത്ത് തിരിച്ചുവന്ന് ദിവ്യകാരുണ്യസന്നിധിയില്‍ ആരാധിച്ചുകൊണ്ടിരുന്നപ്പോള്‍ ചാപ്പലിന്റെ വാതില്‍ക്കല്‍ നിന്നും അത്യുച്ചത്തില്‍ ഒരു വിളി. സിസ്റ്ററേ... തിരിഞ്ഞു നോക്കിയപ്പോള്‍ ഒരു ചേച്ചി. ''എന്റെ അമ്മയ്ക്ക് ഇന്ന് കുര്‍ബാന കൊടുക്കുന്നില്ലേ?'' വിശുദ്ധ കുര്‍ബാനയ്ക്ക് മുമ്പില്‍ ആദരവ് നടത്തി സാവകാശം ഇറങ്ങിച്ചെന്ന് ആ ചേച്ചിയോട് പറഞ്ഞു: ''ഞങ്ങള്‍ അമ്മയ്ക്ക് വിശുദ്ധ കുര്‍ബാന കൊടുത്തു കേട്ടോ.'' അപ്പോള്‍ ചേച്ചി ബാത്ത്‌റൂമിലായിരുന്നു. ഉടനെ ചേച്ചി പറഞ്ഞു: ''എന്റെ പൊന്നുസിസ്റ്ററേ, ഇന്ന് ചൊവ്വാഴ്ചയല്ലേ. അന്തോനീസു പുണ്യവാന്റെ പേരില്‍ ഒന്നു ക്ഷമിച്ചേക്ക്.'' എനിക്ക് ചിരിവന്നു. പുഞ്ചിരിച്ചുകൊണ്ടുതന്നെ ആ ചേച്ചിയോടു പറഞ്ഞു: ''ക്ഷമിച്ചുകേട്ടോ. സന്തോഷത്തോടെ പൊയ്‌ക്കോ.'' ചേച്ചി പറഞ്ഞു. ''ക്ഷമിക്കുവാണേല്‍ ഇങ്ങനെ ക്ഷമിക്കണം. കേള്‍ക്കുന്നോരുടെ അകത്ത് എന്നാ ആശ്വാസമാ ഉണ്ടാകുന്നത്. എന്റെ അന്തോനീസു പുണ്യാളാ, ഈ സിസ്റ്ററിനെ എന്നും കാത്തോളണേ.''
ക്ഷമ ചോദിച്ചാല്‍ ക്ഷമിച്ചു എന്നു പറയുന്നത് വളരെ ശ്രേഷ്ഠമാണ്. സ്വീകരിക്കുന്നവരുടെ ഉള്ളില്‍ സ്പര്‍ശിക്കയും ചലനങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. ''നീ ബലിപീഠത്തില്‍ കാഴ്ചയര്‍പ്പിക്കുമ്പോള്‍ നിന്റെ സഹോദരന് നിന്നോട് എന്തെങ്കിലും വിരോധം ഉണ്ടെന്ന് അവിടെവച്ച് ഓര്‍ത്താല്‍ കാഴ്ചവസ്തു അവിടെ ബലിപീഠത്തിനു മുമ്പില്‍ വച്ചിട്ട് പോയി സഹോദരനോട് രമ്യപ്പെടുക. പിന്നെ വന്ന് കാഴ്ചയര്‍പ്പിക്കുക'' (മത്തായി 5:23-24). അമ്മയ്ക്ക് കുര്‍ബാന കൊടുത്തില്ല എന്ന തെറ്റിദ്ധാരണ മാറി രമ്യതയുടെ പാരമ്യത്തില്‍ അന്തോനീസു പുണ്യവാന്റെ സംരക്ഷണത്തില്‍ എന്നെ ഇരുത്തുവാന്‍ ചേച്ചിയെ സഹായിച്ചത് ക്ഷമയുടെ ശക്തിയാണ്. വിശുദ്ധ കുര്‍ബാനയ്ക്കു മുമ്പിലിരുന്ന് തുടര്‍ന്ന് ആരാധിച്ചപ്പോഴൊക്കെ ഈ ക്ഷമതന്നെ ചിന്തയിലൂടെ കടന്നുവന്നു. കുരിശില്‍ കിടന്ന ഈശോ ക്ഷമിച്ചത് ''പിതാവേ അവരോട് ക്ഷമിക്കണേ. അവര്‍ ചെയ്യുന്നത് എന്തെന്ന് അവരറിയുന്നില്ല'' (ലൂക്കാ 23:34) എന്നു പറഞ്ഞുകൊണ്ടാണ്. ക്ഷമിച്ചു എന്നു പറയുന്നതും ക്ഷമിക്കണേ എന്നു പ്രാര്‍ത്ഥിക്കുന്നതും ജീവദായകമായ മാറ്റം സംഭവിക്കുന്നതിന് ഇടയാക്കുന്നു. ആ ചേച്ചി തന്റെ അമ്മയ്ക്ക് കുര്‍ബാന കൊടുത്തോ ഇല്ലയോ എന്ന് അറിയാത്തതുകൊണ്ടാണ് അങ്ങനെ വിളിച്ചുപറഞ്ഞത്. മറ്റുള്ളവരോട് ക്ഷമിക്കാന്‍ വളരെ വ്യക്തമായ ഒരു കാരണമാണ് അവര്‍ എന്തു പറയുന്നുവെന്നോ എന്തു ചെയ്യുന്നുവെന്നോ അറിയുന്നില്ല എന്നത്. പലപ്പോഴും ക്ഷമിക്കാതിരിക്കാന്‍ തന്നെ പ്രേരിപ്പിക്കുന്നത് അവരെല്ലാം അറിഞ്ഞുകൊണ്ട് നമ്മെ വേദനിപ്പിക്കുന്നു, നമ്മെ പീഡിപ്പിക്കുന്നു എന്നു വിചാരിക്കുന്നതുകൊണ്ടാണ്. അതായത് നാമൊക്കെ എത്ര നന്മപ്രവൃത്തികള്‍ ചെയ്താലും അതേപോലെ മനസിലാക്കാന്‍ മറ്റൊരാള്‍ക്ക് ആവുകയില്ല.
90 വയസായ അമ്മയ്ക്ക് വിശുദ്ധ കുര്‍ബാന കൊടുത്തു എന്ന വിശുദ്ധവും പരിപാവനവുമായ പ്രവൃത്തി അമ്മയുടെ മകള്‍ക്ക് മനസിലാകാതെ പോയത്, അറിയാത്തത് ആ സമയം അമ്മയുടെ അടുത്ത അവരില്ലായിരുന്നു എന്നതാണ്. എല്ലാ സംഭവങ്ങളെയും ആഴമായി വിലയിരുത്തുമ്പോള്‍, നാം ചിന്തിക്കുന്നതുപോലെ ചിന്തിക്കാനോ പറയുന്നതുപോലെ പറയാനോ മനസിലാക്കുന്നിടത്തോളം മനസിലാക്കാനോ ചെയ്തിടത്തോളം ചെയ്യാനോ അപരര്‍ക്ക് കഴിയുന്നില്ല എന്ന സത്യം- ഏവര്‍ക്കും എപ്പോഴും ക്ഷമ കൊടുക്കാന്‍ നമ്മെ ശക്തിപ്പെടുത്തും. നാം വ്യക്തിപരമായ ആവശ്യങ്ങളിലായിരിക്കുമ്പോള്‍ മറ്റുള്ളവരുടെ പ്രവൃത്തി വ്യക്തമല്ല. സ്ഥലകാലപരിധികള്‍ക്കധീനനാണ് മനുഷ്യന്‍.
