Tue05222012

Last Updated 22 May 2012:11:40:52 PM IST

RegisterRegister
sub-menu_07sub-menu_01sub-menu_02sub-menu_03sub-menu_04sub-menu_05sub-menu_06



Font Size

Member's Area
Friday, 18 November 2011 13:49

ഒരു സ്വര്‍ഗീയ കാഴ്‌ചവയ്‌പ്‌

Written by  വൈലറ്റ്‌ ചീക്കു
Rate this item
(7 votes)

പരിശുദ്ധ കന്യാമറിയത്തെ മാതാപിതാക്കളായ യോവാക്കിമും അന്നയും ദൈവത്തിന്‌ കാഴ്‌ചവച്ചതിന്റെ ഓര്‍മ നവംബര്‍ 21 ന്‌ ആഘോഷിക്കുന്നു.

വിവാഹം കഴിഞ്ഞ്‌ ഇരുപതു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒരു കുഞ്ഞിക്കാലു കാണാനുള്ള ഭാഗ്യം ആ വൃദ്ധദമ്പതികള്‍ക്കുണ്ടായിരുന്നില്ല. എന്നിട്ടും പ്രത്യാശയോടെ അവര്‍ നിത്യവും പ്രാര്‍ത്ഥിച്ചിരുന്നു. അഹറോന്റെ പുത്രിയായ അന്ന ആഗ്രഹിച്ചതു തന്റെ ജീവിതത്തെ നീതിമാനായ ഒരു മനുഷ്യന്റെ ജീവിതത്തോടു ചേര്‍ക്കണമെന്നായിരുന്നു. കുടുംബത്തിന്റെ സന്തോഷം നീതിനിഷ്‌ഠമായ ജീവിതത്തിലാണു അടങ്ങിയിരിക്കുന്നതെന്ന്‌ അന്ന ഉറച്ചു വിശ്വസിച്ചിരുന്നു. അതുപോലെ യോവാക്കിം വിലമതിച്ചതു സൗന്ദര്യത്തെക്കാളും സമ്പത്തിനെക്കാളും അന്നയില്‍ കണ്ട നന്മയെയും ജ്ഞാനത്തെയുമാണ്‌.

അന്നത്തെ നിയമമനുസരിച്ച്‌ യോവാക്കിമിനു അന്നയുടെ സമ്മതത്തോടുകൂടി അവളെ ഉപേക്ഷിക്കാമായിരുന്നു. പക്ഷേ അദ്ദേഹം അതു ചെയ്‌തില്ല. അബ്രഹാമിന്റെ സാറായെയും എല്‍ക്കാനയുടെ അന്നയെയും അനുഗ്രഹിച്ച ദൈവം തന്റെ സാധുപ്പെണ്ണിനെയും അനുഗ്രഹിക്കുമെന്ന്‌ അദ്ദേഹം വിശ്വസിച്ചു. വര്‍ഷങ്ങള്‍ ഇത്രയേറെ കഴിഞ്ഞിട്ടും യോവാക്കിമിന്‌ അന്ന തന്റെ യൗവനത്തിലെ ഭാര്യതന്നെയായിരുന്നു. പരിശുദ്ധമായ വിവാഹശയ്യകള്‍ ദൈവദൂതന്മാര്‍ കാത്തുസൂക്ഷിക്കുന്നു. അവയില്‍ നിന്നു നല്ല കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നു. ആ കുഞ്ഞുങ്ങള്‍ തങ്ങളുടെ മാതാപിതാക്കന്മാരുടെ പുണ്യം അവരുടെ ജീവിതപ്രമാണമാക്കും. അതിനൊരു ഉത്തമോദാഹരണമാണ്‌ പരിശുദ്ധ അമ്മ.
ജറുസലേം ദേവാലയത്തില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍, ജനിക്കാന്‍ പോകുന്ന കുട്ടി ആണായാലും പെണ്ണായാലും ദൈവത്തിനു കാഴ്‌ചവയ്‌ക്കുമെന്ന്‌ അവര്‍ വാഗ്‌ദാനം ചെയ്‌തു. ദൈവം പ്രസാദിച്ചു, അന്ന ഗര്‍ഭിണിയായി. സുന്ദരിയായ ഒരു പെണ്‍കുഞ്ഞിനെ പ്രസവിച്ചു. കുഞ്ഞിന്‌ എന്തു പേരിടണമെന്നവര്‍ ആലോചിച്ചു. തങ്ങളുടെ പുത്രിക്കു നക്ഷത്രം-മുത്ത്‌-പ്രകാശം-സമാധാനം എന്നു വിവിധ അര്‍ത്ഥങ്ങളുള്ള മേരിയെന്ന നാമം ഇടാമെന്ന്‌ അന്ന പറഞ്ഞു. ആ പേരിന്‌ കയ്‌പ്‌ എന്നൊരര്‍ത്ഥം കൂടിയുണ്ട്‌. അവള്‍ക്ക്‌ വല്ല ദൗര്‍ഭാഗ്യവും വന്നാലോ എന്നായി യോവാക്കിം. പിതാവിന്റെ ആശങ്ക അ സ്ഥാനത്തായില്ല. എത്രമാത്രം കയ്‌പാണ്‌ പിന്നീട്‌ ആ കുഞ്ഞ്‌ തന്റെ ജീവിതത്തില്‍ കുടിച്ചത്‌.
കളിയും ചിരിയുമായി മൂന്നുവര്‍ഷം കഴിഞ്ഞു. യഹൂദജനം മുഴുവന്‍ കാത്തിരിക്കുന്ന മിശിഹായുടെ മാതാവാകാന്‍ ഉള്ളവളാണ്‌ തങ്ങളുടെ പുത്രിയെന്ന ഉറച്ച വിശ്വാസത്തോടെ പരിശുദ്ധിയില്‍ ആണ്‌ അവര്‍ മേരിയെ വളര്‍ത്തിയത്‌. സ്വര്‍ഗസ്ഥനായ പിതാവും പുത്രനും പരിശുദ്ധാരൂപിയും മേരിയെ കൃപാവരം കൊണ്ടു നിറച്ചു.

