`ശിശുക്കളെ എന്റെ അടുക്കല്‍ വരാന്‍ അനുവദിക്കുവിന്‍ എന്ന് പറഞ്ഞത് ഒരു മുന്നറിയിപ്പാണ്. വഴിതെറ്റിപ്പോകുന്ന കുടുംബബന്ധങ്ങളിലും സാഹോദര്യസമ്പര്‍ക്കങ്ങളിലും ഗുരുശിഷ്യബന്ധങ്ങളിലും സാമൂഹികസദാചാരങ്ങളിലും ഒക്കെ ഈ മുന്നറിയിപ്പ് വ്യക്തമായി ഓര്‍ത്തിരിക്കേണ്ടതാണ്.'
തനിക്ക് ബദലായി രക്ഷകന്‍ പിറന്നുവെന്ന് കേട്ട ഹെറോദേസ് പാവം കുഞ്ഞുങ്ങളെ ബലികഴിക്കാന്‍ ഉത്തരവിടുന്നു. അയാളുടെ വാള്‍മുനയില്‍ ഒഴുകിവീണ രക്തത്തുള്ളികള്‍ ഉറക്കെ വിലപിച്ചതിനാലാവണം ദൈവപുത്രന്‍ ഈ കുഞ്ഞുങ്ങള്‍ക്കുവേണ്ടി പക്ഷം ചേര്‍ന്നത്. `കുഞ്ഞുങ്ങളെ തടയരുത്. അവര്‍ എന്റെ അടുക്കല്‍ വരാന്‍ അനുവദിക്കുക' എന്ന്.
കുഞ്ഞുങ്ങള്‍ എന്നും അവന്റെ പക്ഷത്താണല്ലോ. അവനുവേണ്ടി ജീവന്‍പോലും നഷ്ടപ്പെടുത്തിയവരാണ് അവര്‍. അതുകൊണ്ടാവണം നസ്രായന്‍ പറഞ്ഞത് ഈ ശിശുവിനെപ്പോലെ ഉള്ളവര്‍ക്കാണ് സ്വര്‍ഗമെന്ന്. കാപട്യത്തിന്റെ പൊയ്‌മുഖങ്ങള്‍ ഇല്ലാതെ, ക്രൂരതയുടെ കൂരമ്പുകള്‍ ഇല്ലാതെ കടിച്ചുകീറാന്‍ ആഞ്ഞുവരുന്നവനെക്കണ്ടുപോലും ആര്‍ത്തുചിരിക്കുന്ന കുഞ്ഞുങ്ങളെപ്പോലെയാവണമെന്ന്.
ഇനിയും വളരാത്ത മസ്‌തിഷ്‌കത്തിലും സ്വര്‍ഗത്തിന്റെ അറിവ് ഭണ്ഡാരം തുറന്നുവച്ചിട്ടുണ്ടെന്ന് അവനറിയാമെന്നുറപ്പ്. അതാണ് തന്റെ പ്രാര്‍ത്ഥന പോലും ഇങ്ങനെയായത്. `ഇക്കാര്യമത്രയും നീ ശിശുക്കള്‍ക്ക് വെളിപ്പെടുത്തി കൊടുത്തതിന് പിതാവേ നിനക്കു ഞാന്‍ നന്ദി പറയുന്നു.'
കുഞ്ഞായ് വന്നുപിറന്നവന്‍ കുഞ്ഞുങ്ങളോട് സഖ്യം ചേര്‍ന്നു നന്മതിന്മകളെ വകതിരിച്ച് മാറ്റുന്നുണ്ട്. വിധിയുടെ ചിത്രത്തില്‍ പോലും അവന്റെ സഖ്യശക്തി വ്യക്തമാണ്. `എന്റെ ഈ എളിയവരില്‍ ആര്‍ക്കെങ്കിലും നീ ഇത് ചെയ്‌തപ്പോഴെല്ലാം എനിക്ക് തന്നെയാണ് ചെയ്‌തത്'. രണ്ടാമതൊന്ന് ചിന്തിക്കാന്‍ അവസരം നല്‍കാതെ ന്യായവാദം തുറക്കുന്നുണ്ട് നസ്രായന്‍.
