ഓര്‍മകളുടെ ഉത്സവപറമ്പാണ് കുടുംബം. അമ്മയുടെ മടിത്തട്ടും അപ്പന്റെ തോള്‍തടവും കുഞ്ഞുപെങ്ങളുടെ വിരല്‍ത്തുമ്പുമെല്ലാം കുടുംബത്തിന്റെ സ്‌നേഹസമ്മാനമാണ്. ബാല്യത്തിന്റെ ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മകള്‍ കുടുംബവുമായി ബന്ധപ്പെട്ടതല്ലേ! ഏറ്റവും ഹൃദയാര്‍ദ്രമായ ഈരടികള്‍പോലും കുടുംബത്തില്‍ നിന്ന് രൂപപ്പെട്ടതാണെന്നാണെന്റെ വിശ്വാസം.
ഒന്നിച്ച് പ്രാര്‍ത്ഥിക്കുന്ന, ഒന്നിച്ച് ആഹാരം പങ്കുവയ്‌ക്കുന്ന, ഒന്നിച്ചുറങ്ങുന്ന കുടുംബം, സത്യമായും ഭൂമിയിലെ സ്വര്‍ഗംതന്നെ.
കുടുംബത്തിന്റെ നിറവും നെറിവും സ്വന്തമാക്കാനാകാത്തവരാണ് വാഴ്‌വിലെ ഏറ്റവും ഹതഭാഗ്യര്‍. തടവറ പ്രേഷിത പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ശുശ്രൂഷ ചെയ്യുന്നതിനിടയില്‍ പരിചയപ്പെട്ട ഒരു സഹോദരന്‍ പങ്കുവച്ച ഒരു സത്യമുണ്ട്. ``ഒരു കുടുംബത്തിന്റെ തണലില്‍ ജീവിച്ചിരുന്നെങ്കില്‍ ഈ തടവറയുടെ ഏകാന്തതയില്‍ എന്റെ ജന്മം വിതുമ്പുമായിരുന്നില്ല. എന്റെ വഴികള്‍ ഇരുളടഞ്ഞതുമാകുമായിരുന്നില്ല.'' സത്യമായിട്ടും, നല്ല കുടുംബത്തില്‍ പിറന്നവര്‍ക്കേ ഹൃദയപൂര്‍വം അപരന്റെ കണ്ണീരു കാണാനും അവന്റെ വീഴ്‌ചയില്‍ സഹായിക്കാനും പറ്റുകയുള്ളൂ.
എന്തു പറ്റി നമ്മുടെ കുടുംബങ്ങള്‍ക്ക്? എന്ന് ചോദിക്കേണ്ടിവരുന്ന അവസ്ഥയിലാണ് കാര്യങ്ങള്‍. മറ്റേതുകാലത്തെക്കാളും പുറംഭംഗിയുണ്ട് എല്ലാ ഭവനങ്ങള്‍ക്കും. പക്ഷേ പലവര്‍ണ കുപ്പായംകൊണ്ട് വിഭൂഷിതയായ കുടുംബങ്ങളാണധികവും. പുറത്തെ ഭംഗി അകത്ത് കാണാതെ പോകു ന്നു എന്നതാണ് സത്യം. ഒരു യുവാവ് പങ്കുവച്ചതുപോലെ, ഭവനത്തില്‍ കയറുമ്പോള്‍ ശ്വാസം മുട്ടുന്ന അനുഭവമാണ് പലര്‍ക്കും. അബ്രാഹത്തോട് ദൈവം ചോദിച്ച ചോദ്യം ഇന്നത്തെ സമൂഹത്തോട് ചോദിച്ചാല്‍ തലതാഴ്‌ത്തി നമുക്കും നില്‍ക്കേണ്ടിവരുമോ? പത്ത് നീതിമാന്മാര്‍ പോലുമില്ലാത്തതിന്റെ പേരില്‍ ആ നാടിനെ യാഹ്‌വേ നശിപ്പിച്ചതുപോലെ നന്മ വിളയുന്ന ഒരു കുടുംബംപോലും ഇല്ലാത്തതിന്റെ പേരില്‍ നമ്മുടെ നാടും കുടുംബവും അവന്റെ വാളിന് വിധേയപ്പെടേണ്ടിവരുമോ എന്ന ചിന്ത ഇനിമേല്‍ നമ്മുടെ കുടുംബവിചാരത്തെ കുറെക്കൂടി ശാക്തീകരിക്കുന്നതിന് കാരണമാകണം. നന്മയുടെ പിച്ചകപൂക്കള്‍ ശേഖരിക്കാത്ത കുടുംബങ്ങള്‍ ഇനിമുതല്‍ നോക്കി ധ്യാനിക്കേണ്ടതും പ്രവൃത്തിപഥത്തിലേക്ക് കൊണ്ടുവരേണ്ടതും തിരുക്കുടുംബ മാതൃകതന്നെ.