മൂന്നു വയസ്‌ തികഞ്ഞപ്പോള്‍ വാഗ്‌ദാനം നിറവേറ്റുന്നതിനായി ആ മാതാപിതാക്കള്‍ ജറുസലേം ദേവാലയത്തിലേക്കു പുറപ്പെട്ടു. കുഞ്ഞിനെ മോടിയായി വസ്‌ത്രം അണിയിച്ചു. ഒരു മാലാഖക്കുഞ്ഞിനെയെന്നപോലെ പിതാവും മാതാവും ഇരുവശങ്ങളില്‍ വേദന നിറഞ്ഞ മനസോടെ ദേവാലയത്തിലേക്കു നടന്നു. വഴിയില്‍വച്ച്‌ എന്തെങ്കിലും തടസം നേരിട്ടാല്‍ അത്രയും സമയം കൂടി തങ്ങളുടെ കുഞ്ഞിന്റെ കരസ്‌പര്‍ശം ഏല്‍ക്കാമല്ലോ എന്നവര്‍ സ്വാഭാവികമായും ചിന്തിച്ചുകാണും. അന്നാമ്മ പറയുകയാണ്‌, എന്റെ കണ്ണുനീര്‍ തുടച്ചുകളയുന്നതിനുവേണ്ടി ദൈവം ഞങ്ങള്‍ക്കുതന്ന ദാനമാണ്‌ അവള്‍. തിരിച്ചുകൊടുക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്‌. നിശബ്‌ദരായി കണ്ണുനീര്‍ പൊഴിക്കുന്ന മാതാപിതാക്കളെ കുഞ്ഞ്‌ മാറിമാറി നോക്കി. തങ്ങളുടെ സങ്കടം കുഞ്ഞില്‍നിന്നു മറച്ചു പിടിക്കാന്‍ അവര്‍ ശ്രമിച്ചു. കാര്യം ഗ്രഹിച്ച കുഞ്ഞ്‌ ആ സമയത്ത്‌ മാതാപിതാക്കളുടെ കരം അമര്‍ത്തിപ്പിടിച്ചു.

മിശിഹായുടെ വരവിനെക്കുറിച്ച്‌ അമ്മയോടു കൂടെക്കൂടെ ചോദിക്കുകയും മിശിഹായുടെ അമ്മയുടെ ദാസിയാകാന്‍ തന്നെ അനുഗ്രഹിക്കണമെന്നു ദൈവത്തോടു പ്രാര്‍ത്ഥിക്കുകയും ചെയ്‌തിരുന്നവളായിരുന്നു അവള്‍. താന്‍ എന്തിനുവേണ്ടിയാണ്‌ പോകുന്നതെന്നു തീര്‍ച്ചയായും മനസിലാക്കിയ മകള്‍ രണ്ടുപേരെയും തന്റെ നോട്ടംകൊണ്ട്‌ ആശ്വസിപ്പിക്കുന്നുണ്ട്‌.