`എന്റെ ഈ എളിയവരില്‍ ആര്‍ക്കെങ്കിലും നീ ഉതപ്പിന് കാരണമാകുന്നെങ്കില്‍ നിന്റെ കഴുത്തില്‍ തിരികല്ല് കെട്ടി കടലില്‍ താഴ്‌ത്തപ്പെടുന്നതാണ് നിനക്കുചിതം'. രക്ഷാകരചരിത്രം ലോകത്തിന് വേണ്ടി രചിച്ചവന്‍ തന്റെ നിലപാടുകള്‍ വ്യക്തമാക്കിയതാണ്. അതുകൊണ്ടുതന്നെ ആധുനികസമൂഹത്തിന്റെ പുതിയ പ്രവണതകള്‍ കാണുമ്പോള്‍ ഉള്ള് പിടയ്‌ക്കുന്നു. ആ കൊച്ചച്ചന്‍ പറഞ്ഞതോര്‍മയുണ്ട്. `കുഞ്ഞുങ്ങളെ തൊട്ടുകളിക്കേണ്ട. അത് തമ്പുരാന്റെ കോട്ടയാണ്.' ശിശുക്കള്‍ എന്റെ അടുക്കല്‍ വരാന്‍ അനുവദിക്കുവിന്‍ എന്ന് പറഞ്ഞത് ഒരു മുന്നറിയിപ്പാണ്. വഴിതെറ്റിപ്പോകുന്ന കുടുംബബന്ധങ്ങളിലും സാഹോദര്യസമ്പര്‍ക്കങ്ങളിലും ഗുരുശിഷ്യബന്ധങ്ങളിലും സാമൂഹികസദാചാരങ്ങളിലും ഒക്കെ ഈ മുന്നറിയിപ്പ് വ്യക്തമായി ഓര്‍ത്തിരിക്കേണ്ടതാണ്.
`ശിശുക്കള്‍ എന്റെ അടുക്കല്‍ വരട്ടെ'. അവന്റെ നിര്‍ദേശമാണ്. ഞായറാഴ്‌ച കുര്‍ബാനകളുടെ സമയത്തുപോലും ട്യൂഷനും എന്‍ട്രന്‍സ് കോച്ചിംഗിനും ഒക്കെയായി ദേവാലയത്തില്‍ നിന്ന് കുട്ടികളെ മാറ്റിനിര്‍ത്തുമ്പോള്‍ അവന്‍ ഇത് ഓര്‍മിപ്പിക്കുന്നുണ്ട്.
ദേവാലയത്തെയും ദൈവികശുശ്രൂഷകരെയും കുറ്റം പറഞ്ഞും, താറടിച്ചും ദൈവികകാര്യങ്ങളിലുള്ള കുട്ടികളുടെ താത്‌പര്യം നശിപ്പിക്കുന്നവരോട് തമ്പുരാന് കണക്ക് തീര്‍ക്കാനുണ്ടാകുമെന്നുറപ്പ്. അത്യാധുനിക ജീവിതസൗകര്യങ്ങളില്‍ മുഴുകുന്ന കുട്ടിക്ക് മുന്നില്‍ തമ്പുരാനെ സാക്ഷ്യപ്പെടുത്താന്‍ മടിക്കുമ്പോള്‍... ദൈവത്തെയും അവന്റെ സഭയെയും അറിയാനും സ്‌നേഹിക്കാനുമുള്ള വേദപഠനങ്ങളും ക്ലാസുകളും നിസ്സാരമായി എഴുതിത്തള്ളി കുട്ടികളെ അവനില്‍ നിന്നും അകറ്റുമ്പോള്‍... ആത്മീയവ്യക്തിത്വം വളര്‍ത്തുന്ന കൗദാശികജീവിതത്തോട് സ്‌നേഹവും താത്‌പര്യവും കുട്ടികള്‍ക്ക് കാട്ടിക്കൊടുക്കാതിരിക്കുമ്പോള്‍... തമ്പുരാനെയോ അവന്റെ സഭയെയോ അവഹേളിക്കുകയോ, പരിത്യജിക്കുകയോ അതിന് മറ്റുള്ളവരെ പ്രേരിപ്പിക്കുകയോ ചെയ്യുമ്പോള്‍.. അവന്‍ കണക്കുചോദിക്കുമെന്നുറപ്പ്.