ദൈവം തിരഞ്ഞെടുത്തതും ദൈവത്തെ തിരഞ്ഞെടുത്തതുമായ കുടുംബമായിരുന്നു തിരുക്കുടുംബം. അതിഥികളെ ദൈവമായി കണ്ട് അവരെ ആദരിച്ചുപോന്നു എന്നതാണ് തിരുക്കുടുംബത്തിന്റെ പ്ലസ് പോയിന്റ്. രക്ഷകനായ ദൈവത്തെ അതിഥിയായി സ്വീകരിക്കുകയും പിന്നീട് ആതിഥേയനായി തിരഞ്ഞെടുക്കുകയും ചെയ്‌ത കുടുംബമായിരുന്നു അത്. അതുകൊണ്ടുതന്നെ ആ കുടുംബത്തില്‍ എന്നും സമാധാനം നിലനിന്നിരുന്നു എന്നാണ് വേദവാക്യം. അതിഥിയെ ദൈവമായി സ്വീകരിച്ച കുടുംബങ്ങളെല്ലാം വിശുദ്ധമായ കുടുംബമായതിന്റെ സാക്ഷ്യപത്രമുണ്ട്. വിശുദ്ധ ലിഖിതത്തിലെ ഏതാനും ചില കുടുംബങ്ങളെ വിലയിരുത്തി ഈ വിചാരം നമുക്ക് നമ്മുടേതാക്കി മാറ്റാം.
അബ്രാഹത്തിന്റെ കുടുംബം: ഉല്‍പത്തി പുസ്‌തകം പതിനെട്ടാം അധ്യായത്തില്‍ അബ്രാഹം ത്രിയേക ദൈവത്തെ സ്വന്തം ഭവനത്തിലേക്ക് സ്വാഗതം ചെയ്‌ത് അനുഗ്രഹം സ്വന്തമാക്കുന്നതിന്റെ വിവരണമുണ്ട്. അതിഥിയെ ആദരിച്ച് അനുഗ്രഹവും അഭിഷേകവും സ്വന്തമാക്കിയ വ്യക്തിയാണ് വിശ്വാസികളുടെ പിതാവായ അബ്രാഹം.
വെയില്‍ മൂത്ത സമയത്ത് അബ്രാഹം തന്റെ കൂടാരത്തിന്റെ വാതില്‍ക്കല്‍ ഇരിക്കുകയായിരുന്നു. അവന്‍ തലയുയര്‍ത്തി നോക്കിയപ്പോള്‍ മൂന്നാളുകള്‍ തനിക്കെതിരെ നില്‍ക്കുന്നതുകണ്ടു. അവരെ കണ്ട് അവന്‍ കൂടാരവാതില്‍ക്കല്‍ നിന്നെഴുന്നേറ്റ് അവരെ എതിരേല്‌ക്കാന്‍ ഓടിച്ചെന്ന് നിലംപറ്റേ താണ് അവരെ വണങ്ങി (ഉല്‍.18:2).
അതിഥിയെ ജീവനുതുല്യം സ്‌നേഹിക്കുകയും അവര്‍ക്ക് ഭക്ഷിക്കാന്‍ മാവു കുഴച്ച് അപ്പമുണ്ടാക്കാന്‍ ഒരുങ്ങുകയും ചെയ്‌ത മനസായിരുന്നു അവന്റേത്. അതുകൊണ്ടുതന്നെ ദൈവം ആ ആതിഥ്യത്തെ ഏറെ വിലമതിക്കുകയും അടുത്ത വസന്തത്തില്‍ വീണ്ടും വരാമെന്ന വാഗ്‌ദാനവും നല്‍കി.