നാമൊക്കെ നമ്മുടെ വീക്ഷണത്തിലായിരിക്കുമ്പോള്‍, നമ്മുടെ കാഴ്ചപ്പാടിലായിരിക്കുമ്പോള്‍, നമ്മില്‍ പല സംശയങ്ങളും ചോദ്യങ്ങളും ഉടലെടുക്കും. ആ ചേച്ചിക്ക് ഒരു സംശയം ഉണ്ടാകുന്നു. കുര്‍ബാന അമ്മയ്ക്ക് കൊടുത്തില്ലായിരിക്കുമെന്ന്. അമ്മയോട് ചോദിക്കാതെ ഓടിവന്ന് ഉച്ചത്തില്‍ വിളിച്ചു ചോദിക്കുകയാണ് അടുത്ത പടി സംഭവിച്ചത്.
നമ്മുടെയും അനുദിന വ്യാപാരങ്ങളും ബന്ധങ്ങളും ഇങ്ങനെയല്ലേ? എന്തിനാ മറ്റുള്ളവരുമായി ബഹളം വയ്ക്കുന്നത്. നമ്മുടെ കാര്യങ്ങള്‍, കണക്കുകൂട്ടലുകള്‍ നടപ്പാകണം എന്ന ആഗ്രഹത്താലല്ലേ. ഇങ്ങനെ അനേകം ബാത്ത്‌റൂമുകള്‍ക്കുള്ളിലായിരുന്നു നാമെന്ന് തിരിച്ചറിഞ്ഞാല്‍ നാമൊക്കെ ക്ഷമ ചോദിക്കുവാന്‍ തയാറാകും. ക്ഷമ കൊടുക്കുക എന്നതുപോലെ പ്രാധാന്യമുള്ളതാണ് ക്ഷമ ചോദിക്കുക എന്നതും. ഇന്ന് ചൊവ്വാഴ്ചയല്ലേ? ഓരോ ദിവസത്തിലും ഓരോ നിമിഷത്തിലും ക്ഷമ ചോദിക്കാന്‍ മാത്രം നാം വളരണം.
വിശുദ്ധ അന്തോനീസിന്റെ പേരില്‍ എന്നതിനും അര്‍ത്ഥമുണ്ട്. ക്ഷമ ദൈവികമായതുകൊണ്ട് ദൈവരാജ്യത്തില്‍ ആയിരിക്കുന്നവര്‍ക്ക്, സ്വര്‍ഗവാസികള്‍ക്ക് ഭൂവാസികളായ നമ്മെ സഹായിക്കാനാവും. ഓരോ ദിവസത്തിനും ഓരോ വിശുദ്ധരുണ്ട്. അവരുടെ മാധ്യസ്ഥം തേടി ക്ഷമ ചോദിക്കുന്നത് വളരെ നല്ലതാണ്. അവരുടെ നാമത്തില്‍ ക്ഷമ കൊടുക്കുന്നതും. അങ്ങനെയെങ്കില്‍ അനുനിമിഷം ഈ വിശുദ്ധമായ ക്ഷമ പകരാനും നുകരാനും ആര് സഹായിക്കും? നമ്മുടെ കാവല്‍മാലാഖമാര്‍ തന്നെ. ഇങ്ങനെയൊക്കെ ചിന്തിച്ചാല്‍ തന്നെ, ഈ ഭൂമിയിലായിരിക്കുന്ന നമുക്ക് സ്വര്‍ഗത്തിന്റെ മുന്നാസ്വാദനം സുസാധ്യമാണ്.