കുഞ്ഞുങ്ങളെയോ ദരിദ്രരെയോ ചൂഷണം ചെയ്‌ത് മദ്യത്തിലൂടെയും മയക്കുമരുന്നിലൂടെയും അവന്റെ സമ്പാദ്യം തളര്‍ത്താന്‍ ആരെങ്കിലും ഒരുമ്പെടുകയാണെങ്കില്‍... ആത്മാവിന്റെ വാസസ്ഥലമായ ശരീരത്തിനെതിരെ ക്രൂരതയോ നിന്ദ്യതയോ കാട്ടുകയും അതില്‍ പങ്കുചേരാന്‍ കുഞ്ഞുങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍.... നിയന്ത്രിക്കാനാവാത്ത കാമമോഹ സാക്ഷാത്‌കാരത്തിനുവേണ്ടി കുഞ്ഞുങ്ങളെയും അവരുടെ നൈര്‍മല്യത്തെയും നശിപ്പിക്കുന്നുണ്ടെങ്കില്‍... തിരിച്ചറിവില്ലാത്തവരെയും ബുദ്ധിമാന്ദ്യവും വൈകല്യം ഉള്ളവരെയും വിധവകളെയും അശരണരെയും അനാഥരെയും ചൂഷണവസ്‌തുക്കളായി മാറ്റുകയും ചെയ്‌തിട്ടുണ്ടെങ്കില്‍... തീര്‍ച്ചയായും സ്വര്‍ഗത്തില്‍ നിന്ന് ഒരു സ്വരം മുഴങ്ങുന്നുണ്ടാകും. `അപ്പോള്‍ ഇസ്രായേലില്‍ ദൈവമുണ്ടെന്ന് അവരറിയും.' ആകുലപ്പെടുത്തുന്ന നേരുകളാണ് സമൂഹം ഓര്‍മപ്പെടുത്തുന്നത്. വാക്കിലും പ്രവൃത്തിയിലും ദൈവഹിതത്തിനും അവന്റെ പദ്ധതിക്കും എതിരെ പ്രവര്‍ത്തിക്കുകയാണോ എന്ന തിരിച്ചറിവ് ഇടയ്‌ക്കെങ്കിലും ഉണ്ടാവേണ്ടതാണ്. ദൈവത്തെ തേടിയുള്ള കുഞ്ഞുമനസ്സുകളുടെയും പാവങ്ങളുടെയും തീര്‍ത്ഥയാത്രയ്‌ക്ക് അവര്‍ തന്നെ കാവലുണ്ടാകുമെന്നുറപ്പുണ്ട്. വിദ്യാഭ്യാസമേഖലകളിലും യുവജനപ്രസ്ഥാനങ്ങളിലും എന്തിന് രാഷ്‌ട്രീയ സാമൂഹികജീവിതത്തിലും മറക്കാനാകാത്ത ഒരെഴുത്തുപലകയാണ് വചനം തുറന്നുവയ്‌ക്കുന്നത്. `കുഞ്ഞുങ്ങളെ എന്റെ അടുക്കല്‍ വരാന്‍ അനുവദിക്കുക'.
അപ്രായോഗികവും സൈദ്ധാന്തികമായി നിലനില്‍പ്പില്ലാത്തതുമായ പ്രത്യയശാസ്‌ത്രങ്ങളോ, ഉത്തരാധുനികതയെന്ന പേരില്‍ തമ്പുരാനെ മറക്കുന്ന ശാ സ്‌ത്രങ്ങളോ വളരുന്ന മനസ്സിലെ ആത്മീയശൂന്യത നികത്തില്ല. നമ്മുടെ ചുറ്റുമുള്ള കുഞ്ഞുങ്ങള്‍ ദൈവത്തിലേക്ക് നീങ്ങട്ടെ എന്ന് ആശിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. തമ്പുരാനേ... തുണയാവണേ.








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.