മക്കളില്ലാത്തതിന്റെ നൊമ്പരത്തില്‍ കഴിഞ്ഞിരുന്ന വ്യക്തിയായിരുന്നു അബ്രാഹം. പ്രായാധിക്യത്തിന്റെ മുഴുവന്‍ വ്യഥകളും ആ ഉടലില്‍ ഏറ്റുവാങ്ങിയിരുന്നു. എന്നിട്ടും അതിഥിയെ ഓടിച്ചെന്ന് സ്വീകരിച്ചു എന്ന് വചനം പറയുന്നു. ശരീരവും മനസും എല്ലാം തകര്‍ന്ന് ജീവിതം ഇനിയെന്ത് എന്നു നിരാശതയുടെ പടുകുഴിയില്‍ കിടക്കുന്നവനാണെങ്കിലും ഭവനത്തിലേക്ക് വരുന്ന അതിഥിയെ പുഞ്ചിരിയോടെ സ്വീകരിക്കാനുള്ള അനുഗ്രഹത്തിനായി ഇനിയും പ്രാര്‍ത്ഥിക്കണം.
ലാസറിന്റെ കുടുംബം: യേശു സ്‌നേഹിച്ച കുടുംബമെന്നാണ് ലാസറിന്റെ കുടുംബത്തിന് വിശുദ്ധ ഗ്രന്ഥം നല്‍കുന്ന വിശേഷണം. യേശു എന്തുകൊണ്ടാണ് ഈ കുടുംബത്തെ ഇത്രമേല്‍ സ്‌നേഹിച്ചിരുന്നതെന്നോര്‍ക്കുമ്പോഴെല്ലാം അവരുടെ ആതിഥ്യം തന്നെയാണ് നമ്മില്‍ നിറനിലാവ് തീര്‍ക്കുന്നത്. യേശുവിനെ വീട്ടില്‍ വേണ്ടവിധം പരിചരിച്ച കഥാപാത്രങ്ങളായിരുന്നു ആ കുടുംബത്തിലുള്ളവര്‍. യേശു വരുന്നുണ്ടെന്നു കേട്ടപ്പോള്‍ മര്‍ത്താ ചെന്ന് അവനെ സ്വീകരിച്ചു എന്നും മറിയം വിലയേറിയതും ശുദ്ധവുമായ ഒരു കുപ്പി നാര്‍ദീന്‍ സുഗന്ധതൈലമെടുത്ത് യേശുവിന്റെ പാദങ്ങളില്‍ പൂശുകയും തന്റെ തലമുടികൊണ്ട് അവന്റെ പാദങ്ങള്‍ തുടയ്‌ക്കുകയും ചെയ്‌തു എന്നൊക്കെ വായിക്കുമ്പോള്‍ ഈ കുടുംബം യേശുവിനെ എത്രമാത്രം ഒരു അതിഥിയായി സ്വീകരിച്ചു എന്ന് മനസിലാക്കാനാവുന്നതേയുള്ളൂ. അതുകൊണ്ടുതന്നെയാണ് അവരുടെ കണ്ണീര്‍ക്കണങ്ങള്‍ അവന്‍ തുടച്ചുമാറ്റിയത്.
ലാസറിന്റെ പ്രാര്‍ത്ഥനകൊണ്ടല്ല യേശു അവനെ സുഖപ്പെടുത്തി ജീവിതത്തിലേക്ക് കൊണ്ടുവന്നത്. മറിച്ച്, മര്‍ത്തായും മറിയവും അവനെ ഹൃദയപൂര്‍വം തങ്ങളുടെ ഭവനത്തില്‍ സ്വീകരിച്ചതിന് കനിവിന്റെ തമ്പുരാന്‍ നല്‍കിയ സമ്മാനമായിരുന്നു ആ അത്ഭുതം എന്ന് വിശ്വസിക്കാനാണെനിക്കിഷ്‌ടം.