''ഞങ്ങളുടെ കടക്കാരോടു ഞങ്ങള്‍ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങള്‍ ഞങ്ങളോടും ക്ഷമിക്കണമേ'' (മത്താ.6:12) എന്ന പ്രാര്‍ത്ഥനയ്ക്ക് ആഴമായ അര്‍ത്ഥം കൈവരുന്നത് കാണാന്‍ കഴിയുക അനുനിമിഷം ക്ഷമ യാചിച്ചും ക്ഷമ കൊടുത്തും ജീവിക്കുമ്പോള്‍ മാത്രമാണ്. അതുകൊണ്ട് ഞാനിങ്ങനെ പ്രാര്‍ത്ഥിച്ചു, എന്റെ ഈശോ, ഞാന്‍ എന്റെ സ്വകാര്യതകളില്‍ ആയിരുന്നപ്പോഴൊക്കെ കൂടെയുള്ളവരെ മനസിലാക്കാതെ നടത്തിയ സകല പാപങ്ങളും കോപങ്ങളും എല്ലാമെല്ലാം എന്നോട് നീ ക്ഷമിക്കണേ. ജനിച്ച അന്നുമുതല്‍ വിശിഷ്യാ ഓര്‍മവച്ച നാള്‍മുതല്‍ ഉണ്ടായ ഒച്ചപ്പാടുകളും പിണക്കങ്ങളും ഒന്നുമൊന്നും ഓര്‍മയില്ലായെങ്കിലും ആരോടൊക്കെ എന്ന് കൃത്യമായി നിശ്ചയമില്ലെങ്കില്‍പ്പോലും ഒന്നു ഞാന്‍ അറിയുന്നു. അനുനിമിഷം മാപ്പ് ചോദിക്കുവാന്‍ കഴിയാത്തത് സ്വാര്‍ത്ഥതയുടെ ഉള്ളിലായിരുന്നു എന്ന്. അതോടൊപ്പം എന്നോട് മാപ്പ് ചോദിച്ചവര്‍ക്കും ചോദിക്കാന്‍ മറന്നുപോയവര്‍ക്കും അവരുടെ ഉള്ളില്‍ ആശ്വാസം ലഭിക്കുന്ന, ആന്തരികസൗഖ്യം കിട്ടുന്ന ക്ഷമ കൊടുക്കുകയും ചെയ്യണേ. കാരണം എന്നിലും അവരിലും അങ്ങുമാത്രം നിലനില്‍ക്കുന്നു. അങ്ങേക്ക് മാത്രമേ ഇന്നലെകളിലേക്ക് ഇറങ്ങാനും നാളെകളിലേക്ക് കയറാനും ഇന്നുകളില്‍ ആയിരിക്കാനും കഴിയൂ. ''ദൈവത്തിനല്ലാതെ മറ്റാര്‍ക്കാണ് പാപം ക്ഷമിക്കാന്‍ സാധിക്കുക?'' (മര്‍ക്കോസ് 2:7). അവന്‍ അവളോട് പറഞ്ഞു ''നിന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു'' (ലൂക്കാ 7:48). സത്യദൈവവും ദൈവപുത്രനും ദൈവാത്മാവും ആണ് ക്ഷമിക്കുവാന്‍ പ്രേരിപ്പിക്കുന്നതും ശക്തിപ്പെടുത്തുന്നതും ക്ഷമിക്കുന്നതുമെങ്കില്‍, നിത്യജീവന്‍ പ്രാപിക്കാന്‍ പരിശുദ്ധ ത്രിത്വത്തെ അറിയുക, അനുഭവിക്കുക. ജീവിതംകൊണ്ട് സാക്ഷ്യപ്പെടുത്തുക എന്നല്ലാതെ മറ്റെന്താണ്? ''ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവന്‍'' (യോഹ.17:3). നമുക്ക് ക്ഷമ ചോദിച്ചും ക്ഷമിച്ചു എന്നു പറഞ്ഞുകൊണ്ടും ക്ഷമ കൊടുത്തും നിത്യജീവന്‍ സ്വന്തമാക്കാന്‍ പരിശ്രമിക്കാം. ക്ഷമാശീലനാം യേശു കൂടെയുണ്ടല്ലോ. ''എന്നെക്കൂടാതെ നിങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയുകയില്ല'' (യോഹ.15:5). എന്നുവച്ചാല്‍ യേശു കൂടെയുള്ളതുകൊണ്ട് എല്ലാം ചെയ്യാന്‍ കഴിയും (ക്ഷമ ചോദിക്കാനും ക്ഷമ കൊടുക്കാനും) എന്നല്ലേ?








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.