പുരോഹിതനായ സക്കറിയാസും എലിസബത്തും അവരെ ആശ്വസിപ്പിച്ചു. ഹനുവേലിന്റെ പുത്രിയായ അന്ന അവളെ പരിശുദ്ധിയില്‍ വളര്‍ത്തും. കൂടാതെ തങ്ങളുടെ രണ്ടുപേരുടെയും പ്രത്യേകശ്രദ്ധ അവളില്‍ ഉണ്ടായിരിക്കും. ജറുസലേം നസ്രത്തില്‍ നിന്ന്‌ വളരെ ദൂരെയായതുകൊണ്ട്‌ അന്നയ്‌ക്കും യോവാക്കിമിനും കൂടെക്കൂടെ മകളെ സന്ദര്‍ശിക്കാന്‍ സാധിക്കുകയില്ലെന്നു അവള്‍ക്കറിയാമായിരുന്നു.

മിശിഹായുടെ വരവു സമാഗതമായി. ദാവീദ്‌ വംശജരായ പെണ്‍കുട്ടികള്‍ ആരുംതന്നെ അന്ന്‌ ആ ദേവാലയത്തില്‍ ഉണ്ടായിരുന്നില്ല. ദാവീദ്‌ വംശത്തില്‍പ്പെട്ട ഒരു കന്യകയില്‍ നിന്നായിരിക്കും രക്ഷകന്‍ ജനിക്കുന്നത്‌. നമ്മുടെ കുഞ്ഞുമേരി മാത്രമാണ്‌ ഇപ്പോള്‍ അവിടുത്തെ ഏക ദാവീദ്‌ വംശജ എന്നെല്ലാം പറഞ്ഞ്‌ സക്കറിയാസ്‌ അവരെ ആശ്വസിപ്പിക്കുകയാണ്‌.

പ്രധാന പുരോഹിതന്‍ കുഞ്ഞിനെ സ്വീകരിക്കാന്‍ വന്നു. കൂടെ അവിടെയുള്ള അധ്യാപികമാരും ഹനുവേലിന്റെ പുത്രിയായ അന്നയും മറ്റു പെണ്‍കുട്ടികളും ഉണ്ടായിരുന്നു. അദ്ദേഹം കൈകള്‍ ആകാശത്തിലേക്കുയര്‍ത്തി നിത്യനായ ദൈവത്തെ വിളിച്ചപേക്ഷിച്ചു. പുഞ്ചിരിയോടെ ആ കുഞ്ഞുകരങ്ങള്‍ തന്റെ കരങ്ങളോടു ചേര്‍ത്തുപിടിച്ചു.
അപ്പാ, അമ്മേ എന്നെ അനുഗ്രഹിക്കണമേ എന്നു പറഞ്ഞ്‌ കുഞ്ഞുമേരി ധാരാളം ചുംബനങ്ങള്‍ അവര്‍ക്കു നല്‍കി. നിങ്ങള്‍ക്കുവേണ്ടി ഞാന്‍ നിത്യവും ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നതായിരിക്കും എന്നു പറഞ്ഞ്‌ പ്രധാന പുരോഹിതന്റെ കരങ്ങളില്‍ പിടിച്ച്‌ ചാടിച്ചാടി കല്‍പ്പടവുകള്‍ കടന്നു.

അതവരുടെ അവസാനത്തെ കാഴ്‌ചയായിരുന്നു. വീട്ടിലേക്കു തിരിച്ചുവന്ന ആ ദമ്പതികള്‍ക്ക്‌ അവരുടെ പഴയ കൂട്ടുകാരനായ കൊച്ചു അല്‍ഫേയൂസ്‌ ആശ്വാസം നല്‍കി. നസ്രത്തുകാരുടെ പ്രിയങ്കരരായ ആ ദമ്പതികള്‍ അധികം താമസിയാതെ സ്വര്‍ഗത്തിലേക്കു ആനയിക്കപ്പെട്ടു.

Login to post comments

Sunday Shalom

sunday-h1
The weekly newspaper in malayalam

Shalom Times

times-h1
Monthly Spiritual Malayalam Magazine

Shalom Tidings

tidings-h1
Bi monthly spritual magazine in english

Shalom Television

shalom-tv-h1
Gods own channel from Kerala

SIMS

sims
Shalom Institute of Media Science

Dedication to Mother Mary

mother-maryHail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.

Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen.

Mary, Mother of God, pray for all Shalom initiatives.