കാനായിലെ കുടുംബം: മറ്റുള്ളവരുടെ മുമ്പില്‍ പരിഹാസപാത്രമാകേണ്ടതായിരുന്നു ആ കുടുംബം. യഹൂദരുടെ വിചാരമനുസരിച്ച് കുടുംബത്തില്‍ എന്തെങ്കിലും മംഗളകര്‍മം നടക്കുമ്പോള്‍ സമൃദ്ധി അതിന്റെ പര്യായമാണ്. ഈ സമൃദ്ധിക്ക് ഭംഗം വന്നാല്‍ ആ കുടുംബം ദൈവം ശപിച്ചതെന്നാണ് അവര്‍ കരുതിയിരുന്നത്. മാനുഷികമായി ചിന്തിച്ചാല്‍ നാണക്കേടും അപമാനവും ഒഴിവാക്കാന്‍ പറ്റാത്ത ഒരവസ്ഥയിലൂടെയാണ് കാനായിലെ കുടുംബം കടന്നുപോയിരുന്നത്. എങ്കിലും അവരുടെ കുടുംബത്തിലേക്ക് രക്ഷകനായി ക്രിസ്‌തു അവതരിക്കാന്‍ ഒരേയൊരു കാരണമേ ഉണ്ടായിരുന്നുള്ളൂ. യേശുവിന്റെ പ്രിയശിഷ്യന്‍ കുറിച്ചിട്ടിരിക്കുന്നതിപ്രകാരമാണ്: യേശുവും ശിഷ്യന്മാരും വിരുന്നിന് ക്ഷണിക്കപ്പെട്ടിരുന്നു.
പ്രിയസുഹൃത്തേ, ക്രിസ്‌തു എന്ന നിത്യസുഹൃത്തിനെ നീ നിന്റെ സന്തോഷങ്ങളിലേക്കും സങ്കടങ്ങളിലേക്കും ക്ഷണിക്കാറുണ്ടോ? ചിരപരിചയംകൊണ്ട് അവനെ നമ്മുടെ പാഴ്‌മണ്‍കുടിലിലേക്ക് ക്ഷണിക്കാന്‍ മറക്കരുതെന്ന ഹൃദയപൂര്‍വകമായ വിചാരം പങ്കുവയ്‌ക്കുന്നുണ്ട് കാനായിലെ കുടുംബം. ഇന്നുമുതല്‍ അവനെ നമ്മുടെ കുടുംബപ്രശ്‌നങ്ങളിലേക്ക് നമുക്ക് ക്ഷണിച്ചുതുടങ്ങാം. അവന്‍ നമ്മുടെ ഉമ്മറപ്പടിയിലും വിരുന്നുമേശയിലും പൂജാമുറിയിലും ഭക്ഷണമേശയിലും ഒരു സുഹൃത്തിനെപോലെ നടക്കട്ടെ.
സക്കേവൂസിന്റെ കുടുംബം: ദൈവം രക്ഷിച്ച കുടുംബമായിരുന്നു സക്കേവൂസിന്റെ കുടുംബം. ആത്മീയ രോഗത്തിനടിമയായിരുന്ന സക്കേവൂസിനും കുടുംബത്തിനും അവന്‍ രക്ഷ സമ്മാനിച്ചത് അവനെ കുടുംബത്തിലേക്ക് ക്ഷണിക്കാന്‍ കാണിച്ച സന്മനസുകൊണ്ടാണ്. യേശു ആ കുടുംബത്തിലേക്ക് കടന്നു വരാനാഗ്രഹിച്ചപ്പോള്‍ സക്കേവൂസിന് വേണമെങ്കില്‍ ഒഴിവുകഴിവുകള്‍ ധാരാളം പറയാമായിരുന്നു.
ഇന്നലെവരെ ചെയ്‌ത മണ്ടത്തരങ്ങളൊക്കെ ഉപേക്ഷിച്ച് ഹൃദയവും കുടുംബവും ഒരുക്കുന്ന ഏവരുടെ മുമ്പിലും ക്രിസ്‌തു പ്രത്യക്ഷപ്പെടും, സക്കേവൂസിന് മുമ്പില്‍ പ്രത്യക്ഷപ്പെട്ടതുപോലെ. ഉപേക്ഷിക്കാനുള്ള മനസും അവനെ സ്വീകരിച്ച് സ്‌നേഹത്തിന്റെ അത്താഴം വിളമ്പാനുമുള്ള മനസും നമ്മിലുണ്ടോ എന്നാണ് ഇനിമേല്‍ ധ്യാനിക്കേണ്ടത്. പച്ചവെള്ളം നിറഞ്ഞിരിക്കുന്ന കോപ്പയിലേക്ക് ഒരിക്കലും പായസം ഒഴിക്കാനാവില്ല. പച്ചവെള്ളം കളഞ്ഞ് ഗ്ലാസ് ശൂന്യമാകുമ്പോഴാണ് ആ പാത്രം അതിന്റെ നിയോഗം സ്വന്തമാക്കുന്നത്. താവോയിസവും ബുദ്ധിസവുമെല്ലാം ഒരു ഒഴിഞ്ഞ പാത്രത്തെക്കുറിച്ച് പഠിപ്പിക്കുന്നുണ്ട്. പ്രിയചങ്ങാതീ, ജീവിതമേല്‍പ്പിച്ച ക്ഷതങ്ങളാല്‍ സന്തോഷത്തിന്റെ തിരിനാളമണച്ച് ആരും കാണാത്ത മരക്കൊമ്പിലൊളിച്ചിരിക്കുന്ന നിനക്കായി ക്രിസ്‌തു കാത്തുനില്‍ക്കുന്നുണ്ട്; നിന്റെ ഒരു ക്ഷണത്തിനുവേണ്ടി. എല്ലാം ഉപേക്ഷിച്ച് അവനെ സ്വന്തമാക്കാന്‍ നമുക്കൊരുങ്ങിക്കൂടേ.
അവനെ ക്ഷണിക്കാത്ത കുടുംബങ്ങള്‍ ഇന്ന് പെരുകുന്നുണ്ട്. അതിഥിദേവോ ഭവ എന്ന മന്ത്രധ്വനികളുരുവിട്ടിരുന്ന ഭാരതീയതയില്‍ ഇന്ന് അപരന്‍ നരകമാകുന്ന സ്ഥിതിവിശേഷങ്ങള്‍ അരങ്ങേറുന്നു. പണ്ട്, കാക്ക വിരുന്നു വിളിക്കുമ്പോള്‍ ഏറെ സന്തോഷിക്കാറുള്ള ഞാന്‍ ഇന്ന് ആ കാക്കകളെ ഓടിച്ചുവിടുന്നു, വിരുന്നുകാരാരും വരരുതേ എന്ന പ്രാര്‍ത്ഥനയോടെ. പ്രിയ സ്‌നേഹിതാ, നീയാണെന്‍ വിരുന്നുകാരന്‍; നിന്നെ ഞാന്‍ ഹൃദയപൂര്‍വം എന്റെ കൂടാരത്തിലേക്ക് ക്ഷണിക്കുന്നു എന്ന് പരസ്‌പരം നമുക്കാശംസിക്കാം. നമ്മുടെ കുടുംബം അവന്റെ തിരുക്കുടുംബമാക്കി മാറ്റാം.
തിരുക്കുടുംബം സാക്ഷ്യത്തിന്റെ കൂടാരമായിരുന്നു എന്ന തിരിച്ചറിവാണ് ഇനി നമുക്കാവശ്യം. ഈ തിരിച്ചറിവിലൂടെ മാത്രമേ നമ്മുടെ കുടുംബങ്ങളും ആ തിരുക്കുടുംബം കണക്കെ വിശുദ്ധമാകൂ. ക്രിസ്‌തുവിന്റെ സ്വഭാവരൂപീകരണം പൂര്‍ണമായും അരങ്ങേറിയത് നസറത്തിലെ ആ നാല് ചുവരുകള്‍ക്കുള്ളിലായിരുന്നെന്ന് ചരിത്രം പറയുന്നു. അമ്മമേരിയുടെ വാക്കുകളുടെ മാതൃകയും വിശുദ്ധ യൗസേപ്പിതാവിന്റെ നിശബ്‌ദ വികാരങ്ങളും ബാലനായ ക്രിസ്‌തുവില്‍ മാതൃകയുടെ പുത്തന്‍ വര്‍ണങ്ങള്‍ തീര്‍ത്തു. അവന്‍ അവര്‍ക്ക് കീഴ്‌വഴങ്ങി ജീവിച്ചു എന്ന് വായിക്കുമ്പോള്‍ അവന്റെ മാതാപിതാക്കളുടെ ജീവിതമാതൃക ഇനിമേല്‍ നമ്മുടെ മനസിലും വിരിയണം. ഓര്‍ക്കുക, എന്റെ ജീവിതം മാതൃകാപരമായ ജീവിതമാണോ? മറ്റുള്ളവരുടെ ഹൃദയത്തില്‍ പൂക്കളം തീര്‍ക്കുന്നതുമാണോ? ചിന്തിച്ചുതുടങ്ങാം നമുക്ക്.
ഉന്നതമായ മാതൃക ലഭിച്ചവരും ആ ശിക്ഷണത്തില്‍ വളര്‍ന്നവരും മാത്രമാണ് വിശുദ്ധരും വിജ്ഞരുമായിട്ടുള്ളത്. ഓര്‍മവരുന്നത് കണ്ണീരിന്റെ പുത്രനായ അഗസ്‌തീനോസിന്റെ അമ്മയെതന്നെ. മകന് മാതൃകയായും അവന്റെ ആത്മീയനവീകരണത്തിനായും കണ്ണീരിന്റെ മാതൃകകൊണ്ട് മകനെ നേടിയെടുത്ത സ്‌ത്രീയാണവള്‍.
അമ്മയും അപ്പനും നല്‍കുന്ന ക്രിസ്‌തീയ സാക്ഷ്യമാണ് ഉത്തമകുടുംബത്തിന്റെ മൂലധനമെന്ന് അടിവരയിട്ട ജീവിതവഴിയായിരുന്നു അത്. നന്നേ ചെറുപ്പത്തില്‍ തന്നെ വഴിപിഴച്ച് പോയിട്ടും ആ അമ്മയുടെ കണ്ണീരോടെയുള്ള പ്രാര്‍ത്ഥന അവനെ വിശുദ്ധനാക്കി മാറ്റി. `കുമ്പസാരം' എന്ന അവന്റെ ഹൃദയഭേദകമായ പുസ്‌തകത്തില്‍ അവന്‍ അമ്മയുടെ മാതൃക സുന്ദരമായി വര്‍ണിച്ചിട്ടുണ്ട്.
ദിവംഗതനായ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും ഈ മാതൃകാ ജീവിതസാക്ഷ്യത്തെക്കുറിച്ച് കുടുംബങ്ങള്‍ക്കായുള്ള ചാക്രികലേഖനത്തില്‍ കുറിച്ചിടുന്നുണ്ട്. ദൈവത്തോടൊപ്പം ഇരിക്കേണ്ടതെങ്ങനെയെന്ന് മക്കളെ പഠിപ്പിച്ചുകൊടുക്കാന്‍ മാതാപിതാക്കള്‍ക്ക് കഴിയണം എന്ന് അദ്ദേഹത്തിന്റെ `ദാനവും രഹസ്യവും' എന്ന പുസ്‌തകം പഠിക്കുമ്പോള്‍ അറിയണം, സാക്ഷ്യത്തിന്റെ സുവിശേഷം വിളമ്പാത്ത കുടുംബങ്ങളുടെ പൊള്ളത്തരങ്ങള്‍.
എനിക്കെന്റെ മാതാപിതാക്കളോട് തോന്നുന്ന ആദരവിന് പിന്നില്‍ ഈ ഒരു നിശബ്‌ദമായ സാക്ഷ്യ മാണെന്ന് പറയാതെ വയ്യ. എന്റെ അമ്മ ഒരിക്കല്‍ പോലും പ്രാര്‍ത്ഥനയ്‌ക്ക് എന്നെ നിര്‍ബന്ധിച്ചിട്ടില്ല. പക്ഷേ രാത്രിയുടെ ഏകാന്തയാമങ്ങളില്‍ കൊന്തചൊല്ലി പ്രാര്‍ത്ഥിക്കുന്ന അമ്മയുടെ ചിത്രം ഇന്നും എന്നെ മാതൃഭക്തിയില്‍ വളര്‍ത്തുന്നു.
പുലരിനിലാവില്‍ വേദം വായിച്ച് ധ്യാനിക്കുന്ന അപ്പനെ ഞാന്‍ കണ്ടിട്ടുണ്ട്. വാക്കുകള്‍കൊണ്ടല്ല; മനനംകൊണ്ട് ഒരുവനെ എങ്ങനെ രൂപപ്പെടുത്താമെന്ന് എന്റെ അപ്പന്‍ എന്നോടു പറയാതെ പറഞ്ഞ മാതൃകയായിരുന്നു ആ വേദപാരായണം. പ്രിയസുഹൃത്തേ, ഇനി മുതല്‍ ആരെയും ഉപദേശിച്ച് നമുക്ക് നന്നാക്കേണ്ട. നമ്മുടെ ജീവിതമാതൃകവഴി അവര്‍ താനേ നന്നായിക്കൊള്ളും.
Friday, 18 November 2011 13:50
കുടുംബവിചാരങ്ങള്‍
Written by ഫാ. സ്റ്റാഴ്‌സണ്‍ കള്ളിക്കാട്ട്
Read 321 times
Login to post comments








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.